Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightInteriviewschevron_rightവോളിബാളിലെ യങ് സെൻസേഷൻ...

വോളിബാളിലെ യങ് സെൻസേഷൻ ഷോൺ ടി. ജോണും ബാഡ്മിന്‍റൺ താരം സ്‌നേഹ ശാന്തിലാലും പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ സന്തോഷം പങ്കുവെക്കുന്നു

text_fields
bookmark_border
വോളിബാളിലെ യങ് സെൻസേഷൻ ഷോൺ ടി. ജോണും ബാഡ്മിന്‍റൺ താരം സ്‌നേഹ ശാന്തിലാലും പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ സന്തോഷം പങ്കുവെക്കുന്നു
cancel
camera_alt

ഷോൺ ടി. ജോണും സ്‌നേഹ ശാന്തിലാലും


ദീർഘകാലമായി അടുത്ത സുഹൃത്തുക്കൾ. പിൽക്കാലത്ത് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. ഇഷ്ടം തുറന്ന് പറയാതെ മനസ്സിലൊളിപ്പിച്ച അനേകം ദിനരാത്രങ്ങൾ... എല്ലാത്തിനുമൊടുവിൽ വിവാഹം വരെയെത്തി നിൽക്കുന്ന മധുര മനോഹര ജീവിതയാത്ര.

രണ്ടു രാജ്യാന്തര കായിക താരങ്ങളാണ് ഇതിലെ കഥാപാത്രങ്ങൾ. ഇന്ത്യൻ വോളിബാളിലെ യങ് സെൻസേഷൻ ഷോൺ ടി. ജോണും ബാഡ്മിന്‍റൺ കോർട്ടിലെ തീപ്പൊരി സ്‌നേഹ ശാന്തിലാലും. കോർട്ടിൽ മിന്നും പ്രകടനവുമായി വിജയങ്ങൾ ഓരോന്നായി സ്വന്തമാക്കിയ ഇരുവരുടെയും വിവാഹംവരെയെത്തിനിൽക്കുന്ന ലൈഫ് സ്റ്റോറി ഒരു ഫീൽഗുഡ് സിനിമ പോലെയാണ്.

സ്പോർട്സ്മാൻ സ്പിരിറ്റോടെ പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് ഷോണും സ്‌നേഹയും...


സുഹൃത്തിന്‍റെ അനിയത്തിയുമായുള്ള സൗഹൃദം

ഷോൺ: സ്‌നേഹയുടെ സഹോദരൻ സാരംഗ് വോളിബാൾ താരമാണ്. കെ.എസ്.ഇ.ബിയിൽ എന്‍റെ സീനിയർ. ഞങ്ങൾ ഒരുമിച്ചാണ് കളിച്ചിരുന്നത്. താമസിക്കുന്നതും ഒരേ ഫ്ലാറ്റിൽ അടുത്തടുത്ത നിലകളിൽ. സാരംഗിന്‍റെ സഹോദരിയെന്ന നിലയിലാണ് സ്‌നേഹയെ പരിചയപ്പെടുന്നത്.

ഇടക്ക് തിരുവനന്തപുരത്ത് വരുമ്പോൾ മാത്രമായിരുന്നു കണ്ടിരുന്നത്. അവളുടെ ജോലിയും ബാഡ്മിന്‍റൺ പരിശീലനവുമൊക്കെ കൊച്ചിയിലായിരുന്നു. വോളിബാൾ കളിക്കാൻ ഞങ്ങൾ കൊച്ചിയിൽ പോകുമ്പോൾ ഇടക്ക് കാണുമായിരുന്നു. പിന്നീട് ഫോണിലൂടെ സൗഹൃദം നിലനിർത്തി.

അവിടെനിന്ന് കുറേനാളുകൾക്ക് ശേഷമാണ് ഞങ്ങൾ അടുത്ത സുഹൃത്തുക്കളാകുന്നത്. രണ്ടുപേരുടെയും വൈബ് ഒരുപോലെയാണെന്നതാണ് ബെസ്റ്റ് ഫ്രണ്ട്‌സാക്കിയത്. കൂട്ടുകാർക്കൊപ്പം യാത്രപോകുമ്പോഴെല്ലാം മറ്റുള്ളവരെല്ലാം ഇതുപറയുകയും ചെയ്തു. ഇടക്ക് സുഹൃത്തുക്കൾ പോലും ചോദിച്ചു, നിങ്ങൾ തമ്മിൽ സൗഹൃദത്തിനുപുറമെ മറ്റെന്തെങ്കിലുമുണ്ടോയെന്ന്. എന്നാൽ, ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു അന്നൊക്കെ.


