‘പ്രേമലു’ പോലെ ‘മന്ദാകിനി’യെയും പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് വിശ്വാസം -അൽത്താഫ് സലിം
text_fieldsടെക്കി, അധ‍്യാപകൻ, വിദ്യാർഥി... ഏത് വേഷത്തിലാണെങ്കിലും സ്ക്രീനിൽ അൽത്താഫിന്‍റെ മുഖം കാണുമ്പോൾതന്നെ പ്രേക്ഷകരുടെ ചുണ്ടിൽ ചിരി വിടരും. അത് പിന്നീട് പൊട്ടിച്ചിരിക്ക് വഴിമാറും.
തന്‍റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞകാലം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയും അവരുടെ ഇഷ്ടതാരമാകുകയും ചെയ്ത അൽത്താഫ് സലിം നായകനായ ആദ്യ ചിത്രം തിയറ്ററിൽ എത്തുകയാണ്.
‘പ്രേമ’ത്തിലെ സ്കൂൾ കുട്ടിയിൽനിന്ന് ഏറെ വളർന്നിരിക്കുന്നു അൽത്താഫ്. അഭിനയത്തിനു പുറമേ തിരക്കഥ, സംഭാഷണം, സംവിധാനം എന്നീ മേഖലകളിലെല്ലാം കൈയൊപ്പ് പതിപ്പിച്ച ഈ യുവനടൻ തന്‍റെ സിനിമ വിശേഷങ്ങൾ ‘കുടുംബ’ത്തോട് പങ്കുവെക്കുന്നു.
‘മന്ദാകിനി’യിലെ ആരോമൽ
ആദ്യമായി നായകനാകുന്ന സിനിമയാണ് ‘മന്ദാകിനി’. വിനോദ് ലീല എന്ന പുതുമുഖ സംവിധായകനാണ് സിനിമയൊരുക്കുന്നത്. വിനോദ് വിശദമായി തിരക്കഥ പറഞ്ഞപ്പോൾതന്നെ അത് ചെയ്യാമെന്ന കോൺഫിഡൻസ് എനിക്കുണ്ടായി.
അങ്ങനെയാണ് മന്ദാകിനി കമ്മിറ്റ് ചെയ്യുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും തിയറ്ററിൽനിന്ന് ചിരിച്ച് സന്തോഷത്തോടെ ഇറങ്ങിപ്പോരാൻ കഴിയുന്ന ചിത്രമായിരിക്കും.
അതിൽ ആരോമൽ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഫാമിലി ജോണറിൽ വരുന്ന വളരെ പെട്ടെന്ന് പൂർത്തിയാക്കിയ സിനിമ. 28 ദിവസം മാത്രമേ ഷൂട്ടിന് വേണ്ടിവന്നുള്ളൂ. അങ്കമാലി, അത്താണി, നെടുമ്പാശ്ശേരി ഭാഗങ്ങളിലായിരുന്നു ഷൂട്ടിങ്.
കൈ നിറയെ ചിത്രങ്ങൾ
2024 മലയാള സിനിമയുടെ ഭാഗ്യവർഷമാണ്. പല ചിത്രങ്ങളും ബ്ലോക്ക് ബസ്റ്റർ രീതിയിലേക്കാണ് വരുന്നത്. എനിക്ക് ‘പ്രേമലു’വിലൂടെ അതിന്‍റെ ഭാഗമാകാൻ കഴിഞ്ഞു. ‘മന്ദാകിനി’യെയും പ്രേക്ഷകർ ഇതുപോലെ സ്വീകരിക്കുമെന്നാണ് വിശ്വാസം.
ജിത്തു ജോസഫിന്‍റെ ‘നുണക്കുഴി’യാണ് ഷൂട്ടിങ്ങിന് കാത്തിരിക്കുന്ന ചിത്രം. ബേസിൽ ജോസഫാണ് നായകൻ. അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ അഭിനയിക്കുന്ന ‘എന്ന് സ്വന്തം പുണ്യാളൻ’, പിന്നെ അർജുൻ അശോകൻ അഭിനയിക്കുന്ന ‘അൻപൊടു കൺമണി’, ‘വിശേഷം’ തുടങ്ങിയവയാണ് എന്‍റേതായി വരാനുള്ള പ്രോജക്ടുകൾ. അഞ്ചു ചിത്രങ്ങൾ റിലീസാകാനുണ്ട്.
മേയ് ആദ്യത്തോടെ സംവിധായകനായി ഞാൻ എത്തുകയാണ്. ചിത്രം ‘ഓടും കുതിര ചാടും കുതിര’. ഇത് നേരത്തേ അനൗൺസ് ചെയ്തതായിരുന്നു. ഫഹദ് ഫാസിലാണ് നായകൻ.
