‘നായികയായെന്ന് കരുതി ഒരുപാട് ചോയ്സൊന്നും എനിക്കില്ല’ - ദിവ്യ പ്രഭ
text_fieldsകാരക്ടർ റോളുകളിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ചു ദിവ്യ പ്രഭ. ഒമ്പതു വർഷമായി അഭിനയരംഗത്ത് സജീവമായ ദിവ്യ നായികയായി വരവ് അറിയിച്ച സിനിമയാണ് ‘അറിയിപ്പ്’. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, ദുരിതമനുഭവിക്കുന്ന മലയാളി ദമ്പതികൾ മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിനു പുറത്തേക്ക് കുടിയേറാന്‍ നടത്തുന്ന ശ്രമങ്ങൾ പറയുന്ന മഹേഷ് നാരായണൻ ചിത്രമായ ‘അറിയിപ്പ്’ ഏറെ ശ്രദ്ധനേടിയിരുന്നു. അവിചാരിതമായി അഭിനയരംഗത്തെത്തി ഒരുപിടി മികച്ച കഥാപാത്രങ്ങൾ ലഭിച്ച സന്തോഷത്തിനൊപ്പം ആദ്യമായി നായികയായതിന്‍റെ വിശേഷവും ദിവ്യ പങ്കിടുകയാണ്...
ആദ്യമായി നായികയായി. സന്തോഷം എങ്ങനെ പങ്കുവെക്കുന്നു
കാരക്ടർ റോളുകൾ ഒത്തിരി ചെയ്തിട്ടുണ്ടെങ്കിലും ലീഡ് റോളിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. എനിക്കും കൂടി പെർഫോം ചെയ്യാനുള്ള സ്പേസും സാധ്യതയുമുള്ള വേഷവുംതന്നെ ചെയ്യണമെന്നായിരുന്നു ആഗ്രഹം. ടെക്നിക്കൽ ക്രൂവും മികച്ചതാകണമെന്ന നിർബന്ധവും ഉണ്ടായിരുന്നു. ഭാഗ്യവശാൽ അത് അങ്ങനെത്തന്നെ സംഭവിച്ചു.
ഉറപ്പായിട്ടും മഹേഷ് എന്നിൽ വിശ്വസിച്ച് ഏൽപിച്ച വേഷമാണ് ‘അറിയിപ്പി’ലെ രശ്മി. ആ ട്രസ്റ്റിന് ഞാൻ എപ്പോഴും താങ്ക്ഫുള്ളാണ്. സിനിമ മുഴുവൻ ഷോൾഡർ ചെയ്യേണ്ട ഒരു ഉത്തരവാദിത്തവും ഉണ്ടായിരുന്നു. രശ്മിയിലൂടെയാണ് ആ കഥ കൂടുതലായും മുന്നോട്ട് പോകുന്നത്. അതൊക്കെ പരമാവധി ഭംഗിയായി ചെയ്യാൻ സാധിച്ചു എന്ന വിശ്വാസമുണ്ട്.
അറിയിപ്പിലേക്കുള്ള വരവ് യാദൃച്ഛികമായിരുന്നോ?
മുമ്പ് ചെയ്ത കാരക്ടർ റോളുകളിൽ പലതും ഓഡിഷൻ വഴിയാണ് ലഭിച്ചത്. മഹേഷിന്‍റെ ‘ടേക് ഓഫും’, ‘മാലിക്കും’ അങ്ങനെയായിരുന്നു. ‘മാലിക്’ കഴിഞ്ഞ ശേഷമാണ് ‘അറിയിപ്പി’ന്‍റെ കഥ കേട്ടത്. നന്നായി ഇഷ്ടപ്പെട്ടു. മഹേഷിന്‍റെ സിനിമയാകുമ്പോൾ കൂടുതൽ ആലോചിക്കേണ്ടതില്ലല്ലോ.
ആ ടീമിന്‍റെ കൂടെ മൂന്നാമതും വർക് ചെയ്യാൻ സാധിച്ചതിന്‍റെ സന്തോഷമുണ്ടായിരുന്നു. മഹേഷ് കഥ നറേറ്റ് ചെയ്യുമ്പോൾ രശ്മി ഒരു ബാങ്ക് ജീവനക്കാരിയായിരുന്നു. പിന്നീടാണത് ഗ്ലൗസ് ഫാക്ടറിയിലേക്ക് മാറിയത്. വർക്ക് പ്ലേസും പ്ലോട്ടും ഹരീഷിന്റെയും (ചാക്കോച്ചന്‍റെ കഥാപാത്രം) രശ്മിയുടെയും ജോബ് പ്രഫൈലുമെല്ലാം മൊത്തത്തിൽ മാറിയിരുന്നു.
