'ലോക സിനിമയിലേക്ക് മലയാളികൾക്ക് ജാലകം തുറന്നവർ'; എംസോൺ ടീം സംസാരിക്കുന്നു
text_fieldsലോക സിനിമയിലേക്ക് മലയാളത്തിെൻറ ജാലകം തുറക്കുകയായിരുന്നു മലയാളം സബ് ടൈറ്റിൽ കൂട്ടായ്മയായ എംസോൺ
ലോക സിനിമകളെ തെളിമലയാളം സബ്ടൈറ്റിലുകളിലൂടെ അനായാസം ആസ്വദിക്കാൻ കഴിഞ്ഞുതുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് തികയുകയാണ്. സാേങ്കതികവിദ്യയുടെ കുതിച്ചുചാട്ടത്തിൽ വ്യത്യസ്തമായ ഭാഷാസിനിമകൾ ലോകമെങ്ങും പരന്നൊഴുകിയപ്പോൾ ലോക സിനിമാസാഗരത്തിൽ മലയാളത്തിലൊരു തോണിയിറക്കാൻ കുറച്ച് ചെറുപ്പക്കാർ നിസ്വാർഥമായി ഇറങ്ങിത്തിരിക്കുകയായിരുന്നു
ചലച്ചിത്രമേളകളിലെ ബുദ്ധിജീവി പ്രേക്ഷകരിൽ മാത്രം ഒതുങ്ങിയിരുന്ന ലോക സിനിമ അങ്ങനെ എല്ലാ മലയാളികൾക്കും സ്വന്തമായി. ബർഗ്മാനും കുറസോവയും മുതൽ മണി ഹൈസ്റ്റും ഗെയിം ഓഫ് ത്രോണും എർതുറൂളും വരെ അങ്ങനെ സാധാരണക്കാരായ പ്രേക്ഷകർക്കും സ്വന്തമായി. യൂനികോഡും ടെലഗ്രാമും മലയാളം സബ്ടൈറ്റിലുമെല്ലാം ചേർന്ന് 'അതിരുകളില്ലാത്ത സിനിമലോക'ത്തേക്കും ചർച്ചകളിലേക്കും മലയാളക്കരയെ എത്തിച്ച ഈ പരിഭാഷാ വിപ്ലവം യഥാർഥത്തിൽ അടയാളപ്പെടുത്തേണ്ട ചരിത്രംതന്നെയാണ്.
ഒരു കാലത്ത് ചലച്ചിത്രമേളകളെയും ചലച്ചിത്ര അക്കാദമികളെയും ഫിലിം സൊസൈറ്റികളെയും മാത്രം കേന്ദ്രീകരിച്ചിരുന്ന ലോക സിനിമാചർച്ചകൾ ഇന്ന് സ്കൂൾതലങ്ങൾ വരെയെത്തിച്ച ഈ സ്വീകാര്യതയെ അവഗണിക്കാനാവില്ല. സിനിമകൾ ലഭിക്കാനായി 'ടൊറൻറി'െൻറ ദാക്ഷിണ്യത്തിനായി കാത്തിരുന്ന തരംഗം എത്ര പെട്ടെന്നാണ് ടെലഗ്രാമിെൻറ അനന്തസാധ്യതകളിലേക്ക് ഊളിയിട്ടത്. ഫ്രഞ്ചും ജർമനും ഇറ്റാലിയനും കൊറിയനും സീരീസുകൾ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽതന്നെ മലയാളം അക്ഷരങ്ങളിലൂടെ പുനർജനിക്കുകയാണ് ഇന്ന് ഈ യുവാക്കളുടെ കൂട്ടായ്മയിലൂടെ.