തുടക്കം ‘പ്രേമ’ത്തിൽനിന്ന്
2015ൽ ഇറങ്ങിയ ‘പ്രേമ’ത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തികച്ചും യാദൃച്ഛികമായിരുന്നു അത്. സൗഹൃദത്തിൽനിന്ന് ഉടലെടുത്ത സിനിമകൂടിയാണ് ‘പ്രേമം’. തിരക്കഥ എഴുതിക്കഴിഞ്ഞപ്പോൾ ഇന്ന ക്യാരക്ടർ ഇന്നയാൾ ചെയ്യൂ എന്നുപറഞ്ഞ കൂട്ടത്തിൽ എനിക്കു കിട്ടിയ കാരക്ടറായിരുന്നു അത്. അല്ലാതെ പ്ലാൻഡ് ആയി ചെയ്തതല്ല.
പ്ലസ് വൺ കാലം മുതൽ സിനിമയായിരുന്നു മനസ്സിൽ. പക്ഷേ, ഡിഗ്രി പൂർത്തിയാക്കി ഇഷ്ടമുള്ളത് ചെയ്തോ എന്നായിരുന്നു വീട്ടിൽനിന്നുള്ള നിർദേശം. അങ്ങനെ പോണ്ടിച്ചേരിയിലെ ബി.ടെക് പഠനം കഴിഞ്ഞ് സിനിമയിൽതന്നെ ഫോക്കസ് ചെയ്യുകയായിരുന്നു.
സംവിധാനത്തിനിടെ അഭിനയത്തിനില്ല
സംവിധായകനാകാനാണ് ഞാൻ വന്നത്. പക്ഷേ, എല്ലാവരും അഭിനയിക്കാൻ വിളിക്കുന്നതുകൊണ്ട് അഭിനയിച്ച് അഭിനയിച്ച് പോകുന്നു. സംവിധാനം ചെയ്യാൻ സമയം കിട്ടാത്ത അവസ്ഥയുണ്ട്.
സംവിധാനത്തിലേക്ക് കടക്കുകയാണെങ്കിൽ അഭിനയം കംപ്ലീറ്റായി നിർത്തണം. പിന്നെ സംവിധാനത്തിനിടെ ഒന്ന് ഒന്നര വർഷം ഗ്യാപ് എന്തായാലും വരും. ഈ ഗ്യാപ്പിൽ അഭിനയം തുടരുമ്പോൾ സംവിധാനം മുടങ്ങുന്ന അവസ്ഥയാണ്.
നേരത്തേ അനൗൺസ് ചെയ്തതുകൊണ്ടു മാത്രം ‘ഓടും കുതിര ചാടും കുതിര’യുടെ സംവിധാന രംഗത്തേക്ക് എത്തുകയാണ്. ഏതായാലും സംവിധാനത്തിനിടെ അഭിനയത്തിനില്ല. സ്വന്തം സിനിമ ആയാലും.
വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിൽ വരുന്ന കഥാപാത്രങ്ങളെല്ലാംതന്നെ ഹ്യൂമർ പശ്ചാത്തലത്തിലുള്ളതാണ്. ഇപ്പോഴുള്ളതുപോലെ നാലോ അഞ്ചോ സീനുകളിൽ ഒതുങ്ങാതെ ഹ്യൂമർ തന്നെ ലെങ്തിയായി ചെയ്താൽ കൊള്ളാമെന്നുണ്ട്. തുടക്കം മുതൽ അവസാനം വരെ സിനിമയിലൂടെ സഞ്ചരിക്കുന്ന കഥാപാത്രം.
അന്യഭാഷകളിലേക്കില്ല
ഞാൻ കംഫർട്ടബ്ളാകുന്നത് ഇവിടെയാണ്. മറ്റു ഭാഷകളിൽ അഭിനയിക്കുന്നതിന് ആ ഭാഷകളും അറിയണമല്ലോ. അഭിനയം മനസ്സുകൊണ്ടു കൂടി ചെയ്യേണ്ടതാണല്ലോ. അതുകൊണ്ടുതന്നെ ഭാഷ വളരെ പ്രധാനമാണ്. ഭാഷ അറിയാതെ അവിടെ പോയാൽ വളരെ ബുദ്ധിമുട്ടായിരിക്കും. സംവിധാനമാണെങ്കിൽ ഒരു പക്ഷേ കുറേ കൂടി ബെറ്റർ ആയിരിക്കുമെന്നു തോന്നുന്നു.
സിനിമയും ഫുട്ബാളും
സിനിമയിലെ കഥാപാത്രങ്ങൾ സ്വീകരിക്കുന്നതിൽ പ്ലാനിങ് ഒന്നുമില്ല. കിട്ടുന്ന കഥാപാത്രങ്ങൾ ആവുംവിധം ചെയ്യുകയാണ്. അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നു എന്നതിൽ സന്തോഷമുണ്ട്. അഭിനയമാണെങ്കിലും സംവിധാനമാണെങ്കിലും ഓഡിയൻസിനെ മുന്നിൽ കണ്ടാണ് ചെയ്യുന്നത്. അത് ഏറ്റവും ആത്മാർഥതയോടെ ചെയ്യുന്നു.
സിനിമതന്നെയാണ് മെയിൻ ഹോബി. അത് പാഷനാണ്. ജോലിയായി കാണാറില്ല. അതുപോലെ ഫുട്ബാളും ഇഷ്ടമാണ്. മത്സരങ്ങൾ കാണാറുണ്ട്. പണ്ട് ഫുട്ബാൾ കളിക്കുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.