വികാരങ്ങളും ലൈംഗികതയും
text_fieldsഭൂമിയില്‍ ബുദ്ധിപരമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മനുഷ്യെൻറ മനസ്സ് വികാരങ്ങളുടെ കലവറയാണ്. ഇവയില്‍, മനുഷ്യരാശിയുടെ തുടക്കം തൊട്ടേ ഏറ്റവും പ്രാധാന്യം നല്‍കിയിരുന്ന വികാരങ്ങളാണ് സ്നേഹവും ലൈംഗികതയും (love and sexuality). ലോകമെമ്പാടുമുള്ള കവികളും കലാകാരന്മാരും എക്കാലവും ഈ രണ്ടു സങ്കീര്‍ണ വികാരങ്ങളെ അവരുടെ സൃഷ്ടികളില്‍ നിരന്തരം ഉപയോഗപ്പെടുത്തിയിരുന്നു.
സ്നേഹമായാലും പ്രണയമായാലും ലവ് എന്ന വികാരത്തെ പരിശുദ്ധമായും ദൈവികമായുമാണ് സമൂഹം കാണുന്നത്. എന്നാല്‍, ലൈംഗികത അങ്ങനെയല്ല. ലൈംഗികതയെ പല സമൂഹങ്ങളും കാണുന്നത് തെറ്റായും പാപമായുമൊക്കെയാണ്. അറപ്പ്, വെറുപ്പ്, ലജ്ജ എന്നീ വികാരങ്ങളോടുകൂടിയുമാണ് അതിനെ പലരും നോക്കിക്കാണുന്നത്. ഒളിഞ്ഞും മറഞ്ഞും നമ്മള് ഇഷ്ടപ്പെടുന്ന ലൈംഗികതയെ ഇംഗ്ലീഷിൽ 'വിലക്കപ്പെട്ട ആനന്ദം' എന്നാണ് വിശേഷിപ്പിക്കുന്നത്. കുറ്റബോധം തോന്നാനാണെങ്കില് പിന്നെ എന്തിനാണ് ഇൗ വികാരത്തെ പ്രകൃതി നമുക്ക് നൽകിയത്. എന്തുകൊണ്ടാണ് മറ്റു ജീവികളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന ഈ വികാരം മനുഷ്യരിൽ സ്ഥിരവികാരമായി നിലനിൽക്കുന്നത്.
മനുഷ്യസഹജ വികാരം
ലൈംഗികത മനുഷ്യസഹജമായ വികാരമാണ്. ലൈംഗികതയെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത രണ്ടുേപര്ക്കിടയിൽ പോലും ലൈംഗിക ആകര്‍ഷണങ്ങളും സമ്പര്‍ക്കങ്ങളും മറ്റാരും പറഞ്ഞുകൊടുക്കാതെ സംഭവിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അത് പ്രജനനത്തിനു മാത്രമല്ല, പങ്കാളികളുടെ അടുപ്പത്തിനും കൂടിയാണ്. സെക്സിനും ലൈംഗിക വികാരങ്ങള്‍ക്കും സ്വകാര്യ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മറ്റു വികാരങ്ങളോടൊപ്പമോ അതിലേറെയോ സ്ഥാനമുണ്ട്.
ജീവന് സൃഷ്ടിക്കാനും ഇല്ലാതാക്കാനും കഴിവുള്ള വികാരമാണ് ലൈംഗികത. ഭൂമിയിൽ ജീവനുണ്ടാകാൻ-കുഞ്ഞ് ജനിക്കാൻ കാരണമാകുന്ന ഇതേ വികാരം തന്നെയാണ് പലരെയും ലൈംഗിക കുറ്റകൃത്യങ്ങളിലേക്കും കൊണ്ടെത്തിക്കുന്നത്. ലോകത്ത് ഓരോ 16 മിനിറ്റിലും ഒരു പെണ്‍കുട്ടി മാനഭംഗത്തിനിരയാകുന്നതായി കണക്കുകൾ പറയുന്നു. ദാമ്പത്യം കെട്ടുറപ്പോടെ തുടരാനും ദമ്പതികൾക്കിടയിലെ സ്വരച്ചേർച്ച നിലനിർത്താനും ലൈംഗികത അത്യാവശ്യമാകുമ്പോൾ ശരിയായ ലൈംഗിക വിദ്യാഭ്യാസത്തി െൻറ അഭാവം ലൈംഗിക കുറ്റകൃത്യങ്ങൾ സമൂഹത്തിൽ പെരുകാൻ ഇടയാക്കുന്നു.
