എസ്. സോമനാഥ്, ഇസ്രോയുടെ അമരക്കാരൻ...
text_fields2023 ആഗസ്റ്റ് 23, ഇന്ത്യൻ ബഹിരാകാശരംഗം ഒരു നാഴികക്കല്ല് പിന്നിട്ട ദിനമായിരുന്നു അന്ന്. ആർക്കും പ്രാപ്യമല്ലാതിരുന്ന നേട്ടം ഇന്ത്യ കൈയെത്തിപ്പിടിച്ച ദിനം. മൂന്നാം ചാന്ദ്രദൗത്യം വിജയകരമായി പൂർത്തികരീച്ചാണ് ഇന്ത്യ ലോകത്തിന്റെ നെറുകൈയിലേക്ക് കയറിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചാന്ദ്രപേടകത്തിന്റെ സോഫ്റ്റ്ലാൻഡിങ് നടത്തിയാണ് നിർണായകമായ നാഴികക്കല്ല് ഇന്ത്യ പിന്നിട്ടത്.
ദിവസങ്ങൾക്കകം മറ്റൊരു നേട്ടത്തിനുകൂടി രാജ്യം സാക്ഷിയായി. സൂര്യന്റെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ സൗരദൗത്യം ആദിത്യ എൽ1 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് കുതിച്ചുയർന്നതോടെ ശാസ്ത്രരംഗത്ത് നേട്ടങ്ങളുടെ പേരിൽ ആഗോളരംഗത്ത് ഇന്ത്യ ശ്രദ്ധാകേന്ദ്രമായി മാറി. ശാസ്ത്രനേട്ടങ്ങളുടെ മുഴുവൻ ക്രെഡിറ്റും രാജ്യത്തെ ജനത നൽകുന്നത് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒക്കാണ്. ബഹിരാകാശ ദൗത്യങ്ങളുടെ പേരിൽ രാജ്യത്തിനൊപ്പം ഐ.എസ്.ആർ.ഒയും വിജയപീഠമേറുമ്പോൾ മലയാളികൾക്കും അഭിമാനിക്കാനേറെയാണ്.
ലോകത്തിന്റെ ഗതിമാറ്റാൻതന്നെ കരുത്തുള്ള ദൗത്യങ്ങൾ ഐ.എസ്.ആർ.ഒ വിജയകരമായി നടപ്പിലാക്കുമ്പോൾ തലപ്പത്തുണ്ടായിരുന്നത് ഒരു മലയാളിയാണെന്നതാണ് കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്നത്.
2022ൽ ഐ.എസ്.ആർ.ഒയുടെ തലപ്പത്തെത്തിയ എസ്. സോമനാഥിന്റെ നേതൃത്വത്തിലാണ് ഇന്ത്യ സുപ്രധാനമായ ശാസ്ത്രദൗത്യങ്ങൾ യാഥാർഥ്യമാക്കിയത്. ആലപ്പുഴ ജില്ലയിലെ തുറവൂരിലെ ഗ്രാമത്തിൽ ജനിച്ച് മലയാളം മീഡിയം സ്കൂളിൽ പഠിച്ചാണ് സോമനാഥ് ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ശാസ്ത്രസ്ഥാപനത്തിലേക്കെത്തിയത്. സാധാരണ കുടുംബത്തിലെ തീർത്തും സാധാരണമായ സാഹചര്യങ്ങളിൽനിന്നുമായിരുന്നു ഐ.എസ്.ആർ.ഒയിലേക്കുള്ള സോമനാഥിന്റെ യാത്ര.
