തിരുവാതിരക്കളിയുടെ 'സുവർണ' നാളുകൾ
text_fieldsകുട്ടികൾ പഠനത്തിനാണോ കലക്കാണോ കൂടുതൽ പ്രാധാന്യം നൽകേണ്ടത് എന്ന ചോദ്യത്തിന് ഏതെങ്കിലും സ്ത്രീ കലയെന്ന് മറുപടി നൽകിയാൽ അവരെ ഒന്നുകൂടി ശ്രദ്ധിച്ചോളൂ. അത് സുവർണ ചന്ദ്രോത്ത് ആയേക്കാം. തിരുവാതിരക്കളിയെ ജനകീയമാക്കാൻ ജീവിതം ഉഴിഞ്ഞുവെച്ചതിന് ഫോക്ലോർ അക്കാദമി അവാർഡ് നൽകി ആദരിച്ച സുവർണ ടീച്ചർ.
കേരളത്തിലെ സ്ത്രീകളുടെ തനത് സംഘനൃത്തം എന്നൊക്കെയാണ് ചെല്ലപ്പേരെങ്കിലും ഓണത്തിനും നമ്പൂതിരി സമുദായക്കാരുടെ കല്യാണത്തിനും തിരുവാതിര നാളിലെ ചടങ്ങുകളിലുമൊക്കെ ചുറ്റിപ്പറ്റി കഴിയാനാണ് നൂറ്റാണ്ടുകളായി ഈ കലയുടെ വിധി. ഈ ചട്ടക്കൂടിനുള്ളിൽനിന്ന് തിരുവാതിരയെ പറിച്ചെടുത്ത് പൊതുസമൂഹത്തിനു മുന്നിൽ വെക്കുകയെന്ന വെല്ലുവിളിക്കു പിന്നാലെയാണ് കണ്ണൂർ തോട്ടട നോർത്ത് യു.പി സ്കൂൾ അധ്യാപിക കൂടിയായ സുവർണ ടീച്ചർ.
കല തന്നെ ജീവിതം
കണ്ണൂർ അഴീക്കോട് പുത്തൻവീട്ടിൽ നാരായണൻ നായരുടെയും കല്യാണിയുടെയും മകൾ മൂന്നാം വയസ്സിൽ നൃത്തം അഭ്യസിച്ചുതുടങ്ങി. ചേച്ചിയും ഇപ്പോൾ ദൂരദർശനിൽ വാർത്താവതാരകയുമായ സുപ്രഭയും ഒപ്പമുണ്ടായിരുന്നു. പുഷ്പ ടീച്ചറാണ് ആദ്യഗുരു. ആറാം വയസ്സുമുതൽ 22ാം വയസ്സിൽ കല്യാണം കഴിയുന്നതുവരെ മനോരമ--^ബാലകൃഷ്ണൻ ദമ്പതിമാരുടെ അടുക്കലായിരുന്നു പഠനം. പത്താം ക്ലാസിൽ പഠിക്കു
േമ്പാൾ ബാലകൃഷ്ണൻ സാറിെൻറ ശിഷ്യർക്ക് നൃത്തച്ചുവടുകൾ പറഞ്ഞുകൊടുത്തുകൊണ്ട് അധ്യാപനരംഗത്തേക്ക് കടന്നു. തിരുവാതിര കഴിഞ്ഞാൽ ഭരതനാട്യവും മോഹിനിയാട്ടവും ഇഷ്ടമേഖല. മലബാറിൽ മാർഗംകളിയുടെ പ്രചാരക എന്നൊരു വിശേഷണം കൂടിയുണ്ട് ടീച്ചർക്ക്. പണ്ട് കേരളോത്സവം കൊടുമ്പിരികൊണ്ടു നടക്കുന്ന കാലത്താണ് മാർഗംകളിയോട് ഭ്രമം തുടങ്ങുന്നത്. ഇതേക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ചുക്കാണോ ചുണ്ണാമ്പാണോ എന്നൊന്നും അറിയുമായിരുന്നില്ല. കേരളോത്സവത്തിൽ മാർഗംകളി നടക്കുന്നുവെന്നറിഞ്ഞ് കാണാൻ പോയി.
