സോഷ‍്യൽ മീഡിയയിൽ വൈറലായ ഷഫീഖ് മാഷ് അധ‍്യയനം രസകരമാക്കുന്നത് ഇങ്ങനെയാണ്
text_fieldsഷഫീഖ് മാഷ് കുട്ടികൾക്കൊപ്പം
കക്ക് വേണം ചിഹ്നം...
ദീർഘം എന്നൊരു ചിഹ്നം...
ആഹാ നമ്മുടെ ചിഹ്നം...
ക ക കാ കാ കാ...
ആഹാ, ഇത്ര രസകരമായിരുന്നോ ചിഹ്ന പഠനം! ഇങ്ങനെ പഠിപ്പിച്ചാൽ എങ്ങനെയാണ് പഠിക്കാതിരിക്കുക. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഹൃദയം കീഴടക്കിയ മലപ്പുറം കുറുവ എ.യു.പി സ്കൂൾ അധ്യാപകന്‍ ഷഫീഖ് തുളുവത്തിന്‍റെ ക്ലാസ് ഇങ്ങനെയാണ്. വടിയെടുത്തും കണ്ണുരുട്ടിയും പേടിപ്പിക്കുന്ന മാഷല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിത്.
ദണ്ഡിയാത്ര പഠിപ്പിക്കുന്ന ദിവസം ഇദ്ദേഹം ഗാന്ധിജിയാവും, കൃഷി പഠിപ്പിക്കുമ്പോൾ കർഷകനാവും, കണക്ക് പഠിപ്പിക്കുമ്പോൾ സംഖ്യകളാവും. അങ്ങനെ പാഠപുസ്തകങ്ങളിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി കുട്ടികളിലേക്ക് ഇറങ്ങിവരും.
ക്ലാസിൽ ഗാന്ധിജി, സരോജിനി നായിഡു, ഒ.എന്‍.വി. കുറുപ്പ്, ജനറൽ ഡയർ തുടങ്ങി എല്ലാ വ്യക്തിത്വങ്ങളും വന്നുപോകും. കടുകട്ടി പാഠഭാഗങ്ങൾ പോലും സിംപിളായി അവരിലേക്കെത്തും. മേശപ്പുറത്ത് ചെടികളുടെ ചിത്രങ്ങൾക്കൊപ്പം പാട്ടിന്‍റെ രൂപത്തിൽ വിവരണവും എത്തുമ്പോൾ തനിയെ പഠിച്ചുപോകും.
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും തീർക്കുന്ന അധ്യായത്തെക്കുറിച്ചും വൈറലായ റീലുകളെക്കുറിച്ചും വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഷഫീഖ് മാഷ്.
ഷഫീഖ് മാഷ്
പാട്ടുപാടുന്ന മാഷാണ് ഇവിടെ ഹീറോ
ക്ലാസിൽ പഠനരീതികൾ പലതുണ്ട്. പാട്ടുപാടി പഠിപ്പിക്കാം, അഭിനയിച്ച് താരതമ്യപ്പെടുത്താം, ഫേസ് മാസ്കും മെറ്റീരിയലുകളും ഉപയോഗിക്കാം, മെറ്റീരിയലുകൾ കിട്ടിയില്ലെങ്കിൽ ആ മോഡലുകളുണ്ടാക്കാം... അങ്ങനെ ഓരോ ക്ലാസും എങ്ങനെ വൈവിധ്യമാക്കാമെന്നാണ് എല്ലായ്പോഴും എന്‍റെ ചിന്ത.
ചെറിയ കുട്ടികളാണ് നമ്മുടെ മുന്നിലിരിക്കുന്നത്. ട്രെൻഡിങ്ങായ പാട്ടുകൾ അവർ പെട്ടെന്ന് പഠിക്കും. തുടക്കം കിട്ടിയാൽ പോലും പാടും. അങ്ങനെയാണ് പഠനത്തിൽ അത് ഉപയോഗിച്ചാലോ എന്ന ചിന്ത വന്നത്. രസകരമായ രൂപത്തിൽ ഷോട്ട് നോട്ടുകളിൽനിന്ന് ചെറിയ ചെറിയ പാട്ടുകൾ തിട്ടപ്പെടുത്തി സ്വയം കണ്ണാടിയിൽ നോക്കി പ്രാക്ടീസ് ചെയ്ത് പഠിപ്പിക്കാൻ ആരംഭിച്ചു.
