'ഒരു മകൾ ഉണ്ടാകേണ്ടി വന്നു, ഉമ്മയുടെയും ഉപ്പയുടേയും വേദന അറിയാൻ'; 18ാം വയസ്സിൽ കാണാതായ മകൻ 21 വർഷത്തിനുശേഷം വീട്ടിലെത്തിയ കഥ
text_fieldsദുഃഖങ്ങളുടെ കയ്പ്പും സന്തോഷത്തിെൻറ മധുരവും ഇടകലർന്ന യാത്രയാണ് ജീവിതം. ചിലപ്പോൾ സിനിമയെയും കഥകളെയും വെല്ലുന്ന മുഹൂർത്തങ്ങളിലൂടെയും അത് കടന്നുപോകും. ജീവിതത്തിൽ സ്വപ്നവും പ്രതീക്ഷയുമായ മകനെ നഷ്ടപ്പെട്ട്, ഒരുപാട് അന്വേഷണങ്ങളുടെയും കാത്തിരിപ്പിെൻറയും കണ്ണീരിെൻറയും കാലങ്ങൾക്കൊടുവിൽ അവൻ തിരികെയെത്തുമ്പോൾ മാതാപിതാക്കളുടെ സന്തോഷം എത്രത്തോളം ഉണ്ടാകും. വാക്കുകൾക്കും അപ്പുറമാകില്ലേ ആ നിമിഷം. എന്നാൽ, അതുപോലൊരു കാത്തിരിപ്പിെൻറയും കൂടിച്ചേരലിെൻറയും കഥപറയാനുണ്ട് മലപ്പുറത്തുനിന്ന് ഒരു ഉമ്മക്കും മകനും. പതിനെട്ടാമത്തെ വയസ്സിൽ നാടുവിട്ട് ഒടുവിൽ പഞ്ചാബിലെത്തി ജീവിതത്തിെൻറ നിറമുള്ള സ്വപ്നങ്ങൾ കെട്ടിയുയർത്തിയ മകൻ ഒടുവിൽ ഉപ്പയെയും ഉമ്മയെയും തേടി തിരികെവന്ന കഥ.
മലപ്പുറം വേങ്ങാട് ഇല്ലിക്കോട് പാട്ടശ്ശേരി മൂസയുടെ വീട്ടിൽ ഇന്ന് സന്തോഷത്തിെൻറ കളിചിരികൾ കേൾക്കാം. കണ്ണീരിെൻറ ഉപ്പുനിറഞ്ഞ ദിനരാത്രങ്ങൾക്കൊടുവിൽ സന്തോഷത്തിെൻറ മധുരംനിറഞ്ഞ ചിരികൾ. നാടുവിട്ട് 21 വർഷങ്ങൾക്കുശേഷം മൂസയുടെയും നബീസുമ്മയുടെയും നാലുമക്കളിലെ ആദ്യകണ്മണി യൂനുസ് സലീം തിരിച്ച് മാതാപിതാക്കളെ തേടിവന്നിരിക്കുന്നു.
അങ്ങനെ ഒരു ഏപ്രിൽകാലത്ത്
എന്തിനു നാടുവിട്ടുവെന്ന് യൂനുസിനോട് ചോദിച്ചാൽ ''എനിക്കങ്ങട് പോകാൻ തോന്നി, ഞാൻ പോയി'' എന്നായിരിക്കും മറുപടി. എന്നാൽ, സുബ്ഹി നമസ്കാരം കഴിഞ്ഞ് ചായയും കുടിച്ച് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ തെൻറ മകനെ കാത്തിരുന്ന നബീസുമ്മക്ക് കഴിഞ്ഞ 21 വർഷവും ഏഴുമാസവും എരിയുന്ന കനലായിരുന്നു നെഞ്ചിൽ. 99 ഏപ്രിൽ 21ന് രാവിലെ കുറ്റിപ്പുറം കുഞ്ഞഹമ്മദ് എന്ന വ്യക്തിയുടെ കീഴിൽ ഡ്രൈവിങ് പരിശീലനത്തിനായി പോയ യൂനുസിന് അന്ന് 18 വയസ്സ്. വൈകുന്നേരമായിട്ടും മകൻ തിരികെ എത്താതിരുന്നപ്പോൾ ആധിയായി. വീട്ടുകാരും നാട്ടുകാരും ചേർന്ന് യൂനുസിനുവേണ്ടി തിരച്ചിൽ തുടങ്ങി. ബസ്സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലുമെല്ലാം തിരഞ്ഞിട്ടും നിരാശയായിരുന്നു ഫലം. അന്ന് കണ്ണീർകടലിലായ കുടുംബത്തെ നബീസുമ്മ ഓർത്തെടുത്തു. പിന്നീട് സംസ്ഥാനത്തിനകത്തും പുറത്തുമായി കുടുംബം പോകുന്ന യാത്രകളിൽ കാണുന്ന മുഖങ്ങളിലെല്ലാം ആ 18 കാരനെ അവരോരോരുത്തരും തിരഞ്ഞു. കാണാതായവരെ തിരികെ ലഭിച്ചാൽ കുടുംബം തിരിച്ചറിയാൻപോകും. എന്നാൽ, അതെല്ലാം വിഫലമായി. യൂനുസിെൻറ തിരോധാനം പതിയെ മറവിയിലേക്ക് പോയെങ്കിലും നബീസുമ്മക്ക് പ്രതീക്ഷയുണ്ടായിരുന്നു, ഏതു നിമിഷവും മകൻ തിരികെവരുമെന്ന്.
