Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_rightഒരു കുടുംബത്തിലെ അഞ്ച്...

ഒരു കുടുംബത്തിലെ അഞ്ച് ആൺമക്കളും അവരുടെ ഭാര്യമാരും സർക്കാർ ഉദ്യോഗസ്ഥരായപ്പോൾ

text_fields
bookmark_border
ഒരു കുടുംബത്തിലെ അഞ്ച് ആൺമക്കളും അവരുടെ ഭാര്യമാരും സർക്കാർ ഉദ്യോഗസ്ഥരായപ്പോൾ
cancel
camera_alt

മക്കൾക്കും മരുമക്കൾക്കുമൊപ്പം സൈതാലിയും ആമിനയും


ചുമട്ടുതൊഴിലാളിയായിരുന്ന പാലക്കാട് എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ പോത്തുകാടൻ സൈതാലിയുടെ സ്വപ്നമായിരുന്നു അത്. ദാരിദ്ര്യവും പട്ടിണിയും വരിഞ്ഞുമുറുക്കിയപ്പോഴും മക്കളെ പഠിപ്പിച്ച് സർക്കാർ ഉദ്യോഗസ്ഥരാക്കണം എന്ന ചിന്തമാത്രമായിരുന്നു മനസ്സിൽ.

പിതാവിന്‍റെ സ്വപ്നങ്ങൾക്ക് നിറം നൽകാൻ അഞ്ച് ആൺമക്കൾക്കും കഴിഞ്ഞതോടെ ഒരു ദേശത്തെ മുഴുവൻ അഭ്യസ്തവിദ്യർക്കും വഴിവിളക്കൊരുക്കാൻ സാധിച്ചു എന്ന ആത്മസംതൃപ്തിയിലാണ് സൈതാലി. മക്കളും അവരുടെ ഭാര്യമാരും സർക്കാറുദ്യോഗസ്ഥരായ ഈ സർവിസ് ഫാമിലിയുടെ ജീവിതത്തിലേക്ക്...

മക്കൾ, മരുമക്കൾ, പേരമക്കൾ എന്നിവർക്കൊപ്പം സൈതാലിയും ആമിനയും


അർധപട്ടിണിയുടെ ബാല്യകാലം

കാടുമൂടി മൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു അന്ന് കൂമൻമല. അട്ടകളും യഥേഷ്ടം. അവിടേക്കാണ് പോത്തുകാടൻ മൊയ്തു, മകൻ സൈതാലിയെയും കൂട്ടി പോയത്. കൂടെ സൈതാലിയുടെ പുതുമണവാട്ടി ആമിനയുമുണ്ട്. വീട്ടിൽ കഞ്ഞിവെക്കാൻ അരി വേണം. കരനെൽ കൃഷി ചെയ്യാൻ ഇടം തേടിയാണ് മലകയറിയത്.

കാട് വെട്ടിത്തെളിക്കണം ആദ്യം. ശേഷം തീയിട്ട് അവ വെണ്ണീറാക്കണം. വെണ്ണീർ മണ്ണോട് ചേരാനായി മണ്ണിളക്കണം. പിന്നെ വിത്തെറിയണം. ഉപ്പയും മകനും പുലർച്ചെ മല കയറും.

ദാരിദ്ര്യവും അർധപട്ടിണിയും സന്തോഷവും സമംചേർന്ന ഈ ദാമ്പത്യത്തിൽ ആറു മക്കൾ പിറന്നു. ഒരു പെണ്ണും അഞ്ചാണും. മക്കളുടെ ബാല്യം തുറന്നതുതന്നെ ജോലിത്തിരക്കിലേക്കാണ്.

സൈതാലിയും ആമിനയും


‘വല്യേട്ടന്‍റെ’ പാതയിൽ

82കാരനായ പിതാവ് സൈതാലി കഴിഞ്ഞാൽ കുടുംബത്തിലെ കാരണവർ മൂത്തമകൻ മുഹമ്മദലിയാണ്. 35 വർഷം മുമ്പുതന്നെ സർക്കാർ ജോലി സ്വപ്നമായി കൊണ്ടുനടന്ന അലിയാണ് ഈ സർവിസ് ഫാമിലിയുടെ റിയൽ ഹീറോ.

ആദ്യ പരീക്ഷയിൽതന്നെ സ്വപ്നം കൈപ്പിടിയിലൊതുക്കിയ അലിയെ തേടി 1992ൽ പി.എസ്.സി മുദ്ര പതിഞ്ഞ ചാരനിറക്കവറെത്തി. വിൽപന നികുതി വകുപ്പിൽ ക്ലർക്കായാണ് സർവിസ് തുടങ്ങിയത്.

