പുതുതലമുറ മലയാള ഭാഷക്ക് നൽകുന്ന സംഭാവനകൾ
text_fieldsഒരു കേരളപ്പിറവി ദിനംകൂടി കഴിഞ്ഞുപോയി. കേരളത്തിന് 68 വയസ്സായി. മലയാളം സംസാരിക്കുന്ന ജനങ്ങളെ കൂട്ടിച്ചേർത്ത് 1956 നവംബർ ഒന്നിനാണ് ഇന്ന് കാണുന്ന കേരള സംസ്ഥാനം രൂപവത്കരിക്കുന്നത്.
ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഒട്ടേറെ ഉണ്ടെങ്കിലും മലയാള ഭാഷയാണ് കേരളമെന്ന പുതിയ സംസ്ഥാനത്തിന്‍റെ സൃഷ്ടികർമത്തിന് അടിസ്ഥാനമായത്.
‘ആറു മലയാളിക്ക് നൂറു മലയാളം’
വാമൊഴി ഭാഷയുടെ ഐക്യത്താൽ ചേർത്തെടുത്ത നമ്മുടെ നാടിന്‍റെ പ്രധാന സവിശേഷത ഭാഷയുടെ വൈവിധ്യമായിരുന്നു. ‘ആറു മലയാളിക്ക് നൂറു മലയാളം’ എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയാണ്. ഓരോ ഇടങ്ങൾക്കും ഓരോ ഭാഷ, ഭാഷാഭേദങ്ങൾ, ശൈലികൾ എന്നിങ്ങനെ വൈജാത്യങ്ങളുടെ സങ്കലനമാണ് മലയാള ഭാഷ.
അനുദിനം നവീന പദങ്ങൾ കടന്നുവന്ന് ചന്തം കൂടിവരുന്ന മൊഞ്ചത്തിയാണ് നമ്മുടെ വാമൊഴി ഭാഷ. സംസാരഭാഷക്കാണ് ഭംഗി കൂടുതൽ. ഓരോ പറച്ചിലുകൾക്കും ഓരോ രസമാണ്. ജൈവികമാണത്. എന്നാൽ, സാഹിത്യത്തിലെ ഭാഷ എല്ലാവർക്കും രസിക്കണമെന്നില്ല.
പുതുതലമുറ രൂപപ്പെടുത്തിയ വാക്കുകൾ
പുതുതലമുറ രൂപപ്പെടുത്തിയ നിരവധി വാക്കുകളുണ്ട്. സ്വന്തം വികാരങ്ങൾ വെളിപ്പെടുത്താൻ ചെറുപ്പക്കാർ ഉണ്ടാക്കിയ സർഗാത്മക പ്രതീകങ്ങളാണ് പുതിയ വാക്കുകൾ എന്ന് പറയാം.
വിദ്യാർഥികളുടെയും യുവജനങ്ങളുടെയും കൂടിച്ചേരലുകളിലൂടെ ഉണ്ടായിവരുകയും പറഞ്ഞും കേട്ടും യഥാവസരം പ്രയോഗിച്ചുമൊക്കെ ചിരപ്രതിഷ്ഠ നേടുകയും ചെയ്യുന്ന വാക്കുകൾ ഭാഷാ നിഘണ്ടുവിലേക്കും മലയാളിയുടെ വാമൊഴി വഴക്കത്തിലേക്കും എത്രയോ പദങ്ങൾ നിരന്തരമായി കണ്ണിചേർക്കുന്നുണ്ട്. ചെത്തും അടിപൊളിയും ഒക്കെ അങ്ങനെ വന്നുചേർന്നതാണ്.
പരസ്പരം കളിയാക്കാനും വിഷമം തീർക്കാനും പൊങ്ങച്ചം പറയാനും കാര്യം നേടിയെടുക്കാനും അടിച്ചിരുത്താനുമൊക്കെ സന്ദർഭാനുസരണം ഉപയോഗിക്കപ്പെടുന്ന സാധാരണ പദങ്ങളായി മാറിയ ആധുനിക വാക്കുകളിൽ ചിലത് പരിചയപ്പെടാം.
