‘ആ സിനിമയിൽ മമ്മൂക്കയുടെ ചെറുപ്പം അഭിനയിച്ചത് വഴിത്തിരിവായി’ -അനുമോഹൻ
text_fieldsകാമ്പസ് ജീവിതം അടിച്ചുപൊളിക്കുന്നതിനിടെ സിനിമയിലേക്ക് ഒരു ചാൻസ് കിട്ടിയാൽ ആരായാലും ത്രില്ലടിക്കും. എന്നാൽ, സിനിമ മനസ്സിൽ പോലുമില്ലാത്തയാളാണെങ്കിലോ? സാക്ഷാൽ മമ്മൂട്ടിതന്നെ ചാൻസ് കൈവെള്ളയിൽ വെച്ചുതന്നിട്ടും ആദ്യം ‘നോ’ എന്നു പറയാനാണ് അനുമോഹന് തോന്നിയത്.
ഒടുവിൽ ‘നോ’ പറഞ്ഞ അതേ സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഒരുപിടി ചിത്രങ്ങളുമായി ഈ പ്രഫഷൻ തന്നെയാണ് തന്‍റെ വഴിയെന്ന് നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണ് അനുമോഹൻ. ‘കുടുംബ’ത്തോടൊപ്പം വിശേഷം പങ്കുവെക്കുന്നു...
സിനിമ ബാക്ഗ്രൗണ്ട് ഗുണമോ ദോഷമോ ഉണ്ടാക്കിയിട്ടില്ല
മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായർ, അമ്മാവൻ സായ് കുമാർ, അമ്മ ശോഭാ മോഹൻ, സഹോദരൻ വിനു മോഹൻ... സിനിമ കുടുംബത്തിൽനിന്ന് വരുന്നു എന്നത് ഒരു വെല്ലുവിളിയായിരുന്നില്ല. ആദ്യം ചെറിയ ടെൻഷൻ തോന്നിയിരുന്നു എന്നത് സത്യമാണ്.
ആദ്യകാലത്ത് ലൊക്കേഷനുകളിൽ പോകുമ്പോൾ ആളുകൾ അപ്പൂപ്പനെയും അമ്മാവനെയും അമ്മയെയും ചേട്ടനെയും കുറിച്ചൊക്കെ ചോദിക്കും. ഞാൻ ചെയ്യുന്നത് അവർക്ക് മോശമായി മാറുമോ എന്നായിരുന്നു ടെൻഷൻ. അതേസമയം, സെറ്റിൽ ഒട്ടും അപരിചിതത്വം തോന്നിയിരുന്നില്ല.
ലൊക്കേഷനുകളിലെ മിക്ക ആളുകളും കുട്ടിക്കാലം മുതൽ കണ്ടുപരിചയമുള്ളവരാണ്. സത്യത്തിൽ സിനിമ ബാക്ഗ്രൗണ്ടുള്ള കുടുംബത്തിൽനിന്ന് വന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ല എന്നുപറയാം.
അഭിനയം കണ്ട് ഞെട്ടിയത് കൂട്ടുകാർ
സ്കൂൾ കാലത്ത് കലാരംഗത്ത് ഒട്ടും സജീവമായിരുന്നില്ല. ചിത്രരചന മത്സരങ്ങളിലൊക്കെ പങ്കെടുക്കും. അതാണ് കലയുമായുള്ള ഏക ബന്ധം. ആർട്സ് ഡേ വരുമ്പോൾ സ്കൂളിൽനിന്ന് മുങ്ങുകയായിരുന്നു പതിവ്. കർട്ടൻ വലിക്കാൻപോലും സ്റ്റേജിൽ കയറിയിട്ടില്ല. കോളജിലും വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല.
