മാരത്തണുകളിലെ സ്ഥിര സാന്നിധ‍്യമായ 62കാരനായ നളിനാക്ഷനും 54കാരിയായ അജയയും പ്രായത്തെ ഓടിത്തോൽപിക്കുന്നു
text_fieldsനളിനാക്ഷനും ഭാര്യ അജയയും. ചിത്രങ്ങൾ: ഹസനുൽ ബസരി പി.കെ
പ്രായത്തെയും വെല്ലുവിളികളെയും ഓടിത്തോൽപിക്കുകയാണ് കോഴിക്കോട് സ്വദേശികളായ അജയയും ഭർത്താവ് നളിനാക്ഷനും. സുഹൃത്തുക്കൾക്കൊപ്പമുള്ള കേദാർനാഥ് യാത്ര, അതിനു വേണ്ടി തുടങ്ങിയ നടത്തം... ആഗ്രഹിച്ച യാത്ര കോവിഡിനിടയിൽ മുങ്ങിപ്പോയെങ്കിലും യാത്രക്കുള്ള മുന്നൊരുക്കം ഈ ദമ്പതികളെ മാരത്തണിലേക്കാണ് ചുവടുവെപ്പിച്ചത്. മലകയറ്റം ആയാസരഹിതമാക്കാനാണ് നടന്നുതുടങ്ങിയത്, 2020ൽ.
യാത്രക്കായി ഒരുപാട് നടക്കേണ്ടതിനാൽ ദിവസവും നടന്നു പരിശീലിക്കേണ്ടത് അത്യാവശ്യമായിരുന്നു. യാത്രക്കുള്ള തയാറെടുപ്പിന്‍റെ ഭാഗമായാണ് ഓട്ടം തുടങ്ങിയതെങ്കിലും യാത്ര നടന്നില്ല. ആദ്യം കൊച്ചിയിലായിരുന്നു താമസം. അവിടന്ന് തുടങ്ങിയ ഓട്ടം ഇപ്പോൾ ‘മാരത്തൺ ദമ്പതികൾ’ എന്ന ടാഗ് ലൈനിൽ എത്തിച്ചിരിക്കുന്നു.
നളിനാക്ഷനും ഭാര്യ അജയയും മാരത്തൺ ഓട്ടക്കാരായി മാറിയത് അടുത്ത കാലത്താണ്. കൊച്ചിയിലെ പനമ്പള്ളി നഗർ റണ്ണേഴ്സിന്‍റെ കൂടെയാണ് ഓടിത്തുടങ്ങിയത്. മാരത്തണിലൊക്കെ പങ്കെടുത്തിട്ടുള്ളതിനാൽ അവരോടൊപ്പമുള്ള ഓട്ടയാത്ര അജയയെയും നളിനാക്ഷനെയും കൂടുതൽ കരുത്തുറ്റവരാക്കി.
കോവിഡിന് ശേഷമാണ് ഇവന്‍റിലൊക്കെ പങ്കെടുക്കാൻ തുടങ്ങിയത്. വീടകങ്ങളിൽ ഒതുങ്ങിയ അജയയുടെ ജീവിതത്തിന്‍റെ ടേണിങ് പോയന്‍റ് തുടങ്ങുന്നത് ഇവിടെനിന്നാണ്. അതുവരെ ഓട്ടവും നടത്തവും ഒന്നും പരിശീലിക്കാത്ത അജയ നളിനാക്ഷനൊപ്പം മാരത്തണുകളിൽ ഓടിത്തുടങ്ങി.
പ്രായത്തെ ഓടിത്തോൽപിച്ച ദമ്പതികൾ
മലപ്പുറം മാരത്തണിലാണ് ഇരുവരും ആദ്യമായി പങ്കെടുക്കുന്നത്. അതിൽ വുമൺസ് കാറ്റഗറിയിൽ അജയ ഒന്നാമതായി. അവിടെ നിന്നാണ് മാരത്തണുകളിൽനിന്ന് മാരത്തണുകളിലേക്ക് ഈ ദമ്പതികൾ ഓട്ടം തുടങ്ങിയത്. ഓട്ടത്തിൽ നളിനാക്ഷനായിരുന്നു സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നത്.
