Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_rightനാടക സംസ്‌കാരം...

നാടക സംസ്‌കാരം തൃശൂരിന് സമ്മാനിച്ച ജോസ് പായിമ്മലും കലാലയം രാധയും

text_fields
bookmark_border
നാടക സംസ്‌കാരം തൃശൂരിന് സമ്മാനിച്ച ജോസ് പായിമ്മലും കലാലയം രാധയും
cancel
camera_alt

ജോസ് പായിമ്മലും കലാലയം രാധയും. ചി​​​ത്ര​​​ങ്ങൾ: ടി.എച്ച്. ജദീർ



തൃശൂർ ഇരിങ്ങാലക്കുട വളര്‍ക്കാവിലെ ആ വീടിനരികിലെത്തി കാതുകൂർപ്പിച്ചാൽ നാടക അനൗൺസ്മെന്‍റ് കേൾക്കാം. നാടകം ജീവശ്വാസമായ ഈ വീട്ടിലായിരുന്നു അന്തരിച്ച ജോസ് പായിമ്മൽ താമസിച്ചിരുന്നത്, കൂട്ടിന് സഹധർമിണി കലാലയം രാധയും.

1960 മുതല്‍ 2010 വരെ കേരളത്തിലെ നിരവധി വേദികളിലും ഇന്ത്യയില്‍ മലയാളി ഉള്ളിടത്തുമെല്ലാം നാടക വണ്ടിയുമായി പോയി ആസ്വാദക മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ദമ്പതികളായിരുന്നു ഇരുവരും.

നാടക രചനയും അഭിനയവും സംവിധാനവും ജോസ് ചെയ്യുമ്പോള്‍ അതില്‍ നൃത്തം ചെയ്തും അഭിനയിച്ചും പാടിയും വേദികളെ പുളകംകൊള്ളിക്കാൻ നിഴലായി രാധയുണ്ടാകും.

ജോസ് പായിമ്മൽ

ഇരുതലയും മുട്ടാത്ത കൗമാരം

1940കളിലെ ജീവിത സാഹചര്യങ്ങള്‍ ഏറെ വ്യത്യസ്തമായിരുന്നു. ഭക്ഷണം വലിയ പ്രശ്‌നംതന്നെയാണ്. അന്ന് വയര്‍ നിറച്ച് കഴിക്കുകതന്നെയാണ് ലക്ഷ്യം. ഇരിങ്ങാലക്കുടയിലെ കച്ചവട കുടുംബ പാരമ്പര്യത്തില്‍നിന്നുവന്ന ജോസ് പായിമ്മലിന്‍റെ പിതാവ് പച്ചമരുന്ന് കച്ചവടക്കാരനായിരുന്നു.

നേട്ടങ്ങളുണ്ടാക്കാതെ കച്ചവടം അവസാനിച്ചതോടെ ചെറിയ ജോലികള്‍ ചെയ്ത് വീട്ടുചെലവ് കണ്ടെത്താൻ ജോസും ജോലിക്ക് പോയി.

ആദ്യം ലഭിച്ച ചില്ലറ വരുമാനത്തില്‍നിന്ന് മിച്ചം വെച്ച് തമിഴ് സിനിമ കാണാന്‍ തുടങ്ങിയതോടെയാണ് അഭിനയവും നാടകവും മനസ്സിൽ കയറിക്കൂടിയത്. തമിഴ് സിനിമകളിലൂടെയാണ് അഭിനയത്തിന്‍റെ ആദ്യപാഠങ്ങള്‍ ജോസ് പഠിച്ചെടുത്തത്.

രാധയുടെ ജീവിതവും വ്യത്യസ്തമായിരുന്നില്ല. അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം. അച്ഛന്‍ നേരത്തേ മരിച്ചു. കാറളത്ത് അമ്മാവന്മാരോടൊപ്പമായിരുന്നു ജീവിതം. അമ്മ ഖാദിയില്‍ നൂൽനൂറ്റ് കഷ്ടിച്ച് ജീവിതം മുന്നോട്ടുപോകുമ്പോഴാണ് നൃത്തം പഠിപ്പിക്കാൻ ജോസ് വീട്ടിലെത്തിയത്. അന്ന് തുടങ്ങിയ പരിചയം ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത കൂട്ടാകുമെന്ന് രാധയും പ്രതീക്ഷിച്ചിരുന്നില്ല.


