മനോഹരമാണീ മനോഹരന്റെ നിർമിതികൾ...
text_fieldsഉപയോഗശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിൽനിന്ന് അതിമനോഹര വസ്തുക്കൾ നിർമിച്ചെടുത്ത് പരിസ്ഥിതിയെ കരുതലോടെ സംരക്ഷിക്കുകയാണ് മനോഹരൻ. പ്ലാസ്റ്റിക്കിനെതിരായ അദ്ദേഹത്തിെൻറ ഈ ഒറ്റയാൾ പോരാട്ടം സമൂഹത്തിന് നൽകുന്ന മഹത്തായ സന്ദേശംകൂടിയാണ്. ഭൂമിയിൽനിന്ന് എളുപ്പം നിർമാർജനം ചെയ്യാൻ കഴിയാത്ത പ്ലാസ്റ്റിക്കിനെ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ എങ്ങനെ പുനരുപയോഗപ്പെടുത്താമെന്ന് വാക്കിനെക്കാളേറെ പ്രവൃത്തിയിലൂടെ കാണിച്ചുതരുകയാണ് ഈ 61കാരൻ.
ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് റാപ്പറും റിബണും മറ്റു ചില പാഴ്വസ്തുക്കളും ഉപയോഗിച്ച് പായ, പരമ്പ്, വട്ടമുറം, കൊമ്പുമുറം, കൊട്ട, തൊപ്പിക്കുട, കാൽക്കുട, പൂവട്ട, തൊപ്പി, പൂവട്ടി, കൊട്ട, മുറം തുടങ്ങി വിവിധ വസ്തുക്കളാണ് തെങ്ങുകയറ്റ തൊഴിലാളികൂടിയായ മനോഹരൻ നിർമിക്കുന്നത്. പേരുപോലെതന്നെ മനോഹരമാണ് അദ്ദേഹത്തിെൻറ നിർമിതികൾ. പ്ലാസ്റ്റിക് ഭൂമിക്കുണ്ടാക്കുന്ന ദോഷം മനസ്സിലാക്കി 18 വർഷമായി തുടരുന്ന അദ്ദേഹത്തിെൻറ പോരാട്ടം ഇന്ന് മറ്റുള്ളവർക്ക് പാഠവും മാതൃകയുമാണ്.
ബോധോദയം തെങ്ങിൻമണ്ടയിൽ
''പതിനെട്ടു വർഷം മുമ്പ് തെങ്ങിെൻറ മണ്ടയിൽവെച്ചാണ് എനിക്കാ തിരിച്ചറിവുണ്ടാകുന്നത്. മറ്റുള്ളവർ കാണുന്നതിനെക്കാളും വ്യക്തമായി മുകളിൽനിന്ന് എനിക്ക് ഭൂമിയെ കാണാമല്ലോ. ദിവസേന നാട്ടിലെ പത്തുമുപ്പതു തെങ്ങിൽ കയറുന്ന എനിക്ക് പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിഞ്ഞും കത്തിച്ചും വികൃതമാക്കുന്ന ഭൂമി കണ്ട് സങ്കടം തോന്നി. ആ തോന്നലാണ് എന്നെ പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തിലേക്ക് എത്തിച്ചത്'' -മനോഹരൻ പറയുന്നു.
നാടായ മലപ്പുറം ജില്ലയിലെ എടപ്പാളും പരിസരപ്രദേശങ്ങളിലുമൊക്കെ നടന്നാണ് പ്ലാസ്റ്റിക് ശേഖരിച്ചിരുന്നത്. ജോലിക്കുശേഷം അതിനായി സമയം മാറ്റിവെക്കും. അന്നും ഇന്നും പ്ലാസ്റ്റിക് പെറുക്കുന്നതിൽ എനിക്ക് ഒരു നാണക്കേടും തോന്നിയിട്ടില്ല. തുടക്കം നാടുനീളെ നടന്ന് പ്ലാസ്റ്റിക് പെറുക്കിക്കൊണ്ടു വരുന്നതിനോട് വീട്ടുകാർക്ക് ഭയങ്കര എതിർപ്പായിരുന്നു. നാട്ടുകാരിൽ ചിലർക്ക് പുച്ഛവും. പക്ഷേ, ഇന്ന് അങ്ങനെയല്ല. നാട്ടുകാരൊക്കെ പ്ലാസ്റ്റിക് ഉപേക്ഷിക്കുകയോ കത്തിക്കുകയോ ചെയ്യാതെ വീട്ടിലേക്ക് കൊണ്ടുവരുന്നതും വീട്ടുകാരുടെ പിന്തുണയും ഏറെ കരുത്ത് പകരുന്നുണ്ട്. ശേഖരിക്കുന്ന പ്ലാസ്റ്റിക് വീട്ടിലെത്തിച്ച് കഴുകി വൃത്തിയാക്കിയശേഷമാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ പ്രത്യേക രീതിയില്‍ വള്ളിപോലെ വെട്ടിയെടുക്കും. അതിനായി ഒരു യന്ത്രം അദ്ദേഹം സ്വന്തമായി നിർമിച്ചിട്ടുണ്ട്.
