സൈലൻറ് വാലിയുടെ മടിത്തട്ടിലൂടെ ഒരു യാത്ര...
text_fieldsനിബിഡവും വന്യവുമായ ഇലച്ചാര്ത്തുകളാൽ കവചം ചെയ്യപ്പെട്ട, പലയിടങ്ങളിലും മനുഷ്യസ്പർശമേൽക്കാത്ത കന്യാവനം. നിശ്ശബ്ദത ചൂഴ്ന്നുനിൽക്കുന്ന സൈലൻറ് വാലിയുടെ മടിത്തട്ടിലൂടെ ഒരു യാത്ര...
പതിനൊന്ന് ഹെയർപിൻ വളവുകളുള്ള അട്ടപ്പാടി ചുരം കടന്ന് മുക്കാലി ഫോറസ്റ്റ് ഓഫിസിൽ എത്തുന്നവർക്കായി സൈരന്ധ്രി വനത്തിലേക്കു പോകാൻ വനം വകുപ്പിെൻറ ജീപ്പുണ്ട്. മുക്കാലിയിൽനിന്ന് ഇനിയും 23 കിലോമീറ്റർ യാത്രചെയ്യണം ഉൾവനങ്ങളിൽ എത്താൻ. ജീപ്പ് ഡ്രൈവർ അശ്വഹൃദയമറിയുന്ന പടയാളി. കാടിെൻറ എല്ലാ ഉൾത്തളങ്ങളും ആ കൈരേഖയിലുണ്ട്.
ജലസമാധിയിലാണ്ടു പോകേണ്ടിയിരുന്ന സൈലൻറ് വാലി എന്ന ജൈവ വൈവിധ്യത്തിലേക്കുള്ള യാത്രയായിരുന്നു അത്. കൊച്ചിയിൽനിന്ന് തിരിച്ച് പാലക്കാട്ടെ മണ്ണാർക്കാടുനിന്നും വീണ്ടും യാത്ര ചെയ്ത് മുക്കാലിയിൽ എത്തുമ്പോൾ നേരം മധ്യാഹ്നം. രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് സഞ്ചാരികളുടെ സന്ദർശന സമയം. അതുകൊണ്ടുതന്നെ നല്ല സ്പീഡിൽ ഇങ്ങോട്ടേക്കു എത്തുകയായിരുന്നു.
ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ ശാസ്ത്രക്ലാസുകളിൽ െവച്ചുതന്നെ കേട്ടു കുളിരണിഞ്ഞ ഒരു പരിസ്ഥിതി വിജയഗാഥയാണല്ലോ സൈലൻറ് വാലി.മുക്കാലി ഫോറസ്റ്റ് ഓഫിസിൽനിന്ന് സൈലൻറ് വാലിയിലേക്കുള്ള യാത്ര വനം വകുപ്പിന്റെ ജീപ്പിലാണ്. ഇപ്പോൾ ബസ് സർവിസുമുണ്ട്.ജീപ്പിൽ അഞ്ചു പേർക്കുവരെ പോകാം. സ്വകാര്യവാഹനങ്ങൾക്ക് ഇവിടെ അനുമതിയില്ല. മുൻകൂർ അനുമതി വാങ്ങിയാണ് ഇവിടം സന്ദർശിക്കേണ്ടത് എന്നതുതന്നെ ഇതിെൻറ പരിസ്ഥിതിപ്രാധാന്യം വെളിവാക്കുന്നു. അത്യപൂർവമായ ഒരു പ്രകൃതിസ്നേഹം ഇവിടെ കാണാനുണ്ട്. വളരെ കർമനിരതരായ ഉദ്യോഗസ്ഥർ...
കാടിന്റെ മക്കൾ തന്നെയാണ് പലപ്പോഴും ഗൈഡുകളായി കൂടെ വരുന്നത്. അവർക്ക് കാടകം കൈരേഖപോലെ സുപരിചിതം. ചെക്ക്പോസ്റ്റ് കഴിഞ്ഞ് കാപ്പിത്തോട്ടങ്ങൾ ആരംഭിക്കുന്നു. ബഫർസോണിലെ ഇലപൊഴിയും കാടുകളിൽനിന്നും പേരറിയാത്ത കിളികളുടെ ശബ്ദം. മരുത്, ഈട്ടി, വേങ്ങ തുടങ്ങിയ മരങ്ങളെല്ലാം ഗൈഡ് മകൾക്കു കാണിച്ചുകൊടുത്തു.
