ബ്ലാസ്റ്റേഴ്സിന്‍റെ ഇരട്ട എൻജിനുകളായ ലക്ഷദ്വീപുകാരായ ഇരട്ട സഹോദരങ്ങളെക്കുറിച്ചറിയാം
text_fieldsകാഴ്ചയില്‍ തിരിച്ചറിയാനാകാത്ത സാമ്യമുള്ള ഇരട്ട സഹോദരങ്ങള്‍. ലക്ഷദ്വീപിന്‍റെ കടലിരമ്പം കേട്ടാണ് അവര്‍ വളര്‍ന്നത്. ചെറുപ്പം മുതല്‍ കാല്‍പന്തുകളിയോട് അടങ്ങാത്ത പ്രണയം. മക്കളുടെ തുകല്‍പന്തിനോടുള്ള ഇഷ്ടത്തിന് വളംവെച്ചുകൊടുത്ത് ഒപ്പംനിന്ന മാതാപിതാക്കള്‍. പതിയെ ലക്ഷ്യത്തിലേക്ക് പന്തുതട്ടിയ അവര്‍ ഇന്ന് ഐ.എസ്.എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഇരട്ട എൻജിനുകളാണ്.
എതിരാളികളുടെ ബോക്‌സിലേക്ക് ഇരമ്പിയെത്തി ഒരാള്‍ ഗോള്‍ അടിച്ചുകൂട്ടുമ്പോള്‍ മറ്റൊരാള്‍ വിജയത്തിലേക്കുള്ള കില്ലർ പാസുകള്‍ നല്‍കി കളം നിറയുന്നു. പച്ചപ്പുൽ മൈതാനങ്ങളില്‍ കൊമ്പന്മാരുടെ ഇരട്ടക്കൊമ്പുകളായ മുഹമ്മദ് ഐമന്‍റെയും മുഹമ്മദ് അസ്ഹറിന്‍റെയും വിശേഷങ്ങളിലേക്ക്...
ഫുട്‌ബാളിലേക്കുള്ള വരവ്
ലക്ഷദ്വീപ് ആന്ത്രോത്ത് സ്‌കൂള്‍ മൈതാനത്ത് പന്തുതട്ടിയായിരുന്നു ഇരുവരുടെയും തുടക്കം. വിവിധ ക്ലബ് മത്സരങ്ങളില്‍ കളിച്ചു. ഫുട്‌ബാളിനെ പ്രഫഷനലായി കണ്ടുതുടങ്ങിയത് കൊച്ചിയിലെത്തിയത് മുതലായിരുന്നു. 12ാം വയസ്സ് മുതല്‍ പരിശീലകന്‍ രവിക്ക് കീഴില്‍ എസ്.എച്ച് ഫുട്‌ബാള്‍ അക്കാദമിയില്‍ കളി പഠിച്ചുതുടങ്ങി.
ഐമൻ വിങ്ങറും ഫോര്‍വേഡുമായി കളം നിറയുമ്പോള്‍ അസ്ഹര്‍ മിഡ്ഫീല്‍ഡറായി പ്ലേമേക്കര്‍ റോളില്‍ തിളങ്ങി. തുടര്‍ന്ന് ബേബിക്ക് കീഴില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പരിശീലനം. പിന്നീടാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഗ്രാസ് റൂട്ട് പ്രോഗ്രാമിന്‍റെ സെലക്ഷന്‍ ലഭിക്കുന്നത്.
സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ തലവര മാറി. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അണ്ടര്‍ 15 ട്രയല്‍സിലൂടെ യുവനിരയിലേക്ക്. പിന്നീട് ബ്ലാസ്റ്റേഴ്‌സ് അണ്ടര്‍ 18, റിസർവ് ടീമുകളുടെ ഭാഗമായി. റിസർവ് ടീമിലെ മിന്നും പ്രകടനം ഇരുവരെയും അതിവേഗം സീനിയര്‍തലങ്ങളിലെത്തിച്ചു. ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമില്‍ ആദ്യം കളിച്ചത് ഡ്യൂറന്‍റ് കപ്പിലായിരുന്നു.
