‘8-10 വർഷം കഷ്ടപ്പെട്ട് പണിയെടുത്ത് സ്ട്രഗ്ൾ ചെയ്താണ് ഇവിടെ വരെ എത്തിയത് എന്ന ഉറച്ച ബോധ്യമുണ്ട്’- ഹക്കീം ഷാ
text_fieldsഅതൊരു കാത്തിരിപ്പായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പ്. മനസ്സുനിറയെ സിനിമയെന്ന സ്വപ്നവുമായി ഇറങ്ങിത്തിരിച്ചയാൾക്ക് ആ കാലയളവ് ഒരിക്കലും കൂടുതലല്ലായിരുന്നു. ആസ്വാദനത്തിന്‍റെ സകല ഫോർമാറ്റുകളും പരീക്ഷിച്ച അക്കാലം തന്‍റെ ലക്ഷ്യത്തിലേക്കുള്ള തയാറെടുപ്പുകൂടിയായിരുന്നു. ആഗ്രഹത്തിന്റെ തീവ്രതക്കൊപ്പം സുന്ദരമായ ഗൂഢാലോചനയുമായി പ്രപഞ്ചവും ഒത്തുചേർന്നപ്പോൾ, ആ മോഹസാഫല്യം വൈകാതെ അയാളെ തേടിയെത്തുകതന്നെ ചെയ്തു...
യുവ താരങ്ങൾക്കിടയിൽ ശ്രദ്ധ നേടിയ ഹക്കീം ഷാജഹാൻ എന്ന നടൻ പിന്നിട്ട ഭൂതകാലത്തിന് കഠിനാധ്വാനത്തിന്‍റെ കൂട്ടുണ്ടായിരുന്നു. ചെയ്ത ചിത്രങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും ഏറ്റെടുത്ത കഥാപാത്രങ്ങളിൽ ഏറെയും കൈയടിനേടി. ഓരോ സിനിമ കഴിയുമ്പോഴും നടനെന്ന നിലയില്‍ സ്വയം പാകപ്പെടുത്തി ചുവടുറപ്പിക്കുകയാണ് ഹക്കീം.
കരിയർ മാറ്റിയ തമിഴിലെ ‘കടസീല ബിരിയാണി’ മുതൽ ഒടുവിൽ പുറത്തിറങ്ങിയ ‘പ്രണയവിലാസ’ത്തിലെ പ്രകടനവും ഹക്കീമിനെ പ്രേക്ഷകരുടെ ഇഷ്ടക്കൂടുതലുള്ള നടനാക്കി. തെലുഗുവിലും വെബ് സീരീസുവഴി ഹിന്ദിയിലും ചുവടുറപ്പിക്കാനൊരുങ്ങുന്ന ഹക്കീം ഓർമകൾക്കൊപ്പം പുതുസ്വപ്നങ്ങളും പങ്കുവെക്കുന്നു...
കരിയറിൽ മാറ്റം കൊണ്ടുവന്നത് കടസീല ബിരിയാണിയല്ലേ? മലയാളത്തിൽപോലും അന്ന് കാര്യമായി മുഖം കാണിക്കാത്ത ഒരാൾ എങ്ങനെ തമിഴ് സിനിമയിൽ പ്രധാന വേഷത്തിലെത്തി
-തമിഴിലും തെലുഗുവിലും മലയാളത്തിലും എല്ലാം ചർച്ചയായ സിനിമയായിരുന്നു കടസീല ബിരിയാണി. സിനിമയിൽ അഭിനയിച്ചവരില്‍ ഒരുവിധം പേരും നാടകരംഗത്തുള്ളവരാണ്. നാടക അഭിനേതാക്കളെ അന്വേഷിച്ചെത്തിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ‘ആക്ട് ലാബ്’ വഴിയാണ് എന്നിലേക്ക് എത്തിയത്. ഓഡിഷന്‍ ചെയ്യാനുള്ള സമയമില്ലാത്തതിനാൽ മുമ്പ് ചെയ്തിട്ടുള്ള എന്‍റെ വര്‍ക്കുകള്‍ ഇഷ്ടപ്പെട്ടാണ് സിനിമയിലേക്കെടുത്തത്. കടസീല ബിരിയാണി പാരലൽ സിനിമയായിരുന്നു.
