‘കേരളം സാമ്പത്തിക പ്രതിസന്ധി മറികടക്കും’ -ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഡോ. വി. വേണുവും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു
text_fieldsഭർത്താവ് ചീഫ് സെക്രട്ടറിയായി വിരമിക്കുന്നതിന്‍റെ അടുത്ത ദിവസംതന്നെ ഭാര്യ ആ ചുമതലയിൽ എത്തുക. കേരളത്തിൽ ഇത്തരമൊരു സംഭവം ആദ്യമാണ്. ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി. വേണുവും നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരനുമാണ് ആ റെക്കോഡിട്ട ദമ്പതികൾ. തിരക്കുകൾക്കിടെ ഒന്നിച്ചെത്തിയ ഓണവും മകളുടെ വിവാഹവും ഇരുവരും ഗംഭീരമാക്കി.
വയനാട് ദുരന്ത പശ്ചാത്തലത്തിൽ സർക്കാർ വക ഓണാഘോഷം ഇല്ലായിരുന്നെങ്കിലും ഇവരുടെ ഓണത്തിരക്കിന് കുറവൊന്നും ഉണ്ടായിരുന്നില്ല. എല്ലാം മാനേജ് ചെയ്യാവുന്നതേയുള്ളൂവെന്നും കരുത്തായും പിന്തുണയായും ഒപ്പമുള്ളവർ തന്നെയാണ് തങ്ങളുടെ ബലമെന്നും ഇരുവരും ‘മാധ്യമം കുടുംബ’ത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ആ വിശേഷങ്ങളിലേക്ക്...
മെഡിക്കൽ രംഗം വിട്ട് സിവിൽ സർവിസിലേക്ക്
സിവിൽ സെർവന്‍റ് എന്നാൽ പൊതുജനങ്ങൾക്ക് സേവനം ചെയ്യേണ്ടവരാണെന്ന് തങ്ങളുടെ കരിയറിലൂടെ തെളിയിച്ചവരാണ് ഡോ. വേണുവും ശാരദ മുരളീധരനും. മെഡിക്കൽ രംഗം ഒരിക്കലും തനിക്ക് ഇണങ്ങുന്നതല്ലെന്ന് തിരിച്ചറിഞ്ഞ് സിവിൽ സർവിസ് എഴുതിയെടുത്തയാളാണ് ഡോ. വേണു.
മെഡിക്കൽ എൻട്രൻസ് എഴുതി 12ാം റാങ്ക് നേടിയിട്ടും ഇംഗ്ലീഷ് സാഹിത്യത്തോടുള്ള താൽപര്യം കാരണം മെഡിക്കൽ രംഗം വേണ്ടെന്ന് വെച്ചയാളാണ് ശാരദ മുരളീധരൻ. അതിനു പിന്നാലെയാണ് സിവിൽ സർവിസ് പരീക്ഷ പാസായത്.
സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്കുവരെ പ്രയോജനകരമായ നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ ഇരുവർക്കും കഴിഞ്ഞത് തിരഞ്ഞെടുത്ത ജോലിയോടുള്ള അർപ്പണ മനോഭാവവും ഇഷ്‌ടവും തന്നെയാണ്. പ്ലാനിങ്ങിൽ അഡീഷനൽ ചീഫ് സെക്രട്ടറിയായിരിക്കെയാണ് ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്.
ആഭ്യന്തരം, പരിസ്ഥിതി, ഉന്നതവിദ്യാഭ്യാസം, ടൂറിസം തുടങ്ങി ഡോ. വി. വേണു കൈകാര്യം ചെയ്യാത്ത വകുപ്പുകളില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ രാഷ്‌ട്രീയ-സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളിൽ ഇരുവർക്കും വ്യക്തമായ കാഴ്‌ചപ്പാടും അഭിപ്രായവുമുണ്ട്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി മറികടക്കും
കേരളം നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നാണ് ഇരുവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. സർക്കാർ എന്തെങ്കിലും തെറ്റായി ചെയ്‌തതുകൊണ്ടല്ല പ്രതിസന്ധി വന്നതെന്ന് ഡോ. വേണു പറയുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം പല ഉത്തരവാദിത്തങ്ങളും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
കേരളത്തിലെ ജനങ്ങൾ വളരെ ഡിമാൻഡിങ്ങാണ്. തങ്ങൾക്ക് സർക്കാറിൽനിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരായ ആളുകളാണ്. അതിൽ കുറവുവന്നാൽ അവർ അത് ചോദിക്കും.
