Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightമുണ്ടക്കൈയിലെയും...

മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപ്പുഴ​യായി ഒഴുകണം...

text_fields
bookmark_border
മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപ്പുഴ​യായി ഒഴുകണം...
cancel

ആ മലയിടിഞ്ഞ് ആർത്തലച്ചെത്തിയ മഹാദുരന്തത്തിന് തൊട്ടുപിറ്റേന്നാണ് ചൂരൽമല പള്ളിക്ക് മു​കൾഭാഗത്തെ കുന്നിൽ താമസിക്കുന്ന പാറത്തൊടുക ജാഫറിന്‍റെ വീട്ടിലെത്തിയത്. മൂടിക്കെട്ടിയ അന്തരീക്ഷം. അതിശക്തമല്ലെങ്കിലും മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.

പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടിയ മലയുടെ അടുത്ത കുന്നിന്‍റെ മുകളിലാണ് വീട്. മറ്റെങ്ങോട്ടും മാറാതെ ഉരുൾപൊട്ടിയതിന് അടുത്ത പ്രദേശത്തുതന്നെ താമസിക്കാൻ പേടിയൊന്നുമില്ലേ എന്ന് ജാഫറി​നോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു -‘‘എന്‍റെ എത്രയോ സുഹൃത്തുക്കളും പരിചയക്കാരും അവരുടെ ബന്ധുക്കളുമടക്കം നൂറുകണക്കിനാളുകൾ മരിച്ചുവീഴുമ്പോൾ ഞങ്ങൾ സ്വന്തം സുരക്ഷിതത്വം മാത്രം കണക്കിലെടുത്ത് ഓടിപ്പോകുന്നത് എങ്ങനെയാണ്?

ഇവിടെ രക്ഷാപ്രവർത്തനത്തിന് സൈന്യവും പൊലീസും അഗ്നിരക്ഷാ സേനയും കേരളത്തിലുടനീളമുള്ള നിരവധി സഹോദരങ്ങളും ജീവൻപോലും തൃണവൽഗണിച്ച് അത്യധ്വാനം ചെയ്യുമ്പോൾ ഇവിടെനിന്ന് മാറിനിൽക്കുന്നതിനെക്കുറിച്ച് ​ചിന്തിച്ചിട്ടുപോലുമില്ല.

തൊട്ടടുത്ത ഗ്രാമമായ മുണ്ടക്കൈയെ ഒന്നാകെ ഉരുളെടുത്തിരിക്കുന്നു. എന്‍റെ വീടിനുതാഴെ, വെള്ളാർമല സ്കൂളിനോട് ​ചേർന്ന് നൂറുകണക്കിന് വീടുകളുണ്ടായിരുന്നു. ജനങ്ങൾ തിങ്ങിത്താമസിച്ചിരുന്ന അവിടെ ഇപ്പോൾ വീടുകൾക്കുപകരം കൂറ്റൻ പാറക്കല്ലുകൾ മാത്രം.

തലേന്നുപോലും സ്​​നേഹത്തോടെ സംസാരിച്ച് പിരിഞ്ഞ നിരവധി പേരുടെ ജീവനാണ് ഈ ഉരുൾപൊട്ടലിൽ ഇല്ലാതായത്. അവശേഷിക്കുന്നവർക്ക് ആശ്വാസവും സഹായവുമെത്തിക്കുക എന്നതു മാത്രമാണ് ഇപ്പോൾ ഞങ്ങൾക്ക് മുന്നിലുള്ളത്’’. അർധരാത്രി ആദ്യ ഉരുൾപൊട്ടലുണ്ടായ ഉടൻ നിരവധി കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റാനും രക്ഷാപ്രവർത്തനത്തിനും ജാഫറടക്കമുള്ളവർ മുന്നിലുണ്ടായിരുന്നു.

