ജീവിതം സുന്ദരമാക്കാൻ മനസ്സിനെ ശാന്തമാക്കാം
text_fieldsവൈകാരിക സന്തുലിതാവസ്ഥ നിലനിർത്തിയാലേ തെളിഞ്ഞ മനസ്സും സുന്ദരമായ ജീവിതവും സാധ്യമാകൂ. പാട്ട് മുതൽ പ്രാർഥന വരെ മാനസിക സ്വാസ്ഥ്യം നേടിയെടുക്കാൻ സഹായിക്കുന്ന ഒട്ടേറെ വഴികളുണ്ട്
മാനസികമായ പ്രസന്നതയും സന്തോഷവും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. വികാരങ്ങളുടെ വടംവലിയും ജീവിത സാഹചര്യങ്ങളുടെ പിരിമുറുക്കവുംമൂലം സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടുന്നത് നല്ലൊരു ശതമാനം ആളുകളും നേരിടുന്ന പ്രതിസന്ധിയാണ്; തിരക്കേറിയതും മത്സരാധിഷ്ഠിതവുമായ സമകാലിക ജീവിതത്തിൽ വിശേഷിച്ചും.
വൈകാരികമായ സന്തുലിതാവസ്ഥ നിലനിർത്തിയാലേ തെളിഞ്ഞ മനസ്സും സുന്ദരമായ ജീവിതവും സാധ്യമാകൂ. എന്തുകൊണ്ടാണ് ഒരാൾക്ക് വൈകാരിക അസന്തുലിതത്വം ഉണ്ടാകുന്നത്? പലപ്പോഴും 'കതിരിൽ വളംവെക്കുന്നത്' പോലെയാകും പലപ്രശ്നങ്ങൾക്കും ആളുകൾ കണ്ടെത്തുന്ന പരിഹാരം. വ്യക്തിയിൽ തന്നെ അടങ്ങിയിരിക്കുന്ന ആന്തരിക കാര്യങ്ങളാലും ഒപ്പം ബാഹ്യ കാര്യങ്ങളാലും വൈകാരിക അസന്തുലിതാവസ്ഥയുണ്ടാകാം.
ആന്തരിക ഘടകങ്ങൾ
തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനങ്ങൾ വ്യക്തിയുടെ വൈകാരികതയെ ബാധിക്കുന്നത് ആന്തരികമായ കാരണങ്ങളായി പരിഗണിക്കാം. തലച്ചോറിലെ ഫ്രോണ്ടൽ ലോബ്, ലിംബിക് സിസ്റ്റം, ഹിപ്പോകാംപസ്, തലാമസ്, ഹൈപ്പോതലാമസ് എന്നീ ഭാഗങ്ങളാണ് വൈകാരികാവസ്ഥകളെ നിയന്ത്രിക്കുന്നത്. ഇതിനുപുറമെ, പലതരം ഹോർമോണുകൾ ശരീരത്തിൽ ഉൽപാദിപ്പിക്കുന്നുണ്ട്. വികാരവിചാരങ്ങളെ നിയന്ത്രിക്കുന്ന ഇത്തരം ഹോർമോണുകളുടെ പ്രവർത്തനവും വ്യാപനവും സന്തുലിതാവസ്ഥയുമെല്ലാം വ്യക്തിയിലെ വൈകാരികാവസ്ഥയെ സ്വാധീനിക്കാറുണ്ട്. ഫലത്തിൽ ഹോർമോൺ സന്തുലിതാവസ്ഥയും സുപ്രധാനമാണ്.
