Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightദുബൈ ശൈഖ്​ സായിദ്​...

ദുബൈ ശൈഖ്​ സായിദ്​ റോഡിൽ സൈക്കിളുമായി ഇറങ്ങിയത്​ 34,000 പേർ, ഓടിയത് 1.90 ലക്ഷം പേർ...ലോകത്തിന് മാതൃകയാണീ ദുബൈ മോഡൽ...

text_fields
bookmark_border
The worlds largest fun run is taking over Sheikh Zayed Road
cancel


ദുബൈ ശൈഖ്​ സായിദ്​ റോഡിലെ വേഗപരിധി 110 കിലോമീറ്ററാണ്. ഇതിനെക്കാൾ കൂട്ടിയും കുറച്ചും വാഹനങ്ങൾ ചീറിപ്പായുന്ന അതിവേഗ പാത. വാഹനങ്ങൾ പ്രവഹിക്കുന്ന സമയത്ത്​ കാൽനടയായി ഈ റോഡ് മറികടന്നവരാരും ജീവനോടെ ഉള്ളതായി അറിവില്ല. പക്ഷേ, വർഷത്തിൽ രണ്ടുദിവസം ഈ പാതയിലൂടെ ആർക്കും ഓടാം, നടക്കാം, സൈക്കിൾ ചവിട്ടാം.

ബുർജ്​ ഖലീഫക്കും മ്യൂസിയം ഓഫ്​ ഫ്യൂച്ചറിനും മുന്നിലൂടെ കടന്നുപോകുന്ന ശൈഖ്​ സായിദ്​ റോഡ്​ രണ്ടുദിവസം പുലർച്ച മൂന്നുമുതൽ രാവിലെ എട്ടു വരെ അടച്ചിടുന്നത്​ സമര കോലാഹലങ്ങൾ​ക്കോ കുടിവെള്ള പൈപ്പിടാൻ വെട്ടിപ്പൊളിക്കുന്നതിനോ അല്ല​. ഈ രണ്ടു ദിവസങ്ങളിൽ ദുബൈ നഗരം ഒന്നടങ്കം റോഡിലിറങ്ങും.

ഓടിയും ചാടിയും സൈക്കിളിലേറിയും അവർ ലോകത്തിനൊന്നടങ്കം ആ​രോഗ്യസംരക്ഷണത്തിന്‍റെ മഹിത സന്ദേശം പകർന്നുനൽകും. ഒരു ദിവസം സൈക്ലിങ്​ ആണെങ്കിൽ അടുത്ത ദിവസം ഓട്ടമായിരിക്കും. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്​ ദുബൈ എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ടെന്നതിന്‍റെ ഒരു തെളിവു​ മാത്രമാണ്​ ദുബൈ റൈഡും (സൈക്ലിങ്​) ദുബൈ റണ്ണും (ഓട്ടം).

500 കിലോമീറ്ററോളം സൈക്കിൾ ട്രാക്കൊരുക്കിയും പാർക്കുകളിലെല്ലാം ഓപൺ ജിം സ്ഥാപിച്ചും ജനങ്ങളെ ഓടാൻ പ്രേരിപ്പിച്ചും അവസര​മൊരുക്കിയും ദുബൈ നടപ്പാക്കുന്ന ആരോഗ്യസംരക്ഷണ പദ്ധതികൾ ലോകത്തിനൊന്നടങ്കം മാതൃകയാണ്​.


ഇവിടെയെല്ലാം‘ഓപൺ’

എറണാകുളം മഹാരാജാസ്​ ഗ്രൗണ്ടിലെ സിന്തറ്റിക്​ ട്രാക്കിൽ പുലർച്ച നടക്കാനിറങ്ങണമെങ്കിൽ പണം നൽകണം. പണമില്ലാത്തവന്‍റെ മുന്നിൽ ആ ഗേറ്റുകൾ അടഞ്ഞുതന്നെ കിടക്കും. ഇനി ദുബൈയിലെ പൊതുപാർക്കുകളിലേക്ക്​ വരാം. ചെറിയ മേഖലകളിൽപോലും സ്ഥാപിച്ച പൊതു പാർക്കുകളിലേക്ക്​ പ്രവേശനം സൗജന്യമാണ്​. ഇവിടെയുള്ള ഓപൺ ജിമ്മുകളിൽ ആർക്കും എക്​സർസൈസ്​ ചെയ്യാം.

ഫുട്​ബാൾ, ടെന്നിസ്​, ബാസ്​കറ്റ്​ബാൾ, വോളിബാൾ മൈതാനങ്ങളിലേക്ക്​ പന്തുമായി എത്തുന്ന ആർക്കും കളിക്കാം. ട്രാക്കുകളിൽ സൗജന്യമായി ഓടിത്തളരാം. നടക്കേണ്ടവർക്ക്​ നടക്കാം. കുട്ടികൾക്ക്​ സ്​കേറ്റിങ്​ പഠിക്കാം. പാർക്കുകളിൽ കളിക്കാം. ചുട്ടുപൊള്ളുന്ന വെയിലിൽ മരത്തണലിലൂടെ നടക്കാം.

