റമദാൻ പൊലിവിന്റെ പൊന്നാനി രാവുകൾ
text_fieldsപലരുംവരെ തുറന്നിടും റമദാൻ നാളുകളിൽ കടകേമ്പാളങ്ങൾ. ആളാരവംകൊണ്ട് രാവിനെ പകലാക്കുന്ന തെരുവീഥികൾ. ബഹുവർണ പാനൂസ വിളക്കുകൾ അലങ്കാരം തൂകുന്ന തറവാട്ടുമുറ്റങ്ങൾ. നിറഞ്ഞുകവിയും പള്ളിയകങ്ങൾ. അടുക്കളകളിൽ നിന്നും പലഹാരപ്പഴമയുടെ കൊതിയൂറും ഗന്ധം... ചെറിയമക്ക എന്ന പൊന്നാനിയിലെ നോമ്പുരാവുകൾക്കിന്നും പൊലിവേറെയാണ്.
നോമ്പുകാലത്തെ ഇത്രമേൽ ആഘോഷമാക്കുന്ന മറ്റൊരു പ്രദേശം കേരളത്തിലുണ്ടോ എന്ന് സംശയമാണ്. പൗരാണിക തുറമുഖനഗരിയുടെ തനിമയും പെരുമയും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ ഇന്നാട്ടുകാർ അത്രയേറെ ശ്രദ്ധാലുക്കളാണ്.
കോവിഡും മറ്റു പ്രയാസങ്ങളും സകലതും ചവിട്ടിമറിച്ചപ്പോൾ പ്രാദേശിക ഭരണകൂടത്തിെൻറ തന്നെ മുൻകൈയിൽ നോമ്പ്^പെരുന്നാൾ കാലത്തെ പൊന്നാനിപ്പെരുമ വീണ്ടെടുക്കാൻ ‘പാനൂസ’ എന്ന പേരിൽ പോയവർഷം ഒരാഴ്ച നീണ്ട ആഘോഷംതന്നെ സംഘടിപ്പിച്ചു.
പെരുമയുടെ പഴമ
വീട് വൃത്തിയാക്കലും മറ്റും പൂർത്തിയാക്കി ആവേശത്തോടെയാണ് പൊന്നാനിക്കാർ നോമ്പുമാസത്തെ വരവേൽക്കുക. നഗരത്തിലെ തറവാട്ടുകാർക്കാണ് നോമ്പിെൻറ ചിട്ടവട്ടങ്ങളിൽ മാമൂലുകൾ കൂടുതൽ. മരുമക്കത്തായം നിലനിൽക്കുന്ന പ്രദേശമായതിനാൽ നോെമ്പത്തുംമുന്നേ പുതിയാപ്ലയുടെ വക ഭാര്യവീട്ടിലേക്ക് അരിയും മറ്റു സകല പലവ്യഞ്ജനങ്ങളും എത്തിക്കുന്ന പതിവ് ഇന്നുമുണ്ട്.
കേമമാകും നോമ്പുതുറ
നോമ്പിലെ ചടങ്ങുകളിൽ കേമം നോമ്പുതുറ തന്നെ. ചെറിയ നോമ്പുതുറ, വലിയ നോമ്പുതുറ, മുത്താഴം, അത്താഴം എന്നിങ്ങനെ രാത്രി നാലുതരം ഭക്ഷണസമയങ്ങളുണ്ട്. ഒാരോന്നും പൊന്നാനിത്തനിമയുള്ള വിഭവങ്ങളാൽ സമൃദ്ധം. പൊന്നാനിയിലെ അറിയപ്പെടുന്ന പാചകക്കാരിയും ‘അപ്പങ്ങളെമ്പാടും’ എന്ന പൊന്നാനി രുചി കൂട്ടായ്മ ലീഡറുമായ പി.കെ. ജമീല അവ വിവരിച്ചുതന്നതിങ്ങനെ...
പുതിയാപ്ല സൂപ്പർ സ്റ്റാർ
നോമ്പിന് പുതിയാപ്ലയാണ് വീടുകളിലെ സൂപ്പർ സ്റ്റാർ. പുതിയാപ്ലെയ കരുതിയാണ് പലഹാരങ്ങൾ എല്ലാം ഉണ്ടാക്കുക. പുതിയാപ്ല വീട്ടിലില്ലേൽ ഇൗ വിഭവങ്ങളെല്ലാം തയാറാക്കി പുതിയാപ്ലയുടെ വീട്ടിലേക്ക് പെൺവീട്ടിൽനിന്ന് കൊടുത്തയക്കും.
