Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_rightഅപൂർവ രോഗം...

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോറ്റുകൊടുക്കാതെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത്തിന്‍റെ വിശേഷമറിയാം

text_fields
bookmark_border
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോറ്റുകൊടുക്കാതെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത്തിന്‍റെ വിശേഷമറിയാം
cancel
camera_alt

രഞ്ജിത് സി. നായർ


‘Sky is the limit’ എന്ന് നാം പൊതുവായി പറയാറുണ്ടെങ്കിലും ആകാശത്തിനുമപ്പുറമാണ് രഞ്ജിത്തിന്‍റെ സ്വപ്നങ്ങൾ. തന്‍റെ സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കാൻ ആകാശത്തിനും കഴിയില്ലെന്ന് തെളിയിക്കുകയാണ് പത്തനംതിട്ട വെച്ചൂച്ചിറ കൂത്താട്ടുകുളം വടക്കേയിൽ ചന്ദ്രശേഖരൻ നായരുടെയും പ്രസന്നയുടെയും മൂത്തമകൻ രഞ്ജിത് സി. നായർ. സ്പൈനൽ മസ്കുലാർ അട്രോഫി കൂടപ്പിറപ്പായ ഇദ്ദേഹം സ്വപ്നങ്ങളുടെ ആകാശത്തേക്ക് ചിറകുവിരിച്ചു പറക്കുകയാണ്.

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും ജീവിതത്തിൽ തോറ്റുപോകാൻ രഞ്ജിത് തയാറായിരുന്നില്ല. സ്‌കൂളിലും കോളജിലും പോയിട്ടില്ലാത്ത ഇദ്ദേഹത്തിന് പരസഹായമില്ലാതെ നടക്കാനുമാകില്ല. വീട്ടിലെത്തി ട്യൂഷൻ സെന്‍റർ അധ്യാപകർ പകർന്നുനൽകിയ അറിവുകളാണ് രഞ്ജിത്തിനെ പാകപ്പെടുത്തിയത്.

പിന്നീട് അത് നിർത്തിയതോടെ സ്വയം അറിവ് നേടാൻ തുടങ്ങി. ഇന്ന് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ, ഗാർഡനിങ്, ജേണലിസം, ഫോട്ടോഗ്രഫി, യാത്ര, പുരാവസ്തുശേഖരം... അങ്ങനെ നീളുന്നു​ വിശേഷങ്ങൾ.

ഇലക്​ട്രോണിക്സിൽനിന്ന് കമ്പ്യൂട്ടർ ഹാർഡ്​വെയറിലേക്ക്​

ചെറുപ്പം മുതലേ ഇലക്​​ട്രോണിക്സിനോടും ഇലക്​​ട്രോണിക്​ ഉപകരണങ്ങളോടുമായിരുന്നു താൽപര്യം. വീട്ടിലെ റേഡിയോയിലാണ് പണി തുടങ്ങിയത്. അയൽവാസികളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കി നൽകിയായിരുന്നു മേഖലയിലെ തുടക്കം.

പതിനെട്ടാം വയസ്സിൽ (2004ൽ) കമ്പ്യൂട്ടർ വാങ്ങിയതോടെ ഇലക്ട്രോണിക്സ് ഉപേക്ഷിച്ച് അതിലേക്ക് തിരിഞ്ഞു. ​വിഡിയോ എഡിറ്റിങ് കൂടി വശമായതോടെ വിവാഹ കാസെറ്റുകൾ എഡിറ്റ് ചെയ്യുന്നതായി പ്രധാന ജോലി. വെബ് ഡിസൈനിങ്ങടക്കം എന്തിനും തയാർ. ആദ്യം കമ്പ്യൂട്ടർ കേടുവന്നപ്പോൾ സ്വയം അഴിച്ചുപണിയുകയും അതിന്‍റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയുമായിരുന്നു.

സ്വന്തമായി ഭക്ഷണം കഴിക്കാൻപോലും കഴിയാത്ത രഞ്ജിത്തിനുമുന്നിൽ കമ്പ്യൂട്ടർ എന്നത്​ വെല്ലുവിളിയായിട്ടും ചുരുങ്ങിയ സമയംകൊണ്ട്​ വിഡിയോ എഡിറ്റിങ്ങും ഗ്രാഫിക്​ ഡിസൈനിങ്ങുമെല്ലാം സ്വയം പഠിച്ചെടുത്തു. അതോടൊപ്പം​ സ്പെയർപാർട്സുകൾ വാങ്ങി കമ്പ്യൂട്ടർ സ്വയം നിർമിക്കാൻ തുടങ്ങി. ഇതിനകം നൂറിലധികം കമ്പ്യൂട്ടറുകൾ നിർമിച്ചുനൽകി.