സിനിമാ ആസ്വാദകർക്കിടയിൽ എന്‍റെ സൈക്കോ വേഷവും ചർച്ചയായി. സന്തോഷമുണ്ട്. കഥാപാത്രവും സിനിമയും അത്രയേറെ വർക് ആയിരുന്നു. അതിന്റെ റിലീസിനുശേഷമാണ് കരിയർ മാറിയത്. ടാലന്‍റിന് ഭയങ്കര സപ്പോർട്ട് കിട്ടിത്തുടങ്ങിയത് അതുമുതലായിരുന്നു. 2016ൽ ഷൂട്ടിങ് കഴിഞ്ഞെങ്കിലും ലോക്ഡൗൺ സമയത്താണ് എഡിറ്റ് ചെയ്ത സിനിമ, സംവിധായകൻ അയച്ചുതന്നത്. അതിനിടെ യാദൃച്ഛികമായി വിജയ് സേതുപതിയും സിനിമയുടെ ഭാഗമായി. അതുപോലെയായിരുന്നു ടീച്ചറിലെ വേഷവും. സുജിത്ത് എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചെന്നുള്ള പ്രതികരണവും ഏറെ സന്തോഷം നൽകി.
ഇതുവരെ ചെയ്ത വേഷങ്ങളിൽ ‘പ്രണയവിലാസ’ത്തിലെ വിനോദിനോട് മാത്രമായി പ്രേക്ഷകർക്ക് ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ടായെന്ന് തോന്നിയിട്ടുണ്ടോ?
-ആ കഥാപാത്രത്തിന്‍റെ പ്രത്യേകതകൊണ്ടാവാം ചിലപ്പോൾ കൂടുതൽ ശ്രദ്ധകിട്ടിയത്. ‘പ്രണയവിലാസ’ത്തിന്‍റെ റീച്ചും കഥയും കൂടുതൽ ആളുകളെ റിലേറ്റ് ചെയ്യുന്ന വിഷയമാണല്ലോ. മിക്കയാളുകളുടെയും ജീവിതത്തിലൂടെ കടന്നുപോയ സംഭവങ്ങളിലൂടെയാണല്ലോ സിനിമ മുന്നോട്ടുപോകുന്നത്. അത് പ്രേക്ഷകരെ ട്രീറ്റ് ചെയ്ത രീതിയും മികച്ചതായിരുന്നു. ‘പ്രണയവിലാസ’ത്തിൽ അവസരം കിട്ടാൻ കാരണം എന്‍റെ മുമ്പത്തെ സിനിമകളായിരിക്കാം. പ്രേക്ഷകർ അതതു സമയത്ത് ഇറങ്ങുന്ന സിനിമകളെക്കുറിച്ച് ചർച്ചചെയ്യും, സംസാരിക്കും. ‘പ്രണയവിലാസ’ത്തിനു മുമ്പ് ‘ടീച്ചർ’ സിനിമയെക്കുറിച്ചായിരുന്നു സംസാരം.
‘പ്രണയവിലാസ’ത്തിലേക്കുള്ള വരവ് എങ്ങനെയായിരുന്നു
-പണ്ടുമുതൽ ഞാൻ മാര്‍ട്ടിന്‍ സാറിന്‍റെ (സംവിധായകൻ മാര്‍ട്ടിന്‍ പ്രക്കാട്ട്) അസിസ്റ്റന്‍റായിരുന്നു. എപ്പോഴും ആ ടീമിന്‍റെ കൂടെ ഉള്ള ഒരാളാണ്. അദ്ദേഹത്തിനൊപ്പം ഞാന്‍ ആദ്യമായി ‘ചാര്‍ലി’യിൽ അസിസ്റ്റ് ചെയ്തിരുന്നു. അഭിനയം പഠിക്കാനും സിനിമയുടെ പ്രൊസസ് കാണാനും വേണ്ടിയായിരുന്നു ആ വേഷമെടുത്തിട്ടത്.