മരങ്ങളുടെ ചില്ലത്തലപ്പുപോലും എത്താത്ത ഉയരങ്ങളിലെ കോൺക്രീറ്റ് കൂടിൽ വസിക്കുന്ന അവൾ വിസ്മയത്തോടെ വൃക്ഷരാജാക്കന്മാരെ നോക്കിനിന്നു.ഉൾക്കാട്ടിലെ മരങ്ങൾ ഇതിലും വ്യത്യസ്തമത്രെ. ചുരുളി, പുന്ന തുടങ്ങിയ വന്മരങ്ങൾ.ഇരുളർ, മുകുടർ, കുറുമ്പർ തുടങ്ങി കാടിെൻറ അധിപരായ ആദിവാസികളും ഇവിടെയുണ്ട്. കാപ്പിത്തോട്ടങ്ങളും കരുവാരക്കുണ്ട് കോളനിയും കഴിയുമ്പോൾ പ്രതാപികളായ വന്മരങ്ങളും ചെറുവെള്ളച്ചാട്ടങ്ങളും കണ്ടുതുടങ്ങി.
ഇലക്ട്രിസിറ്റി ബോർഡ് നിർമിച്ച വഴിയിലൂടെ ജീപ്പ് തെൻറ ഹനുമാൻ ഗിയറിൽ പായുന്നു. അന്തരീക്ഷം ചൂടിൽനിന്ന് തണുപ്പിെൻറ അലകളിലേക്ക് ഒഴുകി മാറുന്നു.
സൈലൻറ് വാലി ഒരു ഐസ്ബർഗ് ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കണ്ടതിലും എത്രയോ ബൃഹത്തായ പ്രകൃതിസൗന്ദര്യം ഒളിപ്പിച്ചുെവച്ചിരിക്കുന്ന ശാദ്വല ഭൂമി. കാണുന്നതിലും എത്രയോ ആഴം ഉള്ളിലൊളിപ്പിച്ച ജൈവവൈവിധ്യ ഹോട്ട് സ്പോട്ട്. പലപ്പോഴും വന്യമൃഗങ്ങളെ കാണാനും സെൽഫി എടുക്കാനും വരുന്നവർ ഇവിടെ നിരാശപ്പെട്ടേക്കും. ഇതു കാടാണ്. പലയിടങ്ങളിലും മനുഷ്യസ്പർശമേൽക്കാത്ത കന്യാവനം.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിന് അടുത്താണ് ഈ നിത്യഹരിത ജൈവസമ്പന്നത സ്ഥിതിചെയ്യുന്നത്. അഞ്ചുകോടി വർഷംകൊണ്ടുണ്ടായതത്രെ ഈ നിശ്ശബ്ദ വനം. കുന്തിപ്പുഴയിൽ അണകെട്ടി വൈദ്യുതി ഉൽപാദിപ്പിക്കാൻ പ്ലാനിങ് കമീഷൻ സർക്കാറിന് 1973ൽ പച്ചക്കൊടി കാണിച്ചതോടെ സൈലൻറ് വാലി അശാന്തമായി. നിരവധി പരിസ്ഥിതിസ്നേഹികളുടെ ശബ്ദമുയർത്തലുകൾക്കും പ്രക്ഷോഭങ്ങൾക്കും ഒടുവിൽ ഈ താഴ്വര രക്ഷപ്പെട്ടു. 1984ൽ സൈലൻറ് വാലിയെ നാഷനൽ പാർക്കായി ശ്രീമതി ഇന്ദിര ഗാന്ധി പ്രഖ്യാപിച്ചു.
