‘ഇതാ മലപ്പുറത്തെ ആ വനിത ഡ്രൈവിങ് സ്കൂൾ സംരംഭകർ, മാതൃകയാക്കാം ഇവരെ’
text_fieldsഞാൻ ഏറെ ഇഷ്ടത്തോടെ ചെയ്യുന്നതാണ് ഡ്രൈവിങ്. ചെറിയ പ്രായത്തിലേ വാഹനം ഓടിക്കാനും ഓടിപ്പിക്കാനും ആഗ്രഹമുണ്ടായിരുന്നു. കാറും ബൈക്കുമെല്ലാം നേരത്തേതന്നെ പഠിച്ചെടുത്തു. വീടിന്‍റെ മുറ്റത്ത് നിർത്തിയിട്ട ലോറിയിലേക്കായി പിന്നെ കണ്ണ്. മെല്ലെ തിരിച്ചും വളച്ചും അതും പഠിച്ചെടുത്തു.
പിന്നീട് എല്ലാ വാഹനങ്ങളും ഓടിച്ചെടുക്കാൻ ധൈര്യം വന്നു. ആ യാത്ര ഇന്നൊരു ഡ്രൈവിങ് സ്കൂൾ സംരംഭകയാക്കി മാറ്റി’’ -മലപ്പുറം വണ്ടൂർ ചെറുകോട് ഗ്രാമത്തിൽ കഴിഞ്ഞ മാസം കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച ‘തവക്കൽ’ വനിത ഡ്രൈവിങ് സ്കൂളിന്‍റെ സംരംഭകയായ എം.ടി. റിസ്‍വാനയുടെ വാക്കുകളാണിത്.
കൂട്ടുകാരി എം.ടി. സാലിഹയുമായി ചേർന്ന് കുടുംബശ്രീ നൽകിയ ധൈര്യത്തിലാണ് സ്വന്തം നാട്ടിൽ രണ്ട് വനിതകൾ ഒരു മാതൃകയാത്രക്ക് തുടക്കമിട്ടത്. പൊതുവേ സ്ത്രീകൾ സ്വന്തമായി തുടങ്ങാനും നടത്താനും മടികാണിക്കുന്ന ഡ്രൈവിങ് സ്കൂളെന്ന സംരംഭം നിശ്ചയദാർഢ്യത്തോടെ ഏറ്റെടുത്ത് ഭംഗിയായി നടത്തുകയാണ് വണ്ടൂർ അയനിക്കോട് സ്വദേശികളായ ഇവർ.
തിയറി പഠിപ്പിച്ച് തുടക്കം
ചെറുകോട്ടെ വാടകക്കെട്ടിടത്തിലെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ഇവരുടെ ഡ്രൈവിങ് സ്കൂളിൽ വാഹന പരിശീലനത്തിന് പുറമെ ഡ്രൈവിങ് തിയറി, വാഹനങ്ങളുടെ പൊതുവിവരണം, ഗതാഗത നിയമങ്ങൾ, നിയമ ലംഘനങ്ങൾ എന്നിവയിലെല്ലാം വിശദമായി ക്ലാസെടുക്കുന്നു. മറ്റു സ്ഥാപനങ്ങളിലെ പോലെതന്നെ ആർ.ടി ഓഫിസ് സേവനങ്ങൾ, ലൈസൻസ് സഹായങ്ങൾ തുടങ്ങിയവയെല്ലാമുണ്ട്. നാട്ടുകാരിയായ ബാസിമയും കൂടെയുണ്ട്.
ഡ്രൈവിങ് ഇഷ്ടംകൂടി പരിശീലനത്തിലേക്ക്
ഡ്രൈവിങ്ങിനോടുള്ള അടങ്ങാത്ത ഇഷ്ടമാണ് റിസ്‍വാനയെ ഡ്രൈവിങ് പരിശീലനത്തിലേക്ക് എത്തിച്ചത്. ആവശ്യപ്പെട്ടവർക്ക് പരിശീലനം നൽകിയാണ് തുടക്കം. പിന്നീട് വനിതകൾക്കായി ഒരു ഡ്രൈവിങ് സ്കൂൾ എന്ന പദ്ധതിയിട്ടു. ഒന്നര ലക്ഷം കുടുംബശ്രീയിൽനിന്നും ബാക്കി വനിത സഹകരണ ബാങ്കിൽനിന്നും വായ്പയെടുത്താണ് സ്കൂൾ തുടങ്ങിയത്. നാട്ടിൻപുറത്ത് ഒരുപാട് സ്ത്രീകൾക്ക് ഡ്രൈവിങ് പഠിക്കാനും ഇത്തരം സംരംഭങ്ങൾ തുടങ്ങാനും താൽപര്യമുണ്ടെങ്കിലും പലരും മടിച്ചുനിൽക്കുകയാണെന്ന് ഇവർ പറയുന്നു.
സ്വപ്നയാത്രക്ക് തുടക്കം
2022 ഡിസംബർ 26നാണ് റിസ്‍വാനയും സാലിഹയും വനിത ഡ്രൈവിങ് സ്കൂളെന്ന തങ്ങളുടെ സ്വപ്നയാത്രക്ക് തുടക്കമിട്ടത്. കൂടുതലും വനിതകൾ തന്നെയാണ് പഠിക്കാൻ എത്തുന്നത്. ഡ്രൈവിങ്-വാഹന രേഖകളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പുരുഷന്മാരുംസ്ഥാപനത്തിൽ എത്തുന്നുണ്ട്.
