ഞാൻ പ്രധാനമന്ത്രിയായാലും ഇങ്ങനെത്തന്നെയായിരിക്കും -മന്ത്രി കടന്നപ്പള്ളി
text_fields‘‘ഇവനെന്ത്ന്നാടോ ഈ പറയ്ന്നേ! എന്നെ കണ്ടാൽ മന്ത്രിയാണെന്ന് ആരെങ്കിലും പറയുമോ? മന്ത്രീന്റെ ലുക്കും പത്രാസും ഒക്കെ ഉണ്ടാ എനിക്ക്? അതിന്റെ ഒരു ഫിസിക്കൽ ഗെറ്റപ്പില് ഞാനിത് വരെ നടന്നിട്ട്ണ്ടാ? എന്നെ കാണുമ്പോ ഇതേതാ ഒരു അലവലാതി എന്നല്ലേ ആർക്കും തോന്നൂ... ആർക്കും എപ്പവും എന്റെയടുത്ത് വന്നൂടേ... ഞാൻ പ്രധാനമന്ത്രിയായാലും ഇങ്ങനെത്തന്നെയായിരിക്കും’’ -പറഞ്ഞു നിർത്തിയതും പാറിപ്പറക്കുന്ന തൂവെള്ള മുടി കൈകൊണ്ട് ഒതുക്കി കടന്നപ്പള്ളി സ്വതഃസിദ്ധമായ പൊട്ടിച്ചിരിയുതിർത്തതും ഒരുമിച്ചായിരുന്നു.
ഇത് രാമചന്ദ്രൻ കടന്നപ്പള്ളി. ഇപ്പോഴും ഗാന്ധിയൻ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന, സ്ഥാനമാനങ്ങൾ ആഗ്രഹിക്കാത്ത രാഷ്ട്രീയക്കാരൻ. പക്ഷേ, സ്ഥാനമാനങ്ങൾ ഇദ്ദേഹത്തെ തേടി ഇങ്ങോട്ടു വരുമെന്നത് പച്ചയായ സത്യം. അതുകൊണ്ടാണല്ലോ തോൽക്കുമെന്ന് ഉറപ്പിച്ച കാസർകോട്ടെ ആദ്യ മത്സരത്തിൽ എം.പി സ്ഥാനവും ജയിക്കില്ലെന്ന് സ്വന്തം പാർട്ടിക്കാർ വരെ കട്ടായം പറഞ്ഞ കണ്ണൂരിലെ അവസാന മത്സരത്തിൽ എം.എൽ.എ സ്ഥാനവും ഈ മനുഷ്യനെ വാരിപ്പുണർന്നത്. ബോണസായി മന്ത്രിസ്ഥാനവും ലഭിച്ചതോടെ രാഷ്ട്രീയത്തിലെ അത്ഭുതപ്രതിഭാസം തന്നെയായി മാറുകയാണ് കടന്നപ്പള്ളി...
കുട്ടിപ്പട്ടാളത്തിനു നടുവിൽ വലിയൊരു കുട്ടി!
മാധ്യമം ‘കുടുംബ’ത്തിനുള്ള അഭിമുഖത്തിന് രാവിലെ 11 മണിക്ക് കണ്ണൂർ തെക്കീബസാറിലെ രണ്ടാം നിലയിലുള്ള ഓഫിസിൽ എത്താനായിരുന്നു അഡീഷനൽ പി.എയായ കെ. ഗോപിനാഥൻ പറഞ്ഞത്. കൃത്യസമയത്ത് സ്ഥലത്തെത്തിയിട്ടും കടന്നപ്പള്ളിയെ കാണാനില്ല. വിളിച്ചപ്പോൾ കാൽമണിക്കൂർ വൈകും എന്ന് പറഞ്ഞു. പി.എ കെ.പി. സദാനന്ദനോട് കുശലം പറഞ്ഞിരിക്കവേ, കാൽ മണിക്കൂർ അരമണിക്കൂറിനും ഒരുമണിക്കൂറിനും വഴിമാറി. ഇതിനകം നിവേദനവുമായി നിരവധി പേർ ഓഫിസിൽ നിറഞ്ഞു. പക്ഷേ, കടന്നപ്പള്ളി മാത്രം എത്തിയില്ല.
