‘‘ഏറ്റവും ഇഷ്ടം ആരെയാ?, എന്നെത്തന്നെ’’... നാം നമ്മെത്തന്നെ സ്നേഹിച്ചു നോക്കൂ, ഗുണങ്ങളേറെയാണ്
text_fieldsനാം നമ്മെത്തന്നെ സ്നേഹിക്കാനും അതുവഴി നമ്മുടെ മാനസികാരോഗ്യം സംരക്ഷിക്കാനും ചെയ്തുവരുന്ന പ്രക്രിയയാണ് സെൽഫ് ലവ്. നമ്മുടെ ശാരീരികവും മാനസികവും ആത്മീയവുമായ വളർച്ചയെ പിന്തുണക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് ഉത്ഭവിക്കുന്ന, സ്വയം അഭിനന്ദിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ (a state of valuing and appreciating oneself) എന്നാണ് മാനസികാരോഗ്യ വിദഗ്ധർ സെൽഫ് ലവിനെ വിശേഷിപ്പിക്കുന്നത്.
സ്വന്തം ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തിരിച്ചറിയുക, അവയെ വിലമതിച്ച് പരിപാലിക്കുക, അതിലൂടെയുണ്ടാകുന്ന സകല ക്ഷേമങ്ങളിലും സന്തോഷങ്ങളിലും അഭിമാനവും ആദരവും സ്വയം കണ്ടെത്തുക എന്നതെല്ലാം ഈ പ്രക്രിയയിൽ ആവശ്യമായി വരുന്നു.
ചിലരെങ്കിലും പരിശീലിക്കുന്നതും പരിശീലിക്കാൻ ശ്രമിക്കുന്നതുമായ ആശയം കൂടിയാണിത്. എന്നാൽ, സെൽഫ് ലവ് എന്ന ആശയം പലപ്പോഴും സ്വയം പരിപാലനം അഥവാ സെൽഫ് കെയർ എന്ന വിശേഷണത്തിൽ മാത്രം ഒതുങ്ങിപ്പോകുന്നതായി കണ്ടുവരുന്നു. സെല്‍ഫ് ലവ് വഴി ലഭിക്കുന്ന ഗുണങ്ങളും അത് ആർജിച്ചെടുക്കാനുള്ള വഴികളുമിതാ...
സെൽഫ് ലവ് അനുഭവപ്പെടുന്നത് ഇങ്ങനെ
● നിങ്ങൾ നിങ്ങളോടു തന്നെ സ്നേഹത്തോടെയും സൗമ്യതയോടെയും സംസാരിക്കുക
● സ്വയം വിശ്വസിക്കുക
● നിങ്ങളോടുതന്നെ സത്യസന്ധത പുലർത്തുക
● നിങ്ങളോടുതന്നെ നല്ലവരായിരിക്കുക
● സ്വയം മുൻഗണന നൽകുക
● സ്വയം വിലയിരുത്തലിൽനിന്നും സ്വയം വിമർശനത്തിൽനിന്നുമെല്ലാം ഇടവേളയെടുക്കുക
● മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ ആരോഗ്യകരമായ അതിരുകൾ നിർണയിക്കുക
● നിങ്ങൾ നിങ്ങളോട് തന്നെ സത്യസന്ധരോ നല്ലവരോ ആവാൻ കഴിയാത്തപ്പോഴും സ്വയം ക്ഷമിക്കുക
● സ്വയം പരിപാലിക്കുക
സ്വയം ഇഷ്ടപ്പെടാത്തവർ അകപ്പെടുന്ന ചുഴികൾ
സ്വയം ഇഷ്ടപ്പെടാത്ത ഒരു വ്യക്തി, ഒരുപക്ഷേ തന്‍റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വിമർശകർ ആയിത്തീരുകയും ചെയ്യും. അത്തരക്കാർ അകപ്പെടുന്ന ചുഴികൾ പലതാണ്:
● ആളുകളെ എപ്പോഴും പ്രീതിപ്പെടുത്താനുള്ള വ്യഗ്രത
● എല്ലായ്‌പോഴും അമിതമായി ആദർശങ്ങൾ പുലർത്താനുള്ള ശ്രമം
● മറ്റുള്ളവരിൽനിന്നുള്ള ദുരുപയോഗം അല്ലെങ്കിൽ മോശമായ പെരുമാറ്റം എന്നിവ സഹിച്ചുകൊണ്ടേയിരിക്കുക
● സ്വന്തം ആവശ്യങ്ങളും വികാരങ്ങളും പാടെ അവഗണിക്കുക
● സ്വയം ദോഷമാണെന്നറിഞ്ഞാൽപോലും സ്വന്തം താൽപര്യങ്ങൾക്ക് വിരുദ്ധമായ തീരുമാനങ്ങളെടുക്കുക
എന്തുകൊണ്ട് സെൽഫ് ലവ്?