അതിനൊപ്പമെത്താൻ അജയയുടെ ഫിനിഷിങ് ലൈനുകൾക്കും സാധിച്ചിട്ടുണ്ട്. കോവളം, ഗോൾഡൻ പീക്, പൊന്മുടി, ഹൈദരാബാദ്, ബംഗളൂരു, ഡൽഹി എന്നീ മാരത്തണുകളിൽ അജയ പങ്കെടുത്തിട്ടുണ്ട്.
62കാരനായ നളിനാക്ഷനും 54കാരിയായ അജയക്കും പ്രായം വെറും നമ്പർ മാത്രമാണ്. ഓടാനൊരു മനസ്സുണ്ടായാൽ മതി. എല്ലാവർക്കും പറ്റും. പറ്റില്ല എന്ന് വിചാരിക്കുന്നതിന് പകരം പറ്റും എന്ന് വിശ്വസിച്ച് ചെയ്തുനോക്കിയാൽ എന്തും സാധിക്കുമെന്ന് ഈ ദമ്പതികളുടെ ജീവിതം കാണിച്ചുതരുന്നു.
അജയയും നളിനാക്ഷനും മെഡലുമായി
മാരത്തണിലെ മിന്നും പ്രകടനം
മുംബൈ, ഹൈദരാബാദ്, ഡൽഹി, വാഗമൺ ട്രെയിൽ റൺ, സ്പൈസ് കോസ്റ്റ്, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ തുടങ്ങി അറുപതോളം മാരത്തണുകളിൽ നളിനാക്ഷൻ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ മാരത്തണായ മുംബൈ മാരത്തണിൽ 2023ൽ ഒന്നാം സ്ഥാനവും 2024ൽ രണ്ടാം സ്ഥാനവും ലഭിച്ചു.
2022 ജൂൺ 30ന് കൊച്ചിൻ ഷിപ് യാർഡിൽനിന്ന് അസി. എൻജിനീയറായി വിരമിച്ച നളിനാക്ഷൻ ജൂലൈ 22നാണ് എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് ഓടിവന്നത്. അത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 168 കിലോമീറ്റർ നോൺ സ്റ്റോപ് റണ്ണിങ്! എന്നാൽ, നളിനാക്ഷന്‍റെ ഓട്ടം തുടങ്ങുന്നത് അവിടെനിന്നല്ല. അതിനു മുമ്പ് മൂന്നാർ മാരത്തണിൽ പങ്കെടുത്തിട്ടുണ്ട്. അതിലാണ് ഇരുവരും ഫുൾ മാരത്തൺ ഫിനിഷ് ചെയ്യുന്നത്.
കോഴിക്കോട്ട് ആദ്യമായി 42 കിലോമീറ്റർ ഇവന്‍റ് നടന്നത് പെരുമണ്ണ വൈറ്റ് സ്കൂൾ ഇന്‍റർനാഷനലിന്‍റെ ആഭിമുഖ്യത്തിലായിരുന്നു. അതിൽ 42 കിലോമീറ്റർ ഫുൾ മാരത്തണിൽ നളിനാക്ഷനും 21 കിലോമീറ്റർ ഹാഫ് മാരത്തണിൽ അജയയും വിജയിച്ചു.
ഓരോ വിജയവും മുന്നോട്ട് ഓടാനുള്ള പ്രചോദനമാണെങ്കിലും പങ്കെടുക്കുക എന്നതാണ് ഏറ്റവും വലിയ ആവേശം എന്ന് ഇവർ പറയുന്നു. അജയ നേരത്തേ മുംബൈ മാരത്തണിലും മൂന്നാർ മാരത്തണിലും 42 കി.മീ ഫുൾ മാരത്തണിൽ പങ്കെടുത്തിട്ടുണ്ട്.
