''ദൈവം കനിഞ്ഞരുളിയ അനുഗ്രഹങ്ങൾ മറ്റുള്ളവരുമായി ഞാൻ പങ്കുവെക്കുന്നതേയുള്ളൂ''
text_fieldsസഹാനുഭൂതിയുടെ സംതൃപ്തി നിറഞ്ഞ നിമിഷങ്ങൾ ഒട്ടേറെയുണ്ട് വ്യവസായി എം.എ. യൂസുഫലിയുടെ ജീവിതത്തിൽ. അത്രയേറെ മനുഷ്യരിലേക്ക് ആ കാരുണ്യത്തിെൻറ ഉറവ പരന്നൊഴുകിയിട്ടുണ്ട്. അത്തരം ഒരു അനുഭവം ഓർത്തെടുക്കുകയാണ് അദ്ദേഹം.
ഒരു കച്ചവട സാമ്രാജ്യം പടുത്തുയർത്തിയതിെൻറ പേരിൽ മാത്രമല്ല, അശരണരായ മനുഷ്യരിലേക്ക് കനിവിെൻറ കരം നീട്ടിയാണ് എം.എ. യൂസുഫലി ജനങ്ങളുടെ മനസ്സു കവർന്നത്. പേക്ഷ, കേരളം ജന്മം നൽകിയ ഏറ്റവും മഹാനായ ഈ വ്യവസായിക്ക് സഹായത്തിെൻറയും കാരുണ്യത്തിെൻറയും കണക്കുവെക്കാൻ ഒട്ടും ഇഷ്ടമില്ല.
ജീവിതത്തിൽ സഹാനുഭൂതിയിലൂടെ സംതൃപ്തി കൈവരിച്ച നിമിഷങ്ങൾ അദ്ദേഹത്തിന് ഒറ്റ ഉത്തരത്തിൽ ഒതുക്കാനാവില്ല. കാരണം, അത്രയേറെ മനുഷ്യരിലേക്ക് ആ കാരുണ്യത്തിെൻറ ഉറവ പരന്നൊഴുകിയിട്ടുണ്ട്. തന്നിലൂടെ സഹായമെത്തുന്ന ഓരോ സന്ദർഭത്തിലും 'ദൈവത്തിന് നന്ദി' എന്ന ഒറ്റവാക്കിൽ ആഹ്ലാദം ചുരുക്കും. മറ്റുള്ളവരുടെ വേദന മനസ്സിലാക്കുന്നതിന് അവരനുഭവിക്കുന്ന അതേ ദുഃഖം നമ്മളും അനുഭവിക്കണമെന്നില്ല. അതില്ലാതെ മറ്റുള്ളവരുടെ വേദന അറിയാനുള്ള കഴിവ് ദൈവം നൽകിയിട്ടുണ്ട്. അതാണ് സഹാനുഭൂതി. ഒന്നും തിരിച്ചുതരാൻ ശേഷിയില്ലാത്ത, നന്ദിവാക്കുപോലും പറയാനറിയാത്ത ആളുകളോടു കാണിക്കുന്ന സഹാനുഭൂതിയാകും ഏറ്റവും വിശിഷ്‌ടം.
അന്ന് ബെക്‌സ് കൃഷ്ണെൻറയും അദ്ദേഹത്തിെൻറ കുടുംബത്തിെൻറ കണ്ണിൽ നിറഞ്ഞ സന്തോഷമാണ് തന്നെ സ്പർശിച്ചതെന്ന് യൂസുഫലി പറയുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട് പ്രതീക്ഷകൾ അസ്തമിച്ച യുവാവിന് അദ്ദേഹം നൽകിയത് പുതുജീവിതമായിരുന്നു. തൃശൂർ പുത്തൻചിറ ചെറവട്ട ബെക്‌സ് കൃഷ്ണൻ നാട്ടിലെത്തി കുടുംബത്തെ കണ്ട ആ നിമിഷം യൂസുഫലി കാണുന്നത് ടി.വിയിലൂടെയാണ്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വം വകഞ്ഞുമാറ്റി ബെക്‌സ് കൃഷ്ണന്‍ വീടണഞ്ഞപ്പോൾ കുടുംബത്തിനൊപ്പം യൂസുഫലിയും ആശ്വസിച്ചു, സന്തോഷിച്ചു. മനുഷ്യസ്‌നേഹത്തോളം വലിയ വികാരപ്രകടനമില്ലെന്ന് അദ്ദേഹം കാട്ടിത്തരുകയായിരുന്നു.
