'പറ്റില്ല' എന്നല്ല, 'ശ്രമിക്കാം' എന്ന് ചിന്തിക്കാം; കംഫർട്ട് സോൺ വിട്ടിറങ്ങൂ, നിങ്ങൾക്കും വിജയിക്കാം
text_fieldsകംഫർട്ട് സോണിൽനിന്ന് ഗ്രോത്ത് സോണിലേക്ക് (Growth Zone) മാറുമ്പോഴാണ് വിവിധ കഴിവുകളും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി ജീവിതത്തിൽ മാറ്റം വരുത്താൻ കഴിയുന്നത്. എത്ര ശ്രമിച്ചിട്ടും കംഫർട്ട് സോൺ വിട്ടിറങ്ങാൻ സാധിക്കുന്നില്ലേ നിങ്ങൾക്ക്? ഉറച്ച ചുവടോടെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള വഴികളിതാ...
● സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ മാറ്റി പുതിയവ ദൈനംദിന ജീവിതത്തിലും ശീലങ്ങളിലും കൊണ്ടുവരാം. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പോസിറ്റിവ് ആയി സ്വാധീനിക്കുകയും ബുദ്ധിയെ ഉണർത്തുകയും ചെയ്യും. ഉദാ: എന്നും പോകുന്ന വഴി മാറ്റുക, ഒരു പുതിയ കട കണ്ടുപിടിച്ച് സാധനങ്ങൾ വാങ്ങുക. മാറ്റങ്ങൾ വളർച്ചക്ക് അനിവാര്യമാണ്.
● മടിയും ഒഴികഴിവുകളും ഒഴിവാക്കുക. ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ മറ്റൊരു അവസരത്തിനായി മാറ്റിവെക്കാതെ ഉടൻതന്നെ ചെയ്യുക.
● സ്വപ്നങ്ങൾ കാണുകയും വലിയ മാറ്റങ്ങൾ ആഗ്രഹിക്കുകയും അതിനായി തുടർച്ചയായി ഉപേക്ഷ കൂടാതെ പരിശ്രമിക്കുകയും ചെയ്യുക. ദിനവും 50 ശതമാനത്തിനു മുകളിൽ സമയം ആഗ്രഹിക്കുന്ന കാര്യം കൈവരിക്കാനായി പരിശ്രമിക്കാം.
● ഒരു മാറ്റത്തിനായി 'പറ്റില്ല' എന്നു ചിന്തിക്കുന്നതിനു പകരം 'ശ്രമിക്കാം' എന്നു ചിന്തിക്കാം. തികച്ചും ശ്രമകരവും നടക്കില്ല എന്നു കരുതുന്നതുമായ കാര്യങ്ങൾ, പ്രതീക്ഷ കൈവെടിയാതെ പരിശ്രമിച്ചാൽ കൈവരിക്കാൻ സാധിക്കും.
● ജോലിയുടെ കാര്യത്തിലെ കംഫർട്ട് സോൺ പോയി, ബുദ്ധിമുട്ടുകൾ വരുന്നത് സ്വാഭാവികമാണ്. അതിനാൽ, മറ്റു പല സ്കില്ലുകളും ഒരു ഹോബിയായി പരിശീലിക്കാം. പാചകം, പ്ലംബിങ്, വയറിങ് എന്നിവയൊക്കെ അറിഞ്ഞിരുന്നാൽ ജീവിതം കുറച്ചുകൂടി എളുപ്പമാകും. ചില അവസരത്തിൽ ഇതെല്ലാം വരുമാനമാർഗമായി തീർന്നേക്കാം.
● തീയിൽ കുരുത്തത് വെയിലത്ത് വാടുമോ? ശ്രമകരവും ദുഃഖകരവുമായ ജീവിതാനുഭവങ്ങളിൽനിന്ന് ഒളിച്ചോടാതെ ആത്മവിശ്വാസത്തോടെ നേരിടുക. കാത്തിരിപ്പിനൊടുവിൽ കൈവരിക്കാനാവുന്ന നേട്ടങ്ങൾ ജീവിതത്തിലുടനീളം സഹായകമാകും.
● തീരുമാനങ്ങളെടുക്കുമ്പോൾ അമിതമായ ഭയം ഒഴിവാക്കുക. വരുംവരായ്കകൾ ആലോചിക്കുന്നത് വിജയത്തിന് സഹായകരമാണ്.