അതുവഴി സിനിമപഠിക്കാനും സാധിച്ചു. അവരുടെതന്നെ പ്രൊഡക്ഷൻ പരിപാടിയായിരുന്നു ‘പ്രണയവിലാസം’. വിനോദിന്‍റെ കാരക്ടർ വന്നപ്പോൾ അദ്ദേഹമെന്നെ ഏൽപിച്ചു. ഏകദേശം ഒന്നൊന്നര വര്‍ഷം മുമ്പാണ് കഥാപാത്രത്തെപ്പറ്റി പറയുന്നത്. ഇരുപതുകളിലും നാല്‍പതുകളിലും പ്രായമുള്ള രണ്ട് അപ്പിയറന്‍സ് ഉണ്ടാകുമെന്നൊക്കെ കേട്ടപ്പോൾ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. എന്നിലുള്ള ടാലന്‍റിൽ അദ്ദേഹത്തിനുള്ള ബോധ്യമായിരുന്നു ഈ കഥാപാത്രം ഏറ്റെടുക്കാനുള്ള എന്‍റെ ധൈര്യം.
തിയറ്റർ വിട്ട് ഒ.ടി.ടിയിലെത്തിയപ്പോഴല്ലേ വിനോദിന് കൂടുതൽ ആരാധകരുണ്ടായത്?
-തീർച്ചയായും. ഒ.ടി.ടിയിലെത്തിയതോടെ കൂടുതൽ ആളുകളിലേക്ക് എത്തി എന്നാണ് പേഴ്സനലായി തോന്നിയത്. പക്ഷേ, ടെലിഗ്രാമിലും മറ്റും എത്തിയതുകൊണ്ട് സിനിമക്ക് ഗുണം ചെയ്തിട്ടുണ്ടാവില്ല എന്നു മാത്രം. തിയറ്ററിലും മികച്ച പ്രതികരണംതന്നെയായിരുന്നു. അറിയാത്തവർപോലും ഇൻസ്റ്റഗ്രാമിൽ മെസേജ് അയക്കുകയും സിനിമയുടെ പ്രതികരണം അറിയിക്കുകയും ചെയ്തു. ആ കഥാപാത്രത്തോട് നീതി പുലർത്താൻ സാധിച്ചു എന്നതിൽ അഭിമാനമുണ്ട്, സന്തോഷമുണ്ട്.
വെബ് സീരീസ്, തിയറ്റര്‍, ഷോർട്ട്ഫിലിം, ബിഗ്‌സ്‌ക്രീന്‍ തുടങ്ങി ആസ്വാദനത്തിന്റെ നിലവിലുള്ള എല്ലാ ഫോര്‍മാറ്റുകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇതിൽ ഏതെങ്കിലും ഒരു മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് തോന്നിയിട്ടുണ്ടോ?
-അങ്ങനെയൊന്നുമില്ല. സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണ് ഞാൻ ഇറങ്ങിത്തിരിച്ചത്. നമ്മുടെ വർക് കൂടുതൽ ആളുകളെ കാണിക്കാൻ പറ്റുന്നത് ഏതാണോ അതാണല്ലോ നമ്മൾ നോക്കുക. ഇപ്പോൾ സിനിമയിൽ നല്ല തിരക്കുണ്ട്. അതാവുമ്പോൾ പ്രേക്ഷകരിലേക്കുള്ള റീച്ച് കൂടുതലായിരിക്കും. ഞാൻ തന്നെ ഷൂട്ട് ചെയ്ത് എന്‍റെ ചാനലിൽ അപ്ലോഡ് ചെയ്തത് കാണാൻ ആളുകൾ ഉണ്ടാവണമെന്നില്ല. എന്നാൽ തുടക്കക്കാരനെന്ന രീതിയില്‍ എല്ലാ ഫോര്‍മാറ്റുകളും അറിഞ്ഞുവെച്ചത് വളരെ സഹായകമായിട്ടുണ്ട്. അതിനിടക്ക് ഈ പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ചെയ്യാൻ തോന്നുന്നെങ്കിൽ അതും ചെയ്യും.
മലയാളത്തിലും തിമിഴിലും മുഖം കാണിച്ച നടനെന്ന നിലയിൽ രണ്ട് ഇൻഡസ്ട്രിയെയും താരതമ്യം ചെയ്യുമ്പോൾ കണ്ടന്‍റ്, മെയ്ക്കിങ്, ഓഡിയൻസിന്‍റെ സ്വാഭാവം എന്നിവയിൽ എന്തെങ്കിലും വ്യത്യാസങ്ങൾ തോന്നിയിട്ടുണ്ടോ?. മലയാള സിനിമക്ക് മാത്രമായുള്ള പ്രത്യേകത എന്തൊക്കെയാണ്?
