‘ചുരുങ്ങിയത് സഹപ്രവർത്തകർക്ക് മുന്നിലെങ്കിലും ഞാൻ വെറുമൊരു കോമഡി താരം മാത്രമല്ല എന്ന് അറിയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു’- അസീസ്
text_fieldsനെടുമങ്ങാട് ശ്രീനാരായണ സ്കൂളിൽ കലാമേള അരങ്ങുതകർക്കുകയാണ്. കൂട്ടത്തിൽ യു.പി വിഭാഗം നാടകം കളിച്ചിറങ്ങിയ ആറാംക്ലാസ്‍ വിദ്യാർഥിയുടെ മുഖം നിരാശയാൽ വാടിയിരുന്നു. കാര്യം വേറൊന്നുമല്ല. നാടകം കാണാനുണ്ടായിരുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം. നടനാകണമെന്ന കുഞ്ഞുനാളിലേയുള്ള ആഗ്രഹം കാരണം വലിയ ആവേശത്തോടെയാണ് തട്ടിൽ കയറിയത്. പക്ഷേ, നാടകം കഴിഞ്ഞപ്പോൾ പേരിനുപോലും കൈയടിക്കാൻ ആരുമുണ്ടായിരുന്നില്ല. അവിടെനിന്ന് ഇറങ്ങിവരുമ്പോഴാണ് മറ്റൊരു വേദിയിൽ മിമിക്രി അവതരിപ്പിക്കുന്ന പയ്യൻ ‘കത്തിക്കയറുന്നു’. നടന്മാരെയും പക്ഷിമൃഗാദികളെയുമൊക്കെ അവതരിപ്പിച്ച് ആൾക്കൂട്ടത്തിന്റെ കൈയടി വാരിക്കൂട്ടുകയാണ് വിരുതൻ.
അന്നുറപ്പിച്ചു, ഇതൊന്ന് പയറ്റിയിട്ടുതന്നെ കാര്യം. വീടിനടുത്തുള്ള റാസിഖിനോട് കാര്യം പറഞ്ഞു. അവനാണേൽ പ്രേംനസീറിനെയൊക്കെ അവതരിപ്പിച്ച് സ്റ്റാറായി നടക്കുന്ന കാലം. കാര്യം പറഞ്ഞപ്പോൾ ഗുരുദക്ഷിണ വെക്കാനൊന്നും അവൻ പറഞ്ഞില്ല. അവൻ പറഞ്ഞതനുസരിച്ച് ചെയ്തപ്പോൾ ‘പ്രേംനസീറും മണ്ടിപ്പെണ്ണും’ നാക്കിലൂടെ അനർഗനിർഗളം ഒഴുകി. പിന്നെ മിമിക്രിയെ മുറുകെപ്പിടിച്ചു. അത് ഒടുവിൽ ജോസിലെത്തിനിൽക്കുന്നു.
പറയുന്നത് മറ്റാരുമല്ല, തിയറ്ററിൽ നിറഞ്ഞോടുന്ന ‘കണ്ണൂർ സ്ക്വാഡ്’ സിനിമയിൽ ജോസ് എന്ന ശ്രദ്ധേയ പൊലീസ് വേഷം അവതരിപ്പിച്ച അസീസ് നെടുമങ്ങാടാണ്. ശരിക്കും പറഞ്ഞാൽ സൂപ്പർതാരം മമ്മൂട്ടി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതുപോലെ അസീസ് എന്ന ഒരു എസ്റ്റാബ്ലിഷ്ഡ് നടൻ.
മമ്മൂക്ക തന്ന ധൈര്യം, സ്ക്വാഡിലേക്ക്
ഒരുദിവസം നിർമാതാവ് ജോർജ് ചേട്ടൻ വിളിക്കുന്നു: ‘അസീസേ, നമ്മുടെ പ്രൊഡക്ഷനിൽ ഒരു സിനിമ ചെയ്യുന്നു, അതിൽ നിനക്ക് നല്ലൊരു വേഷമുണ്ട്’ എന്ന് പറഞ്ഞു. അപ്പോഴും നമ്മൾ ഇത്തരം വലിയ റോൾ പ്രതീക്ഷിക്കുന്നില്ല. രണ്ടുവർഷം മുമ്പ് കണ്ണൂർ സ്ക്വാഡിന്റെ കഥ തിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡ് മറ്റൊരു സിനിമയുടെ ലൊക്കേഷനിൽ പറഞ്ഞ് ഞാൻ കേട്ടിരുന്നു. കേട്ടപ്പോൾ തന്നെ ഗംഭീര കഥയാണെന്നും കൂട്ടത്തിൽ എനിക്ക് ഒരു ചെറിയ വേഷം തരണമെന്നും പറഞ്ഞുവെച്ചു. പ്രധാന വേഷങ്ങളിൽ ആരൊക്കെ വേണമെന്ന് അവര് അന്നേ തീരുമാനിച്ചിരുന്നു.
