Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആഫ്രിക്കൻ ജനതയുടെ ദാഹമകറ്റാൻ കിണർ കുഴിച്ചുനൽകുന്ന മലയാളി യുവാവ്
cancel
camera_alt

ദിൽഷാദ് ആദ്യമായി കുഴിച്ചു നൽകിയ, സാമ്പിയയിലെ ഗ്രാമമായ ചിങ്കോളയിലെ കുഴൽക്കിണറിനരികെ പ്രദേശവാസികൾക്കൊപ്പം


‘‘യാത്ര ചെയ്യുകയെന്നാൽ, മറ്റു രാജ്യങ്ങളെക്കുറിച്ച് എല്ലാവർക്കുമുള്ള ധാരണ തെറ്റാണെന്ന കണ്ടെത്തലാണ്’’ -ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ബ്രിട്ടീഷ് ചിന്തകനും എഴുത്തുകാരനുമായ ഓൾഡസ് ഹക്സ്‌ലീയുടെ വാക്കുകളാണിത്.

ആഫ്രിക്കയിലേക്കുള്ള തന്‍റെ യാത്രയെ നിരുത്സാഹപ്പെടുത്താൻ പലരും പറഞ്ഞ കാര്യങ്ങളിൽനിന്ന് വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നുപോയ മലപ്പുറം ചേലേമ്പ്രക്കാരൻ ദിൽഷാദും ഇപ്പോൾ ഇതുതന്നെയാണ് പറയുന്നത്.

താൻ കണ്ടറിഞ്ഞ ആഫ്രിക്കയിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ കിണർ നിർമിച്ചുനൽകുന്ന ദിൽഷാദിന്‍റെ കഥ ഇതിനകം വൈറലായിട്ടുണ്ട്. സാധാരണ കിണർ കുഴിച്ചാൽ വെള്ളം കിട്ടുന്നിടത്ത് അങ്ങനെ, അല്ലാത്തിടത്ത് കുഴൽക്കിണർ.

രണ്ട് വർഷം കൊണ്ട് ഏഷ്യ, ആഫ്രിക്ക, യൂറോപ് ഭൂഖണ്ഡങ്ങളിലെ 60 രാജ്യങ്ങൾ സന്ദർശിക്കാനുള്ള ദിൽഷാദിന്‍റെ യാത്ര തുടരുകയാണ്...

ലക്ഷ്യം 30 കിണർ

കെനിയയിലും മൊസാംബിക്കിലും താൻസാനിയയിലുമായി ഒമ്പത് കിണറുകളുടെ നിർമാണമാണ് ദിൽഷാദിന്‍റെ നേതൃത്വത്തിൽ പൂർത്തിയായത്. കിണറിനൊപ്പം ടാങ്കും പൈപ്പ് ലൈനും സ്ഥാപിക്കുന്നുണ്ട്. മൂന്ന് കിണറുകളുടെ നിർമാണം പുരോഗമിക്കുകയാണ്.

പത്ത് കിണറുകൾ നിർമിച്ചുനൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് യാത്ര ആരംഭിച്ചത്. എന്നാൽ, ഇപ്പോഴത് 30 ആക്കണമെന്നാണ് ദിൽഷാദിന്‍റെ ആഗ്രഹം. ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിൽനിന്ന് ലഭിക്കുന്ന വരുമാനവും സ്‌പോൺസർമാർ നൽകുന്ന തുകയുമാണ് ഇതിനായി ഉപയോഗിക്കുന്നത്.

വറ്റിക്കൊണ്ടിരിക്കുന്ന പുഴയിൽ നിന്ന് വെള്ളം ശേഖരിക്കുന്ന താൻസനിയയിലെ സാമ്പിയ അതിർത്തിയോട് ചേർന്ന പ്രദേശത്തെ സ്ത്രീകൾ


പണം നൽകിയാൽ കിട്ടാത്ത കുടിവെള്ളം

രണ്ടുവർഷം മുമ്പ് ആഫ്രിക്കയിൽ ആദ്യമായി എത്തുമ്പോഴും യാത്ര എന്നതിനപ്പുറം പ്രത്യേക ലക്ഷ്യങ്ങളൊന്നും ദിൽഷാദിനുണ്ടായിരുന്നില്ല. എന്നാൽ, ആ യാത്രയിൽ കണ്ട കാഴ്ചകളാണ് കിണറുകൾ കുഴിച്ചുനൽകണം എന്ന ആശയത്തിലേക്ക് എത്തിച്ചത്.

