തളരാത്ത മനസ്സുമായി ജോൺസൺ വിധിയോട് പോരാടുകയാണ്
text_fieldsകുഞ്ഞുന്നാളിലേ ശരീരം തളർന്നിട്ടും തളരാത്ത മനസ്സുമായി ജോൺസൺ വിധിയോട് പോരാടുകയാണ്. 25 ശതമാനം ശാരീരികക്ഷമത മാത്രമുള്ള ഈ ചെറുപ്പക്കാരൻ നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൊണ്ട് ചുറ്റുമുള്ളവർക്കൊക്കെ വെളിച്ചം പകരുകയാണ്
ജീവിതത്തിൽ വീശിയടിച്ച വലിയൊരു കാറ്റ്, ശാരീരിക സ്വാതന്ത്ര്യം എന്ന ഏറ്റവും വലിയ അനിവാര്യതയെയാണ് ജോൺസൺ ആൻറണിയിൽനിന്ന് അടർത്തിയെടുത്ത് പറന്നത്. പക്ഷേ, പോകുന്ന വഴി മറ്റുരണ്ട് വാതിലുകൾ ആ കാറ്റ് തുറന്നിട്ടിരുന്നു. നിശ്ചയദാർഢ്യത്തിെൻറയും കഠിനാധ്വാനത്തിെൻറയും ആ വാതിലുകളിലൂടെ സ്കൂട്ടറോടിച്ച് പറന്നുനടക്കുകയാണ് ഇന്ന് ജോൺസൺ ആൻറണി. മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ടെന്ന ലൈഫ് േമാേട്ടാ ആണ് ആ സ്കൂട്ടറിെൻറ ഇന്ധനം. 25 ശതമാനം ശാരീരികക്ഷമതയുമായി ജോൺസൺ ചെയ്യാത്ത ജോലികളില്ല. ആ വഴിയിൽ പാറിപ്പറന്ന് ഇതിനകം 25ഒാളം പുരസ്കാരങ്ങളാണ് കൊല്ലം കുരീപ്പുഴ സ്വദേശിയായ ഇൗ 43കാരൻ സ്വന്തമാക്കിയത്. ശാരീരിക വെല്ലുവിളി േനരിടുന്നൊരാൾക്ക് അപ്രാപ്യമെന്നു തോന്നാമെങ്കിലും കോഴി, പശു, ആട് എന്നിവ വളർത്തി ജീവിതം ആസ്വദിച്ച് കെട്ടിപ്പടുത്ത കഥയാണ് ജോൺസേൻറത്. െകാല്ലം കുരീപ്പുഴയിൽ ആൻറണി^ഐറിൻ ദമ്പതികളുടെ ഏഴു മക്കളിൽ ഏറ്റവും ഇളയ ആളാണ് ജോൺസൺ ആൻറണി. ദാരിദ്ര്യം നിറഞ്ഞതായിരുന്നു കുട്ടിക്കാലം. ഒപ്പം ശാരീരിക വെല്ലുവിളികൂടി ഉള്ളതിനാൽ സഹിക്കാൻ ഏറെ ഉണ്ടായിരുന്നു. എന്നാൽ, മുന്നേറാനുള്ള തെൻറ തീരുമാനത്തിനു മുന്നിൽ തടസ്സങ്ങളൊന്നും ഒരു തടസ്സമേയല്ലെന്ന് ജോൺസൺ തീർത്തെഴുതി
ജീവിതം മാറ്റിയെഴുതിയ ആ കുത്തിവെപ്പ്
പ്രിയപ്പെട്ടവരുടെ വാക്കുകളിലൂടെ ജോൺസൺ അറിഞ്ഞ കുട്ടിക്കാലത്ത്, സ്വന്തം കാലിൽ ഒാടിനടന്നൊരു രണ്ടു വയസ്സുകാരനുണ്ട്. സമപ്രായക്കാരനായ കസിനൊപ്പം തുള്ളിച്ചാടി കളിച്ചുനടന്ന ആ കുഞ്ഞിെൻറ ജീവിതത്തെത്തന്നെ അടിമുടി മാറ്റാനുള്ള നിമിത്തമായെത്തിയത് ചെറിയൊരു ശ്വാസംമുട്ടലാണ്. കുട്ടിയുടെ അസ്വസ്ഥതകണ്ട് അമ്മാമ്മ വീടിന് തൊട്ടടുത്തുള്ള ഡിസ്പെൻസറിയിലെത്തിച്ചു. ശ്വാസംമുട്ടലിന് പ്രതിവിധിയായി ഡോക്ടർ നൽകിയ കുത്തിവെപ്പിൽ പക്ഷേ, ആ കുടുംബത്തിെൻറയും ജോൺസൺ ആൻറണിയുടെയും ജീവിതം മാറിമറിഞ്ഞു. കുത്തിവെപ്പിനുശേഷം രണ്ടുദിവസം തളർന്ന് കിടന്നുപോയി കുഞ്ഞ് ജോൺസൺ. ആ തളർച്ച പിന്നെ ജോൺസനെ വിട്ടുപോയതേ ഇല്ല.