ആകാശരഹസ്യങ്ങളിലേക്ക് വാതിൽ തുറന്ന അച്ഛൻ
കുട്ടിക്കാലം മുതൽ സോമനാഥിന് ആകാശത്തോടായിരുന്നു അഭിനിവേശം. ആകാശത്തിലെ സൂര്യചന്ദ്രന്മാരേയും മറ്റനേകം നക്ഷത്രങ്ങളേയും കൗതുകത്തോടെയായിരുന്നു കുഞ്ഞുസോമനാഥ് കണ്ടിരുന്നത്. ആകാശത്തോടും അതിന്റെ രഹസ്യങ്ങളിലേക്കുമുള്ള താക്കോൽ സോമനാഥിന് നൽകിയത് പിതാവായിരുന്ന വി. ശ്രീധരപ്പണിക്കരായിരുന്നു. ഹിന്ദി അധ്യാപകനായിരുന്നു ശ്രീധരപ്പണിക്കരെങ്കിലും ഹിന്ദി സാഹിത്യത്തിന്റെ വിശാലമായ ലോകത്തേക്ക് മാത്രമായിരുന്നില്ല അദ്ദേഹം മകനെ നയിച്ചത്.
സോമനാഥിന് ആദ്യകാലത്ത് പിതാവ് വായിക്കാൻ നൽകിയ പുസ്തകങ്ങളിലേറെയും ശാസ്ത്രപുസ്തകങ്ങളായിരുന്നു. അന്ന് തനിക്ക് ലഭിച്ച ശാസ്ത്രസാഹിത്യപരിഷത്തിന്റെ പുസ്തകം നോക്കി ആകാശത്തുള്ള നക്ഷത്രങ്ങളെ അദ്ദേഹം നിരന്തരമായി നിരീക്ഷിച്ചിരുന്നു. ആസ്ട്രോണമിയോടുള്ള പിതാവിന്റെ വലിയ താൽപര്യം കൂടിയായതോടെ ആകാശരഹസ്യങ്ങളിലേക്ക് സോമനാഥിനുള്ള വാതിൽ തുറക്കുകയായിരുന്നു.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽനിന്ന് ബഹിരാകാശ ശാസ്ത്രജ്ഞനിലേക്ക്
അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിൽനിന്നാണ് സോമനാഥ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുറവൂരാണ് വീടെങ്കിലും പിതാവ് ജോലിസംബന്ധമായി തൃശൂരിലായതിനാൽ അമ്മ തങ്കമ്മയുടെ വീട്ടിൽനിന്നാണ് അദ്ദേഹം പഠിച്ചത്. സ്കൂൾ പഠനകാലത്തുതന്നെ ശാസ്ത്രവിഷയങ്ങളോടുള്ള ആഭിമുഖ്യം പ്രകടമാക്കിയിരുന്നു.
എസ്.എസ്.എൽ.സി പരീക്ഷയിൽ ശാസ്ത്രവിഷയങ്ങൾക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയതിന് പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. എസ്.എസ്.എൽ.സി പഠനത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളജിൽനിന്ന് പ്രീ-ഡിഗ്രി പൂർത്തിയാക്കി കൊല്ലത്തെ ടി.കെ.എം എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് പഠനത്തിനായി പോയി. അത്ര പെട്ടെന്ന് ആർക്കും എൻജിനീയറിങ് എത്തിപ്പിടിക്കാൻ കഴിയാതിരുന്നൊരു കാലത്താണ് ബിരുദപഠനത്തിന് മെക്കാനിക്കൽ എൻജിനീയറിങ്ങിന് പ്രവേശനം നേടുന്നത്.