ബാഹ്യഘടകങ്ങൾ
വ്യക്തിയുടെ രൂപഘടനയും ശാരീരികാവസ്ഥയും പലപ്പോഴും വൈകാരികാവസ്ഥയെ സ്വാധീനിക്കാം. ഉദാഹരണത്തിന് ഒരാൾക്ക് ഉയരം കുറവാണെന്നിരിക്കെട്ട. താൻ മറ്റുള്ളവരെക്കാൾ ചെറുതാണെന്ന് ആ വ്യക്തിക്ക് സ്വയം തോന്നാം. ഇത് വൈകാരിക നിരാശക്ക് ഇടയാക്കാം. മാത്രമല്ല, ആ വ്യക്തിയുടെ വൈകാരികമായ പ്രതികരണങ്ങൾ മറ്റു വ്യക്തികളെ അപേക്ഷിച്ച് അൽപം മോശം രീതിയിലുമാകാം. ഇനി ഉയരം തീരെ കുറഞ്ഞയാളിനെ മറ്റുള്ളവർ കളിയാക്കുന്നുവെന്നിരിക്കെട്ട, അതും ഒരു പരിധിവരെ അയാളുടെ വികാര വിചാരങ്ങളെ സ്വാധീനിക്കും. തമാശപറയുേമ്പാഴും കളിയാക്കുേമ്പാഴും സാധാരണ ഉയരമുള്ളയാളിനെ അപേക്ഷിച്ച് ഉയരം കുറഞ്ഞയാൾ അതിനോട് അപക്വമായി പെരുമാറിയെന്നുവരാം. വല്ലാതെ മെലിഞ്ഞിരിക്കുന്നവർ, സാമാന്യത്തിലധികം ഉയരമുള്ളവർ, കറുത്ത നിറമുള്ളവർ, വലുപ്പം കൂടിയ ശരീരമുള്ളവർ എന്നിങ്ങെനയുള്ള പ്രത്യേകതകളാൽ കളിയാക്കപ്പെടുന്നവരിൽ വൈകാരിക അസന്തുലിതാവസ്ഥയുണ്ടാകാം. മറ്റൊരു വാക്കിൽ പറഞ്ഞാൽ ഇവയെല്ലാം മാനസിക സന്തുലിതാവസ്ഥയെ ബാധിക്കുന്ന ബാഹ്യഘടകങ്ങളാണ്.
ആഗ്രഹങ്ങൾ
ഇതുകൂടാതെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ പറ്റാത്ത സാഹചര്യവും മറ്റൊരു കാരണമാകാം. നല്ല മാർക്ക് വാങ്ങണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർഥിക്ക് അതിന് കഴിയാത്ത സാഹചര്യം, അല്ലെങ്കിൽ മറ്റുള്ളവർ തന്നെക്കാൾ മാർക്ക് വാങ്ങുന്ന ഘട്ടങ്ങൾ ഇവയെല്ലാം നിരാശയും സങ്കടവും ദേഷ്യവും പകയുമെല്ലാമായി മനസ്സിനെ ബാധിക്കാം. താൻ നേടാനാഗ്രഹിക്കുന്ന കാര്യം കഴിയുന്നില്ല എന്നു മാത്രമല്ല, അവ മറ്റൊരാൾ നേടുന്ന സാഹചര്യത്തിലും വൈകാരിക അസന്തുലിതാവസ്ഥയുണ്ടാകും. അസൂയപോലുള്ള നെഗറ്റിവ് വികാരങ്ങൾ ഇത്തരത്തിലുണ്ടാകും.
മുഖക്കുരുവിലെ ആകുലത മുതൽ മാർക്കിലെ അമിതാവേശം വരെ
മനസ്സിനെ ബാധിക്കുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുകയോ ലഘൂകരിക്കുകയോ ചെയ്താലാണ് വൈകാരിക അസന്തുലിതാവസ്ഥ പരിഹരിക്കാനാവുക. മുഖക്കുരു ഉള്ള ഒരു വ്യക്തിയുടെ കാര്യമെടുക്കാം. മുഖക്കുരു വലിയ പ്രശ്നമാണെന്നും ഇതിെൻറ പേരിൽ ആളുകൾ തന്നെ ശ്രദ്ധിക്കുന്നു, കളിയാക്കുന്നു എന്നൊക്കെ ചിന്തിക്കുന്ന വ്യക്തിക്ക് ചിലപ്പോൾ കൗൺസലിങ്ങോ സൈക്കോതെറപ്പിയോ വേണ്ടിവരും. ഇതിലൂടെ അയാളുടെ ചിന്ത മാറ്റുേമ്പാഴാണ് വൈകാരികാവസ്ഥ നേരെയാവുന്നത്.