ഒരേ ഒരു എംസോൺ
പത്തു വർഷംകൊണ്ട് 2788 ലോക സിനിമകളുടെ പരിഭാഷകൾ എന്നത് അത്ര വലിയ സംഭവമൊന്നുമല്ല. പക്ഷേ, അത് ഒരു ജനതയിൽ സൃഷ്ടിച്ച ആവേശത്തിെൻറ കരുത്താണ് മലയാളം 'സബ്ടൈറ്റിൽ ഫോർ എവരിവൺ-എംസോൺ' എന്ന കൂട്ടായ്മയുടെ വിജയരഹസ്യം. എംസോൺ അണിയറയിൽ പ്രവർത്തിക്കുന്ന ഒാരോരുത്തരും വ്യത്യസ്ത ജോലികളിൽ ഏർെപ്പട്ടവരാണ്. ഒഴിവുസമയങ്ങളിലെ നിസ്വാർഥ സേവനവും സിനിമകളോടുള്ള താൽപര്യവുമാണ് അവരെ മുന്നോട്ടുനയിക്കുന്നത്. ഇതുവരെ പരിഭാഷയൊരുക്കിയ 2788 സിനിമകളിൽ 229 സീരീസുകളുമുണ്ട്. 80ലധികം ഭാഷകളിലെ സിനിമകളാണ് മൊഴിമാറ്റം ചെയ്യപ്പെട്ടത്. ഇതിൽ 1136 ഇംഗ്ലീഷ് സിനിമകൾ. തൊട്ടുപിന്നാലെ കൊറിയൻ സിനിമകളുണ്ട്- 336 എണ്ണം. ഹിന്ദി-295, ഫ്രഞ്ച്- 131, സ്പാനിഷ്- 111 എണ്ണം. 560ലേറെ പരിഭാഷകരാണ് ഇന്ന് എംസോണിനു കീഴിൽ പ്രവർത്തിക്കുന്നത്.
എംസോൺ ഫേസ്ബുക്ക് കൂട്ടായ്മയുടെ ഗ്രൂപ്പിലിപ്പോൾ 127.7 കെ അംഗങ്ങളുണ്ട്. മൂന്നു സ്ഥാപകാംഗങ്ങൾ അടക്കം പത്തോളം അഡ്മിൻമാരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്.
തുടക്കം ചിൽഡ്രൻ ഓഫ് ഹെവനിൽനിന്ന്
ശ്രീജിത്ത് പരിപ്പായി, പ്രമോദ് കുമാർ, ഗോകുൽ ദിനേശ് ഇവർ മൂന്നുപേരെയും ഫേസ്ബുക്കിലെ സിനിമ പാരഡൈസോ എന്ന ഗ്രൂപ്പിൽ ഒന്നിപ്പിച്ചതിനു പിന്നിൽ ഒരു ഘടകമുണ്ടായിരുന്നു; മലയാളം ഉപശീർഷകം. സി.എസ്. വെങ്കിടേശ്വരെൻറ 'സബ്ടൈറ്റിലുകളുടെ രാഷ്ട്രീയം' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു മൂവരെയും ഒന്നിച്ചുചേർത്തത്. അക്കാലത്ത് ഇരുമ്പനം സ്കൂളിലെ സനൽ മാഷും കുട്ടികളും ചേർന്ന് കുറസോവയുടെ 'ഡ്രീംസ്' എന്ന സിനിമക്ക് മലയാളം സബ്ടൈറ്റിൽ ചെയ്തിട്ടുണ്ട് എന്നറിഞ്ഞ് അതേക്കുറിച്ച് കൂടുതൽ പഠിച്ചു. ഒടുവിൽ ഇറാനിയൻ സംവിധായകൻ മജീദി മജീദിയുടെ 'ചിൽഡ്രൻ ഓഫ് ഹെവൻ' നാലു ദിവസത്തിനുള്ളിൽ മൂവരും ചേർന്ന് 2012 സെപ്റ്റംബർ 28ന് സബ്ടൈറ്റിൽ പൂർത്തിയാക്കി. അതോടെ പുതിയ ഫേസ്ബുക്ക് ഗ്രൂപ്പും പിറന്നു.' മലയാളം സബ്ടൈറ്റിൽ ഫോർ എവരിവൺ'. ചുരുക്കപ്പേരിൽ എംസോൺ. ആദ്യവർഷം ഏഴോ എട്ടോ സിനിമകൾ മാത്രമായിരുന്നു ചെയ്തത്. ഈ കാലയളവിൽ 300ഓളം അംഗങ്ങളായിരുന്നു ആ ഫേസ്ബുക്ക് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. വൈകാതെ കൂടുതൽ പരിഭാഷകരെത്തി. രണ്ടു വർഷമെടുത്തു 100 സിനിമകൾക്ക് ഉപശീർഷകം തയാറാക്കാൻ. എംസോണിെൻറ േബ്ലാഗായിരുന്നു സബ്ടൈറ്റിൽ ഫയൽ (എസ്.ആർ.ടി) ഇടാൻ തെരഞ്ഞെടുത്ത ഇടം. സിനിമകളെക്കുറിച്ചുള്ള ചെറുവിവരണവും അതിൽ കൊടുക്കുമായിരുന്നു.
