'സഭയിൽ ഞങ്ങൾ ഏറ്റുമുട്ടും. അതു കഴിഞ്ഞാൽ ഞാനും പി.കെ. ബഷീറും ഒന്നിച്ചിരുന്ന് ചായ കുടിക്കും. ഇടക്ക് അദ്ദേഹത്തിന്‍റെ ഫ്ലാറ്റിൽ കൊണ്ടുപോയി എന്നെ ഭക്ഷണവും കഴിപ്പിക്കും'
text_fieldsഇറങ്ങിക്കളിച്ച് നിരന്തരം ഗോളടിച്ചും ഇടക്ക് സെൽഫടിച്ചും നിയമസഭയിൽ സജീവമായി നിന്നനേരത്താണ് എ.എൻ. ഷംസീറിന് റഫറിയുടെ കുപ്പായം അണിയേണ്ടിവന്നത്. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് പ്രതിപക്ഷത്തിനുനേരെ നല്ല കാക്കിത്തുണിയിൽ കത്രികയിട്ട് വെട്ടുമ്പോഴുള്ള താളത്തിൽ എം. സ്വരാജ് ആഞ്ഞടിക്കുമ്പോൾ തൊട്ടടുത്തുനിന്ന് തലശ്ശേരിച്ചുവയുള്ള വാക്കുകൾകൊണ്ട് കല്ലേറ് തീർക്കുകയായിരുന്നു ഷംസീർ.
ഇപ്പോൾ സഭ നിയന്ത്രിക്കേണ്ട സ്പീക്കറുടെ നിയോഗത്തിലും ഈ തലശ്ശേരിക്കാരന് തികഞ്ഞ ആത്മവിശ്വാസംതന്നെ. തന്‍റെ സ്ഥാനലബ്ധിയിൽ നെറ്റി ചുളിക്കുന്നവരോട് 'Don't judge a book by its cover' (ഒരു പുസ്തകത്തെയും അതിന്‍റെ പുറംചട്ട നോക്കി വിലയിരുത്തരുത്) എന്ന നോവലിസ്റ്റ് ജോർജ് എലിയറ്റിന്‍റെ വാക്കുകൾ കടംകൊണ്ട് കാര്യം പറയാതെ പറഞ്ഞു അദ്ദേഹം.
തലശ്ശേരിയിലെ ഉമ്മവീട് പകർന്ന തെളിമയുള്ള രാഷ്ട്രീയബോധ്യങ്ങളായിരുന്നു ചെറുപ്പകാലത്ത് ഷംസീറിന്‍റെ കൂട്ട്. തലശ്ശേരി കോടിയേരി വില്ലേജിലാണ് ഉമ്മവീട്. വാപ്പയുടെ വീട് തലശ്ശേരി നഗരത്തിലും. സ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസം വരെ പഠിച്ചതെല്ലാം തലശ്ശേരി നഗരത്തിൽ. രാഷ്ട്രീയവഴികളും കുടുംബജീവിതവുമൊക്കെയായി ഷംസീർ മനസ്സുതുറക്കുന്നു.
രാഷ്ട്രീയത്തിലേക്ക് വരുന്നത് എങ്ങനെ?
വാപ്പ ഉസ്മാൻ കോമത്ത് മർച്ചന്‍റ് നേവിയിലായിരുന്നു. ഉമ്മ എ.എൻ. സറീന. ഒരു സഹോദരനും സഹോദരിയും. ഉമ്മവീട്ടിലായിരുന്നു ഞങ്ങളുടെ ചെറുപ്പകാലമെല്ലാം. ഉമ്മവീട് സജീവ രാഷ്ട്രീയം ചർച്ചചെയ്യുന്ന ഇടമാണ്. തലശ്ശേരി കലാപത്തിൽ ദുരന്തംസഹിച്ച കുടുംബമാണ് ഉമ്മയുടേത്.
കലാപകാരികൾ വീട് ആക്രമിക്കാൻ വന്നപ്പോൾ കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാപിതാവ് രാജു മാഷിന്‍റെയെല്ലാം നേതൃത്വത്തിൽ സി.പി.എം പ്രവർത്തകരാണ് രക്ഷകരാെയത്തിയത്. അതുകൊണ്ടാണ് ഉമ്മയുടെ കുടുംബം ഇടതുപക്ഷമായത്.