ഹോസ്റ്റലിൽ നിന്നായിരുന്നു പഠനമെന്നതിനാൽ കുറച്ചുകൂടി ആളുകളോട് ഇടപെടാൻ ശ്രമമുണ്ടായി. എന്‍റെ സിനിമ അഭിനയം കണ്ട് സത്യത്തിൽ കൂട്ടുകാരാണ് ഞെട്ടിയത്. ‘‘അന്ന് നിന്നോട് സ്റ്റേജിൽ നാടകം കളിക്കാൻ പറയുമ്പോൾ വലിയ ജാഡയായിരുന്നല്ലോ.
ഇപ്പോൾ സിനിമയിൽ അഭിനയിക്കാൻ പറ്റുന്നുണ്ടല്ലോ’’ എന്നൊക്കെ പറഞ്ഞ് കളിയാക്കും. എൻജിനീയറിങ് ആയിരുന്നു പഠിച്ചത്. പഠനം കഴിഞ്ഞ് ബംഗളൂരുവിൽ രണ്ടര വർഷം ജോലിയും ചെയ്തു.
ആദ്യ സിനിമ എൻട്രി മമ്മൂക്ക വക
‘ചട്ടമ്പിനാട്’ ആണ് ആദ്യ സിനിമ. മമ്മൂക്കയുടെ ചെറുപ്പകാലമാണ് അവതരിപ്പിച്ചത്. യാദൃച്ഛികമായി സംഭവിച്ചതാണ് ആ റോൾ. ആ കഥ രസകരമാണ്. ഒരു വെക്കേഷൻ സമയം. അമ്മയും ചേട്ടനുമെല്ലാം ‘ചട്ടമ്പിനാടി’ന്‍റെ ലൊക്കേഷനിലാണ്.
തിരുവനന്തപുരത്താണ് ഞങ്ങളന്ന് താമസിക്കുന്നത്. അവിടന്ന് കസിനെയും വിളിച്ച് ഡ്രൈവ് ചെയ്ത് പഴനിയിലെത്തി. ഷൂട്ടിങ് ലൊക്കേഷനിൽ ചെന്ന് അച്ഛനെയും അമ്മയെയും ചേട്ടനെയും കാണണം. രണ്ടു ദിവസം പഴനിയൊക്കെ ഒന്നു കറങ്ങി തിരികെ പോരണം. ഇതായിരുന്നു പ്ലാൻ.
എന്നാൽ, ലൊക്കേഷനിലെത്തിയപ്പോൾ പ്ലാനുകളെല്ലാം തകിടം മറിഞ്ഞു. അവിടെ വെച്ചാണ് മമ്മൂക്കയെ ആദ്യമായി മുഖാമുഖം കാണുന്നതും ആ സിനിമയിൽ അദ്ദേഹത്തിന്‍റെ ചെറുപ്പം അഭിനയിക്കാനുള്ള അവസരം വന്നതും.
എന്നാൽ, ആദ്യം പറ്റില്ലെന്നായിരുന്നു എന്‍റെ മറുപടി. സംവിധായകൻ ഷാഫിക്ക, അച്ഛൻ എന്നിവരുടെയൊക്കെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. ശേഷമാണ് ‘ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്’ എന്ന സിനിമയിലേക്ക് വിളി വന്നത്.
ഇനി സിനിമ വിട്ടൊരു കളിയില്ല
‘തീവ്രം’ സിനിമയുടെ ഷൂട്ടിങ് സമയത്താണ് ജോലി രാജിവെച്ചത്. അപ്പോഴേക്കും സിനിമയാണ് എന്‍റെ വഴിയെന്ന് മനസ്സിൽ തോന്നിത്തുടങ്ങിയിരുന്നു.
‘ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്’ കഴിഞ്ഞപ്പോൾ ജോലി നോക്കി സുഹൃത്തുക്കൾക്കൊപ്പം നോർവേയിലേക്ക് പോകാനുള്ള പ്ലാനിലായിരുന്നു. ആ സമയത്താണ് രൂപേഷേട്ടനെ പരിചയപ്പെട്ടതും പിന്നീട് ‘തീവ്രം’ സിനിമയുടെ ഭാഗമാകുന്നതും.