മാരത്തണുകളിലെ സ്ഥിര സാന്നിധ‍്യം
കേരളത്തിൽ നടക്കുന്ന മിക്ക മാരത്തണുകളിലെയും സ്ഥിര സാന്നിധ‍്യമാണ് ഈ ദമ്പതികൾ. കൊല്ലം, കോവളം, പൊന്മുടി, കൊച്ചി, കുട്ടനാട്, ആലപ്പുഴ ബീച്ച് റൺ, വൈറ്റ് സ്കൂൾ ഇന്‍റർനാഷനൽ മാരത്തണുകളിലെ താരം അജയയായിരുന്നു.
2022ലെ മലപ്പുറം മാരത്തണിൽ 10 കിലോമീറ്ററിൽ ഒന്നാമതെത്തിയ അജയ 2022ൽ മൂന്നാർ മാരത്തണിൽ 42 കിലോമീറ്റർ ഫുൾ മാരത്തണിൽ രണ്ടാം സ്ഥാനവും 2022ലെ ഡി.ബി.എം കൊല്ലം മാരത്തണിൽ 21 കിലോമീറ്റർ ഹാഫ് മാരത്തണിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എസ്.എച്ച് ലേക്ക് വ്യൂ മാരത്തണിൽ 21 കിലോമീറ്ററിൽ രണ്ടാം സ്ഥാനവും അജയ നേടിയിട്ടുണ്ട്. അങ്ങനെ ഇവർ പങ്കെടുത്തതും വിജയിച്ചതുമായ മാരത്തണുകളുടെ പട്ടിക നീണ്ടുപോകുന്നു.
ഗെറ്റ് സെറ്റ് ഗോ...
മാരത്തണുകൾ രണ്ടു വിധമുണ്ട്. ഫുൾ മാരത്തണും ഹാഫ് മാരത്തണും. ഫുൾ മാരത്തൺ 42 കിലോമീറ്ററാണ്. ഹാഫ് മാരത്തൺ 21 കിലോമീറ്ററും. ബാക്കിയൊക്ക റൺ ആണ്. ഇതിനെ മിനി മാരത്തൺ എന്നും പറയാറുണ്ട്. ഓരോ മാരത്തണിലും ഓരോ ഓപൺ കാറ്റഗറി ഉണ്ടാവും. 18-35, 35-45, 45ന് മുകളിൽ. ചില സ്ഥലത്ത് 55ന് മുകളിലുണ്ടാവും. 60നു മുകളിലും ഉണ്ടാവാറുണ്ട്.
കൊച്ചിയിലായിരുന്നപ്പോൾ റോഡിലൂടെയായിരുന്നു ഓട്ടം. കോഴിക്കോട്ട് ഫാറൂഖ് കോളജ് ഗ്രൗണ്ടിൽ ഓടിയിട്ട് വരും. ദിവസവും ട്രെയ്നിങ്ങുണ്ട്. എല്ലാ ദിവസവും രാവിലെ ഓടാൻ പോകും. ഹിൽ റണ്ണും സാൻഡ് റണ്ണുമൊക്കെ പ്രാക്ടീസ് ചെയ്യും. ഓട്ടം പോലെത്തന്നെ ഇരുവരുടെയും പ്രാക്ടീസും ഒരുമിച്ചാണ്.
കോവിഡ് സമയം ഇവർക്ക് ശരിക്കും ഉപകാരപ്രദമായി. ഇഷ്ടംപോലെ സമയമുള്ളതിനാൽ കുറെ ദൂരം ഓടും. ഇങ്ങനെ കൈവരിച്ച കായികക്ഷമതയും ആത്മവിശ്വാസവുമാണ് മാരത്തൺ ട്രാക്കിലേക്ക് ഇവരെ ഓടിച്ചുകയറ്റിയത്.
‘‘ഞങ്ങൾ ഓടാൻ തുടങ്ങിയ കാലത്ത് ആളുകൾ പറയുമായിരുന്നു, എന്തിനാണ് ഈ പ്രായത്തിൽ ഇങ്ങനെ ഓടുന്നത്? വീഴില്ലേ? പരിക്ക് പറ്റില്ലേ എന്നൊക്കെ. പ്രായം തുടങ്ങുന്നത് കാലിൽനിന്നാണ്. അതുകൊണ്ടുതന്നെ കാല് ബലപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് കഴിയുന്നിടത്ത് പ്രായം തോറ്റുപോകും’’ -ഇവർ പറയുന്നു.