മെക്കാനിക്കൽ എൻജിനീയറിങ്ങിന്റെ സിദ്ധാന്തങ്ങൾക്കൊപ്പം ബഹിരാകാശത്തെ സംബന്ധിക്കുന്ന ചില തത്ത്വങ്ങളും പഠിക്കാൻ സോമനാഥിന് കോളജ് അവസരമൊരുക്കി. പ്രൊപ്പൽഷനെ പറ്റി കൂടുതൽ അറിയാനുള്ള അദ്ദേഹത്തിന്റെ താൽപര്യം മനസ്സിലാക്കിയായിരുന്നു കോളജിന്റെയും അധ്യാപകരുടേയും ഈ പിന്തുണ. ഒടുവിൽ ബിരുദപഠനത്തിന്റെ അവസാനവർഷം സോമനാഥിനെ തേടി ഐ.എസ്.ആർ.ഒയുടെ വിളിയെത്തി. പി.എസ്.എൽ.വി റോക്കറ്റിന്റെ നിർമാണഘട്ടത്തിലായിരുന്ന ഐ.എസ്.ആർ.ഒ സോമനാഥടക്കം അഞ്ചുപേരെ റിക്രൂട്ട് ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു നിർണായകഘട്ടത്തിന് അവിടെ തുടക്കംകുറിക്കുകയായിരുന്നു.
പി.എസ്.എൽ.വിയിലൂടെ ഐ.എസ്.ആർ.ഒയിൽ
1985ൽ ആദ്യ പി.എസ്.എൽ.വി റോക്കറ്റിന്റെ നിർമാണത്തിൽ പങ്കാളികളാകാൻ ഐ.എസ്.ആർ.ഒ തിരഞ്ഞെടുത്ത കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലെ അഞ്ച് വിദ്യാർഥികളിൽ ഒരാളായിട്ടാണ് സോമനാഥിന്റെ ബഹിരാകാശ ഏജൻസിയിലേക്കുള്ള പ്രവേശനം. സുഹൃത്തുക്കളായ പി. സുരേഷ് ബാബു, വി.പി. ജോയ്, ജെയിംസ് കെ. ജോർജ്, ഷാജി ചെറിയാൻ എന്നിവർക്കൊപ്പമാണ് ഐ.എസ്.ആർ.ഒയുടെ വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെത്തിയത്.
ഇന്ത്യയുടെ അഭിമാനമായ പി.എസ്.എൽ.വി റോക്കറ്റിന്റെ നിർമാണത്തിലായിരുന്നു അദ്ദേഹം ആദ്യം പങ്കാളിയായത്. ഇന്ത്യയുടെ ബഹിരാകാശചരിത്രത്തിൽ നിർണായകമായൊരു നാഴികക്കല്ലാണ് പി.എസ്.എൽ.വിയുടെ നിർമാണത്തിലൂടെ ഐ.എസ്.ആർ.ഒ പിന്നിട്ടത്. 1000 കിലോ ഗ്രാം ഭാരം വരുന്ന ഉപഗ്രഹത്തെ 1000 കിലോമീറ്റർ ദൂരത്തിലേക്കുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യം ഇന്ത്യ വിജയകരമായി പൂർത്തീകരിച്ചത് പി.എസ്.എൽ.വിയിലൂടെയായിരുന്നു.
പി.എസ്.എൽ.വിക്ക് ശേഷം സോമനാഥ് ജി.എസ്.എൽ.വിയുടെയും ഭാഗമാവുകയായിരുന്നു. 36,000 കിലോമീറ്റർ ദൂരമുള്ള ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ എത്തിക്കുന്നതിനാണ് ജി.എസ്.എൽ.വി റോക്കറ്റ് ഐ.എസ്.ആർ.ഒ നിർമിച്ചത്. ഇതിനായി ക്രയോജനിക് സാങ്കേതികവിദ്യയായിരുന്നു ഇന്ത്യൻ ബഹിരാകാശ ഏജൻസി ഉപയോഗിച്ചത്. ആദ്യ ജി.എസ്.എൽ.വി റോക്കറ്റ് വികസിപ്പിക്കുമ്പോൾ റഷ്യയുടെ സാങ്കേതിക സഹകരണവുമുണ്ടായിരുന്നു. ക്രയോജനിക് അപ്പർ സ്റ്റേജ് എന്ന് ഐ.എസ്.ആർ.ഒ പേരിട്ട ദൗത്യത്തിന് തുടക്കമായത് 1992 മേയിലാണ്. പിന്നീട് ബഹിരാകാശ ഏജൻസിയുടെ ജി.എസ്.എൽ.വി ദൗത്യം മാർക്ക് 3യിലേക്ക് എത്തിയപ്പോൾ പ്രോജക്ട് ഡയറക്ടറെന്നനിലയിൽ നിർണായകസ്ഥാനത്ത് സോമനാഥുണ്ടായിരുന്നു.