സഹായവുമായി കുടുംബശ്രീ
കുടുംബശ്രീ സഹകരണത്തിൽ ജില്ലയിലെ ഇത്തരത്തിൽ ആദ്യത്തെ സംരംഭമാണിത്. ഏകദേശം നാലു ലക്ഷം രൂപ ചെലവിലാണ് ഇവർ തുടങ്ങിയത്. പോരൂർ പഞ്ചായത്തിൽ നടന്ന കുടുംബശ്രീയുടെ സംരംഭകത്വ പരിശീലനവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരമൊരു സംരംഭത്തിന് ധൈര്യം വന്നത് കുടുംബശ്രീയുടെയും കുടുംബത്തിന്‍റെയും പിന്തുണകൊണ്ടാണെന്ന് ഇരുവരും പറയുന്നു.
വനിതകൾക്കും തുടങ്ങാം ഡ്രൈവിങ് സ്കൂൾ
സാധാരണ ഡ്രൈവിങ് സ്കൂളുകളിൽ ജോലിയെടുക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. എന്നാൽ, ഗ്രാമപ്രദേശങ്ങളിൽ സ്വന്തം നിലക്ക് ഇത്തരം സംരംഭങ്ങൾ ഏറ്റെടുക്കാൻ മനസ്സുള്ളവർ വിരളമായിരിക്കും. വനിതകൾ ഇത്തരം അവസരങ്ങൾ ഉപയോഗിക്കണമെന്നാണ് ഇവർക്ക് പറയാനുള്ളത്. അവരവരുടെ ഇഷ്ടപ്പെട്ട മേഖലകളിലെ തൊഴിൽ കൂടുതൽ സന്തോഷം പകരുമെന്നും ഇവർ തെളിയിക്കുന്നു.
കുടുംബം ഒപ്പത്തിനൊപ്പം
‘‘ഞങ്ങളുടെ ഭർത്താക്കന്മാരും വീട്ടുകാരും ഈ സംരംഭത്തിനും ഭാവി പദ്ധതികൾക്കും പൂർണ പിന്തുണ നൽകുന്നുണ്ട്. ആ ധൈര്യത്തിലാണ് ഞങ്ങളിത് തുടങ്ങിയത്.’’ -റിസ്‍വാനയും സാലിഹയും പറയുന്നു. ‘‘എല്ലാ ജോലിക്കുമുള്ളതുപോലെ പ്രയാസങ്ങൾ ഇതിനുമുണ്ടാകും. എല്ലാം മനസ്സിലാക്കി മുന്നോട്ടുപോവുകയാണ് ലക്ഷ്യം’’ -അവർ കൂട്ടിച്ചേർത്തു.
ബസ് ഡ്രൈവറായ കെ. സക്കീറാണ് റിസ്‍വാനയുടെ ഭർത്താവ്. റിഫ, റിഹാൻ എന്നിവർ മക്കൾ. ഓട്ടോ ഡ്രൈവറായ കെ. റഹ്മത്തുല്ലയാണ് സാലിഹയുടെ ഭർത്താവ്. മുഹമ്മദ് ഫിസാൻ, നിദ ഷെറിൻ, ഫിദ ഫാത്തിമ എന്നിവരാണ് മക്കൾ.
പുതുതായി ഡ്രൈവിങ് പഠിച്ചിറങ്ങിയവർ നേരിടുന്ന പ്രശ്നങ്ങൾ
ലൈസൻസ് എടുത്താലും വാഹനം ഓടിക്കുമ്പോഴുണ്ടാ കുന്ന ഭയം
നിയമങ്ങളെക്കുറിച്ച് വിവരമുണ്ടെങ്കിലും റോഡിലെത്തുമ്പോൾ ആശയക്കുഴപ്പം
ട്രാഫിക് സിഗ്നൽ ജങ്ഷനുകളിൽ വരുന്ന ആശയക്കുഴപ്പം
സിഗ്നലുകളിലെ ഭയവും വെപ്രാളവും
പ്രധാന ഹൈവേകളിൽ വലിയ വാഹനങ്ങൾ കാണുമ്പോൾ ആത്മവിശ്വാസക്കുറവ്
പലർക്കും മാനസികമായുള്ള പേടിയാണ് ഡ്രൈവിങ് പ്രശ്നം
റോഡിൽ വരേണ്ട മാറ്റങ്ങൾ
റോഡിലെ കുഴികളടച്ച് വാഹനാപകടങ്ങൾ കുറക്കണം
റോഡിൽ കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം
തകരാറിലായ ട്രാഫിക് സിഗ്നലുകൾ അറ്റകുറ്റപ്പണിനടത്തണം
പോക്കറ്റ് റോഡുകളിൽനിന്ന് പ്രധാന റോഡുകളിലേക്കുള്ള ഭാഗത്ത് കാഴ്ച തടസ്സങ്ങൾ നീക്കണം
റോഡുകളിൽ ദൃശ്യങ്ങൾ മറക്കുന്ന ബോർഡുകൾ നീക്കം ചെയ്യണം
റോഡുകളിൽ മാലിന്യം തള്ളുന്നത് കർശനമായി നിയന്ത്രിക്കണം
പൈപ്പ് ലൈനിനായി കുഴിച്ച കുഴികൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തി അടക്കണം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.