ഉമ്മയുടെ എളാമ്മ കലാപത്തിന്റെ ആദ്യഘട്ടത്തിൽ അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരനോട് ക്ഷുഭിതയായി സംസാരിച്ചതിനെ കുറിച്ചൊക്കെ കേട്ടിട്ടുണ്ട്. ഞങ്ങളുടേത് പഠനത്തിന് പ്രാധാന്യംകൊടുത്ത കുടുംബമായിരുന്നു. മറ്റെന്തുകളിച്ചാലും പഠനത്തിൽ കോംപ്രമൈസ് ചെയ്യാൻ പാടില്ലെന്ന നിർബന്ധമുണ്ടായിരുന്നു. കോളജിലെത്തിയപ്പോഴാണ് പഠനത്തിൽ ഞാൻ അൽപം പിന്നാക്കംപോയത്.
ആദ്യ തെരഞ്ഞെടുപ്പ് ഓർമയിലുണ്ടോ?
അഞ്ചാം ക്ലാസ് മുതൽ ഞാൻ എസ്.എഫ്.ഐ ആയി. ഒമ്പതാം ക്ലാസിലാണ് ആദ്യമായി മത്സരിക്കുന്നത്. അത് ക്ലാസ് റെപ്പായിട്ടാണ്. പക്ഷേ, തോറ്റുപോയി. പത്താം ക്ലാസിൽ മത്സരിച്ചു, ജയിച്ചു. എന്നാൽ, സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തോറ്റുപോയി. ഞങ്ങളുടെയൊക്കെ സ്കൂൾകാലം എന്നത് കെ.എസ്.യുവിെൻറ ആധിപത്യകാലമാണ്.
എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ് എന്നിവയാണ് കാമ്പസിലുള്ളത്. കെ.എസ്.യു^എം.എസ്.എഫ് സഖ്യം സ്കൂളിൽ എസ്.എഫ്.െഎയെ തോൽപിച്ചു. പക്ഷേ, കാമ്പസിൽ എത്തിയപ്പോൾ സ്ഥിതി മാറി. ഡിഗ്രി അവസാനവർഷം പഠിക്കുേമ്പാൾ, 1998ലാണ് ഞാൻ കണ്ണൂർ സർവകലാശാലയുടെ ചെയർമാനാകുന്നത്. സർവകലാശാലയുടെ ആദ്യ ചെയർമാൻ.
സംഭവബഹുലമായിരുന്നല്ലോ വിദ്യാർഥി രാഷ്ട്രീയകാലം?
വിദ്യാർഥി സംഘടനജീവിതം പൊലീസ് മർദനങ്ങളുടെയും ജയിൽവാസത്തിന്‍റേതുമെല്ലാമാണ്. പൊലീസ് ക്രൂരമായി മർദിച്ചിട്ടുണ്ട്. അക്കാലത്ത് 96 ദിവസത്തോളം പലഘട്ടങ്ങളിലായി ജയിലിലും കിടന്നു. തുടർച്ചയായി കിടന്നത് 35 ദിവസം. അത് രജനി എസ്. ആനന്ദിെൻറ മരണവുമായി ബന്ധപ്പെട്ട് അന്ന് മന്ത്രി പി. ശങ്കരനെ കണ്ണൂരിൽ കരിെങ്കാടി കാണിച്ചതിന്.
ശങ്കരനെ വധിക്കാൻ ശ്രമിച്ചുവെന്നപേരിലെ കേസിൽ എന്നെ ഒന്നാം പ്രതിയാക്കി. മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രൈവറ്റ് സെക്രട്ടറി ശബരീഷിനെയും അന്ന് എനിക്കൊപ്പം അറസ്റ്റ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിൽ, കണ്ണൂർ സബ് ജയിൽ, കോഴിക്കോട് സബ് ജയിൽ എന്നിവിടങ്ങളിലായിരുന്നു തടവ്. ഒരിക്കൽ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ ഞങ്ങൾ 35 വിദ്യാർഥികളെ ഒന്നിച്ച് പിടിച്ച് ജയിലിൽ അടച്ചതും ഓർമയിലുണ്ട്.