അപ്പോൾ അത്തരം ആവശ്യങ്ങൾ നിറവേറ്റാൻ കടമെടുപ്പ് പോലുള്ള വഴികൾ തേടേണ്ടിവരും. അത്തരം കടമെടുക്കൽ പരിധിയൊക്കെ വെട്ടിക്കുറക്കുകയെന്നത് ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്.
കേരളം ഉപഭോക്‌തൃ സംസ്ഥാനമാണ്. ജി.എസ്.ടിയിലൂടെ ഏറ്റവും ഗുണം ലഭിക്കേണ്ട സംസ്ഥാനം. അതിനുള്ള പരിശ്രമത്തിലാണ് നമ്മൾ. രണ്ടുമൂന്ന് വർഷത്തിനുള്ളിൽ ആ പ്രയോജനം കേരളം അനുഭവിച്ചുതുടങ്ങുമെന്നും ഡോ. വി. വേണു പറഞ്ഞു.
സ്‌ത്രീയോടുള്ള കാഴ്‌ചപ്പാടും മാറണം
ശാരദ മുരളീധരൻ: ദാരിദ്ര്യത്തെ അതിജീവിച്ച സംസ്ഥാനമാണ് കേരളം. റെമിറ്റൻസ് ഏറ്റവും അധികം വന്ന സംസ്ഥാനം. സാമ്പത്തിക ഭദ്രതക്ക് ഇന്നൊവേറ്റീവായ വഴികൾ കണ്ടെത്തണം, കണ്ടെത്തും. സ്‌ത്രീശാക്തീകരണവുമായും മുന്നോട്ടു പോകേണ്ടതുണ്ട്.
സ്‌ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതുപോലും സ്‌ത്രീശാക്തീകരണമായാണ് ഞാൻ വിലയിരുത്തുന്നത്. കാരണം, തെരുവുവിളക്കുകളുടെ അഭാവം പല ഇടവഴികളും സുരക്ഷിതമല്ലാതാക്കും. അതിനാൽ കേടായ വിളക്കുകൾ പതിവായി മാറ്റിസ്ഥാപിക്കുന്നത് തന്നെ ജെൻഡർ സെൻസിറ്റിവ് ഇടപെടലായി മാറും.
സ്‌ത്രീകൾക്ക് തൊഴിലിടങ്ങൾ സുരക്ഷിതമാക്കുന്നതുൾപ്പെടെ നിരവധി വിഷയങ്ങൾ നമ്മുടെ മുന്നിലുണ്ട്. സ്‌ത്രീ മാത്രമല്ല, അവളോടുള്ള കാഴ്‌ചപ്പാടും മാറേണ്ടതുണ്ട്. കുടുംബശ്രീപോലുള്ള സ്‌ത്രീശാക്തീകരണ പ്രസ്ഥാനങ്ങളിലെ മുൻപരിചയം ഇവിടെ മുതൽക്കൂട്ടാകും.
സ്‌പെഷലായിരുന്നു ഓണം
വയനാട് ദുരന്തത്തിന്‍റെയും മകളുടെ വിവാഹത്തിന്‍റെയും പശ്ചാത്തലത്തിൽ ഞങ്ങൾ ഈ വർഷം ഓണം ആഘോഷിച്ചിട്ടില്ല. തിരുവോണപ്പിറ്റേന്ന് ചെന്നൈയിൽ വെച്ചായിരുന്നു മകളുടെ വിവാഹം. റിസപ്‌ഷനും അവിടെത്തന്നെ.
ഞങ്ങളുടെ തിരക്കുകൾ കൊണ്ട് സെപ്റ്റംബർ 15 വരെയുള്ള ഡേറ്റ് നോക്കരുതെന്ന് പറഞ്ഞിരുന്നു. അപ്പോഴാണ് അവർ തൊട്ടടുത്ത ദിവസം കണ്ടെത്തിയത്. അതുകൊണ്ട് തിരുവോണ ദിനമൊക്കെ ചെന്നൈയിൽ കല്യാണത്തിരക്കിലായിരുന്നു.