പരിഭാഷയുടെ മൊഴിയഴക്
കോരിത്തരിപ്പിക്കുന്നതും പിടിച്ചിരുത്തുന്നതുമായ വിവർത്തനങ്ങൾ ചെയ്ത് അതിശയിപ്പിച്ചവർ ഏറെയുണ്ട് കൂട്ടായ്മയിൽ. ഈ സിനിമ മലയാളത്തിലേക്ക് ആക്കാമോ എന്ന എംസോണിെൻറ ഫേസ്ബുക്ക് ഗ്രൂപ്പിലെ അഭ്യർഥനകളിൽനിന്നാണ് സബ്ടൈറ്റിൽ ചുമതല ഏറ്റെടുക്കുന്നതിൽ എത്തുന്നത്. ആർക്കും ഏറ്റെടുക്കാം. സാേങ്കതികപ്രശ്നങ്ങൾക്കും പരിഹാരനിർദേശങ്ങെളത്തും. ഒരു സിനിമക്ക് ഒന്നിലേറെ വിവർത്തനങ്ങളെത്തുന്നതും പതിവാണ്. ഇതുവരെ എംസോണിൽനിന്ന് 1,06,14,464 തവണ സബ്ടൈറ്റിലുകൾ ഡൗൺലോഡ് ചെയ്യെപ്പട്ടിട്ടുണ്ട്. 152 സിനിമകൾക്ക് സബ്ടൈറ്റിൽ ചെയ്ത് ശ്രീധറിെൻറ സംഭാവനയാണ് എംസോണിൽ കൂടുതലായുള്ളത്. ഫഹദ് അബ്ദുൽ മജീദ് -110 ഉം, ഷിഹാബ് എ. ഹസൻ- 86 ഉം സിനിമകൾക്ക് സബ്ടൈറ്റിൽ ചെയ്തിട്ടുണ്ട്. പ്രായഭേദമന്യേ സബ്ടൈറ്റിൽ ചെയ്യുന്നവരുടെ എണ്ണം വളരെ കൂടിവരുന്നുണ്ട്. ഗുണനിലവാരമില്ലാത്ത പലതും തള്ളിപ്പോവാറുമുണ്ട്.