നിലവിൽ മക്കളും മരുമക്കളുമെല്ലാം സർക്കാർ സർവിസിലുള്ള പോത്തുകാടൻ കുടുംബത്തിന്‍റെ യാത്ര അവിടെ തുടങ്ങുകയായിരുന്നു. സർക്കാർ ശമ്പളം വാങ്ങിത്തുടങ്ങിയ ‘വല്യേട്ടനെ’ മാതൃകയാക്കി കൊച്ചനുജന്മാർ മത്സരിച്ചു. മണവാട്ടിമാരായി കയറിവന്നവരും ഉദ്യോഗം മോഹിച്ച് ഉറ്റവർക്കൊപ്പം കൂടി.

വർഷങ്ങൾ പിന്നിടുംതോറും ഐ.ജി.എസ് സീൽ പതിഞ്ഞ കത്തുകളുമായി അഞ്ചലോട്ടക്കാരൻ പിന്നെയും സൈതാലിയുടെ വീടുതേടിയെത്തിക്കൊണ്ടിരുന്നു. നാലും അഞ്ചും വട്ടമല്ല, 13 തവണ. ഓരോ കത്തുകൾ പൊട്ടിക്കുമ്പോഴും സൈതാലിയുടെയും ഭാര്യ ആമിനയുടെയും കണ്ണുകൾ ആനന്ദത്താൽ നിറയും.

അഞ്ച് ആൺമക്കൾക്ക് ഒരേയൊരു പെങ്ങളാണുണ്ടായിരുന്നത്, ഉമ്മുസൽമ. പ്രീഡിഗ്രി കഴിഞ്ഞതോടെ ഇവർ വിവാഹിതയായി. അലനല്ലൂർ സ്വദേശി അബ്ദുസ്സലാമാണ് ഭർത്താവ്.

ദാരിദ്ര‍്യത്തോട് പടപൊരുതിയ പഠനകാലം

മണ്ണാർക്കാട് എം.ഇ.എസ് കോളജിലായിരുന്നു മുഹമ്മദലിയുടെ ബിരുദപഠനം. വീട്ടിലെ ദാരി​ദ്ര്യം കാരണം യാത്രക്കും മറ്റു ചെലവുകൾക്കും പണം കണ്ടെത്തേണ്ടിവന്നു. അതിരാവിലെ എഴുന്നേറ്റ് പുരയിടത്തിലെ റബർ മരങ്ങൾ ടാപ്പ് ചെയ്യും. രാവിലെയും വൈകീട്ടും സ്കൂൾ കുട്ടികൾക്ക് ഹോം ട്യൂഷനും എടുത്തുതുടങ്ങി.

ബി.എസ്‍സി ബോട്ടണി ബിരുദം നേടിയശേഷം നാട്ടിലെ പാരലൽ കോളജിൽ അധ്യാപകനായി ചേർന്നു. പി.എസ്.സി പരീക്ഷയും സർക്കാർ ജോലിയുമൊന്നും അന്ന് ചിന്തയിൽപോലും ഇല്ലായിരുന്നു. യാദൃച്ഛികമെന്നോണം ആയിടെ എൽ.ഡി.സി പരീക്ഷക്കുള്ള പി.എസ്.സിയുടെ വിജ്ഞാപനം വന്നു. സഹാധ്യാപകരോടൊപ്പം അപേക്ഷിച്ചു. എന്നാൽ, പരീക്ഷക്കായി പ്രത്യേകം ഒരുങ്ങിയതൊന്നുമില്ല.

പത്താം ക്ലാസുകാർക്കും പ്രീഡിഗ്രിക്കാർക്കും ഇംഗ്ലീഷും സയൻസും ട്യൂഷനെടുത്ത പരിചയത്തിൽ ജീവിതത്തിലെ ആദ്യ പി.എസ്.സി പരീക്ഷ എഴുതി. അത്ഭുതം, രണ്ടു കൂട്ടുകാരോടൊപ്പം മുഹമ്മദലിയും റാങ്ക് പട്ടികയിൽ ഇടംനേടി. പട്ടികയുടെ കാലാവധി തീരുംമുമ്പ്, മൂന്നു പേർക്കും ജോലിയും കിട്ടി.

നാടാകെ പരിശീലനം

മുഹമ്മദലിയും കൂട്ടുകാരും റാങ്ക് പട്ടികയിൽ കയറിപ്പറ്റിയതോടെ പി.എസ്.സി വിജ്ഞാപനങ്ങൾക്കായി നാടാകെ കാത്തിരിക്കാൻ തുടങ്ങി. ലൈബ്രറി, ക്ലബുകൾ, പള്ളികൾ, വീടകങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഉദ്യോഗാർഥികൾ പരീക്ഷ പരിശീലനവും ആരംഭിച്ചു.