ബോറടി മാറ്റുന്നതിനൊപ്പം താളം പിടിച്ചാൽ പാടലും പഠിക്കലും രസകരമായി. ജാലിയൻ വാലാബാഗ് കൂട്ടക്കൊല പഠിപ്പിച്ചപ്പോൾ എന്‍റെ ക്ലാസിലെ മുഴുവൻ കുട്ടികളും മരിച്ച് ജീവിച്ചവരാണ്. എഴുത്തുകാരെ പഠിപ്പിക്കാൻ ഞാൻ അവലംബിച്ചത് ഓരോ കവികളുടെയും മാസ്ക് കുട്ടികൾതന്നെ വെച്ച് അവർ അവരെത്തന്നെ പരിചയപ്പെടുത്തുന്ന രീതിയാണ്.
ഒ.എൻ.വി, കുഞ്ഞുണ്ണി മാഷ് തുടങ്ങിയവർ കസേരയിലിരുന്ന് നേരിട്ട് അവരെത്തന്നെ പരിചയപ്പെടുത്തുമ്പോൾ ആ അവതരണവും പഠനവും അവർ എങ്ങനെ മറക്കാനാണ്.
അവധിക്കാല വിശേഷങ്ങൾ അറിയാൻ ക്ലാസിലെ 38 പേർക്കും ഞാൻ കത്തെഴുതിയിരുന്നു. ആശയ വിനിമയ ഉപാധികളിലെ ‘കൈയെഴുത്തും തപാൽ സംവിധാനവും’ എന്ന പരിസരപഠന ഭാഗം പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. സാങ്കേതികവിദ്യ ഏറെ സജീവമായ ഇക്കാലത്തും കുട്ടികളുടെ മേൽവിലാസത്തിൽ പോസ്റ്റ്മാൻ കത്തെത്തിച്ചത് അവരിൽ കൗതുകവും അഭിമാനവും ഉയർത്തി.
ഒരു കലാകാരന് വഴങ്ങുന്നതാണ് പഠനത്തിൽ ഞാൻ ഉപയോഗിക്കുന്ന ഈ ശൈലി. പഠിക്കുന്ന സമയത്ത് മൂന്നാം ക്ലാസ് മുതൽ മോണോ ആക്ടിൽ മത്സരിക്കാറുണ്ട്. പ്രസംഗിക്കും. നാടക അഭിനേതാവാണ്. നാടൻപാട്ട്, മാപ്പിളപ്പാട്ട് അവതരണവും ഒരുപാട് ഇഷ്ടമാണ്.
ഉള്ളിൽ ഇപ്പോഴും കലയുണ്ട്. അധ്യാപകൻ എന്ന നിലയിൽ അവസരം കിട്ടുമ്പോഴൊക്കെ ഞാനത് പ്രയോജനപ്പെടുത്താറുണ്ട്. എന്‍റെ വേദിയായാണ് ക്ലാസ് മുറി കാണുന്നത്. പഠിപ്പിക്കാനും ക്രിയേറ്റിവ് ആശയങ്ങൾ കിട്ടാനും കല ഉപയോഗിക്കുന്നു.
കുട്ടികളുടെ വൈറൽ മാഷ്
‘തുള്ളലെന്നു കേട്ടാൽ കുഞ്ചനെ നമ്മൾ ഓർക്കണം കേട്ടോ...’ എന്ന് തുടങ്ങുന്ന, കുഞ്ചൻ നമ്പ്യാരെയും ഓട്ടന്തുള്ളലിനെയും കുറിച്ച് കുട്ടികൾക്ക് എളുപ്പം മനസ്സിലാക്കാൻ തയാറാക്കിയ തുള്ളൽ ക്ലാസിന്‍റെ റീൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടതോടെയാണ് മാഷിന്‍റെ റീലുകൾ റിയൽ ഹിറ്റായത്.
അധ്യാപന രംഗത്തെ റിസോഴ്സ് പേഴ്സനാണ്. ജില്ലതലത്തിൽ അധ്യാപകർ അവധിക്കാലത്ത് കൂടും. നമുക്ക് ഓരോ വിഷയങ്ങൾ തരും. അത് ക്ലാസെടുത്ത് അവതരിപ്പിക്കണം. നമ്മൾ തയാറാക്കുന്ന ക്ലാസുകൾ വിഡിയോ രൂപത്തിലാക്കും.
