അമാവാസിയെ ജ്വലിപ്പിച്ച പൂർണചന്ദ്രൻ
text_fieldsഭാഷ, ദേശാന്തരങ്ങൾക്കപ്പുറത്തുനിന്ന് എത്തിയവൾക്കുവേണ്ടി സ്വന്തം ജീവിതംതന്നെ സമർപ്പിച്ച ഫെബിന, ‘ശപിക്കപ്പെട്ട ജന്മം’ എന്ന് വിധിയെഴുതുന്നവർക്ക് വെളിച്ചമേകുന്നതിനായി പോരാട്ടം നടത്തുന്ന ഫാത്തിമ. ഒരു ഉമ്മയുടെയും മകളുടെയും ട്വിസ്റ്റുകൾ നിറഞ്ഞ അപൂർവ ജീവിതകഥയിലേക്ക്...
അപ്പോഴും അവിടെ മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു. അവധി ദിവസങ്ങൾ ആഘോഷിക്കാൻ ഹോസ്റ്റലിലെ അവസാന കുട്ടിയും ബന്ധുവിനോടൊപ്പം കുട നിവർത്തി മഴയിൽ ഇറങ്ങിപ്പോയി.
ഇരുകണ്ണുകളിലും ഇരുട്ടുമൂടിയ ആ പത്തുവയസ്സുകാരി തനിച്ചായി. പേമാരിപോൽ പെയ്തിറങ്ങുന്ന മഴത്തുള്ളികളിൽ തന്‍റെ കണ്ണീരു കാണാൻ ആരുമില്ലെന്ന് അവൾക്കറിയാം. പക്ഷേ, കാലം കാത്തുവെച്ച സ്നേഹപ്പൊയ്ക ഫാത്തിമ ഹവ്വയെന്ന (ഹൃതിക ബസു) ആ ബംഗാളി പെൺകുട്ടിയുടെ ജീവിതത്തിലേക്ക് ലയിച്ചുചേരുന്ന സുന്ദരമുഹൂർത്തത്തിന് തുടക്കമാവുകയായിരുന്നു അന്ന്.
‘ഉമ്മ’ ജനിക്കുന്നു
മിന്നലിന്‍റെ പിന്നാലെയെത്തിയ കനത്ത ഇടിയിൽ ആ പത്തു വയസ്സുകാരി, തന്നെ സ്നേഹംകൊണ്ട് പൊതിഞ്ഞ ‘മാലാഖ’യെ വാരിപ്പുണർന്നു.അൽപനേരം കഴിഞ്ഞതോടെ അവൾ ആ സ്ത്രീയുടെ ചെവിയിൽ പതിഞ്ഞ ശബ്ദത്തിൽ ‘ഉമ്മ’ എന്നുകൂടി വിളിച്ചു.
സ്നേഹവാത്സല്യം നിറഞ്ഞുതുളുമ്പിയ ആ വിളി ഹോസ്റ്റൽ വാർഡനും ടീച്ചറുമായിരുന്ന ഫെബിനയുടെ കാതിൽ കടലാഴത്തോളം ചെന്നു പതിച്ചു. ആ നിമിഷത്തിൽ ഒരു ‘ഉമ്മ’ പിറവിയെടുത്തു.
ജീവിതത്തിന്‍റെ ഒരു ദശാസന്ധിയിൽ മാതാവിനെയും സഹോദരനെയും നഷ്ടമായ ഫാത്തിമക്ക് മാനസിക വെല്ലുവിളി നേരിട്ടിരുന്ന പിതാവല്ലാതെ മറ്റാരും കൂട്ടുണ്ടായിരുന്നില്ല. ഇതോടെ ഫാത്തിമക്കുവേണ്ടി പിതാവായ കൊൽക്കത്ത സ്വദേശിയായ അബ്ദുല്ലയെ ഇണയായി സ്വീകരിച്ച് ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുകയായിരുന്നു ഫെബിന.
റുഖിയ്യ, സാറ എന്നീ മക്കൾ കൂടി ഈ ദമ്പതികൾക്ക് പിറന്നു. ഈ സ്നേഹ സാഹോദര്യം കൂടി ചേരുമ്പോൾ ഫാത്തിമയുടെ ജീവിതം പ്രതീക്ഷകളുടെ പ്രകാശം നിറക്കുന്നതായിരുന്നു.