താൻസനിയയുടെ പടിഞ്ഞാറൻ ഗ്രാമങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് അവിടത്തെ ജലദൗർലഭ്യം നേരിട്ടുകണ്ടത്. കുടിവെള്ളം പോലും കിട്ടാത്ത സ്ഥിതി. വറ്റിയ പുഴയിൽ കുഴിയുണ്ടാക്കി വെള്ളം ശേഖരിക്കുന്ന സ്ത്രീകളെ കണ്ടു. സ്ത്രീകളും കുട്ടികളും കിലോമീറ്ററുകൾ സഞ്ചരിച്ചാണ് കുടിവെള്ളം വീടുകളിൽ എത്തിക്കുന്നത്. ആഫ്രിക്കയിലേക്ക് വീണ്ടുമൊരു യാത്ര ഉണ്ടായാൽ കിണറുകൾ കുഴിച്ചു നൽകണമെന്ന് അവിടെവെച്ച് തീരുമാനമെടുത്തു.

ആ ഗ്രാമത്തിലാണ് ‘യാത്ര ടുഡേ’യുടെ നാലാമത്തെ കിണർ കുഴിച്ചത്. കെനിയയിലെ മോംബാസയിലാണ് ആദ്യത്തെ കിണർ നിർമിച്ചത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളായ താൻസനിയയിലെ ദാറുസ്സലാം പ്രവിശ്യ, മുസോംഗ, മകാസിമാപിയ, സുമ്പവാങ്ക എന്നിവിടങ്ങളിൽ ഇതിനകം കിണർ നിർമാണം പൂർത്തിയായിട്ടുണ്ട് -ദിൽഷാദ് പറഞ്ഞുതുടങ്ങുന്നു.

ദിൽഷാദ്

യാത്രകളുടെ തുടക്കം

പ്ലസ് ടു കഴിഞ്ഞശേഷം നാട്ടിൽ ഡ്രൈവറായി ജോലി നോക്കി. പിന്നീട് ബസിലും ട്രക്കിലുമെല്ലാം ഡ്രൈവറായി. അതിനുശേഷം ദുബൈയിൽ കുറച്ചുകാലവും പിന്നീട് രണ്ടുവർഷം സൗദിയിലും ജോലി ചെയ്തു. ഇതിനിടെയാണ് ബൈക്കിൽ തനിച്ച് ഇന്ത്യ മുഴുവൻ സഞ്ചരിക്കുക എന്ന മോഹം മനസ്സിലുദിച്ചത്. 2018ൽ വിവാഹശേഷം ആഗ്രഹം പൂർത്തിയാക്കി.

യാത്രകൾ തുടർന്നെങ്കിലും കോവിഡ് കാരണം നിർത്തേണ്ടിവന്നു. ലോക്ഡൗൺ നിയന്ത്രണം നീങ്ങിയതോടെ സിംഗപ്പൂരിലേക്ക് റോഡുമാർഗം സഞ്ചരിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ യാത്ര ആരംഭിച്ചു. മ്യാന്മർ ബോർഡർ അടച്ചതോടെ ആ യാത്ര പാതിവഴിയിൽ ഉപേക്ഷിച്ചു.

ഇതിനിടെ ആരംഭിച്ചതാണ് ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനൽ. ഇതിന് വലിയ സ്വീകാര്യത ലഭിച്ചു. തിരിച്ചെത്തിയപ്പോഴാണ് ആഫ്രിക്കയിലേക്ക് സഞ്ചരിക്കുക എന്ന ചിന്ത മനസ്സിൽ വരുന്നത്.

താൻസനിയയിലെ ലയേലയിൽ കുഴിക്കുന്ന കിണർ


എന്തുകൊണ്ട് ആഫ്രിക്ക

എല്ലാവരും യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും യാത്രക്കായി തിരഞ്ഞെടുക്കുമ്പോൾ ഒഴിവാക്കപ്പെടുന്ന മേഖലയാണ് ആഫ്രിക്ക. എന്നാൽ, അവിടെ പോയാൽ ആർക്കും അറിയാത്ത ഒരുപാട് കാര്യങ്ങൾ ചിലപ്പോൾ കണ്ടേക്കാം എന്ന പ്രതീക്ഷയോടെയാണ് യാത്രക്ക് തുടക്കമിട്ടത്.

അങ്ങനെ തുടങ്ങിയ ആ യാത്രയിൽ 19 രാജ്യങ്ങൾ സന്ദർശിച്ചാണ് 2021 അവസാനത്തോടെ തിരിച്ചെത്തിയത്. മൊസാംബിക്, മലാവി, ബുറുണ്ടി, സ്വാസിലൻഡ്, യുഗാണ്ട, കെനിയ, താൻസനിയ തുടങ്ങിയ രാജ്യങ്ങളെല്ലാം കണ്ടു. ഈ യാത്രക്കിടെ, സൗദിയിൽനിന്ന് ആരംഭിക്കുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ മണലാരണ്യം പിന്നിടുന്ന ആദ്യത്തെ ഇന്ത്യൻ ബൈക്കറായി.