വലിയ വിഷയത്തെ എങ്ങനെ ചെറുതാക്കി അവതരിപ്പിക്കാൻ സാധിക്കുമെന്നാണ് അപ്പോൾ ആലോചിക്കുക. മറ്റ് അധ്യാപകർക്കുകൂടി കാണിച്ചുകൊടുക്കാനാണ് വിഡിയോ പകർത്തുന്നത്. ചെറിയ റീൽ ആക്കി ‘അധ്യാപക കൂട്ടം’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
വിദ്യാഭ്യാസ വകുപ്പിൽനിന്ന് ആ വിഡിയോ ആവശ്യപ്പെട്ടു. അങ്ങനെയാണ് മന്ത്രിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ വരുന്നത്. തുടർന്ന് പത്ര-ദൃശ‍്യ മാധ്യമങ്ങൾ അതേറ്റെടുത്തു.
വേറിട്ട അധ്യാപനം
മുന്നിലിരിക്കുന്ന കുട്ടി എന്നും സ്കൂളിൽ വരണമെന്നതാണ് നമ്മുടെ പ്രധാന ലക്ഷ്യം. പരിമിതികളും പ്രയാസങ്ങളും മറികടന്ന് രസകരമായ ക്ലാസ് അവർക്ക് കിട്ടണം. ഒരു കുട്ടിക്കും അധ്യാപകനിൽനിന്ന് അവഗണനയോ നിരാശയോ ഉണ്ടാവരുത്.
രസകരമായ അന്തരീക്ഷം അവരെ ഒരുപാട് സ്വാധീനിക്കും. അവരറിയാതെത്തന്നെ പഠിക്കും. ആ ലക്ഷ്യം വെച്ചാണ് ഞാൻ ഈ രംഗത്ത് വന്നത്. ഡ്രീം ക്ലാസ്റൂം നമുക്ക് സൃഷ്ടിക്കാൻ സാധിക്കണം. എങ്കിലേ ഹാപ്പി ക്ലാസ്റൂം ആവുകയുള്ളൂ. കുട്ടികളാവണം അറിവിന്‍റെ നിർമാതാവ്. അവരാവണം ക്ലാസ് നയിക്കേണ്ടത്.
പഠന രീതിയിൽ പഴയതും പുതിയതുമായ ആശയങ്ങൾ സമന്വയിപ്പിച്ച് വിഷയം കേന്ദ്രീകരിച്ചുള്ള ക്ലാസുകൾ വേണം. അധ‍്യാപകനെന്ന നിലയിൽ പുതിയൊരു കര്യംകൂടി ഞാൻ ഇതിലേക്ക് ചേർക്കുന്നുണ്ട്. മനോഹരമായി അവരെ പഠിപ്പിക്കുക, അതവർക്ക് ജീവിതത്തിലേക്ക് പകർത്താൻ വഴികാട്ടിയാവുക എന്ന ആശയമാണത്.
ഫോൺ സ്ക്രീനിൽനിന്ന് കിട്ടുന്നതും കാണുന്നതും റിയലായി അവരുടെ മുന്നിൽ നടക്കുമ്പോൾ ഫോൺ ഉപയോഗം കുറക്കാനാകുമെന്നാണ് വിശ്വാസം. കുട്ടികൾക്ക് പാഠപുസ്തകത്തിൽ ഇല്ലാത്തൊരു വിഷയം സ്ഥിരമായി വായിക്കാൻ കിട്ടണം. ഗാന്ധിജി ബോംബെ തുറമുഖത്ത് ഇറങ്ങുന്നെന്ന് പറയുന്നതിനെക്കാൾ അങ്ങനെ എങ്കിൽ അദ്ദേഹം ഇന്ത്യയിൽ ഇല്ലായിരുന്നു ദക്ഷിണാഫ്രിക്കയിലായിരുന്നു എന്നൊരു അറിവുകൂടി കുട്ടികൾക്ക് കിട്ടണം.