കുത്തിവെപ്പെടുത്ത കുഞ്ഞിെൻറ ശരീരം തളർന്നു എന്നറിഞ്ഞ ഡോക്ടർ ഡിസ്പെൻസറി പൂട്ടി നാടുവിട്ടു. എന്ത് മരുന്നാണ് കുത്തിവെച്ചതെന്നുപോലും അറിയാതെ ശരീരം തളർന്ന കുഞ്ഞുമായി പകച്ചുനിന്നപ്പോഴും പക്ഷേ, ആ മാതാപിതാക്കൾ ഡോക്ടറെ അന്വേഷിച്ച് പിറകെ പോയില്ല. കേസ് കൊടുക്കാൻ ചുറ്റുമുള്ളവരിൽനിന്നെല്ലാം ഉപദേശം കേട്ടിട്ടും ഇനി ഒരാളുടെ ജീവിതംകൂടി തകർക്കാനില്ലെന്ന നന്മ മനസ്സിൽ നിറച്ച് അവർ മകെൻറ ചികിത്സക്കായുള്ള ഒാട്ടത്തിലായിരുന്നു. പലയിടങ്ങളിലും നടത്തിയ ചികിത്സയുടെ ഭാഗമായി തമിഴ്നാട്ടിൽ രണ്ടു മാസത്തോളം താമസിച്ച് ഉഴിച്ചിൽ ചികിത്സയും മറ്റും നടത്തിയാണ് ഒന്ന് തിരിഞ്ഞുകിടക്കാൻ എങ്കിലുമുള്ള പ്രാപ്തിയിലേക്ക് ആ ശരീരമെത്തിയത്. വർഷങ്ങളോളം തുടർന്ന ചികിത്സയുടെ ഫലമായി 25 ശതമാനം ശേഷി മാത്രമാണ് തിരിച്ചുകിട്ടിയതെങ്കിലും സ്വന്തം ആവശ്യങ്ങളെല്ലാം സ്വയം ചെയ്യാനുള്ള ക്ഷമത നൂറുശതമാനം നിറഞ്ഞൊരു മനസ്സുമായാണ് കുഞ്ഞുേ േജാൺസൺ വളർന്നത്.
