പുതുതലമുറക്ക് കേരളം മടുത്തോ? യുവതീയുവാക്കൾ കേരളം വിടാനുള്ള കാരണങ്ങളിതാ...
text_fields‘‘ആരായിരിക്കും ഈ മണ്ണിൽ കാലുകുത്തിയ ആദ്യത്തെ മലയാളി?’’
‘‘ആരായിരുന്നാലും നാടുകാണാന്‍ വന്നവരായിരിക്കില്ല, വീട്ടിലെമ്പാട് പട്ടിണിയും പുരനിറഞ്ഞ് നില്‍ക്കുന്ന പെങ്ങന്മാരുമുള്ള ആരെങ്കിലുമായിരിക്കും’’
-മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിന്‍റെ കഥ പറഞ്ഞ ‘പത്തേമാരി’ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കൽ നാരായണനും ശ്രീനിവാസൻ അവതരിപ്പിച്ച മൊയ്തീനും തമ്മിലുള്ള സംഭാഷണമാണിത്.
കൃഷി ചെയ്യാൻ തുടങ്ങിയ കാലം മുതൽ മനുഷ‍്യൻ ഒരിടത്ത് താമസിക്കാൻ തുടങ്ങിയെങ്കിലും കുടിയേറ്റത്തിനും ദേശാടനത്തിനും മനുഷ‍്യ ചരിത്രത്തോളംതന്നെ പഴക്കമുണ്ട്. തൊഴിൽ തേടി മലയാളി ഗൾഫ് രാജ്യങ്ങളിലേക്ക് ചേക്കേറിയത് ലോകത്തെ ഏറ്റവും വലിയ കുടിയേറ്റങ്ങളിലൊന്നാണ്.
കാലക്രമേണ ഗൾഫ് കുടിയേറ്റം കുറഞ്ഞുവരാൻ തുടങ്ങി. പിന്നീട് നാം കണ്ടത് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കുമൊക്കെയുള്ള യുവതലമുറയുടെ കുടിയേറ്റം ശക്തിപ്പെടുന്നതാണ്. പ്രധാനമായും വിദ്യാഭ‍്യാസത്തിനാണ് ഈ കുടിയേറ്റം. അതോടൊപ്പം അവിടെ മെച്ചപ്പെട്ട കരിയറും പൗരത്വവും അവർ സ്വപ്നം കാണുന്നു. കോവിഡാനന്തരം വിദ്യാഭ‍്യാസത്തിനും ജോലിക്കുമായി വിദേശ രാജ്യങ്ങളിലേക്കുള്ള യുവതലമുറയുടെ കുടിയേറ്റം വർധിക്കുകയാണ്.
മലബാറിലും മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും ട്രെൻഡിൽ മാറ്റങ്ങളുണ്ട്. മലബാറുകാരെ അപേക്ഷിച്ച് മധ‍്യ കേരളക്കാരും തെക്കൻ കേരളക്കാരും പതിറ്റാണ്ടുകൾ മുമ്പേ ഗൾഫിനു പുറമെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, തൊഴിൽ തേടി ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നവരാണ് മലബാറിൽ കൂടുതൽ. എന്നാൽ, ഇന്ന് ഗൾഫിതര രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം മലബാറിലും വർധിക്കുകയാണ്.
കുടിയേറ്റവും മലയാളിയും
കേരളത്തിൽനിന്നുള്ള വിദേശ കുടിയേറ്റം ആരംഭിച്ചിട്ട് നൂറ്റാണ്ടിലേറെയായി. 1950കളിലും 60കളിലും മലയാളി ബോംബെ, കൽക്കട്ട, മദ്രാസ് എന്നിവിടങ്ങളിലേക്ക് കുടിയേറിയിരുന്നു. അതിനും മുമ്പാണ് സിലോണിൽ പോയിരുന്നത്. 70കളുടെ മധ‍്യത്തോടെ കേരളത്തിൽനിന്നുള്ള ഗൾഫ് കുടിയേറ്റം വർധിച്ചു.
വർഷങ്ങൾ പിന്നിട്ടപ്പോൾ ഗൾഫിൽ അവസരങ്ങൾ കുറഞ്ഞതോടെ ആളുകൾ യു.കെയിലേക്കും ആസ്ട്രേലിയയിലേക്കും കുടിയേറാൻ തുടങ്ങി. അതോടൊപ്പം നല്ലൊരു ശതമാനം പ്രവാസികൾ കേരളത്തിലേക്ക് മടങ്ങി.
അപ്പർ മിഡിൽ ക്ലാസിൽപെട്ട വിദ്യാർഥികൾ പതിറ്റാണ്ടുകളായി ഉന്നത വിദ്യാഭ‍്യാസത്തിന് കേരളത്തിന് പുറത്തുപോകുന്നുണ്ട്. വിദ്യാർഥികളിൽ പലരും പ്ലസ് ടു കഴിയുന്നതോടെ കേരളം വിടുന്നു. ചിലർ ബംഗളൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബിരുദ പഠനത്തിനായി പോകുന്നു. ചിലർ വിദേശപഠനത്തിനായി പോകുന്നു. തൊഴിൽ വിസ ലഭിക്കാൻ പ്രയാസമായതിനാൽ ചെറുപ്പക്കാർ വിദ്യാർഥി വിസയിൽ വികസിത രാജ്യങ്ങളിലേക്ക് ചേക്കേറുന്നു.