സെൽഫ് ലവ് എന്നത് വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും നിരവധി തലങ്ങളിൽ സ്വാധീനിക്കാൻ കഴിയുന്ന ഒന്നാണ്. ഇതിന്‍റെ ഏറ്റവും ലളിത ഉദാഹരണമാണ് വിമാനത്തിൽ കയറുമ്പോൾ ഫ്ലൈറ്റ് ക്രൂ നൽകുന്ന നിർദേശങ്ങൾക്കിടയിൽ കേൾക്കുന്നത്.
‘‘മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ് നിങ്ങളുടെ സ്വന്തം ഓക്സിജൻ മാസ്ക് ധരിക്കേണ്ടത് പ്രധാനമാണ്. കാരണം, നിങ്ങൾക്ക് ശ്വസിക്കാൻ കഴിയാതെപോയാൽ, നിങ്ങളുൾപ്പെടെ ആരെയും സഹായിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിത്തീരും.’’
ആദ്യം അവനവനെത്തന്നെ തിരിച്ചറിയാനും സ്വന്തം സന്തോഷങ്ങൾ കണ്ടെത്താനും സാധിക്കുന്ന ഒരാൾക്ക് മാത്രമേ തനിക്കു ചുറ്റുമുള്ളവരിലേക്ക് ആ വെളിച്ചം പ്രസരിപ്പിക്കാൻ സാധിക്കൂ.
ഏറെയുണ്ട് പ്രയോജനങ്ങൾ
സ്വയം സ്‌നേഹിക്കുകയും സംരക്ഷിക്കുകയും വിലമതിക്കുകയും പരിപാലിക്കുകയുമൊക്കെ ചെയ്യുമ്പോൾ നമ്മൾ കടന്നുപോകുന്ന ഘട്ടങ്ങൾ തികച്ചും മനോഹരമാണ്. സ്വയം സ്നേഹിക്കാൻ തുടങ്ങുമ്പോൾ അത് നമ്മുടെ മൊത്തത്തിലുള്ള വീക്ഷണത്തെ പോസിറ്റിവായി സ്വാധീനിക്കും. ഇതിനർഥം നമ്മൾ എപ്പോഴും പോസിറ്റിവായിത്തന്നെ ഇരിക്കുമെന്നല്ല. അത് യാഥാർഥ‍്യത്തിന് നിരക്കാത്തതായിരിക്കും.
ഉദാഹരണത്തിന്, നിങ്ങൾക്ക് നിങ്ങളോട് താൽക്കാലികമായി അസ്വസ്ഥതയോ ദേഷ്യമോ നിരാശയോ തോന്നാം, എന്നിട്ടും നിങ്ങൾക്ക് നിങ്ങളോട് സ്നേഹം തോന്നുന്നു. ഇതെങ്ങനെ സാധിക്കും എന്നറിയണമെങ്കിൽ മറ്റു ബന്ധങ്ങളിൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നെന്ന് ചിന്തിച്ചാൽ മതി. ഉദാഹരണത്തിന്, നിങ്ങൾക്ക് നിങ്ങളുടെ മകളോട് ചിലപ്പോൾ ദേഷ്യമോ നിരാശയോ തോന്നാം.
അതേസമയം, അവളോടുള്ള സ്നേഹത്തിന് ഒട്ടുംതന്നെ കുറവും ഉണ്ടാവില്ല. കാരണം നിങ്ങൾക്ക് മക്കളോടുള്ള കോപത്തിന്‍റെയും നിരാശയുടെയും ഇടയിൽപോലും അവളോടുള്ള നിങ്ങളുടെ സ്നേഹം നിങ്ങൾ അവളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്ന് ഓർമപ്പെടുത്തുന്നു.
