‘‘ജയിലിലെ ഉദ്യോഗസ്ഥർക്കും മറ്റും പ്രിയപ്പെട്ടവളാണ് എന്‍റെ കുഞ്ഞ്. എത്രയും പെട്ടെന്ന് അവളെ സ്വതന്ത്രയാക്കി നാട്ടിലെത്തിക്കാൻ കഴിയണേ എന്ന പ്രാർഥനയിലാണ് ഞാൻ’’ -നിമിഷപ്രിയയുടെ മോചനത്തിനായി യമനിൽ കഴിയുകയാണ് അമ്മ പ്രേമകുമാരി
text_fieldsവാക്കുകൾകൊണ്ട് വിവരിക്കാനാവാത്ത നിമിഷങ്ങളെന്നു നാം പറയാറില്ലേ? അത്തരമൊരു നിമിഷത്തിലായിരുന്നു ആ പുനഃസമാഗമം. വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ നീണ്ട 12 വർഷത്തെ ഇടവേളക്കുശേഷം സ്വന്തം അമ്മ പ്രേമകുമാരി കണ്ടുമുട്ടിയ നേരം.
മകളുടെ മോചനത്തിനായി തന്നെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്യാൻ ഏറെ കഠിനതകളും ദുർഘടപാതകളും താണ്ടി ആ മാതാവ് യമനിലെത്തിയിരിക്കുകയാണ്.
നിമിഷപ്രിയയുടെ മോചനത്തിനായി രൂപവത്കരിച്ച ‘സേവ് നിമിഷപ്രിയ ഇന്‍റർനാഷനൽ ആക്ഷൻ കൗൺസിലി’ന്‍റെ സഹായത്തോടെ മകളെ തിരികെയെത്തിക്കാനുള്ള പരിശ്രമങ്ങൾ യമനിലിരുന്നും തുടരുകയാണവർ.
മകളെ സ്വതന്ത്രയായി വിട്ടുകിട്ടണേയെന്ന പ്രാർഥന മാത്രമാണ് ആ മാതൃഹൃദയത്തിൽ. ഇക്കഴിഞ്ഞ ഏപ്രിൽ 20നായിരുന്നു പ്രേമകുമാരി മകൾക്കായി യമനിലേക്ക് തിരിച്ചത്. സാമൂഹിക പ്രവർത്തകൻ സാമുവൽ ജെറോമിനൊപ്പമാണ് അമ്മയുടെ യാത്രയും തുടർ നടപടികളുമെല്ലാം.
നിമിഷപ്രിയക്ക് സംഭവിച്ചത്...
2012ലാണ് പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശി നിമിഷപ്രിയക്ക് യമനിൽ നഴ്സായി ജോലി ലഭിച്ചത്. നിമിഷക്കൊപ്പം പോയ തൊടുപുഴ സ്വദേശിയായ ഭർത്താവ് ടോമി യമനിൽ സ്വകാര്യ സ്ഥാപനത്തിലും ജോലിയാരംഭിച്ചു. അവർക്കൊരു മകളും പിറന്നു, മിഷേൽ.
ഇതിനിടെ യമനി പൗരനായ തലാൽ അബ്ദുൽ മഹ്ദിയുമായി പരിചയപ്പെട്ട് അവിടെ ഇരുവരും ചേർന്ന് ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചു. ഇതിനായി നിമിഷയും ഭർത്താവുംകൂടി അരക്കോടിയിലധികം രൂപ ചെലവഴിച്ചിരുന്നു. കൂടുതൽ തുക ആവശ്യമുള്ളതിനാൽ അത് കണ്ടെത്താൻ ഭർത്താവ് കുഞ്ഞിനൊപ്പം നാട്ടിലേക്ക് വന്നു. ഇതിനിടെ, 2015ൽ യമൻ-സൗദി അറേബ്യ യുദ്ധം ആരംഭിക്കുകയും ടോമി തിരിച്ചുമടങ്ങാനാവാതെ നാട്ടിൽതന്നെ കുടുങ്ങുകയുമായിരുന്നു.
യമനിൽ ഒറ്റപ്പെട്ട നിമിഷപ്രിയയെ യമനി പൗരൻ പലരീതിയിൽ ഉപദ്രവിക്കാൻ തുടങ്ങി. പാസ്പോർട്ട് തട്ടിയെടുക്കുകയും സ്ഥാപനത്തിലെ വരുമാനവും നിമിഷയുടെ സ്വർണവുമെല്ലാം സ്വന്തമാക്കുകയും ചെയ്തു. ഇതിനൊപ്പം നിമിഷയെ വിവാഹം കഴിച്ചതായി രേഖകളുണ്ടാക്കി.
