ഭർതൃ പീഡനം കാരണം വീടുവിട്ടിറങ്ങി; പിഞ്ചുകുഞ്ഞിനെ ചേർത്തുപിടിച്ച് ചഞ്ചലിന്റെ ജീവിതയാത്ര
text_fieldsഭർത്താവിന്റെ പീഡനം സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയ ശേഷം ഒരു വയസ്സുള്ള മകനെ ചേർത്തുപിടിച്ച് ഇ-റിക്ഷയിൽ ജീവിതയാത്രയിലാണ് നോയിഡയിലെ ലാൽ കുവാൻ സ്വദേശിനിയായ ചഞ്ചൽ ശർമ എന്ന യുവതി. ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ട് മാതാവിനും നാല് സഹോദരിമാർക്കുമൊപ്പം ദുരിതങ്ങളേറെ താണ്ടിയ അവർക്ക് ഈ കാലവും അതിജീവിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ട്.
തുടക്കത്തിൽ, മറ്റ് ഇ-റിക്ഷ ഡ്രൈവർമാർ എതിർക്കുകയും നോയിഡയിൽ ഒരു നിശ്ചിത റൂട്ടിൽ പോകാൻ അനുവദിക്കാതിരിക്കുകയും ചെയ്തതിനാൽ നിരവധി പ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നു. എന്നാൽ, ട്രാഫിക് പൊലീസും എ.ഐ.ബി ഔട്ട്‌പോസ്റ്റ് ജീവനക്കാരും പിന്തുണയുമായി എത്തിയതോടെ ആ പ്രതിസന്ധി അവസാനിച്ചു. സെക്ടർ 62ലെ ലേബർ ചൗക്ക് മുതൽ സായ് മന്ദിർ, കാലാ പത്താർ, പെഹ്‌ല പുസ്ത എന്നിവിടങ്ങളിലേക്കാണ് ചഞ്ചൽ പിഞ്ചുകുഞ്ഞുമായി യാത്ര തുടരുന്നത്.
300-400 രൂപയാണ് ഒരു ദിവസം സമ്പാദ്യമായി ലഭിക്കുന്നത്. ദാദ്രിയിലെ ഛായൻസ ഗ്രാമത്തിലെ യുവാവുമായി 2019ലായിരുന്നു ചഞ്ചലിന്റെ വിവാഹം. പീഡനം അസഹ്യമായതോടെ കുഞ്ഞിനെയും കൊണ്ട് അയാളുടെ വീട് വിട്ടിറങ്ങി. അയാൾക്കെതിരെ നിയമ പോരാട്ടവും തുടരുകയാണ്.
ഉരുളക്കിഴങ്ങും ഉള്ളിയും വിൽക്കുന്ന ജോലിയിലാണ് ചഞ്ചലിന്റെ അമ്മ. നാല് സഹോദരിമാരും ഇപ്പോൾ വിവാഹിതരാണ്. വീട്ടിൽ ആരും നോക്കാനില്ലാതായതോടെയാണ് കുട്ടിയെയും കൊണ്ട് വാഹനമോടിക്കാനിറങ്ങിയത്. മറ്റു ജോലികൾക്ക് പോയാൽ കുട്ടിയെ നോക്കൽ പ്രയാസമാകുമെന്നതിനാലാണ് ഈ ജോലി തെരഞ്ഞെടുത്തത്. ഇപ്പോൾ വലിയ പ്രയാസമില്ലാതെ ജീവിതം മുന്നോട്ടുപോകുന്നതായും ചഞ്ചൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.