കാടുണ്ടാക്കിയ അമ്മയും മകളും
text_fieldsസഞ്ചാരികളുടെ പ്രിയ ഇടമാണെങ്കിലും ആലപ്പുഴ ജില്ലക്ക് അന്യമായൊരു സൗന്ദര്യമുണ്ട്, കാടിെൻറ വന്യത. കേരളത്തിലെ കാടില്ലാത്ത ജില്ലയാണിത്. എന്നാൽ, ആ കാടില്ലാത്ത നാട്ടിൽ കാടുണ്ടാക്കിയൊരു അമ്മയുണ്ട്. സ്വന്തം വീട്ടുമുറ്റം കാടാക്കി മാറ്റിയ 87കാരി. നാലു പതിറ്റാണ്ടിലേറെ കാലംകൊണ്ട് നാലേക്കറിലൊരു വനം തീർത്തത് ഈ അമ്മ തനിച്ചല്ല. കൂട്ടായുണ്ട് മകളും. ആലപ്പുഴ മുതുകുളം കൊല്ലകൽ വീട്ടിൽ ദേവകിയമ്മയും തങ്കമണിയമ്മയുമാണ് ആ വനദേവതമാർ. ആർക്കും ഈ കാട്ടിലേക്കു വരാം. ആ മരങ്ങളുടെ തണുപ്പിലിരുന്ന് കിളിക്കൊഞ്ചലുകൾ കേട്ട് കാനനസൗന്ദര്യം ആസ്വദിച്ച് കൊല്ലകൽ വീട്ടുമുറ്റത്തെ കാട്ടിലൂടെ നടക്കാം. ആയിരക്കണക്കിന് മരങ്ങൾ നട്ടുവളർത്തിയ കഥ പറയുകയാണ് ദേവകിയമ്മയും തങ്കമണിയും.
''അമ്മയുണ്ടാക്കിയ ഈ കാട്ടിലേക്ക് ആർക്കും വരാം. കുറെ ആൾക്കാര് വന്നിട്ടുമുണ്ട്. പക്ഷേ, ഇപ്പോ ആരും വരല്ലേട്ടോ... കൊറോണക്കാലം അവസാനിച്ചേക്കട്ടേ...'' തങ്കമണി ടീച്ചർ സ്നേഹത്തോടെ പറഞ്ഞു. അധ്യാപികയായിരുന്ന തങ്കമണി ജോലിയിൽനിന്നു വിരമിച്ചതോടെ തൈകൾ നട്ടും വളമിട്ടും നനച്ചും ഏതുനേരവും അമ്മക്കൊപ്പമാണ്. ദേവകിയമ്മയെപ്പോലെതന്നെയാണ് തങ്കമണി ടീച്ചറും. ടീച്ചർക്കും ചെടികൾ നടാനും കാടിനോടുമൊക്കെയാണ് ഇഷ്ടക്കൂടുതൽ. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ എൻവയൺമെൻറ് എൻജിനീയറിങ് വകുപ്പ് മേധാവിയായിരുന്നു തങ്കമണി. അക്കേഷ്യ മാത്രം നിന്നിരുന്ന കാമ്പസിൽ ചെടികളും വനവൃക്ഷങ്ങളും ഫലവൃക്ഷങ്ങളുമൊക്കെ നട്ടുപിടിപ്പിച്ച് അംഗീകാരങ്ങളൊക്കെ നേടിയിട്ടുമുണ്ട്.
വീട്ടുമുറ്റത്തെ വനം
നെല്ലും പച്ചക്കറിയും ഔഷധസസ്യങ്ങളുമൊക്കെ കൃഷി ചെയ്തിരുന്ന കാർഷിക കുടുംബമായിരുന്നു തങ്ങളുടേതെന്നു ദേവകിയമ്മ പറയുന്നു. ഭർത്താവും ആങ്ങളമാരുമൊക്കെ ജോലിക്ക് പോകുമ്പോൾ ഞാനും അമ്മയുമാണ് കൃഷിക്കാര്യങ്ങൾ നോക്കിയിരുന്നത്. എന്നാൽ, മെല്ലെ മെല്ലെ നെൽകൃഷിയൊക്കെ ഇല്ലാതായി. തെങ്ങും പ്ലാവും ഇടവിള കൃഷിയുമല്ലാതെ വെറെ മരങ്ങളൊന്നും മുറ്റത്ത് ഇല്ലായിരുന്നു. പറമ്പിെൻറ അതിരിൽ കുറച്ചു വൃക്ഷങ്ങളുണ്ടായിരുന്നതേയുള്ളൂ. നെൽകൃഷിയൊക്കെ അവസാനിപ്പിച്ചതോടെ വീടിനോട് ചേർന്ന് എള്ള് ഉണക്കാനും കച്ചി വിരിക്കാനും കറ്റ വെക്കാനും മെതിക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന സ്ഥലം ഒഴിഞ്ഞുകിടന്നു.
