എത്ര നേരം വേണമെങ്കിലും ചിരിക്കും. പലതരത്തിലും ചിരിക്കും. ചിരിയിൽ റെക്കോഡ് തീർത്ത് എസ്.വി. സുനിൽകുമാർ
text_fieldsചിരിയുടെ പല വേർഷനും നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ എസ്.വി. സുനിൽകുമാറിന്‍റെ ‘മാരക’ ചിരികൾ കണ്ടാൽ പിന്നെ ആരായാലും ചിരിച്ചുചിരിച്ച് ഒരു വഴിക്കാകും. അതൊരു കൂട്ടച്ചിരിയായി സുനിലും കൂട്ടരും കൂടെച്ചേരും.
കൊച്ചിയിൽ പ്രായഭേദമെന്യേ അനേകരെ ചിരിപ്പിച്ച് കൈയിലെടുത്തിട്ടുണ്ട് ചിരിക്ലബ് പരിശീലകനായ എസ്.വി. സുനിൽകുമാർ. ചിരിയുടെ മാസ്റ്റർ ട്രെയിനറും ചിരിയോഗ അംബാസഡറുമാണ് അദ്ദേഹം. അതുമാത്രമല്ല, ചിരിയിൽ ഗോൾഡൻ ബുക്ക് ഓഫ് റെക്കോഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡുകളും വരെ സ്വന്തമാക്കിയിട്ടുമുണ്ട്.
എത്ര നേരം വേണമെങ്കിലും ചിരിക്കും. പലതരത്തിലും ചിരിക്കും. ഇനി മുന്നിൽ എത്ര മുഖം കനപ്പിച്ച് സംഘർഷ മനസ്സുമായി ആരെങ്കിലും വന്നാൽ അങ്ങനെയങ്ങ് വിടില്ല. പലതരം ചിരികൾ പരിശീലിപ്പിച്ച് ചിരിപ്പിച്ചേ വിടൂ. എന്തിനിങ്ങനെ ടെൻഷൻ അടിച്ച് രോഗങ്ങൾ ശരീരത്തിൽ ഏറ്റുവാങ്ങണമെന്ന് ചോദിക്കും ഇദ്ദേഹം.
ചിരി വലിയ ആയുധം
‘‘ചിരിയുടെ ആക്രമണത്തിനെതിരെ ഒന്നും നിലനില്‍ക്കില്ലെന്ന് പറഞ്ഞത് മാർക് ട്വെയ്നാണ്. ചിരിയെന്നത് മനുഷ്യന്‍റെ ഏറ്റവും വലിയ ആയുധമാണ്. അതുകൊണ്ടാണ് ചിരിക്കാൻ മറക്കരുതെന്ന് മനുഷ്യൻ പരസ്പരം ഓർമിപ്പിക്കുകയും ചേർത്തുപിടിക്കുകയും ചെയ്യുന്നത്. ചിരിക്കാൻ മറന്നുപോയവരോട് ചിരിയിലുടെ ആനന്ദം മാത്രമല്ല ആരോഗ്യവും മെച്ചപ്പെടുത്താമെന്നും ഞാൻ ഉറപ്പുതരാം’’ -വലിയൊരു ചിരിക്കിടെ കിട്ടിയ ഇടവേളയിൽ സുനിൽകുമാർ അൽപം സീരിയസായി പറഞ്ഞു.
ആരോഗ്യത്തിനും ചിരി
സാധാരണ ചിരി വായിലെ മസിലിനെ വികസിപ്പിക്കുമ്പോൾ നിഷ്കളങ്കമായ ചിരി വായിലെയും കണ്ണിലെയും മസിലുകളെ വികസിപ്പിക്കും. ചിരിക്കുമ്പോൾ കൂടുതൽ കാർബൺ ഡൈഓക്സൈഡ് പുറത്തുവിട്ട് ധാരാളം ഓക്സിജൻ വലിച്ചെടുക്കാൻ മനുഷ്യശരീരത്തിന് കഴിയുമെന്നും അദ്ദേഹം പറയുന്നു. മാനസികമായി റിലാക്സ് ചെയ്യാനുള്ള ഒരു പ്ലാറ്റ്ഫോമായാണ് ചിരിക്ലബ് രൂപപ്പെടുത്തിയത്. ലാഫിങ് യോഗ കൂടാതെ കുറേ എക്സർസൈസുകളും ചിരിയുടെ ഭാഗമായി ചെയ്യുന്നുണ്ട്.
ചിരിക്കുമുണ്ട് പല പേരുകൾ
ലാഫ്റ്റർ യോഗ ഇന്‍റർനാഷണൽ എന്ന കൂട്ടായ്മ പരിചയപ്പെടുത്തുന്ന ചിരികളുടെ പേര് കേട്ടാൽതന്നെ ആരുമൊന്ന് പൊട്ടിച്ചിരിക്കും. അമ്പതിലേറെ ചിരികളാണ് കൂട്ടായ്മ വികസിപ്പിച്ചത്.
അതിൽ ചിലതിന്‍റെ പേരിങ്ങനെ: നമസ്തേ ചിരി, മൊബൈൽ ഫോൺ ചിരി, വൺമീറ്റർ ലാഫ്, ലയൺ ലാഫ്, ഷൈ ലാഫ്, അഭിനന്ദന ചിരി, ക്ഷമ ലാഫ്, ജസ്റ്റ് ചിരി, ജനറേറ്റർ ചിരി, നോമണി ലാഫ്, പെയിൻ ലാഫ്, ഹാർട്ട് ലാഫ്, കുട്ടിച്ചാത്തൻ ചിരി, ക്രയിങ് ലാഫ്.
പേരുകൾ സൂചിപ്പിക്കുംപോലെ ഓരോ ചിരിയും വ്യത്യസ്തമാണ്. ഇവ ജീവിതത്തിൽ ശീലിക്കാനാണ് ലാഫിങ് ക്ലബ് പരിശീലനം നൽകുന്നത്. ഒന്നു ചിരിക്കാൻ മറന്നവർ ഇവിടെയെത്തി പലതരം ചിരികളിൽ ‘പി.ജി’ എടുത്താണ് മടങ്ങുന്നത്.
ചിരിക്ലബുകളുടെ ഭാഗമായ ശേഷം പോസിറ്റിവായ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടായതായി സുനിൽകുമാർ സാക്ഷ്യപ്പെടുത്തുന്നു. ദിവസവും നിശ്ചിത സമയം ചിരിക്കുവേണ്ടി മാറ്റിവെക്കും. പരിസരം മറന്ന് പൊട്ടിച്ചിരിക്കുന്നത് ആരോഗ്യത്തിനും മനസ്സിനും നല്ലതാണെന്ന് അദ്ദേഹം പറയുന്നു.
ചിരി യോഗയുടെ ഉപജ്ഞാതാവായ ഡോ. മദൻ കഡാരിയയുടെ ശിഷ്യനായ സുനിൽകുമാർ എറണാകുളം പുന്നക്കലിലെ സൂരജ് ഫാഷൻ ടെയ്ലർ ഉടമകൂടിയാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.