Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക്ലാസും മാസും കലർന്ന ജോഷി മാജിക്കിന് 55 വര്‍ഷം
cancel

ജോഷി, മലയാള പോപ്പുലർ സിനിമയുടെ നാലര പതിറ്റാണ്ട് അടയാളപ്പെടുത്തിയ രണ്ടക്ഷരങ്ങൾ. ജോഷിയുടെ പേരിൽ അടുക്കിവെച്ച സിനിമകൾ ഓർമകളുടെ അലമാരകളിൽനിന്ന് വലിച്ചെടുത്ത് മലയാളി ഇന്നും കാണുന്നു.

അദ്ദേഹത്തിന്‍റെ കൂടെ പണിയെടുത്തവരും ശിഷ്യന്മാരായി വന്നവരും വരെ ഔ​ട്ട്ഡേറ്റഡായി. പക്ഷേ, ജോഷി അടുത്ത പടത്തിനായി കാമറ വെച്ചുകഴിഞ്ഞു. കേരളത്തിലെ ഏത് മൂലയിലെ തിയ​റ്ററിലും സ്ക്രീനിൽ ‘സംവിധാനം ജോഷി’ എന്ന് തെളിയുമ്പോൾ ഒരു കൈയടിയെങ്കിലും ഉയരും.

ആ രണ്ടക്ഷരങ്ങൾ ഏത് തലമുറയിലെ മലയാളിക്കും തിരിച്ചറിയാവുന്ന ഒരു ബ്രാൻഡാണ്. പക്ഷേ, രണ്ടക്ഷരങ്ങൾക്കും നരവീണ താടിയിലുള്ള ചിത്രങ്ങൾക്കും പുറത്ത് എവിടെയും അയാളില്ല. യൂട്യൂബിൽ പോലും ​ആ പേര് സെർച് ചെയ്താൽ കാര്യമായൊന്നും കാണില്ല. സിനിമകളിൽ കാമറക്ക് പിറകിൽ നിന്നയാൾ ജീവിതത്തിലും അങ്ങനെത്തന്നെയാണ്.


തലമുറകളുടെ തലവൻ

ആരാണ് ജോഷി? അതൊരിക്കലും നേർരേഖയിൽ പോകുന്ന രണ്ടക്ഷരങ്ങളല്ല. ഇന്നും അത്ഭുതമായി കൊണ്ടാടുന്ന ‘ന്യൂഡൽഹി’ മുതൽ സമൂഹ മാധ്യമങ്ങളിൽ പിള്ളേർ വലിച്ചു​കീറുന്ന ‘സലാം കാശ്മീർ’ വരെയുള്ള പല അറ്റങ്ങളിലാണ് അയാൾ.

സോഷ്യൽ മീഡിയ ഭാഷയിൽ പറഞ്ഞാൽ ’70കളിലെ വസന്തങ്ങൾക്ക് അയാൾ ജയന് ഹിറ്റ് നൽകിയവനോ അതല്ലെങ്കിൽ കുടുംബചിത്രങ്ങളുടെ സംവിധായകനോ ആണ്. മമ്മൂട്ടി-കുട്ടി-പെട്ടി എന്ന പേരിൽ ആഘോഷിക്കുകയും പരിഹസിക്കുകയും ചെയ്ത ചിത്രങ്ങളുടെ സംവിധായകൻ.

’80കളുടെ മധ്യത്തിലാണ് ജോഷിയോട് കഥ പറയാൻ കുറവിലങ്ങാട്ടുകാരനായ ഡെന്നീസ് ജോസഫ് എത്തുന്നത്. പിന്നീടതൊരു രസക്കൂട്ടായി. ജോഷി-ഡെന്നീസ് ജോസഫ് എന്ന് ഒരുമിച്ച് തെളിഞ്ഞപ്പോഴെല്ലാം മലയാളികൾ അതിരാവിലെ തിയറ്ററുകൾക്ക് പുറത്ത് വരിനിന്നു.

‘ശ്യാമ’യും ‘ന്യൂഡൽഹി’യും ‘സംഘ’വും ‘നായർ സാബു’മെല്ലാം കച്ചവട സിനിമകൾക്കിടയിൽ ഗുണമേന്മകൊണ്ടുകൂടി അടയാളപ്പെടുത്തി. ‘80കളിൽ കലൂർ ഡെന്നീസ്-ഡെന്നീസ് ജോസഫ് എന്നീ രണ്ട് ഡെന്നീസുമാർക്കൊപ്പമായിരുന്നു ജോഷി.

അക്കാലത്ത് മമ്മൂട്ടിയായിരുന്നു ജോഷിയുടെ പ്രധാന ടൂൾ. ഇടക്ക് മാത്രം വന്നുപോയ മോഹൻലാലിനും ഹിറ്റുകൾ നൽകി. ’90കളിൽ അനുവർത്തിച്ചത് അന്നത്തെ പ്രേക്ഷകരുടെ ആവശ്യങ്ങൾക്കനുസരിച്ചാണ്. മമ്മൂട്ടിയെ ഐക്കണാക്കിയ ‘ധ്രുവം’, ‘സൈന്യം’, സുരേഷ് ഗോപിയുടെ ‘ലേലം’, ‘പത്രം’ എന്നിവയെല്ലാം തിയറ്ററുകളിൽ ആളെ നിറച്ചു.