കൊൽക്കത്തയിൽനിന്ന് കോഴിക്കോട്ടേക്കും ഇപ്പോൾ മലപ്പുറം വണ്ടൂർ തിരുവാലിയിലും വിധിയെ പഴിക്കാതെ ജീവിതയാത്ര തുടരുന്ന ഫാത്തിമക്ക് കരുതലും സാന്ത്വനവുമായി ഫാറൂഖ് കോളജിലെ വിദ്യാർഥികളും അധ്യാപകരും ഉണ്ട്.
ഭാഷ ദേശാന്തരങ്ങൾക്കപ്പുറത്തുനിന്ന് എത്തിയവൾക്കുവേണ്ടി സ്വന്തം ജീവിതംതന്നെ സമർപ്പിച്ച ഫെബിന, പേരെടുത്ത് വിളിക്കാവുന്ന ഒരു ഉമ്മ മാത്രമല്ല ഫാത്തിമക്ക്. ഇരുൾ മൂടിയ കണ്ണുകളിൽ നിറയുന്ന മായാത്ത മാതൃത്വം കൂടിയാണ്.
ബംഗാളിൽ കലക്ടറാകണം
കൊൽക്കത്തയിലെ പേരുകേട്ട സമ്പന്ന കുടുംബത്തിലെ അംഗമായിരുന്ന അബ്ദുല്ല (സൗമുംബസു) ജീവിതവഴിയിലെ ദുരന്തങ്ങളിൽപെട്ടാണ് കേരളത്തിലെത്തിപ്പെട്ടത്.
അഞ്ചുവർഷത്തെ ദാമ്പത്യജീവിതത്തിനിടെ മരണത്തിന് കീഴടങ്ങേണ്ടി വന്ന അബ്ദുല്ലയുടെ വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള ദൃഢനിശ്ചയത്തിലാണിന്ന് ഫെബിന. പിതാവിനെയും തന്നെയും ഇറക്കിവിട്ട കൊൽക്കത്തയിലെ ഉന്നതവീട്ടുകാർക്ക് മറുപടി എന്നോണം പശ്ചിമബംഗാളിൽ കലക്ടർ ആകണം എന്നതാണ് ഫാത്തിമ ഹവ്വയുടെ വലിയ സ്വപ്നം.
അതോടൊപ്പം ജന്മനാ കാഴ്ച തകരാറിലായ ‘ശപിക്കപ്പെട്ട ജന്മം’ എന്ന് വിധിയെഴുതുന്നവർക്ക് വെളിച്ചമേകുന്നതിനുകൂടിയുള്ള പോരാട്ടത്തിലാണ് ഫാറൂഖ് കോളജിൽ ബി.എ സോഷ്യോളജി ക്ലാസിൽ ഫാത്തിമ ഇരിക്കുന്നത്.
പാരമ്പര്യമായി കിട്ടിയ സംഗീതവും ഇതോടൊപ്പം കൊണ്ടുപോകുന്നുണ്ട് ഈ മിടുക്കി. ടി.വി ഷോകളിലും വേദികളിലും താരമാണ് ഫാത്തിമ ഹവ്വ.
എം.ബി.ബി.എസ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച അബ്ദുല്ലക്ക് രണ്ടാമത്തെ മകൾ റുഖിയ്യയെ ഡോക്ടർ ആക്കണം എന്നതായിരുന്നു ആഗ്രഹം. മരിക്കുംമുമ്പ് അബ്ദുല്ല ഫെബിനയോട് പറഞ്ഞ ആഗ്രഹങ്ങൾ നിറവേറ്റാനുള്ള കഠിനപ്രയത്നത്തിലാണ് ഈ അധ്യാപിക.
വിധിയുടെ വികൃതികൾ
ബംഗളൂരുവിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആളായിരുന്നു അബ്ദുല്ല. പഠനശേഷം സിവിൽ കോൺട്രാക്ടറായി ജോലിയും ലഭിച്ചു. സാമ്പത്തികമായി വളരെ ഉയർന്ന കുടുംബം.