മഗ്രിബ് ബാങ്ക് കൊടുത്ത പാടെയുള്ളതാണ് ചെറിയ നോമ്പുതുറ. ഇൗത്തപ്പഴവും നാരങ്ങവെള്ളവും കഴിഞ്ഞാൽ പിന്നെ പലഹാരങ്ങളുടെ നിറവാണ്. മുട്ടമാല, മുട്ടസുർക്ക, നിറച്ച പത്തിരി, വയക്കട (ഉന്നക്കായ), തരിപ്പോള, തരിക്കഞ്ഞി, ചിരട്ടിമാല, മുട്ടപ്പത്തിരി തുടങ്ങി ‘അല്ലാഹു അഅ്ലം’ എന്ന അസ്സൽ പൊന്നാനി വിഭവം വേറെയും. അടുത്തകാലത്താണ് പഴവർഗങ്ങൾ പലഹാരങ്ങൾക്കൊപ്പം തീൻമേശയിൽ കൂട്ടിനു വന്നത്.
വലിയതുറയും പ്രധാനം
രണ്ടാംഘട്ടമാണ് വലിയ നോമ്പുതുറ. നൈസ് പത്തിരി, കോഴിക്കറി, ബീഫ് കറി, ബീഫ് വരട്ടിയത് എന്നിവയാണ് ഇൗ ഘട്ടത്തിലെ മെയിൻ. ജീരകക്കഞ്ഞിയും വഴക്കരട്ടിയും മീൻ മുളകിട്ടതും ചേർന്ന കോേമ്പായാണ് രണ്ടാംഘട്ട പൊന്നാനി സ്പെഷൽ. പച്ചക്കായ ഉപ്പിട്ട് വേവിച്ച് ഉടച്ചെടുത്ത് അതിലേക്ക് തേങ്ങയും ജീരകവും ചെറിയുള്ളിയും ചേർത്തരച്ചതു കൂട്ടിയാണ് വഴക്കരട്ടിയുണ്ടാക്കുക. പോളയും ബീഫ് കറിയുമാണ് ഇൗ സമയത്തെ മറ്റൊരു താരം.
മുത്താഴവും അത്താഴവും
റമദാനിലെ പ്രത്യേക രാത്രിനമസ്കാരമായ തറാവീഹ് കഴിഞ്ഞുള്ള ഭക്ഷണമാണ് മുത്താഴം. വീടിെൻറ പടാപ്പുറത്തും കോലായയിലും കാരണവന്മാർ ഒത്തുകൂടി സൊറപറയുന്ന സമയമാണിത്. അന്നേരമാണ് കുട്ടികൾ മുത്താഴ വെടി പൊട്ടിക്കുക. ഒരുതരം മിനി പീരങ്കിയാണത്. മുളകൊണ്ടുണ്ടാക്കി മണ്ണെണ്ണ ഉപയോഗിച്ച് തീകൊളുത്തിയാൽ അത്യാവശ്യം നല്ല ശബ്ദത്തിൽ പീരങ്കി തീതുപ്പും. റമദാനിൽ കുട്ടികളുടെ പ്രധാന വിനോദ പരിപാടി ഇതാണ്.
പിന്നെ അത്താഴം. അത്താഴത്തിന് ചോറ്, മീൻകറി, മുരിങ്ങയില തോരൻ എന്നിവക്കു പുറമെ ഒരു പൊന്നാനി സ്പെഷൽ വിഭവമുണ്ട്. ചൂരമീൻ ചമ്മന്തിയാണത്. ലക്ഷദ്വീപിൽനിന്ന് വരുന്ന ഉണക്ക് ചൂര, വീണ്ടും ഉണക്കി തീക്കനലിൽ ചുട്ടു പൊടിച്ച് തേങ്ങയും മറ്റും ചേർത്തുണ്ടാക്കുന്ന ഇൗ ചമ്മന്തി വേറെ ലെവൽ ടേസ്റ്റാണെന്ന് ജമീലത്ത പറയുന്നു.