കണ്ണടച്ചുതുറക്കും മുമ്പേ നാടും നാട്ടുകാരും മഹാദുരന്തത്തിനിരയായി ജീവിതചിത്രത്തിൽനിന്ന് മാഞ്ഞുപോയ നാളിൽ തോരാമഴക്കൊപ്പം കണ്ണീർവാർത്ത് ആ നാട്ടിലെ യുവജനങ്ങളും ദുരിതമുഖത്ത് കർമനിരതരായി. നെഞ്ചകം തകർന്ന നൊമ്പര​വേളയിലും ജാഫറിനെപ്പോലുള്ളവർ സന്നദ്ധ പ്രവർത്തകർക്കൊപ്പം കൈകോർത്തു.

ചൂരൽമല പള്ളിയും മദ്റസയും തൊട്ടടുത്ത സ്വകാര്യ സ്കൂളും അങ്ങാടിയിലെ തകർന്ന കെട്ടിടങ്ങളിൽ വലിയ കേടുപാടുകളില്ലാതെ അവശേഷിച്ച ഏതാനും മുറികളു​മൊക്കെ കനിവിന്‍റെ മഹാകരങ്ങളുയർത്തിയ മനുഷ്യസ്നേഹികളുടെ താവളമായി മാറി. വിറങ്ങലിച്ച ദുരന്തമുഖത്തും അവർ മനസ്സാന്നിധ്യത്തോടെ തുഴയെറിഞ്ഞു. ആ മലയടിവാരത്തേക്ക് മലയാളത്തിന്‍റെ കരുണാകടാക്ഷങ്ങൾ ഇര​ച്ചെത്തി.

പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടലിൽ തകർന്ന വീട്ടിൽ അവശേഷിക്കുന്ന അവശ്യവസ്തുക്കൾ എടുക്കാനെത്തിയ അത്തനാറെ സഹായിക്കുന്ന സന്നദ്ധ പ്രവർത്തകർ. ചി​​​ത്രം: ടി.എച്ച്. ജദീർ


അതിർവരമ്പുകളില്ലാതെ ഒന്നായൊഴുകിയവർ

എന്തൊരു മനുഷ്യരായിരുന്നു ആ നാട്ടിലുണ്ടായിരുന്നത്! പരസ്പരം തോളോടുതോൾ ചേർന്ന് ജീവിച്ചവർ. മതസൗഹാർദത്തിന്‍റെ നേരിയ അടയാളങ്ങളെപ്പോലും സമൂഹ മാധ്യമങ്ങളിൽ കൊട്ടിഗ്ഘോഷിക്കുന്ന കാലത്ത് ഒരുവിധ അതിർവരമ്പുകളുമില്ലാതെ ഒന്നായൊഴുകിയവർ. പുഴക്ക് അക്കരെയും ഇക്കരെയുമായുള്ള ക്ഷേ​ത്രവും പള്ളിയും നാടിന്‍റെ ഐക്യപ്രതീകമായാണ് വർത്തിച്ചിരുന്നത്.

ഉത്സവ ദിനങ്ങളിൽ പള്ളിക്കമ്മിറ്റിയും നബിദിന കാലങ്ങളിൽ അമ്പലക്കമ്മിറ്റിയും പരസ്പരം മധുരം വിളമ്പി ആ സാഹോദര്യം ഊട്ടിയുറപ്പിച്ച മണ്ണ്. ജാതി, മത, വർഗീയ ചിന്തകൾക്കൊന്നും അടിപ്പെടാത്ത സ്നേഹധനരും നിഷ്കളങ്കരുമായ സാധാരണക്കാരുടെ നാടാണ് മുണ്ടക്കൈയും ചൂരൽമലയും. ഭൂരിഭാഗവും വൻകിട തേയില എസ്റ്റേറ്റുകളിൽ തുച്ഛമായ വേതനത്തിന് ജോലിചെയ്യുന്ന തോട്ടം തൊഴിലാളികൾ.

