ഉജ്ജ്വലമെങ്കിലും ആഘോഷിക്കപ്പെടാതെപോയ 10 മമ്മൂട്ടി കഥാപാത്രങ്ങൾ, നിങ്ങളിത് കണ്ടിരിക്കണം
text_fieldsഒരു ചുണ്ടനക്കംകൊണ്ട് വികാരത്തിെൻറ ഒരു കടലേറ്റം കാഴ്ചവെക്കാൻ ഞൊടിയിട നേരം മതി മമ്മൂട്ടിക്ക്. അപ്പോൾ അദ്ദേഹം നടനല്ലാതാവുകയും നമുക്കിടയിലൂടെ അതുവഴിയൊക്കെ നടന്നിരുന്ന ആരോ ആയി മാറുകയും ചെയ്യും. സിനിമയുടെ ചതുർഭുജത്തിൽ ആരെയൊക്കെ കാണണമെന്ന് മലയാളി ആഗ്രഹിച്ചോ അതൊക്കെയും നിറവേറ്റിത്തന്നൊരു അഭിനയാതിശയമായി അരനൂറ്റാണ്ടായി മമ്മൂട്ടി നമുക്കൊപ്പമുണ്ട്.
1971ൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ ഒരു സീനിൽ മിന്നായംപോലെ കണ്ടൊരാളാണ് നാലു പതിറ്റാണ്ടിലേറെയായി ഇനിയുമിനിയും തീരാത്ത അഭിനയദാഹവുമായി നമ്മെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രത്തിൽനിന്നും വർത്തമാനത്തിൽ നിന്നുമെല്ലാം കഥാപാത്രങ്ങളെ സങ്കൽപിക്കുമ്പോൾ അവരൊക്കെയും മമ്മൂട്ടിയിലേക്ക് ഉടൽവെച്ചുമാറും... ഇത്രയും വൈവിധ്യ വേഷങ്ങൾ വെള്ളിത്തിരയിൽ പകർന്നേകിയ മറ്റൊരു നടനുമില്ല മലയാളത്തിൽ.
നാനൂറിലേറെ കഥാപാത്രങ്ങൾക്ക് ഇക്കാലയളവിൽ മമ്മൂട്ടി ഊതിക്കാച്ചി ഉയിരേകിയിരിക്കുന്നു. അതിലേറെയും പ്രേക്ഷകർ ആഘോഷിച്ചംഗീകരിച്ചവയായിരുന്നു. ചിലതെല്ലാം മമ്മൂട്ടിയിലെ താരത്തെ താരാരാധകവൃന്ദങ്ങളെയും തൃപ്തിപ്പെടുത്തിയപ്പോൾ ചിലത് മമ്മൂട്ടിയിലെ നടനെയും താരത്തെയും ഒരുപോലെ കൊണ്ടാടി. ചിലതൊക്കെ താരത്തെ മറന്ന് നടനെന്ന പൂർണതയിലേക്ക് നയിച്ചു. അതെല്ലാം അംഗീകാരങ്ങളായി ശരിവെച്ചു. എന്നാൽ, ചില കഥാപാത്രങ്ങൾക്ക് ആ ഭാഗ്യമുണ്ടായില്ല. ആഘോഷമോ അംഗീകാരമോ ആയില്ല. പക്ഷേ, അതൊരിക്കലും മമ്മൂട്ടി എന്ന നടന് നഷ്ടവുമായിരുന്നില്ല. ആ കഥാപാത്രങ്ങളെക്കൂടി ചേർത്തുവെച്ചാണ് നമ്മൾ മമ്മൂട്ടിയുടെ നടനാത്ഭുതങ്ങളിലേക്ക് കണ്ണുമിഴിക്കുന്നത്. അത്തരം പത്തു കഥാപാത്രങ്ങളെ കുറിച്ച് മാത്രമാണ് ഇവിടെ പറയുന്നത് (അതിലുമേറെയുണ്ടെങ്കിലും പത്തിൽ ഒതുക്കുന്നു).