പണം സമ്പാദിക്കാനോ കൂടുതൽ പേരെടുക്കാനോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥാനമോ ലക്ഷ്യമോ നേടാനായി അമിതമായും കഠിനമായും ജോലി ചെയ്യുന്നവരുണ്ട്. ഏതെങ്കിലും ജോലി കൊടുത്താൽ 'വർക്ക്ഹോളിക്' എന്ന് പറയാവുന്ന വിധത്തിൽ മാക്സിമം ജോലി ചെയ്യുന്നവർ. ഇത്തരം വ്യക്തികൾ വേഗത്തിൽ ദേഷ്യം പിടിക്കുന്നവരാകാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ അസ്വസ്ഥത പ്രകടിപ്പിക്കും. വൈകാരികമായി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പെരുമാറ്റമോ വികാരമോ പ്രകടിപ്പിക്കും. ഇത്തരക്കാരെ കണ്ടെത്തി 'റിലാക്സ്' ചെയ്യേണ്ടതിെൻറ ആവശ്യകത ബോധ്യപ്പെടുത്തുകയോ അല്ലെങ്കിൽ റിലാക്സേഷൻ എങ്ങനെ കണ്ടെത്താം എന്നതുസംബന്ധിച്ച വഴികൾ നിർദേശിക്കുകയോ ചെയ്യുേമ്പാഴാണ് അയാളിൽ വൈകാരിക സന്തുലിതാവസ്ഥ സൃഷ്ടിക്കാനാവുക.
ഉയർന്ന മാർക്ക് വാങ്ങണം, അല്ലെങ്കിൽ തനിക്ക് ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടണമെന്നൊക്കെ ചിന്തിക്കുകയും അമിതമായ ആവേശംകൊണ്ട് അസ്വസ്ഥമാവുകയും ചെയ്യുന്ന വിദ്യാർഥികളുണ്ട്. പലപ്പോഴും ശാന്തതയോ സന്തോഷമോ ഇത്തരക്കാർക്കുണ്ടാകില്ല. എപ്പോഴും ആകുലത മുറ്റിനിൽക്കുന്ന മുഖത്തോടെയും മനോഭാവത്തോടെയുമായിരിക്കും ഇവർ മറ്റുള്ളവരെ അഭിമുഖീകരിക്കുക. അധ്യാപകരോടും രക്ഷിതാക്കളോടും സഹോദരങ്ങളോടുമെല്ലാം ദേഷ്യപ്പെടുന്ന പ്രകൃതവുമായിരിക്കും. അവർക്ക് ഏതെങ്കിലും തരത്തിൽ സന്തോഷിക്കാനോ സമാധാനത്തോടെ ടി.വി കാണാനോ വിേനാദങ്ങളിൽ ഏർപ്പെടാനോ കഴിയണമെന്നുമില്ല. ഇവർക്കും തെറപ്പി ആവശ്യമാണ്.
ജീവിതത്തെ പോസിറ്റിവായി കാണാം
ആന്തരികവും ബാഹ്യവുമായ പ്രശ്നങ്ങളില്ലാതെയും അത്യാഗ്രഹമോ അമിതാവേശമോ മറ്റോ ഇല്ലാത്തവരിലും മാനസിക പിരിമുറുക്കം അനുഭവപ്പെടാം. വ്യത്യസ്തതരം ജീവിതാവസ്ഥകൾ തരണം ചെയ്യുന്നതിെൻറ ഭാഗമായുള്ള പരിശ്രമങ്ങളിൽ ഏർപ്പെടുന്നത് മൂലമുണ്ടാകുന്ന വൈകാരിക അസന്തുലിതാവസ്ഥയാണിത്. ഇത്തരക്കാരിൽ ശാന്തതക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് ആവശ്യമായിവരുക. ധ്യാനരീതികൾ, യോഗ, റിലാക്സേഷൻ രീതികൾ, മനോഭാവ മാറ്റത്തിനുള്ള കാര്യങ്ങൾ എന്നിവയെല്ലാം ഇവർക്ക് വേണ്ടിവരും.