മുഹമ്മദലിയുടെ സഹോദരങ്ങളായ അബ്ദുറഹ്മാൻ, അബ്ദുസ്സലാം എന്നിവർ മുൻകൈയെടുത്ത് പി.എസ്.സി പരിശീലനകേന്ദ്രവും തുടങ്ങി. 2000ലെ എൽ.ഡി.സി റാങ്ക് പട്ടികയിൽ നിരവധി എടത്തനാട്ടുകരക്കാർ ഇടം കണ്ടെത്തി.

നിയമന ഉത്തരവുകളുടെ ഒഴുക്ക്

2001ലെ എൽ.ഡി.സി റാങ്ക് പട്ടികയിൽ സൈതാലിയുടെ മക്കളായ അബ്ദുറഹ്മാനും അബ്ദുസ്സലാമും മുഹമ്മദലിയുടെ ഭാര്യ സീനത്തും ഇടംനേടി. ഒരു പട്ടികയിൽനിന്ന് ഒരേ കുടുംബത്തിലെ മൂന്നുപേർ നിയമനം നേടിയ അപൂർവനേട്ടം വലിയ വാർത്തയായി.

അബ്ദുറഹ്മാൻ ഇപ്പോൾ മണ്ണാർക്കാട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാറാണ്. അബ്ദുസ്സലാമും സീനത്തും പിന്നീട് അധ്യാപകരായി. എടത്തനാട്ടുകര ഗവ. ഓറിയന്‍റൽ ഹൈസ്കൂളിലാണ് ഇവരിപ്പോൾ.

സമാന നേട്ടം 2009ലും ആവർത്തിച്ചു. മൂന്നുപേർക്കുകൂടി പി.എസ്.സി നിയമനക്കത്ത് വന്നു; മകന്‍ ഷംസുദ്ദീന്‍, മരുമക്കളായ ഷംന, ഷഫ്‌ന എന്നിവർക്കായിരുന്നു അത്. ഷംസുദ്ദീൻ പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലും അബ്ദുറഹ്മാന്‍റെ ഭാര്യ ഷഫ്‌ന അലനല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫിസിലും സീനിയര്‍ ക്ലര്‍ക്കുമാരാണ്. അബ്ദുസ്സലാമിന്‍റെ ഭാര്യ ഷംന ‍അലനല്ലൂർ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിൽ ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്‍റാണ്.

തൊട്ടടുത്ത വർഷങ്ങളിൽ മകൻ ഷാജഹാന്‍റെയും ഭാര്യ ഷബ്നയുടെയും വിലാസങ്ങളിൽകൂടി പി.എസ്.സിയുടെ കത്തുകളെത്തി. ഷാജഹാൻ പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സിയിലും ഷബ്ന മാമ്പുഴ ജി.എൽ.പി സ്കൂളിലും സർവിസ് ബുക്ക് തുറന്നു. 2022ലാണ് ഷംസുദ്ദീന്‍റെ ഭാര്യ ബാസിമക്ക് കത്തെത്തിയത്; ഭീമനാട് ജി.യു.പി സ്കൂളിൽ എൽ.പി ടീച്ചറായി ചേരാൻ. തൊട്ടടുത്ത വർഷം വീണ്ടും വന്നു മറ്റൊരു നിയമനക്കത്ത്. അങ്ങനെ ബാസിമ ഇതേ സ്കൂളിൽതന്നെ യു.പി സ്കൂൾ ടീച്ചറായി.

കുടുംബത്തിന്‍റെ ‘പി.എസ്.സിവത്കരണം’ പൂർണമായ വർഷംതന്നെ ഈ യജ്ഞത്തിന് തുടക്കമിട്ട മുഹമ്മദലി വിരമിച്ചത് തികച്ചും യാദൃച്ഛികമായി. 30 വർഷത്തെ സേവനത്തിനുശേഷം ജി.എസ്.ടി വകുപ്പില്‍ ഡെപ്യൂട്ടി കമീഷണറായാണ് വിരമിച്ചത്.

സർക്കാർ ജീവനക്കാരുടെ ഗ്രാമം

പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ സർക്കാർ ജീവനക്കാരുള്ള ഗ്രാമമാണിപ്പോൾ എടത്തനാട്ടുകര. ജില്ലയിലെ ഏകദേശം മുഴുവൻ സർക്കാർ ഓഫിസുകളിലും ഈ ഗ്രാമത്തിലെ ഒരാളെങ്കിലും ജോലി ചെയ്യുന്നുണ്ട്. എടത്തനാട്ടുകര ഓറിയന്റൽ ഹൈസ്കൂളിലെ അധ്യാപകരിൽ പകുതിയിലേറെയും തദ്ദേശീയർതന്നെയാണ്.

