'ഫൈറൂസ് ബീഗം'; കാമറയുമായി ലോകം ചുറ്റുന്ന വീട്ടമ്മ; ചിത്രങ്ങൾ കഥ പറയും
text_fieldsപ്രകൃതിയിലെ കിടിലൻ ഫ്രെയിമുകൾ തേടി കാമറയുമായി ലോകം ചുറ്റുകയാണ് ഫൈറോസ് ബീഗമെന്ന വീട്ടമ്മ. ഇതിനകം ഒപ്പിയെടുത്ത ജീവൻ തുടിക്കുന്ന ചിത്രങ്ങൾക്കു പിന്നിൽ അവരുടെ ഏറെനാളത്തെ കാത്തിരിപ്പും കഠിനാധ്വാനവുമുണ്ട്...
മത്സ്യം റാഞ്ചാൻ പാടവരമ്പത്ത് പതുങ്ങിനിൽക്കുന്ന മൊഞ്ചുള്ള കൊക്ക്, കലപ്പയുമേന്തി സൂര്യന് അഭിമുഖമായി നടക്കുന്ന കർഷകൻ, കാട്ടരുവിയിൽ വെള്ളം കുടിക്കാൻ കൂട്ടമായെത്തുന്ന മാൻപേടകൾ, കൊടുംകാട്ടിലെ വിസ്മയമായ വെള്ളച്ചാട്ടങ്ങൾ, വലനിറയെ മീനുമായി കരക്കണയുന്ന ബോട്ടുകൾ.. സ്മാർട്ട് ഫോണും ഗൂഗ്ൾമാമനുമൊന്നുമില്ലാത്ത കാലത്ത് ഇത്തരം പടങ്ങൾ കാണാൻ ഒറ്റവഴിയേയുണ്ടായിരുന്നുള്ളൂ, കലണ്ടർ! മനോഹരമായ ഇത്തരം പ്രകൃതിദൃശ്യങ്ങൾ കാണാൻ കലണ്ടർ പണം കൊടുത്ത് വാങ്ങും. റോഡരികിൽ വിൽക്കുന്ന ബഹുവർണ ചിത്രങ്ങളുള്ള കലണ്ടർ വാങ്ങുന്നത് തീയതിയറിയാൻ മാത്രമല്ലെന്ന് വിൽക്കുന്നവർക്കും വാങ്ങുന്നവർക്കുമറിയാം.
ചുമരിൽ തൂങ്ങിക്കിടക്കുന്ന ഇത്തരം ചിത്രങ്ങളിലേക്ക് നോക്കിയങ്ങനെ നിന്നുപോകാറുണ്ട്. പ്രകൃതിയെ അതേപടി എങ്ങനെയാണ് ഒപ്പിയെടുക്കുന്നതെന്ന് ചിന്തിച്ചുപോകാറുണ്ട്. അന്നേ മനസ്സിലുണ്ട് കുറച്ച് ചിത്രങ്ങൾ ഫ്രെയിമിലാക്കണമെന്ന്. പക്ഷേ, അത് നമുക്ക് പറഞ്ഞ പണിയല്ലെന്നു മനസ്സിലാക്കി പിന്മാറും. അങ്ങനെ കൊണ്ടുനടന്ന ആ ആഗ്രഹം പുലരാൻ വർഷങ്ങൾ എടുത്തു. ശരിക്കുപറഞ്ഞാൽ കഴുത്തിൽ മഹ്ർ അണിഞ്ഞശേഷം കാമറയെക്കൂടി ഒപ്പം കൂട്ടി. ഇതാണ് മലപ്പുറം വലിയങ്ങാടി സ്വദേശി ഫൈറോസ് ബീഗത്തിെൻറ കഥ.
വർഷങ്ങളോളം ഒരാഗ്രഹം കൊണ്ടുനടക്കുകയും അതിനു പറ്റിയ സമയം വന്നപ്പോൾ കാമറയുമായി ഇറങ്ങുകയും ചെയ്തൊരാളെ ആദ്യമായി കാണുകയാണെന്ന് സുഹൃത്തുക്കൾ പറയുമ്പോൾ ചിരിച്ചുകൊണ്ട് ഫൈറോസ് ബീഗത്തിന് ഒറ്റ മറുപടിയേയുള്ളൂ- ''ഒാരോന്നിനും അതിേൻറതായ സമയമുണ്ട്.'' കാമറയും തൂക്കി പടം പിടിക്കാൻ നാടുചുറ്റണം. ജില്ലകളും സംസ്ഥാനങ്ങളും രാജ്യങ്ങളും താണ്ടണം. പറ്റുമെങ്കിൽ ഭൂഖണ്ഡങ്ങളും കറങ്ങിനടക്കണം. ഇതൊക്കെയായിരുന്നു എന്നും ആഗ്രഹങ്ങൾ.