ജീവിതത്തെ നെഗറ്റിവായി നോക്കിക്കാണുന്ന രീതി മാറ്റുക എന്നതാണ് മാനോഭാവ മാറ്റത്തിലൂടെ ഉദ്ദേശിക്കുന്നത്. നല്ല സിനിമ കാണുക, ഇഷ്ടമുള്ള പാട്ട് കേൾക്കുക, ജോലിയും തിരക്കുമെല്ലാം മാറ്റിവെച്ച് കുടുംബപ്രശ്നങ്ങളൊന്നും സംസാരിക്കാതെ കുടുംബവുമൊന്നിച്ചിരിക്കുന്നതിലൂടെയും മനസ്സിന് വിഷമമുണ്ടാക്കാത്ത കാര്യങ്ങൾ സംസാരിക്കുന്നതിലൂടെയുമെല്ലാം ഇൗ പ്രശ്നത്തിന് പരിഹാരം കണ്ടെത്താം. ചിലർക്ക് യാത്രയായിരിക്കും ഇഷ്ടം. പിരിമുറുക്കത്തിൽനിന്ന് മോചനം തേടാൻ ഇത്തരം യാത്രകൾ ഉപകരിക്കും. പിരിമുറുക്ക സാഹചര്യങ്ങളിൽനിന്ന് മാറിനിൽക്കുന്നതിനൊപ്പം ഇഷ്ടപ്പെട്ട കാര്യങ്ങൾക്കുള്ള അവസരംകൂടി ഒരുക്കുന്നതോടെ ഇത്തരക്കാരിൽ വൈകാരിക സന്തുലിതാവസ്ഥ സൃഷ്ടിച്ചെടുക്കാനാകും.
അതേസമയം, ഇവ എല്ലാവരിലും പ്രാവർത്തികവും പ്രായോഗികവുമാകണം എന്നില്ല. ഒാരോരുത്തരിലെയും വ്യക്തിസവിശേഷതകളെയും താൽപര്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയായിരിക്കണം പരിഹാരമാർഗങ്ങളുടെ തിരഞ്ഞെടുപ്പ്. നല്ല തിരക്കുപിടിച്ച് േജാലിയെടുക്കുന്ന ഒരാൾക്ക് ഒരു അവധി ദിവസം കിട്ടിയാൽ അതിെൻറ തലേന്നും അവധിക്കു പിറ്റേന്നുമെല്ലാം അയാൾ സന്തോഷവാനും പ്രസന്നമായ വൈകാരികാവസ്ഥയിലുമായിരിക്കും.