അഖില കേരള നാടകോത്സവം

അഖില കേരള നാടകോത്സവം ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവായി മാറി. അഞ്ച് ദിവസമായി അരങ്ങേറുന്ന പത്ത് നാടകങ്ങളില്‍ മികച്ച നാടകത്തിനുള്ള ഒരു പവന്‍ സ്വർണം ‘കടലിന്‍റെ കളിപ്പാട്ടം’ എന്ന നാടകത്തിലൂടെ രാധ നേടിയെടുത്തപ്പോള്‍ സംവിധാനത്തിന് ജോസിന് അരപ്പവൻ സ്വർണവും കിട്ടി.

ഈ സമയത്താണ് ഗ്രാമങ്ങളില്‍ നാടക സംഘങ്ങള്‍ രൂപപ്പെട്ടതും അഭിനയം സാര്‍വത്രികമായതും. ഗ്രാമീണ വായനശാലകളില്‍ നാടക കൂട്ടായ്മകള്‍ രൂപംകൊണ്ടു. നാടകങ്ങളിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പുരുഷന്മാര്‍ സ്ത്രീ വേഷമിടുന്ന രീതി മാറി.

അങ്ങനെയിരിക്കുമ്പോഴാണ് മൈക്കിള്‍ കുരിയപറമ്പില്‍ അവതരിപ്പിക്കുന്ന സി.എല്‍. ജോസിന്‍റെ ‘ഭൂമിയിലെ മാലാഖ’ എന്ന നാടകത്തില്‍ രാധ അഭിനയിക്കുന്നത്. പാടുകയും നൃത്തം വെക്കുകയും ചെയ്യുന്ന സ്ത്രീ കഥാപാത്രങ്ങള്‍ സാധാരണയായി.

നര്‍ത്തകിയായ രാധക്ക് ഇത് കൂടുതല്‍ വേദികള്‍ ഒരുക്കിക്കൊടുത്തു. 167 നാടകകൃത്തുക്കളുടെ നാടകങ്ങളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളെ വേദിയിലെത്തിക്കാൻ രാധക്ക് കഴിഞ്ഞു.

നാഷനല്‍ കാര്‍ണിവല്‍ വേദിയിലേക്ക്

കലാപ്രവര്‍ത്തനങ്ങളുടെ ആദ്യവേദിയായിരുന്ന നാഷനല്‍ കാര്‍ണിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ ലഭിച്ച അവസരം. അന്ന് സഞ്ചരിക്കുന്ന കാര്‍ണിവലുകളായിരുന്നു സാധാരണക്കാരന്‍റെ വിനോദോപാധി. ആ വര്‍ഷം കാര്‍ണിവല്‍ കരുവന്നൂരില്‍ സ്റ്റേജ് കെട്ടുന്നതായി ജോസ് അറിഞ്ഞു.

എന്നാല്‍, കാര്‍ണിവല്‍ നടത്തിപ്പുകാരെ കണ്ട് അവസരം ചോദിക്കാമെന്ന് തീരുമാനിച്ച് പി.വി. ചിന്നപ്പയെയും ടി.ആര്‍. മഹാലിംഗത്തെയും പോയി കണ്ടു. അവിടെവെച്ച് രാധയുടെ നൃത്തവും ജോസിന്‍റെ അഭിനയവും ബോധ്യമായതോടെ ഇരുവര്‍ക്കും അവസരം ലഭിച്ചു.

