Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_rightഒരു ആശുപത്രി തന്നെ...

ഒരു ആശുപത്രി തന്നെ തുടങ്ങാവുന്ന ഡോക്ടർമാരുള്ള തറവാടിനെക്കുറിച്ചറിയാം

text_fields
bookmark_border
ഒരു ആശുപത്രി തന്നെ തുടങ്ങാവുന്ന ഡോക്ടർമാരുള്ള തറവാടിനെക്കുറിച്ചറിയാം
cancel
camera_alt

മേപ്പയൂർ കൂവലപ്പൊയില്‍ തറവാട്ടിലെ 19 ഡോക്ടർമാർ


ഒരു കുടുംബത്തിലെ ഡോക്ടർമാരെ വെച്ച് ഒരു ആശുപത്രി തന്നെ തുടങ്ങിയാലോ? കോഴിക്കോട് മേപ്പയൂരിലെ കൂവലപ്പൊയില്‍ തറവാട് ശരിക്കുമൊരു ‘ഡോക്ടര്‍ വീടാ’ണ്. എം.ബി.ബി.എസിന് പഠിക്കുന്ന ഇളയ തലമുറ ഉൾപ്പെടെ 19 ഡോക്ടര്‍മാരാണ് ഈ തറവാടിനെ സമ്പന്നമാക്കുന്നത്.

പരേതരായ കൂവലപ്പൊയിൽ കുഞ്ഞികൃഷ്ണൻ നായർ-ലക്ഷ്മി ടീച്ചർ ദമ്പതികളുടെ രണ്ടാം തലമുറയിലെ മക്കളും കൊച്ചുമക്കളും മരുമക്കളുമുൾപ്പെടുന്നതാണ് ഈ ഭിഷഗ്വര കുടുംബം. അവരുടെ വിശേഷങ്ങളിലേക്ക്...

കുഞ്ഞികൃഷ്ണൻ നായരും ലക്ഷ്മി ടീച്ചറും


ആദ്യ തലമുറ, 23 അധ്യാപകർ

ലക്ഷ്മി ടീച്ചർക്ക് എട്ടു മക്കളായിരുന്നു. സരോജിനി, ലീലാവതി, രാധ, ദേവി, കെ.പി. രാമചന്ദ്രൻ മാസ്റ്റർ, കെ.പി. വേണുഗോപാൽ മാസ്റ്റർ, മിനി ടീച്ചർ, ബീന ടീച്ചർ എന്നിവർ. ലക്ഷ്മി ടീച്ചറുടെ മക്കളും മരുമക്കളു​മുൾപ്പെടുന്ന ആദ്യ തലമുറ 23 അധ്യാപകരിലൂടെ ശ്രദ്ധയാകർഷിച്ചിരുന്നു.

ഏറ്റവും കൂടുതൽ പ്രധാനാധ്യാപകരുള്ള കുടുംബമെന്ന ഖ്യാതിയും കൂവലപ്പൊയിൽ തറവാട് സ്വന്തമാക്കിയിരുന്നു. കുടുംബത്തിലെ കുറച്ച് ആളുകൾ വിരമിച്ചെങ്കിലും നിരവധി പേർ ഇന്നും അധ്യാപകരായുണ്ട്.

ഡോ. സന്തോഷ് കുമാറും ഭാര്യ ഡോ. ഷീല കൃഷ്ണനും


ഇതാ ആ 19 ഡോക്ടർമാർ

51കാരനായ ഏറ്റവും മുതിർന്ന അംഗവും കോഴിക്കോട് മെഡിക്കൽ കോളജ് പീഡിയാട്രിക് സർജനുമായ ഡോ. സന്തോഷ് കുമാർ, ഭാര്യ ഡോ. ഷീല കൃഷ്ണൻ (ഒഫ്താൽമോളജിസ്റ്റ്, ഗവ. ജനറൽ ആശുപത്രി തലശ്ശേരി) എന്നിവരെ മാതൃകയാക്കിയാണ് ഈ ഡോക്ടർ തലമുറയുടെ തുടക്കം. 23 വയസ്സുകാരായ മീനാക്ഷി പ്രവീൺ (എം.ബി.ബി.എസ് വിദ്യാർഥിനി, അൽഅസർ മെഡിക്കൽ കോളജ് തൊടുപുഴ), ബി.ആർ. അമൽരാജ് (എം.ബി.ബി.എസ് വിദ്യാർഥി, ഗവ. മെഡിക്കൽ കോളജ് മഞ്ചേരി) എന്നിവരാണ് കുടുംബത്തിലെ ഇളമുറക്കാർ.