അവളോട് ക്ഷമിക്കാനും അവളുടെ വികാരങ്ങൾ പരിഗണിക്കാനും അവളുടെ ആവശ്യങ്ങൾ നിറവേറ്റാനും അവളുടെ ക്ഷേമത്തിനാവശ‍്യമായ തീരുമാനങ്ങളെടുക്കാനും ഇത് നിങ്ങളെ പ്രേരിപ്പിക്കുന്നു. അതായത്, മറ്റുള്ളവരെ എങ്ങനെ സ്നേഹിക്കണമെന്ന് നിങ്ങൾക്കറിയാമെങ്കിൽ, സ്വയം എങ്ങനെ സ്നേഹിക്കണമെന്നും നിങ്ങൾക്കറിയാം.
ജീവിതം വേറെ ലെവലാക്കും
സെൽഫ് ലവ് ഉള്ള വ്യക്തികൾ വ്യത്യസ്ത സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നതിന്‍റെ ഏതാനും ഉദാഹരണങ്ങൾ നോക്കാം.
● പൊതുവെ പരീക്ഷകളിലെല്ലാം ഉയർന്ന വിജയം നേടാറുള്ള ഒരു വിദ്യാർഥി, നന്നായി പഠിച്ചെഴുതിയ ഒരു പരീക്ഷയിൽ തോൽക്കുമ്പോൾ ‘‘അത് കുഴപ്പമില്ല, ചില സാഹചര്യങ്ങളിൽ നമ്മൾ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ പോകാം. എനിക്കിത് വിഷമം ഉണ്ടാക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നെങ്കിലും ഇപ്പോഴും നല്ല വിദ്യാർഥി തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു’’ എന്ന് സ്വയം പറഞ്ഞ് ബോധ‍്യപ്പെടുത്തുന്നു.
● തന്‍റെ കുട്ടിയോട് പെട്ടെന്നുണ്ടായ കോപത്തിൽ ശബ്ദം ഉയർത്തിയ ശേഷം ഒരു പിതാവ് സ്വയം ഇങ്ങനെ പറഞ്ഞേക്കാം... ‘‘ഞാൻ ഒരു മോശം പിതാവൊന്നുമല്ല. എനിക്ക് അപ്പോൾ കോപം വന്നു എന്നത് ശരിതന്നെ. പക്ഷേ, മനുഷ്യർക്കൊക്കെയും ഇടക്കിടെ കോപമുണ്ടാവാറുണ്ട്. എന്നാൽ, ഇപ്പോൾ ഞാൻ എന്‍റെ കുട്ടിയോട് ക്ഷമ ചോദിക്കുകയും അതോടൊപ്പം സ്വയം ക്ഷമിക്കുകയും ഭാവിയിൽ ഇന്നത്തേതിലും മികച്ചൊരു പിതാവാകാൻ പ്രതിജ്ഞാബദ്ധനാവുകയും ചെയ്യും.’’
● താൻ പ്രതീക്ഷിച്ച പ്രമോഷൻ ലഭിക്കാത്ത ഒരു ജീവനക്കാരൻ സ്വയം അനുകമ്പ കാണിക്കുന്നത് ഇങ്ങനെയാവാം... ‘‘ഈ പ്രമോഷൻ എന്നത് ഞാൻ എന്ന വ്യക്തിയെ അന്തിമമായി നിർവചിക്കുന്ന ഒന്നല്ല. ഞാനിപ്പോഴും മികച്ച വ്യക്തിയും നല്ല ജോലിക്കാരനും തന്നെയാണ്. എന്നാൽ, കുറച്ച് മേഖലകളിൽ എന്‍റെ കഴിവുകളിനിയും മെച്ചപ്പെടുത്താൻ കുറച്ചുകൂടി പരിശ്രമിക്കേണ്ടതുണ്ട്. തീർച്ചയായും അടുത്ത തവണ എനിക്ക് ആ പ്രമോഷൻ ലഭിക്കും.’’
ഇങ്ങനെയെല്ലാം ചിന്തിക്കാനും തലയുയർത്തിത്തന്നെ നിൽക്കാനും എല്ലാവർക്കും തുടക്കത്തിൽ എളുപ്പം സാധിക്കണമെന്നില്ല. സ്ഥിരമായി ബോധപൂർവം ശ്രമിച്ചാൽ ഇതും അനായാസമാവും.