ആ സ്ഥലത്ത് ഓരോ തൈകൾ നട്ടുതുടങ്ങി. പിന്നീട് അതൊരു ആവേശമായി. തങ്കമണിയാണ് തൈകളും വിത്തുമൊക്കെ കൊണ്ടുതന്നത്. പിന്നെ ചടങ്ങുകൾക്കും മറ്റും പോകുമ്പോഴും പിറന്നാളിനുമൊക്കെ പലരും ചെടികളാണ് സമ്മാനിക്കുന്നത്. അങ്ങനെ ഓരോന്ന് നട്ടു നട്ടാണ് വീട്ടുമുറ്റത്ത് വനമുണ്ടാക്കിയതെന്നു ദേവകിയമ്മ കൂട്ടിച്ചേർത്തു.
വൃക്ഷങ്ങൾ മാത്രമല്ല പൂച്ചെടികളും ഔഷധസസ്യങ്ങളുമൊക്കെ പറമ്പിലുണ്ട്. അത്തി, ഇത്തി, അരയാൽ, പേരാൽ, വെട്ടി മരം, നാലു തരത്തിലുള്ള പാല, ആറു തരം മന്ദാരം, പലതരം മരുത്, കടുക്ക, നെല്ലി, താന്നി, കരിങ്ങൊട്ട, അംഗോലം, പൊങ്ങ്, ഉങ്ങ്, ഊദ്, ചന്ദനം, വ്യത്യസ്ത ഇനം മാവുകൾ, പ്ലാവുകൾ, കർപ്പൂരം, മെഴുകുതിരി മരം, വാക, ബ്രൗണിയ, ശിംശിപാ, പിസ്ത, കാഞ്ഞിരം, ഹിമാലയൻ ചെമ്പകം, ഗന്ധരാജൻ, പാരിജാതം, പവിഴമല്ലി, മുട്ടിപ്പഴം, പുല്ലാനി, നാഗവല്ലി ഇങ്ങനെ ഒരുപാട് മരങ്ങൾ ഈ വീട്ടുമുറ്റത്തെ കാട്ടിലുണ്ട്. പേരറിയാത്ത കുറെ മരങ്ങളും ദേവകിയമ്മ നട്ടുവളർത്തിയിട്ടുണ്ട്.
മാത്രമല്ല, ജലസസ്യങ്ങളും കുളവുമൊക്കെ ഇവിടെയെത്തുന്നവരെ കാത്തിരിപ്പുണ്ട്. നെല്കൃഷിക്കിടയിലെ കളകള്‍ എന്നുപറഞ്ഞു പറിച്ചുകളഞ്ഞിരുന്ന ചില കളകളും പായലുകളും നട്ടുവളര്‍ത്തിയിട്ടുണ്ട്. വീട്ടിലേക്കു വരുന്ന വഴിയുടെ ഇരുവശത്തും നെൽപാടമായിരുന്നു. ഇപ്പോ നെൽകൃഷിയൊന്നും ചെയ്യുന്നില്ല. ആ കണ്ടത്തിൽ മഴക്കാലത്ത് വെള്ളം നിറയുമ്പോൾ താമരയും ആമ്പലുമൊക്കെ വളർത്താറുണ്ട്. കാടിനുള്ളിൽ രണ്ടു കുളങ്ങളുമുണ്ട്.
ഫലവൃക്ഷങ്ങളും പൂച്ചെടികളുമൊക്കെ ഏറെയുള്ളതുകൊണ്ടുതന്നെ നിരവധി പക്ഷികളുടെ സങ്കേതം കൂടിയാണിവിടം. കുളക്കോഴി, മരതകപ്രാവ്, എമറാള്‍ഡ്, തേന്‍വണ്ടുകള്‍, കരിവണ്ടുകള്‍, പലതരത്തിലുള്ള ചിത്രശലഭങ്ങള്‍, ഇഴജന്തുക്കൾ ഇങ്ങനെ ഒരുപാട് പേരെ ഈ കാടിനുള്ളിൽ കണ്ടുമുട്ടാം.