എന്നാൽ, പിന്നീട് പലർക്കും ഡേറ്റ് പ്രശ്നം ആയതിനാൽ സ്ക്വാഡ് അംഗമായ ജോസ് എന്ന ശക്തമായ കഥാപാത്രം എന്നിലേക്ക് എത്തുകയായിരുന്നു. എല്ലാറ്റിലുമുപരി മമ്മൂക്കയുടെ ഇടപെടൽ കൂടിയാണ് ഈവേഷം എന്നിലെത്തിച്ചത്. റോണി ചേട്ടൻ വിളിച്ച് ‘അസീസേ, നമ്മൾ മറ്റേ പടം ചെയ്യുന്നു. മമ്മൂക്കക്ക് ഒപ്പമുള്ള മൂന്ന് പൊലീസുകാരിൽ ഒരാൾ നീയാണ്’ എന്നു പറഞ്ഞപ്പോൾ ടെൻഷനുണ്ടായിരുന്നു. ഇത്ര വലിയ റോൾ ഏറ്റെടുക്കുന്നതിലുപരി എങ്ങനെ നന്നായി ചെയ്യാം എന്ന കാര്യത്തിലായിരുന്നു അത്.
എന്നാൽ, ലൊക്കേഷനിൽ എത്തിയപ്പോൾ മമ്മൂക്കയാണ് ധൈര്യം തന്നത്. ‘‘ഡാ, നീ അഭിനയിച്ച ‘ജയ ജയ ജയഹേ’ കണ്ടു, കൊള്ളാടാ... നന്നായിട്ടുണ്ട്’’ എന്നൊക്കെ പറഞ്ഞു. അഭിനയിക്കുമ്പോൾ സീനിൽ എങ്ങനെ പെരുമാറണം എന്നുതുടങ്ങി എല്ലായിടത്തും മമ്മൂക്കയുടെ സ്നേഹം തൊട്ടറിഞ്ഞപ്പോൾ ടെൻഷൻ പോയ വഴിയറിഞ്ഞില്ല എന്നുവേണം പറയാൻ.
കുക്കിനെക്കൊണ്ട് നല്ല ഭക്ഷണം ഉണ്ടാക്കിത്തന്നും ദിവസവും രാവിലെ വിളിച്ചുണർത്തിയും ഹോട്ടലിൽ കളിതമാശ പറഞ്ഞും മറ്റും നൂറോളം ദിവസം ഞങ്ങളുടെ കൂടെ ‘കട്ടക്ക്’ മമ്മൂക്കയുണ്ടായിരുന്നു. ഗൾഫ് പ്രോഗ്രാമിനോ മറ്റോ അഞ്ചുദിവസം ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് മമ്മൂക്ക വിട്ടുനിന്നപ്പോൾ എനിക്ക് ശരിക്കും ഫീൽ ചെയ്തു. ലൊക്കേഷൻ ആളനക്കമില്ലാതെ ഉറങ്ങിയതുപോലെ. വല്ല ഡോക്യുമെന്ററിയൊക്കെ ഷൂട്ട് ചെയ്യുന്ന അവസ്ഥ പോലുണ്ടായിരുന്നു ആ ദിവസങ്ങൾ.
ജോസപ്പേ കുട്ടിക്ക് സീരിയസും വഴങ്ങും
‘അരം + അരം = കിന്നരം’ സിനിമയിൽ ഇംഗ്ലീഷ് മാത്രം പറയുന്ന നടി മലയാളം പറയുമ്പോൾ ജഗതി ചേട്ടൻ പറയുന്നുണ്ട്, ‘‘ജോസപ്പേ, കുട്ടിക്ക് മലയാളം അറിയാം’’ എന്ന്. ഏതാണ്ട് അതുപോലെയാണ് കണ്ണൂർ സ്ക്വാഡ് കണ്ട കൂട്ടുകാരും പ്രേക്ഷകരും ഇപ്പോൾ പറയുന്നത്. അസീസേ, നിനക്ക് കോമഡി മാത്രമല്ല, സീരിയസും നന്നായി വഴങ്ങുന്നുണ്ട്.