‘രശ്മി’ക്കായുള്ള തയാറെടുപ്പ് എന്തൊക്കെ
ഭയങ്കര എക്സൈറ്റ്മെന്‍റോടെ സമീപിച്ച കഥാപാത്രമാണ് രശ്മി. എത്രത്തോളം മികച്ചതാവും പ്രേക്ഷകർക്ക് കൺവിൻസിങ്ങാവുമോ എന്ന പേടിയുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് ഞാനുമായി ഒരു ബന്ധവും ഇല്ലാത്ത സ്ത്രീയാണ് രശ്മി. അതിനായി കുറച്ച് തയാറെടുപ്പൊക്കെ വേണ്ടിവന്നു.
സിനിമയിലെ എന്‍റെ ജോബ് പ്രഫൈലും സ്കിൽഡ് വർക് വേണ്ട ആ ജോലിയും എല്ലാം എനിക്ക് അപരിചിതമായിരുന്നു. ബേസിക് റിക്വയർമെന്‍റ് എന്ന രീതിയിൽ ഇവിടെ ട്രെയിനിങ് ഒക്കെ എടുത്തു. രശ്മിയുടെ മാനറിസമാണെങ്കിലും സ്ലാങ് ആണെങ്കിലും അത് പൂർണാർഥത്തിൽ പ്രേക്ഷകരിലെത്തിക്കാൻ എന്‍റെ രീതികളെ പലയിടത്തും മാറ്റിയിട്ടുണ്ട്. സ്ക്രിപ്റ്റ് നേരത്തേ കിട്ടിയത് കാരക്ടർ ഫോർമേഷന് ഏറെ ഗുണം ചെയ്തു. കൂടുതൽ തയാറെടുപ്പ് നടത്താനും സാധിച്ചു.
‘അറിയിപ്പ്’ സ്ക്രീൻ ചെയ്യുന്നിടം വരെ രശ്മി എത്രത്തോളം ബിലീവ് ആകുമെന്നൊരു ടെൻഷനുണ്ടായിരുന്നു. കാരണം ഞാനിതുവരെ ചെയ്തിരുന്ന കാരക്ടർ റോളുകളിലൊന്നും എന്‍റെയൊരു സെൽഫ് ഒട്ടും ഇല്ല. അതിൽ എന്‍റെ കഥാപാത്രങ്ങൾ എല്ലാം എനർജി ലെവലിലും മറ്റും വ്യത്യസ്തമായിരുന്നു. അറിയിപ്പ് ഫുൾ എൻഡ് ചെയ്യുമ്പോൾ അതിന്‍റേതായ ടെൻഷനും ഉണ്ടായിരുന്നു. 30 ദിവസമായിരുന്നു ഷൂട്ട്.
മഹേഷ് നാരായണന്‍റെ കൂടെയുള്ള അനുഭവം
ഈ ക്രൂവിനൊപ്പം ഞാൻ കംഫർട്ടാണ്. മഹേഷ് ഡീൽ ചെയ്യുന്ന രീതിയും അദ്ദേഹം ആക്ടേഴ്സിൽനിന്ന് പ്രതീക്ഷിക്കുന്നതും എന്താണെന്ന് അറിയാം. സിനിമ ഇറങ്ങിയശേഷം സിനിമക്കകത്തും പുറത്തുമായ ഒരുപാട് ആളുകൾ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. ഭയങ്കര പോസിറ്റിവ് റെസ്പോൺസാണ് കിട്ടുന്നത്.
വ്യത്യസ്ത ഡയറക്ടർമാർക്കൊപ്പം എക്സ് പ്ലോർ ചെയ്യാനും ആഗ്രഹമുണ്ട്. മഹേഷിനൊപ്പം ഇനിയും സിനിമ ചെയ്യാൻ സന്തോഷമേയുള്ളൂ.
ആദ്യ നായികയിൽനിന്ന് പഠിച്ച പാഠം
രശ്മിയെന്ന കഥാപാത്രം ഏറെ ആസ്വദിച്ചാണ് ചെയ്തത്. ഭയങ്കര ഇന്‍റൻസ് ആയ കാരക്ടറാണ്. ഒരു നടി എന്ന നിലയിൽ നമുക്ക് സ്പെഷലായി പെർഫോം ചെയ്യാനുള്ള സ്ഥലത്തായിരിക്കും ട്രിപ് ചെയ്യാൻ സാധിക്കുക.
