അഫ്രമോളുടെ നിറചിരിപ്പെരുന്നാൾ ഇനി മാലാഖമാർക്കൊപ്പം
text_fields
ഇന്ന് വിടപറഞ്ഞ കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സെൻട്രലിലെ അഫ്രയുടെ പെരുന്നാൾ വിശേഷങ്ങൾ പങ്കുവെക്കുന്ന 'മാധ്യമം' ബലിപെരുന്നാൾ പ്രത്യേക പതിപ്പിലെ ' മാലാഖമാരുടെ നിറമുള്ള നിറചിരിപ്പെരുന്നാൾ' ഫീച്ചർ പുനഃപ്രസിദ്ധീകരിക്കുന്നു
പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ട, ദൈവത്തിെൻറ പ്രത്യേക സൃഷ്ടികളാണ് മാലാഖമാരെന്ന് കുഞ്ഞായപ്പോൾ അഫ്രമോൾ പഠിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് മനുഷ്യസ്നേഹികളിൽ കാരുണ്യത്തിെൻറ പ്രകാശം പരത്തിയ മാലാഖ താനാണെന്ന് ഒരുപേക്ഷ അവൾ പോലും ഓർത്തിരിക്കില്ല. അതെ, അറ്റംകാണാമല കണക്കെ അകലെയായിരുന്ന സ്വപ്നങ്ങൾ ഒരുനാടിനൊപ്പം ചേർന്ന് യാഥാർഥ്യമാക്കിയവളാണ്. ജനിതകവൈകല്യത്തിന് ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നുനൽകി തെൻറ കുഞ്ഞനിയൻ മുഹമ്മദിനെ രക്ഷിക്കണമെന്ന് അതേ രോഗം തളർത്തിയ വേദന മറന്ന് അവൾ പറഞ്ഞപ്പോൾ അസാധ്യമെന്ന് കരുതിയ 18 കോടി രൂപയാണ് ആറുദിവസംകൊണ്ടെത്തിയത്. മനുഷ്യസ്നേഹമളക്കാൻ മാനകങ്ങെളാന്നും മതിയാവില്ലെന്ന് മലയാളിയെ മനസ്സിലാക്കിയ കണ്ണൂർ മാട്ടൂലുകാരുടെയും അഫ്രയുടെയും പെരുന്നാൾ ഇത്തവണ നിറകൺചിരി നിറഞ്ഞതാണ്. ഓർമവെച്ച നാൾ മുതൽ ചക്രക്കസേരയിലാണ് മാട്ടൂൽ പി.സി ഹൗസിൽ റഫീഖിന്റെയും മറിയുമ്മയുടെയും മൂത്തമകൾ അഫ്രയുടെ പെരുന്നാളും ഒാണവും ക്രിസ്മസുമെല്ലാം.
കാഴ്ചകാണാൻ ഏറെ ഇഷ്ടമാണെന്ന് അവളുടെ വിടർന്ന കണ്ണുകൾ തന്നെ പറയുന്നുണ്ട്. എല്ലാ പെരുന്നാൾ കാലത്തും അവളെ വരാന്തയിൽ ഇരുത്തണമെന്നത് നിർബന്ധമാണ്. സന്തോഷംനിറഞ്ഞ മനസ്സുമായി ഇടവഴിയിലൂടെയുള്ള ആളുകളുടെ പെരുമാറ്റം അവൾക്കറിയണം. സുറുമയെഴുതി പുത്തനുടുപ്പിട്ട് അത്തറുംപൂശി പുറത്തിറങ്ങുന്ന ശുഭയാത്രകളാണ് അഫ്രക്ക് പെരുന്നാൾക്കാലം. അതിലപ്പുറമുള്ള അവളുടെ യാത്രകളെല്ലാം മരുന്നുമണമുള്ള ആശുപത്രികളിലാണ് അവസാനിച്ചിരുന്നത്. പൊരുന്നാളിന് അൽപമകലെയുള്ള ഉപ്പയുടെ വീട്ടിലേക്ക് വിരുന്നുപോകും. സഹോദരങ്ങളായ ഒന്നരവയസ്സുകാരൻ മുഹമ്മദിനും ഏഴുവയസ്സുകാരി അൻസിലക്കും ഒപ്പമാണ് പെരുന്നാൾ ദിനങ്ങൾ. അൻസിലയും മുഹമ്മദും പാറിനടക്കുന്നത് കാണാൻ അഫ്രക്ക് ഏറെ ഇഷ്ടമാണ്. ആ ഇഷ്ടം ഒന്നുതന്നെയാണ് ചക്രക്കസേരയിൽ സ്‌പൈനൽ മസ്‌കുലാർ അട്രോഫിയെന്ന അപൂർവരോഗം തളർത്തിയ പ്രയാസംമറന്ന് തെൻറ കുഞ്ഞനുജനും ഈ അവസ്ഥ വരരുതെന്ന പ്രാർഥന ഈ ലോകത്തോടവൾ പങ്കുവെച്ചത്.