ടിക്കറ്റുവെച്ച് നടത്തുന്ന ഈ പരിപാടി വൈകീട്ട് ആറിന് ആരംഭിച്ച് രാത്രി രണ്ടുവരെ നീളും. ചില്ലറ സര്‍ക്കസുകള്‍, മാജിക്കുകള്‍, നൃത്തം, ഗാനമേള തുടങ്ങി നാടകത്തില്‍ അവസാനിക്കുന്ന കാര്‍ണിവലിന്‍റെ ഭാഗമായി ഇരുവരും മാറി. ഇതോടെ പരിപാടി കഴിഞ്ഞാല്‍ രാധയെ വീട്ടിലെത്തിക്കുന്ന ഉത്തരവാദിത്തം ജോസിനായി.

തിലകനുമൊത്തുള്ള അഭിനയം

തിലകന്‍ ഏറെ വ്യത്യസ്തനായ നടനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹവുമായി യോജിച്ചുപോകുന്നത് തനിക്ക് അത്ര എളുപ്പമായിരുന്നില്ലെന്ന് രാധ പറഞ്ഞു. ‘അഗ്നിഗോളം’ എന്ന നാടകത്തില്‍ ഒരുമിച്ച് അഭിനയിച്ചതും അതിനുശേഷം ആ നാടക സംഘത്തില്‍നിന്ന് വിട്ടുപോന്നതും രാധ ഓര്‍ത്തെടുത്തു.

സഞ്ചരിക്കുന്ന നാടക വേദികള്‍

കേരളത്തില്‍ അഭിനയിച്ച് വിജയിച്ച നാടകങ്ങൾ ഇതര സംസ്ഥാനങ്ങളില്‍ പോയി അവതരിപ്പിക്കുന്ന രീതി അന്നുണ്ടായിരുന്നു. മൂന്നുമാസത്തോളം നീളുന്ന യാത്രകളിലൂടെ ഉത്തരേന്ത്യയില്‍ നൂറുകണക്കിന് വേദികളില്‍ നാടകം അവതരിപ്പിക്കാനായി.

വിവാഹം, ജീവിതം

വിവാഹ ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് രാധ മനസ്സുതുറന്നത്. പ്രണയവഴികളിലെ ദിവാസ്വപ്‌നങ്ങളുടെ സ്ഥാനത്ത് ചുട്ടുപൊള്ളുന്ന യാഥാർഥ‍്യങ്ങളാണ് അഭിമുഖീകരിക്കേണ്ടിവന്നതെന്ന് രാധ പറയുന്നു. വിവാഹത്തെക്കുറിച്ച് ജോസാണ് ആദ്യം അമ്മയോട് സൂചിപ്പിച്ചത്.

രണ്ടുദിവസം ചിന്തിച്ച ശേഷമാണ് മറുപടി പറഞ്ഞത്. രണ്ട് കണ്ടീഷനുകളായിരുന്നു. ഒന്ന് അമ്മയെയും സഹോദരിയെയും സംരക്ഷിക്കാം എന്ന ഉറപ്പും സ്വന്തമായി ഒരു വീടും. ഇത് രണ്ടും അംഗീകരിച്ചാല്‍ വിവാഹം കഴിക്കാം. അങ്ങനെ വീണ്ടും രണ്ടുവര്‍ഷം കാത്തിരുന്നു നിബന്ധനകള്‍ പൂര്‍ത്തിയാകാന്‍.

ജോസിന്‍റെ പ്രശ്‌നം വേറെയായിരുന്നു. വേദികളില്‍നിന്ന് വേദികളിലേക്ക് പെണ്‍കുട്ടിയെയും കൊണ്ടുനടക്കുന്നവന്‍ അവസാനം അവളെ ചതിക്കും എന്ന നാട്ടുകാരുടെ അടക്കം പറച്ചിലിനുള്ള മറുപടിയായിരുന്നു ഈ വിവാഹം. സ്വന്തം വീട്ടില്‍ ഇത് ഏറെ ഒച്ചപ്പാടുണ്ടാക്കിയെങ്കിലും മറ്റുള്ളവരുടെ ഉടക്കുകള്‍ അപ്പന്‍റെയും ജ്യേഷ്ഠന്‍റെയും പിന്തുണയില്‍ ഒഴിവാക്കിയായിരുന്നു വിവാഹം.