പച്ചവിരിച്ച പുൽത്തകിടിയിൽ വിശ്രമിക്കാം. സൈക്ലിങ്​ മെഷീനുകളിൽ സൈക്കിൾ ചവിട്ടാം. ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹമുള്ള ആർക്കും അതിനുള്ള അവസരങ്ങൾ സൗജന്യമായി തുറന്നിട്ടുണ്ട്​ ദുബൈ. പാർക്കുകൾ എന്നാൽ ​കുട്ടികൾക്ക്​ ഉല്ലസിക്കാൻ മാത്രമുള്ള ഇടം എന്ന സങ്കൽപം തച്ചുടക്കുകയാണ്​ ഈ നാട്​.


ദുബൈ ഫിറ്റ്​നസ്​ ചലഞ്ച്​

ദുബൈ കിരീടാവകാശിയും യു.എ.ഇയിലെ യുവത്വത്തിന്‍റെ ഫിറ്റ്​നസ്​ റോൾ മോഡലുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ തലയിൽ വിരിഞ്ഞ ആശയമാണ്​ ദുബൈ ഫിറ്റ്​നസ്​ ചലഞ്ച്​. 30 ദിവസം 30 മിനിറ്റ്​ വീതം വ്യായാമങ്ങളിൽ ഏർപ്പെടുന്നതാണ്​ ചലഞ്ച്​.

എല്ലാ വർഷവും ഒക്​ടോബർ-നവംബർ മാസങ്ങളിലാണ്​ ഫിറ്റ്​നസ്​ ചലഞ്ച്​ നടക്കുക. വെറുതെ പദ്ധതി പ്രഖ്യാപിക്കുക മാത്രമല്ല, മുന്നിൽനിന്ന്​ മാതൃക കാണിക്കുന്നുമുണ്ട്​ ശൈഖ്​ ഹംദാൻ. അദ്ദേഹത്തിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകൾ നോക്കിയാൽ മനസ്സിലാകും ഹംദാന്‍റെ സാഹസികതയും വ്യായാമങ്ങളും.

ഫിറ്റ്​നസ്​ ചലഞ്ചിന്‍റെ ഭാഗമായി നടത്തിയ ദുബൈ റൈഡിൽ സൈക്കിളുമായി റോഡിലിറങ്ങിയത്​ 34,000 പേരാണ്. ഓടാനിറങ്ങിയത്​ 1.90 ലക്ഷം പേർ. മുന്നിൽനിന്ന്​ നയിച്ചത്​ ശൈഖ്​ ഹംദാൻ തന്നെ. ദുബൈ എക്സ്​പോയിൽ സാക്ഷാൽ ഉസൈൻ ബോൾട്ടിനെ നേരിട്ടെത്തിച്ചാണ്​ എക്സ്​പോ റൺ​ നടത്തിയത്​.

ലോകം ലോക്​ഡൗണിലായ കോവിഡ്​ സമയത്തും ഫിറ്റ്​നസ്​ ചലഞ്ച്​ മുടക്കിയില്ല. ​ട്രെഡ്​മില്ലിൽ ഓടുകയോ വീടിനകത്ത്​ വ്യായാമത്തിൽ ഏർപ്പെടുകയോ ചെയ്യാനായിരുന്നു ഹംദാന്‍റെ ആഹ്വാനം. ട്രെഡ്​മില്ലിൽ കൂടുതൽ ഓടുന്നവർക്ക്​ സമ്മാനവും പ്രഖ്യാപിച്ചു.


സാഹസികതക്ക്​ മുശ്​രിക് പാർക്ക്​

ദുബൈയി​​ലെ സൈക്കിൾ ഫാൻസിന്‍റെ മറ്റൊരു ആകർഷണ കേന്ദ്രമാണ്​ മുശ്​രിക് പാർക്ക്​. കൊച്ചുകുട്ടികൾ മുതൽ അതിസാഹസികർക്കുവരെ മലകൾ കയറിയിറങ്ങാനും സൈക്ലിങ് പരിശീലനം നടത്താനുമുള്ള കേന്ദ്രമാണ് മുശ്​രിക് പാർക്കിലെ മൗണ്ടൻ ബൈക്ക് ട്രയൽ.