പൊളിയാണീ ന്യൂജൻ വാക്കുകൾ
പുതിയ വാക്കുകളിലേക്ക് കണ്ണോടിക്കുക എന്നത് വേറിട്ട അനുഭവമായിരിക്കും. നമ്മുടെ കുട്ടികൾ സംസാരിക്കുന്ന എത്രയോ വാക്കുകൾ വിസ്താര ഭയത്താൽ ഒഴിവാക്കിയിട്ടുണ്ട്. ഒട്ടേറെ വാക്കുകൾ വേണ്ടത്ര അന്വേഷണം ഇല്ലാത്തതിനാൽ ലഭ്യമായിട്ടുമില്ല.
വിവര സാങ്കേതികവിദ്യയുടെ അടിമകളും ഉടമകളുമായി ഒരേസമയം പ്രവർത്തിക്കുന്ന നമ്മുടെ കുട്ടികൾ ഉണ്ടാക്കിയ പ്രിയങ്കരമായ ചില വാക്കുകളിലൂടെ നമുക്ക് കടന്നുപോകാം. ‘കേരളപ്പിറവി ദിനാഘോഷമാകട്ടെ വിഷയം’
ഒരു വിദ്യാലയത്തിൽ ഹൈസ്കൂൾ ക്ലാസിൽ കേരളത്തിന്‍റെ അറുപത്തെട്ടാമത് ‘ഹാപ്പി ബർത്ത് ഡേ’യെക്കുറിച്ച് ഒരു അധ്യാപിക വിശദീകരിക്കുകയും ആഘോഷ പരിപാടികൾ ആസൂത്രണംചെയ്ത് നടപ്പാക്കാനുള്ള ചുമതല കുട്ടികൾക്ക് നൽകുകയും ചെയ്യുന്നതോടെ കുട്ടികൾ വല്ലാതെ ഉഷാറാവും. നമുക്ക് അവരിലേക്ക് പോകാം.
ഇതൊക്കെ ‘ചീള്’ കേസ് അല്ലേ ടീച്ചറെ? നമുക്ക് പരിപാടി ‘കിടു’വാക്കാം എന്ന് പറഞ്ഞ് അവരതങ്ങ് ഏറ്റെടുക്കും.
ഞങ്ങളെല്ലാവരും ‘കട്ടക്ക്’ കൂടെയുണ്ട് ടീച്ചറേ എന്നവർ ആണയിടും.
അപ്പോൾ മുതൽ കേരളപ്പിറവി ദിനാഘോഷം ‘പൊളി’യാക്കാനായി വിവിധങ്ങളായ ‘കിടുക്കാച്ചി’ പരിപാടികൾ അവർ കണ്ടെത്തും.
വളരെ പെട്ടെന്നുതന്നെ വരൂ ‘ഗയ്സ്’ എന്ന സംബോധനയോടെ എല്ലാ ‘ചങ്ക് ബ്രോ’കളെയും ‘ചങ്കത്തികളെ’യും അവർ വിളിച്ചുകൂട്ടും.
‘നൈസ്’ പരിപാടികൾ മതിയെന്ന് പറയുന്ന ‘ജുവാക്കളും ജുവതികളുമായ’ മാഷന്മാരെയും ടീച്ചർമാരെയും അവരെല്ലാം ചേർന്ന് ‘തേച്ചൊട്ടിക്കും’.
‘തേച്ചിട്ട്’ പോയവരെയും ‘നിഷ്കു’മാരെയും ഒരുപോലെ ദിനാഘോഷത്തിൽ പങ്കാളികളാക്കും.