രണ്ടായിരത്തിനുശേഷം കയറ്റവും ഇറക്കവും ഒരുപോലെ കണ്ടു. ‘നരൻ’, ‘റൺ ബേബി റൺ’ എന്നീ വലിയ ഹിറ്റുകൾ മോഹൻലാലിന് നൽകിയപ്പോൾ ‘ലോക്‌പാലും’ ‘ലൈല ഓ ലൈല’യും ഓളമില്ലാതെ പോയി. ‘റൺവേ’, ‘ലയൺ’ എന്നീ ചിത്രങ്ങളിലൂടെ ദിലീപിന് പുതിയ മുഖം നൽകിയ ജോഷിയുടെതന്നെ ‘അവതാര’വും ‘ജൂലൈ നാലും’ ബോക്സ് ഓഫിസിൽ തകർന്നടിഞ്ഞു.

മമ്മൂട്ടിക്കൊപ്പമെത്തിയ ‘ദുബായ്’, ‘നസ്രാണി’, ‘പോത്തൻ വാവ’ ചിത്രങ്ങൾക്കൊന്നും ജോഷിയെന്ന പേരിനോട് നീതി പുലർത്താനുമായില്ല. പക്ഷേ ’80കളിലെ സൂപ്പർ സംവിധായകൻ, പൃഥ്വിരാജിനെ വെച്ച് ‘റോബിൻ ഹുഡും’ യുവതാരങ്ങളെ വെച്ച് ‘സെവൻസും’ ജോജു ജോർജ്-ചെമ്പൻ വിനോദ് എന്നിവരെ നായകരാക്കി ‘പൊറിഞ്ചു മറിയം ജോസും’ സൃഷ്ടിക്കുന്നതും വിജയിപ്പിക്കുന്നതും ആളുകൾ അത്ഭുതത്തോടെ നോക്കിനിന്നു.

തിയറ്ററുകളുടെ സംവിധായകൻ

സിനിമാ തിയറ്റർ നടത്തിയിരുന്ന അച്ഛനിൽ നിന്നുതന്നെയാകണം ജോഷി കൊട്ടകകളുടെ ഹൃദയമിടിപ്പറിയുന്നത്. അതും ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. ഏറെക്കാലത്തെ മദ്രാസ് വാസത്തിനും അവഗണനകൾക്കുമൊടുവിൽ ആഗ്രഹിച്ച് പുറത്തിറക്കിയ ആദ്യ ചിത്രം ‘ടൈഗർ സലിം’ പരാജയം. രണ്ടാമത്തെ ചിത്രം ‘ആയിരം വസന്തങ്ങൾ’ തിയറ്ററുകളിലെ വെളിച്ചം കണ്ടതുമില്ല.

തുടക്കം നന്നാകാത്ത സംവിധായകനെ നിർമാതാക്കൾ കൈയൊഴിയുന്ന കാലമാണത്. പക്ഷേ, ഒരു സിനിമയിൽ തന്‍റെ ആക്ഷൻ രംഗങ്ങൾ വൃത്തിക്ക് എടുത്ത ജോഷിയിൽ നടൻ ജയന് വിശ്വാസമുണ്ടായിരുന്നു. എതിർപ്പുകളെയെല്ലാം തട്ടിമാറ്റി ജയൻ ജോഷിക്ക് കൈകൊടുത്തു. ആ വിശ്വാസം ജോഷി തെറ്റിച്ചതുമില്ല.

ഷൂട്ട് തീർന്ന സിനിമ തിയറ്ററിലെത്തും മുമ്പേ ജയൻ മരണപ്പെട്ടു. ‘മൂർഖൻ’ എന്ന പേരിലെത്തിയ ചിത്രം തിയറ്ററുകളെ ഉത്സവപ്പറമ്പാക്കി. അതോടെ രാശിയില്ലാത്ത സംവിധായകൻ എന്ന വിളി​പ്പേരുണ്ടായിരുന്ന ജോഷിയെത്തേടി നിർമാതാക്കൾ വണ്ടികയറിവന്നു.

ജോഷിയെന്ന ക്രാഫ്റ്റ്സ്മാൻ

സിനിമയോട് ഭ്രാന്തുപിടിച്ചുനടന്നിരുന്ന കൗമാരക്കാരനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കയക്കാൻ ബന്ധുക്കൾ നോക്കിയെങ്കിലും അയാൾ മാറി നടന്നു. പക്ഷേ അക്കാദമികളിൽ പോകാത്ത, സിനിമയുടെ വ്യാകരണങ്ങൾ എഴുതിപ്പഠിക്കാത്ത ജോഷി മലയാള സിനിമയുടെ മുഖച്ഛായതന്നെ മാറ്റി.