- വ്യക്തിപരമായി അങ്ങനെയൊരു വ്യത്യാസമോ തോന്നലോ എനിക്ക് അനുഭവപ്പെട്ടിട്ടില്ല. മാതൃഭാഷ അല്ലാത്തതുകൊണ്ടും തമിഴ് അത്രവശമില്ലാത്തതുകൊണ്ടും ഒരു തുടക്കക്കാരനെന്ന നിലയിൽ ഈസിനെസ് ഉണ്ടായില്ല എന്നുമാത്രം. പിന്നീട് അതെല്ലാം ശരിയായി. ഏറ്റെടുക്കുന്ന കഥാപാത്രം മികച്ചതാക്കുക എന്നതാണ് ഒരു ആർട്ടിസ്റ്റിന്‍റെ ജോലി. അല്ലാതെ കാഴ്ചക്കാരുടെ എണ്ണം, റീച്ച്, പൊളിറ്റിക്കൽ കറക്റ്റ്നെസ്സ്, കളക്ഷൻ എന്നതൊന്നും എന്നെ സംബന്ധിക്കുന്ന വിഷയമേ അല്ല.
അതൊന്നും നോക്കിയിരിക്കലല്ല ആർട്ടിസ്റ്റിന്‍റെ ജോലി എന്നതാണ് എന്‍റെ ഇപ്പോഴത്തെ കാഴ്ചപ്പാട്. ഇതുവരെയുള്ള എന്‍റെ അറിവിന്‍റെ കാഴ്ചപ്പാട് വെച്ച് എനിക്ക് അങ്ങനയേ പറയാൻ സാധിക്കുകയുള്ളൂ. ഏത് റോളായാലും അതിന്‍റെ വലിപ്പച്ചെറുപ്പം നോക്കാതെ ചെയ്യാൻ സാധിക്കുന്ന കഥാപാത്രം ഏറ്റെടുക്കുന്നു എന്നുമാത്രം. ഓടുന്ന സിനമകളെല്ലാം നല്ല സിനിമകളാവണമെന്നില്ല, നല്ല സിനിമകളൊന്നും ഓടണമെന്നുമില്ല. തിയറ്ററിൽ ഓടിയോ ഇല്ലയോ എന്നതുമല്ല വിഷയം.
മലയാളത്തിൽ ഒരു സിനിമ റിലീസ് ആവുകയും സൊസൈറ്റിയിൽ അതിന്‍റെ ഒരു ബസ് ക്രിയേറ്റ് ആവുകയും ചെയ്താൽ ആളുകൾ അത് ചർച്ച ചെയ്യുകയും സംസാരിക്കുകയും ചെയ്യും. അങ്ങനെ വരുമ്പോൾ മലയാള സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ഓഡിയൻസാണ് എവിടെയമുള്ളതെന്ന് പറയാം. ഈ പറയുന്ന ഓഡിയൻസ് സിനിമ ആസ്വദിക്കുന്നവരുടെ കാറ്റഗറിയിലാണ്. ബാക്കിയുള്ള വിഭാഗത്തെക്കുറിച്ച് എനിക്ക് അറിവില്ല. അവർ നല്ല സിനിമ ആസ്വാദകർ ആണെന്നും എനിക്ക് അഭിപ്രായമില്ല. പലരിൽനിന്നും ലഭിച്ച സംസാരത്തിന്‍റെ അടിസ്ഥാനത്തിൽ എനിക്ക് കിട്ടിയ വിവരമാണിത്.
സിനിമ എപ്പോഴും ഭാഷകൾക്ക് അപ്പുറമാണ്. മലയാള സിനമയാണ് ഏറ്റവും കൂടുതൽ മികച്ച കണ്ടന്‍റുകൾ പ്രൊഡ്യൂസ് ചെയ്തുവിടുന്നത് എന്ന് പലരും എന്നോട് പഴ്സണലീ പറയുന്ന കാര്യമാണ്. കോവിഡ് സമയത്ത് ഇറങ്ങിയ മികച്ച10 ഇന്ത്യൻ സിനിമകളിൽ അഞ്ചോ ആറോ എണ്ണവും മലയാളത്തിലുള്ളതായിരുന്നുവെന്നാണ് തമിഴ്- തെലുങ്ക് സിനിമാ ഫീൽഡിലുള്ള സുഹൃത്തുക്കൾ എന്നോട് പറഞ്ഞത്.