പെരുന്നാളിന് കൂട്ടുകാരെല്ലാം വിഡിയോകാളിലെത്തും. മാട്ടൂൽ സഫ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒമ്പതാം തരത്തിലാണ് അഫ്ര. കോവിഡിനെ തുടർന്ന് പഠനം ഓൺലൈനിലാണ്. വീടിന് മുന്നിൽനിന്ന് വണ്ടിയിൽ കയറി സ്കൂളിലെത്തുകയാണ് പതിവ്. അവിടെയെത്തിയാൽ പിന്നെയെല്ലാം ഓമനച്ചേച്ചിയാണ്. കുഞ്ഞായപ്പോൾ മുതൽ സ്കൂളിലെത്തിയ അഫ്രയെ സ്വന്തം മകളെപോലെ നോക്കിയത് ആയ ഓമനയാണ്. ഈ കെട്ടകാലവും മാറി കൂട്ടുകാരെയും അധ്യാപകരെയും ഓമനച്ചേച്ചിയെയും ഒപ്പം ഒരായിരം കാഴ്ചകളും കാണാൻ എങ്ങനെയെങ്കിലും സ്കൂളിലെത്തിയാൽ മതിയെന്നാണ് ഇവൾക്കെന്ന് ഉപ്പ റഫീഖ് പറഞ്ഞപ്പോൾ അഫ്ര നിറഞ്ഞൊന്നുചിരിച്ചു. മകൾക്കായി ഒരു ക്ലാസ് മുറിതന്നെ താഴത്തെ നിലയിലേക്ക് മാറിയ കഥയാണ് മറിയുമ്മക്ക് പറയാനുണ്ടായത്. വയ്യാതായ മകളുടെ സൗകര്യം പരിഗണിച്ചായിരുന്നു പ്രിൻസിപ്പലിെൻറ നടപടി. അഫ്രയുടെ പുസ്തകങ്ങളെല്ലാം അടുക്കിവെക്കേണ്ട ചുമതല അൻസിലക്കാണ്. എല്ലാം ഭദ്രമായിരിക്കണമെന്ന് അവൾക്ക് നിർബന്ധമുണ്ട്. ഇടക്ക് പിണങ്ങിയും ഇണങ്ങിയും അനിയത്തി എന്തിനും കൂടെയുണ്ട്.
പെരുന്നാൾ സമ്മാനമായി ചിലപ്പോൾ പുത്തൻ ചക്രക്കസേരയെത്തുമെന്ന പ്രതീക്ഷയിലാണ് അഫ്രയും കുടുംബവും. തൊടിയിലിറങ്ങാനും പുറംകാഴ്ചകൾ കണ്ടുനടക്കാനുമെല്ലാം അഫ്രക്ക് ഇഷ്ടമാണെന്ന് മനസ്സിലാക്കിയ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യയാണ് പുതിയ വീൽചെയർ സമ്മാനിക്കാമെന്ന് ഉറപ്പുനൽകിയത്. മുഹമ്മദിനെ കാണാൻ മാട്ടൂലിലെ വീട്ടിലെത്തിയ പി.പി. ദിവ്യ 'മോൾക്കെന്താ വേണ്ടതെന്ന്' ചോദിച്ചപ്പോഴും അഫ്രയുടെ മറുപടി അനിയനെന്തെങ്കിലും കൊടുത്താൽ മതിയെന്നായിരുന്നു. മുറ്റത്തിറങ്ങാനും നാടു കാണാനും അവൾക്ക് കൊതിയുണ്ടെന്ന് മനസ്സിലാക്കിയ പി.പി. ദിവ്യ വികലാംഗ കോർപറേഷൻ എം.ഡിയെ വിളിച്ച് അഫ്രയുടെ ശരീരത്തിനു യോജിച്ച ഇലക്ടോണിക് വീൽ ചെയർ നിർമിക്കാനാവശ്യമായ നിർദേശം നൽകിയാണ് മടങ്ങിയത്.
അഫ്രമോളുടെ നന്മയാഗ്രഹിച്ചിരുന്ന രണ്ടുപേർ ഒപ്പമില്ലാത്ത പെരുന്നാൾ കൂടിയാണ് ഇത്തവണ. ഉമ്മൂമ്മ ഉമ്മുസൗദയും ഉപ്പാപ്പ ഖാലിദും ഇൗ ലോകത്തോട് വിടപറഞ്ഞത് മാസങ്ങൾക്ക് മുമ്പാണ്. അഫ്രക്ക് പുറംകാഴ്ചകളെന്നാൽ ഉമ്മൂമ്മയാണ്. പെരുന്നാളിെൻറ മൈലാഞ്ചിച്ചോപ്പും പുത്തൻകുപ്പായത്തിെൻറ മണവും മറ്റുള്ളവരെ കാണിക്കാൻ അഫ്രയെ എടുത്തുകൊണ്ടുപോയിരുന്നത് അവരാണ്. അഫ്രയുെട മനസ്സാഗ്രഹിച്ചിടത്തൊക്കെയും ഉമ്മുസൗദ അവളെയും ചുമന്നെത്തി. ആദ്യമായി കടൽ കണ്ടത്, കണ്ണെഴുതിയത്, കഥകൾ പറഞ്ഞുതന്നത് എല്ലാം ഉമ്മൂമ്മയാണ്. പറയുേമ്പാൾ അഫ്ര കണ്ണുനിറക്കുന്നുണ്ട്. അവൾക്കറിയാം, ജീവിതം ഇങ്ങനെയൊക്കെയാണെന്ന്. അമേരിക്കയിൽനിന്ന് മരുന്നെത്തി മുഹമ്മദ് ഈ മണ്ണിലാകെ ഓടിക്കളിക്കണം, സ്കൂളിൽ ഒന്നാമതായി അൻസിലയുടെ ചിരി കാണണം. ആഗ്രഹങ്ങൾ ഏറെയാണ്. മാലാഖമാരുടെ മുഖമുള്ള അഫ്രയുടെ നിറകൺചിരിയിലാണ് ഇത്തവണ മാട്ടൂലുകാരുടെ പെരുന്നാൾ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.