വീട്ടമ്മയാണേൽ എന്താ...
വീട്ടമ്മയെന്നാൽ ആളുകൾക്ക് ഒരു വിചാരമുണ്ട്. വീട്ടിലങ്ങനെ ഒതുങ്ങിക്കഴിയണമെന്ന്. ഭർത്താവിനും മക്കൾക്കും ഭക്ഷണം ഉണ്ടാക്കി വീട്ടുകാര്യങ്ങൾ നോക്കി നടത്തുക എന്ന് ചുരുക്കം. ഇതിൽനിന്ന് രക്ഷപ്പെടാനാണ് പഠിച്ച് ബിരുദം നേടുന്നതും ജോലിക്കു കയറുന്നതുമെന്നുവരെ പറയുന്നവരുമുണ്ട്.
എന്നാൽ, പഠനം വേറെ, ജോലി വേറെ. വീട്ടമ്മയെന്നതും മറ്റൊരു കാര്യം എന്നാണ് ഇവരുടെ പക്ഷം. ബിരുദത്തിനുശേഷം ബി.എഡ് നേടിയപ്പോഴും ഫോേട്ടാഗ്രഫിയായിരുന്നു മനസ്സിൽ. ഫോേട്ടാഗ്രഫി പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ആരോ അതൊന്നും നമ്മൾ പെൺകുട്ടികൾക്ക് ചേർന്നതല്ലെന്ന് ചെറുപ്പത്തിൽ പറഞ്ഞതോർക്കുന്നു. അത്തരം പറച്ചിലുകളോട് എതിർക്കാനോ ചോദ്യംചെയ്യാനോ ഒന്നും പോയില്ല. കുട്ടിക്കാലത്തേ ചിത്രരചനയിൽ വലിയ താൽപര്യമായിരുന്നു. വായനയും യാത്രയുമൊക്കെ ഹരമാക്കി മനസ്സിൽ കൊണ്ടുനടന്നു.
വിവാഹശേഷം
വിവാഹ ശേഷമാണ് കാമറ ഉപയോഗിച്ചുതുടങ്ങിയത്. ഫിലിം ഉപയോഗിച്ചുള്ള യാഷിക എം.എഫ്-2 മോഡൽ കാമറയിലാണ് തുടക്കം. '91ലെ ഒരു തിരുവനന്തപുരം യാത്രയിലാണ് ആദ്യമായി കാമറ ഉപയോഗിക്കാൻ തുടങ്ങിയത്. അന്നു പകർത്തിയ ചിത്രങ്ങൾ വ്യക്തമായി ലഭിച്ചിട്ടുണ്ടോയെന്ന് അറിയാനായി താൽപര്യം. പ്രിൻറ് കിട്ടുന്നതുവരെയുള്ള കാത്തിരിപ്പ് ഒന്നു വേറെതന്നെ.
2001ൽ സോണി സൈബർഷോട്ട് എന്ന ഓട്ടോമാറ്റിക് ഡിജിറ്റൽ കാമറയിലേക്കു മാറി. ബംഗളൂരു, ഊട്ടി, മൈസൂരു, കൊടൈക്കനാൽ, കുടക്, ഗവി തുടങ്ങിയയിടങ്ങളിലേക്ക് യാത്ര പോയി. നാടുകാണൽ മാത്രമായിരുന്നില്ല ലക്ഷ്യം. എല്ലാം ഒപ്പിയെടുക്കണം. പൂക്കളുടെയും പ്രകൃതിയുടെയും നല്ല ഫ്രെയിമുകൾ പകർത്താനാണ് ശ്രമിച്ചത്. കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നും നല്ല പ്രോത്സാഹനം കിട്ടി.
