വയസ്സായതിനാൽ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാൻ ഇവർക്ക് സൗകര്യമില്ല
text_fieldsകൂടു തുറന്നുവിട്ട കിളികളെപ്പോലെയായിരുന്നു അവർ. ചിലർ ഊഞ്ഞാലാടുന്നു, ചിലർ ഏറുമാടത്തിൽ വലിഞ്ഞുകേറുന്നു. അതിനുപറ്റാത്തവർ കൂട്ടമായിരുന്ന് അന്താക്ഷരി കളിക്കുന്നു. ആഗ്രഹങ്ങളെയെല്ലാം ആകാശത്തോളം പറക്കാനനുവദിച്ച് കാടും പുഴയും കണ്ട് പാറിപ്പറന്നുനടന്നു.
പറഞ്ഞുവരുന്നത് വിനോദയാത്ര പോയ കുട്ടികളെക്കുറിച്ചല്ല, സഹയാത്രികർ എന്ന കൂട്ടായ്മയിലൂടെ രണ്ടാംബാല്യം ആസ്വദിക്കുന്ന കുറച്ച് വയോധികരെക്കുറിച്ചാണ്.
വയസ്സായാൽ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കണമെന്ന് ഇനി ആരും പറയില്ല ഇവരെക്കുറിച്ചറിഞ്ഞാൽ. കോട്ടയം കാഞ്ഞിരപ്പള്ളി അഞ്ചലിപ്പയിലെ കിഴക്കേതലക്കൽ ആനിയമ്മ ജോയിയുടെ തലയിലുദിച്ച ആശയമാണ് 60 കഴിഞ്ഞവരുടെ ഈ കൂട്ടായ്മ.
സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജറായി വിരമിച്ച ആനിയമ്മ ജീവിതസായന്തനത്തിൽ ഒറ്റപ്പെടൽ അനുഭവിക്കാൻ തുടങ്ങിയപ്പോഴാണ് ഒറ്റക്കായവരെയെല്ലാം കൂട്ടാക്കിയാലോ എന്നുചിന്തിച്ചത്.
പള്ളിയിലെ വികാരി ഫാ. തോമസ് നിരപ്പേലിനോടാണ് ആദ്യം ഇക്കാര്യം പറഞ്ഞത്. അദ്ദേഹവും പിന്തുണച്ചു. എല്ലാവർക്കും ഒന്നിച്ചിരിക്കാൻ പള്ളിയിലെ ഹാളും വിട്ടുനൽകി. ആദ്യം കൂട്ടായ്മയുടെ യോഗം വെച്ചപ്പോൾ എത്തിയത് പത്തുപേരാണ്. രണ്ടാമത്തെ യോഗത്തിനും അതുതന്നെ അവസ്ഥ.
പിന്നെ ഒന്നുംനോക്കിയില്ല. ഉള്ളവരെ കൂട്ടി പിക്നിക്കിനു പോയി. അതിന്‍റെ ഫോട്ടോസ് വാട്സ്ആപ് ഗ്രൂപ്പിലിട്ടു. അതോടെ കൂട്ടായ്മയിൽ ചേരാൻ തിരക്കായി. 2022 ഡിസംബർ 26നു പിറന്ന സഹയാത്രികരിൽ ഇപ്പോൾ ഇടവകയിലെ 40 പേരാണ് അംഗങ്ങളായി ഉള്ളത്. 83കാരി മറിയാമ്മ തോമസാണ് കൂട്ടത്തിലെ മുതിർന്നയാൾ.
പ്രായമായോ, എങ്കിൽ കൂട്ടുകൂടാം
എല്ലാവരുടെ ഉള്ളിലും കാണില്ലേ കുറെ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങൾ. വയസ്സായതുകൊണ്ടും ആരും കൂട്ടില്ലാത്തതുകൊണ്ടും നടക്കില്ലെന്നു കരുതി ഉള്ളിലൊതുക്കിയ ആ ആഗ്രഹങ്ങളാണ് സഹയാത്രികർ നടപ്പാക്കുന്നത്.
ജീവിതത്തിലൊരിക്കൽപോലും ട്രെയിനിൽ കയറാത്തവരെയുംകൊണ്ട് ട്രെയിനിൽ യാത്ര പോയി. മുണ്ടക്കയത്തെ തിയറ്ററിൽ കൊണ്ടുപോയി സിനിമ കാണിച്ചു. റിസോർട്ടിൽ കൊണ്ടുപോയി. വലിയ ഹോട്ടലിൽ കയറി ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു. പള്ളികളിലേക്ക് തീർഥയാത്ര പോയി. ചുരിദാർ ഇട്ട് യാത്ര പോകണമെന്ന ആഗ്രഹവും സാധിച്ചുകൊടുത്തു.
പൊളി വൈബിലാണ് വിനോദയാത്ര
യാത്ര എന്നുവെച്ചാൽ കോളജ് കുട്ടികളുടെ വിനോദയാത്ര പോലെയാണ്. ബസിനകത്ത് പാട്ടും കളികളും ബഹളങ്ങളുമൊക്കെയായി ആസ്വദിച്ചുള്ള യാത്ര. നല്ല കാഴ്ച കണ്ടാൽ വാഹനം നിർത്തിയിറങ്ങും.