നിലവിലെ യാത്ര മൂന്ന് ഭൂഖണ്ഡങ്ങളിലേക്കുള്ളതാണ്. ഏഷ്യയും ആഫ്രിക്കയും കൂടാതെ യൂറോപ് കൂടി സന്ദർശിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യയാത്ര ബുള്ളറ്റിലായിരുന്നു. ഇത്തവണ ഫോർ വീലറുമായാണ് ആഫ്രിക്കയിൽ എത്തിയത്.

താൻസനിയയിലെ ഒരു സ്കൂളിൽ നിർമിച്ച കിണറിനോട് ചേർന്നുള്ള അനുബന്ധ ജോലിക്കിടെ


ആഫ്രിക്ക സമ്പന്നമാണ്, പക്ഷേ...

പ്രകൃതിവിഭവങ്ങളുടെ വലിയ ശേഖരമുള്ള ആഫ്രിക്ക അധ്വാനശീലരായ മനുഷ്യരാലും സമ്പന്നമാണ്. പലരുടെയും മനസ്സിലുള്ള ഇരുണ്ട ഭൂഖണ്ഡമല്ല ഇപ്പോഴത്തെ ആഫ്രിക്ക. എന്നാൽ, വിദ്യാഭ്യാസം, സാമ്പത്തികം എന്നീ മേഖലകളിൽ അവരുടെ പിന്നാക്കാവസ്ഥ തുടരുകയാണ്.

ആഫ്രിക്കയിൽ വിദേശികൾ ഒരുപാട് വികസനം കൊണ്ടുവരുന്നുണ്ട്. ധാതുക്കളും മറ്റു വിഭവങ്ങളും കൊണ്ടുപോകാനുള്ള എളുപ്പത്തിന് വേണ്ടിയാണ് അവർ ഇത് ചെയ്യുന്നത്. റോഡുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ ലൈനുകൾ എന്നിവയെല്ലാം വിദേശ നിക്ഷേപത്തിന്‍റെ സഹായത്തോടെയാണ് പൂർത്തിയാകുന്നത്.

താൻസനിയയുടെ വെസ്റ്റ് റീജിയനിലെ സുമ്പവാങ്കയിലെ സ്കൂളിലെ കുട്ടികൾക്കൊപ്പം


കിണർ പദ്ധതി സ്‌കൂളുകളിലേക്ക്

റുവാണ്ട, ബുറുണ്ടി എന്നീ രാജ്യങ്ങൾ ഒരേസമയം ബെൽജിയത്തിന്‍റെ അധിനിവേശത്തിൽനിന്ന് സ്വതന്ത്രമായതാണ്. ബുറുണ്ടി ലോകത്തിലെ ഏറ്റവും വലിയ പട്ടിണി രാജ്യമായി മാറിയപ്പോൾ റുവാണ്ട ആഫ്രിക്കയിലെ സിംഗപ്പൂരായി. റുവാണ്ടയിൽ ആളുകൾക്ക് വിദ്യാഭ്യാസം നൽകിയതോടെയാണ് വലിയ മാറ്റം സാധ്യമായത്.

ഇക്കാര്യം മനസ്സിലാക്കിയപ്പോഴാണ്, നമ്മൾ എന്തെങ്കിലും ചെയ്യണമെങ്കിൽ അത് സ്‌കൂളുകളിൽനിന്ന് ആരംഭിക്കണമെന്ന് തോന്നിയത്. അങ്ങനെയിരിക്കെയാണ് താൻസനിയയിലെ ഒരു ഗ്രാമത്തിൽ കിണർ കുഴിക്കുന്നതിനിടെ സമീപത്തെ സ്‌കൂളിലെ അധ്യാപകർ ഞങ്ങളുടെ അരികിൽ എത്തുകയും സ്‌കൂളിൽ കിണർ കുഴിക്കുന്നതിന്‍റെ സാധ്യതകൾ ചോദിക്കുകയും ചെയ്തത്.

820 കുട്ടികളാണ് ആ സ്‌കൂളിലുള്ളത്. കുട്ടികൾതന്നെ അവിടത്തെ ആവശ്യങ്ങൾക്കായി വെള്ളമെത്തിക്കണം. അതിനായി അവർക്ക് പ്രത്യേക പിരിയഡ് തന്നെയുണ്ട്. ഒന്നര കിലോമീറ്റർ അകലെ നിന്നുവേണം വെള്ളം ശേഖരിക്കാൻ. മറ്റു പല അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളും അവിടെയുണ്ട്. എല്ലാം പരിഹരിക്കാൻ നമ്മളെക്കൊണ്ട് കഴിയില്ല.