അബൂദബി അൽ വത്ബ ജയിലിൽ ബെക്‌സ് തൂക്കുമരം കാത്തിരിക്കുകയായിരുന്നു. സുഡാനി ബാലെൻറ മരണത്തിനിടയാക്കിയ അപകടമാണ് അയാളുടെ ജീവിതം തകിടംമറിച്ചത്. മോചനത്തിനായി ബെക്സിന്റെ കുടുംബം നടത്തിയ ശ്രമങ്ങള്‍ ഫലവത്താകാതെ പ്രതീക്ഷകളെല്ലാം പൊലിഞ്ഞ സമയത്താണ് ബന്ധു വഴി എം.എ. യൂസുഫലിയോട് മോചനത്തിന് ഇടപെടാന്‍ അഭ്യർഥിച്ചത്. കുട്ടിയുടെ കുടുംബവുമായി യൂസുഫലി പലതവണ ചര്‍ച്ച നടത്തി. കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോധ്യപ്പെടുത്തി. ഇതോടെയാണ് മോചനവഴി തുറന്നത്. അതിനുവേണ്ടി സുഡാനിലുള്ള കുടുംബാംഗങ്ങളെ അബൂദബിയില്‍ കൊണ്ടുവന്ന് താമസിപ്പിക്കുക വരെ ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷം മാപ്പുനല്‍കാമെന്ന് ബാലെൻറ കുടുംബം കോടതിയില്‍ അറിയിച്ചു. അങ്ങനെ ബെക്‌സിനു മുന്നിലും പ്രതീക്ഷയുടെ കിരണങ്ങൾ തെളിഞ്ഞു. കോടതിയിൽ കെട്ടിവെക്കാനുള്ള ഒരുകോടി രൂപ ദിയാധനവും യൂസുഫലി നൽകിയത് ഏവരെയും അത്ഭുതപ്പെടുത്തി. എട്ടു വർഷം അബൂദബി ജയിലിൽ കഴിഞ്ഞ ബെക്‌സ് ആ കൈത്താങ്ങിെൻറ കരുത്തിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ജീവിതം തിരികെപ്പിടിക്കാനുള്ള ബെക്സിെൻറ ശ്രമത്തിന് ജോലി വാഗ്ദാനം ചെയ്തും അദ്ദേഹം ഒപ്പംനിന്നു. ''അതൊരു ജീവനാണ്. ബെക്സിന് ഒരു കുടുംബവുമുണ്ട്, പണമല്ലല്ലോ വലുത്, ചിലപ്പോള്‍ പണം കൊടുത്താലും ജീവന്‍ തിരികെ കിട്ടിയില്ലെന്നു വരാം. ദിയാധനം കെട്ടിവെച്ചാല്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന സാധ്യതയുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. മനുഷ്യന്‍ മനുഷ്യനെയാണല്ലോ സ്‌നേഹിക്കേണ്ടത്, അവനാണല്ലോ ഉപകാരം ചെയ്യേണ്ടത്''.
സഹായത്തിനും കാരുണ്യത്തിനും മത-ജാതി പരിഗണനകളോ മറ്റു താൽപര്യങ്ങളോകൊണ്ട് അതിർവരമ്പു തീർത്തിട്ടില്ല യൂസുഫലി. അറിഞ്ഞു ചെയ്യുന്നതിനെക്കാൾ ഇരുകൈ അറിയാതെ ചെയ്യുന്ന സഹായങ്ങളാണ് കൂടുതലും. ദൈവം കനിഞ്ഞരുളിയ അനുഗ്രഹങ്ങൾ മറ്റുള്ളവരുമായി താൻ പങ്കുവെക്കുന്നതേയുള്ളൂവെന്ന് വിനയാന്വിതനാവുകയാണ് മലയാളം കണ്ട മഹാനായ ഈ വ്യവസായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.