േബ്ലാഗിൽ നഷ്ടപ്പെട്ടത്
2017 വരെ എംസോൺ േബ്ലാഗിനെ ആശ്രയിച്ചാണ് നിന്നത്. സിനിമയുടെ പോസ്റ്റർ ഉപയോഗിച്ചതിന് പകർപ്പവകാശ നിയമലംഘനത്തിന് േബ്ലാഗ് പൂട്ടിക്കുകയായിരുന്നു. ഒരു നാൾ പൊടുന്നനെ സംഭവിച്ച അടച്ചുപൂട്ടലിൽ അതുവരെ സംഭരിച്ച ഡേറ്റയും റിലീസിങ് ക്രമമടക്കം നഷ്ടമായി. 'ബാക്കപ്പ്' ഉണ്ടായിരുന്നത് ഭാഗ്യമായി. േബ്ലാഗ് പൂട്ടിയ അവസ്ഥയിൽ യു.ആർ.എല്ലും സർവറുമൊക്കെ വേണ്ടിവന്നു. പണച്ചെലവും അതിനനുസരിച്ച് കൂടി. പ്രതിവർഷം പതിനായിരം രൂപയെങ്കിലും വേണമായിരുന്നു. അത് അഡ്മിൻമാർ പങ്കുവെച്ചെടുക്കുകയായിരുന്നു. ഇപ്പോഴും അങ്ങനെത്തന്നെയാണ്. മൂന്നുമാസം മുമ്പ് കീച്ചെയിനും തൊപ്പിയും എംസോണിേൻറതായി ഇറക്കി പരീക്ഷിച്ചിരുന്നു. അത് വിജയകരമായത് സാമ്പത്തികമായി അൽപം ആശ്വാസം പകർന്നു.
യൂനികോഡിെൻറ വരവ്
പൊതുവിൽ സബ്ടൈറ്റിൽ തയാറാക്കുന്നതിലെ സാങ്കേതികത താരതമ്യേന ലളിതമായിരുന്നു. ഇംഗ്ലീഷ് ഭാഷ അറിയുന്നവർക്ക് അത് എളുപ്പം തയാറാക്കാം. ആദ്യകാലത്ത് അവ അപ്ലോഡ് ചെയ്തശേഷം സിനിമയുമായി ചേരാനുള്ള ബുദ്ധിമുട്ട് പലരും പറഞ്ഞിരുന്നെന്ന് ആദ്യകാല അഡ്മിൻമാരിലൊരാളായ പ്രമോദ് കുമാർ പറയുന്നു. മാത്രമല്ല, പല വിഡിയോ ഫോർമാറ്റുകളും മലയാളം ഫോണ്ടിൽ പ്രവർത്തിക്കുമായിരുന്നില്ല. 2012 ആകുമ്പോഴേക്കും യൂനികോഡ് ഫോണ്ട് കൂടുതൽ സാർവത്രികമായതാണ് ഉപശീർഷകം തയാറാക്കുന്ന പ്രവർത്തനം സുഗമവും സാർവത്രികവുമാക്കിയത്. മാത്രമല്ല, സിനിമ പ്രവർത്തിക്കുന്ന െപ്ലയറുകളും മലയാളം ഫോണ്ട് സ്വീകരിക്കുന്ന അവസ്ഥയുണ്ടാകുകയും ചെയ്തു. ഇതിനോടൊപ്പമാണ് ടെലഗ്രാം ആപ്പിെൻറ വരവ്. സിനിമകൾ സാർവത്രികവും കൈയെത്തുംദൂരത്ത് ഏതു സിനിമയും ലഭ്യമാക്കിയതിൽ ടെലഗ്രാമിെൻറ പങ്ക് വിസ്മരിക്കാനാവില്ല. എംസോണിനെ സംബന്ധിച്ചിടത്തോളം നിർണായക കാലഘട്ടമായിരുന്നു അത്. അതേസമയം, പകർപ്പവകാശപ്രശ്നത്തെത്തുടർന്ന് ടെലഗ്രാമിൽനിന്ന് വെബ്സൈറ്റിലേക്ക് എംസോൺ ചുവടുവെച്ചു. അതേസമയം, ടെലഗ്രാമിൽ പലരും എംസോൺ എന്ന പേരിൽ വ്യാജമായി തുടരുന്നത് എംസോൺ ഭാരവാഹികളെ വലക്കുന്നുണ്ട്.