സിനിമയിലേക്കുള്ള എൻട്രി താങ്കൾക്ക് ഒട്ടും എളുപ്പമായിരുന്നില്ലല്ലോ?. അതിനായി സ്ട്രഗ്ൾ ചെയ്ത ആ പഴയ കാലത്തെ എങ്ങനെ ഓർക്കുന്നു...
-സിനിമയിലേക്ക് എത്താനുള്ള ശ്രമങ്ങൾ എപ്പോഴുമുണ്ടായിരുന്നു. ഷോർട് ഫിലിമുകളും നാടകങ്ങളും ചെയ്ത് അഭിനയ ലോകത്തേക്കുള്ള യാത്രയായിരുന്നു ഇന്നലെകളിൽ. കുട്ടിക്കാലം മുതൽ സിനിമയോടു താത്പര്യമുണ്ട്. സിനിമ സ്വപ്നം കണ്ട് ഇറങ്ങിത്തിരിച്ചതാണ്. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ അഭിനയവും സ്റ്റേജുമാണു ഹരം. പഠനകാലയളവിൽ ഒരുപാട് സ്റ്റേജ് ചെയ്തു. അതിൽനിന്നൊക്കെയാവാം അഭിനയം സീരിയസായി മുന്നോട്ടുകൊണ്ടുപാവാം എന്ന തോന്നലിലേക്കെത്തിയത്.
എങ്കിലും അഭിനയിക്കുന്നത് സംബന്ധിച്ച് എനിക്ക് കൺഫ്യൂഷനായിരുന്നു. അഭിനയം പഠിക്കാൻ നാടകങ്ങളും അമേച്വർ തിയറ്റർ വർക്കുകളും ഒക്കെയായിട്ട് 3-4 വർഷം പോയി. സ്വന്തം കോൺഫിഡൻസിനെ ബൂസ്റ്റ് ചെയ്യാനും അഭിനയം പഠിക്കാനും ആകാലം സഹായിച്ചു. ഗോഡ്ഫാദറൊന്നും ഇല്ലാത്തതിനാൽ കാര്യങ്ങൾ പറഞ്ഞുതരാനോ തിരുത്താനോ ആരും ഉണ്ടായില്ല. ഇത്രയും നാളത്തെ സർവൈവലിനുപിന്നിൽ കൂട്ടുകാരുടെയും വീട്ടുകാരുടേയുമൊക്കെ പിന്തുണയാണ്. എന്നെ സംബന്ധിച്ച് ഞാനിത്തിരി പ്രിവിലേജ്ഡ് ആയിരുന്നു.
അതെന്‍റെ ഭാഗ്യം. അതുകൊണ്ടൊക്കെ എനിക്ക് ഇപ്പോൾ ഇവിടെ നിൽക്കാൻ സാധിച്ചു. എന്നാൽ മെന്‍റലീ, ഫിനാൻഷ്യലീ സപ്പോർട്ട് ഇല്ലാത്ത എന്നെക്കാൾ നന്നായി അഭിനയിക്കാൻ കഴിവുള്ള ഒരുപാട് ആളുകൾക്ക് ഇങ്ങനെ നിൽക്കാൻ സാധിക്കാറില്ല. എന്നെ സംബന്ധിച്ച് അതൊക്കെ യാദൃശ്ചികമായി സംഭവിച്ചു. 8-10 വർഷം കഷ്ടപ്പെട്ട് പണിയെടുത്ത് സ്ട്രഗിൾചെയ്താണ് ഇവിടെ വരേ എത്തിയത് എന്ന ഉറച്ച ബോധ്യമുണ്ട്. ഇന്നല്ലെങ്കിൽ നാളെ എനിക്കത് ചെയ്യാൻ കഴിയുമെന്ന ഉറപ്പുമുണ്ടായിരുന്നു.
ഹക്കീം എന്ന നടനെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു
-അഭിനയമാണു വഴിയെന്നു മനസ്സിലുറപ്പിച്ചത് ആക്ട് ലാബ് കാലത്താണ്. മൂവാറ്റുപുഴ നിർമല കോളജിൽ ബികോം ടാക്സേഷനു പഠിക്കുന്ന കാലത്തേ ഓഡിഷനുകൾക്കു പോകും. കോഴ്സ് പാസായ ശേഷം മുഴുവൻ സമയ പരിശ്രമമായി. അന്നു കണ്ട സുഹൃത്തുക്കളിൽ നിന്നാണ് ആക്ട് ലാബിനെ കുറിച്ചറിഞ്ഞത്. അഭിനേതാക്കള്‍ മാത്രമുള്ള ഒരു അടിപൊളി കമ്യൂണിറ്റിയായിരുന്നു.