അബ്ദുല്ലയുടെ പിതാവ് കൊൽക്കത്തയിൽ പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറായിരുന്നു. അതിനിടെയാണ് 20ാം വയസ്സിൽ അബ്ദുല്ല തന്‍റെ സുഹൃത്തായ മാളബ്യയെ വിവാഹം കഴിക്കുന്നത്.
ഒരുവർഷം കഴിഞ്ഞപ്പോൾ ബാങ്ക് മാനേജറായിരുന്ന മാളബ്യ ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചു. ഓഫിസിൽനിന്ന് വീട്ടിലേക്ക് സ്വയം കാറോടിച്ച് വരുന്നതിനിടെ മാളബ്യ അപകടത്തിൽപെട്ടു. ഇരട്ടക്കുട്ടികളിൽ ഒരാളെ ആറാം മാസത്തിൽ പുറത്തെടുക്കേണ്ടിവന്നു.
അപകടത്തിൽ ഒരു കുഞ്ഞിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ആ അപകടം ആ സമ്പന്ന കുടുംബത്തിന്‍റെ ദുരന്തത്തിലേക്കുള്ള പതനം കൂടിയായിരുന്നു. ഫാത്തിമയുടെ ഇരട്ട സഹോദരൻ ഹൃദം ബസുവിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
എന്നാൽ, ജന്മനാ ഒരു കണ്ണിന്‍റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ട ഫാത്തിമക്ക് അഞ്ചു വയസ്സായപ്പോൾ വലത്തെ കണ്ണിന്‍റെയും കാഴ്ചക്ക് ക്ഷതമേറ്റു. ചെന്നൈയിൽ നടന്ന ഓപറേഷൻ പരാജയമായതോടെ വലത്തെ കണ്ണും എന്നേക്കുമായി ഇരുളടഞ്ഞു. സഹോദരൻ ഹൃദം ബസു ഹോസ്റ്റലിലായിരുന്നു പഠനം.
കണ്ണുകൾ ഇരുൾമൂടിയ ഫാത്തിമക്ക് കണ്ണും കരളുമായി അപ്പോഴും അമ്മ മാളബ്യ കൂടെയുണ്ടായിരുന്നു. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിരുന്ന മാളബ്യ മകളെയും പാട്ടിന്‍റെ വഴിയിലൂടെ നടത്തിച്ചു. ഒപ്പം കണ്ണുകാണാത്തതിന്‍റെ ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ അവളെ പരിശീലിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ഉണ്ടായ കരൾ രോഗത്താൽ മാളബ്യ മരണത്തിനു കീഴടങ്ങി.
മരണശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോൾ മകൻ ഹൃദം ബസുവും ആറാം വയസ്സിൽ ന്യുമോണിയ ബാധിച്ച് മരിച്ചു. ഇതോടെ വീട്ടുകാർ ‘കണ്ണുകാണാത്തവൾ’ എന്നതിനൊപ്പം ‘ഭാഗ്യംകെട്ടവൾ’ എന്ന വിശേഷണം കൂടി ഫാത്തിമക്ക് ചാർത്തി നൽകി.
‘കണ്ണുകാണാത്ത മകളെ നീ എന്തുചെയ്യും’
മാളബ്യ മരിച്ചപ്പോൾ സ്വന്തം പിതാവടക്കമുള്ള ബന്ധുക്കൾ മകളെ അനാഥാലയത്തിലാക്കാൻ ഭർത്താവ് അബ്ദുല്ലയിൽ സമ്മർദം ചെലുത്തി. അനാഥാലയത്തിൽ സംഭാവന നൽകാൻ അഞ്ചുലക്ഷം രൂപയുടെ ചെക്ക് പിതാവ് അബ്ദുല്ലക്കുനേരെ നീട്ടി.
അന്ന് കൊൽക്കത്ത സാൾട്ട് ലേക് സിറ്റിയിലെ ആഡംബര വീട്ടിൽനിന്ന് പടിയിറങ്ങിയ അബ്ദുല്ല മകളെ ഹോസ്റ്റലിലാക്കി നിറകണ്ണുകളുമായി കേരളത്തിലേക്ക് ട്രെയിൻ കയറി. ഭാര്യ മാളബ്യയും മകനും നഷ്ടപ്പെട്ടതിന്‍റെ വേദനയോടൊപ്പം കണ്ണുകാണാത്ത മകളെ ഹോസ്റ്റലിലാക്കി പോരേണ്ടിവന്ന ദുരവസ്ഥയിൽ മാനസികനില തെറ്റിപ്പോയി.
