നാസർ തൂത ഡ്രസ് ബാങ്കിൽനിന്ന് സൗജന്യമായി നൽകിയ വിവാഹവസ്ത്രമണിഞ്ഞ് മണവാട്ടിമാരായത് നൂറുകണക്കിന് യുവതികൾ
text_fields2012ലാണ് സംഭവം. നാസർ എന്ന പ്രവാസി യുവാവ് നാട്ടിലെത്തിയ സമയം. പാസ്പോർട്ടുമായി ബന്ധപ്പെട്ട ആവശ്യത്തിന് സുഹൃത്തുമൊത്ത് മുംബൈയിൽ പോകാൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു അദ്ദേഹം.
മാനസിക വെല്ലുവിളി നേരിടുന്ന ഒരു വ്യക്തി സ്റ്റേഷൻ പരിസരത്തെ മാലിന്യക്കൂമ്പാരത്തിൽനിന്ന് ഭക്ഷണം പെറുക്കി കഴിക്കുന്നത് ശ്രദ്ധയിൽപെട്ട നാസർ രാത്രി ഭക്ഷണത്തിനായി കരുതിയ ചപ്പാത്തിയും ചിക്കൻ കറിയും അയാൾക്ക് കൈമാറി. വൃത്തിഹീനമായ കൈകൾ കൂപ്പി അയാൾ നന്ദിയർപ്പിച്ചു. തിരികെ ഒരു പുഞ്ചിരി നൽകി നാസർ യാത്ര തുടർന്നു.
യാത്രയിലുടനീളം ഭിക്ഷക്കാരന്‍റെ ഓർമകൾ അദ്ദേഹത്തെ നൊമ്പരപ്പെടുത്തി. കൂടെയുള്ള സുഹൃത്തുമായി ഇക്കാര്യം ചർച്ച ചെയ്ത് പോംവഴി അന്വേഷിച്ചു. നല്ല നിലയിൽ കഴിഞ്ഞിരുന്ന ഒട്ടേറെ പേർ സാഹചര്യങ്ങളുടെ സമ്മർദം കാരണം ഇത്തരത്തിൽ അലഞ്ഞുനടക്കുന്നുണ്ടാകാമെന്ന ചിന്തയും ഉണ്ടായി.
തെരുവിൽ കഴിയുന്ന മാനസിക വെല്ലുവിളി നേരിടുന്നവർക്കും വയോധികർക്കുമായി എന്തെങ്കിലും ചെയ്യണമെന്ന ഉദ്ദേശ്യത്തിൽ നാസർ പിന്നീട് സേവനനിരതനായി. സാമൂഹിക സേവനവുമായി പൊതുരംഗത്ത് സജീവമായപ്പോൾ പലരും നിർധനരുടെ വിവാഹത്തിന് ഭക്ഷണത്തിന് സഹായം അഭ്യർഥിച്ച് വിളിക്കാൻ തുടങ്ങി.
സുഹൃത്ത് ഡെൽറ്റ മണിയോടുപറഞ്ഞ് സഹായത്തിന് ഏർപ്പാട് ചെയ്തു. വിവാഹത്തിന് വസ്ത്രം എടുക്കാൻ സഹായിക്കുമോയെന്ന് ആരാഞ്ഞും നിരന്തരം വിളികൾ വന്നു.
അങ്ങനെയാണ് നിർധന പെൺകുട്ടികളുടെ വിവാഹത്തിന് അണിഞ്ഞൊരുങ്ങാൻ മൊഞ്ചുള്ള വസ്ത്രം നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടാലോയെന്ന ചിന്ത നാസറിന്‍റെ മനസ്സിൽ രൂപപ്പെട്ടതും സുഹൃത്ത് ഹംസയുമായി ആശയം പങ്കുവെച്ചതും. അദ്ദേഹം പിന്തുണക്കുകയും ഫേസ്ബുക്കിൽ പോസ്റ്റിടാമെന്ന് നിർദേശിക്കുകയും ചെയ്തു.
പോസ്റ്റിന് മികച്ച പ്രതികരണമാണ് കിട്ടിയത്. ആദ്യം രണ്ടെണ്ണം കിട്ടി. പിന്നെ നാലായി. എണ്ണം കൂടിക്കൂടി വന്നു. അങ്ങനെയാണ് നാസർ തൂത സ്വന്തം വീട്ടിൽ സംരംഭത്തിന് തുടക്കമിട്ടത്.
തുടക്കം വീട്ടിൽ തന്നെ
2019ൽ എളിയ നിലയിൽ സ്വന്തം വീട്ടിൽ തുടക്കമിട്ട ഡ്രസ് ബാങ്ക് പദ്ധതി നിലവിൽ അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. തുടക്കത്തിൽ ഒരു വർഷം ഭാര്യ സാബിറയും നാല് മക്കളും സഹോദരി മൈമൂനയുമാണ് വീട്ടിൽ വരുന്നവർക്ക് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊണ്ടുപോകാൻ സൗകര്യം ചെയ്തിരുന്നത്.
