'ഓട്ടുകമ്പനി ജോലിയിൽ നിന്നും അഭിഭാഷകയിലേക്ക്'; അസാധ്യമായി ഒന്നുമില്ലെന്ന് പഠിപ്പിക്കുന്ന സുജാത
text_fieldsപ്രീഡിഗ്രിക്കുശേഷം പഠനം നിർത്തി ഓട്ടുകമ്പനിയിൽ ജോലിക്കു പോയ സുജാത 23 വർഷത്തിനു ശേഷം ഇന്ന് അഡ്വക്കറ്റ് സുജാതയാണ്. കേസ് നടത്താൻ പോയി അഭിഭാഷകയായി മാറിയ ഈ സാധാരണക്കാരിയുടെ ജീവിതം അസാധ്യമായി ഒന്നുമില്ലെന്ന് പഠിപ്പിക്കുകയാണ്...
പാതിവഴിയിൽ പഠനം അവസാനിപ്പിച്ച് ഓട്ടുകമ്പനിയിലേക്ക് സഞ്ചരിച്ച പ്രീഡിഗ്രിക്കാരി... സ്വപ്നങ്ങളും മോഹങ്ങളുമൊക്കെ മറന്ന് ചൂടും പുകയും നിറയുന്ന ഓട്ടുകമ്പനിയിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സിൽ അച്ഛനും അമ്മയും സഹോദരിമാരും മാത്രമായിരുന്നു. പിന്നെയുള്ള ജീവിതം അവർക്കുവേണ്ടിയായിരുന്നു.
എസ്.എസ്.എൽ.സിക്ക് ഡിസ്റ്റിങ്ഷനും പ്രീഡിഗ്രിക്ക് സെക്കൻഡ് ക്ലാസും നേടിയ ആ പെൺകുട്ടിയുടെ പേര് സുജാത. എന്നാൽ, 23 വർഷം നീണ്ട ഓട്ടുകമ്പനിയിലെ കരിപുരണ്ട ജീവിതത്തിനൊടുവിൽ ഇന്നവൾ വെറും സുജാതയല്ല, അഡ്വ. സുജാതയാണ്. പഠനമൊക്കെ അവസാനിച്ചെന്നു കരുതിയ ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ പഴയ കളിക്കൂട്ടുകാരനാണ് സുജാതയുടെ ജീവിതത്തിലേക്ക് അറിവിന്റെ പ്രകാശം നിറച്ചത്.
അക്ഷരങ്ങളെയും പുസ്തകങ്ങളെയുമൊക്കെ മറന്നുതുടങ്ങിയ നിമിഷങ്ങളിൽനിന്ന് സുജാത വീണ്ടും പഠിച്ചുതുടങ്ങുകയായിരുന്നു. അഞ്ചു വർഷങ്ങൾക്കിപ്പുറം തൃശൂർ മാള പൊയ്യയിലെ എയിം ലോ കോളജിൽനിന്ന് 64 ശതമാനം മാർക്ക് നേടിയാണ് സുജാത ബി.ബി.എ എൽഎൽ.ബി പൂർത്തിയാക്കിയത്. ''സന്തോഷവും അഭിമാനവുമൊക്കെയാണ് ഈ നിമിഷത്തിൽ തോന്നുന്നത്.'' തൃശൂർ വള്ളിശ്ശേരിയിൽ എടത്തേടത്ത് വീട്ടിലെ വക്കീൽ വിശേഷങ്ങൾ പറഞ്ഞുതുടങ്ങി.
പഠനം നിർത്തി ഓട്ടുകമ്പനിയിലേക്ക്
''പത്താം ക്ലാസ് വരെ അവിണിശ്ശേരി സെൻറ് ജോസഫ്സ് ഹൈസ്കൂളിലാണ് പഠിച്ചത്. പ്രീഡിഗ്രിക്ക് കേരളവർമ കോളജിൽ ചേർന്നു. സയൻസ് ഗ്രൂപ്പായിരുന്നു. പ്രീഡിഗ്രിക്ക് സെക്കൻഡ് ക്ലാസുണ്ടായിരുന്നു. തുടർന്ന് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും പഠിക്കാനായില്ല. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ പഠിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുകയായിരുന്നു.