സ്വന്തമായി സൈക്കിളില്ലെങ്കിലും വിഷമിക്കേണ്ട, ഇവിടെയെത്തിയാൽ വാടകക്ക് സൈക്കിൾ കിട്ടും. സൈക്കിൾ മാത്രമല്ല, ഹെൽമറ്റ് മുതൽ എല്ലാ സുരക്ഷ ഉപകരണങ്ങളും ഇവിടെ വാടകക്ക് ലഭിക്കും. 55-65 ദിർഹമാണ് സൈക്കിളിന്‍റെ വാടക. സന്ദർശകർക്ക് മൂന്നു ട്രാക്കുകൾ തിരഞ്ഞെടുക്കാം. റെഡ്, ഗ്രീൻ, ബ്ലൂ.


സാഹസികരാണെങ്കിൽ റെഡ് ട്രാക്കാണ് ഉചിതം. തുടക്കക്കാർക്ക് ഗ്രീൻ ട്രാക്കാണ് നല്ലത്. ഇതിന് രണ്ടിനും ഇടയിലുള്ളവർക്ക് ബ്ലൂ ട്രാക്കും തിരഞ്ഞെടുക്കാം. മണ്ണും കല്ലും മണലും നിറഞ്ഞതാണ് വഴികൾ. റെഡ് ട്രാക്കിലാണെങ്കിൽ കല്ലുകൾക്കു പകരം പാറക്കെട്ടുകൾ വരും. സൈക്കിളുകൾ ഉയർന്നുപൊങ്ങുന്നതും കാണാം.

പരിസ്ഥിതി സൗന്ദര്യം ആസ്വദിച്ച് സൈക്കിൾ ചവിട്ടാമെന്നതാണ് മറ്റൊരു പ്രത്യേകത. 70,000 മരങ്ങൾ ഇവിടെയുണ്ടെന്നാണ് കണക്ക്. കിളികളുടെ കളകളനാദവും കേട്ട് സൈക്കിൾ ചവിട്ടാം. ഓരോ ട്രാക്കിലും കൃത്യമായ സൂചനാ ബോർഡുകളുണ്ട്. ആരോഗ്യത്തിനുപുറമെ പ്രകൃതിസംരക്ഷണത്തിന്‍റെ സന്ദേശംകൂടി പകരുകയാണ്​ ദുബൈ.


739 കിലോമീറ്റർ സൈക്കിൾ ട്രാക്ക്​

സൈക്കിൾ റൈഡിനെ വളരെയേറെ പ്രോത്സാഹിപ്പിക്കുന്നു​ ദുബൈ. സൈക്ലിസ്റ്റുകൾക്കായി പ്രത്യേക നിയമം തന്നെയുണ്ട്​. ഇത്തിഹാദ്​ മ്യൂസിയം മുതൽ ദുബൈ മറീന വരെ 520 കിലോമീറ്റർ നീളുന്നതാണ്​ ദുബൈയിലെ ​സൈക്കിൾ പാത. ദുബൈയുടെ മുക്കിലും മൂലയിലും സൈക്കിൾ ട്രാക്ക്​ നിർമിക്കുക എന്നതാണ്​ സർക്കാർ നയം.

2026ഓടെ ട്രാക്കിന്‍റെ നീളം 739 കിലോമീറ്ററാവും. ജുമൈറ, അൽ സുഫൂ, മറീന പോലുള്ള തീരപ്രദേശങ്ങളിലും ട്രാക്കുകളുണ്ട്​. ആരോഗ്യ സംരക്ഷണം മാത്രമല്ല, ഇന്ധന ലാഭവും പരിസ്ഥിതി സംരക്ഷണവുംകൂടി ലക്ഷ്യമിട്ടാണ്​ ദുബൈ സൈക്കിളിനെ​ പ്രോത്സാഹിപ്പിക്കുന്നത്. ഏതൊരു മെട്രോ സ്​റ്റേഷനിലും സൈക്കിൾ വാടകക്ക്​ ലഭിക്കും.

ഒരു സ്​റ്റേഷനിൽനിന്നെടുക്കുന്ന സൈക്കിൾ അവിടെത്തന്നെ തിരിച്ചെത്തിക്ക​ണമെന്നില്ല. ഇഷ്ടമുള്ള മറ്റേതെങ്കിലും സ്​റ്റേഷനിൽ ഉപേക്ഷിക്കാം. സർക്കാർ ഉടമസ്ഥതയിലുള്ള സംവിധാനമാണിത്​. ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച്​ കാർഡ്​ വഴി​ പണം അടക്കാം. ദിവസ, മാസ പാക്കേജുകളുമുണ്ട്​. മെട്രോക്കു പുറമെ നൂറോളം സൈക്കിൾ സ്​റ്റേഷനുകൾ നഗരത്തിലെമ്പാടുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthmadhyamam kudumbambodybodybuildingWorld NewsfamilyfitnessdietworkoutexerciserungymlifecyclingSheikh Zayed Roadfitness issuefitness myths
News Summary - The world's largest fun run is taking over Sheikh Zayed Road
Next Story