അറിയിപ്പിൽ കാരക്ടറിന്‍റെ ഗ്രാഫ് മുഴുവൻ കിട്ടിയിട്ടുണ്ട്. ക്രൂവിനൊപ്പം എല്ലാം ഉൾക്കൊണ്ട് ഇൻവോൾവ്ഡായി പെർഫോം ചെയ്യാൻ സാധിച്ചു. സിനിമ കഴിഞ്ഞപ്പോൾ ഭയങ്കര ഫീലായിരുന്നു. ഇനി രശ്മി ഇല്ലേ എന്നൊരു തോന്നലൊക്കെയുണ്ടായി. എനിക്ക് ആ കഥാപാത്രത്തിന്‍റെ കിക്ക് കിട്ടിയിട്ടുണ്ട്.
അറിയിപ്പും പുതിയകാല ജീവിത സാഹചര്യവും എത്രത്തോളം ബന്ധപ്പെട്ടുകിടക്കുന്നു
നമുക്ക് ചുറ്റും നടക്കുന്ന പല കാര്യങ്ങളും സിനിമ റിഫ്ലക്ട് ചെയ്യുന്നുണ്ട്. സിനിമയിലെ ഇമോഷൻസ് എല്ലാവരുമായി ബന്ധപ്പെട്ടു കിടക്കുന്നത് തന്നെയാണ്. ഇമോഷൻസ് നോക്കുമ്പോൾ ഉറപ്പായിട്ടും പല സ്ത്രീകൾക്കും അവരുടെ ജോലി സ്ഥലത്തോ വീടിനകത്തോ നേരിടുന്ന അധികാരശ്രേണി പ്രശ്നങ്ങളും പുരുഷാധിപത്യ സമൂഹത്തിലെ വിഷയങ്ങളും ഗാർഹിക പീഡനവും തുടങ്ങി എല്ലാം കണക്ട് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നുണ്ട്.
മലയാളികൾക്ക് അറിയിപ്പിൽ പരിചിതമല്ലാത്തതും വ്യത്യസ്തവുമെന്ന് പറയാൻ ചിലപ്പോൾ സംഭവം നടക്കുന്ന സ്ഥലവും അവിടത്തെ സാഹചര്യവും ഫാക്ടറിയും മറ്റും മാത്രമായിരിക്കും.
സിനിമയിൽ ചാക്കോച്ചനുമായുള്ള കെമിസ്ട്രി എങ്ങനെയായിരുന്നു
ഞങ്ങൾ തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ടായിരുന്നു. രണ്ടുപേരും ഇൻവോൾവ്ഡ് ആയാണ് സിനിമ ചെയ്തത്. ചാക്കോച്ചനും ഭയങ്കര ഇന്‍റൻസായിട്ടാണ് ഓരോ സീനും അപ്രോച്ച് ചെയ്തത്. കൂടെ അഭിനയിക്കുന്നവരുടെ അടുത്തുനിന്ന് കിട്ടുന്ന സപ്പോർട്ടും നമുക്ക് തുണയാകും. ചാക്കോച്ചനും അങ്ങനെയായിരുന്നു.
നിഴൽ, ടേക്ക് ഓഫ് എന്നിവ മുമ്പ് ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഓപ്പോസിറ്റ് ചാക്കോച്ചനാണ് എന്ന ഫീൽ അഭിനയിക്കുമ്പോൾ ഒട്ടും ഉണ്ടായിട്ടില്ല. അങ്ങനെയൊക്കെ നോക്കിയാൽ അഭിനയിക്കാൻ കഴിയില്ലല്ലോ. കഥാപാത്രം അത്രമേൽ ഉൾക്കൊണ്ട് സെറ്റിലൊക്കെ ചാക്കോച്ചനെ ഹരീഷ് ഏട്ടാന്നായിരുന്നു വിളിച്ചത്.
രശ്മിക്ക് എത്ര മാർക്ക് കൊടുക്കാം
അത് േപ്രക്ഷകർ നൽകട്ടെ... കിട്ടിയ മാർക്കിൽതന്നെ സന്തോഷവതിയാണ്. പുറത്തുപറയാൻ പറ്റില്ലെങ്കിലും ഞാൻ അഭിനയിച്ച വേഷങ്ങളിൽ സ്വയം കണ്ടുപിടിക്കുന്ന എന്‍റേതായ ഒരുപാട് കുറവുകൾ ഉണ്ടാവാറുണ്ട്. ഏത് വേഷമായാലും എല്ലാ ആക്ടേഴ്സിനെയും പോലെ ഒരുപാട് ഇനിയും നന്നാക്കാമായിരുന്നു എന്ന് തോന്നുന്നത് സ്വാഭാവികമാണ്.
