കേരളത്തിന്‍റെ ഫിലിപ്പീനി മരുമക്കൾ
text_fieldsജൊനാലിന്‍ ഇന്ന് ജാനകിയാണ്, ഞങ്ങള്‍ക്ക് രണ്ടു മക്കളുണ്ട്... തിരൂരങ്ങാടി സ്വദേശിയായ രവി കരുമാട്ട് തന്റെ പ്രിയതമയെക്കുറിച്ച് പറഞ്ഞുതുടങ്ങി... 17 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ജൊനാലിന്‍ എന്റെ കൈപിടിച്ച് ജാനകിയായി കേരളത്തിലെത്തിയത്. തങ്ങളുടെ സംസ്‌കാരങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കിലും ജാനു എന്റെ കുടുംബാംഗങ്ങള്‍ക്ക് വളരെ പെട്ടെന്നുതന്നെ പ്രിയപ്പെട്ടവളായി...
ജാനു മാത്രമല്ല ഫിലിപ്പീൻസില്‍നിന്ന് കേരളത്തിന്റെ മരുമക്കളായി എത്തിയ നിരവധി പേര്‍ ഇന്ന് ദുബൈയിലുണ്ട്. ഓണവും വിഷുവും തൃശൂര്‍പൂരവുമെല്ലാം നമ്മെപ്പോലെ അവര്‍ക്കും ഏറെ പ്രീയപ്പെട്ടതാണ്. തങ്ങളുടെ ജീവിതവും കടല്‍ കടന്നെത്തിയ കേരളത്തിന്റെ ഫിലിപ്പീനി മരുമക്കളെക്കുറിച്ചും രവി കരുമാട്ട് പറയുന്നു.
ദുബൈയില്‍ തുടങ്ങിയ പരിചയം
ദുബൈയില്‍വെച്ചാണ് ഞാനും ജാനകിയും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ജാനകി ഇവിടെ ജോലി ചെയ്യുകയായിരുന്നു. സൗഹൃദത്തില്‍ ആരംഭിച്ച ബന്ധം പിന്നീട് വിവാഹത്തില്‍ എത്തുകയായിരുന്നു. മക്കള്‍ക്കൊപ്പം ഞങ്ങള്‍ ദുബൈയില്‍ സന്തോഷത്തോടെ ജീവിക്കുന്നു.
വിവാഹം മംഗളമായി കഴിഞ്ഞു
2006ല്‍ പരപ്പനങ്ങാടിയില്‍വെച്ചായിരുന്നു വിവാഹം. ബന്ധുമിത്രാദികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. സ്വാഭാവികമായും തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ ഉറച്ച തീരുമാനത്തിനു മുന്നിൽ അതെല്ലാം മറികടന്നു. ഇത് കുടുംബാംഗങ്ങള്‍ക്കും ബോധ്യപ്പെട്ടതോടെ എല്ലാവരും ഞങ്ങള്‍ക്കൊപ്പം നിന്നു. വിവാഹം മംഗളമായി കഴിഞ്ഞു.
സാമ്യതകളുള്ള കേരള-ഫിലിപ്പീനി സംസ്‌കാരം
രണ്ടു വ്യത്യസ്ത ജീവിതരീതികളാണെങ്കിലും, കേരളവും ഫിലിപ്പീന്‍സും തമ്മില്‍ അടിസ്ഥാനപരമായ സാമ്യതയുണ്ട്. വിശ്വാസികളും ഗ്രാമങ്ങളില്‍ ജീവിക്കുന്ന അധ്വാനശീലരുമാണ്. നമ്മുടെ നെല്ലും ചക്കയും മാങ്ങയും മരച്ചീനിയുമൊക്കെ അവിടെയും ധാരാളമുണ്ട്. അതുപോലെ നെല്‍വയലുകളും വരമ്പുകളും അരുവികളും തോടുകളുമെല്ലാമുണ്ട്.
ജാനകി വളരെ വേഗംതന്നെ നമ്മുടെ സംസ്‌കാരത്തിനൊപ്പം ചേർന്നു. ഇപ്പോള്‍ നന്നായി കേരള സ്റ്റൈൽ നാടന്‍ഭക്ഷണം ഉണ്ടാക്കുകയും മലയാളം കുറച്ച് എഴുതുകയും വായിക്കുകയും ചെയ്യും. മകന്‍ മാധവ് അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. മകള്‍ നീഹാര കെ.ജിയിലാണ്. രണ്ടുപേരും ഞങ്ങൾക്കൊപ്പമുണ്ട്. മാധവ് സ്‌കൂളില്‍ മലയാളം പഠിക്കുന്നുണ്ട്. ഇപ്പോള്‍ അമ്മയും മകനും ഒന്നിച്ചാണ് പഠനം -ചെറുചിരിയോടെ രവി കരുമാട്ട് പറഞ്ഞു.
248 അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്
കുട്ടികള്‍ രണ്ടുപേരും ജനിച്ചത് കേരളത്തിലാണ്. മകളെ പ്രസവിക്കുന്ന സമയത്ത് രണ്ടു വര്‍ഷത്തോളം ജാനകി നാട്ടിലുണ്ടായിരുന്നു. അപ്പോഴാണ് ‘ഫിലിപ്പീനോ കമ്യൂണിറ്റി ഇൻ കേരള’ എന്ന ഫേസ്ബുക്ക് ഗ്രൂപ് തുടങ്ങിയത്. 2016ലാണ് ആരംഭിക്കുന്നത്. കേരളത്തില്‍ ജാനകിയെപ്പോലെ മരുമക്കളായി എത്തിയവരെ കണ്ടെത്താനും അവരുമായി സംസാരിക്കാനും വേണ്ടിയായിരുന്നു ഗ്രൂപ്. ഒരു കൗതുകത്തില്‍ തുടങ്ങിയതായിരുന്നു. പിന്നീട് അതു പരസ്പര സഹായങ്ങള്‍ക്കായി വളര്‍ന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും പരസ്പരം അറിയാം. സമയം കിട്ടുമ്പോഴെല്ലാം ഒത്തുകൂടാറുമുണ്ട്.