കേരള ടു പഞ്ചാബ്
11 രൂപയുമായി കുറ്റിപ്പുറത്തെത്തി എങ്ങോട്ടു പോകണം എന്നറിയാതെ നിന്ന പതിനെട്ടുകാരൻ പയ്യൻ, പിന്നീട് പഞ്ചാബ് വരെ എത്തിയ ഓർമകൾ ഇന്നും യൂനുസിെൻറ മനസ്സിൽ നിറംപിടിച്ചുതന്നെ കിടപ്പുണ്ട്.
തിരൂരിൽനിന്ന് ട്രെയിൻവഴി മാംഗ്ലൂർ, അവിടെനിന്ന് കണ്ണൂർ. അവിടെ ഹോട്ടലിൽ ഒരു മാസം ജോലി. ശേഷം ബാംഗ്ലൂർ. അവിടെയും ഒരു റസ്റ്റാറൻറിൽ രണ്ടു മാസം ജോലി. പിന്നീട് മൈസൂർ കുടകിലെ കുരുമുളക് തോട്ടത്തിലേക്ക്. പിന്നീട് അവിടെത്തന്നെ കാട്ടിലെ പുഴയിൽനിന്ന് മണൽനിറക്കലായി ജോലി. രാവിലെ പത്തുമണിക്ക് പുഴയിലിറങ്ങും, പത്തുതോണികൾ നിറക്കും. പക്ഷേ, കുടകിലെ തണുപ്പ് പ്രശ്നമായി. അങ്ങനെ ആ ജോലി നിർത്തി.
അവിടെനിന്ന് രാജസ്ഥാനിലെ അജ്മീറായിരുന്നു ലക്ഷ്യം. അതിലൊരു രഹസ്യമുണ്ട്. ചെറുപ്പം മുതലേ യൂനുസിെൻറ ഉള്ളിൽ കുടിയേറിയ ആഗ്രഹമായിരുന്നു അജ്മീർ സന്ദർശിക്കുക എന്നത്. അങ്ങനെയാണ് അജ്മീറിലെത്തുന്നത്. പിന്നെ ജമ്മു-കശ്മീരിലേക്ക്. ഒടുവിൽ പഞ്ചാബ്. അങ്ങനെ 39 വയസ്സിനുള്ളിൽ യൂനുസ് സന്ദർശിക്കാത്ത നാടും നഗരവുമില്ല രാജ്യത്ത്.
മജീഷ്യനായി ഗോവയിൽ
നാടും നഗരവും ചുറ്റിത്തിരിയുന്നതിനിടയിൽ യൂനുസ് ഗോവയിലുമെത്തി. അവിടെ പരിചയപ്പെട്ട ഗുരുദാസ് എന്ന വ്യക്തിയോട് ''എനിക്കൊരു മാസം ജോലി ചെയ്യണം. പിന്നെ സ്ഥലങ്ങൾ സന്ദർശിക്കണം'' എന്നായിരുന്നു യൂനുസ് ആവശ്യപ്പെട്ടത്. ഗുരുദാസിന് മക്കളുണ്ടായിരുന്നില്ല. അങ്ങിനെ അവരുടെ വീട്ടിൽകൂടിയ യൂനുസ് അദ്ദേഹത്തിെൻറ ഭാര്യയെ ബാബി എന്ന് സ്നേഹപൂർവം വിളിച്ചു. അവർക്ക് യൂനുസ് സ്വന്തം മകനെ പോലെയായിരുന്നു. ഗോവയിൽ കഴിഞ്ഞ ആറുവർഷത്തിനിടെ യൂനുസ് മാജിക്കും പഠിച്ചു. ഒട്ടേറെ വേദികളിൽ മാജിക് അവതരിപ്പിച്ചു.