എന്തുകൊണ്ട് കേരളം വിടുന്നു?
കേരളത്തിൽനിന്നുള്ള യുവതീയുവാക്കളുടെ കുടിയേറ്റം സ്വാഭാവികമാണെന്നും ആശങ്കപ്പെടാനില്ലെന്നും വാദിക്കുന്നവരുണ്ട്. അതോടൊപ്പം യുവതലമുറ കേരളം വിടുകയാണെന്നും പല വികസിത രാജ്യങ്ങളെയും പോലെ ഇവിടം വയോധികരുടെ നാടായി മാറുകയാണെന്നും ആശങ്കപ്പെടുന്നവരുമുണ്ട്. കേരളം വിടാനുള്ള കാരണങ്ങളായി പുതുതലമുറ പങ്കുവെക്കുന്ന കാര്യങ്ങൾ പരിശോധിക്കാം:
● പരിമിതമായ തൊഴിലവസരങ്ങൾ: വിദേശത്തേക്ക് കുടിയേറുന്ന യുവതലമുറ ഏക സ്വരത്തിൽ പറയുന്ന കാരണമാണിത്. എത്ര വിദ്യാഭ‍്യാസ യോഗ്യതയുണ്ടെങ്കിലും തൊഴിൽ ലഭിക്കാത്ത അവസ്ഥയാണ് കേരളത്തിൽ. നിലവിലുള്ള തൊഴിലവസരങ്ങൾ ഓരോ വർഷവും കുറഞ്ഞുവരുന്നു. പുതുതായി തുടങ്ങുന്ന വ്യവസായ യൂനിറ്റുകളും സ്റ്റാർട്ടപ്പുകളും പ്രതീക്ഷിച്ച പോലെ വളരുന്നുമില്ല.
● കുറഞ്ഞ ശമ്പളം: മതിയായ യോഗ്യതയും നൈപുണ‍്യവുമുള്ള യുവതീയുവാക്കൾക്ക് പല കമ്പനികളും സ്ഥാപനങ്ങളും വളരെ കുറഞ്ഞ ശമ്പളമാണ് നൽകുന്നത്. പത്തും പന്ത്രണ്ടും മണിക്കൂർ ജോലി ചെയ്താലും മാസാവസാനം ഇരുപതിനായിരത്തിലോ പതിനയ്യായിരത്തിലോ താഴെ മാത്രമാണ് ശമ്പളം ലഭിക്കുക. ഇത് പലർക്കും താമസത്തിനും നിത്യചെലവിനും തികയില്ല. വിദ്യാഭ‍്യാസ വായ്പ തിരിച്ചടവ് വേറെ. ബി.ടെക്കും എം.ടെക്കും പാസായ പല എൻജിനീയർമാർക്കും ബി.എഡ് കഴിഞ്ഞ അധ‍്യാപകർക്കും പതിനായിരവും പന്ത്രണ്ടായിരവുമൊക്കെയാണ് ശമ്പളം. പലർക്കും വർഷത്തിൽ ലഭിക്കേണ്ട ശമ്പള വർധനയും നിഷേധിക്കപ്പെടുന്നു.
● തൊഴിൽ സ്ഥിരത: കേരളത്തിലായാലും ഗൾഫ് രാജ്യങ്ങളിലായാലും ലഭിക്കുന്ന ജോലിക്ക് സ്ഥിരതയില്ല. പല കമ്പനികളിലും സ്ഥിര നിയമനമില്ല. സർക്കാർ സ്ഥാപനങ്ങളിൽവരെ കരാർ നിയമനങ്ങൾ വർധിക്കുകയാണ്.
● ഉയർന്ന ജീവിത നിലവാരം: വിദേശരാജ്യങ്ങളിലെ ഉയർന്ന ജീവിത നിലവാരം യുവതലമുറയെ ആകർഷിക്കുന്നു. അവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, വിദ്യാഭ‍്യാസം തുടങ്ങിയ മേഖലകളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം എന്ന ചിന്തയിലാണ് പലരും വിദേശത്തേക്ക് പറക്കുന്നത്.
● ഉന്നത വിദ്യാഭ‍്യാസരംഗത്തെ ഗുണനിലവാരമില്ലായ്മ: പ്രാഥമിക വിദ്യാഭ‍്യാസരംഗത്ത് കേരളം മുന്നിലാണെങ്കിലും ഉന്നത വിദ്യാഭ‍്യാസരംഗത്ത് ആ മികവ് കാണാനാവില്ല. അതുകൊണ്ടുതന്നെ ക്വാളിറ്റിയുള്ള ഉന്നത വിദ്യാഭ‍്യാസം തേടി യുവതലമുറ ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകുന്നു.