അവിടെ ഞങ്ങള്‍ തന്നെ കഥ എഴുതി സംവിധാനം ചെയ്ത് നാടകങ്ങള്‍ ചെയ്യും. ഒരേ ചിന്തയുള്ള ആളുകൾക്കൊപ്പം നിന്നതു കൊണ്ടാണു പരിശ്രമം മടുക്കാതിരുന്നത്. ആറു വർഷത്തോളം സൗജന്യമായാണ് ഞാനവിടെ താമസിച്ചത്. ആ ഒരു സ്ട്രഗിൾ പിരീഡിൽ അവർക്ക് ഞാനൊരു ഹെൽപ്പ് ആവുമെന്ന് കരുതിയതുകൊണ്ടാണല്ലോ അവരെന്നെ കൈവിടാതിരുന്നത്.
ഒരു ആക്ടിങ്ങ് ക്യാമ്പിൽ വെച്ചാണ് മാർട്ടിൻ പ്രക്കാട്ട് ഞങ്ങളുടെ സ്കിറ്റ് കണ്ടതും എനിക്ക് ‘എബിസിഡി’യിലെ വേഷം കിട്ടിയതും. എന്‍റെ ആദ്യ സിനിമയായിരുന്നു. എബിസിഡിക്ക് ശേഷം വിവിധ നാടകങ്ങളൊക്കെ ചെയ്തപ്പോഴാണ് അഭിനയത്തിന്‍റെ ശരിയായ പാഠങ്ങൾ മനസിലാക്കുന്നത്. സാങ്കേതികതകളെ കുറിച്ച്, ആ രീതിയിലുള്ള അഭിനയത്തെ കുറിച്ച് എനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. നാടകവും സ്റ്റേജ് പെര്‍ഫോമന്‍സുമൊക്കെയായിരുന്നു അന്ന് എന്‍റെ ഒരു മേഖല. അതല്ല സിനിമക്ക് ആവശ്യമുള്ള അഭിനയം എന്ന് ആദ്യ സിനിമയില്‍ തന്നെ മനസിലായി.
കാമറക്ക് മുന്നിലെന്ത് നടക്കുന്നുവെന്നത് കണ്ട് മനസിലാക്കാനാണ് ചാർലിയിൽ അസിസ്റ്റന്‍റായി കാമറക്ക് പിന്നില്‍ നിന്നതും. ടെക്നിക്കലിയുള്ള കാര്യങ്ങൾ അടക്കം വലിയൊരു കൂട്ടത്തിന്‍റെ പ്രയത്നങ്ങൾ മനസിലാക്കിയത് അങ്ങനെയാണ്. പലപ്പോഴും എന്റെ തന്നെ കഥാപാത്രങ്ങള്‍ എനിക്ക് സ്‌ക്രീനില്‍ കണ്ടുനില്‍ക്കാന്‍ പറ്റാറില്ല.
കാരണം ഷൂട്ട് കഴിഞ്ഞ് പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണല്ലോ ഡബ്ബിങ്ങും റിലീസും വരിക. അപ്പോഴേക്കും നമ്മള്‍ വീണ്ടും അപ്‌ഡേറ്റ് ആയിട്ടുണ്ടാവും. കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നും. വീണ്ടും വീണ്ടും അപ്‌ഡേറ്റ് ആവാന്‍ ശ്രമിക്കുന്നതിന്റെ തോന്നലായിരിക്കാം അത്. ചെയ്യുന്ന കഥാപാത്രത്തെ ആളുകള്‍ ഓര്‍ത്തിരിക്കണമെന്നുണ്ട്. ചെറിയ വേഷമാണെങ്കിലും നല്ല ആഴമുള്ള, ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്ന കഥാപാത്രങ്ങളായിരിക്കണം എന്നുണ്ട്.
സംവിധാന മോഹമുണ്ടോ ? സിനിമയുടെ എല്ലാ ഫോര്‍മാറ്റും ചെയ്തത് ഈ അപ്‌ഡേഷന്റെ ഭാഗമാണോ?