സെൽഫ് ലവ് ഉള്ള വ്യക്തിയാകാൻ പൊതുവായി അനുവർത്തിക്കുന്ന ചില രീതികൾ പരിചയപ്പെടാം:
● സ്വയം അനുകമ്പ: ദയ, മനസ്സിലാക്കൽ, സഹാനുഭൂതി എന്നിവയോടെ സ്വയം പെരുമാറുക, പ്രത്യേകിച്ച് വെല്ലുവിളികൾ ഉയരുന്ന സന്ദർഭങ്ങളിൽ. നിങ്ങൾ മനുഷ്യനാണെന്നും സ്നേഹത്തിനും ക്ഷമക്കും അർഹനാണെന്നും അംഗീകരിക്കുക.
● അതിരുകൾ നിശ്ചയിക്കുക: നിങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിയുകയും ഉറപ്പിക്കുകയും ചെയ്യുക, മറ്റുള്ളവരുമായി അവ വ്യക്തമായി ആശയവിനിമയം നടത്തുക. നിങ്ങളുടെ ഊർജം ചോർത്തുന്നതോ നിങ്ങളുടെ മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നതോ ആയ കാര്യങ്ങൾക്ക് ‘ഇല്ല’ എന്ന് ഉറപ്പിച്ചുപറഞ്ഞ് നിങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുക.
● സ്വയം പരിചരണം പരിശീലിക്കുക: നിങ്ങളുടെ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമത്തെ പോഷിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. വ്യായാമം ചെയ്യുക, ഏകാഗ്രത, ധ്യാനം തുടങ്ങിയവ പരിശീലിക്കുക, ആവശ്യത്തിന് ഉറങ്ങുക, ഒരു ഹോബിയെങ്കിലും ആസ്വദിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടാം.
● നിങ്ങളുടെ നേട്ടങ്ങൾ ആഘോഷിക്കുക (Celebrating your achievements): നിങ്ങളുടെ നേട്ടങ്ങൾ എത്ര വലുതായാലും ചെറുതായാലും അവയെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുക. ആ സന്തോഷങ്ങൾ, വിജയങ്ങൾ വിശ്വസ്തരായ സുഹൃത്തുക്കളുമായോ പ്രിയപ്പെട്ടവരുമായോ പങ്കിടുക. നിങ്ങളുടെ വളർച്ചയെക്കുറിച്ച് കൂടുതൽ ചിന്തിക്കുക.
● പോസിറ്റിവായ സ്വയം സംസാരം: പോസിറ്റിവായ ആന്തരിക സംഭാഷണങ്ങൾ വളർത്തിയെടുക്കുകയും നെഗറ്റിവായ ചിന്തകളെ വെല്ലുവിളിക്കുകയും ചെയ്യുക. സ്വയം വിമർശനാത്മക ചിന്തകൾക്ക് പകരം നിങ്ങളുടെ ശക്തി, കഴിവുകൾ, യോഗ്യത എന്നിവയെക്കുറിച്ച സ്ഥിരീകരണങ്ങളും ഓർമപ്പെടുത്തലുകളും ശീലമാക്കുക. (ഉദാ: ‘ഞാൻ ഒരു നല്ല വ്യക്തിയാണ്’, ‘ഞാൻ എനിക്ക് വിലപ്പെട്ടതാണ്’, ‘എന്നെ ഞാൻ മനസ്സിലാക്കുന്നു’, ‘എന്‍റെ കഴിവുകൾ പ്രധാനമാണ്’).
● സ്വയം സ്വീകാര്യത: നിങ്ങളുടെ കുറവുകൾ, വിചിത്രതകൾ, അപൂർണതകൾ എന്നിവ ഉൾക്കൊള്ളുക.
● പിന്തുണ തേടുക: നിങ്ങൾക്ക് സഹായം ആവശ്യമുള്ളപ്പോൾ തിരിച്ചറിയുകയും വിശ്വസ്തരായ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ പ്രഫഷനലുകളെയോ സമീപിക്കുകയും ചെയ്യുക.
● സ്വയം കണ്ടെത്തലിനെ അംഗീകരിക്കുക: ജേണലിങ്, സ്വയം പ്രതിഫലിപ്പിക്കുന്ന രീതികൾ അല്ലെങ്കിൽ തെറപ്പികൾ എന്നിങ്ങനെ സ്വയം നന്നായി മനസ്സിലാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. സ്വന്തം താൽപര്യങ്ങളും മൂല്യങ്ങളും അഭിനിവേശങ്ങളും കണ്ടെത്തിക്കൊണ്ടിരിക്കുന്നത് നിങ്ങൾക്കെപ്പോഴും സന്തോഷവും സംതൃപ്തിയും നൽകുന്നു.