കേരളത്തിലെ മാതൃകയിൽ ഒരു കിണർ നിർമിക്കുകയും അതിൽ ഒരു മോട്ടോർ സ്ഥാപിച്ചുനൽകുകയും ചെയ്തു. വിദ്യാഭ്യാസമുള്ള പുതുതലമുറ വരുമ്പോൾ അവിടെ ഇനിയും മാറ്റങ്ങൾ വരും. അതിനായി എന്തെങ്കിലും സഹായം ചെയ്യാൻ നമുക്ക് കഴിയുന്നെങ്കിൽ അത് വലിയ കാര്യമല്ലേ. ഇതോടെ കൂടുതൽ സ്‌കൂളുകളിൽ കിണർ കുഴിക്കുക എന്ന ചിന്തയും മനസ്സിലുദിച്ചു.

യാത്ര ടുഡേ ഫാമിലി

ആഫ്രിക്കയിലേക്ക് ഇങ്ങനെയൊരു ആശയവുമായി യാത്ര ചെയ്യുമ്പോൾ അതിനായുള്ള വരുമാനം പൂർണമായും സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കില്ല. സാധാരണ കിണറിന് 20,000 മുതൽ 38,000 രൂപ വരെ ചെലവുവരും. ഗ്രാമങ്ങളിലാണെങ്കിൽ സാധനങ്ങളെത്തിക്കാൻ പ്രയാസമാണ്. പണിക്കൂലി കുറവാണ്. കുഴൽക്കിണറിന് 1.20 ലക്ഷം മുതൽ 1.80 ലക്ഷം രൂപവരെയാണു ചെലവ്.

ഈ യാത്ര നടക്കണം എന്ന് ആഗ്രഹിക്കുന്ന കുറച്ചധികം പേർ എന്‍റെ സുഹൃദ് വലയത്തിലുണ്ട്. അവരിൽനിന്ന് തുടക്കം മുതൽ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. പിന്നീട് വിഡിയോ കണ്ട നിരവധിപേർ സഹായ വാഗ്ദാനങ്ങളുമായി മുന്നോട്ടുവന്നു. അങ്ങനെയാണ് യാത്ര ടുഡേ എന്ന കൂട്ടായ്മ ഉണ്ടായത്. അവരുടെ സഹായത്തോടെയാണ് ഇപ്പോൾ കിണറുകൾ നിർമിച്ചുനൽകുന്നത്. അതിനാലാണ് പണി പൂർത്തിയാകുമ്പോൾ എല്ലായിടത്തും ‘യാത്ര ടുഡേ ഫാമിലി’ എന്ന ബോർഡ് വെക്കുന്നത്.

കിണർ കുഴിച്ച് വെള്ളം കാണുമ്പോൾ പ്രദേശവാസികളുടെ ആഹ്ലാദ പ്രകടനങ്ങൾ മറക്കാനാവില്ല. അവർ നൃത്തം ചെയ്യും, പാട്ടുപാടും, ചിലപ്പോൾ കരയും. അവർ സന്തോഷം പങ്കിടുമ്പോൾ ലഭിക്കുന്ന ആനന്ദമാണ് ഈ യാത്രയുടെ ഏറ്റവും വലിയ ഭംഗി.

യാത്രകൾ തുടരും, ആരോഗ്യമുള്ളിടത്തോളം

ഫെബ്രുവരിയോടെ ഇവിടെനിന്ന് യൂറോപ്പിലേക്ക് പോകും. യൂറോപ്യൻ പര്യടനശേഷം തിരികെ നാട്ടിലേക്ക് എത്തുക എന്നതാണ് നിലവിലെ പദ്ധതി. യാത്രകൾ നിർത്താൻ ഉദ്ദേശ്യമില്ല. ആരോഗ്യമുള്ളിടത്തോളം അത് തുടർന്നുകൊണ്ടിരിക്കും.

നിലവിൽ നാട്ടിൽ ഒരു ട്രാവൽ ഏജൻസി സ്വന്തമായുണ്ട്. സഞ്ചരിച്ച എല്ലാ രാജ്യങ്ങളിലേക്കും പാക്കേജുകൾ ചെയ്യുന്നുണ്ട്. മറ്റു ഭാവി പരിപാടികളൊന്നും ഇപ്പോൾ ആലോചിക്കുന്നില്ല.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lifestyle
News Summary - A Malayali who makes wells in Africa
Next Story