● ഉന്നത വിദ‍്യാഭ‍്യാസമേഖലയിലെ രാഷ്ട്രീയ അതിപ്രസരം: കേരളത്തിൽ ഉന്നതവിദ‍്യാഭ‍്യാസ മേഖലയിൽ രാഷ്ട്രീയ അതിപ്രസരമാണ് എന്ന ചിന്ത യുവതീയുവാക്കളിൽ വളർന്നിട്ടുണ്ട്. അധ്യാപന നിയമനങ്ങളിലെ സുതാര്യത ഇല്ലായ്മമൂലം ഗുണനിലവാരമുള്ള വിദ്യാഭ‍്യാസം ലഭിക്കില്ലെന്ന ചിന്ത പലരിലുമുണ്ട്.
● സ്ത്രീ-പുരുഷ വിവേചനം: വീട്, വിദ്യാലയം, തൊഴിലിടം, പൊതു ഇടം തുടങ്ങി തങ്ങൾ ഇടപഴകുന്ന എല്ലായിടത്തും സ്ത്രീയായതിനാൽ രണ്ടാംതരക്കാരിയായി കാണുന്നെന്ന അഭിപ്രായം പുതുതലമുറ പെൺകുട്ടികൾ പങ്കുവെക്കുന്നു. ഏത് കമ്പനിയിൽ എത്ര വലിയ സ്ഥാനത്തെത്തിയാലും തങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നിടത്തുപോലും ലിംഗ വിവേചനം പ്രകടമാണെന്ന് അവർ പറയുന്നു.
● പേഴ്സനൽ സ്പേസ്: വ്യക്തിജീവിതത്തിൽ മറ്റുള്ളവർ അനാവശ‍്യമായി ഇടപെട്ട് ആളുകളുടെ പേഴ്സനൽ സ്പേസ് കവർന്നെടുക്കുന്ന പ്രവണത കേരളത്തിൽ കൂടുതലാണെന്ന ആക്ഷേപം പുതുതലമുറക്കുണ്ട്. വിദേശ രാജ്യങ്ങളിൽ വീട്ടിലും പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലുമെല്ലാം വ്യക്തികളുടെ പേഴ്സനൽ സ്പേസിന് മറ്റുള്ളവർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇക്കാര്യം അവിടെ ജീവിക്കുന്ന മലയാളികൾ സാക്ഷ‍്യപ്പെടുത്തുന്നു.
● വർക്ക്-ലൈഫ് ബാലൻസ്: മിക്ക വികസിത രാജ്യങ്ങളിലും ആളുകൾക്ക് വർക്ക്-ലൈഫ് ബാലൻസ് മനോഹരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നുണ്ട്. കൃത്യമായ തൊഴിൽ സമയം, കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സമയം, വാരാന്ത്യങ്ങളിൽ കുടുംബത്തോടൊപ്പം പുറത്തുപോയി ഉല്ലസിക്കാനുള്ള അവസരം എന്നിവയെല്ലാം നാടിനെക്കാളേറെ വിദേശത്ത് ലഭിക്കുന്നു.
● വിദ്യാഭ‍്യാസ ഏജൻസികളുടെ സ്വാധീനം: വിദ്യാഭ്യാസ ഏജൻസികളുടെ പുഷ് മാർക്കറ്റിങ്ങിൽപെട്ടാണ് യുവതീയുവാക്കൾ വിദേശ പഠനം തിരഞ്ഞെടുക്കുന്നത്. വൻ ശമ്പളത്തിൽ സുഖമായി ജീവിക്കാമെന്ന പ്രതീക്ഷയിൽ പല മാതാപിതാക്കളും വീടും ഭൂമിയും പണയപ്പെടുത്തി മക്കളെ വിദേശത്ത് പഠിക്കാൻ പറഞ്ഞയക്കുന്നു.
● സമപ്രായക്കാരിൽനിന്നുള്ള സമ്മർദം (peer group pressure): സമപ്രായക്കാരോ സുഹൃത്തുക്കളോ ഉന്നത പഠനത്തിനോ ജോലിക്കോ വിദേശത്ത് പോകുന്നത് മറ്റുള്ളവരെയും ആ പാത പിന്തുടരാൻ പ്രേരിപ്പിക്കും. കോഴ്സ്, ചെലവ്, ജോലി സാധ‍്യത തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ സമപ്രായക്കാർക്കിടയിൽ പങ്കുവെക്കപ്പെടുന്നു.
● രക്ഷിതാക്കളുടെ പ്രതീക്ഷകൾ: പണ്ടത്തെപ്പോലെയല്ല, ഇന്ന് മക്കളുടെ വിദ്യാഭ‍്യാസത്തിന് മാതാപിതാക്കൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. വിദ്യാഭ‍്യാസം ഇന്ന് ഇൻവെസ്റ്റ്മെന്‍റാണ്. സ്വാഭാവികമായും മെച്ചപ്പെട്ട വിദ്യാഭ‍്യാസം ലഭ‍്യമാകുന്ന ഇതര സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും മികച്ച സ്ഥാപനങ്ങളിൽ മക്കൾക്ക് അഡ്മിഷൻ ലഭ‍്യമാക്കാൻ അവർ ശ്രമിക്കുന്നു.