കണ്ടുകഴിഞ്ഞപ്പോൾ അതിനോടും പ്രണയം. പിന്നെ ഇത് എങ്ങനെ പഠിക്കാമെന്നായി ഗവേഷണം. ഉർസുെലെൻ ഹയർ സെക്കൻഡറി സ്കൂളിൽ മാർഗംകളി പഠിപ്പിക്കുന്നുവെന്നറിഞ്ഞ് അവിടേക്കു പോയി. ഒപ്പം ആറു സുഹൃത്തുക്കളുമുണ്ടായിരുന്നു. കണ്ടുപഠിക്കാനായിരുന്നു നിയോഗം. സ്റ്റെപ്പുകളൊക്കെ എഴുതിവെച്ച് തിരിച്ചുപോന്നു. കണ്ടതും കേട്ടതും അറിഞ്ഞതുമൊക്കെ വെച്ച് സുഹൃദ്സംഘം അത് സ്റ്റേജിൽ അവതരിപ്പിച്ചു.
മാർഗംകളിതന്നെയാണോ അല്ലെയോ എന്ന് തിരിച്ചറിയാൻ ഒരു മാർഗവുമില്ലാത്ത കോലത്തിലായിപ്പോയി അവതരണം. ആ ആഗ്രഹം അവിടെ താൽക്കാലികമായി അവസാനിച്ചു. രണ്ടാം ഘട്ടം കോഴിക്കോട് കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്.എസ് അധ്യാപകൻ പി.വി. രാജുവിനെ കല്യാണം കഴിച്ചതോടെ ആരംഭിച്ചു.
കോട്ടയം മണർകാട് പള്ളിയുമായി ബന്ധപ്പെട്ട മാർഗംകളിയാശാനെ വീട്ടിലേക്കു വരുത്തി ശാസ്ത്രീയമായി അഭ്യസിക്കാൻ തുടങ്ങി. 14 പാദങ്ങളാണ് മാർഗംകളിയിലുള്ളത്. അവ പഠിച്ചെടുക്കുകയെന്നതാണ് പ്രധാനം. മലബാറിലെ പല സ്കൂളുകളിലും പോയി മാർഗംകളി പഠിപ്പിക്കലായി പിന്നെ ഹരം. മലബാറിൽ മാർഗംകളിക്ക് ആശാന്മാരില്ലെന്ന കുറവ് ഇതോടെ നികന്നു. മലയാളത്തിൽ എം.എയും ബി.എഡും എടുത്ത് 1999ൽ ജോലിക്കു കയറിയശേഷം 2011ലാണ് ബി.എഫ്.എക്കു ചേരുന്നത്.
ഭാരതീദാസൻ സർവകലാശാലയുടെ തൃശൂർ സെൻററിൽ ശനിയും ഞായറുമായിരുന്നു ക്ലാസ്. വെളുപ്പിന് 3.30ന് ഉണരും. ഫ്രിഡ്ജിനു മുകളിൽ ലാപ്ടോപ് വെച്ച് പഠിക്കാനുള്ള പാട്ടുകൾ ആവർത്തിച്ചുകേട്ട് ജോലികൾ തീർക്കും. പിന്നെ ട്രെയിനിൽ തൃശൂരിലേക്ക്. ഈ യാത്രയിൽ നൃത്തങ്ങളുടെ വിഡിയോ കണ്ടുപഠിക്കും. തിരികെ ഏഴുമണിക്ക് വീട്ടിലേക്ക്. ജോലികൾ തീർത്ത് രാത്രി വൈകി പരിശീലനം.
മറ്റുദിവസങ്ങളിൽ രാവിലെ 6.30െൻറ ട്രെയിനിന് ജോലിക്കു പോകും. തിരിച്ചെത്തുേമ്പാഴേക്കും ഇരുട്ടുവീണിരിക്കും. ഇങ്ങനെ മൂന്നുവർഷം. 2014ൽ കോഴിക്കോട് എസ്.എസ്.കെയിൽ ട്രെയിനറായി ചേർന്നു. ഈ സമയം തഞ്ചാവൂർ സർവകലാശാലയിൽനിന്ന് നൃത്തത്തിൽ ബിരുദാനന്തര ബിരുദവുമെടുത്തു. ഡാൻസ് ഡ്രാമയെന്ന പേപ്പറിന് സഹപാഠികളുടെ സഹായംകൂടി ആവശ്യമുണ്ട്. ഈ സമയം ജോലിയും പഠനവും ഒന്നിച്ചുകൊണ്ടുപോകാൻ ടീച്ചർ ഒരു വഴി കണ്ടെത്തി, ഗ്രൂപ്പിലുള്ള സഹപാഠികളെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുക. ജോലിയുടെ ഇടവേളകളിൽ പഠനം ജോറായി മുന്നേറി. കുടുംബവും സഹപ്രവർത്തകരും കൂടെ നിന്നതോടെ ലക്ഷ്യത്തിെലത്താൻ പ്രയാസമുണ്ടായില്ല.