കോമഡി കഥാപാത്രങ്ങൾ അഭിനയിക്കുമ്പോഴും നല്ല വേഷം ചെയ്യണം എന്നുണ്ടായിരുന്നു. ചുരുങ്ങിയത് എന്റെ സഹപ്രവർത്തകർക്ക് മുന്നിലെങ്കിലും ഞാൻ വെറുമൊരു കോമഡി താരം മാത്രമല്ല എന്ന് അറിയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. നല്ല വേഷം കിട്ടി, നന്നായി ചെയ്തു എന്നാണ് വിശ്വാസം. നല്ല ഉത്തരവാദിത്തം വേണ്ട റോളാണെന്ന് സ്ക്രിപ്റ്റ് വായിച്ചപ്പോൾ തോന്നി. നൂറുശതമാനം ആത്മാർഥമായി ചെയ്യണമെന്നുണ്ടായിരുന്നു. അതിനായി ശരീരം ഇന്നേ വരെ നോക്കാത്ത ഞാൻ മൂന്നുമാസം ജിമ്മിൽ പോയി. ആറേഴ് കിലോ ഭാരം വർക്കൗട്ട് ചെയ്ത് കുറച്ചു. വയറൊക്കെ നന്നായി കുറച്ച് ഒരു പൊലീസുകാരന്റെ മാനറിസവും ശരീരഭാഷയും കൊണ്ടുവരാൻ ശ്രമിച്ചു. മൂന്നുമാസം ചോറ് ഒട്ടും കഴിച്ചില്ല. ചപ്പാത്തി, ഓട്സ്, വെജിറ്റബ്ൾസ് ആയിരുന്നു ഭക്ഷണം, അതും പേരിനുമാത്രം.
മമ്മൂക്കയടക്കം കൂടെ അഭിനയിക്കുന്നവരൊക്കെ പ്രമുഖരായതിനാൽ ഞാൻ കാരണം അവരുടെ സമയം മെനക്കെടുത്തരുത് എന്നുണ്ടായിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ സീനുകൾ എല്ലാം ഭാഗ്യവശാലും കഠിനാധ്വാനംകൊണ്ടും പെട്ടെന്ന് ശരിയായി. 120 ദിവസത്തോളം തീരുമാനിച്ചിരുന്ന ഷൂട്ട് 95 ദിവസംകൊണ്ട് തീർക്കാനായത് സന്തോഷം നൽകുന്നതാണ്.
പൃഥ്വിരാജിന്റെ കൈപിടിച്ച് സിനിമയിലേക്ക്
നെടുമങ്ങാട് സ്കൂളിലും അതുകഴിഞ്ഞ് വെള്ളനാട് മിത്ര നികേതനിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് പഠിക്കുമ്പോഴും അത്യാവശ്യം നന്നായി കോമഡിയൊക്കെ ചെയ്യുമായിരുന്നു. നാട്ടിലെ കൂട്ടുകാരുമൊത്ത് കലാസദൻ എന്ന ട്രൂപ്പ് ഉണ്ടാക്കി ആയിരുന്നു കലാപ്രവർത്തനം. പിന്നീട് ‘മാഗ്നറ്റ്’ എന്ന പ്രഫഷനൽ ട്രൂപ്പിന്റെ ഭാഗമായി. ആദ്യ ശമ്പളം 75 രൂപയായിരുന്നു. പിന്നീട് ഓരോ വർഷം കൂടുമ്പോഴും 125, 250 രൂപ എന്നിങ്ങനെയായി. ഇവിടെവെച്ചാണ് സുരാജ് വെഞ്ഞാറമൂടിന്റെ കൂടെ സ്റ്റേജ് പരിപാടികളൊക്കെ അവതരിപ്പിക്കുന്നത്.
ജയ്ഹിന്ദ് ചാനലിലെ ‘കിടു’ എന്ന പരിപാടിയിലാണ് ആദ്യം മുഖംകാണിക്കുന്നത്. പിന്നീട് ഏഷ്യാനെറ്റിലെ ‘മിന്നുംതാരം’ എന്ന പരിപാടിയുടെ ഭാഗമായി. ശരിക്കും വഴിത്തിരിവായത് ഏഷ്യാനെറ്റിലെ ‘കോമഡി സ്റ്റാർസി’ൽ എത്തുന്നതിലൂടെയാണ്. അവിടെവെച്ച് ‘അശോകനാ’യും മറ്റും നർമംവിതറി കുടുംബസദസ്സുകളുടെ പ്രിയങ്കരനായി. നാലാൾ അറിയാനും തുടങ്ങി.