● വിദ്യാഭ‍്യാസ വായ്പ ലഭ‍്യത: വിദ്യാഭ‍്യാസ വായ്പയെടുത്താണ് ഭൂരിപക്ഷം വിദ്യാർഥികളും വിദേശപഠനത്തിന് പോകുന്നത്. നല്ല മാർക്ക് ഉൾപ്പെടെയുള്ള പഠന പശ്ചാത്തലമുണ്ടെങ്കിൽ വായ്പ ലഭിക്കും. അതോടൊപ്പം കോഴ്സിന്‍റെ സ്വഭാവവും കരിയർ സാധ‍്യതയും ബാങ്കുകൾ പരിശോധിക്കും. വിദ്യാഭ‍്യാസ വായ്പ ലഭ‍്യതയും വിദേശത്ത് പോകുന്നതിന് സഹായം നൽകുന്നു.
● പാർട്ട് ടൈം ജോലി: വിദേശത്ത് പഠനത്തോടൊപ്പം പാർട്ട് ടൈമായി ജോലി ചെയ്യാമെന്നത് വിദ്യാർഥികളെ ആകർഷിക്കുന്ന മറ്റൊരു ഘടകമാണ്. കോഴ്സ് ഫീസ്, വിദേശത്തെ ജീവിതച്ചെലവ്, നാട്ടിലെ വിദ്യാഭ‍്യാസ വായ്പയുടെ തിരിച്ചടവ് തുടങ്ങിയവക്കുള്ള പണം പാർട്ട് ടൈം ജോലിയിലൂടെ കണ്ടെത്താമെന്ന് അവർ കണക്കുകൂട്ടുന്നു.
കുടിയേറ്റക്കാരിലെ വിവിധ വിഭാഗങ്ങൾ
വിദ്യാഭ‍്യാസ-ജോലി ആവശ‍്യങ്ങൾക്കായി യൂറോപ്പിലേക്കും മറ്റും കുടിയേറുന്ന മലയാളികളെ നാലു വിഭാഗങ്ങളായി തിരിക്കാം.
● മിടുമിടുക്കരായ വിദ്യാർഥികൾ വിദ്യാഭ‍്യാസത്തിനായി മികച്ച യൂനിവേഴ്സിറ്റികളിൽ അഡ്മിഷനെടുക്കുന്നു. അവർക്ക് സ്കോളർഷിപ്പും ലഭിക്കുന്നു. അതിൽതന്നെ ബഹുഭൂരിപക്ഷത്തിനും ആ രാജ്യങ്ങളിൽതന്നെ ഉയർന്ന ജോലിയും ലഭിക്കുന്നു. കുറച്ചുപേർ തിരികെ നാട്ടിൽ വന്ന് ഇവിടത്തെ യൂനിവേഴ്സിറ്റികളിൽ ജോലിക്ക് കയറുന്നു. ചിലർ വിദേശത്ത് കുറച്ചുകാലം ജോലി ചെയ്ത് തിരികെ നാട്ടിൽ വന്ന് ബിസിനസ് തുടങ്ങുന്നു.
● നാട്ടിൽനിന്ന് പ്രഫഷനൽ കോഴ്സുകൾ ചെയ്ത് കാനഡ പോലുള്ള രാജ്യങ്ങളിൽ പോയി പെർമനന്‍റ് റെസിഡൻസ് സ്വന്തമാക്കുന്നവർ. ജനസംഖ‍്യ കുറവായ ഇത്തരം രാജ്യങ്ങൾ മാനവവിഭവ ശേഷി വർധിപ്പിക്കാൻ മികച്ച പ്രഫഷനലുകളായ വിദേശികൾക്ക് ജോലി വിസ നൽകുന്നു. എന്നാൽ, കുടിയേറ്റം വർധിച്ചതോടെ ഈ രാജ്യങ്ങൾ വിസ ചട്ടങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തുടങ്ങി.
● സ്റ്റാറ്റസ് സിമ്പലിന്‍റെ ഭാഗമായി വികസിത രാജ്യങ്ങളിലേക്ക് കുടിയേറുന്ന പണക്കാർ.
● ഏജൻസികൾ മുഖേന വിദേശ രാജ്യങ്ങളിലേക്ക് വിദ്യാഭ‍്യാസവും തുടർന്ന് തൊഴിലും ലക്ഷ‍്യമിട്ട് പോകുന്ന വിദ്യാർഥികൾ.
ഗൾഫ് കുടിയേറ്റവും യൂറോപ്യൻ കുടിയേറ്റവും
ഗൾഫിലേക്കുള്ള മലയാളിയുടെ കുടിയേറ്റം പ്രധാനമായും തൊഴിൽ തേടിയാണ്. കുടുംബസമേതം ഗൾഫിൽ താമസിക്കുന്ന മലയാളികളുമുണ്ട്. അവരിൽ പലരും നിശ്ചിത കാലയളവിനുശേഷം തങ്ങളുടെ സമ്പാദ്യവുമായി കേരളത്തിലേക്ക് മടങ്ങിവരുന്നു. ഗൾഫ് രാജ്യങ്ങളിൽ പൗരത്വം ലഭിക്കാത്തതിനാൽ അതിനായി ശ്രമിക്കുന്നുമില്ല.