ചോര വീണ മണ്ണിൽനിന്നുയർന്നുവന്ന വാശി
അഴീക്കോട്ടെ ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കണ്ണൂർ എസ്.എൻ കോളജിൽ പ്രീഡിഗ്രിക്കു ചേർന്നപ്പോഴേക്കും പ്രദേശത്ത് അറിയപ്പെടുന്ന കലാകാരിയായി ടീച്ചർ മാറിയിരുന്നു. 1987 മുതൽ 92 വരെയുള്ള കാലത്ത് ടീച്ചറും സംഘവും തിരുവാതിരയുടെ പര്യായമായി മാറിക്കഴിഞ്ഞിരുന്നു. ഇൻറർസോൺ കലോത്സവങ്ങളിൽ സമ്മാനം മോഹിച്ച് വേറൊരു ടീമും സ്റ്റേജിൽ കയറാത്ത സ്ഥിതിയായി. പക്ഷേ, ഇതിനിടയിൽ ഒരുവർഷം കറുത്ത ഒാർമയായി ടീച്ചറുടെയുള്ളിൽ കിടക്കുന്നുണ്ട്. അന്ന് തൃശൂരിലായിരുന്നു കലോത്സവം നടന്നത്.
ആത്മവിശ്വാസത്തോടെ സ്റ്റേജിലേക്കു നടക്കുേമ്പാൾ മുന്നിൽ ആകെ ബഹളം. ഇരുവിഭാഗം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. ഇതിനിടയിൽ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന കൊച്ചനിയൻ കുത്തേറ്റുമരിച്ചു. അതോടെ മത്സരം ഉപേക്ഷിച്ചു. കുട്ടികളെ പരിശീലിപ്പിച്ച് സമ്മാനങ്ങൾ നേടാനുള്ള വാശി അവിടെ തുടങ്ങി. മലാപ്പറമ്പ് വനിത പോളിടെക്നിക്കിലെ കുട്ടികെള 1996 മുതൽ പരിശീലിപ്പിച്ചുതുടങ്ങി. സംസ്ഥാന പോളിടെക്നിക് കലോത്സവത്തിൽ തിരുവാതിരയുടെ ട്രോഫി തുടർച്ചയായ നാലുവർഷം മലാപ്പറമ്പ് പോളിയിലെത്തി. 2000 മുതൽ 12 വർഷം ഏഴു ഹൈസ്കൂളുകളിൽ തിരുവാതിരക്കളി പരിശീലകയായിരുന്നു.ഇതുവരെ ഏതാണ്ട് 2000 കുട്ടികളെ തിരുവാതിര പഠിപ്പിച്ചുകഴിഞ്ഞു. പഠിപ്പിക്കാൻ ഫീസ് വാങ്ങില്ല എന്നതുമാത്രമല്ല അത്യാവശ്യം സഹായം കുട്ടികൾക്ക് ചെയ്യുമെന്നതും സുവർണ ടീച്ചർക്കു ശിഷ്യന്മാർ കൂടാനുള്ള കാരണം. കലയോട് അഭിനിവേശമുണ്ടെങ്കിലും പഠിക്കാൻ പണമില്ലാത്തവർക്ക് ആശ്വാസമാണ് ടീച്ചർ. കൊയിലാണ്ടി മാപ്പിള എച്ച്.എസ്.എസിലെ പരിശീലനകാലമാണ് ടീച്ചർക്ക് മറക്കാനാവാത്തത്. പാവപ്പെട്ട കുട്ടികളെ തിരുവാതിരയും മാർഗംകളിയും പൂരക്കളിയും പഠിപ്പിച്ച് സുവർണ ടീച്ചറുടെയും രാജുമാഷുടെയും നേതൃത്വത്തിൽ സ്റ്റേജിൽ കയറ്റി. പൂരക്കളിയിൽ ഒന്നാം സ്ഥാനം നേടിയ മുസ്ലിം കുട്ടികളെ നാട്ടുകാർ അഭിമാനത്തോടെ നോക്കി നിന്നു.