''അച്ഛൻ രാമനും അമ്മ വിലാസിനിക്കും കൃഷിയാണ്. ഞങ്ങൾ അഞ്ചു പെൺമക്കളാണ്. ശാരദയും രതിയും സതിയും ചേച്ചിമാരാണ്. രാധികയാണ് അനുജത്തി. എല്ലാവരുടെ കാര്യങ്ങളും നോക്കിനടത്താനുള്ള സാമ്പത്തികമൊന്നും ഇല്ലാതെ വന്നതോടെയാണ് പഠനം അവസാനിപ്പിക്കുന്നത്.
''ഞങ്ങളുടെ ഈ പ്രദേശത്ത് ധാരാളം ഓട്ടുകമ്പനികളും മരക്കമ്പനികളുമൊക്കെയുണ്ട്. അച്ഛനെ സഹായിക്കാൻ, പെട്ടെന്ന് കുറച്ച് പണം കണ്ടെത്താൻ എനിക്ക് ജോലിക്ക് പോകേണ്ടിവന്നു. അങ്ങനെയാണ് ഓട്ടുകമ്പനിയിൽ ജോലിക്കു ചേരുന്നത്. സൂപ്പർ ടൈൽസ് എന്ന ഓട്ടുകമ്പനിയിലായിരുന്നു ജോലി. പിന്നീട് 23 വർഷം ഇവിടെതന്നെയായിരുന്നു. ഇവിടെ മാത്രമല്ല, മരക്കമ്പനിയിലും ജോലിക്കു പോകുമായിരുന്നു. സൂപ്പർടൈൽസിലെ എട്ടു മണിക്കൂർ ജോലി കഴിഞ്ഞാണ് മരക്കമ്പനിയിലേക്കു പോകുന്നത്.
''ഞങ്ങൾ മക്കളെ കുറെയൊന്നും പഠിപ്പിക്കാൻ അച്ഛനും അമ്മക്കും സാധിച്ചില്ല. പക്ഷേ, എല്ലാവർക്കും അത്യാവശ്യം വിദ്യാഭ്യാസമൊക്കെയുണ്ട്. ഉന്നത വിദ്യാഭ്യാസം കൊടുക്കാനുള്ള സാഹചര്യമില്ലായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് പഠിക്കാൻ പറ്റിയില്ലല്ലോ എന്നു കരുതി വിഷമമൊന്നും തോന്നിയിട്ടില്ല. പല കാരണങ്ങൾകൊണ്ട് പഠിക്കാൻ സാധിക്കാതെ പോയ എത്രയോ ആൾക്കാരുണ്ട്. ഇത്രയെങ്കിലും പഠിക്കാൻ സാധിച്ചില്ലേ... പിന്നെ ജോലിയെടുക്കാനുള്ള ആരോഗ്യമെങ്കിലും ദൈവം തന്നല്ലോ എന്നൊക്കെയാണ് ചിന്തിച്ചത്'' -സുജാത പറഞ്ഞു.
കേസ് നടത്താൻ പോയത് വഴിത്തിരിവായി
പെട്ടെന്നൊരു ദിവസം നിയമം പഠിച്ചാലോയെന്ന് തീരുമാനിച്ച ആളല്ല സുജാത. സ്വന്തം വീടിരിക്കുന്ന ഭൂമിയുടെ കേസ് വാദിക്കാൻ വക്കീലിനെ കാണാൻ പോയതാണ്. കേസ് നടത്തിപ്പ് കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് സംസാരിച്ച് ഒടുവിൽ വക്കീൽ ചോദിച്ചു, സുജാതക്ക് പഠിക്കാൻ പോയാലെന്താ എന്ന്. അഭിഭാഷകന്റെ ആ ചോദ്യമാണ് ഈ 46കാരിയുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്.
അഡ്വ. മനോജ് കൃഷ്ണനെയാണ് സുജാത കാണാൻ പോയത്. സുജാതക്ക് മനോജ് അഭിഭാഷകൻ മാത്രമല്ല, പഴയ കളിക്കൂട്ടുകാരൻകൂടിയാണ്. സുജാതയുടെ വല്യച്ഛന്റെ ചെറുമകനാണ് മനോജ്. ''എന്നെക്കാൾ മൂന്നു വയസ്സിന് ഇളയതാ. ഒരുമിച്ച് കളിച്ചുവളർന്നവർ. കേസിനെക്കുറിച്ചും വീടിനെക്കുറിച്ചും ജോലിക്കാര്യങ്ങളുമൊക്കെ പറഞ്ഞുവന്നപ്പോഴാണ് പഠനത്തെക്കുറിച്ചും സംസാരിച്ചത്'' -സുജാത തുടർന്നു.