ജോലി ആവശ്യാർഥം നാസർ പലപ്പോഴും പുറത്തായിരിക്കുമെന്നതിനാൽ വീട്ടുകാരുടെ സഹായം ഈ സംരംഭത്തിന്‍റെ തുടക്കത്തിൽ ഏറെ ഗുണകരമായി.
ഒരു വർഷത്തിന് ശേഷമാണ് മലപ്പുറം, പാലക്കാട് ജില്ലാ അതിർത്തിയിലെ തൂത ഹൈസ്കൂൾപടിയിലെ കടമുറിയിലേക്ക് മാറിയത്. വസ്ത്രം എടുക്കാൻ വരുന്നവരുടെ വിവരങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കുന്നു.
തൂത അങ്ങാടിയുടെ തിരക്കിൽനിന്ന് മാറിയുള്ള സ്ഥലത്ത് ഡ്രസ് ബാങ്ക് സ്ഥാപിച്ചതുതന്നെ ഗുണഭോക്താക്കളുടെ സൗകര്യാർഥവും അവരുടെ അഭിമാനത്തിന് ഒട്ടും ക്ഷതമേൽക്കരുതെന്ന നിർബന്ധ ബുദ്ധിയോടും കൂടിയാണ്. 700ഓളം കുടുംബങ്ങൾക്കാണ് ഇക്കാലത്തിനിടെ വിവാഹ വസ്ത്രം സൗജന്യമായി നൽകിയത്.
ഡ്രസ് ബാങ്ക് പ്രവർത്തനം
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി റൂട്ടിൽ തൂത ഹൈസ്കൂൾപടിയിലെ കൊരമ്പി ടവറിന്‍റെ ഒന്നാം നിലയിലാണ് രണ്ട് മുറികളിലായി ‘നാസർ തൂത ഡ്രസ് ബാങ്ക്’ നിലകൊള്ളുന്നത്.
ഒരു മുറിയിൽ ടെക്സ്റ്റയിൽസുകളിലെന്ന പോലെ വ്യത്യസ്ത ഇനം വസ്ത്രങ്ങൾ മനോഹരമായി അടുക്കിവെച്ചിരിക്കുന്നു. മറ്റൊരു മുറിയിൽ ഡ്രസ് ബാങ്കിൽ ഉൾപ്പെടുത്താൻ വേണ്ടി സഹൃദയർ സംഭാവന ചെയ്തവയും മറ്റും സൂക്ഷിക്കുന്നു.
5000 മുതൽ 50,000 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾ ഇവിടെയുണ്ട്. ചോളി, ഫ്രോക്ക്, പട്ടുസാരി എന്നിവയാണുള്ളത്. 1000 പേർക്ക് ധരിക്കാവുന്ന വസ്ത്രം നിലവിൽ സ്റ്റോക്കുണ്ട്.
മഹല്ല് കമ്മിറ്റി, വാർഡ് അംഗം, സാമൂഹിക പ്രവർത്തകർ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം മുഖേനയാണ് ഡ്രസ് ബാങ്ക് കമ്മിറ്റിയെ സമീപിക്കേണ്ടത്. സുമനസ്സുകൾ നൽകിയ പുതുവസ്ത്രങ്ങളും ഒരു തവണ മാത്രം ഉപയോഗിച്ച് ഡ്രൈ ക്ലീൻ ചെയ്ത വിവാഹ വസ്ത്രങ്ങളുമാണ് ഈ ശേഖരത്തിലുള്ളത്.
ജാതിമത ഭേദമന്യേ ഏത് വിഭാഗക്കാർക്കും വിവാഹവേളയിൽ ധരിക്കാവുന്ന വസ്ത്രങ്ങൾ ഇവിടെ വന്ന് തിരഞ്ഞെടുത്ത് സൗജന്യമായി കൊണ്ടുപോകാം. അവ തിരിച്ചുനൽകണമെന്ന് ഒരു നിർബന്ധവുമില്ല. എന്നാൽ, ചിലർ ആവശ്യം കഴിഞ്ഞ ശേഷം മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ എന്ന ഉദ്ദേശ്യത്തിൽ തിരികെ എത്തിക്കുന്നത് സ്വീകരിക്കാറുണ്ട്.
അവ ഡ്രൈ ക്ലീൻ ചെയ്ത ശേഷം മാത്രമേ ഡ്രസ് ബാങ്കിൽ പ്രദർശിപ്പിക്കൂ. തൂതയിലെത്തി വസ്ത്രം തിരഞ്ഞെടുത്ത് കൊണ്ടുപോകാൻ വരുന്നതിന് ബസ് ചാർജിന് പോലും പണമില്ലെന്നുപറഞ്ഞ് സങ്കടം പറയുന്നവരുമുണ്ട്. അവർക്ക് ആ തുകയും നൽകാറുണ്ട്.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിലുള്ളവരും ബംഗളൂരുവിലുള്ളവരും ഈ ഡ്രസ് ബാങ്കിലെ വസ്ത്രങ്ങളണിഞ്ഞ് മണവാട്ടിമാരായിട്ടുണ്ട്.