വേദനയിൽ കൂട്ടായ സാമീപ്യം

ഷോൺ: വോളി മത്സരത്തിനിടെ ആംഗിൾ ഇഞ്ചുറി സംഭവിച്ച് സർജറിക്ക് വിധേയനായി. തുടർന്ന് ദീർഘനാൾ വിശ്രമം. ആരവങ്ങൾക്ക് നടുവിൽനിന്ന് നാലു ചുവരുകൾക്കുള്ളിലേക്കുള്ള ഒറ്റപ്പെടൽ ഓരോ കായികതാരത്തിനും ഏറെ വൈകാരികമാണ്.

ഇനിയെന്ന് മടങ്ങിയെത്തുമെന്ന ചിന്ത മനസ്സിനെ അലട്ടിക്കൊണ്ടേയിരിക്കും. പരിക്കിന്‍റെ വേദനയിൽ എനിക്ക് പിന്തുണയുമായി കൂടെനിന്നത് സ്‌നേഹയായിരുന്നു. തിരിച്ചടികളിൽ കൂടെ നിൽക്കുന്ന യഥാർഥ സുഹൃത്തായിരുന്നു അവൾ.

‘ഇതുപോലൊരാളെയല്ലേ ഞാൻ ലൈഫ് പാർട്ണറായി കാത്തിരുന്നത്’ എന്ന ചിന്ത എന്‍റെ മനസ്സിൽ മൊട്ടിട്ടു. എന്നാൽ, അവളോട് തുറന്നുപറഞ്ഞില്ല. ഇപ്പോഴുള്ള നല്ല സൗഹൃദത്തെ ഇത് ബാധിക്കുമോയെന്ന ആശങ്കയായിരുന്നു കാരണം. സ്‌നേഹയുടെ അച്ഛനും അമ്മയും സഹോദരനുമായെല്ലാം നല്ല സൗഹൃദമായിരുന്നു. പ്രണയം പറഞ്ഞാൽ ഇവരെല്ലാം എങ്ങനെയെടുക്കുമെന്ന ചിന്ത. അങ്ങനെ ഒരുവർഷത്തോളം പ്രണയം മനസ്സിലിട്ട് കൊണ്ടുനടന്നു.

വിവാഹ നിശ്ചയത്തിനിടെ ഇരുവരും കുടുംബത്തോടൊപ്പം


മനസ്സിലുള്ളത് തുറന്നുപറഞ്ഞപ്പോൾ

ഷോൺ: ഒടുവിൽ പ്രണയം തുറന്നുപറയാൻ തന്നെ തീരുമാനിച്ചു. ഞങ്ങൾ രണ്ടുപേരുടെയും സുഹൃത്തായ സിനിമോളുടെ വിവാഹമായിരുന്നു വേദി. കാഷ്വൽ ടോക്കിനിടെ മനസ്സിലുള്ളത് പറഞ്ഞു. അവൾക്ക് എതിർപ്പില്ലെന്ന് മനസ്സിലായി. എന്നാൽ, വീട്ടുകാരെ കുറിച്ചായി പിന്നീടുള്ള ചിന്ത. രണ്ടുപേരും രണ്ടു മതത്തിൽപ്പെട്ടവർ. വീട്ടുകാർ സമ്മതിക്കുമോയെന്നായി.

കുടുംബത്തിന്‍റെ സമ്മതത്തോടെയാകണം വിവാഹമെന്ന് ഞങ്ങൾ രണ്ടുപേർക്കും നിർബന്ധമുണ്ടായിരുന്നു. ഇക്കാര്യം ആദ്യം ചേട്ടനോട് അവതരിപ്പിക്കാനാണ് സ്നേഹ പറഞ്ഞത്. ഇതിനിടെയാണ് മുമ്പ് എപ്പോഴോ പ്ലാൻ ചെയ്ത ലഡാക്ക് ട്രിപ് കൃത്യമായി ഈ സമയത്ത് തന്നെയായത്.