1 -ഡാനി (2001)
മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രമേതെന്ന ചോദ്യത്തിന് വ്യക്തിപരമായ എെൻറ ഉത്തരം ഡാനിയാണ്. ചരിത്രം വലിയ വലിയ മനുഷ്യരെക്കൊണ്ട് നിറയുമ്പോൾ അതിൽപെടാതെ വഴിമാറിപ്പോകുന്ന ഡാനി എന്ന ഡാനിയൽ തോംസൺ. കേരളത്തിെൻറ രാഷ്ട്രീയ ചരിത്രം നിവർന്നെഴുന്നേൽക്കു ന്നതിനിടയിലൂെടയായിരുന്നു ഡാനിയുടെ ജീവിതം. പക്ഷേ, അയാളെ ഒരു മനുഷ്യനായിപ്പോലും അംഗീകരിച്ചവർ നന്നേക്കുറവായിരുന്നു. അയാളുടെ ഭാര്യ മാർഗരറ്റു പോലും.
കഥാപാത്രത്തിനായി തെൻറ മാനറിസങ്ങളെ പിന്നിൽ ഉപേക്ഷിച്ച് കഥാപാത്രത്തിനുള്ളിലേക്ക് കയറി പോകുന്ന, എത്രയോ സിനിമകളിൽ കണ്ട മമ്മൂട്ടിയുടെ മിടുക്കിന് ഏറ്റവും നല്ല ഉദാഹരണമാണ് ഡാനി. ചടുലവേഗമുള്ള, ദീർഘമായ സംഭാഷണങ്ങൾപോലും അനായാസം ഡെലിവറി ചെയ്യുന്ന മമ്മൂട്ടി ഡാനിക്കായി തന്നെത്തന്നെ ചെത്തിയൊരുക്കി. സ്വതവേ അലസനായ അയാളുടെ ശരീരചലനങ്ങളിലും സംഭാഷണത്തിലും ഒരിഴച്ചിൽ ചേർത്തുവെച്ചുകൊണ്ടായിരുന്നു അത് സാധിച്ചത്. അവസാനം വരെ പിഴക്കാതെ അത് നിലനിർത്താനുമായി. പ്രായത്തിെൻറ ഓരോ ഘട്ടത്തിലും ശബ്ദത്തിലും ശരീരചലനത്തിലുമുള്ള ഇടർച്ച കൃത്യമായി മമ്മൂട്ടി ഡാനിയിൽ പരിപാലിച്ചു.
പക്ഷേ, വേണ്ടവിധം ആ ചിത്രം അംഗീകരിക്കപ്പെട്ടില്ല. എന്നാലും പിൽക്കാലത്ത് മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിൽ ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത ഡാനിയുമുണ്ടായി.
2- ഗോപിക്കുട്ടൻപിള്ള (1984)
മമ്മൂട്ടിക്ക് കോമഡി വഴങ്ങില്ലെന്ന പരാതി മാഞ്ഞുപോകാൻ 2005ൽ രാജമാണിക്യം വരുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. അത്രവേഗം വഴങ്ങാത്ത ഭാഷാഭേദത്തിൽ, അതിവൈകാരികമായ ഡയലോഗുകൾ വിക്ഷേപിക്കുമ്പോൾ പോലും അഭിനയത്തിൽ അതിെൻറ പതർച്ചകളില്ലാതെ മമ്മൂട്ടി പൂണ്ടുവിളയാടിയ ചിത്രം.
പക്ഷേ, അതിനും 21 വർഷം മുമ്പ് മമ്മൂട്ടി അതിഗംഭീരമായി കോമഡി ചെയ്ത ചിത്രം എന്ന നിലയിലാണ് ബാലു കിരിയത്ത് സംവിധാനം ചെയ്ത 'എങ്ങനെയുണ്ടാശാനേ?'യിലെ ഗോപിക്കുട്ടൻപിള്ള എന്ന കുഴിമടിയനായ ചെറുപ്പക്കാരൻ കഥാപാത്രം കടന്നുവരുന്നത്.