ന്യൂറോ ട്രാന്‍സ്മിറ്ററുകൾ
മനസ്സിന് ആനന്ദവും സമാധാനവും ലഭിക്കാനായി പല കാര്യങ്ങള്‍ മനുഷ്യന് ചെയ്യാറുണ്ട്. സിനിമ, യാത്ര, വിനോദങ്ങള്‍ എന്നിവയൊക്കെ അത്തരം പ്രവർത്തനങ്ങളാണ്. ന്യൂറോ ട്രാന്‍സ്മിറ്ററുകൾ എന്നറിയപ്പെടുന്ന രാസപദാര്‍ഥങ്ങള്‍ ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ നമ്മുടെ തലച്ചോറില്‍ നിർമിക്കപ്പെടുന്നു. ഇതാണ് നമുക്ക് ആനന്ദവും അനുഭൂതിയും സമാധാനവുമൊക്കെ നല്‍കുന്നത്. എതിര് ലിംഗത്തിലൊരാളോട് ഇഷ്ടം തോന്നുമ്പോൾ ലൈംഗിക വികാരങ്ങള്‍ ഉണരുന്നു. അപ്പോഴും ശരീരത്തില്‍ വിവിധ രാസപദാര്‍ഥങ്ങളെ ഉൽപാദിപ്പിക്കപ്പെടുന്നു. ലൈംഗികചോദനയും ഈ രാസപദാര്‍ഥങ്ങള്‍ തന്നെയാണ് ഉണ്ടാക്കുന്നത്.
വേണം ശരിയായ അറിവ്
ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാടിലെ തെറ്റിദ്ധാരണ കാരണമാണ് ലൈംഗികതയെ ഒളിവിലും മറവിലും ദ്വയാര്‍ഥം നിറഞ്ഞ തമാശകളിലും ഒതുക്കുന്നത്. പലരും ലൈംഗിക വികാരെത്ത ശാരീരിക താൽപര്യമായും അടിസ്ഥാന ആവശ്യമായും ഒെക്കയാണ് കാണുന്നത്. എന്നാല്‍, മാനസികമായ അടുപ്പമില്ലാതെ ഭൂരിഭാഗം പേർക്കും ലൈംഗികതക്ക് കഴിയില്ല.
ഒരുപാട് ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉൽപാദനം കാരണം ലൈംഗികതയിൽ അനേകം വികാരങ്ങൾ അനുഭവപ്പെടാം. വികാരങ്ങള്‍ നിറഞ്ഞ ഒാര്‍മകള്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞുനില്‍ക്കും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതുകൊണ്ടാണ് ലൈംഗികതയുടെ പ്രസക്തി ദാമ്പത്യജീവിതത്തില്‍ വർധിക്കുന്നത്.
ഒരുമിച്ചു പുറത്തുപോകുക, ഭക്ഷണം പങ്കുവെക്കുക, മറ്റു വിനോദങ്ങളില്‍ ഏര്‍പ്പെടുക എന്നിവക്കൊപ്പം നല്ല ദാമ്പത്യജീവിതത്തിന് സെക്സ് ഒഴിച്ചുകൂടാനാവാത്തതാണ്. അത് ദാമ്പത്യം കെട്ടുറപ്പോടെ നിലനിർത്തും. ദമ്പതികള്‍ക്കിടയിലെ സ്വരച്ചേര്ച്ചയുണ്ടാക്കും. ദൈനംദിന ജീവിതത്തിലെ മാനസിക പിരിമുറുക്കങ്ങൾ അകറ്റും. ദാമ്പത്യജീവിതത്തിലെ നല്ല ഓർമകൾ പങ്കാളിയോട് സ്നേഹത്തോടെയും ഇണക്കത്തോടെയും പെരുമാറാൻ സഹായിക്കും. സമ്മർദമില്ലാത്ത ജീവിതം മനുഷ്യനെ നല്ല സാമൂഹിക ജീവിയാക്കി മാറ്റും. സെക്ഷ്വല്‍ ലൈഫ് മനോഹരമാക്കാൻ പരസ്പര ധാരണയും പങ്കാളികളുടെ ആവശ്യങ്ങളും അപ്പോഴത്തെ മാനസിക അവസ്ഥയും അറിഞ്ഞിരിക്കേണ്ടതും നിര്‍ബന്ധമാണ്.