അധ്വാനത്തിെൻറ വഴിയിൽ
കുരീപ്പുഴ ടോൾ പ്ലാസ ജങ്ഷനിൽ ശ്രീനാരായണ ഗുരു ഒാപൺ യൂനിവേഴ്സിറ്റിക്കടുത്താണ് ജോൺസൺ ആൻറണിയുടെ വീട്. സ്വന്തം അധ്വാനത്തിലൂടെ ചെറുപ്രായത്തിൽ തന്നെ ജോൺസൺ പണിത സ്വപ്നക്കൂടാരം. കുട്ടിക്കാലത്ത് കുടുംബത്തി
െൻറ സാമ്പത്തികസ്ഥിതിയിലും സ്വന്തം ശാരീരിക വെല്ലുവിളിയിലും പഠനം എന്ന സ്വപ്നം അൽപം വൈകിയാണ് ജോൺസനെ തേടിയെത്തിയത്. ബന്ധുവിെൻറ കുട്ടിയെ നോക്കാനുള്ള ജോലിക്ക് കൂട്ടുപോയ ജോൺസൺ അവിടെ അടുത്തുള്ള സ്കൂളിൽ ചേർന്നപ്പോഴേക്കും സമപ്രായക്കാർ രണ്ട് ക്ലാസ് മുകളിലെത്തിയിരുന്നു. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻപോലും ബുദ്ധിമുട്ട് നേരിട്ടിരുന്ന സാഹചര്യത്തിലും നാലുവർഷം പിടിച്ചുനിന്ന് പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി, ആ നാട്ടിൽനിന്ന് തിരിച്ചുവന്നപ്പോൾ സ്കൂളിൽ ഒന്നാമൻ എന്ന പട്ടവും ജോൺസൺ സ്വന്തമാക്കിയിരുന്നു. കുരീപ്പുഴയിൽ തിരിച്ചെത്തിയ ജോൺസന് നീരാവിലിൽ ഉള്ള സ്കൂളിൽ തുടർന്ന് പഠിക്കാൻ സഹോദരങ്ങൾ താങ്ങായി. ഒമ്പതാം ക്ലാസ് വരെയും അവരുെട സഹായത്തിൽ സ്കൂളിൽ പോയിരുന്ന കൗമാരക്കാരൻ പത്താംക്ലാസ് എത്തിയപ്പോഴേക്കും സ്വയംപര്യാപ്തതയുടെ പുതിയൊരു ചുവടുവെച്ചു.
ഒരേസമയം ആറു ജോലികൾ
മുച്ചക്രമുള്ളൊരു സൈക്കിൾ ഒാടിക്കാൻ പഠിച്ചു. അങ്ങനെ ആരെയും ആശ്രയിക്കാതെ സ്കൂൾ യാത്രകൾ നടത്തി ഫസ്റ്റ് ക്ലാസുമായി പത്താം ക്ലാസ് പാസായി. തുടർപഠനങ്ങൾ പാരലൽ കോളജ് വഴിയായിരുന്നു. അങ്ങിനെ ബി.കോമും പാസായാണ് ജീവിതത്തിലെ പോരാട്ടഭൂമിയിലേക്ക് ജോൺസൺ ഇറങ്ങിത്തിരിച്ചത്. ഡിഗ്രി കഴിഞ്ഞ് ഒരു വർഷത്തിനകം തിരക്കേറിയ ജോലിക്കാലത്തിലേക്കായിരുന്നു യാത്രകൾ. ഒരേസമയം ആറു ജോലികൾ ഒരു മനുഷ്യന് എടുക്കാനാകുമോ? ജോൺസൺ എടുത്തു, സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ. സ്കൂൾ അക്കൗണ്ടൻറ്, ജങ്കാർ സർവിസ് മാനേജർ, ഫിഷ് ലാൻഡിങ് സെൻറർ കാഷ്യർ, മത്സ്യം പാർസൽ എത്തിച്ച് വിൽപന, കുട്ടികൾക്ക് ട്യൂഷൻ, കോഴി വളർത്തൽ... പുലർച്ച അഞ്ചു മുതൽ രാത്രി വൈകുംവരെ നീളുന്ന ജോലിസമയവുമായി ജോൺസൺ ഓടിനടന്നു. ദിവസവും 22 കിലോമീറ്റർ യാത്ര ചെയ്തുള്ള സ്കൂളിലെ ജോലിക്കൊപ്പം മറ്റ് ജോലികളും സുഗമമായി കൊണ്ടുപോയ ചെറുപ്പക്കാരെൻറ രണ്ട് വർഷത്തെ അധ്വാനഫലത്തിലാണ് വീടുയർന്നത്. ആ അധ്വാന നാളുകൾ കഴിഞ്ഞും ജോൺസൺ വിശ്രമിച്ചില്ല.