ഒത്തുകൂടലിന്‍റെ ഓണക്കാലം
ശാരദ: ഓണക്കാലത്ത് കൂടുതലായും കോഴിക്കോട്ടായിരിക്കും. നടക്കാവാണ് വേണുവിന്‍റെ നാട്. വേണുവിന്‍റെ സഹോദരങ്ങളും ബന്ധുക്കളുമെല്ലാം ഒത്തുകൂടുന്നത് ഓണക്കാലത്താണ്. അവിടെ സദ്യയൊരുക്കലും പൂക്കളമിടലും ഒക്കെയായി രസകരമായിരിക്കും.
ഞാൻ തിരുവനന്തപുരത്തുകാരിയാണെങ്കിലും ഓണക്കാലത്ത് ഞങ്ങൾ തൃശൂരിലുള്ള അച്ഛന്‍റെ തറവാട്ടിലേക്ക് പോകുമായിരുന്നു. അങ്ങനെ പറ്റാതിരിക്കുമ്പോൾ തിരുവനന്തപുരത്ത് ഓണം ആഘോഷിക്കും.
പറഞ്ഞാലും പറഞ്ഞാലും ഓണവിശേഷങ്ങൾ തീരില്ല. തൈക്കാടാണ് ഞങ്ങളുടെ വീട്. അച്ഛൻ കെ.എ. മുരളീധരൻ. അമ്മ ഗോമതി. ഇരുവരും അധ്യാപകരായിരുന്നു.
മക്കളും അവരവരുടേതായ തിരക്കിൽ
ഡോ. വേണു: ഇക്കുറി മകൾ കല്യാണി ശാരദയുടെ വിവാഹത്തിരക്കിലായിരുന്നതിനാൽ റിട്ടയർമെന്‍റ് ലൈഫിലെ ഓണം എങ്ങനെയാണെന്ന് അടുത്തതവണ പ്ലാൻ ചെയ്യാം. മരുമകൻ ഭരണികുമാർ പ്രഫഷനൽ ഫോട്ടോഗ്രാഫറാണ്. മകൾ നർത്തകിയാണ്.
മകൻ ശബരി വേണു ഐ.ടി ഫീൽഡിലാണ്. ഇങ്ങനെ മക്കളും അവരവരുടേതായ തിരക്കിലാണ്. ഈ തിരക്കുകാരെല്ലാം ഒത്തുകൂടുന്നു എന്നത് തന്നെയാണ് ഓണത്തിന്‍റെ ഏറ്റവും സന്തോഷകരമായ കാര്യം. എത്ര തിരക്കിലും ഓണത്തിന് നാട്ടിലെത്താൻ ശ്രമിക്കാറുണ്ട്.
ഒന്നാം റാങ്കിനെക്കാൾ സന്തോഷിപ്പിച്ച മലയാളം
ശാരദ: പത്താം ക്ലാസിൽ ഒന്നാം റാങ്ക് കിട്ടിയതിനെക്കാൾ സന്തോഷം തോന്നിയത് മലയാളത്തിന് സ്‌കൂൾ ഫസ്‌റ്റായതാണ്. അത്ര കഷ്‌ടപ്പെട്ടാണ് ഞാൻ മലയാളം പഠിച്ചത്. വീട്ടിൽ സംസാരിക്കുന്നത് തമിഴാണ്. സ്‌കൂളിലാണെങ്കിൽ ഇംഗ്ലീഷും. അതുകൊണ്ടുതന്നെ മലയാളത്തിൽ കുറച്ച് വീക്കായിരുന്നു.
മലയാളത്തിനുമാത്രം പ്രത്യേകം ട്യൂഷനുപോയി. റിസൽട്ട് വന്നപ്പോൾ റാങ്ക് കിട്ടിയതിനെക്കാൾ സന്തോഷം മലയാളത്തിന്‍റെ മാർക്കിൽ തോന്നി.
കുടുംബത്തിന് തുല്യപ്രാധാന്യം
ഡോ. വേണു: രണ്ടുപേരും സിവിൽ സർവിസിൽ ആയതുകൊണ്ടുതന്നെ തിരക്കുകൾ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അത് കുടുംബത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. ആർക്കാണോ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ പറ്റുക അവർ ആ ഉത്തരവാദിത്തം ഏറ്റെടുക്കും. ശാരദ പലപ്പോഴും 10 മണിക്കൂർവരെ ജോലി നോക്കിയിട്ടുണ്ട്.