മൊബൈലിൽ ഫോട്ടോ എടുക്കാൻ അറിവുള്ളവർ കുറവാണ്. എങ്കിലും ഒരുവിധം ഒപ്പിക്കും. ഫോട്ടോകൾ കാണുമ്പോൾ വിദേശത്തുള്ള മക്കൾക്കും ബന്ധുക്കൾക്കും സന്തോഷം. കൂട്ടത്തിൽ കലാകാരന്മാരുമുണ്ട്. ആനിയമ്മ പാട്ടെഴുതും. അംഗങ്ങൾതന്നെ സംഗീതം നൽകി പാടും. ഇടവക പള്ളി പെരുന്നാളിന് 25 പേർ ചേർന്ന് സ്റ്റേജിൽ കയറി പാട്ടുപാടി.
കൂട്ടിരിക്കാം, കേട്ടിരിക്കാം
യാത്ര മാത്രമല്ല ഈ കൂട്ടായ്മയുടെ ലക്ഷ്യം. കൂട്ടിരിക്കാം, കേട്ടിരിക്കാം; കൂട്ടമാവാം, നേട്ടമാക്കാം എന്നതാണ് സഹയാത്രികയുടെ പ്രവർത്തന മുദ്ര. പ്രായമായവർക്ക് വേണ്ടത് കേട്ടിരിക്കാൻ ഒരാളെയാണ്. അങ്ങനെ ഒരാളില്ലാത്തതാണ് അവരുടെ സങ്കടവും.
സഹയാത്രികർ അവിടെയും വ്യത്യസ്തരാണ്. പരസ്പരം കേൾക്കാനും വീടുകൾ സന്ദർശിക്കാനും ഇവർ സമയം കണ്ടെത്തുന്നു. മക്കൾ കൂടെയില്ലെന്നു കരുതി ആരെയും ഒറ്റക്കാക്കില്ല. ഏതു പാതിരാത്രിക്കും പരസ്പരം വിളിക്കാം.
ഒരാൾക്ക് രോഗം വന്നാൽ ആശുപത്രിയിലെത്തിക്കാനും ഭക്ഷണം എത്തിക്കാനും വീട്ടിൽ കൂട്ടുകിടക്കാനുമൊക്കെ ഇവരുണ്ടാവും. മാസത്തിലൊരു ദിവസം ഇവരെല്ലാം പള്ളിഹാളിലോ ആരുടെയെങ്കിലും വീട്ടിലോ ഒത്തുചേർന്ന് വിശേഷങ്ങൾ പങ്കുവെക്കും.
സംതൃപ്തിയും സന്തോഷവും നിറഞ്ഞ മനസ്സുമാത്രം
ഈ കൂട്ടായ്മക്ക് ഭാരവാഹികളോ രജിസ്ട്രേഷൻ ഫീസോ ഇല്ല. എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടുപോകുന്നത് ആനിയമ്മയാണ്. സഹായത്തിന് ഫാ. തോമസ് നിരപ്പേലും. വാട്സ്ആപ് ഗ്രൂപ് വഴിയാണ് കാര്യങ്ങൾ അറിയിക്കുന്നത്. ഒരു ദിവസം കൊണ്ട് പോയിവരാവുന്ന യാത്രകൾ മാത്രം. ചെലവ് ആയിരം രൂപയിൽ താഴെ. യാത്രയാണ് പ്രായമുള്ളവരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നതെന്നാണ് തന്‍റെ അനുഭവത്തിൽനിന്ന് മനസ്സിലായതെന്ന് ആനിയമ്മ പറയുന്നു.
തുടക്കത്തിൽ ഫാ. തോമസ് നിരപ്പേൽ ഇവർക്ക് കാരംസ് ബോർഡും ശീട്ടും നൽകിയിരുന്നു കളിക്കാൻ. രണ്ടുദിവസം കൊണ്ട് അതെല്ലാം മടുത്തു. ഒരു യാത്ര കഴിഞ്ഞാൽ അടുത്തതെന്ന് എന്നാണ് ഇപ്പോൾ ചോദ്യം. പ്രകൃതിഭംഗി കാണാനാണ് ഏറ്റവുമിഷ്ടം. എല്ലാവരുമൊന്നിച്ച് വന്ദേഭാരത് ട്രെയിനിൽ കയറണമെന്നുണ്ട്. രോഗികളാണ് പലരും.
മരുന്ന് കഴിക്കുന്നവരും. ഇതുവരെ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോയി. സംതൃപ്തിയും സന്തോഷവും നിറഞ്ഞ മനസ്സു മാത്രമാണ് ഇപ്പോൾ ഞങ്ങളിലുള്ളത് -ആനിയമ്മയുടെ വാക്കുകളിലുണ്ട് പ്രായം തോറ്റുപിന്മാറിയ തെളിച്ചം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.