രണ്ടര വർഷത്തോളം ശാരീരികവും മാനസികവുമായ പലതരം യാതനകളിലൂടെ കടന്നുപോയ യുവതി 2017ൽ പലരുടെയും ഉപദേശ, നിർദേശ പ്രകാരം അയാളെ ഉറക്കിക്കിടത്താനായി മയക്കുമരുന്ന് കുത്തിവെച്ചു. അയാൾ മയങ്ങിക്കിടക്കുമ്പോൾ പാസ്പോർട്ടുമെടുത്ത് രക്ഷപ്പെടാമെന്നായിരുന്നു പ്ലാൻ. ഇതിനായി സഹപ്രവർത്തകയും ഒപ്പം നിന്നു. എന്നാൽ, ഉറങ്ങാനായി കുത്തിവെച്ച മയക്കുമരുന്ന് യമനിയുടെ ജീവനെടുത്തത് നിമിഷപ്രിയ അറിഞ്ഞില്ല.
യുദ്ധം നടക്കുന്ന സാഹചര്യത്തിൽ തലാൽ ഉണരുംമുമ്പേ രക്ഷപ്പെടുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയോടുകയായിരുന്നു നിമിഷയും സഹപ്രവർത്തകയും. എന്നാൽ, വൈകാതെ യമൻ അതിർത്തി ഗ്രാമത്തിൽവെച്ച് അധികൃതരുടെ പിടിയിലായി. നിയമനടപടികൾക്കൊടുവിൽ നിമിഷയെ വധശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള ഉത്തരവും ഇറങ്ങി.
നിയമ സഹായംപോലും ലഭിക്കാതെ
പിടിക്കപ്പെട്ടതിനു പിന്നാലെ പുറംലോകവുമായി ബന്ധപ്പെടാനോ കൃത്യമായ നിയമസഹായം തേടാനോപോലും നിമിഷപ്രിയക്കു സാധിച്ചിരുന്നില്ല. ദ്വിഭാഷിയെ അനുവദിക്കാത്തതിനാൽ നടന്നത് കോടതിയിൽ പറയാൻപോലും സാധിക്കാത്ത സാഹചര്യമായിരുന്നു.
പ്രാഥമിക കോടതിയിൽ കുറ്റം സമ്മതിച്ചു എന്നതിനാലും തന്‍റെ നിരപരാധിത്വം തെളിവുസഹിതം അപ്പീൽ കോടതിയെ ബോധ്യപ്പെടുത്താനാവാത്തതിനാലുമാണ് നിമിഷപ്രിയക്ക് വധശിക്ഷ വിധിക്കപ്പെട്ടതെന്ന് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. 2022 മാർച്ച് എട്ടിനായിരുന്നു യമനിലെ സുപ്രീംകോടതി വിധി.
പുറംലോകവുമായി ബന്ധമില്ലാതെ യമനിലെ സൻആയിൽ ജയിലിൽ കിടക്കുകയായിരുന്ന തനിക്കെതിരെ പ്രചരിക്കുന്ന തെറ്റിദ്ധാരണജനകമായ വാർത്തകൾപോലും അറിയാത്ത സ്ഥിതിയിലായിരുന്നു അന്ന് നിമിഷപ്രിയ. ദയാഹരജി സുപ്രീംകോടതി തള്ളിയ വിവരംപോലും അറിയാത്ത സാഹചര്യത്തിലായിരുന്നു അവർ കഴിഞ്ഞിരുന്നത്. 2023 നവംബറിലാണ് നിമിഷപ്രിയയുടെ അപ്പീൽ തള്ളിയത്.
പ്രസിഡന്‍റിന്‍റെ കനിവിൽ പ്രതീക്ഷ കൈവിടാതെ
ശിക്ഷാവിധിയുമായി ബന്ധപ്പെട്ട ഫയൽ യമൻ പ്രസിഡന്‍റിന്‍റെ പരിഗണനയിലാണ്. വലിയ പരിശ്രമങ്ങൾക്കും സമ്മർദങ്ങൾക്കുമൊടുവിൽ ഈ ഫയൽ പരിഗണിക്കുന്നത് നീട്ടിവെക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവർ.
മോചനത്തിനുവേണ്ട സകല സാധ്യതകളും ഉപയോഗിക്കാനും പരിശ്രമങ്ങൾ നടത്താനുമുള്ള സമയം അവിടത്തെ ഭരണകൂടം അനുവദിക്കുന്നുണ്ട് എന്നതാണ് ഇവർക്ക് ആശ്വാസം നൽകുന്നത്.
