Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightFeatureschevron_rightജീവിതമാണ് അധ്യാപനം

ജീവിതമാണ് അധ്യാപനം

text_fields
bookmark_border
ജീവിതമാണ് അധ്യാപനം
cancel

നൗഫൽ മാഷിന്‍റെ ക്ലാസുകൾ സ്​കൂൾ ചുമരുകൾക്കും പുറത്തുകടക്കും. പാഠപുസ്തകങ്ങൾക്കും അപ്പുറം അതങ്ങനെ പ്രകൃതിയും സൗഹൃദവും മറ്റുമായി ഇഴചേർന്നു നീങ്ങും. അക്കാദമിക മികവിനൊപ്പം കുട്ടികൾക്ക്​ ജീവിതപാഠങ്ങളും പകർന്നുനൽകുന്ന എറണാകുളം പായിപ്ര ഗവ. യു.പി സ്കൂളിന്‍റെ സ്വന്തം കെ.എം. നൗഫൽ മാഷിനെ തേടി​ സംസ്ഥാന സർക്കാറിന്‍റെ മികച്ച അധ്യാപകനുള്ള പുരസ്കാരവും എത്തി.

ക്ലാസിലെ നാലു ചുവരുകൾക്കുള്ളിൽ മാത്രമല്ല ലോകമെന്ന് മാഷ് കുട്ടികളെ പഠിപ്പിച്ചത് കേവലം വാക്കുകളിലൂടെ മാത്രമായിരുന്നില്ല. നിസ്വാർഥമായ സേവനത്തിന്‍റെ പാഠങ്ങളും ക്രിയാത്മക ആശയങ്ങളുടെ പൂർത്തീകരണവും സ്വന്തം ഇടപെടലിലൂടെ അദ്ദേഹം പകർന്നുനൽകുകയാണ്.

എറണാകുളം ജില്ലയിലെ മുളവൂരിൽ ജനിച്ചു വളർന്ന നൗഫലിന്​ അധ്യാപനം ജീവിതത്തിന്‍റെ ആ​ഗ്രഹ പൂർത്തീകരണമാണ്​. തന്‍റെ വിദ്യാർഥികളുടെ സർഗവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് അദ്ദേഹത്തിന് ഒന്നും പ്രതിബന്ധമാകാറില്ല.



ശ്രദ്ധ നേടിയ കുഞ്ഞുമലയാളം

കോവിഡ് കാലത്തടക്കം അദ്ദേഹം ചെയ്ത പ്രവൃത്തികൾ അധ്യാപക രംഗത്തെ ഏറെ പേർക്ക്​ പ്രചോദകമായി. ഓൺലൈൻ വഴി കേരളത്തിലെ അഞ്ഞൂറോളം കുട്ടികൾക്ക് കുഞ്ഞുമലയാളം എന്ന പേരിൽ ഭാഷാപ്രവർത്തനങ്ങൾ നടത്തിയാണ് ശ്രദ്ധപിടിച്ചുപറ്റിയത്. പായിപ്ര ഗവ. യു.പി സ്കൂളിലേക്ക്​ മുന്നൂറോളം കുട്ടികളെ എത്തിക്കുന്നതിലും അക്കാദമിക മികവ് മത്സരത്തിൽ ജില്ലയിലെ രണ്ടാമത്തെ വിദ്യാലയമാക്കിയതിലും മാഷിന്‍റെ പരിശ്രമങ്ങൾക്ക്​ വലിയ പങ്കുണ്ട്​.

സ്കൂളിൽ നടപ്പാക്കിയ വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും അംഗീകാരങ്ങൾ ലഭിച്ചു. പരിസ്ഥിതി ക്ലബ് ജില്ല കോഓഡിനേറ്റർ പുരസ്കാരം, സീഡ്, നല്ല പാഠം ജില്ലയിലെ മികച്ച കോഓഡിനേറ്റർ പുരസ്കാരം, നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. തന്റെ വിദ്യാലയത്തിൽ പുസ്തകച്ചുമർ, ഹോം ലൈബ്രറി, പഠനോപകരണ നിർമാണ ശിൽപശാല, ചിത്രക്കാർഡുകളും വായനക്കാർഡുകളും ഉപയോഗിച്ചുള്ള പഠനരീതികൾ, ഷോർട്ട് ഫിലിം നിർമാണം തുടങ്ങി നിരവധി പ്രവർത്തനങ്ങളും മാഷിന്‍റെതായി വന്നു.