പുണെയിലെ ദാബയിൽ നിന്ന് രക്ഷപ്പെട്ട് പഞ്ചാബിലേക്ക്
രാജ്യങ്ങൾ സന്ദൾശിക്കണം എന്ന ആഗ്രഹമുള്ളതുകൊണ്ട് ആധാർ മുതൽ പാൻകാർഡുവരെ ഇതിനിടെ യൂനുസ് സ്വന്തമാക്കിയിരുന്നു. മുേമ്പാട്ടുള്ള ജീവിതത്തിന് മാജിക്ക് അടിസ്ഥാനമാകില്ലെന്ന് തിരിച്ചറിഞ്ഞ് ഹോട്ടൽ മാനേജ്മെൻറ് പഠിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് മണാലിയിലെ അംബാസ്റ്റർ അക്കാദമിയിൽനിന്ന് ഹോട്ടൽ മാനേജ്മെൻറ് പഠിക്കുന്നത്. ആറുമാസത്തെ െട്രയിനിങ്ങിനുശേഷം സർട്ടിഫിക്കറ്റ് നേടി പുണെയിലെത്തി. അവിടെവെച്ച് പരിചയപ്പെട്ട ഒരാളോട് ജോലി ചോദിച്ചു. ജോലി നൽകാം എന്നുപറഞ്ഞ് അയാൾ കൊണ്ടുപോയത് പക്ഷേ ഒരു ദാബയിലേക്കാണ്. ജയിൽ പോലൊരിടം. ശമ്പളം നൽകാതെ ആളുകളെ അടിമപ്പണി ചെയ്യിക്കുന്ന ഒരു സങ്കേതമായിരുന്നു അത്. താൻ അകപ്പെട്ടു എന്ന് യൂ
നുസ് മനസ്സിലാക്കി. അങ്ങനെയിരിക്കേയാണ് ചണ്ഡിഗഢിൽനിന്നുള്ള ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് യൂനുസ് തീരുമാനിച്ചിരുന്നു. അതിനായി പിന്നീടുള്ള പരിശ്രമം. മുതലാളിയുടെ വിശ്വാസം നേടിയെടുത്ത ശേഷം ഒരു ദിവസം കുളിക്കാൻ വെള്ളം വേണം എന്നുപറഞ്ഞ് രണ്ടു ടാങ്ക് വെള്ളം തൊഴിലാളികൾക്കായി എത്തിച്ചു. രാത്രി എല്ലാവരും ഉറക്കത്തിലായപ്പോൾ യൂനുസും ചെറുപ്പക്കാരനുംകൂടി ടാങ്കിൽ ചവിട്ടി മതിൽ ചാടി, അതിരാവിലെ വന്ന പാൽവണ്ടിയിൽ രക്ഷപ്പെടുകയായിരുന്നു. അങ്ങനെ ചണ്ഡിഗഢിലെത്തി മെട്രോ-43 എന്ന റസ്റ്റാറൻറിൽ ജോലിക്ക് കയറി. ചണ്ഡിഗഢിൽ താമസിക്കുമ്പോഴാണ് ഭാര്യ സാനുവിനെ പരിചയപ്പെടുന്നത്.
മൂന്നുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം. ഇപ്പോൾ പതിനൊന്നു വർഷം പിന്നിടുന്നു യൂനുസിെൻറ വിവാഹം കഴിഞ്ഞിട്ട്. സാനുവിെൻറ കുടുംബം പഞ്ചാബിലെ ജലന്ധറിലാണ്. ഒമ്പതു വയസ്സുള്ള മകൾ മുസ്താൻ (ഡോൾ) ആണ് ഇന്ന് യൂനുസിെൻറ ലോകം. പഞ്ചാബിൽ പഴക്കച്ചവടമാണ് യൂനുസിനിപ്പോൾ. ഭാര്യ സാനു ബ്യൂട്ടിഷ്യനായും ജോലി ചെയ്യുന്നു. പഞ്ചാബിൽ സ്വന്തമായി വീടും ഉണ്ടാക്കിയിട്ടുണ്ട് യൂനുസ്.
