ദലിത് വിഭാഗത്തിൽനിന്നുള്ള ഇന്ത്യയിലെ ആദ്യ വനിത ബിരുദധാരി, അംബേദ്കർക്കൊപ്പം ഭരണഘടനയിൽ ഒപ്പിട്ട നവോത്ഥാന നായിക. ഓർമയുണ്ടോ ഈ വിപ്ലവകാരിയെ?...
text_fieldsമുളവുകാട്ടെ കായല്പരപ്പിനും മഹാരാജാസിലെ കെമിസ്ട്രി ലാബിനും ഹൃദയമുണ്ടായിരുന്നെങ്കില്‍ ജാതീയതയെ ചുരുട്ടിയെറിഞ്ഞ് ഭരണഘടനയില്‍ ഒപ്പുവെച്ച പോരാളിയുടെ പേര് അവര്‍ പലയാവര്‍ത്തി അഭിമാനത്തോടെയും ആവേശത്തോടെയും വിളിച്ചുപറഞ്ഞിട്ടുണ്ടാകും.
കേരള നവോത്ഥാനം സ്ത്രീകളിലൂടെ വായിക്കപ്പെടുകയാണെങ്കില്‍ അതിലെ ആദ്യ പേരാണ് ദാക്ഷായണി വേലായുധന്. അരക്കുമുകളില്‍ വസ്ത്രം ധരിക്കാന്‍ അവകാശമില്ലാതെ മാറ്റിനിര്‍ത്തപ്പെട്ട സ്ത്രീകള്‍ക്കിടയില്‍നിന്ന് കടത്തുവഞ്ചിയില്‍ കായല്‍ കടന്നുപോയി പഠിച്ചു ചരിത്രം സൃഷ്ടിച്ച ധീരവനിത.
പൊള്ളുന്ന അനുഭവങ്ങളിലൂടെ നടന്നുനീങ്ങുമ്പോഴും ഒരിക്കല്‍പോലും അവര്‍ തിരിഞ്ഞുനിന്ന് ‘റെഡി ടു വെയ്റ്റ്’ എന്നു പറഞ്ഞില്ല. മാനായും മരീചനായും മുന്നില്‍ പ്രത്യക്ഷപ്പെട്ടവരെ നിശ്ശബ്ദമായി ചൊല്‍പ്പടിക്കു നിര്‍ത്തി, അയിത്തത്തിെൻറ പടവുകള്‍ ഓരോന്നായി വിജയിച്ചു കയറി.
ബിരുദം നേടിയ ആദ്യ ദലിത് വനിത
1912 ജൂലൈ നാലിന് എറണാകുളത്തെ ചെറു ദ്വീപായ മുളവുകാട് കല്ലംമുറിയിൽ കുഞ്ഞെൻറയും എളങ്കുന്നപ്പുഴ തയ്യിത്തറ മാണിയുടേയും മകളായാണ് ദാക്ഷായണിയുടെ ജനനം. ‘‘കൊച്ചി രാജ്യത്തിലെ അയിത്ത ജാതിക്കാരിൽനിന്ന് ഇ.എസ്.എൽ.സി പരീക്ഷ പാസാകുന്ന പ്രഥമ വനിത. ഇന്ത്യയിൽതന്നെ അയിത്ത ജാതിക്കാരിൽനിന്ന് ബിരുദം നേടിയ പ്രഥമ വനിത.
389 അംഗങ്ങളുണ്ടായിരുന്ന ഇന്ത്യൻ ഭരണഘടന നിർമാണ സഭയിലെ അയിത്ത ജാതിക്കാരിയായ ഏക വനിത. ബ്രിട്ടീഷുകാരാണ് അയിത്ത ജാതിക്കാർക്ക് ഏറെ വികസന സാധ്യത ഒരുക്കിയതെന്ന മഹാവാഗ്മിയായ സർ വിൻസ്റ്റൺ ചർച്ചിലിെൻറ അവകാശവാദത്തെ, ദലിത് വിഭാഗത്തിെൻറ പുരോഗതിക്കായി ബ്രിട്ടീഷുകാർ പാസാക്കിയ നിയമം ഏതെന്ന മറു ചോദ്യത്തിൽ വായടപ്പിച്ച ഏക വനിത.’’