രാഷ്ട്രീയമായിപ്പോലും സംഘർഷങ്ങ​ളൊന്നുമില്ലാത്ത നാടാണിതെന്ന് ചൂരൽമല മഹല്ല് ​പ്രസിഡന്‍റ് വിളക്കോട് മുഹമ്മദ്കുട്ടി പറയുന്നു. ഈ നാടിന്‍റെയും നാട്ടുകാരുടെയും സ്നേഹവാത്സല്യങ്ങളെ പറിച്ചെറിഞ്ഞുപോരാൻ കഴിയാതെ ഈ മലമടക്കിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണൻ മാഷിനെപ്പോലുള്ളവർ കണ്ണുനീരിൽ കുതിർന്ന് സാക്ഷ്യപ്പെടുത്തുന്നതും ആ നന്മയാണ്.

ആ മണ്ണിലാണ് മഹാദുരന്തം അശനിപാതംപോലെ പെയ്തിറങ്ങിയത്. ഇതിനുമാത്രം തെറ്റ് ഞങ്ങളെന്തു ചെയ്തെന്ന് ചോദിക്കുന്നു ഇവിടെ അവശേഷിക്കുന്നവർ. നേരം ഇരുട്ടിവെളുക്കുമ്പോഴേക്ക് ഒരു നാടുതന്നെ മണ്ണിനടിയിലായി. പിഞ്ചുമക്കളടക്കം നിരവധി കുടുംബങ്ങളെ ഒന്നാകെ ഉരുളെടുത്തു. രക്ഷപ്പെട്ടവർക്ക് നഷ്ടമായത് ഒട്ടേറെ ഉറ്റവരെ. ഇനി ജീവിതം ഏതുവിധം മുന്നോട്ടുപോകുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ദുരന്തത്തെ തലനാരിഴയിൽ അതിജീവിച്ചവർ.

കരുണയുടെ കരങ്ങൾ നീട്ടിയെത്തിയവർ

കേരളം ഈ ദുരന്തമുഖത്ത് അവരെ നെഞ്ചോടു​ചേർത്തത് അതിശയിപ്പിക്കുന്ന ദയാവായ്പും സ്നേഹവും ചാലിച്ചായിരുന്നു. കരുണയുടെ കരങ്ങൾ ചുരത്തിനു മുകളിലേക്ക് ഇടതടവില്ലാതെ കുതിച്ചെത്തി. ദുരന്തമറിഞ്ഞ നിമിഷങ്ങളിൽത്തന്നെ നാടിന്‍റെ നാനാഭാഗങ്ങളിൽനിന്ന് സന്നദ്ധപ്രവർത്തകർ വയനാട്ടിലേക്ക് കുതിച്ചു.

രക്ഷാപ്രവർത്തനങ്ങൾക്കും തിരച്ചിലിനുമായി ദിവസങ്ങളോളം അവർ ഈ നാട്ടിൽ തങ്ങി. ദുർഘട മേഖലകളിൽ ദിവസങ്ങളോളം മൃതദേഹങ്ങൾക്കായി നടത്തിയ തിരച്ചിൽ സേനകളും പൊതുജനവും മാതൃകാപരമായി കൈകോർത്തതിന്‍റെ നേർസാക്ഷ്യമായി. പൊതുപ്രവർത്തകരും ഭരണാധികാരികളും ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇരച്ചെത്തി.

‘വയനാടിനൊരു കൈത്താങ്ങ്’ എന്ന സ്റ്റിക്കർ പതിച്ച നൂറുകണക്കിന് വാഹനങ്ങളാണ് ദിവസങ്ങൾക്കകം ചുരത്തിനു മുകളിലെത്തിയത്. അവയിൽ ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാമുണ്ടായിരുന്നു. കൽപറ്റ സെന്‍റ് ജോസഫ്സ് സ്കൂളിൽ അടക്കം വിശാലമായൊരുക്കിയ കലക്ഷൻ സെന്ററുകൾ സാധനങ്ങൾ കൊണ്ട് നിറഞ്ഞുകവിഞ്ഞു.