വിശപ്പിെൻറ നോവാണ് അഞ്ചാംക്ലാസിൽനിന്ന് പഠനം നിർത്തി ജോലിക്ക് ഇറങ്ങാൻ നിർബന്ധിതനാക്കിയത്. കുരുമുളക് നുള്ളലായിരുന്നു ആദ്യം പണി. പിന്നെ പുരകെട്ടാനും വേലികെട്ടാനുമൊക്കെ പോയിത്തുടങ്ങി. പിന്നീട് കൈതോലയും പനയോലയുമൊക്കെ ഉപയോഗിച്ച് പൂക്കൊട്ടയും വട്ടിയുമൊക്കെ നിർമിക്കാന്‍ പഠിച്ചു. അന്നത്തെ അനുഭവങ്ങളാണ് പിന്നീട് പ്ലാസ്റ്റിക് കൊട്ട നിർമാണത്തിന് സഹായകമായത്. മാസങ്ങളുടെ പരിശ്രമത്തിലൂടെ വൈവിധ്യമാർന്ന നിർമാണരീതിയും വശത്താക്കി.
വീടിനോടു ചേർന്നുള്ള പണിപ്പുരയിലാണ് നിർമാണവും ഗോഡൗണുമെല്ലാം. സാമ്പത്തികശേഷി അനുവദിക്കാത്തതുകൊണ്ട് വിറകുപുര വര്‍ക്ക്ഷോപ്പാക്കി മാറ്റുകയായിരുന്നു. നിലവിൽ ആരോഗ്യസ്ഥിതി അനുവദിക്കാത്തതുകൊണ്ട് തെങ്ങുകയറ്റ ജോലിക്ക് പോകുന്നത് കുറവാണ്.
''പണ്ടൊക്കെ നിർമിക്കുന്ന ഉൽപന്നങ്ങൾ ആളുകൾക്ക് സൗജന്യമായി നൽകിയിരുന്നു. പിന്നീട് ആവശ്യക്കാർ കൂടിയതോടെ ചെറിയ പൈസ വാങ്ങാൻ തുടങ്ങി. പേക്ഷ, വാങ്ങുന്നവരോട് എനിക്ക് രണ്ട് ഉപാധികളുണ്ട്. അതൊരിക്കലും കത്തിച്ചുകളയുകയോ മണ്ണില്‍ കുഴിച്ചുമൂടുകയോ ചെയ്യരുത്. ഈ ഉല്പന്നങ്ങള് ഒരുപാട് വര്‍ഷം കേടുകൂടാതെ ഇരിക്കും'' -അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിലെ നിരവധി സ്കൂളുകൾ, ശുചിത്വ മിഷെൻറ വിവിധ പരിപാടികൾ, പ്രദർശനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പ്ലാസ്റ്റിക് അപ്സൈക്ലിങ്ങിനെക്കുറിച്ച് നിരവധി ക്ലാസുകൾ എടുത്തിട്ടുണ്ട് മനോഹരൻ. കോവിഡിനെ തുടർന്ന് പരിപാടികൾ കുറവാണെങ്കിലും പ്ലാസ്റ്റിക്കിനെതിരായ ബോധവത്കരണം സമൂഹമാധ്യമത്തിലും മറ്റും വിശ്രമമില്ലാതെ തുടരുന്നുണ്ട്.
വിദ്യാർഥികൾക്കും അധ്യാപകർക്കും ഇതുസംബന്ധിച്ച് പരിശീലനം നൽകാനും മനോഹരൻ മുന്നിലുണ്ട്. നാട്ടിലെ സാംസ്കാരിക സംഘടനകളുടെ അവാര്‍ഡ്, പി.വി. തമ്പി സ്മാരക പരിസ്ഥിതി എന്‍ഡോവ്മെൻറ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഭാര്യ ശാരദ. മക്കൾ മഹേഷ്, മുകേഷ്, രാഗേഷ്. ഫോൺ: 9656319445.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.