ആക്ഷൻ കൗൺസിലിന്‍റെ ഇടപെടൽ
ആരോരും സഹായത്തിനില്ലാതെ വിദൂരത്തൊരു നാട്ടിലെ ജയിലിൽ മരണം കാത്തുകിടക്കുന്ന പെൺകുട്ടിയുടെ മോചനത്തിനായി നാട്ടുകാരും സ്വദേശത്തും വിദേശത്തുമുള്ള സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകരും അഭ്യുദയകാംക്ഷികളുമെല്ലാം ചേർന്നാണ് സേവ് നിമിഷപ്രിയ ഇന്‍റർനാഷനൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്.
2021ലായിരുന്നു ഇത്. അന്താരാഷ്ട്ര ഏജൻസികൾ, സർക്കാർ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെ മോചനദൗത്യം ഏകോപിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്ത്യക്കാർക്ക് യാത്രാവിലക്കുള്ള യമനിലേക്ക് നിമിഷപ്രിയയുടെ അമ്മക്ക് പോവാനുള്ള അനുമതി നേടിക്കൊടുത്തത് ആക്ഷൻ കൗൺസിലാണ്. അമ്മക്കൊപ്പം യമനിലെത്തിയത് വർഷങ്ങളായി യമനിൽ ജോലിചെയ്യുന്ന ആക്ഷൻ കൗൺസിൽ അംഗവും സാമൂഹിക പ്രവർത്തകനും ഇവരുടെ പവർ ഓഫ് അറ്റോണിയുമായ സാമുവൽ ജെറോം ആണ്.
തലാലിന്‍റെ കുടുംബം ഉൾപ്പെടുന്ന ഗോത്രവുമായി മധ്യസ്ഥ ചർച്ച നടത്തലും മറ്റുമാണ് ഇനി ഇവർക്കു മുന്നിലുള്ള മാർഗം. എന്നാൽ, ഇതൊരിക്കലും നേരിട്ട് കഴിയില്ല. മറ്റൊരു ഗോത്രമാണ് ഈ ഗോത്രവുമായി ചർച്ച നടത്തുക. ദിയാധനം (ബ്ലഡ്മണി) സ്വീകരിച്ച് മകൾക്ക് മാപ്പുനൽകി വിട്ടയക്കണേ എന്ന പ്രേമകുമാരിയുടെ അഭ്യർഥനയും പ്രാർഥനയുമായിരിക്കും ഈ ചർച്ചയിൽ ഉയരുക.
സഹായവുമായി പ്രമുഖർ
കേരളത്തിൽനിന്നുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുൾപ്പെടെ മോചനത്തിനായി രംഗത്തെത്തി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു ഇതിലൊരാൾ. നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിൽ, കടുത്ത അസുഖബാധിതനായി ഇരിക്കുന്ന വേളയിൽപോലും അദ്ദേഹം സജീവമായിരുന്നു.
മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഏകോപിപ്പിക്കാനും സർക്കാർ തലത്തിൽ കാര്യങ്ങൾ വേഗത്തിലാക്കാനും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നതായി ആക്ഷൻ കൗൺസിലിനു കീഴിലുള്ള നെഗോസിയേഷൻ കമ്മിറ്റി അംഗം ബാബു ജോൺ ഓർമിക്കുന്നു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുമായി ബന്ധപ്പെട്ട് കാര്യങ്ങളറിയിച്ചപ്പോൾ ബ്ലഡ് മണിയിലേക്ക് ഒരുകോടി രൂപ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
പ്രാരംഭ ചെലവായി വേണ്ടത് 35 ലക്ഷം
നിലവിൽ ബ്ലഡ് മണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗോത്രവുമായി ചർച്ച ചെയ്യുന്നതിന്‍റെ പ്രാരംഭ ചെലവുകൾക്കായി 40,000 യു.എസ് ഡോളർ (ഏകദേശം 35 ലക്ഷം രൂപ) ആവശ്യം വരുമെന്ന് ഇന്ത്യൻ എംബസി നിയമിച്ച യമനി അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്. ഇത് രണ്ടു ഘട്ടമായാണ് നൽകേണ്ടത്. ഈ തുക സമാഹരിക്കാനുള്ള പരിശ്രമത്തിലാണ് ആക്ഷൻ കൗൺസിൽ.
ആഭ്യന്തര യുദ്ധം തുടർന്നു കൊണ്ടിരിക്കുന്ന യമനിൽ മോചനശ്രമങ്ങൾ അത്ര എളുപ്പമല്ല. മാത്രമല്ല, ജാഗ്രതയോടെയും സൂക്ഷ്മതയോടെയും വേണം ഓരോ ചുവടും വെക്കാൻ. സുരക്ഷാ കാരണങ്ങളാലും മധ്യസ്ഥതയുമായി ബന്ധപ്പെട്ട ചെലവുകൾക്കുമായാണ് ഇത്രയധികം പ്രാരംഭ ചെലവ് വേണ്ടിവരുന്നത്.