ദുരന്തമേഖലയിൽ ഭക്ഷണവും മറ്റു സൗകര്യങ്ങളുമടക്കമൊരുക്കി സന്നദ്ധ സംഘടനകളുടെ നീണ്ട നിര. തകർന്ന വീടുകളിൽനിന്ന് ശേഷിക്കുന്നവ എന്തെങ്കിലുമുണ്ടെങ്കിൽ കണ്ടെടുക്കാനും കൂറ്റൻ പാറക്കല്ലുകളും ചളിയും നിറഞ്ഞ വഴികൾ വീണ്ടെടുക്കാനും അവർ നടത്തിയ ശ്രമങ്ങൾ അത്രയേറെ പ്രശംസനീയം.

ചേർത്തുപിടിക്കലിന്‍റെ അതിശയ കഥകൾ

സഹായ വാഗ്ദാനങ്ങളുടെ കുത്തൊഴുക്കായിരുന്നു. എല്ലാ മേഖലയിൽനിന്നും സഹായ ഹസ്തങ്ങൾ നീളുകയാണ്. വീടൊരുക്കാൻ മണ്ണ് വാഗ്ദാനം ചെയ്തവർ നിരവധി. വീട് നിർമിച്ചുനൽകാൻ തയാറായി പലരും. വാഹനങ്ങൾ നഷ്ടമായവർക്ക് പകരം നൽകാനുള്ള പരി​ശ്രമങ്ങൾ. ദുരിതബാധിതർക്ക് താമസിക്കാൻ തങ്ങളുടെ വീട് ഒഴിഞ്ഞുനൽകാൻ സന്നദ്ധരായി നൂറുകണക്കിനാളുകൾ.

കുഞ്ഞുങ്ങളെ ദത്തെടുക്കാനും കുടുംബങ്ങളെ ഏറ്റെടുക്കാനും തയാറായവർ. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട യുവതികളെ വിവാഹം കഴിക്കാനുള്ള താൽപര്യവുമായി ചിലർ. കണ്ടുപരിചിതമല്ലാത്ത കരുണയുടെ നേർച്ചിത്രങ്ങളും കണ്ടു.

മുലകുടി മാറാത്ത കുഞ്ഞുങ്ങളു​ണ്ടെങ്കിൽ അവരെ സഹായിക്കാൻ എന്‍റെ ഭാര്യ ഒരുക്കമാണെന്നുപറഞ്ഞ വെള്ളമുണ്ടയിലെ അസീസിനെ​പ്പോലുള്ളവരുടെ ഹൃദയവായ്പ് കേരളത്തിന്‍റെ അഭിമാനമായി. വിദേശരാജ്യങ്ങളിലുള്ളവർ വരെ ആ സ്നേഹമനസ്സിനു മുന്നിൽ അതിശയം കൂറിനിന്നു.

ദുരന്തത്തിൽ ഒറ്റപ്പെട്ട അമ്മമാരുണ്ടെങ്കിൽ അവരെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞെത്തിയവർ പുതിയ അനുഭവമായി. കേരളം ഇതുവരെ ദർശിച്ചിട്ടില്ലാത്ത രീതിയിൽ ഈ നാട് ദുരന്തബാധിതർക്കൊപ്പം നിൽക്കുന്നതിന്‍റെ അതിശയകഥകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. വിഭാഗീയതയും വിമർശനങ്ങളും മാറ്റിവെച്ചാണ് ഈ ഘട്ടത്തിൽ മലയാളക്കര ഒത്തൊരുമിച്ചു നിന്നതെന്നത് ഏറെ സവിശേഷമായി.

ഇനി മുന്നോട്ടുള്ള വഴികളിലും കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനിരയായവരെ ചേർത്തുനിർത്തേണ്ടതുണ്ട്. വീടും വീട്ടുകാരുമടക്കം എല്ലാം നഷ്ടപ്പെട്ട നൗഫലിനെപ്പോലുള്ളവർക്ക് ഇനി ഈ നാടു മാത്രമാണ് കൂട്ട്. അവരുടെ പുനരധിവാസമാണ് മുഖ്യം. ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപ്പുഴ​യായി ഒഴുകിയേ തീരൂ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideLifestyleMundakkaichooralmala
News Summary - The people of Mundakkai and Chooralmala still need our help
Next Story