പൗരത്വം നേടിയെടുക്കുക എന്ന സ്വപ്നവുമായാണ് അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ, ആസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പലരും വിമാനം കയറുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ പൗരത്വം ലഭിക്കൽ താരതമ്യേന എളുപ്പമാണ്.
വിദ്യാർഥി കുടിയേറ്റ ഗ്രാഫ് മുകളിലേക്ക്
2023ൽ 22 ലക്ഷത്തോളം പേർ കേരളത്തിൽനിന്ന് വിവിധ വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയെന്ന് ഡോ. എസ്. ഇരുദയ രാജന്‍റെ നേതൃത്വത്തിൽ നടത്തിയ കേരള മൈഗ്രേഷൻ സർവേയുടെ റിപ്പോർട്ട് പറയുന്നു. 2018ൽ 1.29 ലക്ഷം കുടിയേറ്റക്കാർ ഉണ്ടായിരുന്നത് 2023ൽ 2.5 ലക്ഷമായി വർധിച്ചു.
കേരളത്തിൽനിന്നുള്ള മൊത്തം കുടിയേറ്റക്കാരിൽ 11.3 ശതമാനം വിദ്യാർഥികളാണ്. എറണാകുളത്തുനിന്നാണ് വിദേശപഠനത്തിനായി ഏറ്റവുമധികം വിദ്യാർഥികൾ കുടിയേറിയത്, 43,990 പേർ. രണ്ടാം സ്ഥാനത്ത് തൃശൂരും (35,783) മൂന്നാമത് കോട്ടയവുമാണ് (35,382). ഏറ്റവും കുറവ് വയനാടാണ് (3750). വിദേശപഠനത്തിന് പോകുന്നവരിൽ 54.4 ശതമാനം ആൺകുട്ടികളാണ്. ഏറ്റവും കൂടുതൽ പേർ പോകുന്ന രാജ്യം യു.കെയാണ്. രണ്ടാം സ്ഥാനത്ത് കാനഡയും തൊട്ടുപിന്നാലെ മറ്റു യൂറോപ്യൻ രാജ്യങ്ങളുമുണ്ട്.
വിദേശത്തേക്ക് കുടിയേറിയ മലയാളികൾ ഏറ്റവും കൂടുതൽ കേരളത്തിന്‍റെ വടക്കൻ മേഖലയിൽനിന്നാണ് (41.8 ശതമാനം). പിന്നാലെ മധ‍്യമേഖലയും (33.1 ശതമാനം) തെക്കൻ മേഖലയും (25 ശതമാനം).
വരും വർഷങ്ങളിലും വിദ്യാർഥി കുടിയേറ്റം വർധിക്കാനാണ് സാധ‍്യതയെന്ന് ട്രെൻഡുകൾ സൂചിപ്പിക്കുന്നു. 2030ഓടെ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം യു.കെ ആറു ലക്ഷമാക്കി വർധിപ്പിക്കും. യു.കെയിൽ രണ്ടുവർഷത്തെ പോസ്റ്റ് സ്റ്റഡി വർക്ക് വിസ എടുക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാരാണ്.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് കുടിയേറുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
● ഏത് രാജ്യത്ത് പോയാലും അവിടത്തെ നിയമങ്ങൾ പൂർണമായി പാലിക്കുക. നിസ്സാരമെന്ന് തോന്നുന്ന നിയമലംഘനങ്ങൾപോലും നടത്താതിരിക്കുക. അത് വിസയെയും തൊഴിലിനെയുമെല്ലാം ബാധിക്കും.
● ലോകത്തെ മികച്ച യൂനിവേഴ്സിറ്റികളും കോളജുകളും എജുക്കേഷനൽ കൺസൽട്ടൻസികൾക്ക് കമീഷൻ കൊടുത്ത് വിദ്യാർഥികളെ തേടില്ല.
● ഏജൻസികൾ പറയുന്നതുമാത്രം വിശ്വസിക്കാതെ സ്വന്തം നിലക്ക് അന്വേഷണം നടത്തണം.
● വിദേശത്ത് പഠിക്കാൻ തിരഞ്ഞെടുക്കുന്ന യൂനിവേഴ്സിറ്റികളുടെ സ്റ്റാൻഡേർഡും റാങ്കിങ്ങും മനസ്സിലാക്കുക.
● വിദേശ രാജ്യങ്ങളിൽ പാർട്ട് ടൈം ജോലിക്ക് നിയമപ്രകാരം അനുവദിച്ച മണിക്കൂറുകൾ മാത്രമേ ജോലി ചെയ്യാവൂ. ഒരു മിനിറ്റ് പോലും അധികം ജോലി ചെയ്യാതിരിക്കുക.
● നോർക്കയിൽ രജിസ്റ്റർ ചെയ്ത് നോർക്ക ഐഡന്‍റിറ്റി കാർഡ് സ്വന്തമാക്കുക. ഈ കാർഡ് ഉള്ളവർക്ക് നാലു ലക്ഷം രൂപവരെയുള്ള അപകട മരണ ഇൻഷുറൻസ് ലഭ‍്യമാണ്.