നാലുവർഷത്തോളം കൊൽക്കത്തയിലെ ഹോസ്റ്റലിൽ കഴിഞ്ഞ ഫാത്തിമ ഒറ്റപ്പെടലിന്‍റെ വേദന അബ്ദുല്ലയോട് ഫോണിലൂടെ പങ്കിട്ടിരുന്നു. 2014ൽ മകളെ കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ അബ്ദുല്ല നിർബന്ധിതനായി. കോഴിക്കോടെത്തിയ അബ്ദുല്ല മകളെ ആദ്യം വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിലും പിന്നീട് വെള്ളിപറമ്പ് റഹ്മാനിയ സ്പെഷൽ സ്കൂളിലും ചേർത്തു. ഇവിടെനിന്നാണ് ഫാത്തിമക്ക് വീണ്ടും ഒരു ‘ഉമ്മ’യെ ലഭിക്കുന്നത്.
വിളക്കിച്ചേർത്ത സ്നേഹബന്ധം
ഉപ്പയും ഉമ്മയും മൂന്നു സഹോദരിമാരും രണ്ടു സഹോദരങ്ങളും അടങ്ങുന്നതാണ് നിലമ്പൂർ ചന്തക്കുന്നിലെ ഫെബിനയുടെ കുടുംബം. എടവണ്ണ ജാമിഅ നദ്‍വിയ്യയിൽനിന്ന് പഠനം പൂർത്തിയാക്കിയ ഫെബിനക്ക് സാമൂഹിക സേവനം ചെറുപ്പം മുതലേ ഇഷ്ടമേഖലയാണ്. അത്തരമൊരു ലക്ഷ്യത്തിന്‍റെ ഭാഗമായാണ് റഹ്മാനിയ സ്പെഷൽ സ്കൂളിൽ ഹോസ്റ്റലിന്‍റെ ചാർജിൽ ഫെബിന എത്തുന്നത്.
ഇതിനിടയിലാണ് 2014ൽ ഇരുകണ്ണുകളും ഇരുട്ടുമറഞ്ഞ 10 വയസ്സുകാരി, ഒരു ബംഗാളി യുവാവിനോടൊപ്പം ഹോസ്റ്റലിലേക്ക് കടന്നുവന്നത്. മുഷിഞ്ഞ വേഷത്തിൽ എത്തിയ അവളുടെ കൈയിലെ ആകെയുണ്ടായിരുന്ന കവർ വാങ്ങിവെച്ചു. അതിൽ ഏതാനും ചില വസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അബ്ദുല്ലയിൽനിന്ന് രണ്ടു ഫയലുകൾ കൂടി ഫെബിന കൈപ്പറ്റി. അതിൽ ഒന്ന് അബ്ദുല്ലയുടെ ചികിത്സയുടെ രേഖകളായിരുന്നു.
ആ 10 വയസ്സുകാരിയെ തോളിൽ കൈയിട്ട് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇരുത്തി. ശുചിമുറിയിൽ കൊണ്ടുപോയി കുളിപ്പിച്ചു. ബംഗാളിയും ഇംഗ്ലീഷും കലർത്തിയുള്ള സംസാരം ആയിരുന്നു ഫാത്തിമയുടേത്.
ഏതാനും ദിവസങ്ങൾക്കകംതന്നെ ഫാത്തിമയുടെ ഭാഷ ഫെബിനയും ഫെബിനയുടെ സംസാരങ്ങൾ ഫാത്തിമയും മനസ്സിലാക്കിയെടുത്തു. കേരളീയ ഭക്ഷണം ആദ്യമൊന്നും ബംഗാളിൽ നിന്നെത്തിയ ഫാത്തിമയുടെ രുചിമുകുളങ്ങൾക്ക് സ്വീകാര്യമായിരുന്നില്ല.