സ്വന്തം മുറിയിലെ ഫാനും ലൈറ്റും എ.സിയുമെല്ലാം രഞ്ജിത് പറഞ്ഞാൽ പ്രവർത്തിക്കും. ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ മറ്റൊരാളെ ആശ്രയിക്കേണ്ടിവരുന്നത് ഒഴിവാക്കാനായിരുന്നു ഇവയിൽ സെൻസർ ഘടിപ്പിച്ചത്. ഈ കാലത്ത് ഇതൊന്നും അതിശയമല്ലെന്ന് തോന്നുമെങ്കിലും അലക്സ പോലുള്ള ടെക്​നോളജി നാട്ടിൽ വ്യാപകമാകുംമുമ്പേ രഞ്ജിത്​ ഇവയെല്ലാം സ്വന്തമായിത്തന്നെ പരീക്ഷിച്ച്​ കണ്ടെത്തിയിരുന്നു.

സ്വന്തമായി കീബോർഡ്​ ഉപയോഗിക്കാൻ കഴിയില്ലെങ്കിലും വെർച്വൽ കീബോർഡ്​, മൗസിന്‍റെ സഹായത്താൽ പ്രവർത്തിപ്പിച്ചാണ്​ കമ്പ്യൂട്ടർ ഉപയോഗിക്കുന്നത്​.

കൂട്ടുകാർക്കൊപ്പം


ആയിരത്തിലധികം വെഡിങ്​ ആൽബങ്ങൾ

കമ്പ്യൂട്ടർ വാങ്ങിയശേഷം ​ആൽബം ഡിസൈനിങ്​, വിഡിയോ എഡിറ്റിങ്​ എന്നിവയെല്ലാം സ്വയം പഠിച്ചെടുത്തു. ഇതുവരെ ആയിരത്തിലധികം വിവാഹ വിഡിയോകളും ആൽബങ്ങളും എഡിറ്റ് ചെയ്തു. ഫോട്ടോഷോപ്​, ഇല്ലസ്​ട്രേറ്റർ തുടങ്ങിയവ സ്വന്തമായി പഠിച്ചെടുക്കുകയായിരുന്നു.

തുടക്കത്തിൽ ​സ്വന്തം ടീമിനെ ഉപയോഗിച്ച്​ ഫോട്ടോഷൂട്ട്​ നടത്തി വെഡിങ്​ ആൽബങ്ങൾ നിർമിച്ചിരുന്നു. ഇപ്പോൾ രണ്ടുമൂന്ന്​ സ്റ്റുഡിയോകളുടെ വർക്കുകൾ ആവശ്യപ്രകാരം ചെയ്തുനൽകുന്നുണ്ട്​.

കേബിൾ നെറ്റ്​വർക്കിലും കൈവെച്ചു

ഏറ്റവും വലിയ മോഹം മീഡിയ മേഖലയോടായിരുന്നു. 2005ൽ വിസ്മയ എന്ന പേരിൽ പ്രാദേശിക ചാനൽ തുടങ്ങിയിരുന്നു. അന്ന്​ അതിന് ട്രേഡ് മാർക്കും നേടിയിരുന്നു. ഭാവിയിൽ തനിക്കനുയോജ്യമാംവിധം മാറ്റങ്ങൾ വരുത്തി കാർ സ്വയം ഓടിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ മുപ്പത്തിനാലുകാരൻ.

നാണയ ശേഖരത്തിൽനിന്ന്


ഡേറ്റ റിക്കവറിയി​ലേക്ക്​

കോവിഡിനുശേഷം വെഡിങ്​ ആൽബം വർക്ക് താരതമ്യേന കുറവായിരുന്നു. അതിനുശേഷം ഡേറ്റ റിക്കവറി മേഖലയി​ലേക്ക്​ തിരിയുകയായിരുന്നു. വിഡിയോ എഡിറ്റിങ് സമയത്തും ഡേറ്റ റിക്കവറി ചെയ്തിരുന്നു. അന്നൊന്നും അത്​ പ്രഫഷനായി ​കൊണ്ടുപോയിരുന്നില്ല. ഇന്ന്​ കേരളത്തിലുടനീളം അനേകം ഡേറ്റ റിക്കവറിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ രഞ്ജിത്തിന്​ ലഭിക്കാറുണ്ട്​.