കാരക്ടർ റോളുകൾ കരിയറിൽ എത്രത്തോളം സഹായിച്ചിട്ടുണ്ട്
എനിക്ക് കൂടുതലും കിട്ടിയത് കാരക്ടർ റോളുകളാണ്. അതിലേക്ക് ഒതുങ്ങിപ്പോകും, നായിക വേഷങ്ങൾ വരില്ല എന്നൊന്നും ഒരിക്കലും തോന്നിയിട്ടില്ല. അത്തരം റോളുകൾ സ്വയം ബിൽഡ് ചെയ്യാൻ എനിക്ക് കരുത്തായിരുന്നു.
ചില കാരക്ടർ റോളുകൾക്ക് ലിമിറ്റുണ്ട്. കുറഞ്ഞ ദിവസമായിരിക്കും ഷൂട്ട്. നമ്മുടെ കഥാപാത്രം ആ സിനിമയിൽ ആരാണ് എന്താണെന്നൊക്കെ അറിയുമ്പോഴേക്കും, ട്രാക്കിൽ കയറുമ്പോഴേക്കും ചിലപ്പോൾ നമ്മുടെ ഭാഗം തീരും. ആ കഥാപാത്രത്തെ അത്രത്തോളം മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല. സിനിമ ഇറങ്ങിയാൽ ഇനിയും നന്നായി പെർഫോം ചെയ്യാമായിരുന്നു എന്നൊക്കെ തോന്നും. ഇനിയും നല്ല റോളുകൾ വന്നാൽ കാരക്ടർ വേഷങ്ങളിൽ അഭിനയിക്കും. നല്ല വേഷങ്ങൾക്കായി ഇനിയും കാത്തിരിക്കുന്നു.
നായികയായ ശേഷം ഇനിയങ്ങോട്ട് ചോയ്സൊക്കെ വെക്കാമെന്ന തോന്നലുണ്ടോ
ഒരുപാട് ചോയ്സൊന്നും എനിക്കില്ല. ഒരുപാട് ഓഫറുകൾ വന്ന് അതിൽനിന്ന് ചൂസ് ചെയ്യുന്നു എന്നല്ല അർഥം. വരുന്ന കുറച്ച് ഓഫറുകളിൽനിന്ന് നമുക്ക് പറ്റും എന്ന് തോന്നുന്നത് ചൂസ് ചെയ്യുമെന്ന് മാത്രം. ചില സിനിമയിൽ ഈ കാരക്ടർ ഇല്ലെങ്കിൽ ആ സിനിമ പൂർണമാവില്ല എന്ന തോന്നലുള്ള കാരക്ടറുകളും ചിലപ്പോൾ ശ്രദ്ധിക്കാറുണ്ട്. അവിടെ സമയമോ എത്ര സീനുണ്ട് എന്നതോ അല്ല വിഷയം.
ചില സംവിധായകരുടെ കൂടെ വർക്ക് ചെയ്യുന്നത് കരിയറിൽ നമുക്ക് ഏറെ ഉപകാരപ്പെടും. അവരിൽനിന്ന് കാരക്ടറിനെക്കുറിച്ച് എത്രത്തോളം ഡീറ്റെയിൽഡായ വിവരം ലഭിക്കുന്നുവോ അത്രത്തോളം നമുക്ക് പെർഫോം ചെയ്യാൻ സഹായകമാവും. അത് നമ്മുടെ പണി കുറക്കും.
സിനിമയിലേക്കുള്ള ആദ്യ എൻട്രി എങ്ങനെ
പഠിക്കുന്ന കാലത്ത് കലോത്സവങ്ങളിലൊക്കെ പങ്കെടുത്തിരുന്നെങ്കിലും യാദൃച്ഛികമായാണ് അഭിനയരംഗത്തേക്ക് വരുന്നത്. പഠനത്തിനായി എറണാകുളത്ത് താമസിക്കുന്ന കാലം. ഞാൻ ഒരു ദിവസം രാവിലെ സുഭാഷ് പാർക്കിൽ ജോഗിങ്ങിനു പോയതാണ്. അവിടെ ‘ലോക്പാൽ’ സിനിമയുടെ ഷൂട്ട് നടക്കുന്നു. അതിലൊരു സീനിൽ നിൽക്കാമോ എന്ന് ആ സിനിമയുടെ അസോസിയേറ്റിൽ ഒരാൾ ചോദിച്ചു. കൗതുകം തോന്നിയാണ് ഓക്കെ പറഞ്ഞത്. എന്‍റെ ആദ്യ സിനിമ. ആ കണക്ഷനിലാണ് ‘ഇതിഹാസ’യിൽ അവസരം കിട്ടിയത്.