ആദ്യ സിനിമയിൽ മുഖം കാണിക്കുന്നതൊക്കെ വലിയ കോമഡിയാണ്. പൃഥ്വിരാജിന്റെ ‘നമ്മൾ തമ്മിൽ’ എന്ന സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരം ശ്രീകാര്യത്ത് നടക്കുകയാണ്. ഞാനും അമ്മാവന്റെ മകൻ മുസ്തഫയും ചേർന്ന് ശ്രീകാര്യത്തേക്ക് വെച്ചുപിടിച്ചു. നിങ്ങൾ കരുതും സിനിമയിൽ റോൾ ചോദിക്കാനാണീ പോക്കെന്ന്. എന്നാൽ, അതിനൊന്നുമല്ല. ഞങ്ങൾക്ക് പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ ഉണ്ടാക്കണം. അതിന്റെ ആജീവനാന്ത പ്രസിഡന്റും സെക്രട്ടറിയുമാകണം.
എന്നാൽ, എന്നെ അവിടെ കാത്തിരുന്നത് മറ്റൊരു നിയോഗം ആയിരുന്നു. സിനിമയിൽ ആൾക്കൂട്ടത്തിൽവെച്ച് പൃഥ്വിരാജിനെ കൈപിടിച്ച് എടുത്തുയർത്തുന്ന റോൾ. അങ്ങനെ ആദ്യമായി വെള്ളിത്തിരയിൽ മുഖം കാണിച്ചു. അതുകൊണ്ടുതന്നെ പലപ്പോഴും ഞാൻ തമാശക്ക് പറയാറുണ്ട്, പൃഥ്വിരാജാണ് എന്നെ സിനിമയിലേക്ക് കൈപിടിച്ചുനടത്തിയതെന്ന്. പക്ഷേ, ഒന്നുണ്ട് കേട്ടോ, മുസ്തഫ ഫാൻസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായി. എന്നാൽ, സിനിമയിൽ കാര്യമായി മുഖം കാണിക്കാനായത് മണിയൻ പിള്ള ചേട്ടൻ വഴി ‘തത്സമയം ഒരു പെൺകുട്ടി’ എന്ന സിനിമയുടെ ഭാഗമായപ്പോഴാണ്. പക്ഷേ, കൈയടി കിട്ടിയ സീൻ ആക്ഷൻ ഹീറോ ബിജുവിലെ ശീട്ടുകളിക്കാരന്റെ റോളായിരുന്നു.
ചിരിക്കുപിന്നിലെ കരുത്ത്
തിരുവനന്തപുരം അമ്പലത്തറ പള്ളിത്തെരുവ് ഹനീഫയുടെയും ഫാത്തിമ ബീവിയുടെയും മകനായാണ് ജനനം. അഞ്ചു മക്കളിൽ ഇളയവനായ അസീസിന്റെ കുട്ടിക്കാലം ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു. മൂത്ത സഹോദരിയുടെ വിവാഹശേഷം കുടുംബം നെടുമങ്ങാട്ടേക്ക് താമസം മാറ്റി. ഇവിടെ നെടുമങ്ങാട് ശ്രീനാരായണ സ്കൂളാണ് അസീസിന്റെ കലാപരമായ കഴിവിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഊർജംനൽകിയത്.
പിതാവ് ഗൾഫിലൊക്കെ പോയെങ്കിലും പ്രതീക്ഷിച്ച രീതിയിൽ ഉയരാൻ കുടുംബത്തിന് കഴിഞ്ഞില്ല. പെയിന്റിങ് ജോലിയടക്കം ചെയ്ത് കലയും ജീവിതവും മുന്നോട്ടുകൊണ്ടുപോയി. മിനിസ്ക്രീനിൽ പറഞ്ഞുഫലിപ്പിക്കുന്ന ഓരോകോമഡിക്കും ഊടും പാവും നൽകിയതിനുപിന്നിൽ കഷ്ടപ്പാട് നിറഞ്ഞ ബാല്യകൗമാരം കൂടിയുണ്ട്.
കോമഡി പരിപാടിയായ ‘സ്റ്റാർ മാജിക്കി’ൽ ബിനു അടിമാലിയോട് കട്ടക്കുനിന്ന് ഓരോ തഗ്ഗ് പറയുമ്പോഴും ഉള്ള് തുറന്നാണ് അസീസ് ചിരിക്കുന്നത്. ആ ചിരിക്ക് കരുത്തുറ്റ അനുഭവങ്ങളുടെ ചൂടുംചൂരുമുണ്ടെന്ന് മാത്രം. അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിഞ്ഞതുകൊണ്ട് കൂടിയാണല്ലോ മലയാളികൾ ഹൃദയത്തോട് ചേർത്തുനിർത്തിയതും. ആ സ്നേഹസ്പർശത്തിന്റെ കൂട്ടിച്ചേർക്കലിലൂടെ അമ്പതോളം ചിത്രങ്ങളിൽ ഇതിനകം ആ ചിരിയും ചിന്തയുമുള്ള മുഖം നമുക്ക് മുന്നിലെത്തിക്കഴിഞ്ഞു. ഒരുപിടി സിനിമകൾ പുറത്തിറങ്ങാനിരിക്കുന്നു.