സൈലൻറ് വാലിക്കുവേണ്ടി ശബ്ദിച്ച ധാരാളം നാവുകൾ ഓർത്താൽ ഏതു പരിസ്ഥിതിവാദിയുടെയും കരൾ കുളിർക്കും. കേരളത്തിൽ പരിസ്ഥിതിക്കുവേണ്ടി നടന്ന ഏറ്റവും വലിയ ധർമയുദ്ധമാണത്.അന്ന് കെ.എസ്.ഇ.ബിയുടെ വാശികലർന്ന ദൗത്യം വിജയിച്ചിരുന്നെങ്കിൽ ഈ ജൈവവൈവിധ്യം അപ്പാടെ വെള്ളത്തിനടിയിലാകുമായിരുന്നു. അങ്ങനെയെങ്കിൽ ഏറ്റവും വലിയ പാരിസ്ഥിതികാഘാതത്തിന് കേരള ജനത സാക്ഷ്യംവഹിച്ചേനെ.
ഹീറോ സിംഹവാലൻ
ഉൾക്കാട്ടിലേക്ക് ജീപ്പ് കയറുമ്പോൾ അരികിലെ വേങ്ങാചോലമരത്തിലെ കടുവയുടെ നഖപ്പാടുകൾ ഡ്രൈവർ കാട്ടിത്തന്നു. ഇരപിടിക്കുമ്പോഴുള്ള മുറിവുകൾക്ക് ഈ മരത്തിെൻറ നീര് ഉഗ്രൻ ഔഷധമത്രെ. ഇടയ്ക്കെപ്പോഴോ വെടിപ്ലാവിലെ മുള്ളഞ്ചക്ക അന്വേഷിച്ചു നടക്കുന്ന സിംഹവാലൻ കുരങ്ങന്മാരെ കണ്ടു.ജീപ്പിൽനിന്ന് ചാടി ഇറങ്ങി. തിരിച്ചുകയറിയത് കുളയട്ടകൾ കടിച്ചുതൂങ്ങിയ കാലുമായാണ്. ഡ്രൈവറുടെ പരിചയസമ്പത്ത് ഇവിടെയും തുണയായി. കൈയിലെ ഉപ്പു വിതറിയപ്പോൾ കുളയട്ട സക്കർ വിടർത്തി മണ്ണിലേക്ക് തിരിച്ചുപോയി. പശ്ചാത്തലത്തിൽ അപരിചിതരെ കണ്ട മലയണ്ണാെൻറ സൈറൺ.
കുരങ്ങുകൂട്ടം മുകൾചില്ലയിൽ സാകൂതം നോക്കിയിരിപ്പുണ്ടായിരുന്നു. നരച്ചതാടിയും കറുത്ത രോമമുള്ള ദേഹവും സിംഹത്തിെൻറ വാലുമുള്ള ഇവർ നിശ്ശബ്ദ താഴ്വരയുടെ സ്വന്തം മക്കളാണ്. പൊക്കമുള്ള മരങ്ങളുടെ ഇഷ്ടതാമസക്കാർ. ലോകത്തിൽതന്നെ പശ്ചിമഘട്ട വനങ്ങളിൽ മാത്രം കാണുന്ന സിംഹവാലൻ കുരങ്ങുകൾക്ക് ഇവിടെ ചെറിയ ഒരു ഹീറോ പരിവേഷമുണ്ട്.
വെടിപ്ലാവ് ഉയരമേറിയ വൃക്ഷമാണ്. നിറയെ തേൻ നിറഞ്ഞ പൂക്കളുള്ള വൃക്ഷം. സിംഹവാലൻ കുരങ്ങുകളുടെ ഏറ്റവും പ്രിയ ഭക്ഷണം ഇതും ഇതിലെ മാധുര്യമേറിയ മുള്ളഞ്ചക്കയുമാണ്.വർഷത്തിൽ എല്ലായ്പോഴും കായ്കനികൾ ലഭിക്കുന്നതുകൊണ്ടാണ് ഇവർ നിത്യഹരിത വനങ്ങളുടെ പ്രണയികളായത്.കുദ്രയ്മുഖിലും ഗവിയിലും കണ്ട കരയുന്ന കാടല്ല ഇവിടെ. ചീവിടുകളില്ലാത്തതുകൊണ്ട് അനക്കമില്ലാത്ത കാട് എന്നുതന്നെയാണ് അറിയപ്പെടുന്നത്.അന്നു കുദ്രയ്മുഖിലെ വനസമ്പത്തു നശിച്ചത് ഖനനം മൂലമായിരുന്നു.ഇന്നു കാട്ടുതീയും പ്രകൃതിക്ഷോഭങ്ങളും മനുഷ്യെൻറ അധിനിവേശസ്വഭാവവും സൈലൻറ് വാലിയെയും ബാധിക്കുന്നു.