പാട്ടുകേൾക്കാം, ചിരിക്കാം, ഉറങ്ങാം
സംഗീതത്തിലെ പല രാഗങ്ങളും താളങ്ങളുമൊക്കെ മനസ്സിെൻറ പിരിമുറുക്കം കുറക്കാൻ സഹായിക്കുന്നതാണ്. ഇഷ്ടമുള്ള സംഗീതം ആസ്വദിക്കുക, ഇഷ്ടമുള്ള തമാശകൾ കാണുകയോ കേൾക്കുകയോ ചെയ്യുക തുടങ്ങിയവയൊക്കെ ജോലി ചെയ്ത് മനസ്സ് മടുക്കുന്ന ആളുകൾക്ക് ആശ്വാസമേകും. നല്ല വ്യക്തികളുടെ ജീവിതകഥകൾ വായിക്കുേമ്പാഴും നമുക്ക് ഒരു പരിധിവരെ ആശ്വാസം തോന്നാം. ഇഷ്ടമുള്ള വ്യക്തികളുമായി ഫോണിലോ നേരിേട്ടാ സംസാരിക്കലും മനസ്സിലെ നല്ല വികാരങ്ങെള പോഷിപ്പിക്കാൻ സഹായിക്കും. ചിലർക്ക് നല്ല ആഹാരം കഴിക്കലായിരിക്കും സന്തോഷം. ചിലർക്ക് നടക്കുന്നതോ ഏതെങ്കിലും കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതുവഴിയോ ആകും മാനസിക സ്വാസ്ഥ്യം കിട്ടുക. ഇതെല്ലാം ഒാരോരുത്തരുടെയും പ്രായത്തിനും അഭിരുചിക്കും അനുസരിച്ചിരിക്കും.
മറ്റു ചിലർക്ക് മൈൻഡ്ഫുൾനെസ് (ഹൃദയസമ്പന്നത) എന്ന് വിശേഷിപ്പിക്കാവുന്ന ധ്യാനരീതികൾ വേണ്ടിവരും. മനസ്സിെൻറ ഏകാഗ്രതയിലൂടെ പോസിറ്റിവ് കാര്യങ്ങൾ ചിന്തിക്കുകയും നെഗറ്റിവ് കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്യലാണിത്. ചിലരിൽ ഉൗഷ്മളമായ ഭാര്യാ-ഭർതൃബന്ധമായിരിക്കും വൈകാരിക അസന്തുലിതാവസ്ഥ മാറ്റാനും നിരാശയും ദേഷ്യവും കുറക്കാനും പോസിറ്റിവ് ചിന്തകൾ മനസ്സിൽ നിറക്കാനുമെല്ലാം സഹായിക്കുക. ശരീരവും മനസ്സും ഉൾച്ചേരും വിധമുള്ള പരസ്പര ബഹുമാനവും കരുതലോടെയുള്ള ശാരീരിക ബന്ധവുമാണ് ഇവർക്ക് വേണ്ടത്.
അതുപോലെ നല്ല ഉറക്കവും വൈകാരിക സന്തുലിതാവസ്ഥ നിലനിർത്താൻ ഉപകരിക്കും. കഠിനമായി ജോലിചെയ്ത ശേഷം ഏറെ നേരം ഉറങ്ങുന്നവരുണ്ട്. അവരെ സംബന്ധിച്ച് ഇൗ ഉറക്കമായിരിക്കും റിലാക്സേഷൻ നൽകുക. മറ്റു ചിലർക്ക് വായനയായിരിക്കും ഇഷ്ടം.
മാറി നടക്കാം
നെഗറ്റിവ് മാനസികാവസ്ഥയുള്ള വ്യക്തികളുമായി ഇടപെടാതിരിക്കുകയും സംസാരിക്കാതിരിക്കുകയും ചെയ്യലാണ് മറ്റൊരു മാർഗം. അവരെ വെറുക്കുകയോ പിണങ്ങുകയോ അല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. ചില വ്യക്തികളിൽനിന്ന് വരുന്ന സംസാരം നെഗറ്റിവായിരിക്കും. 'ഇവിടെ ഒന്നും ശരിയാകില്ല, ഒന്നും പറഞ്ഞിട്ട് കാര്യമില്ല' എന്നായിരിക്കും ഇവർ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുക. നല്ല ഒരു ഡ്രസ് കണ്ടാൽ 'ഇത്രയും വിലക്കൊന്നും ഇതില്ല' എന്നായിരിക്കും ഇത്തരക്കാരുടെ കമൻറ്. എന്തിനും കുറ്റം കെണ്ടത്തുന്ന, കുറ്റപ്പെടുത്തുന്ന വ്യക്തികളാണ് മറ്റൊരു വിഭാഗം. ഏതെങ്കിലും കോഴ്സിനു ചേർന്ന കാര്യം ഇവരോട് പറഞ്ഞാൽ 'ഒാഹ്, അതൊന്നും പഠിച്ചിട്ട് ഇപ്പോ ഒരു കാര്യവുമില്ല' എന്നായിരിക്കും ഇത്തരക്കാരുടെ മറുപടി. എല്ലാറ്റിലും നെഗറ്റിവ് കണ്ടെത്തുന്ന വ്യക്തികളിൽനിന്ന് ഒഴിഞ്ഞുനിൽക്കുക എന്നതാണ് മാനസിക സൗഖ്യത്തിനുള്ള മറ്റൊരു മാർഗം.