ഓട്ടത്തിനായുള്ള യാത്ര
ഇന്ത്യയിലെ മെയിൻ ഇവന്‍റുകളൊക്കെ ആഗസ്റ്റിൽ തുടങ്ങി ഫെബ്രുവരിയിൽ തീരും. അതാണ് റണ്ണിങ് സീസൺ. ആഗസ്റ്റിൽ ഹൈദരാബാദ്, ഒക്ടോബറിൽ ബംഗളൂരു, ജനുവരിയിൽ മുംബൈ, ഫെബ്രുവരിയിൽ ഡൽഹി. അത് കഴിഞ്ഞാൽ ഇന്ത്യയിലെ മെയിൻ മാരത്തണൊക്കെ തീരും. മുംബൈയിലും ഹൈദരാബാദിലും മൂന്ന് പ്രാവശ്യം പോയിട്ടുണ്ട്.
2022ൽ എല്ലാ മാരത്തണിലും പങ്കെടുത്തിരുന്നു. ഇപ്പോൾ കുറച്ച് സെലക്ടിവാണ്. ഒരു മാരത്തൺ കഴിഞ്ഞാൽ റെസ്റ്റ് എടുക്കണം. ഫുൾ മാരത്തണാണെങ്കിൽ ഒരു വർഷം മൂന്നോ നാലോ എണ്ണം മാത്രമേ മാക്സിമം ചെയ്യാൻ പാടുള്ളൂ. റിക്കവറി ഗ്യാപ് കൊടുക്കണം.
ആ സമയത്ത് ലോക്കൽ ഇവന്‍റ്സിലൊക്കെ പങ്കെടുക്കാറുണ്ട്. എല്ലായിടത്തും ഓരോ റണ്ണിങ് ഗ്രൂപ്പുകളുണ്ടാവും. അവരുടെ കൂടെ ഓടുന്നത് ആവേശമാണ്. ഒട്ടുമിക്ക മാരത്തണുകളിലും ഒരുപാട് ആളുകൾ പങ്കെടുക്കാനുണ്ടാവും. കാലാവസ്ഥയൊന്നും പ്രശ്നമാകാറില്ല.
പൊന്മുടി നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. കയറ്റം കയറി വ്യൂ പോയന്‍റിൽ അവസാനിക്കുന്നതാണത്. ഗ്രൂപ്പായി പോകുന്നത് രസമാണ്. പല ടൈപ് ആൾക്കാരുണ്ടാവും. എല്ലാത്തിനും ഒരു റിസ്ക് ഫാക്ടറുണ്ട്. ട്രെയൽ റൺ കുറച്ച് റിസ്കാണ്. ഹൈക്കിങ് പോലെയാണത്.
ഓരോ പോയന്‍റിലും ഓരോ റിബൺ കെട്ടിയിട്ടുണ്ടാവും. റിബൺ മാറിപ്പോയാൽ വഴി തെറ്റും. ഒരു ടൈം ചിപ്പ് ഉണ്ടാവും. തുടങ്ങുന്ന സമയവും അവസാനിക്കുന്ന സമയവും അതിൽ കാണിക്കും. ഒന്നിച്ചു തുടങ്ങണമെന്നില്ല. ഒരു റണ്ണിങ് മാറ്റ് ഉണ്ടാവും. അത് ക്രോസ് ചെയ്യുമ്പോഴാണ് ടൈം തുടങ്ങുന്നത്.
ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള മാരത്തൺ ഹൈദരാബാദാണ്. മൊത്തം കയറ്റവും ഇറക്കവുമാണ്. നിരപ്പായ പാതയായതിനാൽ ഏറ്റവും എളുപ്പത്തിൽ സഞ്ചരിക്കാവുന്നത് ഡൽഹി മാരത്തണാണ്. ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഇരുവരും ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ‍്യത്തിലേക്കാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.