മറ്റൊരു പൊലീസ് മർദനം കോഴിക്കോട് കൗൺസലിങ് സമരത്തിലെതാണ്. സാധാരണ പൊലീസുമായി ഉന്തും തള്ളുമുണ്ടായ ശേഷമാണ് ലാത്തിച്ചാർജ്. ഇവിടെ പക്ഷേ അതൊന്നുമില്ല. 100 മീറ്റർ അഡ്വാൻസ് ചെയ്ത് പൊലീസ് ഞങ്ങളെ അടിച്ചു. എനിക്കും സ്വരാജിനും എസ്.കെ. സജീഷിനും ശബരീഷിനും എം. രതീഷിനും കോടിയേരിയുടെ പി.എ ആയിരുന്ന എം.കെ. ഋജുവിനും വി.പി. റജീനക്കുമെല്ലാം ക്രൂരമായി അടിയേറ്റു.
മത്തായി ചാക്കോയും ജെയിംസ് മാത്യുവും ഇല്ലെങ്കിൽ ഞങ്ങളെ പൊലീസ് അടിച്ച് പരിപ്പിളക്കുമായിരുന്നു. ഇരുവരും പൊലീസിന്‍റെ നടുക്കുവീണ് അടി തടഞ്ഞു. തുടർന്ന് ഞങ്ങളെയെല്ലാം ജയിലിലടച്ചു. വേദനകൊണ്ട് പുളഞ്ഞിരുന്ന ഞങ്ങളെ ശുശ്രൂഷിച്ചത് ജയിലിലെ മറ്റു തടവുകാരാണ്.
വധശ്രമവും നേരിട്ട അനുഭവമുണ്ടല്ലോ?
ഞാനന്ന് പാലയാട് കാമ്പസിൽ എം. എക്ക് പഠിക്കുന്നു. ബ്രണ്ണൻ കോളജ് കാമ്പസിൽ എ.ബി.വി.പി ആക്രമണമുണ്ടായി. കാമ്പസിനകത്ത് അന്നത്തെ നേതാക്കളിലൊരാളായ സനീഷ് ഇളയിടത്തിനെ എ.ബി.വി.പി സംഘം കുത്തി. എൻ.കെ. ഷിജുവിനും പരിക്കേറ്റു. എ.ബി.വി.പി ആക്രമണം ഞാനറിഞ്ഞിരുന്നില്ല. 'ഉടൻ വിളിക്കണമെന്ന്' പറഞ്ഞ് പേജറിൽ മെസേജ് വരുന്നുണ്ട്. പക്ഷേ, പേജർ ഞാനന്ന് എടുത്തിരുന്നില്ല.
ആക്രമണവിവരം അറിയാതെ ബൈക്കിൽ വന്ന എന്നെ വെള്ളൊഴുക്കിൽ വെച്ച് ആർ.എസ്.എസുകാർ തടഞ്ഞ് ഭീകരമായി ആക്രമിച്ചു. നേതാക്കളായ എൻ.കെ. രവിയും പണിക്കൻ രാജനും വേങ്ങാറത്ത് ബാലനും ഇല്ലായിരുന്നുവെങ്കിൽ ആർ.എസ്.എസ് സംഘം എന്നെ എന്തും ചെയ്തുകളയുമായിരുന്നു. പത്തു ദിവസം ആശുപത്രിയിൽ കിടന്നു. മുറിവൊക്കെ ഉണങ്ങിയതോടെ കടുത്ത പനിയായി. ശ്വാസകോശത്തിൽ അണുബാധയായി. മംഗളൂരുവിലേക്കാണ് ചികിത്സക്ക് പോയത്.
കോടിയേരിയുമായി അടുത്ത ബന്ധമുണ്ടല്ലോ?