ദാക്ഷായണിയുടെ പേരിടൽപോലും ഒരു വിപ്ലവമായിരുന്നു. അഴകി, ചക്കി, പൂമാല, കാളി, കുറുമ്പ തുടങ്ങിയ പതിവ് പുലയപേരുകളൊന്നും ചാര്‍ത്താതെ ‘ദക്ഷെൻറ മകള്‍’ എന്ന അർഥത്തില്‍ പാർവതിയുടെ പര്യായമായ ദാക്ഷായണി എന്ന് അച്ഛന് മകളെ വിളിച്ചു. തീണ്ടാപ്പാടകലെ ജീവിതം നട്ടുനനച്ച ചാതുര്വര്ണ്യത്തിെൻറ നടുത്തളത്തില്‍ ആ പെണ്‍കുട്ടി പിച്ചവെച്ചു. വൈപ്പിനിലെ ഏറ്റവും ചെറിയ പഞ്ചായത്തായ മുളവുകാട്ടെ വീട്ടില്‍നിന്ന് മുതിര്‍ന്നവര്‍ക്കൊപ്പം പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സ്കൂളില്‍ പോയി.
പഠിക്കാന്‍ പ്രായമായില്ലെങ്കിലും സ്കൂളില്‍ പോകാന്‍ ദാക്ഷായണി വാശിപിടിച്ചു. ചിരിച്ചും കളിച്ചും ഇടക്കുറങ്ങിയും അധികം വൈകാതെ മിടുക്കരായ കുട്ടികള്‍ക്ക് വിളമ്പുന്ന ആദ്യ ഉച്ചക്കഞ്ഞിയുടെ സ്ഥിരം അവകാശിയായി ആ മിടുക്കി.
അയിത്ത ക്ലാസിലെ പരീക്ഷണങ്ങള്‍
‘‘ചെറുപ്പം മുതലേ, കളിയാക്കുന്നവരെ പാട്ടുപാടിയാണ് അമ്മാവന്മാരും വീട്ടിലുള്ളവരും പ്രതിരോധിച്ചത്. അതുകൊണ്ടുതന്നെയാണ് വിദ്യാഭ്യാസം നേടുക എന്നതുതന്നെ അമ്മ പ്രതിരോധ മാര്‍ഗമായി സ്വീകരിച്ചത്. കടത്തുവഞ്ചിയില്‍ കയറിയിറങ്ങി മണിക്കൂറുകള്‍ യാത്ര ചെയ്ത് മുളവുകാട് സെൻറ് മേരീസ് എല്‍.പി സ്കൂളിലും പച്ചാളത്തെ ചാത്ത്യാത്ത് എല്‍.എം.സി ഗേള്‍സ് ഹൈസ്കൂളിലുമാണ് അമ്മ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.
കൊച്ചിയില്‍ ആദ്യമായി മെട്രിക്കുലേഷന്‍ പാസായ പട്ടികജാതി പെണ്‍കുട്ടിയായിരുന്നു അവര്‍. സമൂഹത്തില്‍നിന്ന് ജാതിയുടെ പേരില്‍ അകറ്റിനിര്ത്തിയപ്പോഴൊന്നും കരഞ്ഞുതളര്‍ന്ന് മാറിനില്ക്കാന് അമ്മ തയാറായില്ല. എറണാകുളം മഹാരാജാസ് കോളജില്‍ ശാസ്ത്രബിരുദത്തിനു ചേര്‍ന്നു. രസതന്ത്രം ക്ലാസിലെ ഏക പെണ്‍കുട്ടി. ആദ്യമായി കോളജില്‍ സാരിയുടുത്ത് മാറുമറച്ചെത്തിയ ദലിത് പെണ്‍കുട്ടിയെ കണ്ട് ചുറ്റുമുള്ളവര്‍ നെറ്റിചുളിച്ചു. വേഷഭൂഷാദികള്‍കൊണ്ട് വിപ്ലവം സൃഷ്ടിച്ച പെൺകുട്ടിയെ തേടി അന്ന് മാധ്യമങ്ങളും എത്തിയിരുന്നു.
താഴ്ന്ന ജാതിക്കാരി എന്ന വിവേചനം രസതന്ത്ര പരീക്ഷണശാലയിലും അമ്മ നേരിട്ടു. അധ്യാപകെൻറ മുന്നില്‍നിന്ന് ദൂരെ മാറിനിന്ന് പരീക്ഷണങ്ങള്‍ കണ്ടുപഠിക്കാനായിരുന്നു ശാസന. ഉപകരണങ്ങള്‍ തൊടുന്നതിലും അയിത്തം. പക്ഷേ, അമ്മ അതുകൊണ്ടൊന്നും പതറിയില്ല. ആരുടെ മുന്നിലും മടിയേതുമില്ലാതെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. ആ ചോദ്യങ്ങള്‍തന്നെയാണ് അമ്മയെ മുന്നോട്ടുനയിക്കാന്‍ പ്രേരിപ്പിച്ചത്’’ -ദാക്ഷായണിയുടെ മകളും സാമൂഹിക ശാസ്ത്രജ്ഞയുമായ ഡോ. മീര വേലായുധൻ അഭിമാനത്തോടെ ഓര്‍ത്തെടുത്തു.