2010 മുതൽ ഫോട്ടോഗ്രഫിയെ കുറച്ചുകൂടി ഗൗരവമായി സമീപിക്കാൻ തുടങ്ങി. കാനൺ 600ഡി കാമറയും 18-55 എം.എം, 55-250 എം.എം ലെൻസുകളും വാങ്ങി. മഞ്ചേരിയിൽ ഫോട്ടോഗ്രഫിയുടെ പ്രാഥമിക പാഠങ്ങൾ ഞായറാഴ്ചകളിൽ പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞു. സ്വതന്ത്ര സിനിമാസംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫായിരുന്നു അധ്യാപകൻ. വന്യജീവി ഫോട്ടോഗ്രാഫർ എളങ്കൂർ സ്വദേശി ശബരി ജാനകിയും അതിെൻറ സംഘാടനത്തിൽ ഉണ്ടായിരുന്നു. ഭർത്താവിനൊപ്പം ക്ലാസിൽ ചേർന്നു.
ലൈറ്റ്സോഴ്സ്
ഫോട്ടോഗ്രഫി തൽപരരുടെ ഒരു അനൗദ്യോഗിക പ്ലാറ്റ്ഫോം ഉണ്ടാക്കി. പിന്നീട് ലൈറ്റ്സോഴ്സ് എന്നപേരിൽ ആ കൂട്ടായ്മ വളർന്നു. ഫോട്ടോഗ്രഫി ഗ്രൂപ്പിൽ സ്ത്രീപങ്കാളിത്തം കുറവായിരുന്നു. ലൈറ്റ്സോഴ്സ് ഞങ്ങളുടെ ഫോട്ടോകൾ ഉൾപ്പെടുത്തി 2014 ൽ മലപ്പുറം കോട്ടക്കുന്നിലെ ആർട്ട് ഗാലറിയിൽ നടത്തിയ പ്രദർശനമാണ് വഴിത്തിരിവായത്. എെൻറ ഫോട്ടോകളും ചുമരിൽ തൂങ്ങിയതിൽ സന്തോഷം തോന്നി. തുടർന്ന് എല്ലാ വർഷവും 'എക്സ്പോഷർ' എന്ന പേരിൽ കോഴിക്കോെട്ടയും മലപ്പുറെത്തയും ആർട്ട് ഗാലറികളിൽ പ്രദർശനങ്ങൾ. 2017ൽ വനിത വിഭാഗത്തിലെ ഫെലോഷിപ് ലഭിച്ചു. 'വീട്ടുമുറ്റത്തെ കിളികൾ' എന്ന വിഭാഗത്തിലുള്ള 20 വ്യത്യസ്ത പക്ഷികളുടെ ഫോട്ടോയാണ് ഫെലോഷിപ്പിന് അയച്ചിരുന്നത്.
ചിത്ര യാത്രകൾ
യാത്ര എല്ലാവർക്കും എന്നപോലെ ഹരമാണ്. കാഴ്ചകൾ കാണുക മാത്രമല്ല, അത് ഒപ്പിയെടുക്കാനും സാധിക്കുന്നുണ്ട്. വന്യജീവി ഫോട്ടോഗ്രഫിക്കായി മുത്തങ്ങ, തോൽപെട്ടി, തേക്കടി, മസിനഗുഡിക്കടുത്ത മോയാർ, മുതുമല, കർണാടകയിലെ ബന്ദിപ്പൂർ എന്നിവിടങ്ങളിൽ യാത്ര ചെയ്തു. പക്ഷികളെ പകർത്താനായി കടലുണ്ടി, തണ്ണീർമുക്കം, കുമരകം, തൃശൂർ, തിരുനാവായ എന്നിവിടങ്ങളിൽ പോയി. ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്സ്, ജർമനി, സ്വിറ്റ്സർലൻഡ്, ഇറ്റലി എന്നിവയടങ്ങിയ യൂറോപ്യൻ പാക്കേജ്, മലേഷ്യ, ലക്ഷദ്വീപ്, ശ്രീനഗർ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ യാത്രകളും നടത്തിയിട്ടുണ്ട്.
മലപ്പുറം മുണ്ടുപറമ്പിലാണ് ഇപ്പോൾ താമസം. പരേതനായ റിട്ട. അധ്യാപകൻ പൂളക്കണ്ണി കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മകളാണ്. മാതാവ്: പരേതയായ പി. ഖദീജ. മുൻമന്ത്രി ജി. സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറി എം.എ. ലത്തീഫാണ് ഭർത്താവ്. എം.ടെക്കുകാരി റിസ്മിയും ബി.കോമുകാരി ഐഷ ഷഹ്മിയും മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.