ഭവാനിപ്പുഴയുടെയും കുന്തിപ്പുഴയുടെയും താഴ്വാരങ്ങളിലൂടെ യാത്ര ചെയ്ത് വീണ്ടും ഉള്ളിലേക്ക്. നിശ്ശബ്ദ താഴ്വര എന്ന് പേരുകേട്ട ഈ ബഫർസോൺ ഏരിയയിൽ ഇന്നു ചീവിടുകളുണ്ട്. മനുഷ്യെൻറ അധിനിവേശത്തിെൻറ ഫലം. പേക്ഷ, ഉൾക്കാടുകൾ ഇന്നും ശാന്തസുന്ദരമാണ്. നാലു ഭാഗങ്ങളായി തിരിച്ചാണ് താഴ്വരയുടെ സംരക്ഷണം. സൈരന്ധ്രി, പൂച്ചിപ്പാറ, നീലിക്കല്ല്, വാളക്കാട് എന്നിങ്ങനെ...
പാത്രക്കടവ് എന്ന അക്ഷയപാത്രം
70 ദശലക്ഷം വർഷംകൊണ്ടുണ്ടായ മഹാവനം. അതിബൃഹത്തായ സസ്യജാലം. സൂര്യപ്രകാശം താഴെയെത്താത്തവിധം പന്തലിച്ചുനിൽക്കുന്ന ഇലച്ചാർത്തുകൾ. തെക്കേ അമേരിക്കയിലെ ആമസോൺ കാടുകളോടും മധ്യാഫ്രിക്കയിലെ കോംഗോ മഴക്കാടുകളോടും പരിസ്ഥിതിശാസ്ത്രജ്ഞർ സദാ ഉപമിക്കുന്ന കന്യാവനം. സസ്യജന്തു ഗവേഷകരുടെ നിധികുഭം. ഇന്നും ഓരോ പുതിയ ഇനം സസ്യജന്തുജാലങ്ങൾ ഇവിടെ കണ്ടുപിടിക്കപ്പെടുന്നു.
പതിവുപോലെ മദ്രാസ് ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടറായിരുന്ന റോബർട്ട് വൈറ്റ് എന്ന സ്കോട്ട്ലൻഡുകാരനാണ് ഈ ജൈവവൈവിധ്യത്തെ പുറംലോകത്ത് എത്തിച്ചത്. നമ്മുടെ പെരുമകൾ പലതും നാം തിരിച്ചറിഞ്ഞത് ബ്രിട്ടീഷുകാർ വഴിയാണല്ലോ.
വനവാസകാലത്ത് പാണ്ഡവർ പത്നി ദ്രൗപദിയുമൊത്ത് ഇവിടെ താമസിച്ചിരുന്നുവെന്ന് ഐതിഹ്യം. അക്ഷയപാത്രം കഴുകി കമിഴ്ത്തിെവച്ച പാത്രക്കടവും കുന്തീദേവിയുടെ പേരുള്ള പുഴയും പൂജ നടത്തിയ പൂച്ചിപ്പാറയും ദ്രൗപദിയുടെ പേരിലുള്ള സൈരന്ധ്രിവനവും തുടങ്ങി പേരിനു പിന്നിൽ കഥകളുടെ സാഗരമാണ്.
തവളവായൻ കിളിയും പ്രാക്കുരുവിയും നീലത്തത്തയും ചെറുതേൻ കിളികളുമൊക്കെ അടങ്ങുന്ന അത്യപൂർവ ഗഗനചാരികൾ. ചിത്രശലഭങ്ങളും ഒച്ചുകളും തവളകളും വണ്ടുകളും അനേകമായിരം തരം സസ്യങ്ങളും അത്യപൂർവയിനം ഓർക്കിഡുകളും. കോർവനത്തിലെ സൈരന്ധ്രിയിലെത്തുമ്പോൾ കാടി
െൻറ രൂപമാറ്റം വിസ്മയാവഹം. വള്ളിച്ചെടികളും വന്മരങ്ങളുമായി കാടകം നമ്മെ അതിെൻറ ഹൃദയത്തിലേക്ക് ക്ഷണിച്ച പോലെ തോന്നും.