പുലയ ടീച്ചറെന്ന വിളി
ഉയര്‍ന്ന സെക്കൻഡ് ക്ലാസ് ബിരുദത്തോടെയാണ് ദാക്ഷായണി മഹാരാജാസിെൻറ പടവുകളിറങ്ങിയത്. തുടർന്ന് മദ്രാസില്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്സിന് ചേര്‍ന്നു. മാറുമറക്കുന്നതിന് വിലക്കുണ്ടായിരുന്ന കാലത്ത് മേല്‍വസ്ത്രം ധരിച്ച് പുറത്തിറങ്ങാന്‍ ദാക്ഷായണി കാട്ടിയ ധൈര്യമാണ് അക്കാലത്ത് സ്ത്രീകള്‍ക്ക് വിവേചനത്തിനെതിരെ പോരാടാന്‍ ഊർജം പകര്‍ന്നത്. തൃശൂര്‍ പെരുങ്ങോത്തിക്കര ഗവ. സ്കൂളില്‍ 1935ല്‍ അവര്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു.
‘‘തൃശൂരിലെ സ്കൂളില്‍ അമ്മ ജോലിയില്‍ പ്രവേശിക്കാന്‍ പോയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ബന്ധുവും അന്ന് കൊച്ചിന് ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗവുമായിരുന്ന കെ.പി. വള്ളോന്‍ ആയിരുന്നു. പ്രവേശന ഉത്തരവുമായി ഓഫിസ് റൂമില്‍ എത്തിയ അവരോട് ഒന്നിരിക്കാന്‍പോലും പ്രധാനാധ്യാപകന് പറഞ്ഞില്ല. സ്കൂളിനടുത്ത് വീട് വാടകക്കെടുത്താണ് താമസിച്ചത്. വാടകവീട് കിട്ടാനും കുറേ ബുദ്ധിമുട്ടി. അടുത്തുള്ള കുളത്തില്‍നിന്ന് വെള്ളമെടുക്കാന്‍പോലും മേല്ജാതിക്കാര് അമ്മയെ അനുവദിച്ചിരുന്നില്ല.
അമ്മയുടെ അമ്മ പരിവര്‍ത്തിത ക്രിസ്ത്യാനിയായിരുന്നതുകൊണ്ട് പിന്നീട് അവര്‍ക്ക് വെള്ളം കോരാന്‍ അനുമതി കിട്ടി. ഒരു ദിവസം അമ്മ സ്കൂളില്‍നിന്ന് പാടവരമ്പത്തുകൂടി നടന്നുവരവേ എതിരെ സവര്‍ണ വിഭാഗത്തില്‍പ്പെട്ട സ്ത്രീ കടന്നുവന്നു. അമ്മ വഴിമാറാന്‍ വേണ്ടി അവര്‍ ‘‘ഓ..’’ എന്നൊച്ചെവച്ചു. ആ ഒച്ചകേട്ടാല്‍ താണ ജാതിക്കാര്‍ മാറിനില്‍ക്കണമെന്നാണ് ആചാരം.
പക്ഷേ, അമ്മ മാറിയില്ല. ഒടുവില്‍ ആ സ്ത്രീക്ക് മാറിനടക്കേണ്ടി വന്നു. മറ്റൊരിക്കൽ മാര്‍ക്കിടേണ്ട ബുക്ക് സ്കൂളിലെ അധ്യാപകന് അമ്മക്കുനേരെ എറിഞ്ഞുകൊടുത്തു. അമ്മ ആ സമയം പുറകിലേക്ക് മാറി, ഒടുവില്‍ അവര്‍ക്ക് താഴെനിന്ന് എടുത്തുകൊടുക്കേണ്ടി വന്നു. വിദ്യാർഥികളടക്കം പുലയ ടീച്ചറെന്ന് വിളിച്ചപ്പോഴും തളര്‍ന്നില്ല. അമ്മയുടെ തേൻറടത്തിനു മുന്നില്‍ പലര്‍ക്കും തോറ്റുപിന്മാറേണ്ടിവന്നു’’ -ഡോ. മീര പറഞ്ഞു.