ഹോട്ട് ബട്ടൻ ടോപ്പിക് ഒഴിവാക്കാം
'േഹാട്ട് ബട്ടൻ ടോപ്പിക്' എന്ന് വിശേഷിപ്പിക്കാവുന്ന ചില വിഷയങ്ങളുണ്ട്. ഇവ പരമാവധി ചർച്ചക്കെടുക്കാതിരിക്കുക. ഉദാഹരണമായി, മതപരമായ ചർച്ചകൾ. സ്വന്തം മതമാണ് സത്യവും നല്ലതുമെന്ന് വിശ്വസിക്കുന്ന രണ്ട് വ്യത്യസ്ത മതങ്ങളിൽപെട്ട വ്യക്തികൾ തമ്മിലെ മതപരമായ ചർച്ചകൾ ടെൻഷൻ വർധിപ്പിക്കും. രണ്ടു പേരും അന്യോന്യം കുറ്റം കണ്ടെത്തും, വാദിക്കും, ആരോപണമുന്നയിക്കും. പരസ്പരം 'ഹീറ്റാ'കുന്നതിലേക്കും ദേഷ്യത്തിലേക്കുമായിരിക്കും ഇതെത്തിക്കുക. അതിനാലാണ് ഇത്തരം ചർച്ചകളെ 'ഹോട്ട് ബട്ടൻ ടോപ്പിക്' എന്ന് വിളിക്കുന്നത്. അതുപോലെയാണ് രാഷ്ട്രീയ ചർച്ചകളും. മതത്തേക്കാളും പലപ്പോഴും കുഴപ്പമുണ്ടാക്കുന്നതാണ് രാഷ്ട്രീയ വാഗ്വാദങ്ങൾ. എെൻറ പാർട്ടിയാണ് ശരിയെന്ന് ഒാരോരുത്തരും വാദിക്കും. എതിരാളിയെ തോൽപിക്കാനുള്ള വാദമുഖങ്ങളുന്നയിക്കും. ആശയപരമായാണ് സംസാരിക്കുന്നതെങ്കിലും വ്യക്തികൾ തോൽക്കുന്നതിലേക്ക് കാര്യങ്ങളെത്തും. ഇതോടെ വൈകാരിക അസന്തുലിതാവസ്ഥയുണ്ടാകും. ദേഷ്യവും വിഷമവും സങ്കടവുമെല്ലാമുണ്ടാകും. ഉറക്കം നഷ്ടപ്പെടും.