സമൂഹമാധ്യമങ്ങൾ വഴി കുട്ടികൾക്കായി 500ഓളം പാട്ടുകളും കഥകളും ദിനാചരണ പ്രവർത്തനങ്ങളും രചിച്ച് ആലാപനവും നടത്തി.


അധ്യാപകർക്കും അധ്യാപകൻ

ഇവകൂടാതെ പാവനിർമാണത്തിൽ നിരവധി വിദ്യാലയങ്ങളിലെ അധ്യാപകർക്ക് പരിശീലനം നൽകുന്നുണ്ട് നൗഫൽമാഷ്. മൂവാറ്റുപുഴ ഉപജില്ലയിൽ എൽ.എസ്.എസ് പരിശീലനത്തിന്റെ കോഓഡിനേറ്ററാണ്. അവധിയൊന്നും ഇദ്ദേഹത്തെ ബാധിക്കാറേയില്ല. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലായി അവധിക്കാലത്തും അവധിദിവസങ്ങളിലുമായി കഴിഞ്ഞ വർഷം എഴുപതോളം ക്യാമ്പുകളിലാണ് ക്ലാസെടുത്തത്. ഇപ്പോഴും ഇത് തുടരുന്നു.

ടീച്ചേഴ്സ് ക്ലബ് കോലഞ്ചേരി എന്ന അധ്യാപക കൂട്ടായ്മയുടെ അക്കാദമിക് കോഓഡിനേറ്ററായ അദ്ദേഹം കോവിഡ് കാലത്ത് ഓൺലൈൻ വായനശാലയിലൂടെ അധ്യാപകരുടെ പുസ്തകാസ്വാദന സദസ്സ്, വെർച്വൽ ടൂർ എന്നിവയുടെ മോഡറേറ്ററായി.

കോവിഡ് കാലത്ത് ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് അമ്മയോടൊപ്പം എന്ന പേരിൽ ടീച്ചേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ മൊഡ്യൂൾ തയാറാക്കിനൽകുന്നതിൽ മുഖ്യ പങ്കുവഹിച്ചത് കെ.എം. നൗഫലാണ്.



അധ്യാപക കൂട്ടായ്മകൾ പ്രധാനം

പ്രളയകാലത്ത് മൂവാറ്റുപുഴയിലെ ഏഴു വിദ്യാലയങ്ങൾക്ക് വിവിധ സംഘടനകളുമായി ചേർന്ന് സഹായങ്ങൾ നൽകാൻ മുന്നിട്ടിറങ്ങി. കേരളത്തിലെ വിവിധ ഉപജില്ലകളിലെ അധ്യാപക കൂട്ടായ്മകൾക്കുവേണ്ടി സ്കോളർഷിപ് പരീക്ഷ പരിശീലന ക്ലാസുകൾ എടുക്കുന്നു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസും ജില്ലയിലെ വിവിധ ടി.ടി.ഐയിലെ അധ്യാപക വിദ്യാർഥികൾക്കായി ട്രൈഔട്ട് ക്ലാസുകളും നൽകിവരുന്നു.

പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പാസായ അദ്ദേഹം മൂവാറ്റുപുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടുവും ചെറുവട്ടൂർ ഗവ. ടി.ടി.ഐയിൽനിന്ന് ടി.ടി.സിയും മൂവാറ്റുപുഴ നിർമല കോളജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും നേടിയിട്ടുണ്ട്. കെ.കെ. മീതിയനും പി.എം. ഫാത്തിമയുമാണ് മാതാപിതാക്കൾ. ഭാര്യ ഷീന നൗഫൽ പെരുമ്പാവൂർ മുടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ താൽക്കാലിക അധ്യാപികയാണ്. മകൻ അസീം മുഹമ്മദ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസിലും മകൾ അസ മെഹ്റിൻ മുളവൂർ എം.എസ്.എം എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിലും പഠിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teachers day 2022
News Summary - Teachers day special story
Next Story