പട്ടിക്ക് നെപ്പോളിയന് എന്ന് പേരിട്ടിട്ടെന്തുകാര്യം
കൊച്ചി പുലയര്‍ മഹാസഭയുടെ പ്രസിഡൻറും എം.എല്‍.സിയുമായിരുന്ന കെ.പി. വള്ളോെൻറയും എട്ടാം കേരള നിയമസഭാംഗമായിരുന്ന കെ.കെ. മാധവെൻറയും സഹോദരിയായ ദാക്ഷായണിക്ക് സഹോദരന്മാരുടെ പ്രവര്‍ത്തനമായിരുന്നു ആദ്യ മാതൃക. ശ്രീനാരായണ ഗുരുവിെൻറയും മഹാത്മ ഗാന്ധിയുടെയും ആദര്‍ശങ്ങളില്‍ ആകൃഷ്ടയായിരുന്നു ദാക്ഷായണി.
1940ല്‍ വാർധയിലെ ആശ്രമത്തില്‍വെച്ച് മഹാത്മ ഗാന്ധിയുടെയും കസ്തൂര്‍ബയുടെയും സാന്നിധ്യത്തിലായിരുന്നു കൊല്ലം-മാവേലിക്കര ദ്വിമണ്ഡലത്തില്നിന്നുള്ള പാര്‍ലമെൻറ് അംഗവും കര്‍ഷക നേതാവുമായ ആര്. വേലായുധനുമായി ദാക്ഷായണിയുടെ വിവാഹം. ആശ്രമത്തിലെ കുഷ്ഠരോഗിയായ അന്തേവാസിയാണ് അന്ന് വിവാഹത്തിന് കാർമികത്വം വഹിച്ചത്.
‘‘അച്ഛെൻറയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു. ആദ്യം ഇരുവരും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു. പിന്നീട് കോണ്‍ഗ്രസ് വിട്ട് അച്ഛന് സോഷ്യലിസ്റ്റായി. ഇരു രാഷ്ട്രീയ ചേരികളിലായിരുന്നെങ്കിലും പരസ്പരം അവരവരുടെ രാഷ്ട്രീയത്തെ മാനിച്ചിരുന്നു.’’
മീര വേലായുധന് ഉള്‍പ്പെടെ അഞ്ചു മക്കളാണ് ദാക്ഷായണി-വേലായുധന് ദമ്പതികള്‍ക്ക്. മൂത്തമകൻ ഒപ്പേ എന്നു വിളിപ്പേരുള്ള രഘുത്തമൻ ഇന്ദിര ഗാന്ധിയുടെ മെഡിക്കൽ ടീമിൽ അംഗമായിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ഡൽഹിയിൽ സ്വന്തം അംഗരക്ഷകെൻറതന്നെ വെടിയേറ്റ് ഔദ്യോഗിക വസതിക്കു മുന്നിൽ വീണ ഇന്ദിര ഗാന്ധിക്ക് പ്രാഥമിക ശുശ്രൂഷ നൽകിയത് രഘുത്തമനാണ്. പ്രഹ്ലാദൻ (ഐ.എ ആൻഡ് എ.എസ്), ഭഗീരഥൻ (ഐ.എഫ്.സി), ധ്രുവൻ (ഹോട്ടൽ മാനേജ്മെൻറ്) എന്നിവരാണ് മറ്റു മക്കൾ. മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണ െൻറ ബന്ധുവുമാണ് മീര.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് രണ്ടുവര്‍ഷം മുമ്പ്, 1945ല്‍ കൊച്ചിന് ലെജിസ്ലേറ്റിവ് കൗണ്‍സിലിലേക്കും (സി.എൽ.സി) തൊട്ടടുത്ത വർഷം ഭരണഘടന അസംബ്ലിയിലേക്കും 34കാരിയായ ദാക്ഷായണി നാമനിർദേശം ചെയ്യപ്പെട്ടു. ഭരണഘടന നിർമാണ സഭയിലെത്തിയ പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ വനിതയായി അങ്ങിനെ ദാക്ഷായണി.