ബ്ലാസ്റ്റേഴ്‌സ് എന്ന സ്വപ്‌നം
കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം കളിക്കുകയെന്നത് ഞങ്ങളുടെ വലിയ സ്വപ്നമായിരുന്നെന്ന് ഐമൻ പറയുന്നു. സീനിയര്‍ താരങ്ങള്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടുകയെന്നതും അവര്‍ക്കൊപ്പം മൈതാനത്ത് പന്ത് തട്ടുകയെന്നതും വലിയ അനുഭവമാണ്. അക്കാദമിയില്‍ കളിക്കുന്ന ഏതൊരു താരത്തിന്‍റെയും ആഗ്രഹമാണിത്.
റിസർവ് ടീമില്‍നിന്നെത്തിയ കളിക്കാരെന്നനിലയില്‍ ടീമിലെ സഹതാരങ്ങള്‍ ഞങ്ങളെ ഒരുപാട് സഹായിച്ചു. മുന്‍ കോച്ച് ഇവാന്‍ വുകമനോവിചും അവസരം നല്‍കി കൂടെനിന്നു. ഇപ്പോഴത്തെ മിക്കേല്‍ സ്റ്റാറേയും വലിയ പിന്തുണയാണ് നല്‍കുന്നത്. ഇരുവരുടെയും കളിശൈലിയില്‍ കാര്യമായ വ്യത്യാസമില്ലെന്ന് ഐമൻ പറയുന്നു.
സഹതാരങ്ങള്‍ക്കുപോലും മാറിപ്പോകുന്നു
കാഴ്ചയില്‍ ഒരുപോലിരിക്കുന്ന അസ്ഹറിനെയും ഐമനെയും സഹതാരങ്ങള്‍ക്കുപോലും മാറിപ്പോകാറുണ്ട്. പലപ്പോഴും ജഴ്‌സി നമ്പര്‍ നോക്കിയാണ് മറ്റുള്ളവര്‍ തിരിച്ചറിഞ്ഞിരുന്നത്. ഒരുമിച്ച് കളിക്കുകയെന്നത് ഞങ്ങള്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്ന് ഇരുവരും പറയുന്നു. ചെറുപ്പം മുതല്‍ ഒരേ ടീമിലാണ് കളിച്ചത്. പരസ്പരം മത്സരിച്ചതേയില്ല.
ബ്ലാസ്റ്റേഴ്‌സിനായി ഒരുമിച്ച്
അസ്ഹര്‍: വലിയൊരു സ്വപ്‌ന സാക്ഷാത്കാരമായാണ് ഇതിനെ കാണുന്നത്. ഞങ്ങള്‍ സ്വപ്‌നംകണ്ട ടീമിനൊപ്പം ഒരുമിച്ച് കളത്തിലിറങ്ങുകയെന്നത് പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ്. ഗ്രൗണ്ടില്‍ ഇനിയും ഇംപ്രൂവാകാനുണ്ടെന്നറിയാം. ഓരോ മത്സരം കഴിയുമ്പോഴും വലിയ എക്‌സ്പീരിയന്‍സാണ് ലഭിക്കുന്നത്.
ട്രെയിനിങ്ങില്‍ ഞങ്ങള്‍ നന്നായി ചെയ്യാന്‍ ശ്രമിക്കുന്നു. അത് കളിയിലും ആവര്‍ത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ആദ്യം ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറിയത് ഐമനാണ്. നാലു മാസത്തിനുശേഷം ഞാനും ടീമിലെത്തി.
സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ കളിയെ ബാധിക്കാറില്ല
ഐമൻ: നല്ല രീതിയില്‍ കളിച്ചാല്‍ ആളുകള്‍ സപ്പോര്‍ട്ട് ചെയ്യും. മിസ്റ്റേക്ക് വരുത്തിയാല്‍ വിമര്‍ശനമുണ്ടാകും. അത് എല്ലായിടത്തുമുള്ളതാണ്. ഫുട്‌ബാളിന്‍റെയും ഭാഗമാണ്. അത് ബാലന്‍സ് ചെയ്തു പോകുകയാണ് വേണ്ടത്. ആരാധകര്‍ ടിക്കറ്റെടുത്താണ് കളി കാണാന്‍ വരുന്നത്. ടീം പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെങ്കില്‍ അവര്‍ പ്രതികരിക്കും. അത് നമ്മള്‍ മനസ്സിലാക്കിയാല്‍ മതി.