ഒരേസമയം പന്ത്രണ്ടു പേർക്കു മാത്രം കയറാവുന്ന 30 മീറ്റർ ഉയരമുള്ള വാച്ച് ടവറിെൻറ മുകളിൽനിന്ന് നോക്കുമ്പോൾ നമ്മൾ സ്തബ്ധരാകുന്നു. പച്ചയുടെ വിവിധ ഷേഡുകൾ... കിഴക്ക് അട്ടപ്പാടി വനങ്ങളും തെക്ക് നീലഗിരിക്കുന്നുകളും പടിഞ്ഞാറ് നിലമ്പൂർ കാടുകൾ വരെയും ഏതാണ്ട് 237 ചതുരശ്ര കിലോമീറ്ററിൽ സൈരന്ധ്രിവനം വ്യാപിച്ചുകിടക്കുന്ന മനോഹര ദൃശ്യം. നീലാകാശം അതിരിടുന്ന പശ്ചിമഘട്ടം. ഹൃദയം തണുപ്പിക്കുന്ന കുളിർകാറ്റ്. ദൂരെ കുന്തിപ്പുഴ ഉറവ പൊട്ടിയൊഴുകുന്നത് കാണാം. ഇങ്ങനെയൊരു നദി ഇന്ത്യയിൽതന്നെ അപൂർവം. മനുഷ്യസ്പർശമേൽക്കാതെ കുന്തിപ്പുഴ കിലോമീറ്ററുകളോളം യാത്രചെയ്യുന്നു.
സൈലൻറ് വാലിയിലെ ഏറ്റവും ഉയരംകൂടിയ വനമേഖലയാണ് അങ്കിണ്ട-സിസ് പാറ മേഖല. അവിടെനിന്നാൽ ദൂരെ വയനാട് വരെയും കാണാൻ കഴിയുമെന്ന് ഗൈഡ്. അതിനുമപ്പുറമാണ് ബങ്കി തപാൽ. സിസ് പാറയിലെ ഷോർട്ട്കട്ടിൽക്കൂടി ബ്രിട്ടീഷുകാർ ഊട്ടിക്കും കോഴിക്കോട്ടേക്കും പോയിരുന്നുവത്രെ. തമിഴ്നാട്ടിലെ മൂക്കുർത്തി മലയുടെ തെക്കെയറ്റമാണ് അങ്കിണ്ട പീക്.
വാച്ച് ടവർ ഇറങ്ങി കുന്തിപ്പുഴയെ കാണാനായി കുളയട്ടകൾ നിറഞ്ഞ വഴിയിലൂടെ നടത്തം. ഇരുവശങ്ങളിലും രുദ്രാക്ഷമരംപോലെയുള്ള അപൂർവ വൃക്ഷങ്ങൾ. പുഴക്ക് സമാന്തരമായി നിർമിച്ചിരിക്കുന്ന തൂക്കുപാലം. താഴേക്ക് നോക്കുമ്പോൾ പാറക്കെട്ടുകളിൽ മുട്ടി ചിരിച്ചൊഴുകുന്ന ജീവനുള്ള, ജീവസ്സുറ്റ ഒരു അനാഘ്രാത സുന്ദരി. തെളിനീരിൽ പുഴയുടെ ഏതാണ്ട് അടിത്തട്ട് വരെയോളം കാണാം. ഭാരതപ്പുഴയുടെ പോഷകനദികളിൽ അണക്കെട്ടുകൊണ്ട് തെൻറ ഒഴുക്കിന് തടസ്സം വരാത്ത ഏകനദിയാണിത്. ഇരുകരകളിലും നിറയെ കുന്തിരിക്കവൃക്ഷങ്ങൾ.