‘തീവ്രം’ സിനിമ തുടങ്ങിയ സമയത്താണ് സിനിമ പ്രഫഷനാക്കാമെന്ന് തീരുമാനിക്കുന്നത്.
ആളുകൾ മനസ്സിൽ സൂക്ഷിക്കുന്ന കഥാപാത്രം
‘അയ്യപ്പനും കോശിയും’ സിനിമയിലെ സി.പി.ഒ സുജിത്ത് ആണ് കരിയറിൽ ബ്രേക്ക് ഉണ്ടാക്കി തന്നത്. ആളുകൾ ഏറ്റെടുത്ത കഥാപാത്രമായിരുന്നു അത്. നടനെന്ന നിലയിൽ തിരിച്ചറിയാൻ തുടങ്ങിയത് ആ സിനിമക്ക് ശേഷമാണ്.
‘തീവ്രം’, ‘യൂ ടൂ ബ്രൂട്ടസ്’, ‘സെവൻത് ഡെ’, ‘ലാസ്റ്റ് സപ്പർ’ എന്നീ സിനിമകൾ ചെയ്തപ്പോഴൊന്നും കിട്ടാത്ത കണക്ഷൻ ആളുകൾക്ക് ‘അയ്യപ്പനും കോശിയും’ ചെയ്തപ്പോൾ കിട്ടി. മറ്റു സിനിമകളിൽ ചെയ്ത കാരക്ടർ ആളുകളുടെ മനസ്സിലുണ്ടായിരിക്കും. എന്നാൽ, അത് ഞാനാണ് ചെയ്തത് എന്ന് തിരിച്ചറിയാൻ പറ്റിയിരുന്നില്ല. ഈയിടെ റിലീസായ ‘ബിഗ് ബെനും’ മികച്ച പ്രതികരണമാണുണ്ടാക്കിയത്.
വീട്ടിൽ സിനിമ ചർച്ചകൾ കുറവാണ്
വീട്ടിൽ സിനിമ ചർച്ചകൾ വളരെ കുറവാണ്. ഇനിയിപ്പോൾ ഞങ്ങളുടെ ആരുടെയെങ്കിലും സിനിമ തിയറ്ററിൽ പോയി കണ്ടാലും അതേക്കുറിച്ചുള്ള ചർച്ച വീട്ടിലേക്കുള്ള കാർ യാത്രക്കിടെ കഴിയും. നമ്മുടെ എല്ലാ കാര്യങ്ങളും അറിയാവുന്നത് വീട്ടുകാർക്കാണ്.
അതിനാൽ അവരേക്കാൾ അഭിനയത്തെ കുറിച്ച് കൂടുതൽ ജഡ്ജ് ചെയ്യാൻ പറ്റുന്നത് പുറത്തുള്ള ഒരാൾക്കാണ് എന്നാണ് എനിക്ക് തോന്നുന്നത്. മഹേശ്വരിയാണ് ഭാര്യ. ഭരതനാട്യം ഡാൻസറാണ്. മകൻ ജെയ്ഡൻ യു.കെ.ജിയിൽ പഠിക്കുന്നു.
ഡ്രീം റോൾ
അങ്ങനെയൊന്നില്ല. ആളുകളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രം കിട്ടണേ എന്നാണ് ആഗ്രഹം. നമ്മൾ ചെയ്യുന്ന കഥാപാത്രത്തിന് ആളുകളിലേക്ക് എത്താൻ സാധിക്കണം. നായക റോൾ തന്നെ വേണമെന്നില്ല.
ഇതുവരെ ചെയ്ത എല്ലാ സിനിമകളിലും അങ്ങനെ തന്നെയായിരുന്നു. എന്നാൽ, ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു എല്ലാം. പെർഫോം ചെയ്യാൻ സാധ്യതയുള്ള റോളുകളാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.