പി.എഫ് ഫണ്ടിെൻറ ഭൂരിഭാഗവും സംഭാവനചെയ്ത് സ്കൂളിലെ അധ്യാപകനായ രാജു മാഷ് ടീച്ചർക്കും കുട്ടികൾക്കുമൊപ്പം നിന്നു. സംസ്ഥാന കലോത്സവത്തിൽ 79 കുട്ടികൾ വരെ പങ്കെടുത്ത കാലം സ്കൂളിലുണ്ടായി. വിധിപ്രഖ്യാപനത്തിലെ പക്ഷപാതിത്വം മൂലം സമ്മാനം വഴുതിപ്പോകുന്ന ചില സമയങ്ങളിൽ അപ്പീൽ നൽകാൻ പണമുണ്ടാവില്ല. ഈ സമയം കടലിൽ മീൻപിടിക്കാൻ പോയി പണമുണ്ടാക്കി കൊണ്ടുവന്ന കുട്ടികൾ നോവുന്ന ഓർമയായി മനസ്സിലുണ്ട്.
അമച്വർ നാടക സംഘാടകൻ കൂടിയായ ഭർത്താവ് രാജുമാഷ് ഹിന്ദി, മലയാളം പദ്യംചൊല്ലലിൽ പരിശീലകൻകൂടിയാണ്. മൂത്തമകൻ അനന്തു രാജു പ്രൊഡക്ഷൻ എൻജിനീയറിങ്ങിൽ ബി.ടെക് നേടിയ ശേഷം ബൈജൂസ് ആപ്പിൽ ജോലി ചെയ്യുന്നു. ഇളയ മകൻ സനന്തു രാജു തൃശൂർ എൻജിനീയറിങ് കോളജിൽ പ്രൊഡക്ഷൻ എൻജിനീയറിങ്ങിൽ അവസാന വർഷ ബിരുദവിദ്യാർഥിയാണ്. മൂത്തയാൾ ചെണ്ട, തബല, മൃദംഗം, വായ്പാട്ട് എന്നിവയിലും ഇളയയാൾ ചെണ്ട, തബല, മൃദംഗം, തിമില, ഇടക്ക, കീബോർഡ്, വായ്പാട്ട് എന്നിവയിലും കഴിവു തെളിയിച്ചുകഴിഞ്ഞു.
മാറണം തിരുവാതിരയും
പണ്ടൊക്കെ 28 ദിവസം നീണ്ടുനിന്നിരുന്ന വലിയ പരിപാടിയായാണ് തിരുവാതിരക്കളി അവതരിപ്പിച്ചിരുന്നത്. തിരുവാതിര നാളിൽ ആരംഭിച്ച് അടുത്ത മാസം തിരുവാതിരവരെയാണ് 28 ദിവസം. ഇതാണ് തിരുവാതിരക്കളി എന്ന് പേരുവരാൻ കാരണം. കേരളത്തിെൻറ ചിലഭാഗങ്ങളിൽ ധനുമാസത്തിലെ തിരുവോണം നാളിൽ തുടങ്ങി തിരുവാതിര നാളിൽ അവസാനിക്കുന്ന തരത്തിൽ 11 ദിവസത്തെ പരിപാടിയായി അവതരിപ്പിച്ചും വരുന്നുണ്ട്. ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും കൈകൊട്ടിക്കളി, കുമ്മികളി എന്നീ പേരുകളിലും തിരുവാതിര അറിയപ്പെടുന്നുണ്ട്.