നേട്ടങ്ങളേറെയുണ്ട് സെൽഫ് ലവിന്
● മെച്ചപ്പെട്ട മാനസികാരോഗ്യം
● സ്വയം അംഗീകരിക്കൽ
● ഉയർന്ന ആത്മാഭിമാനം
● കൂടുതൽ പ്രചോദനം
● ശക്തമായ ദൃഢനിശ്ചയം
● വർധിച്ച സ്വയം അവബോധം
● കുറഞ്ഞ ടെൻഷനും ഉത്കണ്ഠയും
● മെച്ചപ്പെട്ട ഉറക്കം
അകറ്റാം തെറ്റിദ്ധാരണകൾ
സെൽഫ് ലവ് ഒരിക്കലും സ്വാർഥതയല്ല. കാരണം മറ്റുള്ളവർക്ക് നൽകുന്ന സ്നേഹവും സൗമ്യതയും നമ്മൾ നമ്മളിലേക്കും പകർന്നുകൊടുക്കുന്നു എന്നുമാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, അമിതമായ സ്വാർഥത, നാർസിസിസ്റ്റിക് സ്വഭാവമുള്ള ആളുകൾ എന്നിവർ പലപ്പോഴും വിശ്വസിക്കുന്നത് അവർ മറ്റുള്ളവരേക്കാൾ മികച്ചതാണ് എന്നാണ്.
അവരുടെ തെറ്റുകളും കുറവുകളും അംഗീകരിക്കാനോ ഉത്തരവാദിത്തം ഏറ്റെടുക്കാനോ അവർ തയാറായിരിക്കില്ല. പകരം ബാഹ്യമായ മൂല്യനിർണയവും അംഗീകാരവും മാത്രമാണ് അവർ തേടുന്നത്. ഇത് സെൽഫ് ലവ് എന്ന ആശയത്തിന് തികച്ചും എതിരാണ്.
സ്വയം സ്നേഹിക്കുന്നവരാവുക എന്നതിനർഥം നിങ്ങളുടെ ജീവിതം തന്നെ ആകെ മാറ്റണമെന്നല്ല. ഇന്നലത്തെ നിങ്ങളേക്കാൾ കുറച്ചുകൂടി സ്നേഹപൂർവം നിങ്ങളെ പരിഗണിക്കുക എന്നതാണ്. കുറച്ചുകൂടി നന്നായി സ്വയം പെരുമാറാൻ ശ്രമിക്കുക എന്നതാണ്. എന്നാൽ, അതാരംഭിക്കുംമുമ്പ്, ഇന്ന് നിങ്ങൾക്കായി സ്വയം ചെയ്യാൻ കഴിയുന്ന സ്നേഹപൂർവമായ ഒരു കാര്യമെങ്കിലും തിരിച്ചറിയുക.
അതൊരു പിന്തുണക്കുള്ള ചിന്തയോ പ്രവർത്തനമോ ആകാം. നിങ്ങൾ എന്താണ് അതിനു ചെയ്യാൻ പോകുന്നതെന്നും എപ്പോൾ ചെയ്യുമെന്നും എഴുതുക. അങ്ങനെ എഴുതുന്നത് നിങ്ങളുടെ ഉത്തരവാദിത്തം വർധിപ്പിക്കുകയും അത് പിന്തുടരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ദൈനംദിന ജീവിതത്തിലേക്ക് കൂടുതൽ സ്‌നേഹനിർഭര ചിന്തകളും പ്രവർത്തനങ്ങളും കൂട്ടിച്ചേർക്കുമ്പോൾ, അവ നിങ്ങളെ ഇത്രയും നാൾ പരാജയപ്പെടുത്തിക്കൊണ്ടിരുന്ന ചിന്തകളെയും പെരുമാറ്റങ്ങളെയും ഇല്ലാതാക്കാൻ തുടങ്ങും. തുടർച്ചയായ പരിശീലനത്തിലൂടെ, സ്വയം സ്നേഹം നിങ്ങളുടെ രണ്ടാം സ്വഭാവമായി മാറും. നിങ്ങളുടെ പുതിയ മുഖമായി മാറും. എവിടെയോ വായിച്ചതുപോലെ ‘‘നിങ്ങൾക്ക് സ്നേഹിക്കാനുള്ള കഴിവുണ്ടെങ്കിൽ ആദ്യം നിങ്ങൾ നിങ്ങളെത്തന്നെ സ്നേഹിക്കുക’’.