പണിക്കൊന്നും പോകാതെ, ആസനത്തിൽ വെയിലടിച്ചാൽ അതിനപ്പുറത്തേക്ക് മാറിക്കിടക്കുന്ന, സമ്പന്നയായ ഭാര്യയുടെ സ്വത്തുകൊണ്ട് ശിഷ്ടകാലം കഴിക്കാമെന്ന് വിചാരിക്കുന്ന ഗോപിക്കുട്ടൻ ഒടുവിൽ കൊടും ചൂടിലുരുകുന്ന ഫാക്ടറി തൊഴിലാളിയായി മാറുന്ന കഥ. തിലകെൻറ അനിയനും മേനകയുടെ ഭർത്താവുമായി കോമഡി വേഷത്തിൽ തിളങ്ങിയ മമ്മൂട്ടിയെത്തേടി പിന്നീട് അധികം കോമഡി വേഷങ്ങൾ വരാതെപോയി.
3- കമ്മാരൻ (1982)
1980ൽ ആസാദ് സംവിധാനം ചെയ്ത 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' ആണ് മമ്മൂട്ടിയുടെ ആദ്യ മുഴുനീള വേഷമുള്ള ചിത്രം. 'മഞ്ഞിൽ വിരിഞ്ഞ പൂക്ക'ളിലൂടെ മോഹൻലാലും അതേവർഷമായിരുന്നു നടനായി അരങ്ങേറിയത്. 1982 ആകുമ്പോഴേക്കും രണ്ടുപേരും നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകഴിഞ്ഞു. '84ൽ 'അഹിംസ'യിലൂടെ മമ്മൂട്ടി മികച്ച സഹനടനുള്ള സംസ്ഥാന സർക്കാറിെൻറ പുരസ്കാരവും നേടി.
1982ലാണ് മലയാളത്തിലെ ആദ്യ 70 എം.എം ചിത്രമായ 'പടയോട്ടം' വരുന്നത്. പ്രേംനസീറും മധുവും ശങ്കറും മോഹൻലാലും ഒപ്പം മമ്മൂട്ടിയും അടങ്ങുന്ന വൻ താരനിര. മോഹൻലാൽ അവതരിപ്പിച്ച കണ്ണൻ എന്ന കഥാപാത്രത്തിെൻറ അച്ഛൻ മമ്മൂട്ടിയുടെ കമ്മാരനായിരുന്നു. ചോര മരവിപ്പിക്കുന്ന തനി വില്ലൻ. തെൻറ മുപ്പതാമത്തെ വയസ്സിൽ ചെയ്ത ആ അച്ഛൻകഥാപാത്രം അഭിനയത്തിൽ മറ്റെല്ലാവരെക്കാളും മുന്നിൽ നിലയുറപ്പിച്ചിരുന്നു. തുടക്കത്തിൽ ചെയ്ത വില്ലൻ വേഷങ്ങളിൽ ഏറെക്കാലം മോഹൻലാൽ കുടുങ്ങിക്കിടന്നപോലെ കമ്മാരനെ പോലുള്ള വില്ലൻ വേഷങ്ങളിൽ തളക്കപ്പെടാതെ നോക്കിയതായിരുന്നു മമ്മൂട്ടിയുടെ മറ്റൊരു മിടുക്ക്.