മകൾ നൽകിയ തിരിച്ചറിവ്
അന്ന് പതിവുപോലെ യൂനുസും ഭാര്യയും ജോലിക്കു പോയി, മകൾ സ്കൂളിലേക്കും. ജോലി കഴിഞ്ഞെത്തിയപ്പോഴാണ് സ്കൂൾ വിട്ട് വന്ന മകളെ കാണാനില്ല എന്ന് യൂനുസ് അറിയുന്നത്. പരിഭ്രാന്തിയുടെ നിമിഷങ്ങൾ. മോളെ അന്വേഷിച്ച് കഴിയാവുന്നിടത്തേക്കൊക്കെ അവർ ഓടി. ഒടുവിൽ ഒരു മണിക്കൂറിനു ശേഷമാണ് ഭാര്യയുടെ സഹോദരി പ്രീതിയുടെ വീട്ടിൽ മകളുണ്ടെന്ന് അറിയുന്നത്. ഉടൻ അവിടെ പോയി മകളെ കൂട്ടിക്കൊണ്ടുവന്നു. മകളെ കാണാതായ ആ നിമിഷങ്ങൾ യൂനുസിന് ഓർക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു. തിരിച്ചുകിട്ടിയ മകളുമായി തിരികെ വരുമ്പോഴാണ് ഭാര്യയുടെ ചോദ്യം യൂനുസിെൻറ നെഞ്ചിൽ തീ നിറച്ചത്. ''ഒരു മണിക്കൂർ മകളെ കാണാതായപ്പോൾ നിങ്ങൾ എത്ര വേദന അനുഭവിച്ചു, അപ്പോൾ ഇരുപത്തൊന്ന് വർഷമായി മകനെ കാണാതെ കഴിയുന്ന നിങ്ങളുടെ മാതാപിതാക്കളുടെ വേദന എത്രത്തോളം ഉണ്ടാകും''. ഭാര്യയുടെ ചോദ്യം യൂനുസിെൻറ ഉള്ളുലച്ചു. പിറ്റേന്ന് നേരം പുലരുവോളം തെൻറ കണ്ണിലും മനസ്സിലും മാതാപിതാക്കളും കൂടപ്പിറപ്പുകളുമായിരുന്നുവെന്ന് യൂനുസ്.
ഒരു മണിക്കൂർ താൻ അനുഭവിച്ച വേദനയേക്കാൾ എത്രയോ ഇരട്ടിയാകും തെൻറ മാതാപിതാക്കൾ അനുഭവിച്ചിട്ടുണ്ടാവുക. ആ തിരിച്ചറിവാണ് യൂനുസിനെ തെൻറ ജന്മനാട്ടിലെത്തിച്ചത്.
നാട്ടിലെത്തിയപ്പോൾ കാലം എല്ലാം മാറ്റിമറിച്ചിരുന്നു. യൂനുസിെൻറ കുടുംബം എടപ്പാളിൽനിന്ന് വളാഞ്ചേരിയിലേക്ക് താമസം മാറിയിരുന്നു. കുറ്റിപ്പുറത്തുനിന്ന് എടപ്പാളിലേക്ക് ബസ് കയറിയ യൂനുസ് എവിടെ ഇറങ്ങണം എന്നറിയാതെ നിൽക്കുമ്പോൾ പുള്ളുവൻപടി എന്ന് കണ്ടക്ടർ വിളിച്ചുപറഞ്ഞതു കേട്ടു. അപ്പോഴാണ് പൊടുന്നനേ തെൻറ നാടിെൻറ പേര് ഓർമയിൽ വന്നതെന്ന് യൂനുസ്.''എനിക്കിവിടെ ഇറങ്ങണം'' എന്നുപറഞ്ഞ് ധൃതിപ്പെട്ട് പുള്ളുവൻപടിയിൽ ഇറങ്ങി. താൻ പിച്ചവെച്ച മണ്ണായിരുന്നു യൂനുസിെൻറ കണ്ണിലും മനസ്സിലും. എന്നാൽ, അവിടെയെല്ലാം ഏറെ മാറിയിരുന്നു. ആദ്യം കണ്ടയാളോട് അനുജൻ സിദ്ദീഖിനെ അറിയുമോ എന്ന് ചോദിച്ചു. തിരിച്ച് നീ യൂനുസാണോ? എന്നായിരുന്നു മറുചോദ്യം. അന്നത്തെ പതിനെട്ടുകാരെൻറ അതേമുഖം നാട്ടുകാരൻ തിരിച്ചറിയുകയായിരുന്നു. ''അതെ'' എന്ന യൂനുസിെൻറ ഉത്തരം കേട്ടതോടെ ബഹളമായി. നാട്ടുകാർ ഓടിക്കൂടി. പിന്നെ ബന്ധുക്കളുടെ വരവും സ്നേഹാശ്ലേഷങ്ങളുമായി. രണ്ടു പതിറ്റാണ്ടിെൻറ കാത്തിരിപ്പിനുശേഷം നബീസുമ്മയും മൂസാക്കയും മകനെ അന്ന് കൺനിറയെ കണ്ടു. നിറഞ്ഞു ചിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.