പിന്നെയും ഇത്തിരി സമയം കഴിഞ്ഞപ്പോൾ ഗോപിയേട്ടൻ കുറെ ഫയലുകളും പെറുക്കി കോണിപ്പടികൾ കയറി ഓടി വന്നു. നോക്കുമ്പോൾ ഇടവും വലവുമുള്ള അഞ്ചംഗ കുട്ടിപ്പട്ടാളത്തോട് കൈപിടിച്ച് കുശലം പറഞ്ഞ് കടന്നപ്പള്ളി മെല്ലെ മെല്ലെ പടികയറി വരുന്നു. ഓഫിസിന് എതിർവശത്തുള്ള തെക്കീബസാർ എരുമക്കുടി കോളനിയിലെ കുട്ടികളാണ് എം.എൽ.എയുടെ കൂടെയുള്ളത്. കളിക്കാൻ ഫുട്ബാൾ വേണമെന്നതാണ് അവരുടെ ആവശ്യം.
കാബിനിൽ കയറിയ ഉടൻ കുട്ടികളെ അകത്തേക്കു വിളിച്ചു. എം.എൽ.എയുടെ മേശക്ക് ചുറ്റുമുള്ള കസേരകളിൽ ഇരുന്നു. പേരും ക്ലാസും സ്കൂളും ഒക്കെ ചോദിച്ചു. എല്ലാം ഒരു പേപ്പറിൽ കുറിച്ചിട്ടു. പിന്നിലെ ചുവരിലെ ഗാന്ധിച്ചിത്രം കാണിച്ച് അറിയാമോ എന്നു ചോദിച്ചു. പിന്നെ ഒരു 10 മിനിറ്റ് ഗാന്ധിയെ കുട്ടികൾക്ക് പരിചയപ്പെടുത്തി.
അതിനിടെ, ഒരു ഫോൺ കാൾ വന്നു. ഒരു ചികിത്സാസഹായത്തിനുള്ള അഭ്യർഥനയാണ്. ഫോൺ സംസാരത്തിനിടെ, പേനയെടുത്ത് ടേബിളിൽ ഉണ്ടായിരുന്ന കല്യാണ ക്ഷണക്കത്തിന്റെ പിറകിൽ കുത്തിവര തുടങ്ങി. രണ്ടുമിനിറ്റ് തികയുംമുമ്പ് കല്യാണക്കുറിയിൽ സാക്ഷാൽ ഗാന്ധി വടിയും കുത്തി നടക്കുന്നു! ഫോൺ വെക്കാതെ തന്നെ കുട്ടികൾക്ക് ചിത്രം കാണിച്ച്, ഇതാരാണെന്ന് കണ്ണുകൊണ്ട് ചോദിച്ചു. കുട്ടികൾ അമ്പരപ്പോടെ ഗാന്ധിയെ നോക്കിനിന്നു കണ്ണുമിഴിച്ചു. പിന്നെയും കുറെ നേരം അവരോട് സംവദിച്ചു. അവസാനം പോകാൻ ഒരുങ്ങുമ്പോഴാണ് തങ്ങൾ വന്നത് ഫുട്ബാളിനാണെന്നും ഇതുവരെ കിട്ടിയില്ലെന്നും അവർ പരിഭവം പറഞ്ഞത്. വെള്ളപ്പേപ്പറിൽ നിങ്ങളുടെ പേരും വിലാസവും അപേക്ഷയും എഴുതി വന്നിട്ട് പന്ത് കൈപ്പറ്റിക്കൊള്ളൂ എന്നു പറഞ്ഞ് അവരെ യാത്രയാക്കി.
എം.എൽ.എയെ കാണാൻ പിന്നെയും ആളുകൾ ബാക്കി. ഞാൻ ക്ലോക്കിലേക്ക് കണ്ണുനട്ടിരിക്കുന്നത് കാണുമ്പോൾ ഇടക്കിടക്ക് എന്നെ നോക്കി ‘ഇപ്പൊ ശരിയാക്കാം, ഇപ്പൊ ശരിയാക്കാം’ എന്നു പറയുന്നുമുണ്ടായിരുന്നു. എല്ലാവരെയും കണ്ടുകഴിഞ്ഞപ്പോൾ സമയം ഉച്ച രണ്ടുമണി!
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായുള്ള പൂർണ്ണ അഭിമുഖം 2024 ജനുവരി ലക്കം മാധ്യമം കുടുംബത്തിൽ വായിക്കാം...
(സർക്കുേലഷൻ സംബന്ധമായ സംശയങ്ങൾക്ക് വിളിക്കാം, ഫോൺ: 8589009500)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.