4-ജോസ് (1985)
നായകൻ മറ്റൊരാളായിരിക്കുമ്പോഴും ഇടനേരങ്ങളിൽ മിന്നിപ്പാഞ്ഞുപോകുന്ന അതിഥി താരങ്ങളുടെ ലിസ്റ്റെടുക്കുമ്പോൾ 'അങ്ങാടിക്കപ്പുറത്തി'ലെ (1985) ജോസ് ആയിരിക്കും മുന്നിൽ വരുക. മോഹൻലാൽ നായകനായ ചിത്രത്തിൽ ഓടിളക്കി സ്വന്തം വീട്ടുകാരെ കാണാൻ വരുന്ന നക്സലൈറ്റ് ജോസിെൻറ വേഷമായിരുന്നു മമ്മൂട്ടിക്ക്. ക്ലൈമാക്സിൽ കൊല്ലപ്പെടുന്ന ഉപകഥാപാത്രം. എന്നിട്ടും സിനിമയുടെ നട്ടെല്ലായി നിന്നത് ആ ചെറുവേഷമായിരുന്നു. പിന്നീടും നിരവധി ചിത്രങ്ങളിൽ മമ്മൂട്ടി ചെറുചെറു വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ജോസ് വേറിട്ടുതന്നെ നിൽക്കുന്നു.
5- സക്കറിയ (1986)
അതിഗംഭീരമായി ചെയ്ത മമ്മൂട്ടി കഥാപാത്രങ്ങളിൽ ഏറെ അംഗീകരിക്കപ്പെടാതെപേയ ഒന്നായിരുന്നു പത്മരാജൻ സംവിധാനം ചെയ്ത 'അരപ്പട്ടകെട്ടിയ ഗ്രാമത്തിലെ' സക്കറിയ. സ്വന്തം ചിത്രങ്ങളിൽ പത്മരാജന് ഏറെ ഇഷ്ടമായ സിനിമ.
പുറമേക്ക് പരുക്കനായിരിക്കുമ്പോഴും കൂട്ടുകാരുടെ ആഗ്രഹങ്ങൾക്കായി എന്തും ചെയ്യാൻ മടിക്കാത്തൊരു നഗരപുത്രൻ. കൂട്ടുകാരുടെ ആഗ്രഹപൂർത്തിക്കായി നാട്ടിൻപുറത്തെ വേശ്യാലയത്തിലേക്കുള്ള അവരുടെ യാത്ര അവസാനിക്കുന്നത് സക്കറിയയുടെ മരണത്തിലായിരുന്നു. ഒന്നു ചിരിക്കുകപോലും ചെയ്യാത്ത പരുക്കൻ കഥാപാത്രങ്ങൾ നിരവധി മമ്മൂട്ടി ചെയ്തിട്ടുണ്ട്. അത്തരം വേഷങ്ങളിൽ മമ്മൂട്ടിയുടെ പകർന്നാട്ടം ഉജ്ജ്വലമാവുകയും ചെയ്യും. അതിൽ മുന്നിൽ നിൽക്കുന്നത് സക്കറിയയാണ്. മികച്ച നടനുള്ള പുരസ്കാരത്തിനുപോലും അർഹമായ പ്രകടനം നിരൂപക പ്രശംസയിൽ ഒതുങ്ങി.
6- മുരുകൻ (2006)
ഒരു കഥാപാത്രം ആവേശിച്ചാൽ അതിൽനിന്നും പൂർണമായി തന്നെ ഉപേക്ഷിച്ച് കഥാപാത്രം മാത്രമായി മാറുന്ന അത്യപൂർവ നടന്മാരിൽ മമ്മൂട്ടിയെ കഴിഞ്ഞേയുള്ളൂ. തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തി വർഷങ്ങളായി ഇവിടെ ജീവിച്ചുപോരുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അതിലൊരാളാണ് 'കറുത്തപക്ഷികൾ' എന്ന കമൽ ചിത്രത്തിലെ മുരുകൻ എന്ന തേപ്പുകാരൻ. എല്ലാവരെയും ഭയന്ന്, എല്ലാറ്റിൽനിന്നും ഉൾവലിഞ്ഞ് നിൽക്കുന്ന ആ കഥാപാത്രത്തിലേക്ക് ഒരിക്കൽപോലും മമ്മൂട്ടി കയറിവരുന്നില്ല. സലിം കുമാറിെൻറ കഥാപാത്രം കുത്തിവീഴ്ത്തുമ്പോൾപോലും മുറിവേറ്റ് പുളയുന്നൊരു തമിഴൻ മാത്രം. മൂന്നു മക്കളെയും അകാലത്തിൽ ചോരവാർന്നു മരിച്ചുപോയ ഭാര്യയെയും ഓർത്ത് ചേരിയിൽ ജീവിക്കുന്ന ആ കഥാപാത്രത്തെ സംവിധായകെൻറ സങ്കൽപങ്ങൾക്കുമപ്പുറത്തേക്ക് മമ്മൂട്ടി കൊണ്ടുപോയി. പക്ഷേ, വേണ്ടത്ര അംഗീകരിക്കപ്പെടാതെപോയ വേഷം. ഫിലിം ക്രിട്ടിക്സ് അവാർഡിൽ അംഗീകാരവും ഒതുങ്ങി.