ലക്ഷ്മി ടീച്ചറുടെ രണ്ടാമത്തെ മകൾ ലീലാവതിയുടെ മകനാണ് ഡോ. സ​േന്താഷ്‍കുമാർ. ലീലാവതിയുടെ മകൾ ഡോ. ഷീബ കണ്ണൂർ കുഞ്ഞിമംഗലം പി.എച്ച്.സിയിൽ അസി. സർജനാണ്. ഡോ. ഷീബയുടെ ഭർത്താവ് ഡോ. മനോജ്കുമാർ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ സീനിയർ ലെക്ചറർ, ഡെപ്യൂട്ടി ആർ.എം.ഒ പദവി വഹിച്ചുവരുന്നു. ഇവരാണ് കൂവലപ്പൊയിലിലെ തലമുതിർന്ന ഡോക്ടർമാർ.

മനോജ് കുമാറിന്‍റെ മക്കളായ ഗൗതം മനോജ് (എം.ബി.ബി.എസ് വിദ്യാർഥി, ഗോവ കാർവാർ മെഡിക്കൽ കോളജ്), ഗീതാഞ്ജലി മനോജ് (എ.ജെ മെഡിക്കൽ കോളജ്, മംഗളൂരു) എന്നിവർ ഡോക്ടർ കുടുംബത്തിലെ കണ്ണികളാണ്. ഡോ. സന്തോഷ്‍കുമാറിന്‍റെ മകൾ ലക്ഷ്മി സന്തോഷും (തൃശൂർ ജൂബിലി മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥിനി) ഇതിൽ ഉൾപ്പെടും.

ലക്ഷ്മി ടീച്ചറുടെ മറ്റൊരു മകൾ കെ.പി. ബീനയുടെ ​മക്കളും മരുമക്കളും പിന്നാലെയുണ്ട്. ഡോ. അഞ്ജന ബി. രാജ് (അസി. പ്രഫസർ, ഗോകുലം മെഡിക്കൽ കോളജ് തിരുവനന്തപുരം), ഡോ. അക്ഷയ രാജ് (എം.ഡി, സൈക്യാട്രി, എയിംസ് ജോധ്പുർ), ഡോ. രാഹുൽ രാജീവ് (ഡി.എം ന്യൂറോളജി, ശ്രീരാമകൃഷ്ണ മിഷൻ ഹോസ്പിറ്റൽ തിരുവനന്തപുരം), ഡോ. പ്രേം (സർവെയ്‍ലൻസ്​ മെഡിക്കൽ ഓഫിസർ, ഡബ്ല്യു.എച്ച്.ഒ ബിഹാർ) എന്നിവരാണവർ.

ലക്ഷ്മി ടീച്ചറുടെ മകൻ കെ.പി. രാമചന്ദ്രന്‍റെ മകൾ ഡോ. അപർണ ഇന്ദു, മരുമകൾ ഡോ. സി.ടി. ശ്രീലക്ഷ്മി (അസി. പ്രഫസർ, മലബാർ മെഡിക്കൽ കോളജ്, മൊടക്കല്ലൂർ), അധ്യാപകനായ കെ.പി. വേണുഗോപാലിന്‍റെ മകൻ ഡോ. മനു മുരളീകൃഷ്ണ (സീനിയർ ​റെസിഡന്‍റ്, ഒഫ്താൽമോളജി, എയിംസ് ഡൽഹി), ഭാര്യ ഡോ. ആദിത്യ ആർ. നാഥ് (എം.ഡി, മൗലാന ആസാദ് മെഡിക്കൽ കോളജ് ഡൽഹി) എന്നിവരും ഡോക്ടർ പരമ്പരയിലെ ഇളമുറക്കാരാണ്.

കുടുംബാംഗമായ സരോജിനിയുടെ പേരക്കുട്ടി ഡോ. അഭിഷേക് പ്രവീൺ (എം.ബി.ബി.എസ് ഹൗസ് സർജൻസി വിദ്യാർഥി, ആലപ്പുഴ മെഡിക്കൽ കോളജ്), അധ്യാപിക കെ.പി. മിനിയുടെ മകൾ ഡോ. വി. അനുപമ (ബി.ഡി.എസ്, ബംഗളൂരു) എന്നിവർ കൂടെ ചേരുമ്പോൾ 19 ഡോക്ടർമാർ ഉൾപ്പെടുന്ന ഡോക്ടർ വീട് പൂർണമാകുന്നു.