പൊന്നാനിയിൽ റമദാനിൽ മാത്രമല്ല, വർഷം മുഴുവൻ പുലർച്ചെ രണ്ടു ബാങ്കുണ്ട്. പുലർച്ച നാലു മണിക്ക് ഒരു ബാങ്കും സുബ്ഹിെൻറ സമയത്ത് മറ്റൊരു ബാങ്കും. റമദാനിൽ ഇതിലെ ആദ്യ ബാങ്ക് അത്താഴം കഴിക്കാനുള്ള ഒാർമപ്പെടുത്തലും രണ്ടാം ബാങ്ക് ഭക്ഷണം കഴിക്കുന്നത് നിർത്താനുള്ള മുന്നറിയിപ്പുമാണ്.
കേൾക്കാം പീലൂത്ത്
ഇതിനു പുറമെ, പീലൂത്ത് എന്നൊരു മുന്നറിയിപ്പ് രീതികൂടി പൊന്നാനിയിലുണ്ട്. നോമ്പുതുറക്കും അത്താഴത്തിനും ശബരിമല മണ്ഡല നാളുകളിൽ പുലർച്ചയും മുഴങ്ങുന്ന സൈറണാണ് പീലൂത്ത്. പണ്ടുകാലത്ത് പുറംകടലിൽ ചരക്കുകപ്പലുകൾ നങ്കൂരമിട്ടാൽ കരയിലുള്ള ചെറു ചരക്കു വഞ്ചികൾക്ക് അറിയിപ്പെന്നോണം തുടങ്ങിയതാണ് പീലൂത്ത് എന്ന് അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ പറയുന്നു. ഇടക്കാലത്ത് നിന്നുപോയ ഇൗ പാരമ്പര്യം നഗരസഭയുടെ മുൻകൈയിൽ പുനരാരംഭിച്ചിട്ടുണ്ട്.
ഇത്രയധികം ഭക്ഷണം ഒരു ദിവസം ഉണ്ടാക്കാൻ ഒരു ശരാശരി വീട്ടമ്മക്ക് കഴിയുമോ എന്ന ആശങ്കക്കും ജമീലത്തക്ക് മറുപടിയുണ്ട്. ‘‘മരുമക്കത്തായ സമ്പ്രദായം ആയതുകൊണ്ട് വീട്ടിൽ എമ്പാടും പെണ്ണുങ്ങളുണ്ടാകും. എല്ലാവരും ഒാരോരോ പണിയിൽ സജീവമാകും. അതുകൊണ്ട് ഇതൊന്നും ഭാരമായി തോന്നാറില്ല.’’
പാനൂസയും പാനൂസ യാത്രയും
പൊന്നാനിയുടെ നോമ്പുകാലത്തിെൻറ െഎക്കൺ ആണ് പാനൂസ വിളക്ക്. റമദാൻ മാസം വീടുകൾക്കു മുന്നിൽ കെട്ടിത്തൂക്കുന്ന പ്രത്യേകതരം അലങ്കാര വിളക്കുകളാണ് പാനൂസ. ഇൗജിപ്തിലും മറ്റുചില അറബ് ദേശങ്ങളിലും ഫാനൂസ് എന്ന പേരിൽ സമാന രീതിയുണ്ട്. അറബ് നാടുകളുമായുള്ള പൊന്നാനിയുടെ പൗരാണിക സമ്പർക്കം വഴിയാകണം ഇത് വരുന്നത്.
മുളകൊണ്ട് വ്യത്യസ്ത ആകൃതികളിൽ പാനൂസ ഉണ്ടാക്കും. പെട്ടി, കപ്പൽ, പത്തേമാരി, വിമാനം, ബസ്, കാർ അങ്ങനെ പല ആകൃതികളിലും പാനൂസ ഉണ്ടാകും. മുമ്പ് പാനൂസ ഉണ്ടാക്കുന്ന ധാരാളം പേർ പൊന്നാനിയിലുണ്ടായിരുന്നു. ഇന്ന് രണ്ടോ മൂന്നോ പേരേയുള്ളൂ.