ഈ തടസ്സങ്ങളാണോ നിങ്ങളുടെ പ്രശ്നം
നമ്മളിൽ പലർക്കും സ്വയം സ്നേഹം പരിശീലിക്കുന്നത് ബുദ്ധിമുട്ടാണ്. താഴെ പറയുന്ന തടസ്സങ്ങളിൽ ചിലത് നിങ്ങളിപ്പോൾ നേരിടുന്നവയാകാം:
● പെർഫെക്ഷനിസം: ‘എനിക്ക് ഇത് പൂർണമായും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ശ്രമിക്കുന്നതിൽ എന്ത് അർഥമാണുള്ളത്’; ഈ ഒരു ചിന്ത ഉയർന്നാൽ അതു നിങ്ങളെ അപൂർണനായി സ്ഥാപിക്കുകയും സ്വയം സ്നേഹത്തെ ദുർബലപ്പെടുത്തുകയും ചെയ്യും.
● സ്വയം വിമർശനം (Self-criticism): ‘ഞാൻ ഒന്നിനും കൊള്ളാത്തവനാണ്. മറ്റാളുകളെ അപേക്ഷിച്ച് ഞാൻ ഒന്നുമല്ല.’ ഇത്തരം താരതമ്യങ്ങളും പോരായ്മകളിൽ ശ്രദ്ധ കേന്ദ്രീകരിക്കലും നിങ്ങളിൽ നെഗറ്റിവ് സെൽഫ് ഇമേജ് ഉണ്ടാക്കുകയും മറ്റുള്ളവരുടെ സ്നേഹത്തിനു തന്നെ താനർഹനല്ലെന്ന വിശ്വാസം സൃഷ്ടിക്കുകയും ചെയ്യും.
● കുറ്റബോധവും ആത്മത്യാഗവും: ‘എന്നെത്തന്നെ പരിപാലിക്കുന്നത് സ്വാർഥമാണ്. മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് ഞാൻ എപ്പോഴും മുൻഗണന നൽകണം’; ഈ വിശ്വാസം കൂടുന്തോറും വ്യക്തിപരമായ ക്ഷേമം അവഗണിക്കപ്പെടുന്നു. ഇത് സ്വയം പരിചരണത്തിന്‍റെ അഭാവത്തിലേക്കും നയിക്കുന്നു.
● നിഷേധാത്മക വിലയിരുത്തലുകളോടുള്ള ഭയം: മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് വിചാരിക്കും? അവരെന്നെ സ്വാർഥനായി കാണില്ലേ? എന്നിങ്ങനെയുള്ള ചിന്തകൾ സ്വയം സ്നേഹിക്കപ്പെടുന്നതിൽനിന്ന് നിങ്ങളെയെപ്പോഴും തടയും. കാരണം നിങ്ങളുടെ ക്ഷേമത്തേക്കാൾ നിങ്ങൾ മുൻഗണന കൊടുക്കുന്നത് മറ്റുള്ളവരുടെ മൂല്യനിർണയത്തിനാണ്.
● ആന്തരിക നിഷേധാത്മകത (Internalized negativity): ‘ഞാൻ സന്തോഷത്തിനോ സ്വയം പരിചരണത്തിനോ അർഹനല്ല. മറ്റുള്ളവരുടെ സ്നേഹത്തിനേ യോഗ്യനല്ല’; ഈ വിശ്വാസം മുൻകാല അനുഭവങ്ങളിൽനിന്നോ മറ്റുള്ളവരിൽനിന്ന് ലഭിച്ച നിഷേധാത്മക സന്ദേശങ്ങളിൽനിന്നോ ഉടലെടുത്തതാവാം. പക്ഷേ, ഈ ചിന്തകൾ ആഴത്തിൽ വേരൂന്നുമ്പോൾ ആത്മാഭിമാനക്കുറവിലേക്കു നിങ്ങളെ നയിക്കുന്നു. സ്വയം സ്നേഹത്തിൽനിന്ന് നിങ്ങളെ തടയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.