● എല്ലാ പ്രായത്തിലും ഭയം തോന്നുന്ന, ചെയ്യാൻ മടിതോന്നുന്ന കാര്യങ്ങൾ പരിശ്രമത്തിലൂടെ നേടിയെടുക്കുക. വെല്ലുവിളികളെ നേരിടുമ്പോഴാണ്, മാറ്റവും വളർച്ചയും കരഗതമാകുന്നത്.
● എല്ലാം തികഞ്ഞ ഒരു അവസരത്തിനായി കാത്തിരിക്കാതെ കൈയിലുള്ള കാര്യങ്ങൾ വെച്ച് റിസ്ക് എടുത്ത് മുന്നോട്ടുപോകാം. ഉദാ: സ്വന്തമായി ഒരു വീട് വേണമെന്നാണെങ്കിൽ, ഫണ്ട് മുഴുവൻ സംഘടിപ്പിച്ചിട്ട് പണി തുടങ്ങാൻ സാധിക്കില്ല.
കുട്ടികളെ ശീലിപ്പിക്കേണ്ടവ
● കാർട്ടൂൺ കാണുന്ന കുട്ടിക്ക് ഭക്ഷണം കൊടുക്കാൻ വളരെ എളുപ്പമാണ്. കുട്ടിയുടെ ഒരു കംഫർട്ട് സോണാണിത്. ഇത് ഒഴിവാക്കി ഭക്ഷണം നൽകിയാൽ കുട്ടിയും ഭക്ഷണവും എന്ന പ്രക്രിയയിൽ പങ്കാളിയാകും. ഇത് സ്വയം ഭക്ഷണം കഴിക്കാൻ കുട്ടിയെ എളുപ്പത്തിൽ സഹായിക്കും. മറ്റു സ്കില്ലുകൾ (ഉദാ: എഴുത്ത്, വര) കരസ്ഥമാക്കാൻ ഇതിലൂടെ എളുപ്പമാകും.
● മറ്റു കുട്ടികളുമായി വഴക്കിടാതെ ഇരിക്കാൻ കുട്ടിക്ക് ഫോൺ, കാർട്ടൂൺ എന്നിവയെല്ലാം കൊടുത്ത് കംഫർട്ട് സോണിലാക്കാം. എന്നാൽ, അവരുടെ സ്വഭാവരൂപവത്കരണത്തിന്, സമപ്രായക്കാരുമായുള്ള കളിയും ഇടപഴകലുകളും ആവശ്യമാണ്. വഴക്കുകൾ ഉണ്ടാകുമ്പോൾ സ്വയം പരിഹരിക്കാനുള്ള ധൈര്യവും മുതിർന്നവരുടെ മേൽനോട്ടവും കുട്ടികൾക്ക് ഭാവിജീവിതത്തിൽ പ്രതിസന്ധികൾ അതിജീവിക്കാൻ സഹായകമാകും.
● കുട്ടികൾ അവരുടെ കംഫർട്ട് സോൺ (വീട്, മാതാപിതാക്കൾ എന്നിവ) വിടുമ്പോൾ സങ്കടവും മടിയും വാശിയും കാണിക്കും. ഇതു സ്വാഭാവികമാണ്. മാതാപിതാക്കൾ അവർക്ക് ധൈര്യവും ആത്മവിശ്വാസവും കൊടുത്ത് പുതിയ അറിവുകൾ നേടാൻ പ്രോത്സാഹിപ്പിക്കാം.
● കൗമാരം കംഫർട്ട് സോൺ വിട്ട് റിസ്ക് എടുക്കുന്ന പ്രായമാണ്. ഈ പ്രായത്തിൽ പോസിറ്റിവ് റിസ്ക് എടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാം (ഉദാ: പുതിയ കല, വാദ്യോപകരണങ്ങൾ, പുതിയ സംഘടനകൾ, റെഡ്ക്രോസ് പോലുള്ളവ).
● ധനസമ്പാദ്യം, നിക്ഷേപം തുടങ്ങിയ കാര്യങ്ങളിൽ അനുഭവപരിചയ അവസരങ്ങൾ കുട്ടികൾക്ക് നൽകുന്നത് വളരെ നല്ലതാണ്.
● ഭയം ഒഴിവാക്കാൻ ഭയപ്പെടുന്ന വസ്തുവോ സാഹചര്യങ്ങളോ ധൈര്യപൂർവം നേരിടാൻ പ്രോത്സാഹിപ്പിക്കാം.