കൃഷിയിലേക്ക് ചുവടുമാറ്റം
ശാരീരിക വെല്ലുവിളികൾ കാരണം സമപ്രായക്കാരെപ്പോലെ കളിച്ചുനടന്ന് സമയംകൊല്ലാൻ കഴിയാതിരുന്ന കൗമാരക്കാരൻ കണ്ടെത്തിയ ഹോബി ആയിരുന്നു കോഴി, മുയൽ, പ്രാവ് എന്നിവ വളർത്തുന്നത്. ഹോബിയിൽ ഹരം കയറിയതോടെ പുതിയ ബ്രീഡുകൾ സ്വന്തമാക്കുന്നതിനോടായി കമ്പം. അങ്ങിനെ വീടു നിറയെ നാടൻ കോഴികളായി. സ്കൂൾ ജോലിയിൽ നിന്ന് കിട്ടുന്നതിനെക്കാൾ വരുമാനവും സംതൃപ്തിയും കോഴിവളർത്തലിലൂടെ കിട്ടിയതോടെ ആ പണി ഉപേക്ഷിച്ചു. ആടും പശുവും പച്ചക്കറി കൃഷിയുമൊക്കെയായി മുഴുസമയ കർഷകനായി. കോഴിക്കും ആടിനും പശുവിനും തീറ്റയും വെള്ളവും മരുന്നും നൽകുന്നതും കൂടുകൾ വൃത്തിയാക്കുന്നതും ഉൾപ്പെടെ എല്ലാ ജോലിയും ഒറ്റക്ക് ചെയ്തു. പശുവിനെയും ആടിനെയും കുളിപ്പിക്കാനും തീറ്റക്ക് പുറത്ത് കൊണ്ടുപോകാനും കോഴിമുട്ട അടവെച്ച് വിരിയിക്കാനും ഒക്കെ ജോൺസെൻറ കൈകൾതന്നെ ധാരാളം. കൊല്ലം ബൈപാസിലെ കുരീപ്പുഴ ടോൾപ്ലാസക്ക് സമീപത്തെ ഏഴര സെൻറ് വസ്തുവിലുള്ള വീട്ടിലാണ് തെൻറ കൃഷി മുഴുവൻ ജോൺസൺ ചെയ്യുന്നത്. ബൈപാസ് പുറേമ്പാക്കിൽ പുൽകൃഷി സ്വന്തമായി ചെയ്ത് തീറ്റ ഒരുക്കിയ അദേഹത്തിെൻറ സ്കൂട്ടറിനൊപ്പം എത്ര വേഗത്തിൽ വേണമെങ്കിലും പശുക്കൾ സഞ്ചാരത്തിനിറങ്ങും. മറ്റാരോടും കാണിക്കാത്ത അടുപ്പവും സ്നേഹവും തന്നോട് പശുക്കൾക്കുണ്ടെന്ന് ജോൺസൺ പറയുന്നു.
ഇപ്പോൾ പ്രധാന വരുമാനമാർഗം കോഴിവളർത്തലാണ്. 26 തരം നാടൻ കോഴികളുടെ അപൂർവശേഖരമാണ് വീട്ടിലുള്ളത്. 300ൽ അധികം കോഴിക്കുഞ്ഞുങ്ങളും. പരമ്പരാഗത രീതിയിൽ അടെവച്ച് വിരിയിച്ച് കുഞ്ഞുങ്ങളെ വിൽക്കുകയാണ്. ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾക്കുപോലും വൻ ഡിമാൻഡാണ്. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും തമിഴ്നാട്ടിൽനിന്നും സ്ഥിരം ഉപഭോക്താക്കൾ നിരവധി. ഇതിനൊപ്പം ഇന്നും മുടക്കമില്ലാതെ തുടരുന്ന മറ്റൊന്ന് കുട്ടികൾക്ക് ട്യൂഷൻ നൽകുന്നതാണ്. അതും എട്ടാം ക്ലാസിൽ തുടങ്ങിയതാണ്. 50ഓളം കുട്ടികൾക്ക് വെര ട്യൂഷനെടുത്തിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ 15ഓളം കുട്ടികളുണ്ട്. ഇതിനൊപ്പം വിവാഹ ബൊക്കെ നിർമാണം, ബുക്ക് ബൈൻഡിങ് ജോലികളുമുണ്ട്.