ദീർഘകാലം ബോംബെയിലേക്കും ഗൾഫ് നാടുകളിേലക്കും ചരക്കുമായി പായക്ക് ഒാടുന്ന പത്തേമാരികളിൽ തൊഴിലെടുത്ത അഴീക്കലിലെ ആലിയത്താനകത്ത് കുഞ്ഞൻബാവയാണ് ഒരു പാനൂസ വിദഗ്ധൻ. പത്തേമാരിയുടെയും അറേബ്യൻ ഉരുവിെൻറയും മാതൃകയിൽ അദ്ദേഹം ഉണ്ടാക്കുന്ന പാനൂസക്ക് ധാരാളം ആവശ്യക്കാരുണ്ട്. കുട്ടിക്കാലത്ത്
നോമ്പുരാവുകളിൽ രണ്ടോ മൂന്നോ മീറ്റർ നീളമുള്ള പത്തേമാരി പാനൂസ ഉണ്ടാക്കി, പെട്രോമാക്സ് വിളക്ക് ഉള്ളിൽ കത്തിച്ച്, മുളയിൽ കെട്ടിത്തൂക്കി വീടുകളിലൂടെയും അങ്ങാടിയിലൂടെയും കുട്ടികൾ സഞ്ചരിക്കും. ‘‘ചോക്കാ വറുത്തതുണ്ടോ, മഞ്ഞൾ കൊത്തമ്പാലി അത്താഴസമയമായ് എണീറ്റോളൂ’’ തുടങ്ങിയ പാട്ടുകൾ പാടിയാകും ഇൗ യാത്രയെന്ന് അദ്ദേഹം ഒാർമിക്കുന്നു.
കുട്ടികൾ മാത്രമല്ല, മുതിർന്നവരും പുലർച്ചെ അത്താഴ ബാങ്ക് കൊടുക്കുന്നതുവരെ ഒാരോരോ നേരമ്പോക്കുകളിൽ ഏർപ്പെട്ട് അങ്ങാടിയിൽ കാണും. രാത്രിയുടെ അന്ത്യയാമത്തിലെ പുണ്യനമസ്കാരത്തിന് (ഖിയാമുല്ലൈൽ) സമയം നീക്കിവെക്കുന്നവരും ധാരാളം. ഇത്രയേറെ പള്ളികളുള്ള ഒരു നാടും മലയാളക്കരയിലില്ല. 90ലധികം പള്ളികളാണ് പൊന്നാനി നഗരസഭ പരിധിയിലുള്ളത്.
ദൈന്യതയുടെ നോമ്പുകാലം
മുസ്ലിംകൾക്കിടയിൽ തന്നെ വലിയ സാംസ്കാരിക വൈവിധ്യങ്ങൾ നിലനിൽക്കുന്ന പ്രദേശമാണ് പൊന്നാനി. ആഘോഷസമാന നോമ്പുകാലം അനുഭവിക്കാത്ത മനുഷ്യരും ഇൗ തീരനഗരത്തിലുണ്ട്. തണ്ടുവലിച്ച് വള്ളങ്ങളിൽ കടലിൽ പോയി, അന്നന്നത്തെ ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്ന മത്സ്യത്തൊഴിലാളി സമൂഹം, തുടർച്ചയായി വരുന്ന തൂഫാനുകളോട് (കടൽക്ഷോഭം) പൊരുതി പത്തേമാരികളിൽ ആയുസ്സുതീർത്ത അഴീക്കലിലെ മഞ്ചിത്തൊഴിലാളി സമൂഹം.
പട്ടിണിയും പരിവട്ടവും ദൈന്യതയും മാത്രമായിരുന്നു അടുത്ത കാലംവരെ ഇവരുടെ ഒാലക്കുടിലുകളിൽനിന്ന് ഉയർന്നുകേട്ടത്. കഞ്ഞിയും കപ്പയും ചമ്മന്തിയുമൊക്കെയായിരുന്നു പല വീടുകളിലെയും നോമ്പുകാല പ്രത്യേക വിഭവങ്ങൾ. ദുരിതത്തിരമാലകൾക്കിടയിലും ആവുംവിധം നോമ്പും പെരുന്നാളും ആഘോഷമയമാക്കാൻ അവർ ശ്രദ്ധിച്ചിരുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.