സിനിമ ചെയ്യണം എന്ന ആഗ്രഹമുണ്ട്. അത് സിനിമയോടുള്ള താത്പര്യമാണ്. എനിക്ക് എന്‍റെതായ കുറച്ചു കാര്യങ്ങൾ കോൺട്രിബ്യൂട്ട് ചെയ്യാനുണ്ട് എന്ന തോന്നൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ചാര്‍ലിയിലൂടെ ആ പ്രോസസ് ആഴത്തില്‍ മനസിലായി. എനിക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യമാണെന്നും തോന്നി. അതിനുവേണ്ടിയുള്ള വര്‍ക്കുകളൊക്കെ നടക്കുന്നുണ്ട്. ഒപ്പം അഭിനയവും മുന്നോട്ടുകൊണ്ടുപോകുന്നു. എന്നു കരുതി പെട്ടൊന്നൊരു സിനിമയെടുക്കണം എന്നൊന്നും ആലോചനയില്ല. എങ്കിലും സമീപ ഭാവിയിൽ തന്നെ സംഭവിച്ചേക്കാം.
സിനിമയില്ലെങ്കിൽ ഹക്കീം ആരാകുമായിരുന്നു
അങ്ങനെ ഇതുവരേ ആലോചിച്ചിട്ടില്ല.
വീട്ടുകാരുടെ പിന്തുണ എത്രത്തോളം സഹായിച്ചു
-അവർ നോ പറഞ്ഞിട്ടില്ല, എന്നാൽ അത് പൂർണമായി യസും ആയിരുന്നില്ല. പ്ലസ്ടു പാസായ സമയത്തു സിനിമയാണു മോഹമെന്നു വീട്ടിൽ പറഞ്ഞു. വാപ്പ ഒറ്റ ഡിമാൻഡ് മാത്രമേ വച്ചുള്ളൂ, ഡിഗ്രി പാസാകണം. സിനിമ അത്ര ഗ്യാരന്റിയില്ലാത്ത മേഖലയാണെന്ന പേടി ഉണ്ടായിരുന്നു അവർക്ക്. എങ്കിലും അഭിനയമോഹത്തിൽ നിന്നു തടഞ്ഞില്ല. ഈ ഫീൽഡ് അവർക്ക് അറിയാത്ത മേഖലയായതുകൊണ്ടായിരിക്കാം. ജീവിതം വെറുതേ വേസ്റ്റ് ആയിപ്പോകരുതെന്ന ചിന്താഗതി മാതാപിതാക്കൾക്കുണ്ടാകുമല്ലോ. ഒരുപാട് ആളുകൾ ഈമേഖലയിൽ വന്ന് സ്ട്രഗ്ൾ ചെയ്യുന്നുണ്ട്. എല്ലാവർക്കും വീട്ടിൽ സപ്പോർട്ട് ലഭിക്കണമെന്നില്ല.
അഭിനയ മോഹവുമായി പോകുമ്പോഴൊന്നും വെറെ വല്ല ജോലിയും നോക്ക് എന്നൊന്നും പറഞ്ഞ് വീട്ടുകാർ ബുദ്ധിമുട്ടിച്ചിട്ടില്ല. സമൂഹത്തിൽ എന്‍റെ കാര്യം സംബന്ധിച്ച് അവരും പല ചോദ്യം നേരിട്ടിട്ടുണ്ടാകാം. എന്‍റെ വഴി അവർക്കറിയാമായിരുന്നു. എന്നുകരുതിവീടൊന്നും വിട്ട് ഇറങ്ങിപ്പോയിട്ടില്ല. എന്നെ സംബന്ധിച്ച് എന്‍റെ കാര്യങ്ങൾ എല്ലാം സ്ലോ ആണ്.
പതുക്കെയാണ് കാര്യം ചെയ്യുന്നതും ചിന്തിക്കുന്നതും. എടുത്ത് ചാടാറില്ല. എല്ലാത്തിനുമൊപ്പം ലൈഫും കാര്യങ്ങളും ആസ്വദിച്ചുവേണല്ലോ ജീവിതം മുന്നോട്ടു പേകാൻ. തൊടുപുഴ പെരുംമ്പള്ളിച്ചിറയാണ് സ്വദേശം. കാക്കനാടാണ് ഇപ്പോൾ താമസം. ഞാനാണ് മൂത്തമകൻ. ഉപ്പ ഷാജഹാൻ റിയൽ എസ്റ്റേറ്റ് ബിസിനസാണ്. ഉമ്മ സുഹർബാൻ. സഹോദരൻ ഹഹീബ് ഡിഗ്രി വിദ്യാർഥിയാണ്. സഹോദരി രഹന കല്യാണം കഴിഞ്ഞു കുട്ടികളൊക്കെയായി വിദേശത്താണ്.