എല്ലാം ചെയ്യുന്ന വിദഗ്ധൻ
തെൻറ കൃഷിക്കാര്യത്തിൽ മറ്റാരെയും ബുദ്ധിമുട്ടിക്കില്ല എന്ന ഉറച്ചതീരുമാനത്തിലാണ് ജോൺസൺ ഈ രംഗത്തേക്ക് ഇറങ്ങിയത്. രാവിലെയും ഉച്ചക്കും വൈകീട്ടും രണ്ടുമണിക്കൂർ വീതം അരുമകൾക്കൊപ്പം ചെലവഴിച്ചാണ് ജോലികൾ മുഴുവൻ ചെയ്യുന്നത്.
നാടൻ കോഴികളുടെ എൻസൈക്ലോപീഡിയ കൂടിയാണ് ജോൺസൺ. ഒന്നും കൃത്രിമമായി ചെയ്യുന്നതിനോട് താൽപര്യമില്ല. പച്ചിലകളും മഞ്ഞൾവെള്ളവും മുട്ടത്തോടും എന്നിങ്ങനെ എല്ലാം നാടൻ മാർഗങ്ങൾ. തെൻറ വിജയരഹസ്യവും അതുതന്നെയാണെന്ന് അദ്ദേഹം പറയും. കോഴിവളർത്തലിനും മറ്റ് കൃഷി കാര്യങ്ങൾക്കും സംരംഭം തുടങ്ങുന്നതിനും ഉപദേശം തേടി നിരവധി കാളുകളും മെസേജുകളും എത്തുേമ്പാൾ കൃത്യമായി മറുപടി നൽകാനും ഒരു മടിയുമില്ല. താൻ ചെയ്ത് വിജയിച്ച കാര്യം മറ്റൊരാൾക്കുകൂടി ഉപയോഗപ്പെടുന്നെങ്കിൽ അത്രയും സന്തോഷം. നിരവധി ക്ലാസുകളും എടുക്കുന്നുണ്ട്. ഇപ്പോൾ ഒരു കൃഷിഫാമിൽ അഡ്വൈസർ ആയും പോകുന്നുണ്ട്. ഈ നിലയിലേക്ക് തെൻറ കൃഷിമികവ് വളരാൻ സഹായിച്ചതിനു പിന്നിൽ അയത്തിൽ വെളുന്തറ ഹാച്ചറീസ് സ്ഥാപകനായ അന്തരിച്ച ഡോ. ശശിധരൻ എന്ന വെറ്ററിനേറിയനുമായി 18 വർഷത്തോളം ഉണ്ടായിരുന്ന ബന്ധമാണെന്ന് ജോൺസൺ പറയുന്നു. കൈരളി കോഴികളുടെയും വെള്ള കാടക്കോഴികളുടെയും സ്രഷ്ടാവായിരുന്ന അദ്ദേഹം നൽകിയ മനോബലവും കാർഷിക രംഗത്തെ സപ്പോർട്ടുമാണ് ജോൺസൺ ആൻറണിയെ ഇന്നത്തെ കർഷകശ്രീയാക്കിയത്.
യൂത്ത് ഐക്കൺ
2018ലെ സംസ്ഥാന യുവജന കമീഷെൻറ യൂത്ത് ഐക്കൺ അവാർഡും മികച്ച കർഷകനുള്ള മൃഗസംരക്ഷണ വകുപ്പിെൻറ ഉൾപ്പെടെ നിരവധി അവാർഡുകളും ഏറ്റവും ഒടുവിലായി സേവ അവാർഡും തേടിയെത്തിയത് ആരെയും പ്രചോദിപ്പിക്കുന്ന ജീവിതത്തിന് ആദരവായാണ്. ഒത്തിരി ആളുകൾക്ക് ജോലിയില്ല, ഉള്ളവരാകട്ടെ കൂടുതൽ എന്തെങ്കിലും ചെയ്യാൻ സമയമില്ല എന്നെല്ലാം സങ്കടപ്പെടുന്നത് അത്ഭുതപ്പെടുത്താറുണ്ടെന്ന് ജോൺസൺ പറയുന്നത് സ്വന്തം ജീവിതത്തിലേക്ക് നോക്കിയാണ്. ജീവിതത്തിൽ വന്നുപോയ കാര്യങ്ങളെ ഓർത്ത് വിഷമിച്ചിട്ടു