പ്രതീക്ഷ മധ്യസ്ഥ ചർച്ചയിൽ
നിലവിൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പും കേന്ദ്ര സർക്കാറിന്‍റെ മാറ്റവും ചെറിയ രീതിയിൽ മോചനത്തിനുള്ള ഇടപെടലുകളിൽ കാലതാമസം ഉണ്ടാക്കിയിട്ടുണ്ട്. ഗോത്രതലത്തിൽ നടത്താനിരിക്കുന്ന മധ്യസ്ഥ ചർച്ചകൾ വലിയ പ്രതീക്ഷയാണ് മുന്നോട്ടുവെക്കുന്നത്. അവർ ബ്ലഡ് മണി ആവശ്യപ്പെട്ടാൽ അതെത്രയാണോ അതു നൽകേണ്ടി വരുമെന്നും ബാബു ജോൺ കൂട്ടി ചേർത്തു.
വൈകാരികം ആ കൂടിക്കാഴ്ച
ഇക്കഴിഞ്ഞ ഏപ്രിൽ 24നായിരുന്നു ഒരു വ്യാഴവട്ടത്തിനുശേഷം ആ അമ്മയും മകളും നേരിൽക്കണ്ടത്. യമനിലെ സൻആയിലെ ജയിലിലായിരുന്നു വൈകാരികമായ ആ കൂടിക്കാഴ്ച. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ ഒപ്പം ജയിലിലെത്തിയ അമ്മയെ മകൾ കണ്ണീരോടെയാണ് സ്വീകരിച്ചത്.
മോചനവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള ചുവടുവെപ്പായിരുന്നു ഈ കൂടിക്കാഴ്ച. നാലുമണിക്കൂറോളം അവർ ഒരുമിച്ച് ചെലവഴിക്കുകയും പ്രേമകുമാരി മകൾക്കായി കൊണ്ടുവന്ന ഭക്ഷണം കഴിപ്പിക്കുകയും ചെയ്തു. അവർ പരസ്പരം സങ്കടങ്ങൾ പങ്കുവെച്ചു, 12 വർഷത്തിനിടെ ജീവിതത്തിലുണ്ടായ കാര്യങ്ങൾ പറഞ്ഞു, പരസ്പരം ആശ്ലേഷിച്ചു, നിറയെ സ്നേഹചുംബനങ്ങൾ കൈമാറി.
‘‘ജയിലിലെ ഉദ്യോഗസ്ഥർക്കും മറ്റും ഏറെ പ്രിയപ്പെട്ടവളാണ് എന്‍റെ കുഞ്ഞ്. അവരെയെല്ലാം അവൾ ഒരു ഡോക്ടറെന്ന പോലെയാണ് പരിചരിക്കുന്നത്. എത്രയും പെട്ടെന്ന് അവളെ സ്വതന്ത്രയാക്കി തിരികെ നാട്ടിലെത്തിക്കാൻ കഴിയണേ എന്ന പ്രാർഥനയിലാണ് ഞാൻ’’ -യമനിലിരുന്ന് ഇടറിയ സ്വരത്തിൽ പ്രേമകുമാരി തന്‍റെ നോവും പ്രതീക്ഷയും പങ്കുവെച്ചു.
എറണാകുളം കിഴക്കമ്പലത്തെ താമരച്ചാലിൽ വീട്ടുജോലിക്ക് നിൽക്കുകയാണ് പ്രേമകുമാരി. നിമിഷയുടെ ഭർത്താവ് ടോമി ഓട്ടോ ഓടിച്ചാണ് ഉപജീവനം തേടുന്നത്. മകൾ മിഷേലിന് പത്തു വയസ്സായി. കുഞ്ഞായിരിക്കുമ്പോൾ മാത്രം കണ്ട അമ്മക്കുവേണ്ടി കാത്തിരിക്കുകയാണ് ഈ പൊന്നുമോൾ.
നീണ്ട വർഷങ്ങൾക്കിടെ നിമിഷപ്രിയയുടെ മോചനത്തിനായി സ്വന്തം വീടുവരെ ഇവർക്കു വിൽക്കേണ്ടിവന്നു. എന്തെല്ലാം നഷ്ടങ്ങൾ വന്നാലും മകളെ സർവ സ്വതന്ത്രയായി വിട്ടുകിട്ടുന്നതുവരെ എങ്ങനെയെങ്കിലും യമനിൽത്തന്നെ തുടരുമെന്ന തീരുമാനത്തിലാണ് അമ്മ പ്രേമകുമാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.