നല്ല ബന്ധങ്ങൾ സൃഷ്ടിക്കാം
പോസിറ്റിവ് മാനസികാവസ്ഥയുള്ള വ്യക്തികളുമായി ഇടപെടുകയും കൂടുതലായി സംസാരിക്കുകയും ചെയ്യുന്നത് വൈകാരിക സന്തുലിതാവസ്ഥ സൃഷ്ടിക്കും. കഠിനമായി ജോലി ചെയ്ത ശേഷം വിശ്രമിക്കുന്ന ഘട്ടങ്ങളിൽ അനാവശ്യവും ആകുലതയുണ്ടാക്കുന്നതുമായ ചർച്ചകൾ ഒഴിവാക്കണം. വലിയ രോഗങ്ങളെക്കുറിച്ച് ചർച്ചചെയ്യൽ, ലോകത്തിെൻറ പല ഭാഗങ്ങളിലും നടക്കുന്ന യുദ്ധം, വലിയ വിപത്തുകൾ എന്നിവയെക്കുറിച്ചുള്ള അനാവശ്യ ആകുലതകൾ എന്നിവ ഒഴിവാക്കണം. മനസ്സ് ശാന്തമായിരിക്കുേമ്പാഴും നല്ല മാനസികാവസ്ഥയിലുമെല്ലാം ഇെതല്ലാമാകാം. നല്ല അയൽപക്ക ബന്ധങ്ങളാണ് മറ്റൊരു ഘടകം. മനസ്സ് ശാന്തമായിരിക്കാനും സ്വസ്ഥതയും പ്രസന്നതയും കിട്ടാനും ആത്മവിശ്വാസമാർജിക്കാനും നല്ല അയൽപക്ക ബന്ധങ്ങളും സഹകരണവുമെല്ലാം സഹായിക്കും. സ്ഥിരം യാത്രചെയ്യുന്നയാളാണെങ്കിൽ കൂടുതൽ ട്രാഫിക്കും ഗതാഗതത്തിന് ബുദ്ധിമുട്ടുമുള്ള വഴി ഒഴിവാക്കി, അൽപം ദൂരമുള്ളതാണെങ്കിലും ഫ്രീയായി വണ്ടിേയാടിക്കാൻ കഴിയുന്ന വഴി തിരഞ്ഞെടുക്കണം. അതിലൂടെ മനസ്സിന് കുറെയേറെ ശാന്തത കിട്ടും. മറവി, അബദ്ധങ്ങൾ എന്നിവ ഒഴിവാക്കാനായി കുറച്ചുകൂടി 'കെയർഫുൾ' ആകണമെന്നതാണ് മറ്റൊരു മാർഗം. അങ്ങനെയെങ്കിൽ മനസ്സിന് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കാനാകും.
ഹോബികൾ തേടാം
ചിലർക്ക് ഗാർഡനിങ്, കൃഷി, അരുമ മൃഗങ്ങളെ വളർത്തൽ തുടങ്ങിയവ പോലുള്ള ഹോബികളാകും മാനസിക സ്വാസ്ഥ്യം നൽകുക. മനുഷ്യരോടെന്നപോലെ മൃഗങ്ങളോട് സംസാരിക്കുകയും സ്വതന്ത്രമായി ഇടപെടുകയും ലാളിക്കുകയും ചെയ്യുന്നവരുണ്ട്. ഇതിലൂടെയെല്ലാം നെഗറ്റിവ് സ്വഭാവം മാറ്റി ആശ്വാസം കണ്ടെത്താനാകും.