പിന്നീട് ചെറിയ വേഷങ്ങൾ ഒരുപാട് വന്നു. ആദ്യമൊക്കെ കരിയറായി സിനിമ മതി എന്നൊന്നും തീരുമാനിച്ചിരുന്നില്ല. റോളുകൾ ലഭിച്ചുതുടങ്ങിയതോടെ തുടരാൻ തീരുമാനിച്ചു.
ഇടക്കാലത്ത് സിനിമ വിട്ട് സീരിയലിൽ സജീവമായിരുന്നല്ലോ?
സിനിമയിൽ അഭിനയിച്ച ശേഷമാണ് കെ.കെ. രാജീവിന്‍റെ അമ്മ മാനസം, ഈശ്വരൻ സാക്ഷി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചത്. 2015ലെ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡിൽ മികച്ച രണ്ടാമത്തെ അഭിനേത്രിക്കുള്ള അവാർഡും ലഭിച്ചു.
ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിൽ ഞാൻ പ്രേംപ്രകാശ് അങ്കിളിന്റെ മകളുടെ വേഷമാണ് ചെയ്തത്. അങ്കിളിന്റെ പക്കലുള്ള എന്റെ ഫോട്ടോ കണ്ടാണ് മഹേഷ് എന്നെ ടേക്ക്ഓഫിന്‍റെ ഓഡിഷനിലേക്ക് ക്ഷണിക്കുന്നത്.
സുഹൃത്തുക്കളായ കനി കുസൃതിയും ദർശനയും ശാന്തിയും യമയുമൊക്കെ നാടകത്തിന്റെ പശ്ചാത്തലത്തിൽനിന്നുള്ളവരാണ്. ‘എ വെരി നോർമൽ ഫാമിലി’ എന്ന നാടകം ഞാനും അഞ്ച് സ്റ്റേജിൽ കളിച്ചിട്ടുണ്ട്.
കുടുംബത്തെ കുറിച്ച്...
സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബമാണ് എന്‍റേത്. എല്ലാവരും സപ്പോർട്ടാണ്. അമ്മയും രണ്ട് സഹോദരിമാരുമുണ്ട്. ഒരാൾ അബൂദബി, മറ്റൊരാൾ കോയമ്പത്തൂരും. രണ്ടാളും വർക്കിങ്ങാണ്. അച്ഛൻ രണ്ടുവർഷം മുമ്പ് മരിച്ചു. കൊച്ചിയിലാണ് താമസം.
സിനിമക്ക് പുറത്തുള്ള ഇഷ്ടങ്ങൾ എന്തൊക്കെ...
യാത്രകൾ ഇഷ്ടമാണ്. ഫ്രണ്ട്സിനൊപ്പം യാത്ര പോവാറുണ്ട്. 75ാമത് ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാൻ നടത്തിയ സ്വിറ്റ്സർലൻഡ് യാത്ര എന്‍റെ ആദ്യ യൂറോപ്യൻ ട്രിപ് കൂടിയായിരുന്നു.
ലോകത്തെ മുന്‍നിര ഫിലിം ഫെസ്റ്റിവലുകളിലൊന്നാണ്. ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് അറിയിപ്പ്. 17 വര്‍ഷത്തിനു ശേഷമാണ് ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തിലേക്ക് ഒരു ഇന്ത്യന്‍ ചിത്രം തിരഞ്ഞെടുക്കപ്പെടുന്നത്. 27ാമത് ഐ.എഫ്.എഫ്.കെയിൽ മികച്ച മലയാള സിനിമക്കുള്ള നെറ്റ്പാക് പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
പുതിയ പ്രോജക്ടുകൾ?
ഡോൺ പാലത്രയുടെ ‘ഫാമിലി’യാണ് റിലീസാവാനുള്ള അടുത്ത സിനിമ. ചിലതൊക്കെ സ്ക്രിപ്റ്റ് വായിക്കുന്നുണ്ട്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.