കാര്യമില്ല എന്ന ചിന്തയിൽനിന്ന് അണുവിട മാറാൻ അദ്ദേഹം ഒരുക്കമല്ല. ''തുറന്നുകിടക്കുന്ന മറ്റ് വാതിലുകൾ കണ്ടെത്തി മുന്നേറുക. സമയം പോകുന്നത് ഒരിക്കലും തിരിച്ചുകിട്ടില്ല. ചെയ്യാനായി എന്തെങ്കിലും ജോലി ഉണ്ടാകും. അതെന്തായാലും ആസ്വദിച്ച് ചെയ്യുക. അല്ലാതെ കുറുക്കുവഴിയില്ല. 25 ശതമാനം മാത്രം ക്ഷമതയുള്ള ശരീരവുംകൊണ്ട് 24 സ്റ്റേജിൽ കയറി അവാർഡുകൾ വാങ്ങാനും അതിനുള്ള ജോലികൾ ചെയ്യാനും മകളെ പഠിപ്പിച്ച് കുടുംബത്തിെൻറ മുഴുവൻ കാര്യങ്ങൾ നോക്കാനും എനിക്ക് കഴിയുമെങ്കിൽ മറ്റാർക്കും ഇതൊക്കെ സാധിക്കാവുന്നതേയുള്ളൂ.''
സമാനമായ വെല്ലുവിളികൾ നേരിടുന്നവരോടും ജോൺസന് പറയാനുള്ളത് ഇതുമാത്രമാണ്, പൂർണശേഷി ഉള്ളവരെ പോലെ കാര്യങ്ങൾ എളുപ്പം ചെയ്യാൻ കഴിയില്ലായിരിക്കാം. എന്നാൽ, ആദ്യം ശ്രമിച്ച് അൽപം സമയമെടുത്ത് ചെയ്താൽ ക്രമേണ കൂടുതൽ വേഗത്തിലും കാര്യക്ഷമതയിലും ചെയ്യാനുള്ള കരുത്ത് നേടിയെടുക്കാൻ ഒരു പ്രയാസവുമില്ല. ആ ചിന്തയുമായി മുന്നേറിയാൽ കൂടുതലായി ഒഴുക്കുന്ന വിയർപ്പിനും കൂടുതൽ മൂല്യമുണ്ടെന്ന് മനസ്സിലാകും. ചെയ്യാനാകില്ല എന്ന ചിന്തയിൽ ഒതുങ്ങാതെ നോ എന്നത് നെക്സ്റ്റ് ഓപ്പർച്യുനിറ്റി ആണെന്ന് ഉറപ്പിച്ച് വേണം മുന്നേറാൻ. എത്ര സങ്കടം വന്നാലും മുന്നേറാനുള്ള മനസ്സാണ് പ്രധാനമെന്ന് ജീവിതംകൊണ്ട് ജോൺസൺ പറയുന്നു. തന്നെ തേടിയെത്തുന്ന നല്ല വാക്കുകൾ കാണുേമ്പാൾ സന്തോഷംകൊണ്ട് കണ്ണു നിറഞ്ഞുപോകുന്ന അനുഭവങ്ങളും നിരവധി. ശാരീരിക വെല്ലുവിളിയുടെ പേരിൽ നേരിട്ടിരുന്ന കളിയാക്കലുകൾ കണ്ട് വിഷമിച്ചിരുന്ന പഴയകാലത്തുനിന്ന് അത്തരം കണ്ണുകളെ എല്ലാം തള്ളിക്കളയുന്ന പുതിയകാല േജാൺസണിലേക്കുള്ള വളർച്ച കൂടിയായിരുന്നു ഈ ജീവിതം. ഭാര്യ റിയക്കും മകൾ ഒമ്പതാം ക്ലാസുകാരി നികിത മേരിക്കും തെൻറ അധ്വാനത്തിലൂടെ മികച്ച ജീവിതമൊരുക്കി, സഹജീവികൾക്ക് നിസ്വാർഥനായൊരു വഴികാട്ടിയായി ജോൺസൺ ആൻറണിയുടെ സ്കൂട്ടർ അങ്ങനെ മുന്നോട്ടുകുതിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.