ഇതിനൊപ്പം ഉയർന്ന ത്രസ്റ്റിലുള്ള സെമി-ക്രയോജനിക് എൻജിന്റെ വികസനപ്രവർത്തനങ്ങൾക്കും അദ്ദേഹം ഊർജംപകർന്നു. ചന്ദ്രയാൻ രണ്ടിന്റെ ലാൻഡറിനായി പ്രത്യേകതരം എൻജിൻ വികസിപ്പിച്ചതും ജിസാറ്റ് 9ൽ ഇലക്ട്രിക് പ്രൊപ്പൽഷൻ സമ്പ്രദായം ആദ്യമായി വിജകരമായി ഉപയോഗിച്ചതും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ചിലത് മാത്രമാണ്.
വി.എസ്.സി വഴി ഐ.എസ്.ആർ.ഒയിലേക്ക്
2015ലാണ് വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിന്റെ അമരത്തേക്ക് സോമനാഥ് എത്തുന്നത്. ഐ.എസ്.ആർ.ഒക്ക് കീഴിലുള്ള മറ്റൊരു സ്ഥാപനമായിരുന്നു ഇത്. ക്രയോജനിക് പ്രൊപ്പൽഷൻ എൻജിൻ റോക്കറ്റുകൾക്ക് വേണ്ടി വികസിപ്പിക്കുന്നതിനൊപ്പം സാറ്റ്ലൈറ്റുകൾക്കായും സ്ഥാപനം സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. മൂന്ന് വർഷമാണ് വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിൽ സോമനാഥ് തുടർന്നത്.
2018ലാണ് ഐ.എസ്.ആർ.ഒയുടെ അഭിമാനസ്ഥാപനമായ വിക്രംസാരാഭായ് സ്പേസ് റിസർച് സെന്ററിന്റെ ഡയറക്ടറായി അദ്ദേഹം നിയമിതനാവുന്നത്. 2015ൽ കെ. ശിവൻ ഐ.എസ്.ആർ.ഒ ചെയർമാനായപ്പോൾ വിക്രം സാരാഭായ് സ്പേസ് റിസർച് സെന്ററിന്റെ തലപ്പത്തേക്ക് സോമനാഥ് എത്തുകയായിരുന്നു. പിന്നീട് 2022ൽ കെ. ശിവൻ ഐ.എസ്.ആർ.ഒയിൽനിന്ന് പടിയിറങ്ങിയപ്പോൾ സോമനാഥ് ഇന്ത്യയിലെ ഏറ്റവും പ്രമുഖ ശാസ്ത്രസ്ഥാപനത്തിന്റെ ചെയർമാനായി ചുമതലയേറ്റെടുത്തു.
ചന്ദ്രയാൻ മൂന്നും ആദിത്യയും
ഐ.എസ്.ആർ.ഒ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എസ്. സോമനാഥിന് മുന്നിൽ വെല്ലുവിളികൾ ഏറെയായിരുന്നു. ചന്ദ്രയാൻ രണ്ടിന്റെ പരാജയത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മൂന്നാമത്തേത് യാഥാർഥ്യമാക്കുകയായിരുന്നു പ്രധാന വെല്ലുവിളി. ഐ.എസ്.ആർ.ഒയിലെ മുഴുവൻ ശാസ്ത്രജ്ഞരുടെയും പിന്തുണയോടെ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ ചന്ദ്രയാൻ മൂന്ന് യാഥാർഥ്യമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിധ്യം പോലെ ചില നിർണായകവിവരങ്ങൾ ചന്ദ്രയാൻ മൂന്ന് ഐ.എസ്.ആർ.ഒക്ക് നൽകി.