ഭരണഘടന അസംബ്ലിയില്‍ 1946 ഡിസംബർ 19ന് നടത്തിയ ആദ്യ പ്രഭാഷണം മുതൽ അവർ ഏറ്റവും കൂടുതല്‍ വാദിച്ചത് പിന്നാക്ക വിഭാഗത്തിെൻറ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും അവസരങ്ങള്‍ക്കും വേണ്ടിയാണ്. ഇക്കാലത്താണ് ഭരണഘടന ശില്പി ഡോ. ബി.ആര്. അംബേദ്കറുടെ ആശയങ്ങളോടുള്ള താല്പര്യം ദാക്ഷായണി പ്രകടമാക്കിയതും. ഭരണഘടന ചര്‍ച്ചകളില്‍ സജീവമായി ഇടപെട്ട ദാക്ഷായണി ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം അവസാനിപ്പിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് ദീര്‍ഘമായി സംസാരിച്ചു.
പൊതു തെരഞ്ഞെടുപ്പിലൂടെ ഭരണഘടനക്ക് ജനങ്ങളുടെ അംഗീകാരം നേടണമെന്ന വിപ്ലവകരമായ ആശയം ഭരണഘടന ചര്‍ച്ചകളില്‍ ഇടപെട്ട് മുന്നോട്ടുെവച്ചതും ദാക്ഷായണിതന്നെ. ഭരണഘടന മാത്രമല്ല, ഈ സമിതി നിർമിക്കുന്നത് ജനങ്ങളുടെ ജീവിതത്തിന് ഒരു ഫ്രെയിം വര്‍ക്ക് കൂടിയാണെന്ന് അവര്‍ നിരീക്ഷിച്ചു. ഒരു പട്ടിക്ക് നെപ്പോളിയന് എന്ന് പേരിടുന്നതുപോലെയേയുള്ളൂ ദലിതരെ ഹരിജനങ്ങള്‍ എന്ന് സംബോധന ചെയ്യുന്നതെന്ന് ഗാന്ധിജിയോട് അവർ വാദിച്ചു.
‘‘ഭരണഘടന തയാറാക്കിക്കഴിഞ്ഞ് അമ്മ ഡല്‍ഹിയില്‍ എല്‍.ഐ.സി ഉദ്യോഗസ്ഥയായി. കക്ഷി രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടില്ല. ഡല്‍ഹിയിലെ മുനിര്‍കയിലെ ചേരികളില്‍ തൂപ്പുകാരികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായിരുന്നു അമ്മക്ക് താല്പര്യം. ഡല്‍ഹിയില്‍ ദലിത് സ്ത്രീകളുടെ ദേശീയ സമ്മേളനം വിളിച്ചുകൂട്ടിയതിനുശേഷം അമ്മ മഹിള ജാഗ്രിത് പരിഷത് എന്ന സംഘടന രൂപവത്കരിച്ചു. ചെറുപ്പം മുതലേ വിധേയത്വപ്പെട്ട് കൂനിനടന്നതുകൊണ്ട് അമ്മക്കുവന്ന കൂന് എനിക്കു വരാതിരിക്കാന്‍ ശ്രദ്ധിച്ചു. തലയുയര്‍ത്തി കാലുറപ്പിച്ചു നടുനിവര്ത്തിയിരിക്കാനും നടക്കാനും എന്നും അമ്മ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു.
ഓരോ ചുവടുവെപ്പിലും നിശ്ശബ്ദമാക്കപ്പെട്ട തെൻറ സമുദായത്തിനുവേണ്ടി ശബ്ദിച്ച അമ്മയുടെ ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ് മീര വേലായുധന്. മുതിർന്ന പരിസ്ഥിതി പ്രവർത്തകൻ സി.പി. ജീവനാണ് മീരയുടെ ഭർത്താവ്.
മദ്രാസിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ജയ് ഭീമി’െൻറ എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള ദാക്ഷായണി 1971ൽ അടൂർ ലോക്സഭ മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. ജാതിയുടെ ഇരുട്ടിൽ ജീവിച്ച പലതലമുറകൾക്ക് തെൻറ ജീവിതത്തിലൂടെ വെളിച്ചം പകർന്ന അവർ 66ാം വയസ്സിൽ 1978 ജൂലൈ 20നാണ് അന്തരിച്ചത്. പുതിയ കാലം മറന്ന ദാക്ഷായണിക്ക് ആദരമായി കേരള സർക്കാർ മികച്ച സ്ത്രീശാക്തീകരണ പ്രവർത്തകക്ക് ഈ വർഷം മുതൽ ദാക്ഷായണി വേലായുധൻ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.