‘ബെസ്റ്റി’കളുമായി കറങ്ങിനടക്കുന്ന ‘ദുരന്ത’ങ്ങളെ ആ കുട്ടി കണ്ടില്ലെന്ന് നടിക്കും. അടിപൊളിയായ ‘സൈറ്റു’കൾ കണ്ടെത്തി ‘അഡാർ’ പരിപാടികൾ ‘സെറ്റ്’ ചെയ്യും.
ടീച്ചറെ സോപ്പിട്ട് ദിനാഘോഷത്തിന് പാര പണിയുന്ന ‘പഠിപ്പി’കളെ കൂളായി തങ്ങളുടെ കൂടെക്കൂട്ടി സംഭവം ‘മരണമാസാ’ക്കും. ‘ചങ്കത്തി’കളോട് ‘ക്രഷ്’ തോന്നുന്ന ‘കുണുവാവ’മാരെയും ‘കണ്ണാപ്പിമാരെ’യും ‘ഡ്യൂഡ്’മാരെയുമൊക്കെ പരിപാടി ‘കളറാ’ക്കാനായി വരൂ ‘സഹോ’ എന്നു പറഞ്ഞു സ്നേഹത്തോടെ ക്ഷണിക്കും.
എന്തിനുമേതിനും ‘നെഗറ്റീവ് അടിപ്പിക്കുന്ന’ ‘തന്തവൈബിനോടും തള്ളവൈബി’നോടും കേരളപ്പിറവി ദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ‘തള്ളി മറിക്കും’.
സ്കൂളിലെ ‘ബാഡ് ട്രിപ് ടീംസി’നോട് നേരിട്ടു ചെന്ന് സംസാരിച്ച് കാര്യമറിയാതെ ‘ശോകം മൂഡ്’ ക്രിയേറ്റ് ചെയ്യാതിരിക്കാനായി അൽപസ്വൽപം ‘കലിപ്പ്’ കാണിക്കാനും പുതിയ കാലത്തെ കുട്ടികൾ റെഡിയാണ്. ‘പ്രാങ്ക്’ പറയാനും ‘തഗ്ഗടിക്കാനും’ അവർക്ക് മടിയൊന്നുമില്ല.
കാര്യം നടക്കണം എന്ന കാര്യത്തിൽ മാത്രം അവർക്ക് തർക്കമില്ല.
ഒടുവിൽ കേരളപ്പിറവി ദിനാഘോഷം ‘മിന്നിച്ച്’ വിജയിച്ചു വരുന്ന ആ കുട്ടികളോട് നാട് ഒന്നടങ്കം വിളിച്ചു പറയും.
‘മാസ് ഡാ... മോനേ’ന്ന്.
ഇവിടെ സവിശേഷമായി സൂചിപ്പിച്ച വാക്കുകൾ നമ്മുടെ കുട്ടികളുടെ സംസാര ഭാഷയിലെ നിത്യസാന്നിധ്യങ്ങളാണ്. അവർക്കു മാത്രം മനസ്സിലാകുന്ന തരത്തിൽ അവാച്യമായ അർഥവും അനുഭൂതിയും നിറക്കുന്ന നിരവധി വാക്കുകൾ ഇനിയുമുണ്ടാകാം, ഉണ്ടായിക്കൊണ്ടേയിരിക്കണം. കാരണം, ഭാഷയുടെ പത്തായത്തിൽ വാക്കിന്‍റെ അറകൾ ഇനിയുമൊരുപാട് തുറന്നുകിടക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ.
ഭാഷകളുടെ അതിജീവനം എന്നത് ഇത്തരം വാക്കുകളുടെ ആവിർഭാവംതന്നെയാണ്. പുതിയ വാക്കുകൾ കടന്നുവരാത്ത ഭാഷകൾ മൃതഭാഷകളായി മാറുന്നു എന്നറിയുമ്പോഴാണ് നമ്മുടെ കുട്ടികൾ ഭാഷകൾക്ക് നൽകുന്ന സംഭാവനയുടെ വ്യാപ്തി മനസ്സിലാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.