മലയാളം ഇൻഡസ്ട്രിക്ക്പുറത്തും ഹക്കീം സജീവമാണ്. പുതിയ സിനിമകളുടെ വിശേഷങ്ങൾ...
പ്രണയവിലാസം കഴിഞ്ഞ ശേഷം വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ വരുന്നുണ്ട്. കടസീല ബിരിയാണി കണ്ട് സോണി ലിവിൽ ഹിന്ദി വെബ് സിരീസിൽ വരെ വേഷമെത്തിയിരുന്നു. നിലവിൽ രണ്ട് തമിഴ് സിനിമകൾ റിലീസാവനുണ്ട്. അതിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്.
രണ്ടും അടിപൊളി കഥാപാത്രങ്ങളാണ്. ‘കടകൻ’ എന്ന മറ്റൊരു സിനിമയുടെ ഷൂട്ട് കഴിഞ്ഞു. അതിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തുടങ്ങാൻ പോവുകയാണ്. മമ്മൂട്ടി ചിത്രമായ ബസൂക്കയിലും ഒരു റോളുണ്ട്. തമിഴിലും തെലുങ്കിലുമൊക്കെ പുതിയ സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട്.
വളർന്നുവരുന്ന താരങ്ങൾ സിനിമയിൽ ചുവടുറപ്പിക്കാൻ പലതരത്തിൽ സ്ട്രഗ്ൾ ചെയ്യാറുണ്ട്. ഇൻഡസ്ട്രിക്ക് അകത്ത് സഹപ്രവർത്തകർക്കിടയിൽ തന്നെ കൂടുതൽ ‘പരീക്ഷണം’ നേരിടേണ്ടി വരാറുണ്ട്. എപ്പോഴെങ്കിലും ആ അനുഭവം നേരിട്ടിട്ടുണ്ടോ?
-സിനിമാമേഖലകളിൽ എല്ലാവരും സപ്പോർട്ട് ആണ് എന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. പക്ഷേ പുറത്തുനിന്നുള്ളവർക്ക് അതൊന്നുമറിയില്ല, പ്രചരിക്കുന്ന കഥകൾ പലതുമാവാം. എന്നാൽ അതൊന്നുമല്ല സത്യം. ബസൂക്കയിൽ അവസരം കിട്ടുന്നത് മമ്മൂക്ക വഴിയാണ്. പ്രണയവിലാസം കണ്ട് അദ്ധേഹം അഭിപ്രായം പറഞ്ഞിരുന്നു. അത് വലിയ അംഗീകാരമാണ്.
കാഥാപാത്രം ചെയറുതാണെങ്കിലും അതിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. റിലീസിനു മുമ്പേ കടശീല ബിരിയാണി കണ്ട ദുൽഖർ സൽമാൻ അദ്ധേഹത്തിന്‍റെ വേഫെറർ കമ്പനി വഴി സിനിമ വിതരണം ചെയ്യാനുള്ള ശ്രമം നടത്തിയിരുന്നു. എനിക്ക് ദുൽഖറിനെ നേരത്തേ അറിയാം. തമിഴിലെ മറ്റൊരു ടീം ഏറ്റെടുത്തതോടെയാണ് നടക്കാതെ പോയത്.
സിനിമയിൽ തിരക്ക് ഏറിയതോടെ ഏറെ മിസ്സ് ചെയ്യുന്നത് എന്താണ്?
-യാത്രകൾ. തിരക്ക് കാരണം യാത്ര ഏറെ മിസ്സ് ചെയ്യുന്നുണ്ട്. വലിയ പ്ലാനൊക്കെയായി യാത്ര പോകുന്ന ആളല്ല. എങ്കിലും ചെറുതായാലും വലുതായാലും യാത്ര മനസ്സിന് നൽകുന്ന സന്തോഷവും ഫീലും വേറെ തന്നെയാണ്. ഫ്രീയാകുമ്പോൾ ആദ്യം മനസ്സിലുള്ള പ്ലാനും യാത്ര തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.