പഴയകാലത്ത് വീടുകളിൽ തിരുവാതിരക്കളി പഠിപ്പിക്കാനായി പ്രത്യേകം ആശാന്മാരെത്തിയിരുന്നു. ഈ ആശാന്മാർ ഒരു സംഘം വനിതകളെ പഠിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ ആൺകുട്ടികളെയും പഠിപ്പിക്കും. ഈ ആൺകുട്ടികൾ കളിയിൽ പങ്കെടുക്കില്ലെങ്കിലും പിന്നീട് കളിയാശാന്മാരായിത്തീരും. ഹൈസ്കൂൾ പഠനകാലത്തുതന്നെ തിരുവാതിരക്കളിയിൽ കഴിവുതെളിയിച്ച സുവർണക്ക് തിരുവാതിരക്കളിയിൽ മൂന്നു പതിറ്റാണ്ടിെൻറ അനുഭവപരിചയമുണ്ട്. ചിറക്കൽ കോവിലകത്തെ രാധാവർമയും ഭർത്താവ് മുരളി വർമയുമാണ് മാർഗനിർദേശികൾ. തിരുവാതിരയിലെ പ്രാദേശിക ശൈലീഭേദങ്ങളെ ഒരുമിപ്പിച്ച് ഏക ശൈലിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അവർ.
തഞ്ചാവൂർ സർവകലാശാലയിൽ എം.എ നൃത്തത്തിെൻറ ഭാഗമായി അവതരിപ്പിച്ച വിഷയംതന്നെ 'കേരളത്തിലെ നാടൻ നൃത്തരൂപങ്ങൾ' (തിരുവാതിരക്കളി) എന്നതായിരുന്നു. മത്സരങ്ങളിൽ ശൈലി സംബന്ധിച്ച തർക്കം ഒഴിവാക്കുക മാത്രമല്ല, കൂടുതൽ സ്വീകാര്യത കിട്ടാനും ഇത് ഉപകരിക്കുമെന്നാണ് ഗൾഫിലും മറ്റും നടക്കുന്ന സ്വകാര്യ കലോത്സവങ്ങളിലെ വിധികർത്താവുകൂടിയായ ടീച്ചറുടെ വിശ്വാസം. ഇതിെൻറ ഭാഗമായി കേരളത്തിലുടനീളം തിരുവാതിരക്കളി ശിൽപശാലകൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ് ടീച്ചർ. ഒപ്പം വിവിധ കോവിലകങ്ങളും വിവിധ പ്രദേശങ്ങളിലെ തിരുവാതിരക്കളി പരിശീലകരെയും സന്ദർശിച്ച് ആധികാരിക പഠനം നടത്തുന്നുമുണ്ട്.
കഴിഞ്ഞ വർഷം ട്രോംബെ അണുശക്തി നഗറിൽ തിരുവാതിരക്കളി ശിൽപശാലക്ക് നേതൃത്വം നൽകിയതോടെ ആത്മവിശ്വാസം കൂടി. മൂന്നു തലമുറകൾ പങ്കെടുത്ത പരിപാടിയായിരുന്നു അത്. മലയാളഭാഷ പ്രചാരണത്തിന് സംസ്ഥാന സർക്കാറിനു കീഴിലുള്ള മലയാളം മിഷൻ കേരളത്തിനു പുറത്ത് നടത്തിവരുന്ന ഭാഷ പഠനത്തിെൻറ ഭാഗമായ ചോദ്യപേപ്പർ നിർമാണത്തിൽ പങ്കെടുത്ത ടീച്ചർ അവിടെയും തിരുവാതിരക്കളിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് പ്രാധാന്യം നൽകിയത്.
2014ൽ കേരള സ്കൂൾ പാഠ്യപദ്ധതിയിൽ കലാവിദ്യാഭ്യാസം ഉൾപ്പെടുത്തിയപ്പോൾ എസ്.സി.ഇ.ആർ.ടി അധ്യാപകർക്കായി സംഘടിപ്പിച്ച പുസ്തക നിർമാണത്തിൽ (നൃത്തവിഭാഗം) ഉൾപ്പെട്ടതോടെ തിരുവാതിരക്കളി പുസ്തകത്തിെൻറ ഭാഗമായി. 2019ൽ എസ്.സി.ഇ.ആർ.ടി കുട്ടികൾക്കായി നിർമിച്ച കലാപാഠപുസ്തകത്തിലും തിരുവാതിരക്കളി ഉൾപ്പെടുത്തി.
കലതന്നെ ജീവിതം എന്ന വാചകത്തിെൻറ സാക്ഷാത്കാരമാണ് സുവർണ ടീച്ചർ. അവരുടെ കാലം തിരുവാതിരക്കളിയുടെ സുവർണ കാലമായി ചരിത്രം രേഖപ്പെടുത്തിയേക്കാം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.