7- നാഥൻ (2007)
വികാരങ്ങളെല്ലാം ഉള്ളിൽ ഒതുക്കിപ്പിടിച്ച് ആ വീർപ്പുമുട്ടൽ പ്രേക്ഷകരിലേക്ക് തുളച്ചുകയറ്റുന്ന ആ മമ്മൂട്ടി മാജിക് അനുഭവിപ്പിച്ച ചിത്രമായിരുന്നു ശ്യാമപ്രസാദിെൻറ 'ഒരേകടലി'ലെ ഡോ. എസ്.ആർ. നാഥൻ. സദാചാരക്കണ്ണിൽ തെറ്റായേക്കാവുന്ന ഒരു പ്രണയത്തിലേക്ക് വലിച്ചടുപ്പിക്കപ്പെടുമ്പോൾ അത് ശരീരത്തിെൻറ അത്യാർത്തിയല്ലെന്നും വെറുമൊരു പെണ്ണായിരുന്നില്ല തെൻറ മുന്നിൽ നിന്നിരുന്നതെന്നും അയാൾ തിരിച്ചറിയുന്ന നിമിഷത്തിൽ ലോകോത്തര നിലവാരത്തിലെ സിനിമയും അഭിനേതാവുമായി സിനിമയും നടനും മാറുന്നുണ്ട്. സാമ്പത്തികശാസ്ത്രജ്ഞനായ അയാൾ നിഷ്കളങ്കയും വിദ്യാഭ്യാസം അത്രയില്ലാത്തവളുമായ ഒരു നാടൻ പെണ്ണിെൻറ പ്രണയത്തിനുമുന്നിൽ ഭ്രാന്തനായി മാറുന്ന ആ കഥാപാത്രം മലയാളിക്ക് അത്ര പരിചയമല്ലാത്ത ട്രാക്കിലൂടെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്.
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രത്തിൽ മമ്മൂട്ടിയും മീരാ ജാസ്മിനും കാഴ്ചവെച്ച തികവുറ്റ അഭിനയം അംഗീകരിക്കപ്പെട്ടില്ല.
8- ബാലചന്ദ്രൻ (2007)
തനി കച്ചവട സിനിമയിലെ അമിതാഭിനയത്തിൽ ചിലപ്പോൾ മമ്മൂട്ടിയിലെ നടനെ നഷ്ടമാകാറുണ്ട്. പക്ഷേ, മിതമായി അത് കാഴ്ചവെക്കേണ്ടിവരുന്ന സന്ദർഭങ്ങളിൽ അത് മാജിക്കായി മാറും. പുറമേക്ക് നിർന്നിമേഷനായി നോക്കുമ്പോഴും ഉള്ളിൽ അഭിനയക്കടൽ ആർത്തിരമ്പും. അത്തരമൊരു വേഷമായിരുന്നു 'കൈയൊപ്പ്' സിനിമയിലെ ബാലചന്ദ്രൻ എന്ന നോവലിസ്റ്റ്. തനിക്കുള്ളതെല്ലാം മറ്റൊരാൾക്കായി മാറ്റിവെച്ച് ത
െൻറ സ്വസ്ഥമായ ജീവിതത്തിലേക്ക് പുറപ്പെട്ട ബാലചന്ദ്രനെ കാത്ത് ഇപ്പോഴും നോവുന്നുണ്ടാവും പ്രേക്ഷകരുടെ മനസ്സ്. അത്രയും മികവോടെ മമ്മൂട്ടി അവതരിപ്പിച്ച ആ കഥാപാത്രവും വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോയി.