ഇവിടെ പുഴ ചിരിക്കുന്നു
പശ്ചിമഘട്ടത്തിലെ ശാന്തശീലയായ നദീസുന്ദരിയാണ് ഇത്. കുന്തിപ്പുഴയുടെ പാത്രക്കടവ് ഭാഗത്താണ് പഴയ ഡാം നിർമാണത്തിനുള്ള അരങ്ങുകൾ ഒരുങ്ങിയത്. ഹെക്ടർകണക്കിന് മഴക്കാടുകളെ ജലസമാധിയാക്കുമായിരുന്ന, അതിഗുരുതരമായ പാരിസ്ഥിതിക ആഘാതമുളവാക്കുമായിരുന്ന ഒരു ദുരന്തത്തിന് കേരള ജനത സാക്ഷ്യംവഹിച്ചേനെ. ഇന്ന് ഇവിടെ പുഴ നിറഞ്ഞുചിരിക്കുകയാണ്.
ജ്യോഗ്രഫി ക്ലാസിൽ കേട്ടുമറന്ന ഗോണ്ട്വാനാലാൻഡ് പൊട്ടിപ്പിളർന്ന് ഇന്ത്യൻ ഉപഭൂഖണ്ഡം ഏഷ്യൻ വൻകരയുമായി ചേരുന്ന കാലത്താണ് മഴക്കാടും വാലിയും ജനിച്ചതത്രെ. അന്നു മുതൽ പ്രകൃതിതന്നെ െവച്ചുപിടിപ്പിച്ചിട്ടുള്ള നിബിഡവനങ്ങൾ... ഇടതൂർന്നു വളർന്ന ആമ്പൽപ്പുല്ലുകൾ... ചോലവനങ്ങളും നിത്യഹരിത മഴക്കാടുകളും.
ഇവിടെ കാടില്ല എന്നു കാണിക്കാനുള്ള ഡാം സ്നേഹികളുടെ മരം കത്തിക്കലിലും തിരഞ്ഞെടുത്ത മരങ്ങൾ മാത്രം മുറിച്ചുമാറ്റാനുള്ള സെലക്ഷൻ ഫെല്ലിങ് സമ്പ്രദായം കാരണവും റെയിൽവേ സ്ലീപ്പറുകൾക്കുവേണ്ടി സുരുളി മരങ്ങൾ മുറിച്ചുമാറ്റിയ വഴിയിലും അനേകം വൃക്ഷസമ്പത്ത് ഇതിനോടകം സൈലൻറ് വാലിയിൽനിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു.
വാച്ച് ടവറിനരികിൽ വർഷം മുഴുവൻ പ്രവർത്തനനിരതമായ ഓഫിസുണ്ട്. ഒരു ചെറിയ എക്സിബിഷൻ ഏരിയയും ചെടികൾ കൃത്യമായി വെട്ടിനിർത്തിയ ഒരു കുഞ്ഞൻകെട്ടിടവും അടങ്ങിയ കാര്യാലയം.
തിരികെ പോരുമ്പോൾ ഹൃദയം അഭിമാനംകൊണ്ട് നിറഞ്ഞു. ഇവിടെ ഇങ്ങനെയൊരു മഴക്കാടുണ്ട്. അങ്ങേയറ്റം സ്നേഹിക്കപ്പെടുന്ന, സംരക്ഷിക്കപ്പെടുന്ന ഉഷ്ണമേഖല വനം. വരും തലമുറക്ക് കാണാൻ.
കാടിെൻറ സംഗീതം കേൾക്കാൻ... സ്നേഹത്തോടെ വരുംകാലവും സംരക്ഷിക്കാൻ...
പാത്രക്കടവിൽ കണ്ട വനം വകുപ്പിെൻറ ബോർഡിലെ വരികൾ ഓർമയിൽ തങ്ങിനിൽക്കുന്നു. ''പാത്രക്കടവും കടന്നു മണ്ണാർക്കാട് സമതലത്തിലേക്കു കുന്തിയൊഴുകുന്നു... ഇവിടെെവച്ച് ഈ ഒഴുക്ക് എന്നെന്നേക്കുമായി നിലക്കുമായിരുന്നു. സൈലൻറ് വാലി ജലവൈദ്യുതി അണക്കെട്ട് നിർമിക്കാൻ ഉദ്ദേശിച്ച സ്ഥാനമിതായിരുന്നു.''
അതിൽ ഒരു ഓർമപ്പെടുത്തലുണ്ട്...
അതിശക്തമായ താക്കീതുണ്ട്...
അതിതീവ്രമായ പ്രകൃതിസ്നേഹമുണ്ട്...
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.