ഞാനും സാരംഗും മാത്രമുള്ള രണ്ടാഴ്ച നീണ്ട ആ യാത്രക്കിടെ സ്നേഹയോടുള്ള എന്‍റെ ഇഷ്ടം പറഞ്ഞു. വളരെ പോസിറ്റിവായാണ് സാരംഗ് പ്രതികരിച്ചത്. പിന്നീടാണ് വീട്ടിൽ അവതരിപ്പിച്ചത്. എന്‍റെ വീട്ടിൽ അമ്മയോട് കാര്യം പറഞ്ഞു. എതിർപ്പൊന്നുമുണ്ടായില്ല. ഇടക്ക് വീട്ടിൽ വരുന്നതിനാൽ സ്‌നേഹയെ അമ്മക്ക് നന്നായറിയാം. അച്ഛൻ മരിച്ച ശേഷം എനിക്കെല്ലാം അമ്മയായിരുന്നു.

സ്‌നേഹ: ഷോണിനെ പോലൊരാൾ ജീവിതത്തിലേക്ക് വരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. രണ്ടുപേരും രണ്ടു മതത്തിൽപ്പെട്ടവരായതിനാൽ ഇത് നടക്കില്ല എന്ന ചിന്തയുണ്ടായിരുന്നു. ഇതിനാൽ നല്ല സുഹൃത്തായാണ് കണ്ടത്. ഷോൺ എന്നോട് പറഞ്ഞില്ലായിരുന്നെങ്കിൽ, ഞാനൊരിക്കലും പ്രണയം തുറന്നുപറയില്ലായിരുന്നു.

ഷോൺ എന്നോട് പറഞ്ഞപ്പോഴും വീട്ടുകാരുടെ സമ്മതം വാങ്ങണമെന്നാണ് പറഞ്ഞത്. ചേട്ടൻ സമ്മതിക്കുമെന്ന് അറിയാമായിരുന്നു. എന്നാൽ, വീട്ടിൽ എതിർപ്പുണ്ടാകുമെന്ന് പേടിച്ചിരുന്നു. അമ്മയോടാണ് ആദ്യം പറഞ്ഞത്. അമ്മയാണ് അച്ഛനോട് പറഞ്ഞത്. അച്ഛനും എതിർപ്പൊന്നുമില്ലെന്ന് അറിഞ്ഞതോടെയാണ് ആശ്വാസമായത്. ഷോണിനെ അച്ഛനും അമ്മക്കുമെല്ലാം അറിയാമായിരുന്നു.

ഇരുവരും മത്സരത്തിനിടെ


വോളി കുടുംബത്തിൽനിന്ന് ബാഡ്മിന്‍റണിലേക്ക്

സ്‌നേഹ: എന്‍റെ അച്ഛൻ ശാന്തിലാലും അമ്മ രാജലക്ഷ്മിയും മുൻ വോളിബാൾ താരങ്ങളാണ്. അച്ഛൻ സർവിസസിനും അമ്മ റെയിൽവേക്കും വേണ്ടിയാണ് കളിച്ചത്. ഇരുവരും രാജ്യാന്തര തലത്തിലും കളിച്ചിരുന്നു. അങ്ങനെയൊരിക്കൽ ഇന്ത്യൻ ക്യാമ്പിൽ വെച്ചാണ് അവർ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. ഞാനും ഷോണും തമ്മിലുള്ള ഇഷ്ടം അവർ അംഗീകരിച്ചതിനുള്ള കാരണവും ഇതായിരിക്കാം.

വോളി കുടുംബത്തിൽനിന്നാണ് വരുന്നതെങ്കിലും ചെറുപ്പം മുതലേ ബാഡ്മിന്‍റണോടായിരുന്നു എനിക്ക് താൽപര്യം. ചേട്ടൻ സാരംഗും ബാഡ്മിന്‍റണിലായിരുന്നു തുടങ്ങിയത്. പിന്നീട് കോളജ് കാലഘട്ടത്തിലാണ് വോളിയിലേക്ക് മാറിയത്. എന്നാൽ, ഞാൻ ബാഡ്മിന്‍റണിൽ തന്നെ തുടർന്നു.


ഇഷ്ടം യാത്രകളോടും പാട്ടിനോടും ഡാൻസിനോടും

ഷോൺ: ദീർഘകാലമായി സൗഹൃദമുള്ളതിനാൽ പരസ്പരം നന്നായി അറിയുന്നവരാണ് ഞങ്ങൾ. യാത്രയോടാണ് താൽപര്യം. ഒഴിവുസമയം ലഭിച്ചാൽ യാത്രപോകാനാണ് സമയം കണ്ടെത്തിയത്. പാട്ടും ഡാൻസും എപ്പോഴും കൂടെയുണ്ടാകും. ഞങ്ങൾ നേരത്തേ ഇഷ്ടത്തിലാണെന്നാണ് പലരും കരുതിയത്. എന്നാൽ, രണ്ട്-മൂന്ന് മാസത്തിനുള്ളിൽ പ്രണയം പറഞ്ഞാണ് വിവാഹ നിശ്ചയത്തിലേക്കെത്തിയതെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല.