● അച്ഛന്റെയും അമ്മയുടെയും ഒപ്പം കിടന്നുറങ്ങുന്ന കുട്ടിയുടെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്യാൻ തോന്നുകയില്ല. എന്നാൽ, ഏറ്റവും നേരത്തേ സ്വാതന്ത്ര്യം കൈവരിക്കുന്നത്, അവരുടെ ആത്മവിശ്വാസത്തെ കൂട്ടും. പരസഹായം കൂടാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാം.
● സുഖസൗകര്യങ്ങൾ അമിതമാകുമ്പോൾ ലക്ഷ്യബോധം നഷ്ടപ്പെടാം. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ് നഷ്ടപ്പെടാം. അതിനാൽതന്നെ കുട്ടികൾക്ക് ചെറിയ വെല്ലുവിളികൾ നേരിടാനുള്ള അവസരം കൊടുക്കാം. ഉദാ: പാചകം ചെയ്യൽ.
● ചില തീരുമാനങ്ങൾ സ്വയം എടുക്കാനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സ്വതന്ത്രമായി വിടുക. തെറ്റുകൾ തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള അവസരങ്ങൾ ഒരുക്കുക.
● പഠിക്കാൻ വളരെ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത്, നിരന്തരം പരിശ്രമിച്ച്, ആ വിഷയങ്ങളിലെ കുറവുകൾ നികത്തിയാൽ പിൽക്കാലത്ത് റിസ്ക് എടുത്ത് വിജയിക്കാൻ പ്രചോദനമാകും.
● കൂട്ടുകാർ തന്നെക്കാളും നന്നായി ചെയ്യും എന്നു ഭയന്ന് അവസരങ്ങൾ നഷ്ടപ്പെടുത്തി ഒളിച്ചോടാതെ, കിട്ടുന്ന അവസരങ്ങൾ ഉപയോഗിച്ച് പാടാനും ആടാനും വരക്കാനും കഴിവിനൊത്ത് പരിശ്രമിക്കുക. അവനവനോടുതന്നെ മത്സരിക്കുക. തിരിച്ചടികൾ കിട്ടുമ്പോൾ കൂടുതൽ പരിശ്രമിക്കുക. മുന്നോട്ടുതന്നെ...
● ആദ്യമായി ചെയ്യുമ്പോൾ ഏതൊരു കാര്യവും ശ്രമകരമാണ്. എങ്കിലും ടെൻഷൻമൂലം പിന്മാറാതെ ഇരിക്കുക. ടെൻഷനെ അതിജീവിച്ച് കുറച്ചുനാളത്തെ പരിശ്രമംകൊണ്ട് നമുക്ക് വിജയം കൈവരിക്കാം. ഉദാ: ഡ്രൈവിങ്, നീന്തൽ പോലുള്ള സ്കിൽ...
● ഏതൊരു കാര്യം ചെയ്യുമ്പോഴും തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്. കുറ്റപ്പെടുത്തലുകളെ ഭയപ്പെടാതെ അവ മാർഗനിർദേശങ്ങളായി കരുതി, സ്വന്തം കഴിവുകളിൽ വിശ്വസിച്ച് മുന്നേറുക.
പ്രായമായവരെയും മാറ്റാം
● പ്രായമായവരെ മാറ്റാൻ സാധിക്കുകയില്ല എന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തിനുണ്ട്. ഏതു പ്രായത്തിലും വളർച്ച സാധ്യമാകുന്ന ജീവിയാണ് മനുഷ്യൻ. ഈ ജീവിതത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാം മാറ്റിവെക്കാതെ ചെയ്യുക.
● മറ്റുള്ളവർ എന്തുപറയും എന്നുകരുതി, നമ്മുടെ ലോകത്ത് ഒതുങ്ങിക്കൂടി നിരാശയിലാകാതെ, ജീവിതകാലം മുഴുവൻ അധ്വാനിച്ച് കഷ്ടപ്പെട്ട് നിങ്ങൾ സമ്പാദിച്ച പണം നിങ്ങളുടെ സന്തോഷങ്ങൾക്കായി വിനിയോഗിക്കാം. യാത്രചെയ്യാനും പുതിയ ഒരു വസ്ത്രം പരീക്ഷിക്കാനും ഈ പ്രായത്തിലും കഴിയും.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.