ഞാനുമായല്ല, എന്‍റെ കുടുംബവുമായുള്ള ബന്ധമാണ് കോടിയേരിക്ക്. അദ്ദേഹത്തിന്‍റെ ഭാര്യാപിതാവ് രാജു മാഷിന് ഉമ്മയുടെ കുടുംബവുമായി പരിചയമുണ്ട്. ഞാൻ രാഷ്ട്രീയത്തിലൊക്കെ സജീവമാകുമ്പോഴേക്കും രാജുമാഷ് മരിച്ചിരുന്നു. അദ്ദേഹം വഴിയാണ് കോടിയേരി ബാലകൃഷ്ണൻ എന്‍റെ ഉമ്മയുടെ കുടുംബവുമായി പരിചയത്തിലായത്. തലശ്ശേരിയിലെ എല്ലാവരെയും പേരുവിളിച്ച് സംസാരിക്കാൻ മാത്രമുള്ള ബന്ധം കോടിയേരിക്കുണ്ട്.
ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോഴാണ് അദ്ദേവുമായി നേരിട്ട് പരിചയപ്പെടുന്നത്. ഞാൻ സജീവമായി വരുമ്പോൾ അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിക്കഴിഞ്ഞിരുന്നു.
2001ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമ്പോൾ പ്രധാന പബ്ലിക് റിലേഷൻ ചുമതല എനിക്കായിരുന്നു. 2006ൽ അദ്ദേഹം മത്സരിക്കുമ്പോൾ സ്ഥാനാർഥി സെക്രട്ടറിയായി ഞാൻ. 2011 എത്തുമ്പോഴേക്കും ഞാനും പാർട്ടിയുടെ പ്രധാന കേഡറായി മാറിയിരുന്നു. ആരുമായും വ്യക്തിപരമായ യുദ്ധമോ അടികൂടാനോ പാടില്ലെന്ന് അദ്ദേഹം പറയും. പ്രത്യേകിച്ച് ഞാൻ ചിലസമയത്ത് ചൂടാകുന്ന വിവരങ്ങൾ അദ്ദേഹം അറിയുമ്പോഴൊക്കെ.
ഏറ്റവും സ്പർശിച്ച അനുഭവം?
ഏറ്റവും ടച്ചിങ്ങായി തോന്നിയത് 2014ലെ അനുഭവമാണ്. എനിക്ക് നേരെ വധശ്രമമുണ്ടാകുമെന്ന വിവരം കോടിയേരിക്ക് ലഭിച്ചു. പൊലീസിൽനിന്ന് കിട്ടിയതാണ് വിവരം. അന്ന് ചില കൊലപാതകങ്ങളൊക്കെ ഉണ്ടായ സമയമാണ്. സാധാരണ അദ്ദേഹം കണ്ണൂരിൽ വന്നാൽ എന്നെ വിളിക്കും. അങ്ങനെയിരിക്കെ ഒരുദിവസം എന്നെ വിളിച്ചു, ഉടൻ കാണണമെന്ന് പറഞ്ഞു.
തലശ്ശേരി സി.എച്ച് മന്ദിരത്തിൽ വെച്ച് ശാന്തമായി 'സംഭവങ്ങളൊക്കെ അറിയാമല്ലോ' എന്ന ആമുഖത്തോടെയായിരുന്നു അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. 'നീ ഒന്ന് ശ്രദ്ധിക്കണം. പോക്കും വരവുമൊന്നും തോന്നിയപോലെയാകരുത്, കരുതലുണ്ടാകണം, ബൈക്കൊന്നും ഉപയോഗിക്കേണ്ട, സഞ്ചാരം പരമാവധി മറ്റു വാഹനങ്ങളിലാക്കിയാൽ മതി, താമസം പറ്റുമെങ്കിൽ കണ്ണൂരിലെ ഭാര്യവീട്ടിലേക്ക് മാറ്റിക്കോ, പ്രവർത്തനകേന്ദ്രമെന്നനിലയിൽ പരമാവധി തിരുവനന്തപുരത്തുതന്നെ കേന്ദ്രീകരിക്കണം' - എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്.
കൂത്തുപറമ്പ് ദിനവും മകന്‍റെ ജന്മദിനവും ഒരേ നാളിലാണല്ലോ?