നഷ്‌ടപ്പെട്ട ഡിജിറ്റൽ ഡേറ്റ തിരിച്ചെടുക്കാൻ പലസ്ഥലങ്ങളിൽനിന്നായി ആളുകൾ രഞ്ജിത്തിനെ തേടിയെത്തുന്നു. ഹാർഡ് ഡിസ്ക്, പെൻ ഡ്രൈവ് എന്നിവയിലെ പഴയ ഡേറ്റ രഞ്ജിത് റിക്കവർ ചെയ്തുകൊടുക്കും.

പ്രഫഷനൽ കമ്പനികൾ ഡേറ്റ റിക്കവറിക്ക്​ ലക്ഷങ്ങൾ ഈടാക്കുമെങ്കിലും കുറഞ്ഞ പൈസക്കാണ്​ രഞ്ജിത്​ ചെയ്തുനൽകുന്നത്​. ഏറെ സമയം ചെലവഴിച്ചിട്ടും ഡേറ്റ ലഭിച്ചില്ലെങ്കിൽ സർവിസ്​ ചാർജായിപ്പോലും ഒന്നുംവാങ്ങാറില്ല.

ഗ്രാഫിക്​ ഡിസൈനിങ്ങിലെ ചെറിയ ​പോരായ്മകൾ രഞ്ജിത്​ കണ്ടെത്തുമായിരുന്നു. ഇതേത്തുടർന്ന്​ കോഴിക്കോട്​ ആസ്ഥാനമായി പ്രവർത്തിക്കുന്ന ​ഐ.ടി കമ്പനിയിലേക്ക്​ പ്രോഗ്രാം അനലൈസറായി​ 7,80,000 രൂപയുടെ സാലറി പാക്കേജോടുകൂടി​ ഓഫർ ലഭിച്ചിരുന്നു. എന്നാൽ, ഓഫി​സിലെത്തി ജോലി ചെയ്യുന്നതിന് ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ അത്​ ഉപേക്ഷിക്കുകയായിരുന്നു.

ഏറെയിഷ്ടം യാത്രകളും പുരാവസ്തു ശേഖരണവും

വീടിന്‍റെ നാലു ചുവരിനുള്ളിലിരുന്ന് വിവര സാങ്കേതികവിദ്യയുടെ വാതിൽ തുറന്ന് ലോകത്തെ അടുത്തുകാണുന്നതിനൊപ്പംതന്നെ യാത്രകളും രഞ്ജിത്​ ഏറെയിഷ്​ടപ്പെടുന്നു. അവധി ദിനങ്ങളിൽ കുടുംബാംഗങ്ങൾക്കൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ യാത്രപോവുകയാണ്​ പതിവ്​.

നിരവധി പുരാവസ്​തു ശേഖരവും രഞ്ജിത്തിന്‍റെ പക്കലുണ്ട്. വിവിധ രാജ്യങ്ങളിലെ നാണയങ്ങൾ, ഓട്ടുപാത്രങ്ങൾ, ഇലക്​​ട്രോണിക് ഗാഡ്ജറ്റുകൾ, പഴയ ഇലക്​​ട്രോണിക്​ ഉപകരണങ്ങൾ, വിളക്കുകൾ, വിന്‍റേജ്​ വിഡിയോ-ഓഡിയോ ഉപകരണങ്ങൾ, കാസെറ്റുകൾ എന്നിവയെല്ലാം ശേഖരത്തിലുണ്ട്​.

പുരാവസ്​തു ശേഖരം വാങ്ങാനും വിൽക്കാനും വാട്സ്ആപ് ഗ്രൂപ്പുമുണ്ട്. വീടിന്‍റെ മുറ്റത്തുതന്നെ​ ​​കിളികളെ വളർത്തുന്നതോടൊപ്പം അരികിലായി സ്വന്തമായി പ്ലാൻ വരച്ച് പോട്ട് ഉണ്ടാക്കുന്ന തിരക്കിലാണിപ്പോൾ. വിഷ്ണുവും രഞ്ജിനിയുമാണ് സഹോദരങ്ങൾ.

‘‘നിരവധി പേർ ഇന്നും അവരുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാനാകാതെ പരിമിതികളിൽ ഒതുങ്ങിക്കൂടുന്നുണ്ട്. ചിലർ പരിശ്രമത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും അവരവരുടെ സ്വപ്നങ്ങൾക്ക് പിന്നാലെ എത്തും. അവഗണനയല്ല, പിന്തുണയാണ് ഏറ്റവും വലുത്. മാതാപിതാക്കളുടെ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് എനിക്ക് ഇവയെല്ലാം സാധിച്ചത്’’ -ഇത് പറയുമ്പോൾ രഞ്ജിത്തിന്‍റെ മുഖത്ത് ആത്മവിശ്വാസത്തിന്‍റെ വെളിച്ചം.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lifestyle
News Summary - renjith's inspirational life
Next Story