വിവരങ്ങൾക്ക് കടപ്പാട്:
● ജെ.എസ്. അടൂർ (Former UNDP Global Program Director
● സി.എസ്. അഖിൽ (Project Coordinator, Loka Kerala Sabha Secretariat)
● കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട്, 2023
ജീവനക്കാരെ ചേർത്തുപിടിക്കുന്ന കമ്പനികൾ
-ഡോ. ജുബീന ബെന്നി (യു.കെ)
ജീവനക്കാരുടെ പേഴ്സനൽ ഡെവലപ്മെന്‍റിന് യു.കെയിലെ കമ്പനികൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. ജീവനക്കാരുടെ ക്വാളിറ്റി വർധിക്കുന്നതോടൊപ്പം കമ്പനിയുടെ ക്വാളിറ്റിയും വർധിക്കുമെന്ന് അവർ മനസ്സിലാക്കുന്നു.
Tropic Biosciences എന്ന കമ്പനിയിൽ സീനിയർ സയന്‍റിസ്റ്റായാണ് ജോലി ചെയ്യുന്നത്. അഞ്ചുവർഷം കൊണ്ട് ഈ പൊസിഷനിലെത്താനായി. ഞാനും ഭർത്താവ് ജിജോയും ഇവിടെ ഉയർന്ന പൊസിഷനിൽ ജോലി ചെയ്യുന്നതിനാൽ ഭേദപ്പെട്ട വരുമാനം ലഭിക്കുന്നു.
മൂന്നു വയസ്സുകാരി റാഖേലിന്‍റെ അമ്മ കൂടിയാണ് ഞാൻ. മകൾക്ക് ജന്മം നൽകിയത് ഇവിടെയായിരുന്നു. യു.കെയിൽ ഡോക്ടറുടെ അപ്പോയിൻമെന്‍റ് ലഭിക്കലും പ്രസവവുമെല്ലാം ബുദ്ധിമുട്ടേറിയതാണെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, ദൈവാനുഗ്രഹത്താൽ എനിക്ക് അത്ര ബുദ്ധിമുട്ടുണ്ടായില്ല.
എന്‍റെ ഫീൽഡിൽ കേരളത്തിൽ ഇപ്പോഴും തൊഴിൽ സാധ‍്യതകൾ കുറവാണ്. അതുകൊണ്ട് നാട്ടിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. യു.കെയിൽ പൗരത്വത്തിന് അപേക്ഷിക്കാനുള്ള തയാറെടുപ്പിലാണ്.
തൽക്കാലം പൗരത്വത്തിന് അപേക്ഷിച്ചിട്ടില്ല
-തോംസൺ ടി. ജോസഫ് (കാനഡ)
പഠനത്തിനാണ് കാനഡയിലേക്ക് വന്നത്. രണ്ടുവർഷത്തെ കോഴ്സായിരുന്നു. അത് പൂർത്തിയായശേഷം വർക്ക് പെർമിറ്റിലേക്ക് മാറി. പിന്നീട് ഇവിടെതന്നെ അക്കൗണ്ടിങ് മേഖലയിൽ ഇലക്ട്രിസിറ്റി സെക്ടറിലെ സെമി ഗവൺമെന്‍റ് സ്ഥാപനത്തിൽ ജോലിക്ക് കയറി. ഭാര്യയോടൊപ്പമാണ് താമസം. ഭാര്യക്ക് ഒരു ജോലി സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
കാനഡയിലെ ജീവിതനിലവാരം മികച്ചതാണ്. എന്നാൽ, ആരോഗ്യമേഖല നാട്ടിലെ അത്ര മികച്ചതല്ല. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വലയത്തിലുള്ള നാട്ടിലെ ജീവിതം ഇപ്പോൾ മിസ്സ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ തൽക്കാലം പൗരത്വത്തിന് അപേക്ഷിച്ചിട്ടില്ല. അതിനുള്ള യോഗ്യത കഴിഞ്ഞവർഷം കൈവരിച്ചു. തൽക്കാലം പെർമനന്‍റ് റെസിഡൻസിൽ തുടരാമെന്നാണ് കരുതുന്നത്.
സാമ്പത്തികമായി സംതൃപ്തൻ, പക്ഷേ...
-ജിതിൻ (മാലദ്വീപ്)
സവിശേഷതകളേറെയുള്ള രാജ്യമാണ് മാലദ്വീപ്. അധ‍്യാപകനായി ജോലിയിൽ കയറിയിട്ട് ഇവിടെ ഇത് ആറാമത്തെ വർഷമാണ്.
ഭാര്യക്കും കുഞ്ഞിനുമൊപ്പമാണ് മാലദ്വീപിൽ താമസിക്കുന്നത്. സാമ്പത്തികമായി സംതൃപ്തനാണെങ്കിലും മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും വിട്ട് മറ്റൊരു രാജ്യത്ത് താമസിക്കുന്നതിനാൽ ജീവിതം പൂർണമായി ഹാപ്പിയാണെന്ന് പറയാനാവില്ല. നാട്ടിൽ പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു. ഇവിടെ അത് മിസ്സ് ചെയ്യുന്നുണ്ട്.