മകന്‍റെ ജന്മദിനം നവംബർ 25 ആണ്. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണവും അതേ നാളിലാണ്. ഒരു നവംബർ 25ന് പുഷ്പന്‍റെ പേരിൽ ഒരു ഓഫിസ് അദ്ദേഹത്തിന്‍റെ നാട്ടിൽ ഉദ്ഘാടനം ചെയ്യാൻ വി.എസ് വരുന്നുണ്ടായിരുന്നു. കോടിയേരിയും ഞാനും ആ പരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ടതാണ്. ഏതാണ്ട് ചൊക്ലി എത്തിക്കാണും. അന്നേരമാണ് ആശുപത്രിയിൽനിന്ന് ഫോൺ വരുന്നത്, പ്രസവസമയമായെന്നുപറഞ്ഞ്.
ഫോൺ ബെല്ലടി കോടിയേരി കേൾക്കുന്നുണ്ട്. കോടിേയരിയാണ് എന്നെ കൊണ്ടുവന്ന് ആശുപത്രിയിലാക്കുന്നത്. 'നീ ആശുപത്രിയിൽ നിന്നോ, ഞാൻ പറഞ്ഞോളാം' എന്ന് അദ്ദേഹം പറഞ്ഞു.
കൂത്തുപറമ്പ് ദിനത്തിൽ സാധാരണ ഞങ്ങളാരും ജില്ലക്ക് പുറത്തുപോകാറില്ല. നാട്ടിലുണ്ടാകും. അങ്ങനെയാണ് മകന്‍റെ ജന്മദിനത്തിന് വീട്ടിൽ കൂടാനാകുന്നത്.
വീട്ടിൽ ഷംസീർ ചൂടനാണോ?
2010ലായിരുന്നു വിവാഹം. കണ്ണൂരിലെ താണയിലാണ് ഭാര്യവീട്. ഭാര്യ ഡോ. പി.എം. സഹ്‍ല ഇപ്പോൾ യൂനിവേഴ്സിറ്റിയിൽ കോൺട്രാക്ട് ടീച്ചർ എജുക്കേറ്ററാണ്. ഏക മകൻ ഇസാൻ ആറാംക്ലാസിൽ പഠിക്കുന്നു. വീട്ടിൽ നിൽക്കൽ വളരെ കുറവാണ്. എന്നാലും കാര്യങ്ങൾ അത്യാവശ്യം മാനേജ് ചെയ്യാൻ ശ്രമിക്കാറുണ്ട്.
വീട്ടിൽ കിട്ടാറില്ലെന്ന പരാതി സ്വാഭാവികമായും ഉണ്ട്. സ്വാഭാവികമായും ഭാര്യമാർക്ക് ഉണ്ടാകുന്ന പരാതി. അത്രമാത്രം. വീട്ടിൽ അങ്ങനെയൊന്നും ചൂടാകാറില്ല.
സിനിമ കാണലുണ്ട്. പക്ഷേ, കുടുംബസമേതമേ സിനിമ കാണൂ. ഒറ്റക്ക് പോകാറില്ല. 'ന്നാ താൻ കേസ് കൊട്' ആണ് അവസാനം കണ്ട സിനിമ. കുഞ്ചാക്കോ ബോബനും ഞാനും നല്ല സുഹൃത്തുക്കളാണ്.
നിയമസഭയിൽ പി.കെ. ബഷീറുമായി അടിയാണല്ലോ?
കഴിഞ്ഞ സഭയിൽ ഞാനും സ്വരാജുമൊക്കെ അടുത്തടുത്താണ് ഇരിക്കുന്നത്. പി.കെ. ബഷീറാണല്ലോ മറുഭാഗത്തെ പ്രധാനി. അദ്ദേഹത്തിന് ഏറനാടൻ സ്റ്റൈലാണ്. ആ ശൈലിയിൽ ഓരോന്ന് വിളിച്ചുപറയും. ഒരിക്കൽ പി.കെ. ബഷീർ പ്രസംഗിക്കുമ്പോൾ ഹർകിഷൻ സിങ് സുർജിത് എന്ന് പറയാനാവുന്നില്ല. ഏറനാടൻ സ്റ്റൈലല്ലേ. അപ്പോൾ ഞാൻ വിളിച്ചുപറഞ്ഞു- ''തെറ്റാതെ പറഞ്ഞാ ആയിരം റുപ്പിയ തരാം'' എന്ന്.