എഴുത്തു കുടുംബം

ഓഫിസിലെ ഫയൽക്കെട്ടുകളിൽ വരിഞ്ഞുമുറുകിക്കിടക്കാനും ക്ലാസ് മുറികളിലെ പാഠപുസ്തകങ്ങളുടെ തടവിൽ കഴിയാനും നിന്നുകൊടുക്കാത്തവരാണ് മുഹമ്മദലി-സീനത്ത് ദമ്പതിമാർ. വായനയിലും എഴുത്തിലും അഭിരമിക്കാനും അവർ സമയം കണ്ടെത്തി.

ക്ലർക്ക് ജോലിയിൽ മടുപ്പ് കയറിത്തുടങ്ങിയതോടെയാണ് മുഹമ്മദലിക്ക് എഴുത്തിൽ കമ്പം മൂത്തത്, പിന്നാലെ മൂന്നു മാസം അവധിയെടുത്ത് ജേണലിസം പഠിച്ചു. മൂന്നു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഇന്‍റർനെറ്റ് റേഡിയോയിൽ അവതാരകനായ അലി കോളമിസ്റ്റ് കൂടിയാണ്. ചിത്രകലയും വശമുണ്ട്.

ഭാര്യ സീനത്തിന് അധ്യാപനത്തിന് പുറമെ കവിതയെഴുത്താണ് ഇഷ്ടവിനോദം. രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷംസുദ്ദീൻ, ഭാര്യ ബാസിമ എന്നിവർക്കും കവിത എഴുത്തിനോടാണ് താൽപര്യം. അധ്യാപകനായ അബ്ദുസ്സലാം മികച്ച മോട്ടിവേറ്ററും അക്കാദമിക് കോഓഡിനേറ്ററുമാണ്. ഇന്‍റർനെറ്റ് റേഡിയോയിൽ അവതാരകനായ ഇദ്ദേഹം എഴുത്തുകാരൻ കൂടിയാണ്.

സേവനത്തിലും മാതൃക

അഴിമതിയിലോ ആരോപണങ്ങളിലോ അകപ്പെടാതെ സർക്കാറുദ്യോഗത്തിന്‍റെ വിശുദ്ധി പൂർണമായും കാത്തുസൂക്ഷിക്കാനും ഇവർ ജാഗ്രത കാണിക്കുന്നുണ്ട്. അനർഹമായത് ഒന്നും ഈ വീട്ടിലേക്ക് വേണ്ടെന്ന പാഠം പിതാവിൽനിന്ന് പകർന്നുകിട്ടിയതാണെന്നാണ് മക്കൾ പറയുന്നത്.

‘തോൽക്കുവോളം പഠിക്കാം’

ഹൈസ്കൂളെത്തുംമുമ്പ് പഠനം നിർത്തുന്നവരാണ് അക്കാലത്ത് ഭൂരിഭാഗവും. ടി.ടി.സി, ബിരുദം, ബി.എഡ് പോലുള്ളവ സമ്പന്ന, ഉദ്യോഗസ്ഥ കുടുംബങ്ങളിലെ കുട്ടികൾക്കുമാത്രം പ്രാപ്യമായതും. സൈതാലിയുടെ മക്കൾ ദാരിദ്ര്യത്തിലും പഠനത്തിൽ മികവുകാട്ടിയിരുന്നു.

കൂട്ടുകാർ ട്യൂഷന് പോകുമ്പോൾ ഇവർ പശുവിന് പുല്ല് ശേഖരിക്കാനും കശുവണ്ടി പെറുക്കാനും പോകും. ചിലപ്പോൾ ടാപ്പിങ്ങിനും പോകും. ദരിദ്രകുടുംബങ്ങളിലെ കൂട്ടുകാർ പലരും പഠനം നിർത്തി ജോലിക്കുപോയി. എന്നാൽ, കഷ്ടപ്പാടിനിടയിലും സൈതാലി മക്കളെ പഠിക്കാനയച്ചു.

‘തോൽക്കുന്നതുവരെ നിങ്ങൾക്ക് പഠിക്കാം’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. തോൽക്കില്ലെന്ന് ഉറപ്പുള്ളതിനാൽ അവർ പഠിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് മണ്ണെണ്ണവിളക്കിന്‍റെ കരിപരന്ന ഈ മൺവീട്ടിലേക്ക് ബിരുദവും ബിരുദാനന്തര ബിരുദവും ടി.ടി.സിയുമൊക്കെ പടികടന്നെത്തിയത്.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:familygovernment jobLifestyle
News Summary - Family of government officials
Next Story