ദിലീപ് നായകനായ, ഉടൻ പുറത്തിറങ്ങുന്ന ‘തങ്കമണി’യിലും സീരിയസ് റോളിൽ അസീസിന്റെ അഭിനയമികവ് കാണാം. ദീലിപിന്റെ നാല് കൂട്ടുകാരിൽ ഒരാളായാണ് ഈ സിനിമയിൽ മുഴുനീള കഥാപാത്രമായി വരുന്നത്. അമ്പിളി എസ്. രംഗന്റെ ഇടിമഴക്കാറ്റ്, ഡാർവിൻ കുര്യാക്കോസ് സംവിധാനംചെയ്ത ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നിവയൊക്കെ ഉടനടി വെള്ളിത്തിരയിലെത്തുമ്പോൾ അസീസ് ഇപ്പോൾ താമസിക്കുന്ന പൂവച്ചലിലെ വീട്ടിൽ ആഹ്ലാദത്തിന്റെ പുഞ്ചിരിത്തിളക്കം കാണാം.
‘കെട്ട്യോനല്ലേ എന്ന മയമൊന്നും അവളിൽനിന്ന് പ്രതീക്ഷിക്കണ്ട’
ഭാര്യ മുബീനയാണ് എന്റെ സിനിമകൾ ഏറ്റവും നന്നായി വിലയിരുത്തുന്ന ഒരാൾ. നിരൂപണം കറക്ട് ആയിരിക്കും. ഒരു സിനിമ കണ്ടുകഴിഞ്ഞാൽ അതിലെ എന്റെ വേഷത്തെക്കുറിച്ച് തുറന്നടിച്ച് പറയും. കെട്ട്യോനല്ലേ എന്ന മയമൊന്നും അവളിൽനിന്ന് പ്രതീക്ഷിക്കണ്ട. ആ റോൾ നന്നായില്ല, ആ ഭാഗത്ത് അങ്ങനെ ആയിരുന്നില്ല അഭിനയിക്കേണ്ടിയിരുന്നത് എന്നൊക്കെ മുഖത്തുനോക്കി പറയും.
നല്ലതാണെങ്കിൽ അവൾ അത് പറയില്ല... (ചിരിക്കുന്നു) അത് കൊള്ളാമോടി എന്ന് ചോദിച്ചാൽ ചിരിച്ചിട്ട് അവൾ അങ്ങ് പോകും. അതിൽനിന്നും നമ്മൾ മനസ്സിലാക്കിക്കൊള്ളണം അത് നല്ലതാണെന്ന്. ആവറേജ് ആണെങ്കിൽ കൊള്ളാം... കൊള്ളാം എന്നും. നല്ല രസത്തിൽ നന്നായി അഭിനയിച്ചതാണെങ്കിലും അവള് ചിരിച്ചിട്ട് ഒരുപോക്ക് പോകും. ‘കണ്ണൂർ സ്ക്വാഡ്’ കണ്ടിറങ്ങിയ അവള് സിനിമയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പക്ഷേ, കരഞ്ഞു. ഞാൻ ഒന്നും പറയണില്ല എന്ന് പറഞ്ഞു.
ഏഴാംക്ലാസിൽ പഠിക്കുന്ന മൂത്ത മകൾ ആഷ്നക്കും മൂന്നിൽ പഠിക്കുന്ന ഫിദ നസ്റിനും പക്ഷേ, ഉപ്പയുടെ സിനിമകളെക്കുറിച്ച് പറയാൻ വാക്കുകൾ ഏറെ. അവർക്ക് എല്ലാം ഇഷ്ടമാണ്.
ചെറുപ്പത്തിൽ നടനാകാൻ കൊതിച്ച് മിമിക്രിക്ക് പിറകെ ഓടിയയാൾ പിന്നീട് ആ മിമിക്രിയെ ഒരു നടപ്പാലമാക്കി നല്ല കഥാപാത്രങ്ങളിലൂടെ തന്റെ നടനമികവിന് തിലകംചാർത്തുമ്പോൾ ആർക്കാണ് കൂടെനിൽക്കാതിരിക്കാനാവുക.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.