''ങ്ങളെ നേതാക്കൾക്ക് തൊള്ളേക്കൊള്ളാത്ത പേരും ഇടും, എന്നിട്ടാ ഇപ്പോ ആയിരം റുപ്പിയ'' -എന്നായിരുന്നു പ്രസംഗത്തിന്‍റെ താളം മുറിയാതെ ബഷീറിന്‍റെ പ്രതികരണം. ഇതോടെ സഭ പക്ഷഭേദമില്ലാതെ പൊട്ടിച്ചിരിയിൽ അമർന്നു.
നിയമസഭക്കകത്ത് പ്രസംഗിക്കുമ്പോൾ ഏറ്റവുമധികം എന്നെ വിമർശിച്ചിരുന്ന പി.കെ. ബഷീർ അതുകഴിയുമ്പോൾ നേരെ എന്‍റെയടുത്തേക്ക് വരും. പ്രസംഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും വിമർശിക്കുമെങ്കിലും അതു കഴിഞ്ഞാൽ ഒന്നിച്ചിരുന്ന് ചായ കുടിക്കും. സഭയിൽ ഞങ്ങൾ കൃത്യമായി ഏറ്റുമുട്ടുന്നവരാണ്. എന്നാൽ, അതൊന്നും വ്യക്തിബന്ധത്തെ ബാധിച്ചിട്ടില്ല.തിരുവനന്തപുരത്ത് വരുമ്പോൾ ഇടക്ക് അദ്ദേഹത്തിന്‍റെ ഫ്ലാറ്റിൽ കൊണ്ടുപോയി ഭക്ഷണം കഴിപ്പിക്കും.
മറ്റു പ്രതിപക്ഷ നേതാക്കളുമായി വ്യക്തിബന്ധമുണ്ടോ?
പ്രതിപക്ഷത്തെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി സാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുമായെല്ലാം ഊഷ്മള ബന്ധമുണ്ട്. നിയമസഭ ഫ്ലോറിൽ ഏറ്റുമുട്ടിയിരുന്നുവെങ്കിലും പി.ടി. തോമസുമായി നല്ല സ്നേഹത്തിലായിരുന്നു. ഹൈബി ഈഡനുമായി കുറെക്കാലത്തെ ബന്ധമുണ്ട്.
ഞാൻ എസ്.എഫ്.ഐ സെക്രട്ടറിയായിരുന്ന ഘട്ടത്തിൽ ഹൈബി കെ.എസ്.യു പ്രസിഡന്‍റായിരുന്നു. അതിനുശേഷമാണ് നിയമസഭയിൽ ഒന്നിച്ചുവരുന്നത്. ഷാഫി പറമ്പിൽ എന്‍റെ നാട്ടിൽനിന്നാണ് വിവാഹം കഴിച്ചത്. എന്‍റെ വീടിന്‍റെ അടുത്തുനിന്ന് രണ്ടുമൂന്ന് കിലോമീറ്റർ പോയാൽ ഓന്റെ ഭാര്യവീടാണ്. ഷാഫി തലശ്ശേരിയിൽ വന്നാൽ എന്നെ വിളിക്കും. ''ഞാൻ അന്‍റെ സാമ്രാജ്യത്തിലുണ്ട്'' -എന്നായിരിക്കും വിളിച്ചുപറയുക. പാലക്കാട് പോകുന്ന സമയങ്ങളിൽ ഷാഫിയെ ഞാനും വിളിക്കാറുണ്ട്.
പ്രതിപക്ഷത്തെ രൂക്ഷമായി കടന്നാക്രമിക്കുമെങ്കിലും അതേസമയം, അവരെല്ലാമായി നല്ല വ്യക്തിബന്ധം എനിക്കുണ്ട്. സ്പീക്കർ എന്നത് പാർട്ടി ഏൽപിച്ച ചുമതലയാണ്. ഈ ചുമതല നന്നായി നിർവഹിക്കാൻകഴിയുമെന്നാണ് എന്‍റെ ബോധ്യം. ആറര കൊല്ലത്തെ നിയമസഭ പരിചയമുണ്ട്. എല്ലാവരുമായി വ്യക്തിപരമായി അടുപ്പമുണ്ട്. അതിനാൽ, എല്ലാവരും നല്ല നിലയിൽ സഹകരിക്കുമെന്നാണ് പ്രതീക്ഷ.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.