എന്നാൽ, സ്നേഹം ചാലിച്ച് നൽകി ഫെബിന കൂടെ നിർത്തി. ദിവസങ്ങൾ കഴിയവെ ഇരുവർക്കും ഇടയിൽ വല്ലാത്ത സ്നേഹബന്ധം ഉടലെടുത്തു. ചെറുപ്പത്തിലേ മാതാവിനെ നഷ്ടപ്പെട്ടതിന്‍റെയും ഒറ്റപ്പെടലിന്‍റെയും വേദന അലട്ടിയിരുന്ന ഫാത്തിമക്ക് ഫെബിനയുടെ സാന്നിധ്യം വല്ലാത്തൊരു മുതൽക്കൂട്ടായിരുന്നു. ഇതിനിടയിലാണ് അവധി ദിവസങ്ങൾ എത്തിയത്. പിതാവ് അബ്ദുല്ലക്ക് ഹോസ്റ്റലിൽനിന്ന് ഫാത്തിമയെ കൊണ്ടുപോയി താമസിപ്പിക്കാൻ ഇടം ഉണ്ടായിരുന്നില്ല.
ഫാത്തിമ നിലമ്പൂരിൽ
ഹോസ്റ്റലിലെ മറ്റു ജീവനക്കാരുടെ അനുവാദത്തോടെ ഫാത്തിമയെ നിലമ്പൂരിലെ വീട്ടിലേക്ക് ഫെബിന കൂട്ടിക്കൊണ്ടുവന്നു. ഫെബിനയുടെ വീട്ടുകാരിൽനിന്നുകൂടി സ്നേഹലാളനം ഏറ്റുവാങ്ങിയതോടെ ഫെബിനയോടുള്ള ഫാത്തിമയുടെ ഇഷ്ടങ്ങൾക്ക് അതിരുകളില്ലാതായി. ഹോസ്റ്റലിലെ ഒരു വൈകുന്നേരമാണ് ഫെബിനയുടെ ചെവിയിൽ ആദ്യമായി ഫാത്തിമ ‘ഉമ്മ’ എന്ന് വിളിച്ചോട്ടേ എന്ന് ചോദിക്കുന്നത്.
പിന്നീടുള്ള ദീർഘ അവധി ദിവസങ്ങൾ ഫെബിനയോടൊപ്പം നിലമ്പൂരിലെ വീട്ടിൽ ഫാത്തിമയും ഉണ്ടാകും. ഫാത്തിമയുടെ ‘ഉമ്മ’ എന്ന വിളി ഫെബിനയുടെ പിതാവിന് അത്ര രസിച്ചില്ല. ഹോസ്റ്റലിൽ തിരിച്ചെത്തിയ ഫാത്തിമക്ക് ഏതാനും ദിവസത്തിനകം അസുഖം പിടിപെട്ടു.
ഫാത്തിമയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടറെ കാണിക്കാൻ ഫെബിന കൊണ്ടുപോയി. മെഡിക്കൽ കോളജ് പ്രഫ. ഡോ. ശ്രീജെയിൻ ഒരു പാട്ടു പാടുമോ എന്ന് ചോദിച്ചു. അവിടെ കൂടിയിരുന്ന എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്ന വിധത്തിൽ ആയിരുന്നു മുരുകൻ കാട്ടാക്കടയുടെ ‘നെല്ലിക്ക’ എന്ന കവിത ഫാത്തിമ ചൊല്ലിയത്.
മൂന്നു വയസ്സു മുതൽ സംഗീത ഉപകരണങ്ങൾ പ്രാക്ടിസ് ചെയ്തിരുന്ന ഫാത്തിമക്ക് അന്നുരാത്രിതന്നെ ഹോസ്റ്റലിലെത്തി ഡോ. ശ്രീജെയിൻ ഹാർമോണിയം സമ്മാനമായി നൽകി.
ഫാത്തിമയുടെ സംഗീത വഴിയിലെ വലിയൊരു തിരിച്ചുവരവായിരുന്നു ഈ സമ്മാനം. ഒപ്പം ഉഷ ടീച്ചറുടെ സംഗീത ക്ലാസും ഫാത്തിമയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഇത്തരത്തിൽ ഒരു വേദിയിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് മങ്കട വള്ളിക്കാപറ്റ സ്പെഷൽ സ്കൂളിലെ സംഗീത അധ്യാപകൻ നിസാർ തൊടുപുഴയുടെ ശ്രദ്ധയിൽ ഫാത്തിമ പതിയുന്നത്. നിസാർ തൊടുപുഴ കാണിച്ചുകൊടുത്ത സംഗീത വഴികളിലൂടെയാണ് ഇന്നും ഫാത്തിമ സഞ്ചരിക്കുന്നത്.