''പ്രീഡിഗ്രി വരെ പഠിച്ചുവെന്ന കാര്യം മനോജിനറിയാം. എന്റെ മാർക്ക് ലിസ്റ്റ് കണ്ടതോടെയാണ് ഇനിയും പഠിക്കാൻ അവസരമുണ്ട്, വീണ്ടും പഠിക്കണമെന്ന് അദ്ദേഹം പറയുന്നത്. അതൊന്നും ഞാൻ ഗൗരവത്തോടെ കണ്ടില്ല. പക്ഷേ, ഇത്രയും കാലം ജോലി ചെയ്തില്ലേ, ഇനി പഠിക്കാൻ പോകണമെന്ന് മനോജ് വക്കീൽ നിർബന്ധിച്ചുകൊണ്ടിരുന്നു. ഒടുവിൽ പഠിക്കാൻ തീരുമാനിച്ചു.
നിയമം പഠിക്കാൻ നിർദേശിച്ചതും അദ്ദേഹംതന്നെയാണ്. തൃശൂർ ഗവൺമെൻറ് ലോ കോളജിലെ വിദ്യാർഥികൾ സൗജന്യ എൽഎൽ.ബി എൻട്രൻസ് കോച്ചിങ് നടത്തിയിരുന്നു. മാനോജ് വക്കീൽ അവരെ പരിചയപ്പെടുത്തിത്തന്നു. രണ്ടുമാസം കോച്ചിങ് ക്ലാസുണ്ടായിരുന്നു. വക്കീലും കുറെ ഹെൽപ് ചെയ്തു.
മെറിറ്റ് സീറ്റിൽ അഡ്മിഷൻ കിട്ടിയെങ്കിലും നീണ്ട ഇടവേളക്കു ശേഷം പഠിക്കാൻ പോകുന്നതിന്റെ ചില പ്രശ്നങ്ങളൊക്കെ സുജാതക്കും നേരിടേണ്ടിവന്നു. 23 വർഷങ്ങളായി എഴുത്തും വായനയും ഒന്നും ഇല്ലാതിരുന്ന ജീവിതത്തിൽനിന്നാണ് സുജാത ലോ കോളജിന്റെ പടികൾ കയറുന്നത്. പത്രം വായിക്കും എന്നല്ലാതെ വേറെ എഴുത്തും വായനയും ഒന്നും ഇല്ലായിരുന്നല്ലോ. കൈയക്ഷരവും ലാംഗ്വേജും എല്ലാം ടച്ച് വിട്ടിരുന്നു'' -പഠനനാളുകളെക്കുറിച്ച് സുജാത ഓർത്തെടുക്കുന്നു.
കുറെ സമയം എന്തെങ്കിലുമൊക്കെ എഴുതും. ഡിക്ഷണറി നോക്കി ഇംഗ്ലീഷ് വാക്കുകളുടെ അർഥം മനസ്സിലാക്കും. ഒഴിവുള്ള നേരങ്ങളിൽ യൂട്യൂബിലെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ധാരാളം കേൾക്കും. പഠിക്കാനുള്ളതൊക്കെ രാത്രിയിരുന്ന് എഴുതിപ്പഠിക്കും. മെല്ലെ മെല്ലെ ഇംപ്രൂവ് ചെയ്തുവന്നു. ആദ്യ സെമസ്റ്ററിൽ കുറച്ചു ബുദ്ധിമുട്ടൊക്കെയുണ്ടായിരുന്നു. പിന്നീട് എല്ലാം ശരിയാക്കിയെടുത്തു.
പഠനത്തിനും മനോജ് വക്കീൽ സഹായിച്ചിരുന്നു. സംശയങ്ങളൊക്കെ തിരുത്തിത്തന്നും റഫർ ചെയ്യാനുള്ള പുസ്തകങ്ങൾ നൽകിയും അദ്ദേഹം ഒപ്പം നിന്നു. തൃശൂർ തന്നെ അഡ്മിഷൻ കിട്ടണമെന്ന് നിർബന്ധമുണ്ടായിരുന്നു. ആറു മണിക്ക് ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയാൽ മരക്കമ്പനിയിൽ ജോലി ക്ക് പോകണമായിരുന്നു. 2015 സെപ്റ്റംബറിലാണ് എൽഎൽ.ബിക്ക് ചേരുന്നത്.