എല്ലാ രക്ഷിതാക്കളും ഇന്ന് വിദ്യാസമ്പന്നരാണ്. ബിരുദമുള്ള ഒരാളെങ്കിലും വീട്ടിലുണ്ടാവും. കുട്ടികളെക്കുറിച്ച് അവർക്ക് ആശങ്കയുണ്ടാകും. അവർക്ക് സംതൃപ്തി കിട്ടാൻ ഇതുപോലുള്ള ക്ലാസ് മുറി വന്നേ മതിയാവൂ. ഇല്ലെങ്കിൽ ഈ സംവിധാനത്തോട് അവമതിപ്പുണ്ടാവും.
രക്ഷിതാക്കളോട് ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, ‘കളിപ്പാട്ടം പൊട്ടിയില്ലെങ്കിൽ അതിനർഥം കുട്ടികൾ അതിൽ എൻഗേജ്ഡ് അല്ല എന്നാണ്’ -ഇത്രയും പറഞ്ഞുനിർത്തി ഷഫീഖ് മാഷ് അധ‍്യയനത്തിൽ പുതിയ ആശയങ്ങൾ കണ്ടെത്താനുള്ള തയാറെടുപ്പിലേക്ക് നീങ്ങി.
‘ജീവനുള്ള മൊബൈൽ ഫോൺ’
മൊബൈൽ ഫോൺ പിടിമുറുക്കുന്ന ഇക്കാലത്ത് കുട്ടികളെ പിടിച്ചിരുത്തുന്ന ജീവനുള്ള മൊബൈൽ ഫോണാവുകയാണ് ഈ അധ‍്യാപകൻ. കുട്ടികൾ ഇഷ്ടപ്പെടുന്ന രീതിയിൽ പഠിപ്പിക്കുന്ന പ്രിയപ്പെട്ട അധ‍്യാപകനാവാനാണ് ഷഫീഖ് മാഷിനിഷ്ടം.
പരീക്ഷക്ക് 100 മാർക്ക് കിട്ടിയില്ലെങ്കിലും കുട്ടികൾ മാഷിന് നൽകുന്ന മാർക്ക് 100 തന്നെ. എ.ഐ വന്നാലും ഇതുപോലുള്ള പഠനത്തിന്‍റെ രസം വേറെത്തന്നെയാണെന്നാണ് കുട്ടികളുടെ പക്ഷം. അവധി ദിവസം വീട്ടിലിരിക്കുന്നതിനേക്കാൾ അവർക്കിഷ്ടം മാഷിന്‍റെ ക്ലാസിൽ വരാനാണ്. ഇതിനകം നൂറോളം വേദിയിൽ ഇദ്ദേഹം അധ്യാപന മികവ് പ്രകടിപ്പിച്ചുകഴിഞ്ഞു.
രാത്രിയിൽ പലഹാരം നിർമിക്കാൻ പോയി പഠനച്ചെലവ് കണ്ടെത്തിയ അനുഭവങ്ങളിൽനിന്നാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ സംരക്ഷിക്കണമെന്ന തീരുമാനത്തിലേക്ക് ഇദ്ദേഹം എത്തിയത്. പഠനോപകരണങ്ങളും യൂനിഫോമും വാങ്ങിക്കൊടുത്തതും വിനോദയാത്രക്ക് പോകാൻ സാധിക്കാത്ത കുട്ടികളെ കൊണ്ടുപോയതും പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിദ്യാർഥികളെ യാത്ര കൊണ്ടുപോയി മഞ്ഞുരുകുന്ന പോലെ അവരുടെ സങ്കടങ്ങൾ ഇല്ലാതാക്കിയതും കുട്ടികളോടുള്ള മാഷിന്‍റെ കരുതലിന്‍റെ തുടർച്ചയാണ്.
എട്ടു വർഷത്തെ സർവിസിനിടെ തിരുവനന്തപുരം എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്‍ററിന്‍റെ അധ്യാപക അവാർഡ് ഇദ്ദേഹത്തെ തേടിയെത്തി. ക്ലാസിൽ അവതരിപ്പിക്കുന്ന പാട്ടുകളും ക്ലാസുകളും ആദ്യം കേൾക്കുന്നത് മകൾ ഷിമാസ് അയ്തലാണ്. അധ‍്യാപക കോഴ്സ് കഴിഞ്ഞ ഭാര്യ സഫ റസ്മ ജീവിതത്തിനൊപ്പം അധ‍്യാപനത്തിലും ഷഫീഖ് മാഷിന്‍റെ പങ്കാളിയാവാനൊരുങ്ങുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.