കുറച്ചു ഭൂമി മാത്രമേ സ്വന്തമായുള്ളൂവെങ്കിലും അതിൽനിന്നു സാമ്പത്തികനേട്ടം സ്വന്തമാക്കാനാണ് ഏറെപ്പേരും ശ്രമിക്കുന്നത്. എന്നാൽ, സാമ്പത്തികലാഭമൊന്നും പ്രതീക്ഷിക്കാതെ കാടുണ്ടാക്കിയതിന് എന്തെങ്കിലും കാരണമുണ്ടോയെന്ന് ചോദിച്ചു തീരുംമുമ്പ് തങ്കമണി ടീച്ചറുടെ മറുപടി വന്നു: ''ഒരു വാഹനാപകടമാണ് ഈ കാടുണ്ടാക്കാൻ കാരണം. കായംകുളത്ത് െവച്ച് ഒരു ഡ്രൈവിങ് സ്കൂളിെൻറ വാഹനമാണ് അപകടമുണ്ടാക്കിയത്. വണ്ടിയുടെ ചക്രം അമ്മയുടെ പാദത്തിലൂടെ കയറിയിറങ്ങി. അതിനുശേഷം കുറെക്കാലം നടക്കാൻപോലും പറ്റാത്ത അവസ്ഥയായിരുന്നു. പിന്നീട് മുറിവൊക്കെ ഉണങ്ങിയെങ്കിലും രണ്ടു വർഷത്തോളം അമ്മ വീടിന് പുറത്തിറങ്ങുകയോ നടക്കുകയോ ചെയ്തില്ല.അതോടെ, അമ്മക്ക് നടക്കുന്ന കാര്യംതന്നെ പേടിയായി. അതൊക്കെ മാറട്ടെ എന്ന് കരുതിയാണ് പറമ്പിൽ ചെടിയോ തൈകളോ നടണമെന്ന് അമ്മയോട് പറഞ്ഞത്. മെല്ലെ മെല്ലെ വീടിനോട് ചേർന്നുള്ള ഇടങ്ങളിൽ ഓരോന്ന് നടുകയും നനക്കുകയും ചെയ്തുകൊണ്ട് അമ്മ നടന്നുതുടങ്ങി.
അമ്മ നട്ട ആ തൈകളൊക്കെയാണ് ഈ കാടായി മാറിയത്.'' സ്കൂളിൽനിന്നും കോളജിൽനിന്നുമൊക്കെ ഒരുപാട് കുട്ടികൾ കാട് കാണാൻ വരുന്നുണ്ട്. വിദ്യാർഥികൾ മാത്രമല്ല, ജില്ല കാണാനെത്തുന്ന സഞ്ചാരികളും ഗവേഷകരുമൊക്കെയായി നിരവധി പേർ ഇവിടെ വരുന്നുണ്ടെന്നും തങ്കമണി കൂട്ടിച്ചേർത്തു.കേന്ദ്ര സർക്കാറിെൻറ നാരീശക്തി, വൃക്ഷമിത്ര, സംസ്ഥാന സർക്കാറിെൻറ വനമിത്ര, സംസ്ഥാന ജൈവവൈവിധ്യ ബോർഡിെൻറ ഹരിതവ്യക്തി, ആലപ്പുഴ ജില്ല സാമൂഹിക വനവത്കരണ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാറിെൻറ വൃക്ഷമിത്ര അവാർഡ് 2005ൽ വിതരണം ചെയ്യുമ്പോൾ ആ പുരസ്കാരം അമ്മയ്ക്കും മകൾക്കുമുണ്ടായിരുന്നു. 2002ലെയും 2003ലെയും വൃക്ഷമിത്ര പുരസ്കാരം ആ വർഷം ഒരുമിച്ചാണ് വിതരണം ചെയ്തത്. വീട്ടുമുറ്റത്ത് കാടുണ്ടാക്കിയതിനാണ് അമ്മക്ക് പുരസ്കാരമെങ്കിൽ കോളജ് മുറ്റത്ത് മരങ്ങൾ നട്ടുവളർത്തിയതിനുള്ള അംഗീകാരം മകൾക്കായിരുന്നു. പരേതനായ എം.കെ. ഗോപാലപിള്ളയാണ് ദേവകിയമ്മയുടെ ഭർത്താവ്. തങ്കമണിയെ കൂടാതെ ഇന്ദിരാകുമാരി, ഉഷാകുമാരി, പത്മകുമാര്‍, നന്ദകുമാര്‍ എന്നിവരാണ് മറ്റു മക്കൾ. മക്കളുടെയും ചെറുമക്കളുടെയുമൊക്കെ പിന്തുണയോടെ ദേവകിയമ്മ ഇന്നും തൈകൾ നട്ടുപിടിപ്പിക്കുന്നുണ്ട്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.