വിദേശം എന്നത് ഒരിക്കലും സന്തോഷപ്രദമായ അന്തരീക്ഷമല്ല. സ്വന്തം നാട്ടിൽ ലഭിക്കുന്ന പരിഗണന വിദേശത്ത് ലഭിക്കില്ലല്ലോ. അത്യാവശ‍്യം വരുമാനമുള്ള നല്ലൊരു ജോലി ലഭിക്കുകയാണെങ്കിൽ കേരളത്തിൽതന്നെ സ്ഥിരതാമസമാക്കണമെന്നാണ് ആഗ്രഹം.
വിശ്രമ ജീവിതം ആസ്വദിക്കാൻ പറ്റിയ രാജ്യം
-അർജുൻ (ന്യൂസിലൻഡ്)
അഡ്വർടൈസിങ്, ട്രേഡ് എക്സിബിഷൻ മേഖലയിലാണ് 20 വർഷത്തിലേറെയായി ജോലി ചെയ്യുന്നത്. നേരത്തേ ഖത്തറിലും യു.എ.ഇയിലുമായിരുന്നു. അധ‍്യാപികയായ ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പമാണ് ഇപ്പോൾ ന്യൂസിലൻഡിൽ താമസിക്കുന്നത്.
ആദ്യം ന്യൂസിലൻഡിലെത്തിയത് വിസിറ്റിങ് വിസയിലാണ്. എന്നാൽ, വിസ റദ്ദായതിനാൽ നാട്ടിലേക്ക് മടങ്ങി. പിന്നീട് ബ്രാൻഡ് കമ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമ കോഴ്സ് പഠിക്കാൻ വീണ്ടും ന്യൂസിലൻഡിലേക്ക് പറന്നു.
ഇവിടെ ആളുകൾ മറ്റുള്ളവരുടെ സമയത്തിന് വില കൽപിക്കുന്നു. അടക്കാനുള്ള പണം ആളുകൾ കൃത്യമായി അടക്കുന്നതിനാൽ ബിസിനസുകാർക്ക് എളുപ്പമാണ്. അഞ്ചോ ആറോ വർഷംകൊണ്ട് ബിസിനസ് നല്ല നിലയിലെത്തിച്ചിട്ട് ഇതിനെ ഒരു പ്രോഫിറ്റ് സെന്‍ററാക്കി മാറ്റി നാട്ടിലേക്ക് മടങ്ങാനാണ് ഉദ്ദേശ‍്യം. വിശ്രമജീവിതം ആസ്വദിക്കാൻ പറ്റിയ രാജ്യമാണിത്. വലിയ ബഹളങ്ങളൊന്നുമില്ലാത്ത ശാന്തമായ അന്തരീക്ഷം.
ജർമൻ ഭാഷ അറിഞ്ഞിരിക്കൽ നിർബന്ധം
-ഷാഹിദ് ഇഖ്ബാൽ (ജർമനി)
ഞങ്ങൾ കുടുംബമായി ഒമാനിലായിരുന്നു. 12ാം ക്ലാസ് വരെയുള്ള വിദ്യാഭ‍്യാസം അവിടെയായിരുന്നു. പിന്നീട് ചെന്നൈയിൽ ബി.ടെക് മെക്കാനിക്കൽ എൻജിനീയറിങ് പഠനം. അവിടെനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡബിൾ ബാച്ചിലേഴ്സ് പ്രോഗ്രാമിനാണ് ജർമനിയിൽ വന്നത്.
മാസ്റ്റേഴ്സും ഇവിടെ ചെയ്തു. ജർമനിയിൽ ഇപ്പോൾ എട്ടുവർഷമായി. പഠനം പൂർത്തീകരിച്ച് സോഫ്റ്റ് വെയർ എൻജിനീയറായി ജോലിയിൽ കയറിയിട്ട് ഒരു വർഷത്തിൽ കൂടുതലായി. വിവാഹിതനല്ലാത്തതിനാൽ ഒറ്റക്കാണ് താമസം.
സോഫ്റ്റ് വെയർ, ടെക്നോളജി മേഖലയിലായതിനാൽ കൂടുതൽ അവസരങ്ങൾ തേടിയാണ് ജർമനി തിരഞ്ഞെടുത്തത്. ജർമൻ ഭാഷയറിയാത്തവർക്ക് ഇവിടെ ബുദ്ധിമുട്ടാണ്.
ഇവിടെ സ്ഥിരതാമസമാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. മലയാളികൾക്ക് കുടുംബമായി താമസിക്കാൻ പറ്റിയ രാജ്യംതന്നെയാണ് ജർമനി.
കുടുംബമായി താമസിക്കുന്നവർക്ക് സുഖകരം
-ഷിജു (ലിത്വാനിയ)
2008ൽ തുടങ്ങിയ പ്രവാസം ഇപ്പോൾ യൂറോപ്പിലെ ലിത്വാനിയയിൽ എത്തിനിൽക്കുന്നു. ട്രെയിലർ ഡ്രൈവറായാണ് ജോലി ചെയ്യുന്നത്. ഇപ്പോൾ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നു. യൂറോപ്പിൽ നമ്മുടെ ആഹാരമോ കാലാവസ്ഥയോ ഒന്നും തന്നെയല്ല. എല്ലാം വ്യത്യസ്തമാണ്.