248 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. ഓരോ ജില്ല അടിസ്ഥാനത്തില്‍ ആക്ടിവ് ഗ്രൂപ് അംഗങ്ങളുണ്ട്. അവരെല്ലാം തമ്മില്‍ കാണുകയും ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. കൊച്ചി, തൃശൂർ ഭാഗത്തു നിന്നുള്ളവരാണ് ഈ കൂട്ടായ്മയിൽ കൂടുതലുള്ളത്. പാസ്പോര്‍ട്ട് പുതുക്കല്‍, വിവാഹം, ജനന- മരണ റിപ്പോര്‍ട്ട്, എംബസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോഓഡിനേറ്റ് ചെയ്യാനും ഈ ഗ്രൂപ് ഉപകരിക്കുന്നുണ്ട്.
കോടതി കയറിയ വിവാഹ രജിസ്‌ട്രേഷന്‍
സ്പെഷൽ മാരേജ് ആക്ട്പ്രകാരമാണ് വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത്. വിവാഹത്തിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ല. എന്നാല്‍, ഇത് കൃത്യമായി ചെയ്തില്ലെങ്കില്‍ ബുദ്ധിമുട്ടായിരിക്കും. വിവാഹം എവിടെ, എങ്ങനെ രജിസ്റ്റര്‍ ചെയ്യണമെന്ന് അറിഞ്ഞിരിക്കണം. എന്നാല്‍, ഞങ്ങളുടെ വിവാഹസമയത്ത് ഇതേക്കുറിച്ച് കൃത്യമായി അറിവില്ലാത്തതിനാൽ വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു.
ഏതു പഞ്ചായത്തിലാണോ വിവാഹം നടന്നത് അവിടെ രജിസ്റ്റര്‍ ചെയ്യണമെന്ന വിവരമായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. എന്നാല്‍, അത് തെറ്റായിരുന്നു. കാരണം, വരനും വധുവും ഇന്ത്യക്കാരാണെങ്കില്‍ മാത്രമേ പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതറിയാതെ ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനായി പഞ്ചായത്തിനെ സമീപിച്ചു. അവിടത്തെ സെക്രട്ടറിക്ക് ഇതേക്കുറിച്ച് അറിയാത്തതുകൊണ്ട് അദ്ദേഹം തിരുവനന്തപുരത്തുള്ള ഡയറക്ടർ ഓഫ് പഞ്ചായത്തുമായി ബന്ധപ്പെട്ടു. എന്നാൽ, മറുപടിയോ തുടർനടപടിയോ ലഭിച്ചില്ല. പിന്നീട് ഞങ്ങള്‍ ഹൈകോടതിയെ സമീപിച്ചതോടെയാണ് കാര്യങ്ങള്‍ എളുപ്പമായത്.
ഇന്തോ ഫിലിപ്പീൻ വിവാഹ രജിസ്ട്രേഷൻ
കോടതി ഇടപെട്ടതോടെയാണ് തങ്ങളുടെ വിവാഹം പഞ്ചായത്തു വഴി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും സ്പെഷൽ മാരേജ് ആക്ട്പ്രകാരമാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും അറിഞ്ഞത്. ഇതിനായി 30 ദിവസം നമ്മള്‍ ഇന്ത്യയില്‍ താമസിക്കണം. നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ചശേഷം മുപ്പത്തിയൊന്നാമത്തെ ദിവസം മാത്രമെ കല്യാണം രജിസ്റ്റര്‍ ചെയ്യുകയുള്ളൂ. ഇപ്പോള്‍ ഈ നിയമത്തിന് മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയില്ല. ഇപ്പോള്‍ ഫേസ്ബുക്ക് ഗ്രൂപ് വഴി വിവാഹവുമായി ബന്ധപ്പെട്ടുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട് -രവി കരുമാട്ട് പറഞ്ഞുനിര്‍ത്തി.
കാഴ്ചപ്പാടുകൾ മാറിത്തുടങ്ങി
ഞങ്ങളുടെ വിവാഹം നടന്നപ്പോഴുണ്ടായ സാഹചര്യമല്ല ഇപ്പോൾ. സാഹചര്യങ്ങൾ മാറിക്കൊണ്ടേയിരിക്കുകയാണ്. ആളുകളുടെ കാഴ്ചപ്പാടുകളും അതിനനുസരിച്ച് മാറുന്നു. പൊതുജനങ്ങൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളും കാഴ്ചപ്പാടുമാണ്. ചില കാര്യങ്ങളിൽ നല്ലത് പറയും. തിരിച്ചാണെങ്കിൽ അത് സാമാന്യവത്കരിക്കുകയും ഈ സംവിധാനം ഒട്ടും നല്ലതല്ലെന്ന് പറയുകയും ചെയ്യും. ഇത് നമ്മുടെ ജനങ്ങളുടെ പൊതുപ്രവണതയാണ്.
സമൂഹ നവോത്ഥാനം ലക്ഷ്യം വെച്ച് അല്ലല്ലോ ഞങ്ങൾ കല്യാണം കഴിച്ചത്?, അതുകൊണ്ട്, ‘‘അവർ’’ എന്ത്, എങ്ങനെ ചിന്തിക്കുന്നു എന്ന് നോക്കാറില്ല!
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.