അസ്ഹര്‍: സമൂഹ മാധ്യമങ്ങളിലെ കമന്‍റുകള്‍ കൂടുതൽ ശ്രദ്ധിക്കാതിരിക്കുകയാണ് നല്ലത്. നമുക്ക് വന്നുചേര്‍ന്ന വഴികളിലൂടെ മുന്നോട്ട് പോകുകയെന്നതുമാത്രമാണ് ചെയ്യേണ്ടത്.
ഫ്യൂച്ചര്‍ പ്ലാന്‍
ഐമൻ: യൂറോപ്പിലെ ഏതെങ്കിലും ലീഗുകളില്‍ കളിക്കണമെന്നതാണ് സ്വപ്‌നം. നേരത്തേ പരിശീലനത്തിനായി പോളണ്ടില്‍ പോയിരുന്നു. അവിടത്തെ കളിയന്തരീക്ഷം നമ്മുടെ നാട്ടില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. കൂടുതല്‍ അപ്‌ഗ്രേഡായ സംവിധാനങ്ങളാണുള്ളത്. അത്തരം സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലും വരണമെന്ന് ആഗ്രഹമുണ്ട്.
അസ്ഹര്‍: ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നതും ബ്ലാസ്റ്റേഴ്‌സിനൊപ്പം കിരീടം സ്വന്തമാക്കണമെന്നതും കരിയറിലെ വലിയ സ്വപ്‌നമാണ്.
ചിട്ടയോടെ ഭക്ഷണ ക്രമീകരണം
ഐമൻ: ഞങ്ങള്‍ക്ക് പേഴ്‌സനല്‍ ഡയറ്റീഷനുണ്ട്. അവരുടെ നിര്‍ദേശമനുസരിച്ചാണ് ഭക്ഷണക്രമീകരണമെല്ലാം. എരിവുള്ള ഭക്ഷണം ക്രമീകരിക്കും. ഷുഗര്‍ കണ്‍ട്രോളുമുണ്ട്. രാവിലെയും വൈകീട്ടും ടീം ട്രെയിനിങ് സെഷനുമുണ്ടാകും. ജിംനേഷ്യത്തിലുള്ള വര്‍ക്കൗട്ട് ഉള്‍പ്പെടെയാണിത്.
ഇഷ്ടതാരങ്ങള്‍
നെയ്മറാണ് ഐമന്‍റെ ഇഷ്ടതാരം. ബാഴ്‌സലോണയോടും ഇതേ ഇഷ്ടമുണ്ടായിരുന്നു. പിന്നീട് നെയ്മര്‍ ബാഴ്‌സ വിട്ടതോടെ താന്‍ റയല്‍ മാഡ്രിഡ് ഫാനായെന്ന് ഐമൻ പറയുന്നു.
എന്നാല്‍, ബാഴ്‌സലോണയില്‍ അടിയുറച്ചുനില്‍ക്കുകയാണ് അസ്ഹര്‍. ബാഴ്‌സയുടെ ഇതിഹാസ മിഡ്ഫീല്‍ഡര്‍ സാവി ഹെര്‍ണാണ്ടസാണ് ഇഷ്ടതാരം. മധ്യനിരയില്‍ കളിക്കുന്നതുകൊണ്ടുതന്നെ സാവിയുടെ കളിശൈലി ആദ്യമേ ഇഷ്ടമായിരുന്നു. ഈ സീസണിലെ ബാഴ്‌സയുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണെന്ന് അസ്ഹര്‍ പറയുന്നു.
ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കപ്പടിക്കും
ഐമൻ: എല്ലാ സീസണിലും കിരീടമെന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് പന്തുതട്ടുന്നത്. എന്നാല്‍, അവസാന നിമിഷം നമ്മള്‍ വീണുപോകുന്നു. ഇത്തവണ എന്തായാലും അതുണ്ടാകില്ലെന്നാണ് വിശ്വാസം. നമുക്ക് നല്ല സ്റ്റാര്‍ട്ടാണ് ലഭിച്ചത്. ഈ പ്രകടനം സീസണ്‍ അവസാനംവരെ ആവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഒപ്പമുണ്ട് കുടുംബം
പിതാവ് കെ.സി. മുഹമ്മദ് റഫീഖ് പഠനകാലത്ത് യൂനിവേഴ്‌സിറ്റി താരമായിരുന്നു. ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശിയായ റഫീഖിന് നാട്ടിലെ പരിമിതികള്‍മൂലം കോളജ് പഠനശേഷം ഫുട്‌ബാളില്‍ മുന്നേറാനായില്ല. ഇടക്ക് ഫുട്‌ബാള്‍ കാണാന്‍ പോകുമ്പോഴെല്ലാം ഐമനെയും അസ്ഹറിനെയും ഒപ്പംകൂട്ടിയിരുന്നു. പിതാവിന്‍റെ ഈ ഇഷ്ടം പതിയെ ഇരുവരിലേക്കുമെത്തി. മക്കള്‍ക്കും കാല്‍പന്തുകളിയോടാണ് ഇഷ്ടമെന്ന് തിരിച്ചറിഞ്ഞതോടെ പിതാവ് സർവ പിന്തുണയും നൽകി. തനിക്ക് കഴിയാത്തത് മക്കളിലൂടെ സാധ്യമാക്കുകയാണ് ഈ പിതാവിന്‍റെ ലക്ഷ്യം.
കൊച്ചിയില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനിലാണ് ജോലി ചെയ്യുന്നത്. പത്തുവര്‍ഷമായി കൊച്ചിയില്‍ സ്ഥിരതാമസമാണ്. ഉമ്മ: ഷറഫുന്നീസ. ജ്യേഷ്ഠ സഹോദരങ്ങള്‍: മുഹമ്മദ് അജ്മല്‍, മുഹമ്മദ് അഷ്‌കര്‍.
ബ്ലാസ്റ്റേഴ്‌സില്‍ ഓര്‍മയില്‍ നില്‍ക്കുന്ന മത്സരം
അസ്ഹര്‍: കഴിഞ്ഞ സീസണില്‍ ഗോവക്കെതിരെ കലൂര്‍ സ്റ്റേഡിയത്തില്‍ ഒരു കംബാക് മാച്ചുണ്ടായിരുന്നു. ഗോവക്കെതിരെ രണ്ടു ഗോളിന് പിന്നില്‍നിന്നശേഷം നാലുഗോള്‍ തിരിച്ചടിച്ചുള്ള വിജയം.
ഐമൻ: അരങ്ങേറ്റ ഗോളാണ് ഓര്‍മയില്‍ എന്നും നില്‍ക്കുന്നത്. ഡ്യൂറന്‍റ് കപ്പില്‍ നേടിയ ആ ഗോള്‍ എന്നും സ്‌പെഷലാണ്. കരിയറിലെ ടേണിങ് പോയന്‍റായതും അതായിരുന്നു. ആദ്യം അരങ്ങേറിയ മത്സരവും വലിയ ഓര്‍മയാണ്. നമ്മുടെ പേര് അനൗണ്‍സ് ചെയ്യുന്നത് അഭിമാന മുഹൂര്‍ത്തമാണ്.
പുതുതായി ഫുട്‌ബാളിലേക്ക് വരുന്നവരോട്
അസ്ഹര്‍: പരിശ്രമിച്ചുകൊണ്ടേയിരിക്കുക. ഏറ്റവും കൂടുതല്‍ വേണ്ടത് ക്ഷമയാണ്. മികച്ച രീതിയില്‍ ട്രെയിനിങ് ചെയ്യുക. പരിശീലകര്‍ പറയുന്നത് കേള്‍ക്കുക. ഒടുവില്‍ നമ്മുടെ സമയം വന്നുചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.