വേണ്ട നിർബന്ധങ്ങൾ
ലൈംഗികതയിലെ നിര്‍ബന്ധങ്ങൾ കുടുംബജീവിതത്തെ ബാധിക്കും. ക്ഷീണം, ശാരീരിക അസ്വസ്ഥത, അസുഖങ്ങള്‍ എന്നിവയുള്ളപ്പോള് സെക്സിന് മുതിരുന്നതും പങ്കാളിയെ പ്രേരിപ്പിക്കുന്നതും നല്ലതല്ല. സെക്സിൽ ആശയവിനിമയവും സംതൃപ്തിയും പ്രധാനമാണ്. പങ്കാളിക്ക് സെക്സിനോട് താൽപര്യം കുറഞ്ഞാൻ നിര്‍ബന്ധിക്കാതിരിക്കുക. ക്ഷമയും സമയവും എടുത്ത് പ്രശ്നം പരിഹരിച്ചുവേണം മുന്നോട്ടുപോകാന്‍. ലൈംഗിക പ്രശ്നങ്ങളുണ്ടെങ്കിൽ നല്ല സൈക്കോളജിസ്റ്റിനെയോ സെക്സോളജിസ്റ്റിനെയോ കാണണം.
വയസ്സായില്ലേ, കുട്ടികള്‍ ആയില്ലേ ഇനി ഇതൊക്കെ എന്തിനാണെന്ന ചിന്താഗതി മാറ്റിവെക്കാം. മനസ്സിലെ വിഷമങ്ങള്‍ പങ്കാളിയോട് തുറന്നുപറഞ്ഞശേഷം പരസ്പര ധാരണയില്‍ സെക്സില്‍ ഏര്‍പ്പെടുന്നത് ഡിപ്രഷന്, ആങ്സൈറ്റി പോലുള്ള മാനസിക അസ്വസ്ഥതകൾ കുറക്കാന്‍ സഹായിക്കും. ലൈംഗികതയിൽ സ്വകാര്യത അത്യാവശ്യമാണ്. അതിനായി ചെറുപ്പത്തിലേ കുട്ടികളെ മാറിക്കിടക്കാന്‍ പഠിപ്പിക്കാം. സെക്സിന് സ്വകാര്യ ഇടങ്ങള്‍ തിരഞ്ഞെടുക്കുകയും വേണം.
ലൈംഗിക വിദ്യാഭ്യാസം
ശരിയായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തത് സമൂഹത്തില്‍ പലവിധ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ലൈംഗിക വികാരത്തെ നിയന്ത്രിക്കാൻ കഴിയാത്തത് അത്തരം കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നു. കുട്ടികൾ വഴിതെറ്റാൻ ഇടയാക്കുന്നു. ലൈംഗിക പരിജ്ഞാനക്കുറവ് മൂലം ലൈംഗിക പ്രശ്നങ്ങൾക്ക് ശരിയായ സമയത്ത് ചികിത്സ തേടാൻ കഴിയാതെ പോവുന്നു.
ലൈംഗികതയും ലൈംഗിക വികാരവും സംബന്ധിച്ച കൃത്യമായ അറിവ് ഒരു പ്രായമായാൽ കുട്ടികൾക്ക് പകർന്നുകൊടുക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണ്. സ്ത്രീകൾക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങളും ലൈംഗിക പ്രശ്നങ്ങളും കുറക്കാന്‍ അത് സഹായിക്കും. കുട്ടികളുടെ ഭാവി കുടുംബജീവിതം ഭദ്രമാക്കാനും അതുപകരിക്കും. കുട്ടികളുടെ നല്ല ഭാവിക്ക് ശുഷ്കാന്തി കാണിക്കുന്ന മാതാപിതാക്കൾ പക്ഷേ അവരുടെ ജീവിതത്തിലുടനീളം അത്യാവശ്യമായ ലൈംഗിക വിദ്യാഭ്യാസം നല്കാന് ഇന്നും മടിക്കുകയാണ്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാവണം. ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടായാല്‍ അത് തുറന്നുപറയാനും ലൈംഗിക വിദ്യാഭ്യാസം കുട്ടികളെ സഹായിക്കും.
കോഴിക്കോട് അബ്സല്യൂട്ട് മൈൻഡിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ലേഖിക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.