വീട്ടിൽനിന്ന് കോളജിലേക്ക് രണ്ടു മണിക്കൂർ ബസിൽ യാത്ര ചെയ്യണം. അങ്ങോട്ടും ഇങ്ങോട്ടുംകൂടി നാലു മണിക്കൂർ യാത്രയുണ്ട്. അത്ര എളുപ്പമായിരുന്നില്ല യാത്ര. എങ്കിലും ആ സമയത്ത് ബസിലിരുന്ന് പഠിക്കും. കോളജിൽ പോയിത്തുടങ്ങിയതോടെ ഓട്ടുകമ്പനിയിലെ ജോലി അവസാനിപ്പിച്ചു. എൻട്രൻസ് എഴുതി, പഠിക്കാൻ പോകുന്നു എന്നൊക്കെ കേട്ടപ്പോ എല്ലാവർക്കും വലിയ സന്തോഷമായിരുന്നു.
ഏതു പ്രായത്തിലാണെങ്കിലും പഠിക്കുക എന്ന കാര്യം എല്ലാവർക്കും സന്തോഷമുള്ളതല്ലേ. വീട്ടിലുള്ളവരും കൂടെ ജോലി ചെയ്തിരുന്നവരുമൊക്കെ പിന്തുണയോടെ ഒപ്പം നിന്നു. നന്നായി പഠിക്കണം, ഒരു സപ്ലിമെന്ററി പരീക്ഷപോലും എഴുതാൻ ഇടവരരുത് എന്ന് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്തു. അതുപോലെതന്നെ ദൈവം പിന്തുണച്ചു, ഒരു സപ്ലിപോലും എഴുതേണ്ടിവന്നില്ല.
വർഷങ്ങൾക്കുമുമ്പ് നഷ്ടമായ കോളജ് ജീവിതമാണ് തിരികെ കിട്ടിയത്; കുറെ നല്ല സുഹൃത്തുക്കളെയും. കൂടെ പഠിച്ചവർ മാത്രമല്ല പഠിപ്പിച്ചവരും എന്നെക്കാൾ പ്രായം കുറഞ്ഞവരായിരുന്നു. പരിശ്രമിച്ചാൽ മതി, അതിന്റെ ഫലം ദൈവം എന്തായാലും നിങ്ങൾക്കു തരുമെന്ന് ആശ മരിയ മിസ് എപ്പോഴും പറയുമായിരുന്നു.
തൃശൂർ ജില്ല കോടതിയിലാണ് പ്രാക്ടിസ് ചെയ്യാനുദ്ദേശിക്കുന്നത്. സിവിൽ കേസിൽ സ്പെഷലൈസേഷൻ ചെയ്യാനാണ് തീരുമാനം. ഓട്ടുകമ്പനിയിലെ ജോലി അവസാനിപ്പിച്ചു. രണ്ടു മാസമായി അഡ്വ. മനോജിന്റെ ഓഫിസിൽ പോകുന്നുണ്ട്.
''പ്രായം ശരീരത്തിനല്ലേ, അത് മനസ്സിനെ ബാധിക്കാതെ നോക്കണം. കഠിനാധ്വാനം ചെയ്യുന്നയാൾക്ക് അസാധ്യമായി ഒന്നുമില്ല. ആദ്യമായി ഓട്ടുകമ്പനിയിൽ പോയപ്പോഴും ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പിന്നീട് അതൊക്കെ മാറി, പരിചയമായി വന്നതോടെ അതൊന്നും ഭാരമായി തോന്നിയതേയില്ല. ഏതു കാര്യവും സന്തോഷത്തോടെ ചെയ്താൽ മതി. ഒരു ബുദ്ധിമുട്ടും തോന്നില്ല. പരിശ്രമത്തിലൂടെ ആഗ്രഹങ്ങളൊക്കെ നേടിയെടുക്കാനാകും. എന്റെ ജീവിതം നൽകിയ തിരിച്ചറിവാണിത്'' -ആത്മവിശ്വാസം നിറഞ്ഞ ചിരിയോടെ സുജാത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.