സിനിമാസ്കോപ് ചിത്രങ്ങൾ അത്ഭുതമായിരുന്ന കാലത്ത് തുടർച്ചയായി മലയാളത്തിൽ സിനിമാസ്കോപ്പിൽ ചിത്രീകരിച്ചു. ഒരു സംവിധായകന്‍റെ പണി എന്താണെന്ന് ജോഷിക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. തിരക്കഥകളിലെ കഥാസന്ദർഭങ്ങളിൽ സ്വന്തമായ ഫ്രെയിമുകളും ലൈറ്റിങ്ങും കാമറ മൂവ്മെന്‍റ്സുമെല്ലാം ഉപയോഗിച്ച് ജോഷി തന്‍റേതായ കൈയൊപ്പ് ചാർത്തി.

തന്‍റെ തന്നെ വിജയ ഫോർമുലകൾ ആവർത്തിക്കാൻ ശ്രമിക്കുന്നു എന്നതാണ് ജോഷി നേരിട്ട വിമർശനം. ഒരു പക്ഷേ, വിപണിയുടെ സമ്മർദം ആകാമത്. ‘ലേലം’ ഹിറ്റാകുമ്പോൾ അതേ ഫോർമാറ്റിൽ ‘വാഴുന്നോർ’ വരുന്നു. ‘ട്വന്‍റി 20’ പണം വാരിയപ്പോൾ അതിന്‍റെ മിനിയേച്ചറായി ‘ക്രിസ്ത്യൻ ബ്രദേഴ്സ്‌’, ‘പൊറിഞ്ചു മറിയം ജോസി’ന് പിന്നാലെ ‘ആന്‍റണി’... ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ കണ്ടെത്താം.

തന്‍റെ പതിവ് ശൈലിയിൽനിന്ന് മാറിയെടുത്ത ‘കുട്ടേട്ടൻ’, ‘മാമ്പഴക്കാലം’, ‘ഒരു കുടക്കീഴിൽ’ അടക്കമുള്ള വേറിട്ട പരീക്ഷണങ്ങളും ജോഷി നടത്തി. പക്ഷേ, പ്രേക്ഷകർ ആഗ്രഹിച്ചതും ആവശ്യപ്പെട്ടതും ജോഷി സ്റ്റൈൽ ആക്ഷൻ ചിത്രങ്ങളാണ്. അതുതന്നെയാണ് അദ്ദേഹത്തിന്‍റെ പരിമിതിയായതും.

സുഹാസ്


ക്ലാസും മാസും കലർന്ന ‘കൗരവർ’

സുഹാസ്
(തിരക്കഥാകൃത്ത്)

‘കുട്ടേട്ടൻ’ പോലൊരു കോമഡി റൊമാൻസ് ചിത്രത്തിനുശേഷമാണ് ‘കൗരവറു’മായി ജോഷി-മമ്മൂട്ടി ടീം എത്തുന്നത്. ലോഹിതദാസ് എഴുതിയ ചിത്രത്തിന്‍റെ പേരു മുതൽ ആ കൗതുകം തുടങ്ങുന്നു. ഒരേ സമയം വൈകാരികവും മാസും ആണ് ആ സിനിമ. ഈ രണ്ട് പോയന്‍റും ​ഒരേപോലെ പ്രേക്ഷകന് കണക്ട് ചെയ്യിക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള പണിയല്ല.

അവിടെയാണ് ജോഷിയെന്ന ക്രാഫ്റ്റ്സ്മാനെ നാം അറിയുക. ഒരു പ്രതികാര കഥയായാണ് കൗരവർ ഒരുക്കിയിരിക്കുന്നത്. ആ​ പ്രതികാര കഥയിലേക്കുള്ള ബിൽഡപ്പുകളിൽ തന്നെ നമ്മൾ പ്രേക്ഷകരും കൂടെക്കൂടും. തിലകൻ കത്തി മൂർച്ചകൂട്ടുന്ന രംഗം മുതൽ അത് തുടങ്ങുന്നു.

‘‘ഒരുകാലത്ത്‌ ഈ സിറ്റിയിലെ മുഴുവൻ ഫോഴ്‌സും അവർക്ക് ഒന്നും അല്ലായിരുന്നു’’ -മുരളിയുടെ പൊലീസ് കഥാപാത്രം പറയുന്ന ഒരൊറ്റ ഡയലോഗിൽത്തന്നെ ബിൽഡപ്പ് അതിന്‍റെ പാരമ്യത്തിൽ എത്തുന്നു. ഓരോ കഥാപാത്രങ്ങളെയും ​പ്ലേസ് ചെയ്യുന്ന രീതി, കാരക്ടർ ബിൽഡപ്പ്, മൂഡ് ചേഞ്ചിങ് എന്നിവയെല്ലാം കൃത്യമായി സംവിധാനം ചെയ്തിരിക്കുന്നു. ഇന്നും ടി.വിയിൽ വരുമ്പോൾ മനസ്സുനിറക്കുന്ന ചിത്രമാണ് കൗരവർ.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MovieJoshy
News Summary - Joshy, the magician of Malayalam cinema
Next Story