സന്നദ്ധ സേവനവുമായി സുമനസ്സുകൾ
ഡ്രസ് ബാങ്ക് പ്രവർത്തനം കേട്ടറിഞ്ഞ് ഒറ്റപ്പാലം ഭാഗത്തുനിന്ന് ഒരു ദിവസം വൈകീട്ട് കാഴ്ചപരിമിതിയുള്ള സ്ത്രീയും പുരുഷനും വന്നു. അകക്കണ്ണിന്‍റെ വെളിച്ചത്തിൽ പരതി സഹോദരിക്ക് വിവാഹ സാരി തിരഞ്ഞെടുത്ത് അവർ മടങ്ങിയത് മറക്കാനാവാത്ത അനുഭവമാണ്. സാരി മതിയെന്ന് അറിയിച്ചതുപ്രകാരം മൂന്ന് സെറ്റ് അവർക്ക് കൈമാറിയത് ഇപ്പോഴും മനസ്സിലുണ്ടെന്ന് നാസർ ഓർത്തെടുക്കുന്നു.
ശനി, ബുധൻ ദിവസങ്ങളിലാണ് ആവശ്യക്കാർക്ക് വിവാഹ വസ്ത്രം തിരഞ്ഞെടുക്കാൻ അവസരമുള്ളത്. സമീപപ്രദേശമായ ആനമങ്ങാട്ടെ ശ്രീജ ഈ ദിവസങ്ങളിൽ, ദൂരദിക്കുകളിൽനിന്ന് വരുന്നവരെ സഹായിക്കാനും വസ്ത്രങ്ങൾ മടക്കി പൂർവസ്ഥിതിയിലാക്കി അലമാരയിൽ അടുക്കിവെക്കാനും വേണ്ടി സന്നദ്ധസേവനം ചെയ്തുവരുന്നു.
കടമുറിയുടെ വാടക നൽകുന്നത് ഡെൽറ്റ ഗ്രൂപ് പാർട്ണറും ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിസിനസുകാരനുമായ ഡെൽറ്റ മണിയാണ്.
കൊറിയറായി എത്തുന്ന കാരുണ‍്യം
വിവാഹ ദിവസത്തെ ഏതാനും മണിക്കൂറുകളുടെ ഉപയോഗ ശേഷം വീടുകളിലെ അലമാരകളിൽ വെറുതെയിരിക്കുന്ന വിവാഹ വസ്ത്രങ്ങൾ ഡ്രസ് ബാങ്കിലേക്ക് സംഭാവന നൽകണമെന്നുള്ളവർക്ക് അതിനും അവസരമുണ്ട്.
ഇത്തരത്തിൽ കേരളത്തിനകത്തുനിന്നും ബംഗളൂരു, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുമായി നിരവധി വസ്ത്രങ്ങളാണ് ദിനംപ്രതി കൊറിയറിലും മറ്റുമായി നാസറിന് ലഭിക്കുന്നത്. വസ്ത്രം ഉണ്ടെന്ന് അറിയിച്ചാൽ സ്വന്തം വാഹനത്തിൽ പോയും പരിചയക്കാർ മുഖേനയും ശേഖരിച്ച് ഡ്രസ് ബാങ്കിലേക്ക് എത്തിക്കാറാണ് പതിവ്.
വീൽചെയർ, കട്ടിൽ, വാട്ടർ ബെഡ്, എയർ ബെഡ്, വാക്കിങ് സ്റ്റിക്ക് തുടങ്ങി രോഗികൾക്കാവശ്യമായ ഉപകരണങ്ങൾ സൗജന്യമായി നൽകുന്ന ‘സുകൃതം’ പദ്ധതിക്കും ഇദ്ദേഹം നേതൃത്വം വഹിക്കുന്നു.
കട്ട സപ്പോർട്ടുമായി കുടുംബം
തൂതയിലെ പരേതനായ ചുണ്ടംപറ്റ ഹംസ ഹാജിയുടെയും നബീസയുടെയും മകനാണ് ഈ 48കാരൻ. ഭാര്യ സാബിറ, മക്കളായ മുഹമ്മദ് സിനാൻ, ഫാത്തിമത്ത് നാസിയ, നിദ ഫാത്തിമ, മുഹമ്മദ് സിയാൻ എന്നിവരടങ്ങിയ കുടുംബം കട്ട സപ്പോർട്ടുമായി ഈ ഉദ്യമത്തിന് പിന്നിലുണ്ട്.
10 വർഷം സൗദിയിലെ റിയാദിൽ സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാൻ ജോലിയുമായി പ്രവാസ ജീവിതം നയിച്ച ഇദ്ദേഹം അതിനുമുമ്പ് നാട്ടിൽ ടാക്സി ഡ്രൈവറായിരുന്നു. 12 വർഷമായി നാട്ടിൽ തന്നെയാണുള്ളത്. വയനാട് കേന്ദ്രമായി റിസോർട്ട്-വില്ല പ്രോജക്ടുകൾക്ക് നേതൃത്വം നൽകുന്ന ഡെൽറ്റ ഗ്രൂപ്പിന്‍റെ വർക്കിങ് പാർട്ണറാണ് നാസർ തൂത.
(ഫോൺ: 9747338823)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.