ആ കാലഘട്ടങ്ങളിൽ താരതമ്യേന തിരക്കുകുറഞ്ഞ ഉത്തരവാദിത്തമായിരുന്നു എന്‍റേത്. പിന്നെ സമയം കിട്ടുമ്പോൾ ഒരു യാത്ര. അത് മിസ് ചെയ്യാറില്ല.
സാഹസികത ഇഷ്‌ടപ്പെടുന്നയാളാണ് ഞാൻ. അതുകൊണ്ടുതന്നെ എന്‍റെ ടൂറിസ്‌റ്റ് ഇടങ്ങളും അത്തരത്തിലുള്ളതാകും. ശാരദക്ക് മലയും കുന്നുമൊക്കെയാണ് ഇഷ്‌ടം. കുട്ടികൾക്ക് ബീച്ചും. അതെല്ലാം പരിഗണിച്ചായിരിക്കും യാത്രകളും.
1990 സിവിൽ സർവിസ് ബാച്ചുകാരാണ് ഞങ്ങൾ. ട്രെയിനിങ്ങിനായി ഒരുമിച്ച് മസൂറിയിലേക്കുള്ള കേരള എക്‌സ്‌പ്രസ് യാത്രയിലാണ് ഞങ്ങൾ പരിചയപ്പെട്ടത്. പിന്നെ അത് പരസ്‌പര ഇഷ്‌ടത്തിലേക്കും 1991 ഒക്‌ടോബർ 21ന് വിവാഹത്തിലുമെത്തിച്ചു.
വീട്ടിലെ ഉത്തരവാദിത്തം വേണു ഏറ്റെടുക്കും
ശാരദ: വീട്ടിൽ പച്ചക്കറി വാങ്ങുന്നതുതൊട്ട് എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നയാളാണ് വേണു. നന്നായി കുക്ക് ചെയ്യും. വേണുവിന്‍റെ ദോശയുടെ ആരാധികയാണ് ഞാൻ. മക്കളുടെ എല്ലാ കാര്യത്തിനും അച്ഛനുണ്ടാകും. പക്ഷേ, അസുഖം വന്നാൽ അവിടെ അമ്മതന്നെ വേണം.
ജില്ല കലക്‌ടറായിരുന്നപ്പോഴും കുടുംബശ്രീയുടെ ഉത്തരവാദിത്തം ഏറ്റെടുത്തപ്പോഴുമൊക്കെ കടുത്ത ഷെഡ്യൂളായിരുന്നു. അച്ഛനും മക്കളും അതെല്ലാം മാനേജ് ചെയ്‌തു. മക്കൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഞങ്ങൾ ഒപ്പമുണ്ടായിരുന്നു. വലുതായപ്പോൾ രണ്ടാളും ഇഷ്‌ടപ്പെട്ട പ്രഫഷൻ സ്വീകരിച്ചു.
വിവാഹം ലളിതമായി മതിയെന്നതും മക്കളുടെ തീരുമാനമായിരുന്നു. അതിലും പാരന്‍റ്സ് എന്ന നിലയിൽ സന്തുഷ്‌ടരാണ് ഞങ്ങൾ.
റിട്ടയർമെന്‍റ് ലൈഫ്
ശാരദ: വേണു റിട്ടയർമെന്‍റ് ലൈഫ് ആസ്വദിച്ചു തുടങ്ങിയെന്നുവേണം കരുതാൻ. ഇത്രയും നാൾ ഔദ്യോഗിക തിരക്കുകൾ കാരണം മാറ്റിവെച്ച പല കാര്യങ്ങളും ചെയ്യാൻ ഇനി സമയം കിട്ടുമല്ലോ.
ഡോ. വേണു: കുറച്ച് റിലാക്‌സ്‌ഡ് ആയി എന്നത് സത്യം തന്നെയാണ്. ഇനി തിരക്കുപിടിച്ച ഷെഡ്യൂളുകളുണ്ടാവില്ല. അത്തരം അവസ്ഥയിലേക്ക് പൊരുത്തപ്പെടേണ്ടതുണ്ട്. എന്തായാലും ഏറെക്കാലമായി മാറ്റിവെച്ചിരുന്ന സൈക്കിളിങ് പുനരാരംഭിച്ചതിന്‍റെ സന്തോഷമുണ്ട്.