അബ്ദുല്ല ഫെബിനയിലേക്ക്
സ്കൂൾ പഠനം കഴിയുന്നതോടുകൂടി ഫെബിനയെ നഷ്ടപ്പെടുമെന്ന ഭീതി ഫാത്തിമയുടെ മനസ്സിനെ വല്ലാതെ അലട്ടി. അഞ്ചു വയസ്സിൽ നഷ്ടപ്പെട്ട മാതൃസ്നേഹം പത്താം വയസ്സിൽ തിരിച്ചുകിട്ടിയതിന്‍റെ ത്രില്ലിലായിരുന്നു ഫാത്തിമ. അതുകൊണ്ടുതന്നെ ഫെബിനയോടൊപ്പമല്ലാതെ തനിക്കിനി ജീവിക്കാൻ കഴിയില്ലെന്ന് ഫാത്തിമക്ക് ഉറപ്പായി.
വിവാഹം കഴിയുന്നതോടെ ഫെബിന തനിക്ക് നഷ്ടമാകും എന്ന് ഫാത്തിമ തിരിച്ചറിഞ്ഞു. ഇതോടെ തന്‍റെ പിതാവായ അബ്ദുല്ലയെ വിവാഹം കഴിക്കാമോ എന്ന് ഫെബിനയോട് ചോദിച്ചു. ആ ചോദ്യത്തിന് പെട്ടെന്ന് മറുപടി നൽകാൻ ഫെബിനക്ക് കഴിഞ്ഞില്ല. പിതാവ് അബ്ദുല്ലയോടും ഫാത്തിമ, ഫെബിനയെ വിവാഹം കഴിച്ച് എനിക്ക് ഉമ്മയാക്കി തന്നൂടേ എന്ന് ചോദിച്ചു.
തനിക്കിനി ഒരു വിവാഹത്തിന് കഴിയില്ല എന്നായിരുന്നു അബ്ദുല്ലയുടെ മറുപടി. ഫെബിന വീട്ടുകാരുമായി വിവാഹക്കാര്യം സംസാരിച്ചു. എന്നാൽ, എതിർപ്പായിരുന്നു. ഫാത്തിമയെ ഇട്ടേച്ചുപോകാൻ ഫെബിനയുടെ മനസ്സും അനുവദിച്ചില്ല. അങ്ങനെ ഫാത്തിമക്കുവേണ്ടി എതിർപ്പുകൾക്കിടയിലും ഇരുവരും വിവാഹം കഴിച്ചു.
കോഴിക്കോട് ജില്ലയിലെ പെരുവയലിൽ വാടകക്ക് വീടെടുത്ത് ഫാത്തിമയുടെ ഉപ്പയും ഉമ്മയും ദാമ്പത്യജീവിതം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസവും കമ്പ്യൂട്ടർ പരിജ്ഞാനവും വേണ്ടുവോളം ഉണ്ടായിരുന്നിട്ടും ജീവിതവഴിയിൽ ഫോൺ ഉപയോഗിക്കാൻ കൂടി മറന്നിരുന്നു അബ്ദുല്ല.
ഫെബിനയോടൊന്നിച്ചുള്ള ജീവിതത്തിൽ തന്‍റെ ജീവിതം ഓരോന്നോരോന്നായി അബ്ദുല്ല തിരിച്ചുപിടിച്ചുതുടങ്ങി. ഇതിനിടയിൽ രണ്ടു പെൺകുട്ടികൾ കൂടി ഇവർക്ക് പിറന്നു. മക്കളുടെ എല്ലാ കാര്യങ്ങളിലും താരാട്ടുപാട്ട് പാടി ഉറക്കിയിരുന്നതും അബ്ദുല്ലയായിരുന്നു.