ആതുര സേവനമാണോ ലക്ഷ്യം? കട്ട സപ്പോർട്ടുമായി ഞങ്ങളുണ്ട്

ഡോക്ടറാകണമെന്ന ആഗ്രഹം ചെറുപ്പത്തിലേ ഉണ്ടായിരുന്നതായി കുവലപ്പൊയിൽ കുടുംബത്തിലെ ആദ്യ ഡോക്ടർ സന്തോഷ്‍കുമാർ പറയുന്നു. ‘‘എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍റെ ബന്ധങ്ങളും കേന്ദ്രീയ വിദ്യാലയത്തിലെ പഠനവും ഇതിന് സഹായകമായി.

തന്‍റെ കർമമണ്ഡലത്തിലേക്ക് മക്കളെ അയക്കാൻ അച്ഛന് താൽപര്യമില്ലായിരുന്നു. ജനങ്ങളെ സേവിക്കാമെന്നതും ഡോക്ടർമാർക്ക് സമൂഹത്തിൽ ലഭിക്കുന്ന പദവിയും വൈറ്റ് കോളർ ജോലിയോടുള്ള മോഹം വർധിപ്പിച്ചു.

എൻ​ട്രൻസ് കോച്ചിങ് സ്ഥാപനങ്ങളൊന്നും അക്കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നില്ല. ചെന്നൈയിലെ ഒരു സ്ഥാപനത്തിൽനിന്ന് കറസ്​പോണ്ടൻസ് കോഴ്സായി പുസ്തകങ്ങളും മറ്റും തപാലിൽ വരുത്തിയാണ് പഠിച്ചത്. അതുകൊണ്ടുതന്നെ സ്വപ്രയത്നത്താൽ ഉയർന്ന മാർക്ക് നേടി കോഴിക്കോട് മെഡിക്കൽ കോളജിൽതന്നെ പഠിക്കാനായി’’ -ഡോക്ടർ വിശദീകരിച്ചു.

കുടുംബത്തിലെ ഭൂരിഭാഗം പേരും പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി ഗവ. മെഡിക്കൽ കോളജുകളിൽ തന്നെയാണ് പഠിച്ചത്. എം.ബി.ബി.എസ് പഠിക്കാൻ ഉപദേശത്തിനും മാർഗനിർദേശത്തിനും മറ്റുമായി തന്നെ സമീപിക്കുന്ന കുടുംബാംഗങ്ങൾക്കും മറ്റുള്ളവർക്കും ഈ രംഗത്തേക്ക് കടന്നുവരാൻ പൂർണ പിന്തുണയാണ് നൽകുന്നതെന്നും ഡോക്ടർ പറയുന്നു.

മുതിർന്നവരെ മാതൃകയാക്കി ഇളയ തലമുറയും

‘‘ലക്ഷ്മി ടീച്ചർ 1980ലാണ് സർവിസിൽനിന്ന് വിരമിക്കുന്നത്. മകൾ ലീലാവതിയുടെ ഭർത്താവ് ബാലൻ നായർ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ഇവർ മക്കളായ സന്തോഷിനെയും ഷീബയെയും സെൻട്രൽ സ്കൂളിലായിരുന്നു പഠിപ്പിച്ചത്. മികച്ച സ്ഥാപനത്തിൽ പഠിക്കാൻ കഴിഞ്ഞതിനാൽ ഉന്നത വിജയം നേടാൻ ഇവർക്കായി.

പിന്നീട് നീറ്റ് പ്രവേശന പരീക്ഷ മികച്ച മാർക്കോടെ വിജയിക്കാനും ഗവ. മെഡിക്കൽ കോളജിൽ തന്നെ ​ചേർന്ന് എം.ബി.ബി.എസ് പഠിക്കാനുമായി. സന്തോഷും ഷീബയും ഡോക്ടർമാരായതിനെത്തുടർന്ന് ഇവർ ഡോക്ടർമാരെ വിവാഹം കഴിച്ചു. ഇവരെ മാതൃകയാക്കി ഇളയ തലമുറയും ആതുരസേവന രംഗത്തേക്ക് കടന്നുവരുകയായിരുന്നു’’ -കുടുംബത്തിലെ മുതിർന്ന അംഗവും 2013ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ കെ.പി. രാമചന്ദ്രൻ പറയുന്നു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorsLifestyle
News Summary - A family of doctors
Next Story