റിട്ടയർമെന്‍റ് ലൈഫിന് ഒരുമാസംകൂടി എക്‌സ്‌റ്റൻഷൻ കൊടുത്തിട്ടുണ്ട്. മുമ്പ് പത്രം വായിക്കുമ്പോൾപോലും അത് നമ്മുടെ ജോലിയുമായി ചേർത്തുവെച്ച് സൂക്ഷ്മതയോടെയാണ് നോക്കിയിരുന്നത്. ഇനി അതു വേണ്ടല്ലോ. അത്തരം വ്യത്യാസങ്ങൾ എന്തായാലും ഫീൽ ചെയ്യും. നിലവിൽ ഞാൻ റിട്ടയർമെന്‍റിന്‍റെ പുതുമ ആഘോഷിക്കുകയാണ്.
നാടകത്തെ തിരികെപ്പിടിക്കണം
ഡോ. വേണു: ഒരിക്കൽ വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന നാടകത്തെ തിരികെപ്പിടിച്ചാൽ കൊള്ളാമെന്നുണ്ട്. സ്‌കൂൾ കാലം മുതൽ കൂടെയുള്ളതാണ് നാടക പ്രവർത്തനം. ഉത്തരവാദിത്തങ്ങൾ വലുതായപ്പോൾ നാടക സംഘം ശിഥിലമാവുകയായിരുന്നു. അത് തിരികെ കൊണ്ടുവരണമെന്ന മോഹവും ഉള്ളിലുണ്ട്.
മികച്ച ഭരണാധികാരിയാണ് മുഖ്യമന്ത്രി
അടുത്തറിഞ്ഞ മുഖ്യമന്ത്രിമാരിൽ മികച്ചത് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന കാര്യത്തിൽ ഇരുവർക്കും എതിരഭിപ്രായമില്ല. ഉമ്മൻ ചാണ്ടി സാർ ആയിരുന്നപ്പോൾ കാണാനും പരാതികളും നിവേദനങ്ങളും നൽകാനും ഒക്കെയായി നൂറുകണക്കിനു പേർ എന്നും ഓഫിസിൽ അദ്ദേഹത്തിന് ചുറ്റുമുണ്ടാകും. അതായിരുന്നു അദ്ദേഹത്തിന്‍റെ ശൈലിയും.
എന്നാൽ, പിണറായി വിജയൻ സാറിന്‍റെ ശൈലി അങ്ങനെയല്ല. ഇടപെടലുകൾക്കും പ്രതികരണങ്ങൾക്കുമായി സംവിധാനം ഉപയോഗപ്പെടുത്തുന്നതിനൊപ്പം തന്‍റെയും മറ്റുള്ളവരുടെയും സമയത്തിന് എപ്പോഴും മൂല്യമേകുമെന്നും ഡോ. വി. വേണു അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ സാറിനെ വളരെ അടുത്തുനിന്ന് അറിയാനായിട്ടുണ്ട്. ഒരു വിഷയവും അലക്ഷ്യമായി സംസാരിക്കുന്നത് ഇഷ്‌ടമല്ല. പറയാനുള്ളത് വളരെ വ്യക്തമായി പറയണം. ഒരു നല്ല സ്‌റ്റേറ്റ്‌സ്‌മാനാണ് അദ്ദേഹം. നിരവധി കഴിവുറ്റ മന്ത്രിമാർക്കൊപ്പം ജോലി ചെയ്യാനായതാണ് തന്‍റെ ഭാഗ്യമെന്നും ശാരദ മുരളീധരൻ പറയുന്നു.
വയനാട്ടിൽ സെറ്റിലാകണം
എട്ടുമാസം കൂടിയുണ്ട് ശാരദ മുരളീധരൻ വിരമിക്കാൻ. അതുകഴിഞ്ഞ് എങ്ങോട്ടെന്ന ചോദ്യത്തിന് വയനാട്ടിൽ സെറ്റിലാകണമെന്നാണ് ആഗ്രഹമെന്ന മറുപടിയാണ് പതിവ് പുഞ്ചിരിയോടെ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.