ലക്ഷങ്ങളുടെ ആരാധകർ
2014 ഡിസംബർ 15നായിരുന്നു 100ാമത്തെ പടം റിലീസ് ചെയ്തതെങ്കിൽ ആ സംഖ്യ ആയിരത്തിലെത്താൻ നാലു വർഷമേ വേണ്ടിവന്നുള്ളൂ. 1000 എന്നത് 2000 ആകാൻ വേണ്ടിവന്നത് ഒരു വർഷവും ആറു മാസവും രണ്ടു ദിവസവും. കോവിഡ് ഒന്നാം തരംഗത്തിനിടെ പ്രേക്ഷകരിലുണ്ടായ കുതിച്ചുകയറ്റമായിരുന്നു 2020 ആഗസ്റ്റ് 26ന് സബ്ടൈറ്റിൽ 2000ത്തിലെത്താൻ പ്രേരകമായത്.
ടെലഗ്രാം സാർവത്രികമായ സമയത്തുതന്നെയാണ് വെബ് സീരീസുകളുടെ ഉദയവും. മണി ഹൈസ്റ്റ് പോലുള്ള 'വെബ്സീരീസി'നായിരുന്നു ഡിമാൻഡ്. കൊറിയൻ വെബ് സീരീസുകളിൽ പലതും മലയാളികൾ ചേർത്തുപിടിച്ചു. ലോക്ഡൗണിനുമുമ്പ് 30,000-35,000 പേരുണ്ടായിരുന്ന എംസോൺ ഫേസ്ബുക്ക് ഗ്രൂപ്പിെൻറ പിന്തുണ മാസത്തിനുള്ളിൽ മൂന്നിരട്ടികൂടി ലക്ഷം കവിഞ്ഞു. അതിനാവശ്യമായ വെബ്സൈറ്റിെൻറ ബാൻഡ്വിഡ്ത്ത് സൗകര്യവും ഒരുക്കേണ്ടിവന്നു. അതോടൊപ്പം എംസോണിെൻറ സ്വഭാവത്തിലും മാറ്റം പ്രകടമായി.
പുതുതലമുറ സിനിമകളിലേക്ക്
മാറുന്ന അഭിരുചിക്കൊപ്പം എംസോണിന് പുതിയ അഡ്മിന്മാരും രൂപവും കൈവന്നു. പ്രവീൺ അടൂർ, മുജീബ് റഹ്മാ ൻ, ശ്രീധർ, രാഹുൽ രാജ്, നിഷാദ്, ഫ്രെഡി ഫ്രാൻസിസ്, പ്രശോഭ് എന്നിവരുടെ ചുമതലയിലാണ് ഇപ്പോൾ പ്രയാണം. സിനിമ, വെബ് സീരീസ്, സബ്ടൈറ്റിൽ ഗുണനിലവാര പരിശോധന, ഭാഷ തുടങ്ങിയ ഉപഘടകങ്ങൾ തിരിച്ച് ജോലി പങ്കുവെക്കലും ഇപ്പോൾ സുഗമമായ പ്രവർത്തനത്തിന് സഹായകമാവുന്നുണ്ട്. കലാമൂല്യമുള്ള, നിരൂപകപ്രശംസ നേടിയ ചിത്രങ്ങളായിരുന്നു ആദ്യകാലത്ത് മലയാളം ഉപശീർഷകത്തിന് തിരഞ്ഞെടുത്തിരുന്നതെങ്കിൽ ഇപ്പോൾ വാണിജ്യ സിനിമകളുടെയും വെബ്സീരീസുകളുടെയും സബ്ടൈറ്റിലിനാണ് ഡിമാൻഡ്. ജനപ്രിയ സിനിമകളിലേക്ക് ഉപശീർഷക തയാറാക്കലുകൾ ശ്രദ്ധകേന്ദ്രീകരിച്ചത് കലാമൂല്യപ്രേക്ഷകരുടെ എതിർപ്പിന് കാരണമായി. പലരും പുതുഗ്രൂപ്പുകൾ ഉണ്ടാക്കിയും ഒറ്റക്കുനിന്നും മലയാളം സബ്ടൈറ്റിലുകൾ ചെയ്തുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.