സർപ്രൈസിലുമുണ്ട് സന്തോഷം
മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്നതിലൂടെ പോസിറ്റിവായ മാനസികാവസ്ഥ ലഭ്യമാകും. ചില കാര്യങ്ങൾ നമ്മെ സംബന്ധിച്ച് മറക്കാനോ പൊറുക്കാനോ കഴിയാത്തവയാകും. എങ്കിലും, ക്ഷമിക്കാനും അതിനെ അവഗണിക്കാനും കഴിയണം. മറ്റുള്ളവരെ ഏതെങ്കിലും തരത്തിൽ സഹായിക്കുന്നതാകും ചിലർക്ക് മാനസിക പ്രസന്നത സൃഷ്ടിക്കുക. അവരിലെ പിരിമുറുക്കത്തിന് അയവ് വരുത്തുകയും വൈകാരികആശ്വാസം നൽകുകയും ചെയ്യുക. സഹായിക്കുക എന്നതിനർഥം പണം കടം കൊടുക്കലല്ല. ബുദ്ധിമുട്ടിലായവരെ കണ്ടറിഞ്ഞ് സഹായിക്കുക എന്നതാണ്. വേണ്ടപ്പെട്ട വ്യക്തികൾക്ക് സർപ്രൈസായി ഉപഹാരങ്ങൾ നൽകുന്നതും മാനസിക സന്തോഷം നൽകും. ഭർത്താവ് ഭാര്യക്കും അച്ഛൻ മക്കൾക്കും സുഹൃത്തുക്കൾ പരസ്പരവുമെല്ലാം ഇത്തരം ഉപഹാരങ്ങൾ നൽകുക. ഉപഹാരം കിട്ടുന്നവരുടെ സന്തോഷം കാണുേമ്പാൾ നൽകുന്നവരിൽ മാനസികമായ ആനന്ദമുണ്ടാകും. എന്നാൽ, ചില ആളുകളെ സംബന്ധിച്ച് എന്തൊക്കെ ചെയ്താലും കോപവും നിരാശയും മാനസിക പിരിമുറുക്കവുമൊന്നും മാറില്ല. ഇത്തരക്കാർക്ക് മനശ്ശാസ്ത്ര പരിേശാധനകളും ചികിത്സയുമെല്ലാം ആവശ്യമാണ്.
ആത്മീയതയുടെ ആനന്ദം
വൈകാരിക സന്തുലിതാവസ്ഥ നിലനിർത്താനായി ഏറ്റവും അധികം ഉപയോഗപ്പെടുത്താവുന്നതും ഫലപ്രദവുമായ മറ്റൊരു കാര്യം ശരിയായ ആത്മീയതയാണ്. ആത്മീയ ചിന്തയുള്ളവർ ഒരു പരിധിക്കപ്പുറം വിക്ഷോഭമോ നെഗറ്റിവ് സ്വഭാവമോ കാണിക്കാറില്ല. എല്ലാ നെഗറ്റിവ് വികാരങ്ങളെയും നിയന്ത്രിക്കാൻ ആത്മീയതക്ക് കഴിയും.
'താനല്ല എല്ലാറ്റിലും വലുത്' എന്ന ചിന്തയാണ് ആത്മീയതയിലൂടെ ഒാരോ വ്യക്തിയിലുമുണ്ടാകുന്നത്. തന്നെ നിയന്ത്രിക്കുന്ന, എല്ലാം കാണുന്ന ഒരു ജഗദീശ്വരൻ ഉണ്ട് എന്ന വിശ്വാസമുണ്ടാകും. ബുദ്ധിമുട്ടുകൾ താൽക്കാലികമാണെന്ന ഉറപ്പും വിട്ടുവീഴ്ചയും ക്ഷമിക്കാനുള്ള മനസ്സുമുണ്ടാകും. ആത്മീയതയുള്ളവർക്ക് നെഗറ്റിവ് വികാര-വിചാരങ്ങളുണ്ടാകാറില്ല എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരിയായ ആത്മീയതയാണ് ഇക്കാര്യത്തിൽ വേണ്ടത്. 'ഇന്ന കാര്യം നടന്നാൽ ഞാൻ ഇന്നത് ചെയ്യാം' എന്ന ഉപാധിവെച്ച് ഏതെങ്കിലും ഏജൻസിയിൽനിന്ന് കാര്യങ്ങൾ നിർവഹിച്ച് കിട്ടുന്നതുപോലെ ദൈവത്തെ കണ്ടാൽ അത് ആത്മീയതയാകില്ല. എന്തു സംഭവിച്ചാലും അത് ഉൾക്കൊള്ളാനുള്ള ശക്തിയും അവ ദൈവത്തിെൻറ തീരുമാനമാണെന്ന ബോധ്യവുമാണ് ശരിയായ ആത്മീയത.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ ഡിപ്പാർട്മെന്റ് ഓഫ് ക്ലിനിക്കൽ സൈക്കോളജിയിലെ റിട്ട. അസോ. പ്രഫസറാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.