സോമനാഥിന് കീഴിൽ നടന്ന സൂര്യന്റെ രഹസ്യങ്ങൾ തേടിയുള്ള ആദിത്യ എൽ1ന്റെ വിക്ഷേപണവും വിജയകരമായിരുന്നു. ഇത്രയും കാലം ഭൂമിക്കുചുറ്റും സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചിരുന്നത്. പിന്നീട് ചന്ദ്രനെ ലക്ഷ്യംവെച്ചു. ഇതിൽനിന്നെല്ലാം വ്യത്യസ്തമായി ലെഗ്രാഞ്ച് പോയന്റിലേക്കാണ് ആദിത്യ ദൗത്യത്തിൽ ഉപഗ്രഹം വിക്ഷേപിച്ചത്. കിലോമീറ്ററുകൾ താണ്ടി നാല് മാസത്തിന് ശേഷമാവും ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തേക്ക് എത്തുക. ഭ്രമണപഥത്തിലേക്ക് ആദിത്യ എത്തിയാൽ മാത്രമേ ദൗത്യം വിജയകരമായെന്ന് പറയാനാവൂ.
ഒപ്പമുണ്ട്, കുടുംബം
വലിയമലയിലും തുമ്പയിലും ബംഗളൂരിലുമെല്ലാമായി ഇന്ത്യയുടെ ബഹിരാകാശലോകത്തിനൊപ്പം വളർന്ന സോമനാഥ് സമയപരിധി നോക്കാതെയാണ് പ്രവർത്തിക്കുന്നത്. ഈ പ്രവർത്തനത്തിന് ഭാര്യ വത്സലകുമാരിയുടെയും മക്കളായ മാധവിന്റെയും മാലികയുടെയും പിന്തുണയുണ്ട്. ശ്രീഹരിക്കോട്ടയിൽ വിക്ഷേപണം ഉള്ളപ്പോൾ പലപ്പോഴും രാത്രി വൈകിയെത്തിയാലും പിറ്റേന്ന് കൃത്യം എട്ടിനുതന്നെ ജോലിക്ക് പോകുന്നതാണ് അദ്ദേഹത്തിന്റെ ശീലം. കരിയറിനിടെ ഐ.എസ്.ആർ.ഒയുടേത് ഉൾപ്പെടെ ഒട്ടേറ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇന്റർനാഷനൽ അക്കാദമി ഓഫ് ആസ്ട്രോനാട്സ് അംഗം, ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ വൈസ് പ്രസിഡന്റ് തുടങ്ങി മറ്റ് നിരവധി ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഭാവിദൗത്യങ്ങൾ നിരവധി
ഐ.എസ്.ആർ.ഒയുടെ ചെയർമാനായി തുടരുന്ന സോമനാഥിന് മുന്നിൽ ഇനിയും ദൗത്യങ്ങൾ നിരവധിയാണ്. മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യമാണ് ഇതിൽ പ്രധാനപ്പെട്ടത്.
നാസയുമായി ചേർന്നുള്ള നിസാർ വിക്ഷേപണവും നടക്കാനുണ്ട്. 2024 ജനുവരിയിലാവും വിക്ഷേപണം നടക്കുക. ഇതിനുള്ള അനുമതി ലഭ്യമായിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ജപ്പാനുമായുള്ള ലുപെക്സ് ദൗത്യത്തിന് അനുമതിയായിട്ടില്ലെങ്കിലും അതിന്റെ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ശുക്രനിലേക്കുള്ള ദൗത്യവും ഐ.എസ്.ആർ.ഒയുടെ പരിഗണനയിലാണ്. ചന്ദ്രനിലേക്കുള്ള നാലാം ദൗത്യവും ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യവും ഐ.എസ്.ആർ.ഒയുടെ പരിഗണനയിലുണ്ട്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.