ഇവിടത്തെ ജീവിതരീതി നല്ലതാണ്. കുടുംബമായി താമസിക്കുന്നവർക്ക് സുഖകരമായിരിക്കും. എന്നാൽ, ഒറ്റക്ക് താമസിക്കുന്നവർക്ക് അങ്ങനെയാവണമെന്നില്ല. ഭാര്യയും മക്കളുമെല്ലാം നാട്ടിലായതിനാൽ ഇവിടെ പൗരത്വത്തിന് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ല.
വ്യത്യസ്തമായ പഠനാന്തരീക്ഷം
-ശീതൾ സന്തോഷ് (ഡൽഹി)
മെച്ചപ്പെട്ട വിദ്യാഭ‍്യാസം തേടിയാണ് 18ാമത്തെ വയസ്സിൽ കേരളം വിട്ടത്. ഡൽഹി യൂനിവേഴ്സിറ്റിയിലാണ് ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്. അവിവാഹിതയായതിനാൽതന്നെ ഡൽഹിയിൽ തനിച്ചാണ് താമസിക്കുന്നത്. സ്വകാര്യ സ്കൂളിൽ ഇംഗ്ലീഷ് അധ‍്യാപികയായാണ് നിലവിൽ ജോലി ചെയ്യുന്നത്.
നാട്ടിലേതിൽനിന്ന് വ്യത്യസ്തമായ പഠനാന്തരീക്ഷമാണ് ഇവിടെ. ലിംഗവിവേചനമില്ലാത്ത കാമ്പസ് സംസ്കാരവും 24 മണിക്കൂറും പ്രവർത്തിക്കുന്ന മികച്ച ലൈബ്രറിയുമുണ്ട്. പഠനകാലത്ത് ഇടക്ക് ഒരു എക്സ്ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി ജർമനിയിൽ പോയി റിസർച് ഓറിയന്‍റഡ് പഠനം പൂർത്തിയാക്കിയിരുന്നു.
മെട്രോപോളിറ്റൻ നഗരമായതിനാൽ ഡൽഹിയിൽ തൊഴിലവസരങ്ങൾ കൂടുതലാണ്. എനിക്ക് ഭേദപ്പെട്ട ശമ്പളം ലഭിക്കുന്നുണ്ട്.
അതേസമയം, ഭരണവർഗത്തിന്‍റെ രാഷ്ട്രീയ അജണ്ടകൾ വിദ്യാർഥികളെയും ബാധിക്കുന്നുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, ന്യൂനപക്ഷ സമുദായങ്ങളോടുള്ള വിവേചനപരമായ നിലപാട് തുടങ്ങിയവ ഇവിടത്തെ പോരായ്മകളായി ചൂണ്ടിക്കാണിക്കാം. ഡൽഹിയിൽ സ്ഥിര താമസമാക്കാൻ ആഗ്രഹിക്കുന്നില്ല. സാഹചര്യങ്ങൾ ഒത്തുവരുമ്പോൾ നാട്ടിലേക്ക് തിരികെ പോകണമെന്നാണ് പ്ലാൻ.
മാനദണ്ഡം വ്യക്തിത്വവും അറിവും
-ഡേവിഡ് തോമസ് (യു.എസ്.എ)
ജോലി, വരുമാനം, ജാതി തുടങ്ങിയവ മാനദണ്ഡമാക്കിയാണ് മലയാളി ഒരു വ്യക്തിയെ ആദരിക്കുന്നത്. എന്നാൽ, അമേരിക്കക്കാർ വ്യക്തിത്വവും അറിവും നോക്കിയാണ് മറ്റുള്ളവരെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത്.
ഇതാണ് നാടിനെ അപേക്ഷിച്ച് അമേരിക്കയിൽനിന്ന് അനുഭവിച്ചറിഞ്ഞ സവിശേഷ ഗുണം. ഞാൻ ഇവിടെ സ്ഥിരതാമസമാക്കിയിട്ട് 12 വർഷമായി. മാതാപിതാക്കൾക്കും ഭാര്യക്കും രണ്ടു പെൺമക്കൾക്കുമൊപ്പം സന്തോഷപ്രദമായ ജീവിതം നയിക്കുന്നു.
ഇ -കോമേഴ്സ് മേഖലയിലാണ് ജോലി. പിഎച്ച്.ഡി ചെയ്യുക എന്ന ഉദ്ദേശ‍്യത്തോടെയാണ് അമേരിക്കയിൽ എത്തിയതെങ്കിലും അത് ഇവിടെ അത്യാവശ‍്യമല്ല എന്ന തിരിച്ചറിവിൽ ജോലിയിലേക്ക് പ്രവേശിക്കുകയായിരുന്നു. അമേരിക്കൻ പൗരത്വം എടുത്തിട്ട് കുറച്ച് വർഷമായി. താമസിക്കുന്നത് കുടുംബത്തോടൊപ്പമായതിനാൽതന്നെ വെക്കേഷന് നാട്ടിൽ പോകാറില്ല, മറ്റു രാജ്യങ്ങൾ സന്ദർശിക്കുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.