9- മൈക്ക് 2009
സ്പോട്ട് ഡബിങ്ങിൽ മലയാള സിനിമ ഇപ്പോൾ ലോകസിനിമക്കൊപ്പമെത്തിക്കഴിഞ്ഞു. സിങ്ക് സൗണ്ട് മുഴുനീളത്തിൽ ആദ്യമായി മലയാളത്തിൽ പരീക്ഷിച്ചത് 'ലൗഡ് സ്പീക്കറിൽ' ജയരാജാണ്. ഇടുക്കിയിലെ തോപ്രാംകുടിക്കാരനായ ഫിലിപ്പോസ് എന്ന മൈക്കായി ആ പരീക്ഷണം വിജയിപ്പിച്ചത് മമ്മൂട്ടിയാണ്. ഒന്നു പിടിവിട്ടാൽ സ്റ്റേജ് നാടകമായി പരിണമിക്കാവുന്ന ആ വേഷത്തിൽ മമ്മൂട്ടിയുടെ ശബ്ദമായികത അതിശയകരമായിരുന്നു. ഉച്ചത്തിൽ സംസാരിക്കുന്ന നാട്ടിൻപുറത്തുകാരെൻറ വേഷത്തിൽ മറ്റൊരു നടനാവാത്തവണ്ണം മമ്മൂട്ടി അനശ്വരമാക്കിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
10- സി.കെ.രാഘവൻ (2014)
സൈക്കോ ഴോണറിലെ സിനിമകളിൽ ഓർത്തുവെക്കാൻ മലയാളത്തിൽ അധികമില്ല. പുറമേക്ക് നിഷ്കളങ്കനും സാധുവുമായി തോന്നിക്കുന്ന ഒരാളുടെ ഉള്ളിൽ കട്ടിയുള്ള കരിമ്പടത്തിനടിയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന അതിക്രൂരമായ ഒരു സൈക്കോയെ 'മുന്നറിയിപ്പി'ലെ സി.കെ. രാഘവനിലൂടെ മമ്മൂട്ടി അമ്പരപ്പിച്ചുകളഞ്ഞു. ക്ലൈമാക്സിൽ ഇരയെ നോക്കി ചിരിക്കുമ്പോൾ അമ്പരക്കുന്നത് ഇരയല്ല, ശരിക്കും പ്രേക്ഷകനാണ്. മമ്മൂട്ടിയിൽ ഇങ്ങനെയൊരു ഭാവപ്രകടനം ഇത്രനാൾ എവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്നോർത്താവും ആ അമ്പരപ്പ്. എന്തുകൊണ്ടോ ആ വേഷവും വേണ്ടവിധം അംഗീകരിക്കപ്പെട്ടില്ല.
ഏറ്റവും ഒടുവിലിറങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളിൽ സി.കെ. രാഘവനൊപ്പം മനസ്സിൽ ഇടംപിടിച്ചത് 'പേരൻപും' (2018) 'ഉണ്ട'(2019)യുമാണ്. ദേശീയ പുരസ്കാരത്തിനുപോലും സാധ്യതയുള്ള വേഷമായിരുന്നു പേരൻപിലെ അമുദവൻ. ന്യൂജൻ നടനം തനിക്കും അനായാസം സാധ്യമാണെന്ന് ഉണ്ടയിലെ എസ്.ഐ മണികണ്ഠനിലൂടെ മമ്മൂട്ടി തെളിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.