വിവാഹത്തിനുമുമ്പ് രാധയും അമ്മയും സഹോദരിയും ക്രിസ്തുമതം സ്വീകരിച്ചു. ക്രിസ്തീയ ആചാരമനുസരിച്ച് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലില്‍വെച്ച് ബിഷപ് ജോസഫ് കുണ്ടുകുളം ആശീര്‍വദിച്ചു. രാധ പള്ളി രേഖകളില്‍ മേരിയാണ്.

പൂരം പ്രദര്‍ശന നഗരിയിലെ നിമിഷ നാടകങ്ങള്‍

കച്ചവടം കഴിഞ്ഞ് പൂരപ്പറമ്പിലെ പ്രദര്‍ശനവേദിക്കുമുന്നില്‍ ഇരുന്ന് ജോസിന്‍റെയും രാധയുടെയും നാടകവും കണ്ട് വീട്ടിലേക്ക് പോകുന്ന സാധാരണ തൃശൂരുകാർക്ക് അന്നും ജോസ് ഒരു സംഭവമായിരുന്നു.

ആക്ഷേപഹാസ്യ നാടകത്തിലെ ഡയലോഗുകള്‍ കേട്ട് ‘എന്തൂട്ട് കലക്കാ കലക്കണെ’ എന്നുപറഞ്ഞ് കൈയടിക്കുന്ന സ്ഥിരം കാഴ്ചക്കാരുടെ ഒരു സംഘത്തെത്തന്നെ സൃഷ്ടിച്ചെടുക്കാന്‍ ജോസിന് കഴിഞ്ഞിട്ടുണ്ട്. 1800ലധികം നാടകങ്ങള്‍. 150ല്‍ തുടങ്ങി 5000 രൂപവരെ പ്രതിഫലം. 2010ഓടെയാണ് ഈ വേദിക്ക് തിരശ്ശീലയിട്ട് ജോസും കുടുംബവും മടങ്ങിയത്.

330 റേഡിയോ നാടകങ്ങള്‍. എന്നാല്‍, ‘ജ്യോതിര്‍ഗമയ’ എന്ന നാടകം മാത്രമേ പ്രിന്‍റ് ചെയ്യപ്പെട്ടിട്ടുള്ളൂ. ബ്രിന്നര്‍ ആർട്സ് എന്ന സ്വന്തം നാടകസംഘം രൂപവത്കരിച്ച് എട്ട് പ്രഫഷനല്‍ നാടകങ്ങള്‍ വിവിധ വേദികളില്‍ അവതരിപ്പിച്ചു.

വേദികള്‍, അംഗീകാരങ്ങള്‍

ജോസിന്‍റെ നിഴലായി ഒതുങ്ങാതെ സ്വന്തം ഇടം നാടകലോകത്ത് ഉണ്ടാക്കിയെടുക്കാന്‍ കലാലയം രാധക്ക് കഴിഞ്ഞു. സംഗീതനാടക അക്കാദമി പുരസ്‌കാരം രാധയെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങൾ.

ഏഴാം വയസ്സില്‍ നൃത്തത്തില്‍ തുടങ്ങി വേദികളില്‍നിന്ന് വേദികളിലേക്ക്. വ്യത്യസ്തങ്ങളായ അനേകം കഥാപാത്രങ്ങൾക്ക് ജീവന്‍ നല്‍കി. 300ഓളം സീരിയലുകളിലും 15 സിനിമകളിലും അഭിനയിച്ചു. സഹോദരി ലീല രണ്ടുവര്‍ഷം മുമ്പ് മരിച്ചു. മകന്‍ ലോനബ്രീന്നര്‍ എം.ബി.എ കഴിഞ്ഞ് വിദേശത്ത് ജോലിചെയ്യുന്നു. സുനിതയാണ് മരുമകള്‍.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dramaLifestyle
News Summary - Life story of Jose Payimmal and Kalalayam Radha
Next Story