സ്‌നേഹ: ഷോൺ ഇഷ്ടം പറയുന്നതിന് ഒരാഴ്ച മുമ്പ് വീട്ടിൽ വിവാഹാലോചനകൾ നടക്കുന്ന സമയം. അന്ന് ഷോണിനൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമ്പോൾ അമ്മ ചോദിച്ചിരുന്നു, ‘‘ഇതു കാണുമ്പോൾ ആളുകൾ എന്തുവിചാരിക്കും’’. അപ്പോഴൊക്കെ ഞാൻ പറയുമായിരുന്നു, ‘‘ഷോൺ എനിക്ക് മറ്റു ഫ്രണ്ട്‌സിനെ പോലെയാണ്. നിങ്ങൾ തെറ്റിദ്ധരിക്കേണ്ട’’ (ചിരിക്കുന്നു).

ഇന്ത്യക്കായി കളത്തിലിറങ്ങിയ മലയാളി താരങ്ങൾ

പത്തനംതിട്ടയിലെ വൈലത്തലയിൽനിന്ന് നാലാം ക്ലാസ് മുതൽ വോളിബാൾ കളിച്ചുതുടങ്ങിയതാണ് ഷോൺ. പ്ലസ്ടുവിനുശേഷം തേവര കോളജിൽ സണ്ണി ജോസഫിന് കീഴിലായിരുന്നു ആദ്യ പരിശീലനം. പ്രഫഷനൽ രീതിയിലേക്ക് കളിയെ പരുവപ്പെടുത്തിയത് അവിടെ വെച്ചായിരുന്നു. പിന്നീട് അരുവിത്തറയിൽ നവാസിന് കീഴിലും പരിശീലിച്ചു. കോളജിൽ മൂന്നാം വർഷം പഠിച്ചുകൊണ്ടിരിക്കെ ട്രയൽസിൽ വിജയിച്ച് കെ.എസ്.ഇ.ബിയിൽ ജോലിക്ക് കയറി.

അറ്റാക്കറായ ഷോൺ നാഷനൽ ജൂനിയർ ടീമിലേക്കാണ് ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. 2018ൽ അണ്ടർ 23 ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019, 2020, 2021 വർഷങ്ങളിൽ സീനിയർ ഇന്ത്യൻ ടീമിനായും കളത്തിലിറങ്ങി. അറ്റാക്കറായതിനാൽ തന്നെ വോളി കോർട്ടിലെ ഇഷ്ടതാരങ്ങൾ ഐ.ഒ.ബി ചെന്നൈ താരം നവീൻ ജേക്കബ് രാജയും കെ.എസ്.ഇ.ബിയുടെ വിപിൻ എം. ജോർജുമാണ്. തന്‍റെ ആരാധനാപാത്രമായ വിപിന്‍റെ പകരക്കാരനായാണ് ഷോൺ കേരള ടീമിലേക്കെത്തുന്നതും.

പാലക്കാട്ടുകാരിയായ സ്നേഹ ഒമ്പതാം വയസ്സ് മുതലാണ് ബാഡ്മിന്‍റൺ സീരിയസായി കണ്ടുതുടങ്ങിയത്. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ ബാഡ്മിന്‍റൺ അക്കാദമിയിലെത്തിയത് കരിയറിലെ വഴിത്തിരിവായി. ഝാർഖണ്ഡിൽ നടന്ന 2010 ദേശീയ ഗെയിംസിൽ സ്വർണ മെഡൽ സ്വന്തമാക്കി. 2011ൽ ആദ്യമായി ജൂനിയർ ഏഷ്യ യൂത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.

2012ൽ കൊറിയയിൽ നടന്ന വേൾഡ് യൂനിവേഴ്സിറ്റി ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിലും സ്‌നേഹ പങ്കെടുത്തു. ഇതിനിടെ പരിക്ക് കരിയറിൽ വില്ലനായെത്തിയെങ്കിലും കഠിനാധ്വാനത്തിലൂടെ തിരിച്ചുവരവ് നടത്തി. നിലവിൽ കൊച്ചി ഇൻകം ടാക്‌സിലാണ് ജോലിചെയ്യുന്നത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonvolleyballLifestyle
News Summary - love story of shon john and sneha santhilal
Next Story