അങ്ങനെയിരിക്കെ ഫാത്തിമയോടൊപ്പം കൊൽക്കത്തയിലേക്ക് ഒരിക്കൽ അബ്ദുല്ല യാത്രതിരിച്ചു. തന്‍റെ കുട്ടിക്കാല, കൗമാര, യൗവന കാലങ്ങളിലേക്കുള്ള സഞ്ചാരമായിരുന്നു. ബന്ധുക്കളെയും സാൾട്ട് ലേക് സ്റ്റേഡിയവും ഈഡൻ ഗാർഡനും ഹൗറ ബ്രിഡ്ജും എല്ലാം അബ്ദുല്ലയെ ഓർമകളിലേക്ക് തിരിച്ചുകൊണ്ടുപോയി.
ഏതാനും ദിവസത്തിനകം രണ്ടുപേരും നാട്ടിൽ തിരിച്ചെത്തി. ഒരുകാലത്ത് കണ്ണുകാണാത്ത മകളെ ഉപേക്ഷിക്കാൻ പറഞ്ഞ പിതാവ് ഇവർക്കു പിന്നാലെ മാനസാന്തരപ്പെട്ട് കേരളത്തിലെത്തി. സമ്പത്തിനെക്കാളും കുലീനതയെക്കാളും വലുത് സന്തോഷത്തോടെയുള്ള ജീവിതമാണെന്ന സത്യം അയാൾ അബ്ദുല്ല-ഫെബിന ദമ്പതികളുടെ ജീവിതത്തിലൂടെ തിരിച്ചറിഞ്ഞു. രണ്ടാമത്തെ മകളെ ഗർഭിണിയായിരിക്കുമ്പോഴാണ് അബ്ദുല്ലയുടെ പിതാവ് ഇവരോടൊപ്പം താമസം തുടങ്ങിയത്.
കോടികൾ വിലമതിക്കുന്ന തന്‍റെ സ്വത്തുക്കളിൽ ചിലതു വിറ്റ് മകനും കുടുംബത്തിനും സ്വന്തമായി താമസിക്കാൻ വീടുണ്ടാക്കാനും മറ്റു സൗകര്യങ്ങൾക്കുമായി കൊൽക്കത്തയിലേക്ക് തിരിച്ചുപോകാൻ മുഹമ്മദ് ഒരുങ്ങി. എന്നാൽ, ഇതിനിടയിൽ കലശലായ ഛർദിയും വയറുവേദനയുമായി മെഡിക്കൽ കോളജിൽ അഡ്മിറ്റായി. ഒരു മാസത്തോളം നീണ്ട ചികിത്സക്കിടെ ഫെബിനയുടെ മടിയിൽ തലവെച്ച് മുഹമ്മദ് മരിച്ചു.
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ തുടങ്ങിയിരുന്ന അബ്ദുല്ലയിൽ ഇത് വല്ലാത്ത നിരാശ പരത്തി. സ്ഥിരമായി ജോലി ചെയ്തിരുന്നതിൽനിന്ന് പിന്മാറിക്കൊണ്ടിരുന്നു. ആറുമാസത്തോളം വാടകപോലും കൊടുക്കാൻ കഴിയാതെയായി. മാനസികപ്രശ്നം വീണ്ടും അബ്ദുല്ലയെ അലട്ടിക്കൊണ്ടിരുന്നു.
അബ്ദുല്ലക്ക് താങ്ങും തണലുമായി ഫെബിന കൂടെത്തന്നെ നിന്നു. ചികിത്സ തുടരുന്നതിനിടെ അബ്ദുല്ലയും മരണത്തിന് കീഴടങ്ങി. ഫാത്തിമയുടെ പത്താം ക്ലാസ് പരീക്ഷയുടെ ഒരാഴ്ച മുമ്പാണ് പിതാവ് മരണപ്പെടുന്നത്.
ഫാത്തിമയുടെ ഐ.എ.എസ് സ്വപ്നവും അഞ്ചും ഏഴും വയസ്സുള്ള മക്കളുടെ ഭാവിയും ഇപ്പോൾ തീർത്തും ഫെബിനയുടെ കൈയിലാണ്. സ്ഥിരമായി ജോലിയൊന്നുമില്ലാത്ത ഫെബിന സുഹൃത്തുക്കളുടെ സഹായത്താലാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.